തട്ടത്തുമല നാട്ടുവർത്തമാനം

Friday, November 20, 2009

വൻ മഴനാശം

സ്കൂൾമതിൽ തകർന്നു

തട്ടത്തുമല, നവംബർ 20: ഇന്ന് ഉച്ചയ്ക്കുശേഷം തട്ടത്തുമല, കിളിമാനൂർ, നിലമേൽ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ തകർത്തുപെയ്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രധാന കളിസ്ഥലത്തിന്റെ ഒരു വശത്തു കെട്ടി ഉയർത്തിയിരുന്ന വലിയ കൽമതിൽ ഉരുൾ പൊട്ടുന്നതു മാതിരി മഴയിൽ തകർന്നുവീണു. മതിലിനോടു ചേർന്നിരുന്ന വീട്ടിന്റെ ഭാഗത്തെ മതിൽഭാഗം താഴേയ്ക്കു പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വീട്ടുമുറ്റത്തുള്ള കിണർ തകർന്നുവീണ മണ്ണും പാറയുംകൊണ്ട് നികന്നുപോയി.

മതിലിന്റെ താഴത്തുള്ള കൊക്കയും മണ്ണും പാറയും കൊണ്ട് മൂടപ്പെട്ടു. അതിനോടു ചേർന്നുള്ള തടത്തിന്റെ ഒരു ഭാഗവും മണ്ണും പാറക്കല്ലുകളും കൊണ്ട് മൂടി മാർഗ്ഗതടസ്സം ഉണ്ടായി. മഴകാരണം പരസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി.ഗ്രൌണ്ടിൽ വന്നിറങ്ങിയ വെള്ളം താഴ്ന്നിറങ്ങി വശത്തുള്ള കൽകെട്ടിൽ സമ്മർദ്ദം ചെലുത്തിയതാണ് അപകടകാരണമെന്നു കരുതുന്നു.

അശാസ്ത്രീയമായ
രീതിയിൽ മതിൽ നിർമ്മിച്ചതാണ് അപകടകാരണമെന്നും ആരോപണം ഉണ്ട്. അടിയിലെ കെട്ടും അതിനു മീതെയുള്ള മതിലും ഒരുമിച്ചു തകർന്നടിയുകയായിരുന്നു. കിളിമാനൂർ പോലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ഇളകി താഴെവീഴാതെ കുലുങ്ങിനിന്ന മതിലിന്റെ ശേഷിയ്ക്കുന്ന ഭാഗം പോലീസ് ഇടപെട്ട് ജെ.സി.ബിയ്ക്കു കോരിമറ്റി.

വീടു തകർന്നു

കുറവൻ കുഴി, നവംബർ 20: കുറവൻ കുഴിയിൽ എം.സി റോഡിൽ വഴിയോരകടയ്ക്കു സമീപം പുതുതായി താമസം തുടങ്ങിയിരുന്ന സലാഹുദീൻകുടുംബത്തിന്റെ വീടിന്റെ പുറകുവശത്തുള്ള ഇടിവര ഇടിഞ്ഞ് വീണ് വീടിന്റെ പുറകുവശം തകർന്നു. അടുക്കളയുടെ വാതിൽ തകർത്ത് വലിയ പാറകൾ വീടിനകത്തു പതിച്ചു.

വാഹന അപകടം

തട്ടത്തുമല, നവംബർ 20: തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയിൽ ഒരു ലോറിയും അയ്യപ്പഭക്തന്മർ സഞ്ചരിച്ചിരുന്ന വാനും കൂട്ടിയിടിച്ച് ഒരു ബാലനടക്കം മൂന്നുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മാരുതി ഒമ്നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ, എം.സി റോഡില്‍ കിളിമാനൂരിന് സമീപം മണലയത്തുപച്ചയില്‍ നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റിനെ മറികടക്കുന്നതിനിടയിലാണ് വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് തരിപ്പണമായ വാനില്‍ നിന്ന് അതുവഴി പണിയായുധങ്ങളുമായി വരികയായിരുന്ന മെക്കാനിക്കുകളാണ് തകിടും മറ്റും വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്.

അതുവഴി വരികയായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി (അഡ്മിനിസ്ട്രേഷന്‍) ഡിവൈ.എസ്.പി വിജയകുമാര്‍ തന്റെ കാറില്‍ പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അര്‍ജ്ജുനനും സുധീറും മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷും പിന്നീട് മരണമടഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.


കിളിമാനൂരില്‍ നിന്ന് വാടകയ്ക്കെടുത്ത മാരുതി വാനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അണയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ഇരുമുടി കെട്ടി ഇവര്‍ ശബരിമലയിലേക്ക് യാത്രയായത്. സുധീറാണ് കാര്‍ ഓടിച്ചിരുന്നത്. രാജേഷ് അവിവാഹിതനാണ്. രാധയാണ് മാതാവ്. രജനി, ഗിരിജ എന്നിവര്‍ സഹോദരങ്ങളാണ്. സീനയാണ് സുധീറിന്റെ മാതാവ്. ഭാര്യ: ശാന്തി. ഒരു മകനുണ്ട്. സുധീറിന്റെ ചിറ്റപ്പന്റെ മകനാണ് മരണമടഞ്ഞ അര്‍ജ്ജുന്‍.

വെള്ളല്ലൂര്‍ പാളയം സുമന്‍ നിവാസില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ (11), ബന്ധുവായ സുനി നിവാസില്‍ ശിവതാണുവിന്റെ മകന്‍ സുധീര്‍ (35), ഗിരിജാമന്ദിരത്തില്‍ പരേതനായ ശശിധരന്റെ മകന്‍ രാജേഷ് (25) എന്നിവരാണ് മരിച്ചത്. വിനീത് ഭവനില്‍ വിനീത് (19), അശ്വതി ഭവനില്‍ അനൂപ് (20), സുമന്‍ നിവാസില്‍ സുമന്‍ (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസ്റ്റർ അനുസ്മരണം

കിളിമാനൂർ, നവംബർ 20: പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡന്റും സി.പി. (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.എം.ജയദേവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. രാവിലെ 9-30-ന് സി.പി.എം പ്രവർത്തകർ മാസ്റ്ററുടെ വീട്ടിലെത്തി പരേതന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ശേഷം
കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ (രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാൾ) അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.പി.മുരളി (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ.ചാവർകോട് രാജു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.Justify Full

No comments: