തട്ടത്തുമല നാട്ടുവർത്തമാനം

Thursday, September 26, 2013

പ്രൊഫ. സഹദാ മണി മരണപ്പെട്ടു


പ്രൊഫ. സഹദാ മണി മരണപ്പെട്ടു 

റിട്ട. പ്രൊഫ.സഹദാ ബീവി (69) ഇന്നലെ (25-9-2013) രാവിലെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ വച്ച് മരണപ്പെട്ടു. ഏതാനും ദിവസങ്ങളായി അവർ ചികിത്സയിലായിരുന്നു. മൃതുദേഹം ആദ്യം തിരുവനന്തപുരം അമ്പലം മുക്കിലുള്ള അവരുടെ വീട്ടിൽ പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ സ്വദേശമായ തട്ടത്തുമലയിലുള്ള അവരുടെ കുടുംബവീടിനോട് ചേർന്നുള്ള അവരുടെതന്നെ നാട്ടുവീട്ടിൽ കൊണ്ടുവരികയും പൊതുദർശനത്തിനു വയ്ക്കുകയും ചെയ്തു. വൈകുന്നേരം അഞ്ച് മണിയോടെ കിളിമാനൂർ പാപ്പാല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. പെരിങ്ങമ്മല ഇക്ക്ബാൽ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു അവർ. പരേതനായ സ്വാതന്ത്ര്യ സമര സേനാനിയും നാട്ടിലെ ആയൂർവേദാചാര്യനുമായിരുന്ന ഇസ്മയിൽ പിള്ള വൈദ്യരുടെയും പരേതയായ സൈനം ബീവിയുടെയും മകളാണ്. ഭർത്താവ് റിട്ട. ഇഞ്ചിനീയർ മണി. മക്കൾ ഒരാണും രണ്ടു പെണ്ണും. മൂന്നുപേരും വിവാഹിതർ. സൌദാസാറും മണിസാറും എന്നാണ് അവരെ നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. മകൻ കുടുംബമായി ലണ്ടനിലും മൂത്തമകൾ കുടുംബമായി മുംബയിലും ഇളയ മകൾ എറണാകുളത്തുമാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സവിശേഷ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മാതൃകാ ദമ്പതികളായിരുന്നു അന്തരിച്ച സൌദാസാറും അവരുടെ ഭർത്താവ് റിട്ടയേർഡ് ഇഞ്ചിനീയറായ മണിസാറും. സദാ എവിടെയും അവരെ ഒരുമിച്ചുമാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ എന്നു പറഞ്ഞാൽ അത് അതിശയോക്തി ആകില്ല. കല്യാണം, മരണം മറ്റ് വിശേഷങ്ങൾ, ബന്ധുവീടുകളിൽ ഇടയ്ക്കിടെയുള്ള സൌഹൃദ സന്ദർശനം, യാത്രകൾ എന്നിവയ്ക്കെല്ലാം എപ്പോഴും ഒരുമിച്ചുതന്നെ കാണുന്ന ആ ദമ്പതിമാരിൽ മണിസാറിനെ ഒറ്റയ്ക്കാക്കി ഭാര്യ സൌദാ ബീവി യാത്രയായി. എല്ലാ കുടുംബങ്ങളിലും ചില സ്റ്റാറൂകൾ ഉണ്ടാകും. ഈ ദമ്പതിമാരും അങ്ങനെയായിരുന്നു. അവരുടെ സാന്നിദ്ധ്യം ഏത് വിശേഷാവസരങ്ങളിലും ബന്ധുമിത്രാദികൾ ആഗ്രഹിച്ചിരുന്നു. വിശേഷം നടക്കുന്ന വീടുകളിൽ ചെന്നാൽ അതിഥികളുടെ ഗമയുമായി കസേരയിൽ ഇരിക്കാതെ കാരണവരും കാരണവത്തിയുമായി ഓടിനടക്കുന്നവരായിരുന്നു അവർ. ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ചിരുന്നതിന്റെ ഗമയോ പത്രോസോ അവർ ഒരിക്കലും ആരോടും കാണിച്ചിരുന്നില്ലെന്നതാണ് അവർക്ക് കുടുംബത്തിലും നാട്ടുകാർക്കിടയിലും നല്ലൊരു മതിപ്പുണ്ടാകുവാൻ കാരണമെന്ന് ഞാൻ വിലയിരുത്തുന്നു. അവരോടുള്ള എന്റെ സ്നേഹാദരവ് രേഖപ്പെടുത്താൻ ഇന്റെർ നെറ്റിൽ ഇങ്ങനെയൊരിടം ഉള്ളത് ഞാൻ ഇപ്രകാരം പ്രയോജനപെടുത്തി എന്റെ ദുഖം പങ്ക് വയ്ക്കുന്നു.