തട്ടത്തുമല നാട്ടുവർത്തമാനം

Sunday, February 22, 2009

നവകേരള യാത്രയ്ക്ക് തട്ടത്തുമലയില്‍ വന്‍ വരവേല്‍പ്പ്

നവകേരള മാർച്ചിനു തട്ടത്തുമലയിൽ വൻ വരവേല്പ് നൽകി

തട്ടത്തുമല, ഫെബ്രുവരി 23: സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം എന്ന സന്ദേശം ഉയർത്തി സി.പി. ഐ (എം‌) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ആവേശ്വോജ്ജ്വലമായ സ്വീകരണം നൽകി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങൽ മാമത്തേയ്ക്ക്‌ ആനയിച്ചു.

ചുവപ്പിൽ കുളിച്ചു നിന്ന തട്ടത്തുമലയിൽ സംസ്ഥാന-ജില്ലാ നേതാക്കളുൾപ്പെടെ വൻ ജനാവലി ജാഥയെ വരവേൽക്കുവാൻ കാത്തുനിന്നിരുന്നു. അഞ്ചു മണിയോടെ കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വീകരണം കഴിഞ്ഞ് ജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ തിരുനന്തപുരം ജില്ലാ നേതാക്കൾ ജാഥയെ ജില്ലയിലേയ്ക്കു സ്വീകരിച്ചു.

ബാൻഡു മേളങ്ങളും, കഥകളി വേഷങ്ങലും, ഗായക സംഘങ്ങളും, മുത്തുക്കുടയേന്തിയ സ്ത്രീകളും, കമ്പക്കെട്ടും, ആവേശ്വോജ്ജ്വലമായ മുദ്രാവാക്യങ്ങളും എല്ലാം കൊണ്ട്‌ വർണാഭവും, ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന സ്വീകരണം തട്ടത്തുമലക്കാർക്ക്‌ അവിസ്മരണീയമായ ഒരു അനുഭവമായി.

ഉച്ചയ്ക്കു മുൻപുതന്നെ നേതാക്കൾ എത്തിത്തുടങ്ങി. മന്ത്രി. എം. വിജയകുമാർ, പാർട്ടി സംസ്ഥാന സെക്രറിയേറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ, വർക്കല രാധാക്ര്‌ഷ്ണൻ എം.പി, ജില്ലാപഞ്ചായത്തു പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി, കടകമ്പള്ളി സുരേന്ദ്രൻ, വി.ശിവൻ കുട്ടി എം.എൽ.എ , തിരുവനന്തപുരം മേയർ ജയൻ ബാബു, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബി.പി. മുരളി, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്‌ മെമ്പർ എ.എ. റഷീദ് , ജനതാദൾ നേതാവ്‌ ഗംഗാധരൻ നാടാർ, തുടങ്ങിയ നിരവധി നേതാ‍ക്കൾ വിവിധ സമയങ്ങളിലായി തട്ടത്തുമല ജംഗ്ഷനിൽ എത്തിച്ചേർന്നു.ഉച്ച കഴിഞ്ഞതോടെ തട്ടത്തുമല ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഷാമിയാനാ പന്തൽ നേതാക്കളെ കൊണ്ട് നിറഞ്ഞു.

നേതാക്കൾക്കു പുറമെ സ.ഇ.എം.എസ്സ്, ഇ.കെ.നായനാർ, പിണറായി വിജയൻ തുടങ്ങിയവരുടെ കുടുംബാംഗങ്ങളും വളരെ നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു.ഇ.എം.എസ്സിന്റെ മകൾ, നായനാരുടെമകൻ ക്ര്‌ഷ്ണകുമാർ, മകൾ, ചെറു മകൻ, പിണറായിയുടെ ഭാര്യ കമല ടീച്ചെർ തുടങ്ങിയവരുടെ സാനിദ്ധ്യം ശ്രദ്ധേയമായി.

രണ്ടു പ്രാവശ്യം സ. പീണറായി വിജയൻ കാറിൽ നിന്നും ഇറങ്ങിനിന്നിട്ടും തിക്കും തിരക്കും കാരണം സ്ത്രീകൾ അടക്കം പലർക്കും സ. പിണറായിയെ കാണാൻ കഴിയാതിരുന്നതു പരാതിയ്ക്കിടയാക്കി. സ്വീകരണത്തിനിടയിൽ നായനാരുടെ മകൻ ക്ര്‌ഷ്ണകുമാർ നായനാരുടെ മകൾ എന്നിവർ വാഹനത്തിനടുത്തു ചെന്നു പിണറായിയെ വിഷ് ചെയ്തു. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ തിരക്കു കാരണം പിണറായിയുടെ പത്നിയ്ക്ക്‌ വാഹനത്തിനടുത്തേയ്ക്ക്‌ എത്തിച്ചേരാൻ പോലും കഴിഞ്ഞില്ല.

സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനാളുകൾ വന്നു നിറഞ്ഞ്‌ തട്ടത്തുമലയിൽ നിന്നു തിരിയാൻ ഇടമില്ലാതെയായി. പിണറായിയുടെ വാഹനം കടത്തിവിടാൻ പോലീസും, പാർട്ടി നേതാക്കളും നന്നേ പാടുപെട്ടു. ഇവിടെ പ്രസംഗം ഇല്ലായിരുന്നെങ്കിലും ജില്ലാ അതിർത്തിയായതിനാൽ വൻപിച്ച സ്വീകരണം ഒരുക്കുകയായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി കെ. രാജ ഗോപാൽ ഉൾപ്പെടെ കൊല്ലം ജില്ലാ നേതാക്കൾ തട്ടത്തുമല വരെ ജാഥയെ അനുഗമിച്ചിരുന്നു.

നവകേരള മാർച്ചിനെ അനുഗമിച്ചു മടങ്ങിയ ബൈക്ക് അപകടത്തിൽ പെട്ടു രണ്ടു യുവാക്കൾക്കു പരിക്ക്‌

തട്ടത്തുമല, ഫെബ്രുവരി 23: തട്ടത്തുമലയിൽ നിന്നും സ്വീകരണം കഴിഞ്ഞ്‌ സ. പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനെ അനുഗമിച്ച്‌ ആറ്റിങ്ങൽ മാമത്തു പോയിട്ടു മടങ്ങിയ ബൈക്ക്‌ നഗരൂർ തേക്കിൻ കാടു വച്ച്‌ ഒരു ജീപ്പുമായി കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക്‌ പരിക്കു പറ്റി.

ബൈക്ക്‌ ഓടിച്ചിരുന്ന തട്ടത്തുമല ആലുമ്മൂട്ടിൽ വീട്ടിൽ അർഷാദിന്റെ രണ്ടുകാലുകളിലും ഗുരുതരമായ ഒടിവു സംഭവിച്ചു. ബൈക്കിനു പുറകിലിരുന്ന തട്ടത്തുമല റസിയാ മൻസിലിൽ അനസിനും കാലിനും കൈക്കും പരിക്കേറ്റു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നവകേരള മാർച്ചിനു വൻ വരവേല്പു നൽകും

തട്ടത്തുമല, ഫെബ്രുവരി 22: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ തട്ടത്തുമല ജംഗ്ഷനില്‍ നാളെ (ഫെബ്രുവരി 23-ന്) വന്‍ വരവേല്‍പ്പ്.

വന്പിച്ച അലങ്കരങ്ങലുംയി തട്ടത്തുമല ജംഗ്ഷന്‍ ഒരുങ്ങിയിരിയ്ക്കുന്നു. ബാന്റ് മേളം , കമ്പം, മറ്റു കലാരൂപങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ സ്വീകരണത്തിന് കൊഴുപ്പേകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, തിരുവനന്തപുരം മേയര്‍ ജയന്‍ ബാബു തുടങ്ങിയവര്‍ തട്ടത്തുമലയില്‍ എത്തി ഒരുക്കങ്ങള്‍ നിരീക്ഷിച്ചു.

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ടൌണിലെ സ്വീകരണം കഴിഞ്ഞാണ് തട്ടത്തുമലയില്‍ എത്തിച്ചേരുന്നത്. ഇവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന സ്വീകരണ സ്ഥലമായ ആറ്റിങ്ങല്‍ മാമം ജംഗ്ഷനിലേയ്ക്ക് ആനയിക്കും.

No comments: