തട്ടത്തുമല നാട്ടുവർത്തമാനം

Sunday, October 23, 2011

സമരം അമേരിക്കയിലും


സമരം അമേരിക്കയിലും


സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും ഒന്നുമില്ലാത്ത ഒരു നാട് പുലരണമെന്നാണല്ലോ നമ്മുടെ നാട്ടിൽ ചില കപട അരാഷ്ട്രീയ വാദികളുടെ സ്വപ്നം. കപട അരാഷ്ട്രീയ വാദികൾ എന്നുതന്നെ പറയാൻ കാരണം പിന്നെ വിശദീകരിക്കാം. മുതലാളിത്തസ്ഥാപനത്തിനുശേഷം വലിയ സമരങ്ങൾ ഒന്നും സാധാരണമല്ലാത്ത രാജ്യങ്ങളാണ് അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ. നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളും വലതുപക്ഷ രാഷ്ട്രീയക്കാരും പ്രലോഭനബുദ്ധ്യാ ചൂണ്ടിക്കാണിക്കാറുള്ളതാണ് ഈ മുതലാളിത്തവ്യവസ്ഥിതികളെയും അവയുടെ ആകർണ ഘടകങ്ങളെയും. സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും ഉള്ള എതിർപ്പ് പ്രകടിപ്പിക്കുവാനാണ് സത്യത്തിൽ ഇവർ ഈ മുതലാളിത്ത ‘മാതൃകകൾ‘ ചൂണ്ടിക്കാണിക്കുന്നത്. മുതലാളിത്തത്തിന്റെ നിലനില്പും വളർച്ചയും ശാശ്വതസ്വഭാവത്തിലുള്ളതല്ലെന്ന സത്യം ഇക്കൂട്ടർ അംഗീകരിക്കുയുമില്ല. ഈ മുതലളിത്ത രാഷ്ട്രങ്ങളിൽ അവർ കാണുന്ന വലിയൊരു നേട്ടം സമരങ്ങളില്ലാത്തതാണ്. പ്രത്യേകിച്ചും തൊഴിൽ സമരങ്ങൾ. യഥാർത്ഥത്തിൽ ഈ രാജ്യങ്ങളിലൊക്കെത്തന്നെ ചെറുതും വലുതുമായ സമരങ്ങൾ ഉണ്ടാകാറുണ്ട് എന്നതാണു സത്യം. പുറത്ത് അധികമാരും അറിയുന്നില്ലെന്നു മാത്രം.

എന്നാൽ ഇപ്പോൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പൊട്ടിത്തെറികൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വാൾസ്ട്രീറ്റ് പിടിക്കാൻ വേണ്ടി ഇപ്പോൾ അവിടെ നടക്കുന്ന പ്രഷോഭത്തിന് യുറോപ്യൻ രാഷ്ട്രങ്ങൾ അടക്കം നിരവധി രാഷ്ട്രങ്ങളിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളാണ് തൊണ്ണൂറ്റൊൻപത് ശതമാനം എന്ന പ്രഖ്യാപനവുമായിട്ടാണ് അമേരിക്കയിലെ സാധാരണ ജനങ്ങൾ സമരം ചെയ്യുന്നത്. മുതലാളിത്ത- ഉദാരവൽക്കരണനയങ്ങളുടെ ദുരന്തം പേരുന്ന സധാരണക്കാരും തൊഴിലളികളുമാണ് അവിടെ പ്രക്ഷോഭം നടത്തുന്നത്. ഇന്നല്ലെങ്കിൽ നളെ അവിടെയൊക്കെ ഇത് സംഭവിക്കേണ്ടിയിരുന്നതുതന്നെ. ഈയിടെ അവിടെയുണ്ടായ സാമ്പത്തികപ്രതിസന്ധിയുമായും അമേരിക്കൻ ജനതയുടെ ഈ പ്രക്ഷോഭങ്ങളെ കൂട്ടിവായിക്കണം. അമേരിക്കയെന്നാൽ സ്വർഗ്ഗമെന്ന് ധരിച്ചു വരുന്നവർക്ക് കേൾക്കാനത്ര സുഖമുള്ള വാർത്തകളായിരിക്കില്ല അവിടെ നിന്നും ഇനിവരുന്നത്. യൂറോപ്പിലേതടക്കം മറ്റ് മുതലളിത്ത രാഷ്ട്രങ്ങളിലും സമാനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഞാൻ പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളെക്കുറിച്ചാണല്ലോ. അവരിൽ വലിയൊരു പങ്ക് യഥാർത്ഥത്തിൽ അരാഷ്ട്രീയ വാദികൾ ഒന്നുമല്ല. വലതുപക്ഷ രാഷ്ട്രീയമുള്ളവർ ആണ്. അത് ഉളുപ്പില്ലാതെ പുറത്തുപറയാൻ മടിക്കുന്ന ചിലർ അരാഷ്ട്രീയതയുടെ മൂടുപടം ധരിക്കുന്നു. ശരിക്കും അവർ ഇടതുപക്ഷവിരുദ്ധർ ആണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ കണക്കാണെന്ന് അക്കൂട്ടർ പറയും. സത്യത്തിൽ വലതുപക്ഷത്തെ ന്യായീകരിക്കുവാനാണ് അവർ അങ്ങനെ പറയുന്നത്. കമ്മ്യൂണിസത്തിന് പ്രത്യേകിച്ചു മെച്ചമൊന്നുമില്ലെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും താരതമ്യം ചെയ്ത് രണ്ടും ഒരുപോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആർ ഏത് അളവുകോലിലൂടെ അളന്നാലും ഇടതും വലതും ഒരുപോലെയാകില്ല. മുതലാളിത്തം കമ്മ്യൂണിസത്തെക്കാൾ മെച്ചപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയുമാകില്ല.

കേരളത്തിൽ സമരങ്ങളും ഹർത്താലുകളും പണിമുടക്കുകളും കാരണം ഇറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ഞാൻ ഈ പറഞ്ഞ അരാഷ്ട്രീയമുഖംമൂടിക്കാരും വലതുപക്ഷ ചിന്താഗതിക്കാരും പറഞ്ഞുപോരുന്നുണ്ട്; സമരങ്ങളും പ്രതിഷേധങ്ങളും അധികം നടത്തുന്നത് ഇടതുപക്ഷക്കാരായിരിക്കുക സ്വാഭാവികമായിരിക്കുമല്ലോ. അതിന്റെ അസ്വാരസ്യമാണ് അവർ ഈ പ്രകടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം സമരവിരോധമായി പുറത്തുവരുന്നുവെന്നു മാത്രം. അവർക്ക് സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്ത നാട് പുലരണം. മുതലാളിത്തത്തിലും ചൂഷണത്തിലും ബഹുവിധ അസമത്വങ്ങളിലും ഭരണകൂടദുഷ്ചെയ്തികളിലും അധിഷ്ഠിതമായിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ തങ്ങൾക്ക് കുറച്ചുപേർക്ക് താരതമ്യേന അല്പം മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ ഉണ്ട് എന്ന് കരുതി പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളുമൊന്നുമില്ലാത്ത ഒരു സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ ഇനിയിപ്പോൾ അമേരിക്കയിൽ ചെന്നാലും പറ്റില്ലല്ലോ മക്കളേ!