തട്ടത്തുമല നാട്ടുവർത്തമാനം

Sunday, May 22, 2011

ചുമട് മണി കാറിടിച്ച് മരിച്ചു


ചുമട്
മണി കാറിടിച്ച് മരിച്ചു

വർഷങ്ങളായി തട്ടത്തുമല ജംഗ്ഷനിൽ സ്വതന്ത്ര ചുമട്ടു തൊഴിലാളിയായിരുന്ന ചുമട് മണി കാറിടിച്ച് മരിച്ചു. വാഹന പണിമുടക്ക് നടന്ന മേയ് 20 ന് തട്ടത്തുമല ജംഗ്ഷനു സമീപം എം.സി റോഡിൽ വച്ച് പാഞ്ഞുവന്ന ടാറ്റാ സുമോ കാർ മണിയെ ഇടിച്ചു തെറിപ്പിക്കുകയയിരുന്നു. ഇതേ കാറിൽ മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിച്ചു. ഉദ്ദേശം അറുപത്തഞ്ചിനു പുറത്ത് വയസ്സ് പ്രായം ഉണ്ടായിരുന്നു.

മൃതുദേഹം നാട്ടിൽ കൊണ്ടുവന്നില്ല. ബന്ധുക്കൾ ഇടപെട്ട് തിരുവനന്തപുരത്ത് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. പണ്ടെങ്ങോ വിവാഹിതനായിരുന്ന മണി വർഷങ്ങളായി വിഭാര്യനും ഒറ്റയാനുമായി തട്ടത്തുമല ലക്ഷം വീട് കോളനിയിൽ ആണ് താമസിച്ചിരുന്നത്. എന്നാൽ പഞ്ചായത്തിന്റെ പുതിയ പദ്ധതിപ്രകാരം ലക്ഷം വീടുകൾ ഒറ്റവീടുകളാക്കി പുനർ നിർമ്മിക്കുന്നതിന് ഇദ്ദേഹം അപേക്ഷ നൽകാതിരുന്നതിനാൽ ഭവന രഹിതനാകുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ രാവും പകലും സദാ മണിയുടെ സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നു. രാത്രി ജംഗ്ഷനിലെ ഏതെങ്കിലും കടയുടെ മേശത്തട്ടിയുടെ അടിയിൽ പഴം ചാക്കുകളും പഴം തുണികളും വിരിച്ചു മെത്തയാക്കിയായിരുന്നു കിടപ്പ്.

യൂണിയനുകളിൽ ഉൾപ്പെടാത്ത മണി സ്വന്തം നിലയിൽ ആളുകൾക്ക് വീട്ട് സാധനങ്ങളും മറ്റും ചുമന്നു കൊണ്ടു കൊടുത്തും കടകളിൽ വെള്ളം കോരി കൊടുത്തും ഒക്കെയാണ് ജീവിച്ചിരുന്നത്. മണി ചെന്നാൽ ചില വീടുകളിൽ നിന്നും ഭക്ഷണം നൽകിയിരുന്നു. മിതമായ കൂലിയിൽ കഠിനമായ അദ്ധ്വാനമായിരുന്നു മണിയുടെ പ്രത്യേകത. ഇത് നാട്ടിൽ മിക്കവരും മുതലെടുത്തിരുന്നു. അധികം ആരോടും സംസാരിക്കാത്ത മണി കഞ്ചാവു കൊണ്ട് ജീവിതത്തിന് ഇടയ്ക്കിടെ ലഹരി പിടിപ്പിച്ചിരുന്നു. ലഹരി മൂത്താൽ തന്റെ പരുക്കൻ സ്വരത്തിൽ പാട്ടു പാടുമായിരുന്നു . സമൂഹത്തോടും തന്നോടും പുച്ഛം തോന്നുന്ന നേരങ്ങളിൽ സ്വന്തം തെറിപ്പാട്ടുകൾ വന്യമായ ഈണത്തിൽ പാടി മണി കലിയടക്കിയിരുന്നു. അദ്ദേഹത്തിന്റെ ഈ പാട്ടുകൾ ഇടയ്ക്ക് ചിലരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുമുണ്ട്.

ഇനി മണിയുടെ അമറുന്ന സംഗീതം തട്ടത്തുമലയിൽ രാത്രിയോ പകലോ ആർക്കും കേൾക്കാൻ കഴിയില്ല. തട്ടത്തുമല കവലയിൽ രാത്രിയുടെ നിശബ്ദതയിൽ മണിയുടെ നീണ്ട കൂർക്കം വലി ഇനി ഉയർന്നു താഴില്ല. ബന്ധുക്കളിൽ നിന്നകന്ന് സ്വയം അനാഥത്വം ഏറ്റുവാങ്ങിയ മണി ആർക്കും ഒരു ബാദ്ധ്യതയുമായില്ല. പണിയൊഴിഞ്ഞ നേരങ്ങളിൽ പകലും രാത്രിയും കടത്തിണ്ണയിലോ പാതയോരത്തോ നീണ്ടു നിവർന്ന് കിടന്നുറങ്ങുന്ന ഈ അനാഥൻ ഇനി ഒരു ഓർമ്മ മാത്രം!

വിചിത്രമായ സ്വന്തം ജീവിത ശൈലികൊണ്ട് തട്ടത്തുമലയിലും പരിസരത്തും ഏറെ പ്രശസ്തനായിരുന്ന മണിയ്ക്ക് ആദരാഞ്ജലികൾ!

5 comments:

Anonymous said...

ചുമട് മണിയ്ക്ക് ആദരാഞ്ജലികൾ!

ponmalakkaran | പൊന്മളക്കാരന്‍ said...

നിത്യശാന്തി നേരുന്നു

ആഗ്നേയന്‍ said...

aadaraanjalikal!

ഫൈസല്‍ said...

ആദരാഞ്ജലികള്‍

Junaid said...

നമ്മുടെ ജങ്ഷനിലെ നിത്യ സാന്നിധ്യം ആയിരുന്ന മണിയുടെ വേര്‍പാടില്‍ ആദരാഞജലികള്‍.