തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, May 2, 2012

2012 മെയ് വർത്തകൾ


മരണം

തട്ടത്തുമല, 2012 മേയ് 29: തട്ടത്തുമല തോട്ടത്തിൽ വീട്ടിൽ  വൈ.എം. ബഷീറിന്റെ പിതാവ് മരണപ്പെട്ടു. ഖബറടക്കം നാളെ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടക്കും.

ക്യാൻസർ നിർണ്ണയ ക്യാമ്പ്

തട്ടത്തുമല, 2012 മേയ് 28: തട്ടത്തുമലയിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടന്നു.  മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ  തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെയാണ് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്ന ക്യാമ്പ് കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ബേബി ഹരീന്ദ്രദാസ്, ആർ.സി.സിയിൽ നിന്നും വന്ന ഒരു ഡോക്ടർ എന്നിവർ സംസാരിച്ചു. ഷാഫി സ്വാഗതവും പള്ളം ബാബു കൃതജ്ഞതയും പറഞ്ഞു. വായപരിശോധന, സ്ത്രീകളുടെ സ്തനപരിശോധന, ഗർഭപാത്ര ഗള പരിശോധന എന്നിവയാണ് മുഖ്യമായും നടന്നത്. ഉച്ച കഴിഞ്ഞ് ക്യാമ്പ് അവസാനിച്ചു.നൂറിനടുത്ത് ആളുകൾ പരിശോധനയ്ക്കെത്തിയിരുന്നു. പരിശോധയക്ക് വരുന്നവർക്ക്  അൻപത് രൂപാ രജിഷ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിരുന്നു.സംഘാടകർ പ്രതീക്ഷിച്ചതുപോലെ ആളുകൾ വന്നില്ല.

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ മെരിറ്റ് ഈവനിംഗ്

തട്ടത്തുമല, 2012 മേയ് 15: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ  എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ നേടിയ തിളക്കമാർന്ന വിജയം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ആഘോഷമാക്കുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് തട്ടത്തുമല ഗവ. എച്ച്.എസ്.എസ് ആണ്. പ്ല-സ് ടൂ പരീക്ഷയിലും അഭിമാനാർഹമായ വിജയം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിൽ പഠിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളും ദരിദ്രരും സാധാരാരണക്കാരിൽ സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ മക്കളാണ്. ദരിദ്രവും ദുരിതപൂർണ്ണവുമായ മായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയുന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ സ്കൂളിലെ കുട്ടികളുടെ പഠനനിലവാരം ഇത്തരത്തിൽ മെച്ചപ്പെടുത്തുവാനും മികച്ച വിജയം നേടുവാനും   തട്ടത്തുമല സ്കൂളിലെഅദ്ധ്യാപകരും  സമീപത്തെ ട്യൂട്ടോറിയൽ കോളേജുകളും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.  ഒപ്പം രക്ഷിതാക്കളുടെ നിർലോഭമായ സഹകരണവും കുട്ടികളുടെ മിടൂക്കും  താല്പര്യവും കൂടുച്ചേർന്നപ്പോൾ സ്കൂളിന് അഭിമാനിക്കാവുന്ന വിജയം  കരസ്ഥമാക്കുവാനായി.

വിജയം ആഘോഷിക്കുന്നു

തട്ടത്തുമല സ്കൂളിനുണ്ടായ ഈ ചരിത്ര വിജയം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   നാട്ടുകാരും കൂടിച്ചേർന്ന്   ഒരു ആഘോഷമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ്-ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും സ്കൂളിലെ അദ്ധ്യാപകരെയും അനുമോദിക്കുന്നതിനും അവർക്ക് ഉപഹാരങ്ങൾ നൽകുനതിനുമായി മെരിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു. 2012 മേയ് 21 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഈ ആഘോഷ പരിപാടികൾ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. താജുദീൻ അഹമ്മദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.രഘുനാഥൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.

നാട്ടുകാരുടെ നിർലോഭമായ സഹകരണം


തട്ടത്തുമല സ്കൂൾ നേടിയ സമുജ്ജ്വല വിജയം ആഘോഷിക്കുന്നതിനും കുട്ടികൾക്കും അദ്ധ്യാപകർക്കും സമ്മാനങ്ങളും ഉപഹാരങ്ങളും നൽകുന്നതിനും നാട്ടിലെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും നിർലോഭമായ സഹകരണം നൽകി. പരിപാടിയുടെ മൊത്തം സംഘാടനത്തിനായി അകമഴിഞ്ഞ സാമ്പത്തിക സഹായമാണ് വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകിയിട്ടുള്ളത്.  സ്കൂളിനെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി സ്കൂൾ വികസന സമിതി നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രവാസികളടക്കമുള്ള  പൂർവ വിദ്യാർത്ഥികളും നാട്ടുകാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്കൂളിന്റെ സർവ്വതോന്മുഖമായ വികസനത്തിനും  പുരോഗതിയ്ക്കും അനിവാര്യമായ  ഫലപ്രദമായ ജനകീയ ഇടപെടൽ സാദ്ധ്യമാക്കുന്നതിന് പൂർവ്വ  വിദ്യാർത്ഥികളും നാട്ടുകാരും അഭ്യുദയകാംക്ഷികളും ചേർന്നുള്ള  കൂട്ടായ്മയായ തട്ടത്തുമല  സ്കൂൾ വികസന സമിതി (SDCT)നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവരിൽ നിന്നും   എല്ലാവിധ സഹായവും  സഹകരണവും പ്രതീക്ഷിക്കുന്നു.

(മേയ് ഇരുപത്തിയൊന്നാം തീയതിയിലെ മെരിറ്റ് ഈവനിംഗിനും തുടർന്ന് സ്കൂൾ വികസനത്തിനും വികസന സമിതി പ്രവർത്തകർ മുഖാന്തരം സാമ്പതിക സഹായം നൽകിയവരുടെയും ഇനി നൽകുന്നവരുടെയും  പേരുവിവരം തുടർന്ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും)

കെ.ഇ.എൻ തട്ടത്തുമലയിൽ  പ്രസംഗിച്ചു

സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 മേയ് 8: തട്ടത്തുമല പ്രീമിയർ ലീഗിന്റെയും കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള  ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനവും  കവിയരങ്ങും സമ്മാന വിതരണവും നടന്നു. വൈകുന്നേരം അഞ്ച് മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന  സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.ഇ.എൻ കുഞ്ഞഹമ്മദ് സംസാരിച്ചു. ഇ.എ.സജിം അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷറഫുദീൻ, അഡ്വ.എസ് ജയച്ചന്ദ്രൻ, അഡ്വ.എസ്.ജയച്ചന്ദ്രൻ, ബിന്ദു രാമ ചന്ദ്രൻ, ജി.എൽ.അജീഷ്, അംബികാ കുമാരി, സുമ, പി.റോയ്, കെ.ജി.ബിജു, എം.റഹിം, ജി.ജയതിലകൻ നായർ, ആർ.വിജയകുമാർ(പള്ളം ബാബു), ജി.രാജേന്ദ്രകുമാർ (ബോംബെ ബാബു), എസ്.സലിം, എസ്. സുലൈമാൻ,  വൈ.അഷ്‌റഫ്, എം.ആർ. അഭിലാഷ്, ജാസിം (തപസ് യു.എ.ഇ) തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ മടവൂർ കൃഷ്ണൻ കുട്ടി, ഗണപൂജാരി, ബേബി അനഘ എന്നിവർ പങ്കെടുത്തു.  ജി.ജയശങ്കർ സ്വാഗതവും മിഥുൻ നന്ദിയും പറഞ്ഞു. തുടർന്ന് അഡ്വ. എസ്. ജയച്ചന്ദ്രൻ ട്രോഫികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് സിനിമാറ്റിക്ക് ഡാൻസും കിളിമാനൂർ രാജീവും സംഘവും അവതരിപ്പിച്ച മിമിക്സ് പരേഡും നടന്നു.

സ്കൂൾയോഗം

തട്ടത്തുമല, 2012 മേയ് 8: തട്ടത്തുമല ഗവ.എച്ച്.എസ്.എസ്  സ്കൂൾ പ്രൊട്ടക്ഷൻ കൌൺസിലിന്റെയും വികസന സമിതിയുടെയും യോഗം നടന്നു. കിളിമാനൂർ ബ്ലോക്കിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയതിൽ അദ്ധ്യാപകരെയും വിജയികളെയും അഭിനന്ദിക്കാൻ സമ്മേളനം നടത്താൻ ധാരണയായി.

മെയ്ദിനത്തെക്കുറിച്ച് ചർച്ചാക്ലാസ്സ് നടത്തി

തട്ടത്തുമല, 2012 മെയ് 2:    പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം തട്ടത്തുമല കെ.എം ലൈബ്രറിയിൽ മെയ്ദിനം എന്ന വിഷയത്തെ ആസ്പദമാക്കി  ചർച്ച നടന്നു. പു.ക.സ മേഖലാ സെക്രട്ടറി സജ്ജനൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു മോഡറേറ്ററായിരുന്നു. ഇ.എ.സജിം, ജയതിലകൻ നായർ എന്നിവർ സംസാരിച്ചു. ഇ.എ.സജിം തയ്യാറാക്കിയ പ്രബന്ധം അഭിലാഷ് വായിച്ചു. സജീവമായ ചർച്ച നടന്നു. തൊഴിലാളി എന്നതിന്റെ നിർവ്വചനം അഥവാ ആരാണ് തൊഴിലാളി എന്നതു  സംബന്ധിച്ച് ചൂടേറിയ സംവാദമുണ്ടായി. മെയ്ദിനം ഒരു അവധി ദിവസം എന്നതിനപ്പുറം അതിന്റെ ചരിത്ര പശ്ചാത്തലം ഉൾക്കൊള്ളാൻ ഈ ചർച്ചാക്ലാസ്സ് ഉപകരിച്ചതായി പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. പി.എസ്.എസിയ്ക്ക് പഠിക്കുമ്പോഴാണ് മെയ്ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആദ്യമായി ചിന്തിക്കുന്നതെന്ന് ചർച്ചയിൽ  ഒരു വിദ്യാർത്ഥി തുറന്നുപറഞ്ഞിരുന്നു. ഇതുപോളുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിച്ച് അറിവുകൾ പങ്കുവയ്ക്കണമെന്ന് ഇതിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. അടുത്ത ചർച്ചയുടെ വിഷയം സിനിമയെക്കുറിച്ചാകണമെന്ന് ഒരു പൊതു ധാരണയിൽ എത്തിയിട്ടുണ്ട്. അന്ന് പു.ക.സയുടെ പുതിയ  യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുവാനും ധാരണയായി.

No comments: