തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label കോളേജ്. Show all posts
Showing posts with label കോളേജ്. Show all posts

Saturday, October 8, 2011

തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്


തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്

കീളിമാനൂർ, 2011 ഒക്ടോബർ 7: തട്ടത്തുമലയിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് വരുന്നു; വിദ്യാ എഞ്ചിനീയറിംഗ് കോളേജ്. ഇതിന്റെ ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിളിമാനൂരിൽ നടന്നു. വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ്, കിളീമാനൂർ (മലയ്ക്കൽ പി.ഓ, തിരുവനന്തപുരം-695602) എന്ന മേൽ വിലാസത്തിലായിരിക്കും കോളേജ് പ്രവർത്തിക്കുക. 2012 -ൽ അഡ്മിഷനും ക്ലാസ്സുകളും ആരംഭിക്കത്തക്ക നിലയിലാണ് പ്രോജക്ട് തയ്യറാക്കിയിട്ടുള്ളത്. തൃശൂർ ആസ്ഥാനമാക്കിയുള്ള പ്രവാസിമലയാളികളുടെ സംരംഭമായ വിദ്യാ ഇന്റെർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു യൂണിറ്റാണ് തട്ടത്തുമലയ്ക്കു സമീപം ചാവരുപച്ചയിലുള്ള പുതിയ എഞ്ചിനീയറിംഗ് കോളേജ്. തൃശൂർ ഭാഗത്ത വേറെയും ഒരു കോളേജ് ഇവർക്കുണ്ട്.

തട്ടത്തുമലയിൽ നിന്ന് ഏതാണ്ട് നാലു കിലോമീറ്റർ ഉള്ളിലായി വട്ടപ്പാറ ചാവരുപച്ചയിലാണ് കോളേജ് സ്ഥാപിക്കുന്നത്. പനപ്പാംകുന്ന് എന്ന സ്ഥലത്തിനും സമീപമാണ് ചാവരുപച്ച. തട്ടത്തുമല പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ വിദ്യാ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ചാവരുപച്ച, പനപ്പാംകുന്ന് എന്നീ പ്രദേശങ്ങൾ കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തട്ടത്തുമലയിൽ നിന്നാണ് ഈ കോളേജിൽ എത്താൻ ഏറ്റവും സൌകര്യം. ഇവിടേയ്ക്കുള്ള പ്രധാന റോഡ് തട്ടത്തുമലയിൽ നിന്ന് പടിഞ്ഞാറേയ്ക്ക് തിരിയുന്നതാണ്.

കോളേജിന്റെ ശിലാസ്ഥാപനവും നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2011 ഒക്ടോബർ 7-വെള്ളിയാഴ്ച 3 മണിയ്യ്ക്ക് കിളിമാനൂർ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മിസോറാം ഗവർണ്ണം ശ്രീ. വക്കം പുരുഷോത്തമൻ നിർവ്വഹിച്ചു. മന്ത്രി കെ.സി.ജോസഫ്, എ.സമ്പത്ത് എം.പി , ബി.സത്യൻ എം.എൽ.എ, എം.എം.ഹസ്സൻ, കെ.ജി.പ്രിൻസ് തുടങ്ങിയവ നിരവധി പ്രശസ്ത വ്യക്തികളും നാട്ടുകാരുംമറ്റും പങ്കെടുത്തു. ശേഷം സംഗീതവിരുന്നും നടന്നു.

കോളേജിന്റെ വരവോടെ തട്ടത്തുമല, കൈലാസംകുന്ന്, വട്ടപ്പാറ, ചാവരുപച്ച, പനപ്പാംകുന്ന് പ്രദേശങ്ങളിൽ വസ്തുക്കൾക്ക് വലിയ ഡിമാൻഡും, വസ്തുവിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൽകീഴ് തലൂക്കിൽ ഉൾപ്പെടുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, മടവൂർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന നിലമേൽ എന്നീ നാല് ഗ്രാമ പഞ്ചായത്തുകൾ തൊട്ടുരുമ്മിക്കിടക്കുന്ന ഒരു പ്രദേശത്താണ് ഈ പുതിയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. കോളേജിന്റെ വരവ് ഈ പ്രദേശങ്ങളുടെ ചെറുതല്ലാത്ത വികസനത്തിന് ഗതിവേഗം കൂട്ടുമെന്നു കരുതുന്നു.