തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Saturday, July 17, 2021

സ്മരണകളിനിയും ഉണർന്നുകൊണ്ടേയിരിക്കും

ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക്  അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.

പക്ഷെ സഹനത്തിൻ്റെ  ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം  രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം,  ഞാൻ നിന്നോട്   പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു. 

ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും  ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ  കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ  പൂർണ്ണമായും കൈവിട്ടിരുന്നില്ല. 

ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ.  ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്,  കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.   ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ  നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.  

അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും  വേദനയ്ക്ക് ശമനമുണ്ടാകാൻ  വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു  സത്യം.  അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ  വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു. 

വാക്കുകൾക്കതീതമായ  കൊടിയ   വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ  തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്.  പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ. 

സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും  മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്. 

നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ  ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന  ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ. 

ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ  വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! . 

വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ  പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!

Wednesday, July 14, 2021

എൻ്റെ സഹോദരി ഇ.എ.സജീന നിര്യാതയായി

 എൻ്റെ അനിയത്തി പോയി

സ്നേഹസ്വരൂപയായ എൻ്റെ സഹോദരി ഇ.എ.സജീന 9-7-2021 വെള്ളിയാഴ്ച മരണപ്പെട്ടു. ഞങ്ങളുടെ ദു:ഖത്തിൽ വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയകൾ വഴിയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. അവളുടെ  രോഗനിർണ്ണയം മുതൽ വിവിധ ഘട്ടങ്ങളിൽ  രോഗവിമുക്തിക്കായി വിവിധ ആശുപത്രികളിൽ ആത്മാർത്ഥമായ സേവനം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ്  ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. 

അവളുടെ സഹനത്തിൻ്റെ നാളുകളിൽ പലവിധത്തിൽ ഞങ്ങൾക്ക് ആശ്വാസമേകുകയും മനക്കരുത്ത് നൽകയും ചെയ്ത എല്ലാ ബന്ധുക്കൾക്കും സൗഹൃദങ്ങളുടെ  കരുതലും  കരുത്തും കരുണയും അക്ഷരാർത്ഥത്തിൽ കാട്ടിത്തന്ന എൻ്റെയും അവളുടെയും സുഹൃത്തുക്കൾക്കൊക്കെയും നന്ദി. പല ഘട്ടങ്ങളിലായി  തിരുവനന്തപുരം കിംസ്, തിരുവനന്തപുരം ആർ സി സി, തിരുവനന്തപുരം  മെഡിക്കൽ കോളേജ്, കാരേറ്റ് പ്രോകെയർ, നിലമേൽ സി.എം , കിളിമാനൂർ സരള, കെ.റ്റി.സി.റ്റി കടുവയിൽ, പല മാർഗ്ഗോപദേശങ്ങളും ആശ്വാസ ചികിത്സകളും നൽകിയ സുഹൃത്തുക്കക്കളും കുടുംബ ബന്ധുക്കളുമായ  ഹോമിയോ ഡോക്ടർമാ തുടങ്ങി വിവിധ ആശുപത്രികളിൽ വിവിധ ശുശ്രൂഷകളും സേവനങ്ങളും നൽകിയ എല്ലാവർക്കും നന്ദി! വേദനകളില്ലാത്ത ലോകത്തിരുന്ന് അവളും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നുണ്ടാകും! 

എനിക്ക് അവൾ അദ്ഭുതവും അഭിമാനവുമാണ്.  അതിജീവനത്തിൻ്റെ സമാനതകളില്ലാത്ത കരുത്തുകാട്ടി അവളെവരിഞ്ഞുമുറുക്കിയ  രോഗത്തോടും കൊടിയ വേദനനകളുടെ ക്രൂരതാണ്ഡവങ്ങളോടും നിർഭയം പൊരുതി പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പെട്ടത്. അവളെ ഗ്രസിച്ച രോഗപീഡകൾ അവളോട് ജയിച്ചതല്ല. മരണമെന്ന അവസാനത്തെ ആയുധമെടുത്തു മാത്രമാണ് രോഗത്തിനും വേദനകൾക്കും അവളെ തോല്പിക്കാനായത്.  കൊല്ലാം പക്ഷെ തോല്പിക്കാനാകില്ലെന്ന് അത്രമേൽ രോഗപീഡകൾ ദുർബലമാക്കിയ ശരീരം കൊണ്ടു പോലും തെളിയിച്ച ശേഷമാണ്, ഉൾക്കരുത്തോടെ  പൊരുതിപ്പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പ്പെട്ടു കൊടുത്തത് !

Friday, April 10, 2020

സ.ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

സ.ഗോപാലകൃഷ്ണൻ നായർ (പട്ടരണ്ണൻ) അന്തരിച്ചു



 പാപ്പാല 2020 മാർച്ച് 15: സി.പി.ഐ.എം കിളിമാനൂർ മുൻ ഏരിയാ സെക്രട്ടറി എം.ഗോപാലകൃഷ്ണൻ നായർ (പട്ടർ ) അന്തരിച്ചു. ഏറെ നാളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുകയായിരുന്നു. നന്നെ ചെറുപ്പത്തിൽ യുവജന സംഘടനയായ കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ സ. ഗോപാലകൃഷ്ണൻ നായർ ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ (എം) പഴയുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.ഐ.റ്റി.യു ഭാരവാഹിത്വം, സി.പി.ഐ (എം) കിളിമാനൂർ ഏരിയാ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ലളിത ജീവിതം കൊണ്ട് ജനശ്രദ്ധ നേടിയ സ.ഗോപാലകൃഷ്ണൻ പഴയകുന്നുമ്മേൽ പഞ്ചായത്തിലെയും കിളിമാനൂർ ഏരിയയിലെയും ഓരോ മണൽത്തരികൾക്കും സുപരിചിതനാണ്.

ചെറുപ്പം മുതൽക്കിങ്ങോട്ട് സി.പി.ഐ (എം) ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരിക്കുമ്പോഴും കാലിൽ ചെരിപ്പു പോലുമണിയാതെ മെൽഗാഡു പോലും എടുത്തുമാറ്റി ഭാരം കുറച്ച പഴയ സൈക്കിളുമായി സഞ്ചരിച്ചിരുന്ന തികഞ്ഞ ലാളിത്യത്തിനുടമയായിരുന്ന, അക്ഷോഭ്യനായ, സൗമ്യനായ, ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു സ.ഗോപാലകൃഷ്ണൻ നായർ. സി.പി.ഐ.(എം) മുൻ കിളിമാനൂർ ഏരിയാ സെക്രട്ടറി പി.ജി.മധുവുമൊത്ത്, ഒരാൾ സൈക്കിളിൻ്റെ മുന്നിലെ കമ്പിയിലും ഒരാൾ മെയിൻ സീറ്റിലുമിരുന്ന് ഇരട്ട സഹോദരന്മാരെ പോലെ യാത്ര ചെയ്യുന്ന പതിവുകാഴ്ച അക്കാലങ്ങളിൽ ഏവരിലും കൗതുകമുണർത്തിയിരുന്നു. ഇരുവരും പാപ്പാല സ്വദേശികളായിരുന്നു. അടിയന്തിരാവസ്ഥയുടെ വെല്ലുവിളികളിലും അടിപതറാതെ പാർട്ടിയെയും വർഗ്ഗ ബഹുജന സംഘടനകളെയും നയിച്ച ഇവർ കിളിമാനൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സ.കെ.എം.ജയദേവൻ മാസ്റ്ററുടെ വാത്സല്യത്തിലും തണലിലുമാണ് വളർന്നത്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പട്ടരണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ.ഗോപാലകൃഷ്ണൻ സൗമ്യവും സ്നേഹമസൃണവുമായ പെരുമാറ്റം കൊണ്ട് എതിർരാഷ്ട്രീയ ചേരിയിലുള്ളവരുടെയും പൊതുജനങ്ങളുടെയാകെയും സ്നേഹഭാജനമായിരുന്നു.

അധികാരദുർമോഹങ്ങളോ പാർളമെൻ്ററി വ്യാമോഹളോ ഇല്ലാതിരുന്ന സഖാവ് തൻ്റെ ഊഴങ്ങൾ സ്വയമേവ എത്തുന്നതുവരെ കാത്തിരുന്ന് ചുമതലകൾ ഏറ്റെടുത്തിരുന്ന സഖാവാണ്. എത്തിയതിലുമപ്പുറം സ്ഥാനലബ്ധികൾ പുറകെ വരേണ്ടതായിരുന്നെങ്കിലും വ്യക്തി ജീവിതത്തിലെ ചില താളപ്പിഴകളാലും അസുഖങ്ങളാലും പൊടുന്നനെ സജീവ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറുകയായിരുന്നു. ഈയുള്ളവൻ ബാലസംഘം, എസ്.എഫ്.ഐ എന്നിവയുടെ ഏരിയാ സെക്രട്ടറി, പാർട്ടി ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകൾ പലതും വഹിച്ചിരുന്ന കാലഘട്ടങ്ങളിൽ ഉടനീളം പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന പട്ടരണ്ണൻ്റെ വാത്സല്യങ്ങളും സ്നേഹ-ശാസനകളും ഉപദേശങ്ങളും ഏറെ ഏറ്റു വാങ്ങുകവഴി എന്നുമെൻ്റെ മനസ്സിൽ ഗുരുസ്ഥാനീയനായിരുന്നു . ഒരുത്തമ കമ്മ്യൂണിസ്റ്റുകാരൻ പാർടിയിലും സമൂഹത്തിലും കുടുംബത്തിലും ഏങ്ങനെയാ യിരിക്കണമെന്ന സഖാവിൻ്റെ ഗുരുവരുളുകൾ പാർട്ടി കമ്മിറ്റികളിലും നേരിട്ടും എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു! കമ്മ്യൂണിസ്റ്റുകാരൻ മദ്യപിച്ചാൽ ഭാര്യ പോലും അറിയരുതെന്ന ഉപദേശം നൽകിയ സഖാവിൻ്റെ ആത്മാർത്ഥമായ കമ്മ്യൂണിസ്റ്റ് ചിന്തയെ ഇന്നും വിലമതിക്കുന്നു.

സഖാവിൻ്റെ ആത്മനിയന്ത്രണങ്ങൾക്കപ്പുറം പിൽക്കാല ജീവിതത്തിലുണ്ടായ മാറ്റങ്ങളിൽ നാമെല്ലാം ഏറെ ദു:ഖിക്കുകയും സഖാവ് പൊതുജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അതുണ്ടായില്ലെങ്കിലും ജീവിതാന്ത്യം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റായും പ്രദേശത്തെ പഴയതും പുതിയതുമായ പാർട്ടി പ്രവർത്തകർക്ക് ഗുരുതുല്യനായും ജനനന്മയ്ക്കു വേണ്ടി പ്രവർത്തിച്ചും സ്വന്തം ജീവിതത്തിൻ്റെ നല്ലൊരു പങ്കും പട്ടരണ്ണൻ സാർത്ഥകമാക്കി. പാപ്പാലയിൽ എൻ്റെ പിതാവിൻ്റെ കുടുംബ വീടും സഖാവിൻ്റെ വീടും അടുത്തടുത്തായിരുന്ന കുടുംബബന്ധം കൂടി ഞങ്ങൾക്കുണ്ട്. സ.ഗോപാലകൃഷ്ണൻ നായർക്ക്, ഞങ്ങളുടെ സ്വന്തം പട്ടരണ്ണന് എൻ്റെയും വിശിഷ്യാ എൻ്റെ കുടുംബത്തിൻ്റെയും ആദരാഞ്ജലികൾ!

(ഇ.എ.സജിം തട്ടത്തുമല )

Sunday, November 3, 2019

തട്ടത്തുമലയിലെ കൊലപാതകം

തട്ടത്തുമലയിലെ കൊലപാതകം

സംഭവം നടന്നത് 2019 ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ.

തട്ടത്തുമലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അടിപിടിക്കേസ് കൊലപാതകത്തിൽ കലാശിച്ചു. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടമായി. കൊല ചെയ്തവർ ജയിലിലുമായി. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അന്ത്യന്തം ദുഃഖകരം. അപലപനീയം. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾക്ക് ഒരേ തരം ദു:ഖമല്ലെങ്കിലും രണ്ടു കൂട്ടരെ സംബന്ധിച്ചും സമ്മാനിക്കുന്നത് ദുരന്തമാണ്. പ്രതികളായവർക്ക് ശേഷിക്കുന്ന നല്ല പ്രായമത്രയും ജയിൽ. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനുമാകില്ല. തീരാ ദുഃഖവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം. തലമുറകളോളം കൊലപാതകത്തിന്റെ അപഖ്യാതിയും പാപഭാരവുമായി ജീവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബം. ഒരാൾ ആരെയെങ്കിലും കൊല്ലുക എന്നു പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെത്തന്നെ ശിക്ഷികുന്നതിനു തുല്യമാണ്. കുടുംബത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്തവർ കൂടി പ്രതികളാക്കപ്പെടാനും പാപഭാരമേൽക്കാനും ഇടയാകും.  നിസ്സാര പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുതർക്കങ്ങളിൽ അമിതാവേശം കാണിക്കുന്നവർക്ക് ഇതൊരു പാഠമാണ്. ആരും പിടിച്ചു മാറ്റാൻ കൂടിയില്ലാത്ത സ്ഥലത്തും അസമയത്തുമൊക്കെ  വാക്കുതർക്കങ്ങളിലേർപെടുന്നതിന്റെ പരിണത ഫലം ഇരു ഭാഗത്തുള്ളവരും അനുഭവിക്കേണ്ടി വരും. ഒരു ബ്ലെയ്ഡ് തുണ്ടെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ആരോടും വാക്കുതർക്കത്തിലേർപ്പെടരുതെന്ന പാഠം കൂടി ഈ സംഭവം നൽകുന്നുണ്ട്. അത് ക്രിമിനൽ മൈൻഡ് ഉള്ളവരായാലും ഇല്ലാത്തവരായാലും. ഈ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവും പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒരു യുവാവും എന്റെ മുന്നിൽ കുറച്ചു ദിവസമെങ്കിലും ഇരുന്ന് പഠിച്ചിട്ടുള്ള കുട്ടികളാണെന്നാണ് എന്റെ ഓർമ്മ. അതു കൊണ്ടു തന്നെ ഇതെന്നിൽ വ്യക്തിപരമായിത്തന്നെ അലോസരമുണ്ടാക്കുന്നുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും ഓർക്കുക. നിങ്ങളുടെ അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കാവുന്ന ഒരു കൈപ്പിഴകൊണ്ട് ഒരു വിലപ്പെട്ട ജീവൻ നഷ്ടമായേക്കാം. ആ ജീവൻ തിരിച്ചുനൽകാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കൈപ്പിഴ നിങ്ങളെ ജയിലിലുമാകും. ജയിൽ ജീവിതം അത്ര സുഖകരമല്ല. അവിടെക്കിടന്ന് ഒന്നും വേണ്ടായിരുന്നുവെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ആരു മായി ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിയമപരമായോ മല സ്ഥതയിലൂടെയോ അവ പരിഹരിക്കപ്പെടാനള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. പിന്നെന്തിന് അക്രമം നടത്തുന്നു? എന്തെങ്കിലും ഒരു വിഷയം ഒരു സംഘട്ടനത്തിലേക്കും ഇതുപോലുള്ള ദാരുണ സംഭവങ്ങളിലേയ്ക്കുമൊക്കെ പരിണമിക്കുന്നതിനു മുമ്പ് അത് സമാധാനപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവർക്ക് ഒന്നു ശ്രമിച്ചു നോക്കാനെങ്കിലും അവസരം നൽകു. അല്ലെങ്കിൽ നിയമപരമായ പരിഹാരത്തിന് ശ്രമിക്കൂ. മേലിൽ ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിയുമ്പോഴാണല്ലോ പല കാര്യത്തിലും നമ്മൾ അലർട്ടാകുന്നത്! നമ്മുടെ നാടിന്റെ പാരമ്പര്യവും അന്തസ്സും സൽപേരും നിലനിർത്താൻ സാമൂഹ്യമായ ഒരു ജാഗ്രത നമുക്ക് ആവശ്യമായിരിക്കുന്നു. എന്ന് സസ്നേഹം ഞാൻ ഇ.എ.സജിം (ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ എഴുതിയിട്ട് വാട്ട്സ് ആപ്പിലും മറ്റുമൊക്കെ കോപ്പി പേസ്റ്റും ഷെയറും ചെയ്യുന്നതിനാലാണ് പേരു കൂടി സൂചിപ്പിച്ചത്)

കൊല്ലപ്പെട്ട സഞ്ജു എസ്

Wednesday, August 21, 2019

ഗോപിയണ്ണൻ നിര്യാതനായി

തട്ടത്തുമല ശാസ്താംപൊയ്ക പുതുവൽ വിള വീട്ടിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി.ഭാര്യ: ലളിതമ്മ,
മക്കൾ: ശൈലജകുമാരി (അങ്കണവാടി ടീച്ചർ) ജി.സുനിൽകുമാർ, ലതാകുമാരി, ജി.ഗോപകുമാർ.മരുമക്കൾ: പരേതനായ വിജയൻ, മിനി, അജികുമാർ, ശാലിനി,
സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ തട്ടത്തുമല ശാസ്താംപൊയ്ക പുതുവൽ വിള വീട്ടിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി.ഭാര്യ: ലളിതമ്മ,മക്കൾ: ശൈലജകുമാരി (അങ്കണവാടി ടീച്ചർ) ജി.സുനിൽകുമാർ, ലതാകുമാരി, ജി.ഗോപകുമാർ. മരുമക്കൾ: പരേതനായ വിജയൻ, മിനി, അജികുമാർ, ശാലിനി,സംസ്കാരം നാളെ (വ്യാഴം)  ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ.

Saturday, November 24, 2018

ആർ.കമലൻ അന്തരിച്ചു

ആർ.കമലൻ അന്തരിച്ചു


Image may contain: 1 person, smiling, closeup

തട്ടത്തുമല, നവംബർ 21:  തട്ടത്തുമല ശാസ്താംപൊയ്ചരുവിള പുത്തൻവീട്ടിൽ R കമലൻ (75) നിര്യാതനായി.ഭാര്യ പരേതയായ തങ്കമ്മ, മക്കൾ., ഡാനി,SBI പോങ്ങനാട്, മിലി. മരുമക്കൾ: ശുഭ, മോഹൻ.

Monday, September 3, 2018

എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ

എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ
സ്നേഹ നിധിയായ എന്റെ പിതാവ് 2018 ആഗസ്റ്റ് 25-ന് നിശബ്ദനായി അവസാനത്തെ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.അതിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇനിയും മോചിതനായിട്ടില്ല. ഒരുപാട് എഴുതാനുണ്ട് നാട്ടുകാരെയും കുടുംബത്തെയും സ്നേഹിച്ചിരുന്ന- മനുഷ്യരെ മാത്രമല്ല, സകല ജന്തു-ജീവജാലങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന എന്റെ വാപ്പയെക്കുറിച്ച്. പക്ഷെ ഞാൻ ഇനിയും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി വാപ്പ ഇല്ലാത്ത ഒരു ലോകത്ത് ജീവിച്ച് എനിക്ക് പരിചയമില്ല. എത്രനാൾ കൊണ്ട് ഞാൻ പുതിയ ലോകത്ത് ജീവിക്കാൻ പരിചയിച്ചു തുടങ്ങുമെന്ന് ഇപ്പോൾ നിശ്ചയമില്ല. ശരീരം കൊണ്ട് ഞാനിപ്പോൾ വാപ്പ ഇല്ലാത്ത ലോകത്താണ്. എന്നാൽ മനസ്സുകൊണ്ട് അങ്ങനെയൊരു ലോകത്തേയ്ക്ക് ഞാൻ ഇനിയും ഇറങ്ങി വന്നിട്ടില്ല. അതത്ര എളുപ്പവുമല്ല.

Saturday, July 7, 2018

മാവിളയിൽ ലോഹിയണ്ണൻ അന്തരിച്ചു

ലോഹിദാസ് (76). തട്ടത്തുമല, 20l8 ജൂലായ് 6 : തട്ടത്തുമല വാഴോട് പുതുവൽമേട വീട്ടിൽ ലോഹിദാസ് (76). അന്തരിച്ചു. ഭാര്യ പരേതയായ ഉഷ. മക്കൾ ലാൽസൻ, ലിസ. മരുമകൻ അനീഷ്.

Friday, April 27, 2018

സ.സദാശിവയണ്ണന് ആദരാഞ്‌ജലികൾ

സ. സദാശിവയണ്ണന് ആദരാഞ്‌ജലികൾ
 
സ.പി.സദാശിവൻ

തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച് മര്യാദയുള്ളൊരു മാറാപ്പുമായി കാറ്റുകൊള്ളാൻ ഉടുപ്പിന്റെ കോളർ ഇടയ്ക്കിടെ ഉയർത്തി വച്ച് ചെറു പുഞ്ചിരി തൂകി സൗമ്യനായി പതുക്കെ നടന്നു വരുന്ന ആ ആൾരൂപം ഇനി ഓർമ്മ മാത്രം! ഇഷ്ടമില്ലാത്തത് കേൾക്കുമ്പോൾ സ്ഥിരം ശൈലിയിൽ "ആ താളമൊന്നും വേണ്ടെന്ന്" സൗമ്യനായി നമ്മോട് പറയാൻ ഇനി നമുക്ക് ആരാണുള്ളത്? തട്ടത്തുമലയിലെ പഴയ തലമുറയിലെ ഒരു പൊതു പ്രവർത്തകൻ കൂടി ലോകത്തോട് വിട പറഞ്ഞു. സ. സദാശിവയണ്ണന്റെ മരണം ഇന്ന് പുലർച്ചെ കടയ്ക്കൽ ഗവ. ആശുപത്രിയിൽ വച്ചായിരുന്നു. പിലിയൻ സദാശിവൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തട്ടത്തുമല പറണ്ടക്കുഴി നിവാസിയായിരുന്നു. സാമൂഹ്യ നിരീക്ഷകരിൽ കൗതുകമുണർത്തുന്ന വേറിട്ടൊരു വ്യക്തിത്വത്തിനുടമയായിരുന്നു നാട്ടുകാർക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്ന സ. സദാശിവയണ്ണൻ. നിലമേൽ എം എം എച്ച് എസ് എസിലെ നൈറ്റ് വാച്ചറായിരുന്ന അദ്ദേഹം സർവ്വീസിൽ നിന്നും പിരിഞ്ഞ ശേഷവും പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നു.

അനുശോചനയോഗത്തിൽ വിജയൻ സാർ
സ്കൂൾ പഠന കാലത്ത് സ്റ്റുഡെന്റ്സ് ഫെഡറേഷൻ പ്രവർത്തകനായിരുന്ന അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം സി.പി.ഐ എമ്മിന്റെയും സജീവ പ്രവർത്തകനായി. തട്ടത്തുമല-പറണ്ടക്കുഴി മേഖലകളിൽ സി.പി.ഐ.എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച സഖാവ് സദാശിവൻ ആദ്യകലത്ത് പാർട്ടിയുടെ തട്ടത്തുമല ബ്രാഞ്ച് മെമ്പറായിരുന്നു. പിന്നീട് പറണ്ടക്കുഴി ബ്രാഞ്ച് രൂപീകരിച്ചപ്പോൾ ആ ബ്രാഞ്ചിലേയ്ക്ക് മാറി. നിലപാടുകളിൽ കർക്കശക്കാരനായിരുന്ന അദ്ദേഹം പാർട്ടി നേതാക്കൾക്കും സാധാരണ പ്രവർത്തകർക്കും മാർഗ്ഗ ദർശിയായിരുന്നു. നിലപാടുകളിലെ കാർക്കശ്യം പലപ്പോഴും പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തെ ഒരു കലാപകാരിയാക്കിയിരുന്നു. പൊതുക്കാര്യങ്ങളിൽ തനിക്ക് ശരിയെന്ന് തോന്നുന നിലപാടുകൾ സ്വീകരിക്കുനതിൽ പലപ്പോഴും രാഷ്ട്രീയ വിശ്വാസം പോലും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. വെറുമൊരു രാഷ്ട്രീയജീവി എന്നതിലപുറം നാട്ടുകാർക്കിടയിൽ പൊതുവെ ആദരണീയമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

അനുശോചനയോഗത്തിൽ കെ ജി ബിജു
രാഷ്ട്രീയ പ്രവർത്തനം ഇന്നത്തെ പോലെ സമാധാനപൂർണ്ണമല്ലാതിരുന്ന കാലത്തെ രാഷ്ട്രീയ പരിരിമുറുക്കങ്ങൾക്കും സംഘർഷാത്മകമായ രാഷ്ട്രീയാന്തരീക്ഷങ്ങൾക്കുമിടയിൽ പാർട്ടി പ്രവർത്തകർക്ക് ആത്മ വിശ്വാസം പകരാൻ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉപകരിച്ചു. ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായ വിപുലമായ സുഹൃദ് ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പല രാഷ്ട്രീയ സംഘർഷങ്ങൾക്കും അയവു വരുത്തുവാൻ സദാശിവയണ്ണന്റെ രാഷ്ട്രീയത്തിനതീതമായ ഈ സഹൃദങ്ങൾ ഉപകരിച്ചിരുന്നു. തന്റെ രാഷ്ട്രീയ വിശ്വാസം വ്യക്തി ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന അദ്ദേഹം ഉയർന്ന മാനവിക മൂല്യങ്ങൾ പുലർത്തിയിരുന്നു. സമൂഹത്തിൽ ഒരു കാരണവരുടെ സ്ഥാനമായിരുന്നു സദാശിവയണ്ണന്. തൂവെള്ള വസ്ത്രം ധരിച്ച് മര്യാദയുള്ളൊരു മാറാപ്പുമായി ദേഹത്ത് കാറ്റു കിട്ടാൻ ഇടയ്ക്കിടെ ഷർട്ടിന്റെ കോളർ ഉയർത്തി വച്ച് ചെറു പുഞ്ചിരിയോടെ ആളുകളോട് കുശലം പറഞ്ഞു നിൽക്കുന്ന ആ ആൾ രൂപം തട്ടത്തുമലക്കാർക്ക് അത്രവേഗം മറക്കാനാവില്ല.

തികഞ്ഞ സഹൃദയനായിരുന്ന അദ്ദേഹം ആരോഗ്യമുള്ള കാലത്തോളം നാട്ടിലെ ഉത്സവസ്ഥലങ്ങളിലും പൊതുയോഗ സ്ഥലങ്ങളിലും ഉൾപ്പെടെ എവിടെയും സജീവ സാന്നിദ്ധ്യമായിരുന്നു.കല്യാണ വീടുകളിലും മരണ വീടുകളിലും മറ്റ് വിശേഷങ്ങളിലുമെല്ലാം അദ്ദേഹം ഒരു മേൽ നോട്ടക്കാരനെപോലെ സന്നിഹിതനാകുമായിരുന്നു. പാർട്ടി കമ്മിറ്റികളിലും പൊതൊയോഗസ്ഥലങ്ങളിലും ഒരു തുണ്ടു കടലാസ്സും പേനയുമായി കുറിപ്പെഴുതുന്ന ശീലം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ചർച്ചകളിലൊക്കെ പങ്കെടുക്കുമ്പോൾ അദ്ദേഹം പറയുന്ന " ആ താളമൊന്നും വേണ്ട" എന്ന സ്ഥിരം ശൈലി എല്ലാവരിലും കൗതുകമുണർത്തുന്നതായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ സ്വന്തം കോളർ ഒന്നുയർത്തി പിടിച്ചിട്ട് ആരുടെ മുഖത്തു നോക്കിയും " ആ താളമൊന്നും വേണ്ടെന്ന്" പറയാൻ അദ്ദേഹം മടിച്ചിരുന്നില്ല. നേതാക്കളോടായാലും! തമാശകളിൽ പോലും ഗൗരവം പുലർത്തിയിരുന്ന അദ്ദേഹം പൊതുവേ അക്ഷോഭ്യനും സൗമ്യനുമായിരുന്നു.

വീടിനോട് ചേർന്നുള്ള സ്വന്തം കടമുറിയിൽ പാർട്ടിയുടെ പഴയ ബോർഡുകളുടെയും കൊടി തോരണങ്ങളുടെയും കസ്റ്റോഡിയനായി കഴിഞ്ഞിരുന്ന അദ്ദേഹം കടവരാന്തയിലെ ബഞ്ചിൽ വിശ്രമിക്കുമ്പോൾ പോലും നാട്ടുകാരുമായി കുശലങ്ങളുമായി കഴിഞ്ഞിരുന്നു. രോഗാവസ്ഥയിലാകും മുമ്പ് തട്ടത്തുമല ജംഗ്ഷനിലെ ഒരു നിത്യ സാന്നിദ്ധ്യമായിരുന്നു സദാശിവയണ്ണൻ. പ്രത്യേകിച്ചും റിട്ടയർമെന്റിനു ശേഷം..ഒരാളുടെ വേർപാട് പുർണ്ണാർത്ഥത്തിൽ മറ്റൊരാളെക്കൊണ്ട് പരിഹരിക്കനാകില്ല. ആ സ്പെയ്സ് എക്കാലത്തും ഒഴിഞ്ഞു തന്നെ കിടക്കും. ആ നിലയിൽ സദാശിവയണന്റെ വേർപാട് നികത്താനാക്കാത്ത ഒരു വിടവ് തന്നെയാണ്. സഹജീവികളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെട്ടും വിപുലമായ സ്നേഹ ബന്ധങ്ങൾ സൃഷ്ടിച്ചും സാമൂഹ്യ പ്രതിപത്തതയോടെ ജീവിച്ച് താൻ ജീവിക്കുന്ന ചെറുസമൂഹത്തിന്റെ ചരിത്രത്തിൽ സ്വന്തം ജീവിതം അടയാളപ്പെടുത്തിയ സദാശിവയണ്ണന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദു:ഖത്തിൽ പങ്ക് ചേർന്നുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Monday, April 23, 2018

മരണം: വിജയൻ വട്ടപ്പാറ

മരണം

വട്ടപ്പാറയിലുള്ള വിജയൻ (ബാലചന്ദ്രൻ, രാഘവൻ ഇവരുടെ അനുജൻ, വിക്രമന്റെ ജ്യേഷ്ഠൻ) 2018 ഏപ്രിൽ 21-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  അന്തരിച്ചു. 22-ന് മകൻ സൈജു വന്നശേഷം മൃതുദേവം സംസ്കരിച്ചു. 

Tuesday, April 10, 2018

ശ്രീകുമാർ മരണപ്പെട്ടു

ശ്രീകുമാർ മരണപ്പെട്ടു 

വിലങ്ങറ വിജയ വിലാസത്തിൽ എസ് ശ്രീകുമാർ (ചാക്കോ, 47) 2018 ഏപ്രിൽ 6 വെള്ളിയാഴ്ച വൈകിട്ട് മരണപ്പെട്ടു.
 
അന്തരിച്ച എന്റെ പ്രിയ സുഹൃത്ത് ശ്രീകുമാറിന് ആദരാഞ്ജലികൾ!

വിലങ്ങറ വിജയ വിലാസത്തിൽ എസ് ശ്രീകുമാർ (ചാക്കോ, 47) 2018 ഏപ്രിൽ 6 വെള്ളിയാഴ്ച വൈകിട്ട് മരണപ്പെട്ടു. ഈ വാർത്ത അറിഞ്ഞിട്ട് വിശ്വാസമില്ലാതെ ബൈക്കുമെടുത്ത് വിലങ്ങറയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിട്ടും മനസിനെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ പാട് പെട്ടു. എന്ത് പറയാൻ. എന്റെ അല്പം ജൂനിയർ ആയിരുന്നെങ്കിലും ഒരേ കാലഘട്ടത്തിൽ സ്കുളിലും കോളേജിലുമൊക്കെ പഠിച്ചതാണ്. ഒരുമിച്ച് കളിച്ചും ചിരിച്ചും ഉത്സവം കണ്ടുമൊക്കെ നടന്ന ആ പഴയകാലം ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നു.
സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിന്റെ കിളിമാനൂർ ബ്രാഞ്ച് സെയിൽസ് മാനേജറായി ജോലി നോക്കിവരികയായിരുന്നു. നാട്ടിൽ ഏവർക്കും സുപരിചിതനായിരുന്നു ഒരു പൊതുപ്രവർത്തകൻ കൂടിയായ ശ്രീകുമാർ. കോൺഗ്രസ്സ് പ്രവർത്തകനും നിലവിൽ തട്ടത്തുമല ഗവ. എച്ച്.എസ് എസിലെ പി റ്റി എ കമ്മിറ്റി അംഗവുമായിരുന്നു. മുൻ പാരലൽ കോളേജ് അദ്ധ്യാപകൻ കൂടിയായിരുന്ന ശ്രീകുമാർ ബി എസ് സി ബിരുദ ധാരിയായിരുന്നു. ഭാര്യ: നിഷ. മക്കൾ കാർത്തിക്ക്, ഗൗരവ്.

Wednesday, January 3, 2018

പറണ്ടക്കുഴി സതീഷ് ചന്ദ്രൻ മരണപ്പെട്ടു


പറണ്ടക്കുഴി സതീഷ് ചന്ദ്രൻ മരണപ്പെട്ടു

തട്ടത്തുമല, 2018 ജനുവരി 3: തട്ടത്തുമല പറണ്ടക്കുഴിയിൽ സതീഷ് ചന്ദ്രൻ (സതി) മരണപ്പെട്ടു. എന്റെ പ്രിയ സുഹൃത്തായിരുന്നു. നാട്ടിൽ എല്ല്ലാവരുടെയും സ്നേഹ നിധിയും. അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ സതീഷ് ചന്ദ്രന് ആദരാഞ്‌ജലികൾ!

Sunday, December 31, 2017

മരണപ്പെട്ടു

"ആറ്റിങ്ങൽ" മരണപ്പെട്ടു

2017 ഡിസംബർ 31: ആറ്റിങ്ങൽ എനറിയപ്പെട്ടിരുന്ന തട്ടത്തുമല പെരുംകുന്നം അബ്ദുൽ റഷീദ് മരണപ്പെട്ടു. ഖബറടക്കം ഉച്ച കഴിഞ്ഞ് തട്ടത്തുമല മുസ്ലിം ജമാ- അത്ത് ഖബർസ്ഥാനിൽ നടന്നു.

Friday, October 13, 2017

വൈ.അഷ്റഫ് അന്തരിച്ചു


വൈ.അഷ്റഫ് അന്തരിച്ചു 

തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് മുൻ പി.റ്റി.എ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും സി.പി.ഐ.എം സഹയാത്രികനുമായിരുന്ന വൈ.അഷ്റഫ്   ( റേഷൻകട അഷ്റഫ്-58) 2017 ഒക്ടോബർ 11-ന് അന്തരിച്ചു. വൈകുന്നേരം ജമാ-അത്ത് കമ്മിറ്റി കഴിഞ്ഞ് ഇറങ്ങിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകനായിരുന്ന പരേതനായ റേഷൻകട യൂനുസിന്റ മകനും മുൻ ജമാ-അത്ത് പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന  വൈ. റഹിമിന്റെ  സഹോദരനുമായിരുന്നു. ഭാര്യ നസീറാ ബീവി. മക്കൾ നൂറ, അസ്ലം.

ഖബറടക്കം 2017 ഒക്ടോബർ 12 വ്യാഴാഴ്ച തട്ടത്തുമല മുസ്ലിം ജമാ-അത്ത്  ഖബർസ്ഥാനിൽ നടന്നു. തുടർന്ന് മദ്രസ്സ അങ്കണത്തിൽ അബുശോചന യോഗം ചേർന്നു. വൈകുന്നേരം കെ.എം. ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ തട്ടത്തുമല ജംഗ്ഷനിൽ അനുസോചന യോഗം നടന്നു. എസ്.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഹീരലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജി.എൽ. അജീഷ്, കടുവയിൽ മൺസൂർ മൗലവി, ബാബുക്കുട്ടൻ, എസ്.യഹിയ, എ.എം. നസീർ, പള്ളം ബാബു,പി.റോയ്, എ.ഗണേശൻ, എസ്.ലാബറുദീൻ, ജയതിലകൻ നായർ, ഇ.എ.സജിം, താജുദീൻ, അബ്ദുൽ അസീസ്, എം. വിജായകുമാർ സി.ബി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Thursday, December 10, 2015

ശശിയണ്ണൻ അന്തരിച്ചു


അന്തരിച്ചു
.
തട്ടത്തുമല പെരുങ്കുന്നം എസ്.എസ് ഭവനിൽ ശശിധരൻ (67) അന്തരിച്ചു. ഭാര്യ സോമലത. മക്കൾ: ബീന, സണ്ണി (ദുബയ്), മരുമക്കൾ: ബാബു (ദുബായ്), റീജ. ഇന്ന് (2015 ഡിസംബർ 10 വ്യാഴാഴ്ച ) വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഏതാനും ദിവസം മുമ്പ് ശബരിമല ദർശനത്തിനു പോയി മടങ്ങി വരവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വെഞ്ഞാറമൂട്ടിലും തുടർന്ന് തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9. 30-ന്.

Wednesday, April 15, 2015

എ. ഷാഫുദീൻ മരണപ്പെട്ടു


മരണപ്പെട്ടു 

തട്ടത്തുമല: ഉമ്മറയ്ക്കു പോയ തട്ടത്തുമല പണയിൽ പുത്തൻ വീട്ടിൽ എ.ഷറഫുദീൻ (63) മദീനയിൽ മരണപ്പെട്ടു. നാട്ടിൽ നിന്നും ഭാര്യയുമൊത്ത്  ഏതാനും ദിവസം മുമ്പ് ഉമ്മറയ്ക്ക് പോയതായിരുന്നു. മക്കയിൽ എത്തി ഉമ്മറ ചെയ്ത ശേഷം മദീനയിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐ.സി.യുവിൽ കിടക്കവെ 2015 ഏപ്രിൽ 14 ന് സന്ധ്യയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഏറെ കാലം ദുബായി ഇലക്ട്രിക്ക് സിറ്റി വകുപ്പിൽ ജോലി നോക്കിയിരുന്ന ഷറഫുദീൻ പെൻഷൻ പറ്റി നാട്ടിൽ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. നാട്ടിൽ ഒരു ബൈപ്പാസ് സർജറി കഴിഞ്ഞതാണ്. ജീവിതാഭിലാഷമായ ഉമ്മറയ്ക്ക് ഭാര്യയുമൊത്ത് ഏതാനും ദിവസം മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്നും ഭാര്യയോടൊപ്പം പോയത്. ഖബറടക്കം ഏപ്രിൽ 15 ബുധനാഴ്ച മദീനയിൽ നടക്കും. ഭാര്യ: ഷാനിഫാ ബീവി. മക്കൾ ഷബനാസ്, ഷിഹാസ്, മുഹമ്മദ് ഷഫാൻ. മരുമകൾ: നിഫി.  

പരേതരായ പോരേടം വലിയ വീട്ടിൽ  അബ്ദുൽ ഖാദറിന്റെയും പാപ്പാല പുളിമൂട്ടിൽ ബീവിക്കുഞ്ഞിന്റെയും മകനാണ് മരണപ്പെട്ട ഷറഫുദീൻ. പരേതനായ പാപ്പാല ഇസ്മയിൽ പിള്ള വൈദ്യന്റെ അനന്തിരവനാണ്. തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഏറ്റവും ഇളയ സഹോദരനുമാ‌ണ് പരേതൻ.     

ചെറുപ്പകാലത്ത് തട്ടത്തുമലയിൽ വായനശാലാ പ്രവർത്തകനും നാടകപ്രവർത്തകനുമായിരുന്ന  ഷറഫുദീൻ തട്ടത്തുമല 
കെ.എം. ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.  നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 

ദേശാഭിമാനി വാർത്ത ചുവടെ 

Monday, March 9, 2015

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു 

  (മലയാള മനോരമ, 2015 മാർച്ച് 9)



കിളിമാനൂര്‍, 2015 മാർച്ച് 8: നിര്‍മാണത്തിലിരിക്കുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തട്ടത്തുമല നെടുംപാറ ചിന്താണിക്കോണത്ത് കുളത്തിലിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വിഷ്ണു (16), പ്ലസ് ടു വിദ്യാര്‍ഥിയായ രഞ്ചു (17) എന്നിവര്‍ക്കാണു ദാരുണാന്ത്യം. ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങിയ നെടുംപാറ സ്വദേശികളായ ഷാജി (17), രാജീവ് (17) എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. കുളിക്കിടെ നീന്തല്‍ അറിഞ്ഞുകൂടാത്ത വിഷ്ണു വെള്ളത്തില്‍ താഴാന്‍തുടങ്ങിയപ്പോള്‍ രഞ്ചുവിനെ കയറിപ്പിടിക്കുകയും ഇരുവരും ചെളിയിലേക്കു താഴുകയുമായിരുന്നെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. കടയ്ക്കലില്‍ നിന്നെത്തിയ അഗ്നിശമനസേന നാലര മണിയോടെയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തട്ടത്തുമല നെടുംപാറ ദിവ്യാ ഭവനില്‍ സുചീന്ദ്രന്‍-രത്നമണി ദമ്പതികളുടെ മകനാണു മരിച്ച വിഷ്ണു. രഞ്ചു, നെടുംപാറ ചരുവിള വീട്ടില്‍ രവി-ശശികല ദമ്പതികളുടെ മകന്‍. ഇരുവരും തട്ടത്തുമല ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളാണ്. ഇരുവരും ഇന്ന് ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ദിവ്യയാണു മരിച്ച വിഷ്ണുവിന്റെ സഹോദരി. മഞ്ജു, മാളു എന്നിവര്‍ രഞ്ചുവിന്റെ സഹോദരിമാര്‍. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

മുങ്ങി മരിച്ചു


മുങ്ങി മരിച്ചു 

തട്ടത്തുമല, 2015 മാർച്ച് 8:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഒരു പ്ലസ് വൺ വിദ്യാർത്ഥിയും ഒരു പ്ലസ് ടൂ-വിദ്യാർത്ഥിയും ഇവരുടെ വീട്ടിനടുത്തുള്ള കുളത്തിൽ നീന്താനിറങ്ങി മുങ്ങി മരിച്ചു. തട്ടത്തുമല നെടുമ്പാറ- വട്ടപ്പച്ചയിലാണ് സംഭവം. മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ (2015 മാർച്ച് 9) ഉച്ചയോടെ സംസകരിക്കും. ഈ കുട്ടികളുടെ ദാരുണമായ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

Tuesday, November 18, 2014

മരണം


മരണം

തട്ടത്തുമല, 2014 നവംബർ 18: തട്ടത്തുമല ജംഗ്ഷനിലെ പഴയ റഷീദ് ബിൽഡിംഗിൽ റഷീദിന്റെ മാതാവ് നബീസാ ബീവി മരണപ്പെട്ടു.

Friday, July 25, 2014

ശ്രീധരയണ്ണൻ മരണപ്പെട്ടു



ശ്രീധരയണ്ണൻ മരണപ്പെട്ടു

തട്ടത്തുമല, 2014 ജൂലായ് 24: തട്ടത്തുമല മറവക്കുഴി ചരുവിള വീട്ടിൽ ശ്രീധരൻ (85)  മരണപ്പെട്ടു. കുറച്ചു നാളായി കിടപ്പിലായിരുന്നു. മക്കൾ വിജയ, ഷീല, ശ്യാമള. മരുമക്കൾ: ഗിരിദാസ്, സുജീന്ദ്രൻ, സന്തോഷ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

അവസാന കാലം വരെ സ്വന്തമായി ജോലി ചെയ്ത് ജീവിച്ചിരുന്ന ശ്രീധരയണ്ണൻ തട്ടത്തുമലക്കാർക്ക് വളരെ സുപരിചിതനായിരുന്നു. തട്ടത്തുമല ജംഗ്ഷനിലെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കോരിക്കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം തൊഴിൽ.  ഇവിടെ വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു കുട്ടൻ പിള്ളയും ഒരു അച്യുതൻ പിള്ളയും ഉണ്ടായിരുന്നു. കടകളിൽ വെള്ളമെത്തിക്കലായിരുന്നു അവരുടെ പണി. അവർക്കു ശേഷമാണ് ശ്രീധരയണ്ണൻ ഈ തൊഴിലിലേയ്ക്ക് വരുന്നത്.

തട്ടത്തുമല ജംഗ്ഷനിൽ ഇറങ്ങുന്ന എല്ലാവരും എല്ലാ ദിവസവും കാണുന്ന ഒരു മനുഷ്യനായിരുന്നു നാട്ടുകാരുടെ സ്വന്തം ശ്രീധരയണ്ണൻ.  ആർക്കും ഒരു ഉപദ്രവവുമില്ലാത്ത നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ. തട്ടത്തുമല ജംഗ്ഷനിലുള്ള തയ്ക്കാവിലെ കിണറ്റിൽ നിന്നും വെള്ളം കോരി ഒരു അലൂമിനിയം കലത്തിൽ  തലയിൽ  ചുമന്ന് വളരെ നിശബ്ദമായി അദ്ദേഹം തട്ടത്തുമല ജംഗ്ഷനിലൂടെ   നടന്നു പോകുന്ന കാഴ്ച ഈ നാട്ടുകാർക്ക്  അത്ര‌വേഗം മറക്കാനാവില്ല. അദ്ദേഹത്തിന് സ്വന്തമായി ഐ.ഡി കാർഡോ ആധാറോ മറ്റ് ജീവിത രേഖകളോ ഒന്നുമുണ്ടായിരുന്നില്ല. അതൊന്നും എടുക്കാൻ മിനക്കെടുമായിരുന്നി‌ല്ല.  പലരും പെൻഷനോ മറ്റോ വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതും അതുകൊണ്ടാണ്.

എല്ലാവരോടും നിഷ്കളങ്കമായ സ്നേഹം മാത്രമാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ളതെന്ന് എല്ലാവർക്കും അറിയാം. പരിചയമുള്ള ആരെ കണ്ടാലും എന്തെങ്കിലും കുശലം പറയാതെയുമിരിക്കില്ല. ചിലരോടൊക്കെ പ്രത്യേക വാത്സല്യവുമാണ്.  ഇത്തരം പ്രത്യേക സ്വഭാവങ്ങളോടു കൂടിയ  നിരക്ഷരരും നിർദോഷികളുമായ എത്രയോ പേർ ഓരോ നാടുകളിലുമുണ്ടാകും.  സമൂഹത്തിലെ കാപട്യങ്ങളൊന്നുമറിയാതെ, അവർ അവരുടെ ജിവിത കാലത്തെ ഇങ്ങനെയെല്ലാം അടയാളപ്പെടുത്തി ഇതുപോലെ കടന്നു പോകും.ഞങ്ങളുടെ പ്രിയ ശ്രീധരയണ്ണന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!