തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 17, 2013

മരണം


മരണം

തട്ടത്തുമല, 2013 ജനുവരി 15: തട്ടത്തുമല പെരുംകുന്നത്ത് പ്രവാസി മലയാളിയും മുൻ‌കാല സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന  അബ്ദുൽ കരീം മരണപ്പെട്ടു. പ്രവാസജിവിതം ആരംഭിക്കുന്നതിനുമുമ്പ് ഏറെക്കാലം സി.പി.ഐ.എം തട്ടത്തുമല ബ്രാഞ്ച് സെക്രട്ടറിയും തട്ടത്തുമല സ്റ്റാർ കോളേജ് പ്രിൻസിപ്പളും മറ്റും ആയിരുന്നു. അസുഖബാധിതനായി ഏതാനും ദിവസങ്ങൾക്കുമുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തി  തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. പോലീസിൽ ജോലിയുള്ള സലിം അനുജനാണ്. 

Thursday, January 3, 2013

സ്ത്രീജാഗ്രതാസദസ്സ് സംവാദവേദിയായി


സ്ത്രീജാഗ്രതാസദസ്സ് ടി.ഗീനാകുമാരി ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീജാഗ്രതാസദസ്സ് സംവാദവേദിയായി

തട്ടത്തുമല, 2013 ജനുവരി 3: സ്ത്രീകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം തട്ടത്തുമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ  നടന്ന സ്ത്രീജാഗ്രതാ സദസ്സ് സംവാദവേദിയായി. സദസ്സ് മുൻ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർ പേഴ്സണും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകയുമായ  അഡ്വ. ടി. ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഒരു പെൺകുട്ടി പൈശാചികമായി കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തിനോടുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയിൽ  ചിലപുരുഷൻ‌മാർ അറിഞ്ഞോ അറിയാതെയോ പറഞ്ഞ കാര്യങ്ങളിലെ  സ്ത്രീവിരുദ്ധ ആശയങ്ങൾ ചൂടേറിയ സംവാദത്തിന് വഴിമാറി. സദസ്സിൽ ആശംസകൾ നേർന്ന പുരുഷൻ‌മാരിൽ ചിലർ പറഞ്ഞുവച്ച അഭിപ്രായങ്ങൾ ഇതിൽ പങ്കെടുത്തവനിതകളെ പ്രകോപിപ്പിക്കുകയും അവർ പ്രതിഷേധശബ്ദം ഉയർത്തുകയും ചെയ്തത് പരിപാടിയിൽ പങ്കെടുത്തവർക്കും കാഴ്ചക്കാർക്കും കൌതുകമായി.

വനിതകളെ ചൊടിപ്പിച്ച അഭിപ്രായ പ്രകടനങ്ങൾക്ക് ഉദ്ഘാടക ടി. ഗീനാകുമാരി അദ്ധ്യക്ഷയുടെ അനുവാദത്തോടെ വീണ്ടും ഇടപെട്ട്  മറുപടിപ്രസംഗം നടത്തി. പീഡനം നടത്തുന്ന കുറ്റവാളികൾക്കെതിരെയുള്ള പ്രതികരണങ്ങൾക്കൊപ്പം പീഡനത്തിനിരയാക്കുന്ന സ്ത്രീകളുടെമേൽ കുറ്റം ചാർത്തുന്ന പ്രവണതയെ വനിതകൾ ശക്തമായ ഭാഷയിൽ അപലപിച്ചു. മിക്ക സ്ത്രീപീഡനക്കേസുകളിലും ഇരകളുടെ ഭാഗത്തും തെറ്റുകളുണ്ടെന്ന് ചില പുരുഷൻ‌മാർ ആരോപിച്ചു. സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ സ്ത്രീകളുടെ ഭാഗത്തും കുറ്റമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും  സ്ത്രീകൾക്ക് സ്വയം സുരക്ഷിതരാകാൻ മതിയായ ബോധവൽക്കരണം ആവശ്യമാണെന്നും പുരുഷൻ‌മാരുടെ ഭാഗത്തു നിന്നും അഭിപ്രായമുയർന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയിലെ പ്രകോപനപരത ബലാത്സംഗങ്ങൾക്ക് ഇടയാക്കുമെന്ന പുരുഷന്മാരുടെ പരാമർശം സ്ത്രീകളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധത്തിനിടയാക്കി. പുരുഷൻ‌മാരിൽ ഒരു വിഭാഗത്തിന്റെ മാനസിക രോഗത്തിന് പെൺകുട്ടികളെ കുറ്റം പറയരുതെന്നായി സ്ത്രീപക്ഷം. പീഡനത്തിനിരയാകുന്ന സ്ത്രീകളെല്ലാം മോശമായി വസ്ത്രധാരണം ധരിച്ചിരുന്നവരല്ലെന്നും സ്ത്രീകൾക്കു നേരെയുള്ള  കുറ്റകൃത്യങ്ങൾക്ക്  സ്ത്രീകൾ തന്നെയാണ് കാരണമാകുനതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും സ്ത്രീപക്ഷം വാദിച്ചു.

ഏതു കാരണത്താലായാലും ഏതു സാഹചര്യത്തിലായാലും  പീഡനം ന്യായീകരിക്കപ്പെടുന്നില്ല. ഇരകളാകുന്ന സ്ത്രീകൾക്കുമേൽ കുറ്റം ചാർത്തി പുരുഷന്റെ അധമവികാരങ്ങളെയും കുറ്റവാസനകളെയും ഞരമ്പുരോഗങ്ങളെയും ന്യായീകരിക്കുന്ന പ്രവണത പുരുഷാധിപത്യമനോഭാവത്തിന്റെ സൃഷ്ടിയാണ്. ആധുനിക കാലത്ത് സ്ത്രീകൾക്ക് പല കാര്യത്തിനും രാപകൽ വ്യത്യാസമില്ലാതെ സഞ്ചരിക്കേണ്ടി വരും. അടച്ചുമൂടി വീട്ടിലിരിക്കേണ്ടവളാണ് സ്ത്രീകളെന്ന പഴഞ്ചൻ വിശ്വാസങ്ങൾ മാറണം. ജിവിക്കാൻ എല്ലാ സൌകര്യങ്ങളും ഒത്തു കിട്ടുന്ന സ്ത്രീകൾക്ക് വീട്ടിലിരിക്കാം. എന്നാൽ കുടുംബം പോറ്റാൻ പലവിധ സ്ഥാപനങ്ങളിൽ പല ഷിഫ്റ്റിൽ ജോലി നോക്കുന്ന പെൺകുട്ടികൾക്ക് വീട്ടിലിരിക്കാൻ പറ്റുമോ? പല സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കുന്ന സ്ത്രീകൾക്ക് രാത്രി വളരെ വൈകിയാകും അവരവരുടെ വീടുകളിൽ എത്താൻ കഴിയുക. മാനം കാക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്നു പറയുന്നവർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കുടുംബം പോറ്റാൻ   തൊഴിലിടങ്ങളിൽ പോകുകയും മടങ്ങുകയും ചെയ്യാൻ നിർബന്ധിതരാകുന്ന നിർദ്ധനരായ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമോ?  അസമയത്ത് ഇറങ്ങി നടന്നാൽ സ്ത്രീയെ  ബലാത്സംഗം ചെയ്യാൻ പുരുഷന് ആരെങ്കിലും അധികാരം നൽകിയിട്ടുണ്ടോ? സ്ത്രീകൾ എവിടെയും സുരക്ഷിതരായിരിക്കണം. അതിന് സമൂഹത്തിന്റെയും അധികൃതരുടെയും ശ്രദ്ധയുണ്ടാകണം.

സ്ത്രീവിരുദ്ധ മനോഭാവം പുരുഷാധിപത്യസമൂഹത്തിന്റെ സ്വാഭാവിക സൃഷ്ടിയാണ്. ഈ മനോഭാവം തിരുത്തപ്പെടണം. സ്ത്രീയുടെ മാനവും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുനാനുള്ള ശ്രമങ്ങളെ സ്ത്രീകൾക്ക് അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളായി വ്യാഖ്യാനിപ്പപ്പെടുന്നത് ദൌർഭാഗ്യകരമാണ്. അനുവാദമില്ലാതെ ഒരു സ്ത്രീക്കുമേലേ നടത്തുന്ന ലൈംഗിക ആക്രമണങ്ങളെയാണ് പുരോഗമന ചിന്താഗതിക്കാർ എതിർക്കുന്നത്. അത് സ്ത്രീയുടെ മാനവും സ്വാതന്ത്ര്യവും കാക്കാനാണ്.  ലൈംഗികാതിക്രമങ്ങൾ മാത്രമല്ല സ്ത്രീകൾക്കുമേൽ മറ്റ് ശാരീരിക ആക്രമങ്ങളും മാനസിക പീഡനങ്ങളും നടക്കുന്നുണ്ട്. അതൊന്നും വസ്ത്രം ധരിക്കുന്നതിന്റെയോ സ്വയം സൂക്ഷിക്കാത്തതിന്റെയോ കുഴപ്പം കൊണ്ടല്ല. ഇതൊക്കെയാണ് ഇന്നത്തെ ജാഗ്രതാ സദസ്സിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ. എന്തായാലും ലളിതമെങ്കിലും പ്രൌഢഗംഭീരമായ  പരിപാടി അക്ഷരാർത്ഥത്തിൽ  കൊഴുത്തു. തട്ടത്തുമലയുടെ ഇന്നത്തെ സായാഹ്നം ഗൌരവം ഉളവാക്കുന്നതായി.  ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രൻ, ജയതിലകൻ നായർ, രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ഇ.എ.സജിം സ്വാഗതവും കെ.ജി.ബിജു നന്ദിയും പറഞ്ഞു.

Tuesday, January 1, 2013

പോസ്റ്റ് മാൻ ചെല്ലപ്പൻ വിരമിച്ചു


പോസ്റ്റ് മാൻ ചെല്ലപ്പൻ വിരമിച്ചു

തട്ടത്തുമല, 2012 ഡിസംബർ 31: നാട്ടുകാരുടെ പ്രിയ പോസ്റ്റ് മാൻ ചെല്ലപ്പൻ സർവ്വീസിൽ നിന്നും വിരമിച്ചു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനമനുഷ്ടിച്ചുവന്ന അദ്ദേഹം  നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ്  2012 ഡിസംബർ മുപ്പത്തിയൊന്നിന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. ദിവസവും നാട്ടുകാർക്കിടയിലൂടെ    കുശലപ്രശ്നങ്ങളും തമാശകളും മേമ്പൊടി ചേർത്ത്    തപാൽ  ഉരുപ്പടികളുമായി നിത്യവും  സഞ്ചരിച്ചിരുന്ന ചെല്ലപ്പൻ    സത്യസന്ധതയും കൃത്യനിഷ്ഠതയും പുലർത്തിയിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്   തട്ടത്തുമല പോസ്റ്റ് ഓഫീസിൽ സഹപ്രവർത്തകർ യഥോചിതം  യാത്രയയപ്പു നൽകി.  ചെല്ലപ്പന്റെ വീട്ടിൽ ലളിതമായൊരു  സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

(ഇപ്പോൾ ഇട്ടിരിക്കുന്ന ഫോട്ടോയ്ക്ക് അല്പം പ്രശ്നമുണ്ട്. ഒളിച്ചു നിൽക്കും പോലെ തോന്നും. നല്ലൊരു ഫോട്ടോ പിന്നീടിടാം)