തട്ടത്തുമല ജംഗ്ഷനിൽ ബമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമർപ്പിക്കുന്ന അപേക്ഷ
നിവേദനം
വിഷയം: തിരുവനന്തപുരം
ജില്ലയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു സമീപം
എം.സി
റോഡിൽ തട്ടത്തുമല ജംഗ്ഷനിൽ ബമ്പ് സ്ഥാപിക്കണമെന്ന
അപേക്ഷ.
ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പ്
മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞ് സമക്ഷത്തിലേയ്ക്ക്,
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകിഴ് താലൂക്കിൽ
പഴയകുന്നുമ്മേൽ വില്ലേജിൽ തട്ടത്തുമല നിവാസികൾ സമർപ്പിക്കുന്ന അപേക്ഷ;
സർ,
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ബ്ലോക്കിൽ
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് എം.സി റോഡിൽ തട്ടത്തുമല ജംഗ്ഷൻ. ഈ ജംഗ്ഷനോട് ചേർന്നാണ് തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി
സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് ഒന്നാം സ്റ്റാൻഡാർഡ് മുതൽ പത്താം സ്റ്റാൻഡാർഡ് വരെയുള്ള
കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണ് ഇത്. ഈ പ്രദേശത്ത് വേറേയും സ്വകാര്യ സ്കൂളുകളും പാരലൽ കോളേജുകളും മറ്റു പല സക്കാർ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും മറ്റും
ഉള്ളതാണ്. ഇത് പൊതുവേ ജനത്തിരക്കും ഗതാഗതത്തിരക്കും
ഉള്ള സ്ഥലമാണ്. എം.സി.റോഡ് കടന്നുപോകുന്ന ഈ ജംഗ്ഷനിൽ സദാ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടെക്കൂടെ
വാഹന അപകടങ്ങൾ ഉണ്ടാകുന്നതിനാൽ പൊതുവേ ഈ സ്ഥലം അപകടമേഖലയായാണ് അറിയപ്പെടുന്നത്. കെ.എസ്.ടി.പി റോഡ് വികസനം വന്നതോടുകൂടി മുമ്പത്തേക്കാൾ
വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ കടന്നുപോകുന്നത്. പ്രത്യേകിച്ചും സ്കൂൾ സമയം തുടങ്ങുകയും സ്കൂൾ വിടുകയും ചെയ്യുന്ന സമയങ്ങളിൽ കുട്ടികളുടെ
തിരക്കുകൂടിയാകുമ്പോൾ റോഡപകടങ്ങൾക്കുള്ള സാദ്ധ്യത കൂടുന്നു. കുട്ടികൾക്കും മുതിർന്നവർക്കു
തന്നെയും റോഡ് മുറിച്ചു കടക്കുവാൻ നന്നേ പ്രയാസം അനുഭവപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കൂം നാട്ടുകാർക്കും ഇക്കാര്യത്തിൽ ഒരുപോലെ വലിയ ഉൽക്കണ്ഠയുണ്ട്.സ്കൂൾ തുടങ്ങുന്ന സമയത്തോ സ്കൂൾ
വിടുന്ന സമയത്തോ പോലും റോഡിലെ ഗതാഗതം നിയന്ത്രിക്കാനോ സ്കൂൾ കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സാഹായിക്കുവാനോ പോലീസോ മറ്റ് സംവിധാനങ്ങളോ ഇവിടെ നിലവിൽ ഇല്ല. അത്യന്തം
ഗൗരവമർഹിക്കുന്ന ഈയൊരു സാഹചര്യം കണക്കിലെടുത്ത്
തട്ടത്തുമല ജംഗ്ഷനിൽ ഏതു സമയത്തും സംഭവിക്കാവുന്ന വാഹനാപകടങ്ങളെ ഒഴിവാക്കുവാൻ
സഹായിക്കുംവിധം ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ
ഈ വിഷയത്തിന് ഒരു പരിഹാരമായി തട്ടത്തുമല ജംഗ്ഷനിൽ രണ്ട് ബമ്പുകൾ സ്ഥാപിച്ച്
വഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് ആയത് കഴിവതും വേഗം
നടപ്പിലാക്കണമെന്ന് നാട്ടുകാരും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് അധികൃതരും കുട്ടികളും
ഉൾപ്പെടെയുള്ളവർ ഈ നിവേദനത്തിലൂടെ വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ
അടിയന്തിരമായ ഇടപെടലും സത്വര നടപടികളും പ്രതീക്ഷിച്ചുകൊണ്ട്
ഈ ഈ നിവേദനം വിനീതമായും പ്രതിക്ഷാപൂർവ്വവും
സമർപ്പിച്ചുകൊള്ളുന്നു. നാടിന്റെ പൊതു താല്പര്യം മുൻനിർത്തി തട്ടത്തുമല ജംഗ്ഷനിൽ കഴികതും വേഗം രണ്ട് ബമ്പുകൾ സ്ഥാപിക്കണമെന്ന് ഇതിനാൽ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.
എന്ന് വിശ്വാസപൂർവ്വം
നാട്ടുകാർ
തട്ടത്തുമല,
6-9-2012