തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label സി.പി.എം. Show all posts
Showing posts with label സി.പി.എം. Show all posts

Friday, November 25, 2011

കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം


കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം

തട്ടത്തുമല, 2011 നവംബർ 25: ഡി.വൈ.എഫ്. കിളിമാനൂർ ഏരിയാ തലത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടന്നു. പൊതുയോഗം സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ് ജയച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കിളീമാനൂർ ഏരിയാ സെക്രട്ടറി ജഹാംഗീർ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ കിളീമാനൂർ ഏരിയാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. അഭിലാഷ് സ്വാഗതവും ജി.ജയശങ്കർ നന്ദിയും പറഞ്ഞു. സി.പി.ഐ.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബൈജു, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഷിബു തുടങ്ങിയവർ പങ്കെടുത്തു.

കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ
ടി വി രാജേഷ്
(ദേശാഭിമാനി ലേഖനം, 25 -11 -2011)

കൂത്തുപറമ്പിലെ ധീരരക്തസാക്ഷിത്വങ്ങള്‍ക്ക് പതിനേഴ് സംവത്സരം പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസആരോഗ്യ മേഖലകളില്‍ നടന്ന നഗ്നമായ അധികാര ദുര്‍വിനിയോഗത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന ധീരോദാത്ത പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തത്തിലെഴുതിയ മഹത്തായ അധ്യായമായിരുന്നു അത്. ധീരരക്തസാക്ഷികള്‍ രാജീവന്റെയും ബാബുവിന്റെയും മധുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും ജീവത്യാഗം കൂത്തുപറമ്പിനെ ചരിത്രത്തിലേക്കുയര്‍ത്തി. പോരാട്ടങ്ങള്‍ക്ക് ആവേശമായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നും നമ്മോടൊപ്പമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയ കാലത്ത്, പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. അന്നത്തെ സഹകരണവകുപ്പുമന്ത്രി എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വ്യക്തികളെന്ന നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത കൈയാളിയത്. ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ, തിരുത്തുകള്‍ക്ക് തയ്യാറാകാതെ, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണക്കാര്‍ ശ്രമിച്ചത്. ഇത് സ്വാഭാവികമായും സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടാക്കി.

വിദ്യാര്‍ഥിസമരങ്ങളെ അടിച്ചമര്‍ത്തുമെന്നും സമരത്തിനിറങ്ങുന്നവര്‍ ശിഷ്ടകാലം കുഴമ്പുപുരട്ടി വീട്ടിലിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിതന്നെ വെല്ലുവിളി നടത്തി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രക്ഷോഭം കൂടുതല്‍ കരുത്തുറ്റതാക്കി. സമരം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്ക് ഉദ്ഘാടനംചെയ്യാന്‍ എം വി രാഘവനും പരിവാരങ്ങളും എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. സഹകരണമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്നവരില്‍ അന്നത്തെ തൊഴില്‍മന്ത്രി എന്‍ രാമകൃഷ്ണനുമുണ്ടായിരുന്നു. പരിയാരത്തെ പകല്‍കൊള്ളയ്ക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നതിനാല്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ അന്ന് അവിടെ തടിച്ചുകൂടി. വന്‍പ്രതിഷേധമുയരുമെന്ന് മനസിലാക്കി രാമകൃഷ്ണനും ഉയര്‍ന്ന പൊലീസ് മേധാവികളും പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സഹകരണമന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയുംചെയ്തു. ധാര്‍ഷ്ട്യത്തോടെ അവിടെയെത്തിയ സഹകരണമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസ് അനുചരന്മാരും കൂത്തുപറമ്പിനെ രക്തക്കളമാക്കി മാറ്റി. നിരായുധരായി പ്രതിഷേധിച്ച യുവജനങ്ങളെ ഒരുവിധ പ്രകോപനവും കൂടാതെ വെടിവച്ചുകൊല്ലാനാണ് അധികാരം തലയ്ക്കുപിടിച്ച മന്ത്രിയും അദ്ദേഹത്തിന്റെ സ്വകാര്യകൂലിപ്പട്ടാളത്തെപ്പോലെ പെരുമാറിയ പൊലീസും തയ്യാറായത്. അഞ്ച് ധീരന്മാരായ സഖാക്കള്‍ കൂത്തുപറമ്പിലെ സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പത്മനാഭന്‍ കമീഷന്‍ പൊലീസ് നടപടി അതിരുകടന്നതും നീതീകരിക്കാനാവാത്തതുമായി കണ്ടെത്തുകയും മന്ത്രിയുടെ ദുര്‍വാശിയും ഹുങ്കുമായിരുന്നു അതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. അഞ്ച് ധീരപോരാളികളുടെ ഉശിരാര്‍ന്ന പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും പേരായി കൂത്തുപറമ്പ് എക്കാലത്തും സ്മരിക്കപ്പെടും.

അവരുടെ പോരാട്ടമാണ് പരിയാരത്തെ വിദ്യാഭ്യാസക്കച്ചവടത്തെ ഇല്ലാതാക്കിയത്. അവരുടെ ഓര്‍മകള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ്സിനെ നിരന്തരം സമരസന്നദ്ധരാക്കി നിലനിര്‍ത്തും എന്നതും തര്‍ക്കമില്ലാത്ത സത്യമാകുന്നു. മഹത്തായ രക്തസാക്ഷിത്വങ്ങളുടെ പതിനേഴാം വാര്‍ഷികം വരുമ്പോള്‍ ലോകം മുഴുവന്‍ മറ്റൊരു സമരമുഖത്താണ്. ആഗോളവല്‍ക്കരണത്തിന്റെ ലാഭതൃഷ്ണയ്ക്കെതിരെ ലോകത്തുടനീളം പ്രതിഷേധം പടര്‍ന്നുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ചരിത്രത്തിന്റെ അവസാനമാണെന്നു പ്രവചിച്ചവര്‍ , സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സുവര്‍ണയുഗം ഉദിച്ചുവെന്ന് ആര്‍ത്തുവിളിച്ചവര്‍ എല്ലാവരും ഇന്ന് തിരുത്തിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ത്തന്നെ കലാപം പടര്‍ന്നുപിടിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അമേരിക്കയിലെയും മറ്റ് മുതലാളിത്ത രാജ്യങ്ങളിലെയും തെരുവുകളിലേക്ക് ദരിദ്രരായ തൊണ്ണൂറ്റിയൊമ്പതു ശതമാനത്തെയും സമരക്കൊടിയുമായി ഇറക്കിയിരിക്കുന്നു. സമ്പന്നര്‍ക്കും കോര്‍പറേറ്റ് കുത്തകകള്‍ക്കും ലാഭം കുന്നുകൂടുമ്പോള്‍ മറ്റുള്ളവര്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തദൃശ്യം എങ്ങും വലിയ പ്രതിഷേധങ്ങള്‍ ഇളക്കിവിടുകയാണ്.

മാറ്റത്തിന്റെ കാറ്റ് ഏതെങ്കിലും വന്‍കരകളിലോ രാജ്യങ്ങളിലോമാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അറബ് വസന്തമായി അത് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അലയടിക്കുമ്പോള്‍ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും ഭരണാധികാരികളെ അധികാരഭ്രഷ്ടരാക്കിത്തീര്‍ത്തിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ അമേരിക്കയെ എത്തിച്ചിരിക്കുന്നതെവിടെയെന്ന് അന്ധമായ അമേരിക്കന്‍ ദാസ്യം പിന്തുടരുന്ന ഇന്ത്യ കാണാതിരിക്കുകയാണ്. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരാകുന്നു എന്നതിനെ മറച്ചുപിടിക്കാന്‍ ദാരിദ്ര്യരേഖയെ കൂടുതല്‍ താഴോട്ടേക്കാക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാനും ദേശത്തിന് മുതല്‍ക്കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനെ കേവലം നികുതിവെട്ടിപ്പുമാത്രമായി ചുരുക്കുകയാണ്. ഇരുപതുവര്‍ഷത്തെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. എണ്ണവിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുകയാണ്. മരുന്നുകമ്പനികളുടെ ദാക്ഷിണ്യത്തിനു ആരോഗ്യമേഖലയെ എറിഞ്ഞുകൊടുത്തിരിക്കുന്നു. അവശ്യമരുന്നുകളുടെ വന്‍ വിലക്കയറ്റത്തിനാണ് ഇത് കാരണമാകുന്നത്.

അമേരിക്കന്‍ തകര്‍ച്ചയില്‍നിന്ന് നമ്മുടെ രാജ്യം ഒന്നും പഠിക്കുന്നില്ലെന്നുമാത്രമല്ല കൂടുതല്‍ അപകടത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ അതേ വഴിതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. പാമൊലിന്‍ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സത്യം കൂടുതല്‍ വെളിയില്‍ വരുമ്പോള്‍ ചിത്രത്തില്‍ തെളിയുന്നത് കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ രൂപമാണ്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ മൊഴികളുമായി പലരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. മൊഴി നിരന്തരം മാറ്റാന്‍ പണം വാരിയെറിഞ്ഞ കഥകള്‍ കൂടെ നിന്നവര്‍തന്നെ വിളിച്ചുപറയുന്നു. നിയമവ്യവസ്ഥയെത്തന്നെ അട്ടിമറിച്ച സദാചാരധ്വംസകര്‍ , ലൈംഗിക അഴിഞ്ഞാട്ടക്കാര്‍ തുടങ്ങിയവര്‍ അധികാരസ്ഥാനങ്ങളിലിരിക്കുമ്പോള്‍ കേസിന്റെ വിധി എന്തായിരിക്കുമെന്നത് സംശയാസ്പദമാകുന്നു. അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള തടവുകാലത്ത് പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സ നടത്തുന്നു. ഒടുവില്‍ ശിക്ഷാകാലാവധി തീരുംമുമ്പ് വിട്ടയക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യസ്വാശ്രയ കച്ചവടക്കാരെ കയറൂരിവിട്ടിരിക്കുന്നു. മെറിറ്റിനെയും കോഴ്സിനെയും ക്ലാസ് കയറ്റത്തെയുമെല്ലാം അട്ടിമറിച്ചുകൊണ്ട് നിര്‍മല്‍ മാധവുമാരെ പരിപോഷിപ്പിക്കുന്നു. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് വെടിവയ്പിക്കുന്നു. വെടിവച്ചവനെ സംരക്ഷിക്കുന്നു. കേരളത്തിലെ ബഹുമാന്യരായ നേതാക്കളെ അസഭ്യം പറയാന്‍വേണ്ടി നികുതിപ്പണം ചെലവാക്കി പി സി ജോര്‍ജുമാരെ കസേരകളില്‍ കയറ്റിയിരുത്തുന്നു.

ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശ്കുമാറും കുറ്റകൃത്യങ്ങളില്‍ പുതിയ മാര്‍ഗങ്ങള്‍ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെമേല്‍ പരീക്ഷിക്കുന്നു. നാടെങ്ങും മദ്യക്കച്ചവടം തഴയ്ക്കുന്നു; കൈക്കൂലി വാങ്ങി ബാര്‍ഹോട്ടലുകള്‍ തുറക്കുന്നു. ഗുണ്ടാ നേതാക്കന്മാര്‍ എംപിമാരാകുമ്പോള്‍ അവരുടെ ഗണ്‍മാന്മാര്‍ നിരപരാധികളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. കേരളമിങ്ങനെ ദിനംപ്രതി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനജീവിതം വിലക്കയറ്റത്താല്‍ അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. കാലയളവിലാണ് ധീരോദാത്തമായ രക്തസാക്ഷിത്വങ്ങളുടെ മഹാസ്മരണയുമായി നവംബര്‍ 25 കടന്നുവരുന്നത്. പോരാട്ടമല്ലാതെ പോംവഴിയില്ലെന്ന ചരിത്രപാഠവുമാണ് കൂത്തുപറമ്പ് രക്തസാക്ഷിദിനം ഓര്‍മിപ്പിക്കുന്നത്. ഒരു പോരാട്ടവും ഒരു രക്തസാക്ഷിത്വവും വൃഥാവിലാകില്ലെന്ന സത്യം നവംബര്‍ 25 നമ്മെ പഠിപ്പിക്കുന്നു. കരുത്തില്‍ നാം ദുരിതങ്ങളെ അതിജീവിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

Thursday, November 17, 2011

2011 നവംബർ വാർത്തകൾ

2011 നവംബർ വാർത്തകൾ

മരണം

അലിയാരു കുഞ്ഞ്

കിളിമാനൂർ, 2011 നവംബർ 28: അഡ്വ. നസീർ ഹുസൈന്റെ പിതാവ് കിളിമാനൂർ പന്തപ്ലാവിൽ അലിയാരു കുഞ്ഞ് മരണപ്പെട്ടു. കൊല്ലം ടി.കെ.എം കോളേജിൽ നിന്നും വിരമിച്ച കോളേജ് അദ്ധ്യാപകനായിരുന്നു . ഖബറടക്കം നാളെ ചൂട്ടയിൽ ജമാ-അത്ത് ഖബർസ്ഥനിൽ.

സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനം

201 നവംബർ 17: സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനം നവംബർ 15, 16, 17, 18, തീയതികളിൽ മടവൂർ ഷാ ആഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം 16- ആം തീയതി രാവിലെ 11 30-ന് ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 17 ആം തീയതിയും പ്രതിനിധി സമ്മേളനം തുടർന്നു. 17 -ന് വൈകിട്ട് അഞ്ചു മണിയ്ക്ക് പ്രതിനിധി സമ്മേളനം സമാപിച്ചു. നിലവിലെ ഏരിയാ സെക്രട്ടറി മടവൂർ അനിൽ വീണ്ടും ഏരിയാ സെക്രട്ടറിയായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. പത്തൊൻപതംഗ ഏരിയാ കമ്മിറ്റി. പ്രകടനവും പൊതു മ്മേളനവും നാളെ വൈകുന്നേരം മടവൂരിൽ. ഷാ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതു സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.

Saturday, October 15, 2011

സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?


സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

Thursday, October 6, 2011

സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം


സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം


സി.പി.ഐ (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.