തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label സജീന. Show all posts
Showing posts with label സജീന. Show all posts

Friday, July 30, 2021

നിഹിദയ്ക്ക് മികച്ച വിജയം

 

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് 5 A+, 1 A. സഹോദരീ പുത്രിയാണ്. ഫുൾ എ പ്ലസിലൊന്നും വലിയ കാര്യമില്ലെന്നറിയാം. എങ്കിലും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ആയിരുന്നു എന്നതിനാൽ തന്നെ പ്ലസ് -ടുവിലും ഫുൾ എ പ്ലസ്പ്രതീക്ഷിച്ചിരുന്നു. പ്ലസ്-ടു സയൻസിൽ ഇപ്പോൾ അഞ്ച് എ പ്ലസും ഒരു എ യും നേടി. കണക്കിന് മാത്രം എ ആയി പോയി. ഒട്ടും സാരമില്ല. മൂത്തവൾക്ക് ഫുൾ എ പ്ലസുകളൊന്നും കിട്ടിയിരുന്നില്ലെങ്കിലും ഇംഗ്ലീഷിൽ ഡിഗ്രിയും ബി എഡും ഇപ്പോൾ എം യും കഴിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി രോഗത്തോടു മല്ലടിച്ചു കഴിഞ്ഞ സ്വന്തം ഉമ്മയെ വീട്ടിൽ രാവും പകലും മുതിർന്നവരെപോലെ ഒട്ടും മുഷിവില്ലാതെ പരിചരിച്ച് പുണ്യം ചെയ്ത രണ്ട് മക്കളാണ്. പഠിക്കാനുള്ള മാനസികാവസ്ഥയും സമയവും ഏറെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും വിവരണാതീതമായ കടുത്ത സഹനവുമായി രോശയ്യയിൽ കിടന്നും പഠിക്കാൻ പ്രോത്സാഹിപ്പിച്ച അവരുടെ ഉമ്മച്ചിയ്ക്ക് ഇളയവളുടെ പരീക്ഷാ ഫലമറിഞ്ഞ് സന്തോഷിക്കാനായില്ല. 2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി, എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!

Wednesday, July 14, 2021

എൻ്റെ സഹോദരി ഇ.എ.സജീന നിര്യാതയായി

 എൻ്റെ അനിയത്തി പോയി

സ്നേഹസ്വരൂപയായ എൻ്റെ സഹോദരി ഇ.എ.സജീന 9-7-2021 വെള്ളിയാഴ്ച മരണപ്പെട്ടു. ഞങ്ങളുടെ ദു:ഖത്തിൽ വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയകൾ വഴിയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. അവളുടെ  രോഗനിർണ്ണയം മുതൽ വിവിധ ഘട്ടങ്ങളിൽ  രോഗവിമുക്തിക്കായി വിവിധ ആശുപത്രികളിൽ ആത്മാർത്ഥമായ സേവനം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ്  ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. 

അവളുടെ സഹനത്തിൻ്റെ നാളുകളിൽ പലവിധത്തിൽ ഞങ്ങൾക്ക് ആശ്വാസമേകുകയും മനക്കരുത്ത് നൽകയും ചെയ്ത എല്ലാ ബന്ധുക്കൾക്കും സൗഹൃദങ്ങളുടെ  കരുതലും  കരുത്തും കരുണയും അക്ഷരാർത്ഥത്തിൽ കാട്ടിത്തന്ന എൻ്റെയും അവളുടെയും സുഹൃത്തുക്കൾക്കൊക്കെയും നന്ദി. പല ഘട്ടങ്ങളിലായി  തിരുവനന്തപുരം കിംസ്, തിരുവനന്തപുരം ആർ സി സി, തിരുവനന്തപുരം  മെഡിക്കൽ കോളേജ്, കാരേറ്റ് പ്രോകെയർ, നിലമേൽ സി.എം , കിളിമാനൂർ സരള, കെ.റ്റി.സി.റ്റി കടുവയിൽ, പല മാർഗ്ഗോപദേശങ്ങളും ആശ്വാസ ചികിത്സകളും നൽകിയ സുഹൃത്തുക്കക്കളും കുടുംബ ബന്ധുക്കളുമായ  ഹോമിയോ ഡോക്ടർമാ തുടങ്ങി വിവിധ ആശുപത്രികളിൽ വിവിധ ശുശ്രൂഷകളും സേവനങ്ങളും നൽകിയ എല്ലാവർക്കും നന്ദി! വേദനകളില്ലാത്ത ലോകത്തിരുന്ന് അവളും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നുണ്ടാകും! 

എനിക്ക് അവൾ അദ്ഭുതവും അഭിമാനവുമാണ്.  അതിജീവനത്തിൻ്റെ സമാനതകളില്ലാത്ത കരുത്തുകാട്ടി അവളെവരിഞ്ഞുമുറുക്കിയ  രോഗത്തോടും കൊടിയ വേദനനകളുടെ ക്രൂരതാണ്ഡവങ്ങളോടും നിർഭയം പൊരുതി പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പെട്ടത്. അവളെ ഗ്രസിച്ച രോഗപീഡകൾ അവളോട് ജയിച്ചതല്ല. മരണമെന്ന അവസാനത്തെ ആയുധമെടുത്തു മാത്രമാണ് രോഗത്തിനും വേദനകൾക്കും അവളെ തോല്പിക്കാനായത്.  കൊല്ലാം പക്ഷെ തോല്പിക്കാനാകില്ലെന്ന് അത്രമേൽ രോഗപീഡകൾ ദുർബലമാക്കിയ ശരീരം കൊണ്ടു പോലും തെളിയിച്ച ശേഷമാണ്, ഉൾക്കരുത്തോടെ  പൊരുതിപ്പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പ്പെട്ടു കൊടുത്തത് !