തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, July 17, 2021

സ്മരണകളിനിയും ഉണർന്നുകൊണ്ടേയിരിക്കും

ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക്  അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.

പക്ഷെ സഹനത്തിൻ്റെ  ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം  രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം,  ഞാൻ നിന്നോട്   പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു. 

ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും  ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ  കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ  പൂർണ്ണമായും കൈവിട്ടിരുന്നില്ല. 

ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ.  ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്,  കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.   ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ  നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.  

അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും  വേദനയ്ക്ക് ശമനമുണ്ടാകാൻ  വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു  സത്യം.  അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ  വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു. 

വാക്കുകൾക്കതീതമായ  കൊടിയ   വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ  തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്.  പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ. 

സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും  മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്. 

നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ  ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന  ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ. 

ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ  വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! . 

വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ  പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!

Monday, August 24, 2020

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

 സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചുള്ള ഈ അനുസ്മരണക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ ഈയുള്ളവൻ തന്നെ പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല;  മറിച്ച് എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ഒക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ചും പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ഒരു ചെറിയ റഫറൻസ് എന്ന നിലയിൽ  ഇതിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നെങ്കിൽ ലഭിച്ചുകൊള്ളട്ടെ എന്ന് കരുതിക്കൂടിയാണ് എന്റെ പരിമിതമായ അറിവുകളുടെ ഒരു കുഞ്ഞ് സമാഹാരം എന്നുള്ള  നിലയ്ക്ക് കൂടി ഞാൻ ഈ അനുസ്മരണക്കുറിപ്പ് സമർപ്പിക്കുന്നത്.

തട്ടത്തുമല ശ്രീ എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ച് ഒരു മകൻ എന്ന നിലയിലും ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിലും എനിക്കറിയാവുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളും സമാഹരിച്ചുകൊണ്ടുള്ള ഒരു അനുസ്മരണക്കുറിപ്പാണിത്.

ആഗസ്റ്റ് 25 തട്ടത്തുമല എ ഇബ്രാഹിം കുഞ്ഞ്സർ അനുസ്മരണ ദിനമാണ്. അന്നാണ് അദ്ദേഹം നിശബ്ദനായത്. സ്നേഹനിധിയായ ഒരു പിതാവിന്റെ ഒരിക്കലും മരിക്കാത്ത ഒർമ്മകൾക്കു മുന്നിൽ ഒരു മകൻ സമർപ്പിക്കുന്ന അഭിമാനക്കറിപ്പുകളുടെ സമാഹാരം.

തട്ടത്തുമല. എം.സി റോഡ് അഥവാ ഇന്നത്തെ സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു മനോഹരമായ ഗ്രാമം. ഇന്നത്തെ പോലെ സ്കൂളും വായനശാലയും പാൽ സൊസൈറ്റിയും അംഗൻവാഡികളും കടകമ്പോളങ്ങളും ഒന്നുമില്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു ഈ ഗ്രാമത്തിനും. കാടും മലയും വെട്ടിത്തെളിച്ച് ജനവാസവും കൃഷിയും ജീവിതവും കുടിയേറ്റമുമൊക്കെ തുടങ്ങി എത്രയോ വർഷങ്ങൾ അങ്ങനെ കടന്നു പോയി. വയലും തോടും കൃഷിയോഗ്യമായ പുരയിടങ്ങളും  പാറക്കൂട്ടങ്ങളും എല്ലാം നിറഞ്ഞ് നിരപ്പും നിമ്നോന്നതങ്ങളുമെല്ലാം സമം ചേർന്ന തട്ടുകളൊത്ത വാസയോഗ്യമായ ഒരു പ്രദേശം. അന്നത്തെ തട്ടൊത്തമല. അതാണ് ഇന്നത്തെ തട്ടത്തുമല.

പിൽക്കാലത്ത് അടുത്തും അകലെയും ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ കുടിയേറി വന്ന് ജനവാസം കൂടിക്കൂടി വന്നു. അക്കൂട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്തന്നെ തൊട്ടടുത്ത് കിളിമാനൂരിനടുത്ത് പാപ്പാല പുളിമൂട്ടിൽ കുടുംബത്തിൽ നിന്നും രണ്ട് ശാഖകൾ കുടിയേറി തട്ടത്തുമലയിലെ ഒരു വയലോരംപറ്റി ഇരുകരകളിലായി സ്ഥിരതാമസമാക്കി. അതിലൊന്നായിരുന്നു. പണയിൽ പുത്തൻവീട്. അവിടെ അബ്ദുൽ ഖാദർ - ബീവിക്കുഞ്ഞ് ദമ്പതികൾക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം ഏഴ് മക്കൾ. അവരിൽ മൂത്രപുത്രനായിരുന്നു പിൽക്കാലത്ത് തട്ടത്തുമലയിൽ സർവ്വാദരണീയനും സ്നേഹ നിധിയുമായിത്തീർന്ന ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ.

പിൽക്കാലത്ത് തട്ടത്തുമലയുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്ക് നാന്ദി കുറിക്കാൻ മുൻനിരയിൽ നിന്ന് നയിച്ച ഈ മനുഷ്യൻ വേറിട്ടൊരു വ്യക്തിത്വത്തിനും ജീവിത മാതൃകകൾക്കും ഉടമയായിരുന്നു. വിശ്വാസം കൊണ്ട് അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവൃത്തി പഥത്തിൽ  സമാധാനകാംക്ഷിയായ ഗാന്ധിയൻ മാർഗ്ഗവും സ്വീകരിച്ച എ.ഇബ്രാഹിം കുഞ്ഞ് സാറിൽ തീക്ഷ്ണമായ കൗമാര - യൗവ്വന കാലത്ത് തന്നെ ആദണീയമായ ഒരു വ്യക്തിത്വം രൂപപ്പെടാൻ സഹായിച്ചത് കരുണാർദ്രമായ ഒരു ഹൃദയവും സാമൂഹ്യബോധവും ഇഴുകി ചേർന്ന സവിശേഷ സ്വഭാവങ്ങളൾ കൊണ്ടു കൂടിയാണ്. ടീച്ചേഴ്സ് - ട്രെയിനിംഗ് പാസ്സായി അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ച സാർ ഒരു ദരിദ്ര കർഷക കുടുംബമായ സ്വന്തം കുടുംബത്തിൻ്റെ  ഉത്തരവാദിത്തങ്ങൾ ഏറെ ഉണ്ടായിരിക്കെ തന്നെ  സഹജീവികളുടെ ജീവിതങ്ങളിലേക്കു കൂടി കൺ തുറന്നു.

ദരിദ്രരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുമായ പ്രദേശവാസികൾക്ക് ഇബ്രാഹിം കുഞ്ഞ് സാർ ഒരു ആശ്വാസവും സാമ്പത്തിക പ്രതിസന്ധികളിൽ അവസാന രക്ഷകനുമായിരുന്നു. വിശിഷ്യാ വളരെ ദയനീയമായ ജീവിതാവസ്ഥകളിൽ കഴിഞ്ഞിരുന്ന ദളിത് സമൂഹത്തോട് ഇബ്രാഹിം കുഞ്ഞ് സാർ കാട്ടിയിരുന്ന സ്നേഹാനുകമ്പയും ശ്രദ്ധയും കരുതലും ആ സമൂഹങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകമായൊരിടം നൽകി എന്നു മാത്രമല്ല ദളിത് സമൂഹങ്ങളോടുള്ള ഇതര ജനവിഭാഗങ്ങളുടെ മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുവാൻ സാർ ഒരു മാതൃകയായി.

മാനവികതയുടെ മൂർത്തി മദ്ഭാവമായിരുന്ന ശ്രീ.എബ്രാഹിം കുഞ്ഞ് സാറിൻ്റെ സഹജീവിയ സ്നേഹവും സാമൂഹ്യബോധവും സ്വാഭാവികമായും അദ്ദേഹത്തെ  ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാക്കി. അക്കാലത്തെ കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ആഗോള സാഹചര്യങ്ങൾ സ്വാഭാവികമായും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുമാക്കി. തട്ടത്തുമല പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉദ്ഭവത്തിനും വളർച്ചയ്ക്കും നേതൃത്വപരമായ പങ്കും ധൈഷണികമായും സാമ്പത്തികമായും മറ്റും ഉള്ള ഉറച്ച പിന്തുണയും നൽകി. എന്നാൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിൻ്റെയും നാട്ടുകാരുടെയും കൂടിപൊതുവായ പൊതുവായ ആവശ്യങ്ങൾക്കുകൂടി  പ്രാധാന്യം നൽകിയ സാർ അത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു നാടിൻ്റെ നായകത്വം വഹിച്ചത് തട്ടത്തുമലയുടെ ശില്പിയെന്ന അതിഭാവുകത്വം തോന്നാവുന്ന ഒരു വിളിപ്പേരിനും അദ്ദേഹത്തെ അർഹനാക്കി.

തട്ടത്തുമലയിൽ ഒരു വായനശാല തുടങ്ങിക്കൊണ്ടായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ നേത്യത്വത്തിൽ അക്കാലത്തെ സാമൂഹ്യ പ്രവർത്തകരും യുവാക്കളും തട്ടത്തുമലയുടെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്. അതായിരുന്നു ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവുമായി തട്ടത്തുമലയിൽ തല ഉയർത്തി നിൽക്കുന്ന സ്റ്റാർ തിയേറ്റേഴ്സ് & കെ.എം.ലൈബ്രറി. ആ വായനശാലയിലിരുന്നാണ് ഇബ്രാഹിം കുഞ്ഞ് സാറും മറ്റ് സാമൂഹ്യ പ്രവർത്തകരും ചേർന്ന് തട്ടത്തുമലയുടെ വികസന സ്വപ്ങ്ങൾ നെയ്തെടുത്തതും യാഥാർത്ഥ്യമാക്കിയതും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത്തലയെടുത്ത് നിൽക്കുന്ന തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഒരു പ്രൈമറി സ്കൂളായി തുടങ്ങിയതാണ് ഈ സ്കൂൾ. ഇവിടെയൊരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഇറങ്ങിത്തിരിച്ച അക്കാലത്തെ നാട്ടിലെ മഹാരഥന്മാരുടെ മുൻനിരയിൽ നിന്ന് നയിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ഉണ്ടായിരുന്നു. താൻ കൂടി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ഈ സ്കൂളിൽ തന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ഏറിയ പങ്കും ചെലവഴിച്ചത്. അക്കാലത്തെ പൊതുപ്രവർത്തകരിൽ നല്ലൊരു പങ്ക് അദ്ധ്യാപകരും കൂടിയായിരുന്നുവെന്നതും ആ കാലത്തിൻ്റെ ഒരു സവിശേഷതയായിരുന്നു. സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി അക്കാലത്ത് നാട്ടുകാർ നടത്തിയ പരിശ്രമങ്ങളും നൽകിയ സഹായങ്ങളും എന്നും ആവേശത്തോടെയാണ് എ.ഇബ്രാഹിം കുഞ്ഞ് സാർ പിൽക്കാലത്ത് എന്നും സ്മരിച്ചിരുന്നത്.

സ്ത്രീകൾ പൊതുവെ പൊതുരംഗത്ത് വരാൻ മടിച്ചിരുന്ന ഒരു കാലത്ത് നാട്ടിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് ആനയിച്ച് സ്റ്റാർ മഹിളാസമാജവും സ്റ്റാർ അംഗനവാഡിയും സ്ഥാപിക്കാനായത് ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ സാമൂഹ്യ സേവന ചരിത്രത്തിലെ 'ഒരു പൊൻതൂവലാണ്. ഇന്നത്തെപ്പോലുള്ള സ്ത്രീ ശാക്തീകരണം സ്വപ്നം കാണാൻ കാണാൻ കഴിയാതിരുന്ന ഒരു കാലത്ത് വിവിധ മതസ്ഥരായ കുലീന കുടുംബങ്ങളിലുള്ള സ്ത്രീകളെ പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലിറക്കി സ്ത്രീശാക്തീകരണത്തിന് ധൈര്യവും  മാതൃകയും നൽകുവാൻ ഇബ്രാഹിം കുഞ്ഞ് സാർ നിസ്തുലമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അക്കാലത്ത് പൊതുരംഗത്തിറങ്ങുന്ന സ്ത്രീകൾ കൗതുക കാഴ്ചകളായിരുന്നെങ്കിൽ ഇന്ന് സ്ത്രീകളെ മുഖ്യധാരയിൽ സർവ്വസാധാരണമാക്കുന്നതിൽ ഓരോ നാട്ടിലെയും ഇബ്രാഹിം കുഞ്ഞ് സാറിനെ പോലെ എത്രയോ മഹാരഥന്മാർ ധൈഷണിക സംഭാവനകൾ നൽകിയിട്ടുണ്ടാകും.

നാടാകെ ഗ്രന്ധശാലകളും ഗ്രന്ധശാലാ പ്രസ്ഥാനവുമൊന്നും രൂപം കൊള്ളുന്നതിനു മുമ്പേ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഒരു ഗ്രന്ധശാലയായി കെ.എം ലൈബ്രറി യെ മാറ്റുന്നതിൽ സാറിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വായനശാല സാറിന് ജീവിതാന്ത്യം വരെ  ജീവവായു പോലെയായിരുന്നു. സ്കൂൾ കഴിഞ്ഞാൽ രാത്രി ഏറെ വൈകുവോളം വായനശാലയിൽ എഴുത്തുകുത്തകളുമായി കഴിയുന്നത് പതിവു ചര്യയായിരുന്നു. കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നൃത്തം, കാക്കാരിശ്ശി നാടകം, സംഗീതം, റേഡിയോ ക്ലബ്ബ്, സ്റ്റാർ ബാലജനസംഘം തുടങ്ങി കലകളെയും സാഹിത്യത്തെയും പരിഭോ ഷിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ആവുന്നത്ര പരിശ്രമിച്ചു. സാറിൻ്റെ ഏറ്റവും ഇളയ സഹോദരിയടക്കം കുലീന മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളടക്കം കുഞ്ഞ് സാറിൻ്റെ ഉത്തരവാദിത്തത്തിൽ നൃത്തം പഠിക്കാനെത്തിയത് അക്കാലത്തൊരു സാമൂഹ്യവിപ്ലവം തന്നെയായിരുന്നു.

നാടകത്തെക്കുറിച്ച് നല്ല അറിവും അവബോധവുമുണ്ടായിരുന്ന എ.ഇബ്രാഹിം കുഞ്ഞ് സാറായിരുന്നു സ്റ്റാർ തിയേറ്റേഴ്സിൻ്റെ എല്ലാ - പ്രൊഫഷണൽ - അമച്ച്വർ നാടകങ്ങളുടെയും സംവിധായകൻ. കുട്ടികൾക്കായി കൊച്ചു കൊച്ചു നാടകങ്ങൾ ഇബ്രാഹിം കുഞ്ഞ് സാർ രചിക്കുകയും ചെയ്തിരുന്നു. കാക്കാരിശ്ശി നാടകം, കമ്പടികളി പോലുള്ള നാടൻ കലാരൂപങ്ങളെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു.

കന്നുകാലി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തട്ടത്തുമലയിൽ ഒരു ക്ഷിരോല്പാദക സഹകരണസംഘം രൂപീകരിക്കുന്നതിനും അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു.

സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിനും എത്രയോ മുമ്പുതന്നെ കെ.എം ലൈബ്രറിയിൽ സാക്ഷരതാ പ്രവർത്തനം തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും അക്ഷരജ്ഞാനമില്ലാത്ത കർഷകരെയും കർഷകത്തൊഴിലാളികളെയും ഇബ്രാഹിം കുഞ്ഞ് സാർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പകൽ കുട്ടികളെയും രാത്രി മുതിർന്നവരെയും അക്ഷരമുറപ്പിക്കുന്ന ഇബ്രാഹിം കുഞ്ഞ് സാർ നാട്ടുകാർക്ക് ഏറ്റവും ആദരണീയനായ മാതൃകാ ഗുരുനാഥനായി.

ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും സി.പി.എം അനുഭാവ അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്നെങ്കിലും സി.പി.ഐ എമ്മിൻ്റെ പാർട്ടി അംഗമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായ സാമൂഹ്യ ബന്ധമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കൈമുതൽ. ജീവിതത്തിലുടനീളം ഉയർന്ന  മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ഇബ്രാഹിം കുഞ്ഞ് സാർ ജാതി മത - കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹാദങ്ങൾ നേടിയ, സർവ്വാദരണീയനായ, സ്നേഹനിധിയായ ഗുരുനാഥനായിരുന്നു. എക്കാലത്തും തട്ടത്തുമലയുടെ ഒരു സ്വകാര്യ അഭിമാനമായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാർ. അതിരുകളില്ലാത്ത സ്നേഹവും കരുണാർദ്രമാമായ ഒരു ഹൃദയവും കൊണ്ട്, സമാധാനത്തിൻ്റെ സദാദൂതനായി വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റം കൊണ്ടും ഏറ്റവും ഇളം തലമുറയോടു പോലുമുള്ള ബഹുമാനം കൊണ്ടും സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു എ ഇബ്രാഹിം കുഞ്ഞ് സാർ.

ലളിതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം കുടുംബത്തിലും ലളിത ജീവിതമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. പ്രൈമറി സ്കൂൾ അദ്ധ്യാപകൻ എന്ന ഒരു സർക്കാർ ഉദ്യോഗത്തിൻ്റെ പിൻബലമുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി അദ്ദേഹം സുരക്ഷിതനായിരുന്നില്ല. കാരണം സാമൂഹ്യ സേവനത്തിൻ്റെ മാർഗ്ഗേ വരവിൽ കവിഞ്ഞ ചെലവുണ്ടായിരുന്നത് കുടുംബ ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക  പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. തട്ടത്തുമലയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന എ ഇബ്രാഹിം കുഞ്ഞ് സാറിന് പക്ഷെ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാട മോ തട്ടത്തുമലയിലോ മറ്റെവിടെയെങ്കിലുമോ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന പരാജയം ബാക്കി നിന്നിരുന്നു. ഏറേ കാലം വട്ടപ്പാറയിലുള്ള ഒരു കൊച്ചു മൺപുരയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സ്വന്തമായൊരു കൊച്ചുവീടെന്ന സങ്കല്പം ബാക്കിനിൽക്കെയാണ് എൺപത്തിയേഴാം വയസ്സിൽ അദ്ദേഹം ഇനിയൊന്നും സ്വപ്നം കാണാൻ കഴിയാത്ത നിന്നും നിശബ്ദതയിലേക്ക്,  ഇനിയുണരുകാകാത്ത നീണ്ട നിദ്രയിലേക്ക് വിലയം പ്രാപിച്ചത്. ഇത് ഞാൻ പറയാൻ കാരണം  സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെ സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കുമെന്ന പോലെ ഇബ്രാഹിം കുഞ്ഞ് സാറിനും സ്വന്തം കുടുംബത്തിൻ്റെ അഭിവൃദ്ധി ബാക്കി വച്ച ഒരു സ്വപ്നമാക്കി യാത്രയാകാനേ കഴിഞ്ഞുള്ളു. ആ ഒരു ന്യൂനത ഒഴിച്ചാൽ എ ഇബ്രാഹിം കുഞ്ഞ് സാറിന്റെ  കുഞ്ഞ് ജന്മം  സാർത്ഥകമായിരുന്നുവെന്ന് വിശ്വസിക്കുവാനാണ് ഞാനടക്കം ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കുടുംബത്തിനിഷ്ടം.

ശിഷ്യ തലമുറകൾക്ക് അതുല്യനും സർവ്വാദരണീയനുമായ നല്ല ഗുരുനാഥനായിരുന്നു സ്നേഹനിധിയായ ഇബ്രാഹിം കുഞ്ഞ് സാർ. കമ്മ്യൂണിസ്റ്റുകാർക്ക് അദ്ദേഹം ആദർശനിഷ്ഠയുള്ള ഒരു കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. കുടുംബത്തിന് ഒരു നല്ല കുടുംബനാഥനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ഭാര്യയയ്ക്ക് നല്ല ഭർത്താവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. മക്കൾക്ക് സ്നേഹനിധിയായ ഒരു പിതാവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ചെറുമക്കൾക്ക് വാത്സല്യത്തിൻ്റെ നിറകുടമായൊരു കളിക്കൂട്ടുകാരനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. നാട്ടുകാർക്ക് സർവ്വാദരണീയമായ ഒരു സാമൂഹ്യ സേവകനും മാതൃകാദ്ധ്യാപകനുമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. പതിറ്റാണ്ടുകൾക്കു മുന്നേ അഭ്യസ്തവിദ്യരുടെ നടെന്നൊരു ഖ്യാതി നേടിക്കൊടുക്കുന്നതിൽ, തട്ടത്തുമലയുടെ അനുക്രമമായ വികസനമുന്നേറ്റങ്ങളിൽ  ഇബ്രാഹിം കുഞ്ഞ് സാറിനൊപ്പം നിന്ന തട്ടത്തുമലയിലെ മറ്റ്  നിരവധി മഹാരഥന്മാരെ കൂടി ചേർത്തു നിർത്തി,  എ.ഇബ്രാഹിം കുഞ്ഞ് സാറിനെ സ്മരിക്കുന്നതോടൊപ്പം അവരെയെല്ലാവരെയും സ്മരിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നു.

ഇബ്രാഹിം കുഞ്ഞ് സാറിന്റെ സമകാലികരും അദ്ദേഹത്തെ പോലെയോ അതിൽ ഏറിയോ കുറഞ്ഞോ  തട്ടത്തുമലയിൽ സാമൂഹ്യസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. അവരുടെയൊന്നും പേരുകൾ ഇവിടെ പരാമർശിക്കാതെ പോയത് ഓർക്കാഞ്ഞിട്ടല്ല. ഏതെങ്കിലും പേരുകൾ വിട്ടുപോയാൽ അത് ഒരു അനുചിതമാകും എന്നതുകൊണ്ടാണ്. അവരെയെല്ലാവരെയും ഇത്തരുണത്തിൽ ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഓർമ്മകൾക്കൊപ്പം ഞാൻ ചേർത്തുനിർത്തുകയാണ്. ഇബ്രാഹിം കുഞ്ഞ് സാറിന് മുമ്പും പിമ്പും മണ്മറഞ്ഞ തട്ടത്തുമലയിലെ എല്ലാ പൊതുപ്രവർത്തകരെയും ഞാൻ സ്മരിക്കുന്നു.

Monday, December 2, 2019

തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തട്ടത്തുമല തൃപ്തി കല്യാണി സദ്യാലയം തുടങ്ങിയിട്ട്  ഒൻപത് മാസം പിന്നിടുകയാണ്. തൃപ്തി കല്യാണി സദ്യാലയം ഒരു ചെറിയ സംരംഭമാണ്. ഇവിടെ നിന്നും കിടപ്പുരോഗികളടക്കമുള്ള നിർദ്ധനരും നിരാലംബരുമായവർക്കുള്ള  ഒരു നേരത്തെ സൗജന്യ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. തുടക്കത്തിൽ 15 പേർക്കായിരുന്നു സൗജന്യ ഭക്ഷണം നൽകിയിരുന്നത്.  ഇപ്പോൾ  മുപ്പത് പേർക്കാണ് ഇവിടെ നിന്നും നിലവിൽ സൗജന്യ ഭക്ഷണപ്പൊതി നൽകുന്നത്. ഈ പദ്ധതി അതിന്റെ പരീക്ഷണ ഘട്ടം പിന്നിട്ട് വിജയകരമായി മുന്നോട്ട് പോകുന്നു. തൃപ്തി കല്യാണിയുടെ ബ്യിസിനസ് പുരോഗതിയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഈ സ്ഥാപനം നിലനിൽക്കുന്നിടത്തോളം ഇത് തുടർന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പ്രവർത്തനം  എങ്ങനെ നടക്കുന്നുവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഈ സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ ചരിത്രവും വർത്തമാനവും ഇവിടെ പങ്ക് വയ്ക്കുന്നു.
തൃപ്തി കല്യാണി സദ്യാലയം തുടങ്ങുമ്പോൾ നിർദ്ധനരായ പത്ത് പേർക്കെങ്കിലും  സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകണമെന്ന ആശയം മനസിലുണ്ടായിരുന്നു. അപ്പോഴാണ് ഇതേ ആശയവുമായി പ്രവാസികളായ ചില അ ഭ്യുദയകാംക്ഷികൾ നമ്മളെ സമീപിക്കുന്നത്. പത്ത് പേർക്കല്ല കുറച്ചുപേർക്കുകൂടി സജന്യ ഭക്ഷണം നൽകാൻ കഴിയും വിധം  ഒരു ക്രമീകരണം ഉണ്ടാക്കി അതിനായി തങ്ങളാൽ കഴിയുന്ന ചെറിയൊരു സാമ്പത്തിക സഹായം നൽകാമെന്നും അവർ അറിയിച്ചു. അങ്ങനെയാണ് "കനിവ്" എന്ന പേരിൽ മുഖ്യമായും ഏതാനും പ്രവാസികൾ ഉൾപ്പെട്ട ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇരുപത് പേർക്ക് സൗജന്യഭക്ഷണം നലകാമെന്നാണ് ആദ്യം ധാരണയായത്. എന്നാൽ ഇപ്പോൾ മുപ്പത് പേർക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നുണ്ട്. കിടപ്പ് രോഗികളും നിരാലംബരും തീരെ നിർദ്ധനരുമായവർക്കാണ് സൗജന്യ പൊതി നൽകുന്നത്. അത്രത്തോളം ബുദ്ധിമുട്ടില്ല്ലാത്ത ചിലർക്കും മറ്റ് ചില മാനദണ്ഡങ്ങൾ കണക്കിലെടുത്ത് കൂട്ടത്തിൽ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. അങ്ങനെയാണ് എണ്ണം മുപ്പത് ആയത്. 

"കനിവ്" പ്രവർത്തകർ പ്രതിമാസം 5000 രൂപ സ്വരൂപിച്ച് നൽകും. ഇതിനായി മറ്റ് തരത്തിലുള്ള അഭ്യർത്ഥനകളോ പിരിവുകളോ ഒന്നുമില്ല. എന്നാൽ ചില വ്യക്തികളും സംഘടനകളും ഏതെങ്കിലും വിശേഷാവസരങ്ങളിൽ സൗജന്യ ഭക്ഷണം സ്പോൺസർ ചെയ്യുന്നത് നിരാകരിക്കാറില്ല. ഒരു മാസം 5000 രൂപ മാത്രമേ ഈ ആവശ്യത്തിലേക്ക് സാധാരണ ഗതിയിൽ സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഒരു മാസം 5000 രൂപ നൽകിയാൽ ആ മാസം പിന്നെ ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുകയില്ല. ഉദാഹരണത്തിന് നവംബർ മാസത്തിലെ സൗജന്യ ഭക്ഷണത്തിനുള്ള 5000 രൂപ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ഒരു സജീവ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ‘നെസ്റ്റ്’ (2001 ബാച്ച്) നൽകിയിരുന്നു. അതുകൊണ്ടുതന്നെ കനിവിന്റെ സഹായം നവംബറിൽ ആവശ്യമായി വന്നില്ല. കനിവിൽ നിന്നും നവംബർ മാസത്തിലേക്ക് 1000 രൂപ മുമ്പേ  ലഭിച്ചെങ്കിലും അത് അടുത്ത മാസത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. 

ചില പ്രത്യേക ദിവസങ്ങളിൽ വ്യക്തികൾ ഭക്ഷണപ്പൊതിക്കുള്ള ചെലവ്  സ്പോൺസർ ചെയ്യുന്നത് സ്വീകരിക്കാറുണ്ട്.  ഉദാഹരണത്തിന് തട്ടത്തുമലയിൽ റേഷൻ കട നടത്തുന്ന അനിൽ കുമാർ തന്റെ ഇളയ മകളുടെ ജന്മ ദിനം പ്രമാണിച്ച് അന്നേ ദിവസം അഞ്ച് പേർക്ക് ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. മറ്റൊരു ദിവസം ഹെൽത്ത് ഇൻസ്പെക്ടറായ റാഫി സാറിന്റെ പിതാവിന്റെ ചരമ ദിനം പ്രമാണിച്ച് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സ്പോൺസർ ചെയ്തിരുന്നു. പ്രവാസിയായ അസിം സിപ്പി ലീവിൽ നാട്ടിൽ വന്നപ്പോൾ ഒരു ദിവസം അഞ്ചു പേർക്കുള്ള ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. ഇതെല്ലാം അവർ സ്വമേധയാ വന്ന് നൽകിയതാണ്. അത്തരം പ്രത്യേക സ്പോൺസറിംഗ് ഉള്ളപ്പോൾ അവർ നൽകുന്ന തുകയ്ക്കനുസരിച്ച്  സ്പെഷ്യൽ പൊതിയാണ് നൽകുന്നത്.  ഇതിനും പുറമെ പ്രവാസിയായ മാവിള നിസാം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക്  ഒരു ദിവസം നൂറ് പേർക്ക് ഭക്ഷണം സ്പോൺസർ ചെയ്യുകയും പറഞ്ഞ ദിവസം ഞങ്ങൾ അത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തികുകയും ചെയ്തു. 

ഇനി  മറ്റൊരു കാര്യം ഏതെങ്കിലും ഒരു മാസം കനിവ് ഉൾപ്പെടെ ആർക്കും  ഒരു തുകയും നൽകാൻ കഴിയാതെ വന്നുപോയാലും സൗജന്യ ഭക്ഷണം തൃപ്തി കല്യാണി നൽകും. ഇതെങ്ങനെ സാധിക്കുന്നു എന്ന് അദ്ഭുതം കൊള്ളുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. നഷ്ടമില്ലാതെ ദാനമില്ല. അല്പം നഷ്ടം സഹിച്ചു തന്നെയാണ് തൃപ്തി കല്യാണി ഈ പ്രവർത്തനം നടത്തുന്നത്.  തൃപ്തി കല്യാണിയിൽ ഒരു സാധാരണ ഊണിന്റെ വില നിലവിൽ 50 രൂപയാണ് (മീനില്ലാതെ 50 രൂപയും മീനുണ്ടെങ്കിൽ 70 രൂപയുമാണ് നിലവിലെ വില്പനവില). അതു വച്ചു കണക്കുകൂട്ടിയാൽ  മുപ്പത് പേർക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് 1500 രൂപയാകും. പതിവായി ആഴ്ചയിൽ നാല് ദിവസമാണ് സൗജന്യ ഭക്ഷണം  നൽകാൻ തീരുമാനമെങ്കിലും ഇപ്പോൾ അഞ്ചു ദിവസം നൽകുന്നുണ്ട് (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം വെള്ളി).ശനി ഞായർ ദിവസങ്ങളിലും കടയിലെത്തുന്ന കുറച്ചു പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ചിലർക്ക് ഈ ദിവസങ്ങളിലും കഴിയുമെങ്കിൽ  ഭക്ഷണം കൊണ്ടു കൊടുക്കുന്നുണ്ട്. 
  
ചുരുക്കത്തിൽ പ്രതിമാസം 10000 നു മേൽ രൂപാ ചെലവ് കണക്കാക്കാവുന്ന സേവനമാണ് ചെയ്യുന്നതെങ്കിലും ഈ പ്രവർത്തനം നിലച്ചുപോകാതെ കൊണ്ടുപോകാൻ സന്മനസ്സുള്ളവർ സ്വമേധയാ നൽകുന്ന ചെറിയ കൈത്താങ്ങുകൾ മാത്രം വാങ്ങി ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനാണ് ഞങ്ങളുടെ ആഗ്രഹം. മാത്രവുമല്ല ഇത് തൃപ്തി കല്യാണിയുടെ കച്ചവടത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇവിടെ വന്ന് വില നൽകി ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും ഈ ചെറിയ കാരുണ്യപ്രവർത്തനത്തിൽ അറിഞ്ഞും അറിയാതെയും പങ്കാളിയാകുകയാണ്. ഞങ്ങളുടെ സ്ഥാപനം വളരുകയാണെങ്കിൽ സൗജന്യ ഭക്ഷണം ഇനിയും കൂടുതൽ ആളുകൾക്ക് നൽകണം എന്നുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇപ്പോൾ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ നാട്ടിൽ ഉണ്ടോയെന്ന്. ഈ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ സൗജന്യ ഭക്ഷണത്തിന് അർഹതപ്പെട്ടവരെ കണ്ടെത്താനിറങ്ങിയപ്പോൾ ഞങ്ങളുടെ ഈ സംശയം മാറി. രോഗ പീഡകളാലും ഭാരിച്ച ചികിസ്താ ചെലവുകളാലും ബുദ്ധിമുട്ടുന്നവരും ഒരു നേരത്തെ അന്നത്തിനു തന്നെ വക കണ്ടെത്താൻ പ്രയാസപ്പെടുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്.   ഞങ്ങൾ ഭക്ഷണം കൊടുക്കുന്നവരിൽ എല്ലാവരും അത്രമേൽ പട്ടിണിയുള്ളവരല്ല. എന്നാൽ ഞങ്ങൾ ഭക്ഷണം നൽകുന്നവരിൽ ഭൂരിപക്ഷം ആളുകളെക്കുറിച്ചും നിങ്ങൾ അന്വേഷിച്ചാൽ മനസ്സിലാകും ഓരോരോ മനുഷ്യരുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ!

ഞങ്ങൾ നടത്തുന്നത് അത്ര വലിയ ഒരു ജീവകാരുണ്യ പ്രവർത്തനമായൊന്നും കണക്കാക്കുന്നില്ല. ഭക്ഷണമാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യം. അതിനു ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ അവർക്ക് ഒരു നേരമെങ്കിലും ഭക്ഷണം നൽകുന്ന ഒരു മാതൃക ഞങ്ങൾ കാണിക്കുന്നുവെന്ന് മാത്രം. ഞങ്ങൾ ഇപ്പോൾ ഭക്ഷണം നൽകുന്നവർക്ക് ഉൾപ്പെടെ പഞ്ചായത്തോ വ്യക്തികളോ മറ്റ് സംഘടനകളോ ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകാൻ തയ്യാറായാൽ ഞങ്ങൾ കനിവുൾപ്പെടെയുള്ള സംഘടനകളുമായും മറ്റ് സുമനസ്സുകളുമായും കൈകോർത്തുകൊണ്ട് ഈ പ്രവർത്തനം നിർത്തി ഇതിനു പകരം മറ്റെന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. 

ദോഷൈക ദൃഷ്ടിയുള്ളവർക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധിയെയും സംശയിക്കാം. ഞങ്ങളുടെ ബ്യിസിനസിന്റെ പരസ്യമല്ലേ ഇതൊക്കെയെന്ന്. അവർക്കുള്ള മറുപടി ഇതാണ്. അതെ, തൃപ്തി കല്യാണി ഒരു ബ്യിസിനസ് സംരഭവും സ്വയം തൊഴിൽ സംരംഭവും തന്നെയാണ്. വരുമാനം തന്നെ അതിന്റെ ലക്ഷ്യം. പണച്ചെലവുള്ള ഏത് നല്ല പ്രവർത്തനങ്ങൾ നടത്തണമെങ്കിലും അർക്കായാലും വരുമാനമുണ്ടായാലേ പറ്റൂ. ഞങ്ങൾക്ക് ജീവിക്കാനും ഒപ്പം ജീവിതക്ലേശങ്ങളുള്ള കുറച്ചുപേർക്കെങ്കിലും ആശ്വാസമേകാനും  സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റെന്തെങ്കിലും ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ള സ്വയം പ്രചോദനം. ഞങ്ങൾ ചെയ്യുന്നതിനെക്കാൾ എത്രയോ വലിയ പല സാമൂഹ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന, നടത്താൻ സഹായിക്കുന്ന വേറെയും സഹോദര സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ട്.  അവരും നമുക്ക് പ്രചോദനമാണ്. ചെറുതെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്നത് ഞങ്ങളും ചെയ്ത് കാണിക്കുന്നുവെന്ന് മാത്രം. വേണമെന്ന് മനസ്സുവച്ചാൽ ഇതൊക്കെ ചെയ്യാൻ എല്ലാവർക്കും  സാധിക്കും. അതെ, ഞങ്ങളുടേത് ഒരു മാതൃക മാത്രം!

Monday, November 11, 2019

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പ്രായം മറന്ന് പാറമുകൾ സുരേന്ദ്രൻ. ഇന്നലെയും ഇന്നുമായി (2019 നവംബർ 9, 10) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് അത് ലെറ്റിക്ക് മീറ്റിൽ ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറമുകൾ സുരേന്ദ്രൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പഠനകാലത്ത് മികച്ച അത് ലറ്റായി സംസ്ഥാന തലത്തിൽ വരെ വിന്നറായിരുന്ന സുരേന്ദ്രൻ ജീവിത പ്രാരാബ്ധങ്ങൾ മൂലം പാതിവഴിയിൽ തന്റെ പഠനവും കായിക സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്ന നിർഭാഗ്യവാനാണ്. തട്ടത്തുമല ഗവ.എച്ച്.എസ്. എന്നിലെ സ്കൂളിലെ സ്കൂൾ ലീഡറായിരുന്ന സുരേന്ദ്രൻ പൊതുരംഗത്തും സജീവമായിരുന്നു. സ്കൂൾ പഠനകാലത്ത് കായിക രംഗത്തും പൊതുരംഗത്തും നാട്ടുകാർ പ്രതീക്ഷകളുയർത്തിയ ഈ പ്രതിഭ കലാരംഗത്തും ശോഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പൂർവ്വകാലം അറിയാവുന്ന ഞങ്ങൾ ചിലർ പതിറ്റാണ്ടുകൾക്ക് ശേഷം ജിവിതത്തിന്റെ സായന്തനത്തിലെങ്കിലും സുരേന്ദ്രന്റെ സ്വപ്ന സായൂജ്യത്തിന് അവസരമൊരുക്കിമൊരുക്കിക്കൊടുത്ത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. മത്സരങ്ങൾക്കിടയിൽ കാൽമുട്ടിന് നിസാര പരിക്കേറ്റതിനാൽ ഒരിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശസ്ത വെറ്ററൻ അത്ലറ്റ് നഗരൂർ രവീന്ദ്രനാണ് തന്റെ നേട്ടങ്ങളുടെ പാതയിലേക്ക് ഒരാളെ കൂടി കൈപിടിച്ചുയർത്തിയത്. തട്ടത്തുമല വട്ടപ്പാറ പാറ മുകളിൽ ഒരു കുഞ്ഞിക്കുടിലിൽ താമസിക്കുന്ന സുരേന്ദ്രൻ ഇന്നും കഠിനമായി അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്നു. ഭാര്യ രാജമ്മയും രണ്ടാൺ മക്കളും വിവാഹിതയായ ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ ചെറിയ കുടുംബം. പരേതരായ മധവൻ - സരസു (കുഞ്ഞി ) ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം മുതൽ എനിക്കൊപ്പമുള്ള പാറമുകളിന്റെ ഈ നേട്ടത്തിൽ അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Sunday, November 3, 2019

തട്ടത്തുമലയിലെ കൊലപാതകം

തട്ടത്തുമലയിലെ കൊലപാതകം

സംഭവം നടന്നത് 2019 ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ.

തട്ടത്തുമലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അടിപിടിക്കേസ് കൊലപാതകത്തിൽ കലാശിച്ചു. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടമായി. കൊല ചെയ്തവർ ജയിലിലുമായി. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അന്ത്യന്തം ദുഃഖകരം. അപലപനീയം. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾക്ക് ഒരേ തരം ദു:ഖമല്ലെങ്കിലും രണ്ടു കൂട്ടരെ സംബന്ധിച്ചും സമ്മാനിക്കുന്നത് ദുരന്തമാണ്. പ്രതികളായവർക്ക് ശേഷിക്കുന്ന നല്ല പ്രായമത്രയും ജയിൽ. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനുമാകില്ല. തീരാ ദുഃഖവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം. തലമുറകളോളം കൊലപാതകത്തിന്റെ അപഖ്യാതിയും പാപഭാരവുമായി ജീവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബം. ഒരാൾ ആരെയെങ്കിലും കൊല്ലുക എന്നു പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെത്തന്നെ ശിക്ഷികുന്നതിനു തുല്യമാണ്. കുടുംബത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്തവർ കൂടി പ്രതികളാക്കപ്പെടാനും പാപഭാരമേൽക്കാനും ഇടയാകും.  നിസ്സാര പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുതർക്കങ്ങളിൽ അമിതാവേശം കാണിക്കുന്നവർക്ക് ഇതൊരു പാഠമാണ്. ആരും പിടിച്ചു മാറ്റാൻ കൂടിയില്ലാത്ത സ്ഥലത്തും അസമയത്തുമൊക്കെ  വാക്കുതർക്കങ്ങളിലേർപെടുന്നതിന്റെ പരിണത ഫലം ഇരു ഭാഗത്തുള്ളവരും അനുഭവിക്കേണ്ടി വരും. ഒരു ബ്ലെയ്ഡ് തുണ്ടെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ആരോടും വാക്കുതർക്കത്തിലേർപ്പെടരുതെന്ന പാഠം കൂടി ഈ സംഭവം നൽകുന്നുണ്ട്. അത് ക്രിമിനൽ മൈൻഡ് ഉള്ളവരായാലും ഇല്ലാത്തവരായാലും. ഈ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവും പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒരു യുവാവും എന്റെ മുന്നിൽ കുറച്ചു ദിവസമെങ്കിലും ഇരുന്ന് പഠിച്ചിട്ടുള്ള കുട്ടികളാണെന്നാണ് എന്റെ ഓർമ്മ. അതു കൊണ്ടു തന്നെ ഇതെന്നിൽ വ്യക്തിപരമായിത്തന്നെ അലോസരമുണ്ടാക്കുന്നുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും ഓർക്കുക. നിങ്ങളുടെ അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കാവുന്ന ഒരു കൈപ്പിഴകൊണ്ട് ഒരു വിലപ്പെട്ട ജീവൻ നഷ്ടമായേക്കാം. ആ ജീവൻ തിരിച്ചുനൽകാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കൈപ്പിഴ നിങ്ങളെ ജയിലിലുമാകും. ജയിൽ ജീവിതം അത്ര സുഖകരമല്ല. അവിടെക്കിടന്ന് ഒന്നും വേണ്ടായിരുന്നുവെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ആരു മായി ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിയമപരമായോ മല സ്ഥതയിലൂടെയോ അവ പരിഹരിക്കപ്പെടാനള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. പിന്നെന്തിന് അക്രമം നടത്തുന്നു? എന്തെങ്കിലും ഒരു വിഷയം ഒരു സംഘട്ടനത്തിലേക്കും ഇതുപോലുള്ള ദാരുണ സംഭവങ്ങളിലേയ്ക്കുമൊക്കെ പരിണമിക്കുന്നതിനു മുമ്പ് അത് സമാധാനപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവർക്ക് ഒന്നു ശ്രമിച്ചു നോക്കാനെങ്കിലും അവസരം നൽകു. അല്ലെങ്കിൽ നിയമപരമായ പരിഹാരത്തിന് ശ്രമിക്കൂ. മേലിൽ ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിയുമ്പോഴാണല്ലോ പല കാര്യത്തിലും നമ്മൾ അലർട്ടാകുന്നത്! നമ്മുടെ നാടിന്റെ പാരമ്പര്യവും അന്തസ്സും സൽപേരും നിലനിർത്താൻ സാമൂഹ്യമായ ഒരു ജാഗ്രത നമുക്ക് ആവശ്യമായിരിക്കുന്നു. എന്ന് സസ്നേഹം ഞാൻ ഇ.എ.സജിം (ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ എഴുതിയിട്ട് വാട്ട്സ് ആപ്പിലും മറ്റുമൊക്കെ കോപ്പി പേസ്റ്റും ഷെയറും ചെയ്യുന്നതിനാലാണ് പേരു കൂടി സൂചിപ്പിച്ചത്)

കൊല്ലപ്പെട്ട സഞ്ജു എസ്

Wednesday, September 11, 2019

വാപ്പയുടെ ഓർമ്മകളിൽ


വാപ്പയുടെ ഓർമ്മകളിൽ

എൺപത്തിയേഴാം വയസ്സിൽ മരണപ്പെട്ട എന്റെ പിതാവിനെക്കുറിച്ച് നിരന്തരമെഴുതുമ്പോൾ നിങ്ങളിൽ പലരും ചിന്തിച്ചേക്കാം ഓ, ഇവനു മാത്രമേ  അച്ഛനുണ്ടായിരുന്നുള്ളോ  ഇത്രമാത്രം ഓർക്കാനും എഴുതാനും ഒരു വാർദ്ധക്യമരണത്തിൽ  എന്തിരിക്കുന്നുവെന്ന്! എന്നാൽ എനിക്ക് എന്തിനെക്കാളും, എല്ലാറ്റിനെക്കാളും വലുത് എന്റെ പിതാവായിരുന്നു. അതെ, ദൈവത്തെക്കാളും ഉയരെയായിരുന്നു അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം. എന്റെ മതാവിനും അതുതന്നെ സ്ഥാനം. അതുകൊണ്ട് ഇടയ്ക്കിട  എന്റെ വാപ്പായെകുറിച്ച് എഴുതിയും പറഞ്ഞും ഞാനെന്റെ ഓർമ്മകളിൽനിന്ന്  മായാതെ മറയാതെ ജീവിപ്പിക്കും. അതെന്റെ ആത്മസായൂജ്യമാണ്. എന്റെ ഓർമ്മകളിൽ, എന്റെ ചിന്തകളിൽ, എന്റെ ഓരോ നാഡിഞരമ്പിലും  അദ്ദേഹം ഒരിക്കലും മരിക്കാത്ത ഒരു അമാനുഷനാണ്.  മാതാപിതാക്കളെ അളവറ്റ്  സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള സമർപ്പണം കൂടിയാണ് എന്റെ ഈ സ്മരണാഞ്ലികൾ! ജീവിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടൊരാളുടെ വില നമ്മളിൽ എല്ലാവരും മനസ്സിലാക്കിയെന്നിരിക്കില്ല.

എന്റെ സ്നേഹനിധിയായ,  കരുണാമയനായ –ക്ഷമിക്കുക അങ്ങനെയല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്ക് ഒന്നും പറഞ്ഞു തുടങ്ങാനാകില്ല- വാപ്പ എ. ഇബ്രാഹിംകുഞ്ഞ്സാർ മരണപെട്ടത് കഴിഞ്ഞ തിരുവോണനാളിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് എന്നെ ആശ്വസിപ്പിക്കുന്ന ഒരു ഘടകമേയല്ല. നൂറു വയസ്സോ അതിനുമപ്പുറമോ അദ്ദേഹം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹവുമായി വാപ്പയെ ശുശ്രൂഷിച്ചുപോന്ന ഞങ്ങൾക്ക് വാപ്പയുടെ മരണം എൺപത്തിയേഴാം വയസ്സിലും അകാലത്തിലെ മരണമാണ്. കാരണം അദ്ദേഹം ഒപ്പമില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അത്രമേൽ നമ്മളെ സ്നേഹിച്ച, നമ്മൾ  സ്നേഹിച്ച് കൊതിതീരാത്ത, നമ്മളെ സ്നേഹിച്ച്  കൊതി തീരാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ,  കാരുണ്യത്തിന്റെ ഒരു കലവറയായിരുന്നു  അദ്ദേഹം.
കഴിഞ്ഞ വർഷം ഇതുപോലൊരു  തിരുവോണനാളിലും വപ്പയെയും കൊണ്ട്  ഞാനും ഉമ്മയും ആശുപത്രിയിലായിരുന്നു. കുറെ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയിട്ട്. രാവിലെ അല്പം പ്രയാസങ്ങൾ പ്രകടിപ്പിച്ചെങ്കിലും അന്നുതന്നെ നീണ്ടൊരുറക്കത്തിലേയ്ക്ക് വഴുതി വിഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഇഞ്ചക്ഷന്റെ ബലത്തിൽ സുഖമായൊന്നുറങ്ങുന്നത് കണ്ട് ദിവസങ്ങളോളമുള്ള ഉറക്കമില്ലായ്മയിൽ നിന്ന് മുക്തമായല്ലോ എന്ന ആശ്വാസത്തിൽ വിശ്രമിക്കുകയായിരുന്നു നമ്മൾ. അല്ലാതെ വാപ്പ മരിക്കുന്നതിനെ പറ്റി ചിന്തിക്കാനോ അത് കാത്തിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. എത്രയോ തവണ മരണത്തെ മുഖാമുഖം കണ്ട് മരണമെന്ന ആ മഹപാതകിയെ അതിജീവിച്ചതാണ് വാപ്പ. ആ സന്ദർഭത്തെ മുതലെടുത്താണ് മരണം പാത്തു പതുങ്ങി ഉറക്കത്തിലായിരുന്ന വാപ്പയുടെ ദേഹത്തിനല്ല്ലിൽ അന:ധികൃതമായി  പ്രവേശിച്ച് ആ ജീവൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

മരണം നമ്മളെ കബളിപ്പിക്കുന സമയങ്ങളിൽ ഞാൻ പുറത്തിറങ്ങി ഒരു കസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. വാപ്പയെ കാണാൻ വന്ന ബന്ധുക്കളുമായി സൊറപറഞ്ഞ് ഉമ്മ വാപ്പയുടെ അരികിൽതന്നെ ഉണ്ടായിരുന്നു. വാപ്പ ഉണർന്നിരുന്നെങ്കിൽ അല്പം  കഞ്ഞിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് കാത്തിരിക്കുകയായിരുന്നു നമ്മൾ .വാപ്പ ഉണർന്നിട്ട് വല്ലതും സംസാരിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അന്നു വന്ന ബന്ധുക്കൾ. വൈകുന്നേരത്തോടെ ഉറക്കം അല്പം നീണ്ടുപോകുന്നല്ലോ, ഇനി  മതിയെന്ന് കരുതി ഞങ്ങൾ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മനസ്സിലായത് നമ്മളെയെല്ലാം കബളിപ്പിച്ച് പാത്തു പതുങ്ങിയെത്തിയ മരണം ആ ജീവനുംകൊണ്ട് കടന്നുകളഞ്ഞത്. അതോ ഇനി നമ്മളാരും  വാപ്പയ്ക്കു വേണ്ടി പ്രയാസപ്പെടേണ്ട, ഈ വേദനയൊന്നും താങ്ങാൻ എനിക്ക് ഇനി വയ്യതാനും, ഞാനങ്ങ് പോയേക്കാം  എന്നു പറഞ്ഞ് മരണത്തെ വിളിച്ചു വരുത്തി നമ്മളോട് യാത്രപോലും പറയാതെ വാപ്പ പോയതാണോ? വാർദ്ധക്യത്തിൽ സാധാരണമെന്ന പോലെ ചക്രശ്വാസം വലിച്ച് കണ്ടു നിൽക്കുനവരെ പ്രയാസപ്പെടുത്താതെ ആ ഒരുറക്കത്തിൽ നിന്ന് വാപ്പ  മന:പൂർവ്വം ഉണരാതിരുന്നതാണോ? എങ്ങനെയായാലും അത് വാപ്പയുടെ അവസാനത്തെ ഉറക്കമായിരുന്നു.

മരണം സ്ഥിരീകരിക്കപ്പെടുമ്പോഴും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ട ആനിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. വാപ്പ മരിച്ചുവെന്ന് ആരോടും വീളിച്ചു പറയാൻ തന്നെ മടിച്ചു നിന്ന നിമിഷങ്ങൾ! ദിവസങ്ങളോളം കല്ലമ്പലത്തിനടുത്തുള്ള  ആ സ്വകാര്യ ആശുപത്രയിൽ ഐ സി യൂണിറ്റിലും അതിനോട് ചേർന്നുള്ള എച്ച് ഡി റൂമിലുമായി കിടത്തിയിരുന്ന വാപ്പയെ രണ്ട് മൂന്ന് ഡയാലിസുകൾ തുടർച്ചയായി നടത്തി ഒരുവിധം രോഗശമനം പ്രത്യക്ഷപ്പെട്ടപ്പോൾ സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും നമ്മളും. വാപ്പ പലപല ആശുപത്രികളിലായി ഒരുപാട് തവണ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിച്ചത് ഈ ആശുപത്രിവാസ കാലത്തായിരുന്നു. ടോയ്ലറ്റിലെ ചെറിയൊരു വീഴ്ചയിൽ ഒരു കൈക്ക് പൊട്ടലുണ്ടായി ആ കൈയുടെ ശേഷി നഷ്ടപ്പെട്ടിടം മുതൽക്കായിരുന്നു അസുഖങ്ങളെല്ലാം ഗുരുതരമായി മാറിയത്.

അനസ്തേഷ്യ നൽകി കൈക്ക് ഓപ്പറേഷൻ നടത്തണമെന്നും നടത്തേണ്ടെന്നും രണ്ടഭിപ്രായം വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അനസ്തേഷ്യയുടെ ഡോക്ടർ അതിൽ അല്പം റിസ്ക് ഉണ്ട് എന്ന് പറഞ്ഞതു മുഖവിലയ്ക്കെടുത്താണ് ആ ഓപ്പറേഷൻ ഒഴിവാക്കിയത്. ദീർഘസ്നാളായി നെഫ്രോളജി ട്രീറ്റ്മെന്റിലിരിക്കുന്ന, ഇടയ്ക്കിടെ കടുത്ത ശ്വാസം മുട്ട് വന്ന് മരണവെപ്രാളപ്പെടുന്ന ഒരു രോഗിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനോട് ഡോക്ടർമാർക്കിടയിലും ബന്ധുക്കൾക്കിടയിലും രണ്ട് പക്ഷമുണ്ടായപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സർജറിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ദു:ഖം പിന്നെ ഒരിക്കലും മാറില്ല. അല്പം വേദനകളും അസ്വസ്ഥതകളും അനുഭവിച്ചാലും ഒരു  ദിവസമെങ്കിലും വാപ്പ അധികം ജീവിക്കണമെന്നായിരുന്നു നമ്മുടെ മോഹം. ആ തീരുമാനത്തിന് ന്യായീകരണമുണ്ടെങ്കിലും ആ സർജറി ചെയ്യാതിരുന്നതിൽ പിന്നീട് എനിക്ക് വലിയ പശ്ചാത്താപം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ആ അനസ്തേഷ്യയോ സർജറിയോ  കാരണമായി മരണപ്പെട്ടിരുന്നെങ്കിൽപോലും ഇത്രയും നിരാശ ഉണ്ടാകുമായിരുന്നില്ലെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിൽ പലപ്പോഴും  രൂപപ്പേടാറുണ്ട്; ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെങ്കിലും!  
കഴിഞ്ഞ തിരുവോണദിനം ഒരു ആഗസ്റ്റ് 25 ആയിരുന്നു. അതാണ് എന്റെ പിതാവ് എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ ചരമദിനം. അന്നൊരു തിരുവോണമായിരുന്നതുകൊണ്ട് എന്റെ മനസ്സിൽ ആ കലണ്ടർ തീയതിയെക്കാൾ തിരുവോണമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. വാപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു തിരുവോണം. അന്ന് ഉച്ചയ്ക്കും സായാഹ്നത്തിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്താണ് വാപ്പയുടെ ശരീരവും ജീവനും തമ്മിലുള്ള വിനിമയബന്ധം നിലച്ചുപോയത്. പക്ഷെ അതൊക്ക ഭൗതികമായ യാഥാർത്ഥ്യങ്ങൾ മാത്രം. എന്റ് ശരീരവും ജീവൻ എന്ന അദ്ഭുതവും തമ്മിലുള്ള ബന്ധം  നിലച്ചു പോകും വരെ എന്റെ ആത്മാവബോധങ്ങളിലെപ്പോഴും ഒരിക്കലും മരിക്കാത്ത ഒരു അദ്ഭുതമനുഷ്യനായി എന്റെ വാപ്പാ ഉണ്ടായിരിക്കും!

Sunday, July 14, 2019

ഷെമീർ സുബൈർ എസ് ഐ ആയി

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും പി എസ് സി ടെസ്റ്റ് വഴി നേരിട്ട് എസ് ഐ ആകുന്ന ആദ്യത്തെ വിദ്യാർത്ഥി ഷെമീർ സുബൈർ. വട്ടപ്പാറ സ്വദേശി. ഇപ്പോൾ തട്ടത്തുമലമറവക്കുഴിയിൽ സ്വന്തമായി വീടുവച്ച് താമസമായി. തട്ടത്തുമല സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ പാസ്റ്റിന്റെ കൂടി ഭാഗമായ ഷെമീറിന് ആദ്യം പാസ്റ്റിന്റെ പ്രസിഡന്റ് എന്നനിലയ്ക്കുള്ള അഭിനന്ദനം അറിയിക്കുന്നു. വ്യക്തിപരമായി പറഞ്ഞാൽ എന്റെ വിദ്യാർത്ഥിയും പിന്നീട് ന്യൂസ്റ്റാർ കോളേജിലെ അദ്ധ്യാപകനുമായിരുന്നു ഷെമീർ സുബൈർ.  എസ്.ഐ ആയി ജോയിന്റ് ചെയ്തു. തൃശൂരിൽ ട്രെയിനിംഗ് ആരംഭിച്ചു. ഇതിനു മുമ്പ് വിജിലൻസിലായിരുന്നു. എന്റെ അറിവും ഓർമ്മയും ശരിയാണെങ്കിൽ തട്ടത്തുമല പ്രദേശത്തു നിന്നും തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും ഡയറക്ട് പി.എസ്.സി ടെസ്റ്റ് വഴി എസ്.ഐ ആകുന്ന ആദ്യത്തെ ആളാണ് ഷെമീർ. പോലീസുകാരും പ്രമോഷൻ എസ്.ഐമാരും ഒരു പാടുണ്ട് തട്ടത്തുമലയിൽ. പോലീസിൽ നല്ലൊരു പങ്ക് എന്റെ വിദ്യാർത്ഥികൾ തന്നെ! എന്നാൽ ഡയറക്ട് എസ്.ഐ ഇതാദ്യം.സ്റ്റാർ കോളേജിൽ എന്റെ വിദ്യാർത്ഥിയായും ന്യൂസ്റ്റാർ കോളജിൽ വർഷങ്ങളോളം എനിക്കൊപ്പം അദ്ധ്യാപകനായി നിന്ന് എന്നെയും സ്ഥാപനത്തെയും സഹായിച്ച, ന്യൂസ്റ്റാറിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച് ഇപ്പോൾ വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്ന നിരവധി പേരിൽ ഒരാളുമായ ഷെമീറിന് എന്റെയും ന്യൂസ്റ്റാർ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അഭിനന്ദനങ്ങൾ!

Friday, January 26, 2018

നവതയുടെ മികവുകളിലേയ്ക്ക് മിഴിതുറന്ന്

നവതയുടെ മികവുകളിലേയ്ക്ക്  മിഴിതുറന്ന്
തട്ടത്തുമല ഗവ.എച്ച്.എസ്.എസ്



കെ.ജി.ബിജു (പി ടി.എ പ്രസിഡന്റ്‌)

അറിവിന്റെയും സ‍ര്‍ഗാത്മകതയുടെയും ആധുനികസൗകര്യങ്ങളുടെയും വിശാലമായ ലോകത്തേയ്ക്ക് മിഴി തുറക്കുകയാണ് നമ്മുടെ സ്കൂള്‍. പ്രീപ്രൈമറി മുതല്‍ ഹയ‍ര്‍ സെക്കന്‍ഡറി വരെ എല്ലാ ക്ലാസുകളിലും ലാപ്ടോപ്പും പ്രൊജക്ടറുകളും മള്‍ട്ടി മീഡിയ സൗണ്ട് സിസ്റ്റവും സ്ഥാപിക്കുന്നു. പത്തു കമ്പ്യൂട്ടറുകള്‍ വീതമുള്ള രണ്ട് എയ‍ര്‍ കണ്ടീഷന്‍ഡ് കമ്പ്യൂട്ടര്‍ ലാബുകള്‍ എല്‍പി യുപി വിഭാഗങ്ങള്‍ക്ക് സ്വന്തമാകുന്നു. എന്നാല്‍ അതുക്കുംമേലെ ആക‍ര്‍ഷകവും ക്രിയാത്മകവുമായിരിക്കും "മിഴി" എന്ന ഇന്‍ററാക്ടീവ് ചാനല്‍.

ആധുനികസൗകര്യങ്ങളുള്ള മീഡിയാ റൂം. എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള കണക്ടിവിറ്റി. മീഡിയാ റൂമില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം ഇനി കാണാനാകും. പൊരിവെയിലത്ത് ദീ‍ര്‍ഘനേരം കുട്ടികള്‍ക്കു നില്‍ക്കേണ്ടി വരുന്ന സ്കൂള്‍ അസംബ്ലിയും ഇനി പഴങ്കഥയാകും. ഓരോ ക്ലാസുകള്‍ക്കും ചുമതല നല്‍കി സ്കൂള്‍ അസംബ്ലികളുടെ എണ്ണം കൂട്ടാം, ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം, ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വാ‍ര്‍ത്തകള്‍ വായിക്കാം. സെമിനാറുകള്‍ നടത്താം, പൊതുവായ ക്ലാസുകള്‍ സംഘടിപ്പിക്കാം. ഇപ്പോള്‍ത്തന്നെ ഇന്‍ററാക്ടീവ് ചാനലുകളുള്ള മറ്റു സ്കൂളുകളുമായി ബന്ധം സ്ഥാപിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിദഗ്ധ‍ര്‍ക്ക് സ്കൂളില്‍ വരാതെ തന്നെ കുട്ടികളോട് തത്സമയം സംവദിക്കാം... അങ്ങനെ സാധ്യതകളുടെ മഹാവൈവിദ്ധ്യങ്ങളിലേയ്ക്കാണ് സ്കൂളിന്റെ മിഴി തുറക്കുന്നത്.

ക്ലാസിനുള്ളില്‍ മാത്രമല്ല, "മിഴി" ചാനല്‍ ദൃശ്യമാവുക. ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകുന്നുണ്ട്. ലോകത്തെവിടെയുമുള്ളവര്‍ക്ക് ഒരു സ്മാര്‍ട് ഫോണിലൂടെ നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗപ്രകടനങ്ങള്‍ കാണാനാവും. നമ്മുടെ നാട്ടുകാരും പൂ‍ര്‍വവിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. അവരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളുമൊക്കെ സ്കൂളിലേയ്ക്കു പെയ്യട്ടെ.

വൈവിദ്ധ്യമാ‍ര്‍ന്ന കഴിവുകള്‍ക്കുടമകളാണ് കുട്ടികള്‍. അവയുടെ പ്രകാശനത്തിനൊരു മികച്ച നിലവാരമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്കും പൂ‍‍ര്‍വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മറ്റു പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു സമ്പ‍ര്‍‌ക്കസംവിധാനമായി "മിഴി" പ്രവര്‍ത്തിക്കും.

കഴിവും സാമര്‍ത്ഥ്യവുമുള്ള നമ്മുടെ മികച്ച അധ്യാപകര്‍ക്ക് സാമൂഹ്യമായ ഒരു പിന്തുണാ സംവിധാനമായി ഈ സംരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും മാറുമെന്ന് പ്രത്യാശിക്കാം. നമ്മുടെ പൊതു വിദ്യാലയങ്ങളെ അന്ത‍ര്‍ദേശീയ നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. വന്‍തോതില്‍ സാമ്പത്തിക സഹായം പൊതുവിദ്യാലയങ്ങള്‍ക്ക് ലഭ്യമാകുന്നു. ജനകീയ പിന്തുണ സ്കൂളുകള്‍ക്ക് ഉറപ്പുവരുത്താന്‍ പലതലങ്ങളില്‍ പരിപാടികളുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് എന്തു സഹായവും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്കൂളുമായി ജൈവബന്ധം സ്ഥാപിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനും സീനിയ‍ര്‍ അസിസ്റ്റന്റുമായ ജി പി ലാല്‍ ആണ് നമ്മുടെ ചാനലിന് മിഴിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അടിപൊളിയൊരു ലോഗോ ചെയ്തത് ടെക്ജെൻഷ്യയിലെ അഭിലാഷ് ശശിധരൻ. ഇരുവർക്കും മനംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും തുടര്‍ന്ന് സബ്ജില്ലാ യൂത്ത് ഫെസ്റ്റിവെലിലും സ്കൂളില്‍ കണ്ട ഉണര്‍വ് നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയും ഭാവനയുമുള്ള ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും നമുക്കുണ്ട്. അവര്‍‌ക്കൊപ്പം നല്ലൊരു ടീമും ആയിക്കഴിഞ്ഞു.

അവര്‍ക്കു വേണ്ട പിന്തുണയാണ് സമൂഹം നല്‍കേണ്ടത്. ഏറ്റവും ഫലപ്രദമായി ആ പിന്തുണ നല്‍കാന്‍ മിഴി ചാനലിനു കഴിയുമെന്നാണ് പ്രത്യാശ.

ഈ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം വരുന്ന ഫെബ്രുവരി 9 വെള്ളിയാഴ്ച സ്കൂളില്‍ നടക്കും. ബഹുമാന്യരായ ഡോ. ടി. എം. തോമസ് ഐസക്കും പ്രൊഫ. സി. രവീന്ദ്രനാഥും സ്കൂളിലെത്തുന്നു. ഉദ്ഘാടനവും തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികവും മിഴി ചാനല്‍ വഴി ലൈവായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെ സാധ്യമാകാന്‍ നമ്മെ സഹായിച്ച ഒത്തിരിപ്പേരുണ്ട്. അവരില്‍ പേരെടുത്തു പറയേണ്ടത് രണ്ടുപേരെയാണ്. എം ഗോപകുമാറും ജോയ് സെബാസ്റ്റ്യനും. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അവര്‍ക്കുള്ള നന്ദി യഥാവിധി പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തല്‍ക്കാലം അത്രമാത്രം പറയാം.

Wednesday, December 27, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ


പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Thursday, November 16, 2017

അർത്ഥാന്തരങ്ങൾ


അർത്ഥാന്തരങ്ങൾ

ആരാണീ രാഷ്ട്രീയ ശത്രു? അല്ലെങ്കിൽ എന്താണീ രാഷ്ട്രീയ ശത്രു? ജനാധിപത്യ സമൂഹത്തിൽ വ്യത്യസ്തമായ  ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള വിവിധ  രാഷ്ട്രീയപ്രസ്ഥാനങ്ങളുണ്ടാകും. രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലാത്ത രാഷ്ട്രീയ ചിന്താധാരകളും അവയിൽ ഏതെങ്കിലുമൊക്കെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും ചിന്തകരും ഒക്കെ ഉണ്ടാകും. ഇവരെല്ലാം ചേർന്നാണ് ജനാധിപത്യപ്രക്രിയയെ സാക്രികമാക്കുന്നതും ശക്തിപ്പെടുത്തുന്നതും നില നിർത്തുന്നതും. എല്ലാവർക്കും  ഒരേതരത്തിലുള്ള  ആശയങ്ങളും ചിന്തകളും കർമ്മങ്ങളും വച്ചുപുലർത്താൻ കഴിയില്ല. ഓരോരുത്തരുടെയും വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ  ജീവിത സാഹചര്യങ്ങളും രാഷ്ട്രീയ-സാംസ്കാരിക  പരിസരങ്ങളും  അറിവുകളും അനുഭവങ്ങളും അഭിരുചികളും എല്ലാം ആണ് ഒരാളുടെ ചിന്തകളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത്. 

അതുകൊണ്ടു തന്നെ ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പക്ഷാന്തരങ്ങൾ ഉണ്ടായിരിക്കും എന്നല്ലാതെ ഇതരപക്ഷ രാഷ്ട്രീയം വച്ചു പുലർത്തുന്നവരെ “രാഷ്ട്രീയ ശത്രു”  “രാഷ്ട്രീയ പ്രതിയോഗി” എന്നിങ്ങനെയുള്ള കടുത്ത പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നത് തീർത്തും ഉചിതമല്ല. ഇതരപക്ഷക്കാരൻ-കാരി, അല്ലെങ്കിൽ ഇതരപക്ഷക്കാർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ആകാം. അങ്ങേ അറ്റം പോയാൽ രാഷ്ട്രീയ എതിരാളി(കൾ) എന്നു പറയാം. കളിയിടങ്ങളിൽ എതിർടീം ഉള്ളതുപോലെ രാഷ്ട്രീയത്തിലും എതിർടീം ഉണ്ടാകും എന്നേയുള്ളൂ. അതുകൊണ്ട് വേണമെങ്കിൽ രാഷ്ട്രീയത്തിലെ എതിർ ടീം എന്നും പ്രയോഗിക്കാം. രാഷ്ട്രീയം വ്യത്യസ്തമാകുന്നതുകൊണ്ട് രണ്ടു പേർ തമ്മിൽ പരസ്പരം രാഷ്ട്രീയ ശത്രുക്കളാകുന്നതെങ്ങനെ? അല്ലെങ്കിൽ എന്തിന്? ഒരു വീട്ടിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുനവരുണ്ടെങ്കിൽ അവർ എങ്ങനെ ശത്രുക്കളാകും? ശത്രു എന്ന പ്രയോഗം രാഷ്ട്രീയ വ്യവഹാരത്തിൽ ഉപയോഗിക്കാനേ പാടുള്ളതല്ല.

രാഷ്ട്രീയത്തിന്റെ കാര്യം സൂചിപ്പിച്ചതുപോലെ തന്നെ മതങ്ങളുടെ കാര്യവും. പലരും തങ്ങളുടേതല്ലാത്ത മതക്കാരെ ഉദ്ദേശിച്ച് അന്യമതസ്ഥർ എന്നു പറയുന്ന രീതിയും ശരിയല്ല. മതത്തിന്റെ കാര്യത്തിൽ എതിർ മതം എന്ന് പറയുന്നതു പോലും ശരിയല്ല. ഒരു മതവും മറ്റൊരു മതത്തിന് എതിരായി വർത്തിക്കുനവയല്ല. മാത്രവുമല്ല ഒരു മതം മറ്റൊരു മതസ്തന് അന്യവുമല്ല. എല്ലാ മതങ്ങളും എല്ലാവർക്കും ഉള്ളതാണ്. ഇഷ്ടം പോലെ ഏത് മത വിശ്വാസത്തെയും പിൻപറ്റാം. അതുകൊണ്ടു തന്നെ ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റ് മതസ്ഥരെ അന്യമതസ്ഥർ, എതിർ മതസ്ഥർ എന്നൊന്നുമല്ല വിശേഷിപ്പിക്കേണ്ടത്. ഇതര മതസ്ഥർ, മറ്റ് മതസ്ഥർ, സഹോദര മതസ്ഥർ എന്നൊക്കെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. വിശേഷണത്തിനുപയോഗിക്കുന്ന പദങ്ങൾ പോലും കരുതലോടെ വേണം ഉപയോഗിക്കാൻ. ഒരേ അർത്ഥമുള്ള എല്ലാപദങ്ങളും എല്ലാ സന്ദർഭങ്ങളിലും  ഒരേ പോലുള്ള അർത്ഥധ്വനികളെയല്ല ദ്യോതിപ്പികുക. ആഹാരം തിന്നൂ എന്ന് പറയുന്നതും കഴിക്കൂ എന്നു പറയുന്നതും ഒരേ അർത്ഥത്തിലാണെങ്കിലും കേൾക്കുന്നവനിൽ അത് രണ്ട് തരത്തിലുള്ള അനുരണങ്ങളാണ് ഉണ്ടാക്കുക. ഓരോ സന്ദർഭത്തിനും ഇണങ്ങും വിധം അനുയോജ്യമായ പദങ്ങളാണ് എഴുത്തിലും സംസാരത്തിലും ഉപയോഗിക്കേണ്ടത്.

പലയിടത്തും രാഷ്ട്രീയ കൊലപാതകങ്ങളും വർഗ്ഗീയ കൊലപാതകങ്ങളും ഒക്കെ നടക്കുമ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഇവർക്ക് എന്നും മുഖത്തോടു മുഖം കാണുന്ന, പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരേ നാട്ടിൽ ജീവിക്കുന്ന ആളുകളെ പരസ്പരം കൊല്ലാൻ കഴിയുന്നതെന്ന്. ഈയുള്ളവനും ഒരു പ്രത്യേക രാഷ്ട്രീയ വിശ്വാസം വച്ചു പുലർത്തുന്ന ആളാണ്. പക്ഷെ എന്റെ നാട്ടിലെ ഇതര രാഷ്ട്രീയവിശ്വാസികളെ വകവരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയില്ല. കാരണം അത്രമേൽ ഇടപഴകിയാണ് നമ്മൾ ജീവിക്കുന്നത്. യോജിപ്പുകളും വിയോജിപ്പുകളും ഒക്കെ ഉണ്ടാകുമെങ്കിലും ഒരു കൂട്ടുകുടുംബം പോലെ ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്ക് ആശയങ്ങൾ വ്യത്യസ്തമായിപ്പോയി എന്നതിന്റെ പേരിൽ ഒരാളെ കൊല്ലാൻ എങ്ങനെ കഴിയും? അഥവാ എന്തിന് കൊല്ലുന്നു? ഈ കൊല്ലുന്നവന് പിന്നെ ജീവിതത്തിൽ എന്നെങ്കിലും മന:സമാധാനം ഉണ്ടാകുമോ? ഭയപ്പെടാതെ ജീവിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ തന്നെ ഒരു കൊലയാളി എന്ന മേൽവിലാസത്തിൽ ജീവിക്കുന്നതിൽ എന്തർത്ഥം?    

ഞാൻ വിദ്യാർത്ഥിരാഷ്ട്രീയ കാലം മുതൽ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം കലാലയങ്ങളിലായാലും പ്രദേശങ്ങളിലായാലും രാഷ്ട്രീയ കൊലപാതകങ്ങൾ എന്നറിയപ്പെടുന്ന പല കൊലപാതകങ്ങളുടെയും കാരണം രാഷ്ട്രീയമല്ല. വ്യക്തിഗതമായ പ്രശ്നങ്ങൾ സംഘർഷാത്മകമാകുമ്പോൾ ബന്ധപ്പെട്ട വ്യക്തികളുടെ രാഷ്ട്രീയം നോക്കി രാഷ്ട്രീയ കക്ഷികൾ സ്വയം ഇടപെടുകയോ ബന്ധപ്പെട്ട കക്ഷികൾ തങ്ങളുടെ രാഷ്ട്രീയ കക്ഷികളുടെ സഹായം തേടി അവരെ ഇടപെടുത്തുകയോ ചെയ്യുമ്പോഴാണ് അവയ്ക്ക് രാഷ്ട്രീയമാനം വരുന്നത്. അല്ലാതെ ആശയങ്ങൾ തമ്മിൽ സവദിക്കുന്നത് അക്രമത്തിന് കാരണമാകുന്നതെങ്ങനെ? വാക്കുകൾ കൊണ്ടും പ്രവർത്തന രീതികൾകൊണ്ടും മത്സരിക്കുന്നിടത്ത് ആയുധങ്ങൾക്ക് എവിടെയാണ് സ്ഥാനം? മതങ്ങളെ സംബന്ധിച്ചും ഇതുതന്നെ പറയാനുള്ളത്.  

Saturday, December 7, 2013

കിളിമാനൂർ ജില്ല വേണം


കിളിമാനൂർ ജില്ല വേണം

തിരുവനന്തപുരം ജില്ലയിൽ വർക്കല, വാമനപുരം, കൊല്ലം ജില്ലയിലെ കടയ്ക്കൽ അഥവാ ചടയമംഗലം എന്നീ പുതിയ താലൂക്കുകൾ രൂപീകരിച്ച് കിളിമാനൂർ ആസ്ഥാനമാക്കി കിളീമാനൂർ ജില്ല രൂപീകരിക്കണം. അല്ലെങ്കിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (വടക്ക് പടിഞ്ഞാറും വടക്കു കിഴക്കും) നെടുമങ്ങാട് താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (തെക്ക് കിഴക്ക്) കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (വടക്കു കിഴക്ക്) എടുത്ത് ഉചിതമായ താലൂക്കൾ രൂപീകരിച്ച് കിളീമാനൂർ ആസ്ഥാനമാക്കി പുതിയ കിളിമാനൂർ ജില്ല രൂപീകരികണം. ആറ്റിങ്ങൽ ആസ്ഥാനമാക്കി ആറ്റിങ്ങൽ ജില്ല വന്നാലും മതി. അങ്ങനെയെങ്കിൽ പുതിയ കിളിമാനൂർ താലൂക്ക് രുപീകരിക്കണം. എന്തായാലും മേൽ പറഞ്ഞ ഭാഗങ്ങൾ ഉൾപ്പെട്ട പുതിയൊരു ജില്ല വരണം.

Thursday, October 3, 2013

വെളുത്തിരൻ ഓർമ്മയായി


വെളുത്തിരൻ ഓർമ്മയായി

തട്ടത്തുമല, 2013 ഒക്ടോബർ 3: തട്ടത്തുമലയിലെ പ്രശസ്ത കർഷകത്തൊഴിലാളിയും “മീൻ‌വെട്ടുവിദഗ്ദ്ധനും”  നാട്ടുകാർക്ക് ഏറെ  സുപരിചിതനും പ്രിയങ്കരനുമായിരുന്ന വെളുത്തിരൻ ഇന്ന് രാവിലെ മരണപ്പെട്ടു.  ജീവിതത്തിലുടനീളം നാട്ടുകാരുടെ ഉൾനിറഞ്ഞ സ്നേഹവായ്പുകൾ  ഏറ്റുവാങ്ങി ജീവിച്ച  പരേതന്റെ  പ്രായം ആർക്കും അത്രമേൽ നിശ്ചയമില്ല. നൂറുവയസ്സിനു മുകളിൽ പ്രായമുണ്ടാകുമെന്ന കാര്യത്തിൽ അധികമാരും തർക്കിച്ചു കാണുന്നില്ല. അപൂർവ്വം  മാത്രം ഉടുപ്പിട്ടു കാണുന്ന  വെളുത്തിരൻ എന്ന ഈ ദളിദ് വൃദ്ധൻ    മുട്ടിനുമേൽ ഇത്തിരിതുണ്ടം തുണിയുമുടുത്ത് ഇളിയിൽ ഒരു വെട്ടുകത്തിയുമായി ഒരു ചെറുവടിയും കുത്തി നടന്നു നീങ്ങുന്നത് ഏവർക്കും  കൌതുകമുള്ള കാഴ്ചയായിരുന്നു. ഒരു വട്ടക്കണ്ണടയും അല്പം കൂടി പൊക്കവും ഉണ്ടായിരുന്നെങ്കിൽ സാക്ഷാൽ  ഗാന്ധിജിയെപ്പോലെ തന്നെയിരുന്നേനെ!  സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരുടെയും കുശലാന്വേഷണങ്ങൾക്ക് കാതുകൊടുത്ത് മുച്ചുണ്ടു നീട്ടി നിഷ്കളങ്കമയി  ചിരിച്ചുനിന്ന് മറുപടിയേകാൻ  ഇനി വെളുത്തിരനില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട വെളുത്തിരൻ ഇനി ഓർമ്മകളിൽ മാത്രം. പേരു വെളുത്തിരൻ എന്നാണെങ്കിലും ആളു “കറുത്തിരനായിരുന്നു“. കുള്ളനല്ലെങ്കിലും അധികം ഉയരമില്ലാത്ത ഈ മനുഷ്യന്റെ മൊത്തത്തിലുള്ള ശരീരഘടന ഓർമ്മയിൽ എപ്പോഴും തങ്ങിനിൽക്കും വിധമായിരുന്നു.

ജന്മനാ മുച്ചുണ്ട് എന്ന ദൌർഭാഗ്യം ബാധിച്ചിരുന്നതിനാൽ അദ്ദേഹം സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരുന്നു.   മുച്ചുണ്ട് എന്നാൽ ചുണ്ടിന്റെ ഒരുവശം കീറി വായ് പൂർണ്ണമായുമടച്ചുവയ്ക്കനാകാത്ത അവസ്ഥ; സംസാരിക്കാനും  അല്പം പ്രയാസമുണ്ടാകും. ശബ്ദം മൂക്കിൽ നിന്നും വരുമ്പൊലെ തോന്നും. അതുകൊണ്ടാകാം ആവശ്യത്തിലധികം സംസാരിക്കുന്ന പ്രകൃതം വെളുത്തിരനുണ്ടായിരുന്നില്ല. വെളുത്തിരൻ മുന്നിൽ വന്നു നിന്നാൽ അദ്ദേഹത്തിന്റെ ഇംഗിതമെന്തെന്ന് പറയാതെതന്നെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാമായിരുന്നു. പൈസയാണു വേണ്ടതെങ്കിൽ വീട്ടിന്റെ മുൻ‌വശത്തു വന്നു നിൽക്കും. അല്ല വിശന്നിട്ടാണു വരവെങ്കിൽ നേരെ വീടിന്റെ അടുക്കള ഭാഗത്ത് ചെന്ന് ഒരു ചെറുസദ്യയുണ്ണാനുള്ള തയ്യാറെടുപ്പോടെ ചമ്രം പടഞ്ഞിരിക്കും. തമ്പ്രാക്കൾ കോരനു കഞ്ഞി കുമ്പിളിൽ നൽകിയിരുന്ന പണ്ടത്തെ ദളിതരുടെ ആ  ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ   തറയിലെവിടെയെങ്കിലുംതന്നെ വെളുത്തിരന്റെ  ആ ഇരിപ്പ്!  വെളുത്തിരനു ഒരു ചെറുതുകയോ  ഒരു നേരത്തെ ആഹാരമോ മിക്ക വീടുകളിലും ഒരു അവകാശം പോലെ ആയിരുന്നു. ആവുന്ന കാലത്ത് അവരുടെയൊക്കെ നിലങ്ങളിലും കരപ്പുരയിടങ്ങളിലും എല്ലാം എല്ലുമുറിയെ പണിചെയ്തിട്ടുള്ളതാണ് വെളുത്തിരൻ. അതുകൊണ്ടുതന്നെ അത് അദ്ദേഹത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായിരുന്നു. തട്ടത്തുമല കവലയിൽ വച്ച് വെളുത്തിരനെ കാണുന്ന പരിചയക്കാർ പലരും ഇടയ്ക്കിടെ  ചോദിക്കാതെതന്നെ ചെറുതുകകൾ  സംഭാവനകൾ നൽകിയിരുന്നു.

 

ആരോഗ്യമുള്ളകാലമത്രയും  വയലായ വയലുകളും  കരയായ കരകളും ഉഴുതുമറിച്ച് മണ്ണൊരുക്കി  മണ്ണിൽ പൊന്നു വിളയിച്ച ഈ കർഷകത്തൊഴിലാളിയെ അത്രവേഗം ആർക്കും മറക്കാനാകില്ല. കാളപൂട്ടിയും മൺ‌വെട്ടികൊണ്ടും ഉഴുതുമറിച്ച് പച്ചപ്പു വിരിച്ച് സ്വർണ്ണവ്വർണ്ണത്തിൽ നെൽമണികൾ  വിളയിച്ചിരുന്ന  കൃഷിനിലങ്ങളിൽപോലും കോൺക്രീറ്റ്കൃഷികൾ  ആകാശത്തോളം വളർന്നു പരിലസിച്ചു  നിൽക്കുമ്പോഴും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാതെ, തല ചായ്ക്കാൻ സ്വന്തമായി ഒരു കുടിൽ‌ക്കൂരയെങ്കിലുമില്ലാതെ  മണ്മറഞ്ഞുപോയ എത്രയോ “കറുത്തിരന്മാർക്ക്“ പിന്നാലെ പേരുകൊണ്ടു വെളുത്തിരനായ  ഒരു കറുത്തിരൻ കൂടി ഓർമ്മയായി. വയലുകളിലാണ്  വെളുത്തിരൻ കൂടുതലും  പണിയെടുത്തിരുന്നത്. നിലമൊരുക്കലിന്റെയും നെൽകൃഷിയുടെയും കാര്യത്തിൽ പരിണിതപ്രജ്ഞനായിരുന്നു വെളുത്തിരൻ. പ്രത്യേകിച്ച്  മറ്റ്  പണികളൊന്നുമില്ലാത്ത സമയങ്ങളിലും  മിക്കവാറും ഏതെങ്കിലും വയൽ വരമ്പിലോ തോട്ടുവരമ്പിലോ കുത്തിയിരുന്ന് വെളുത്തിരൻ ചൂണ്ടയിടുന്നതു കാണാം. ചിലപ്പോൾ വെട്ടുകത്തിയുമായി മീൻ വെട്ടാൻ വാക്കുനോക്കി വയലിലും തോട്ടിലുമൊക്കെ ഇറങ്ങി നടക്കുന്നുണ്ടാകും. എപ്പോഴുമിങ്ങനെ വയൽനിലങ്ങളെ ചുറ്റിപ്പറ്റി  കഴിഞ്ഞുകൂടുന്നതുകൊണ്ട്  വെളുത്തിരം പോയാൽ അങ്ങേ കണ്ടം അല്ലെങ്കിൽ ഇങ്ങേകണ്ടം എന്നൊരു ചൊല്ലുതന്നെ നാട്ടിലുണ്ടായി.

വർദ്ധക്യത്തിന്റെ അനാരോഗ്യം മൂലം  മണ്ണിൽ അദ്ധ്വാനിക്കുവാനുള്ള ശേഷി തീരെ ഇല്ലാതായശേഷവും തന്റെ ഇഷ്ടവിനോദവും “അഡീഷണൽ” തൊഴിലുമായിരുന്ന  തോട്ടു മീൻ പിടിക്കൽ  വെളുത്തിരൻ  അടുത്തകാലം വരെയും തുടർന്നിരുന്നു. നടക്കാൻ തീരെ പ്രയാസമനുഭവപ്പെട്ടു തുടങ്ങിയിട്ടേ തന്റെ ഇഷ്ട വിനോദം കൂടിയായ തോട്ടുമീൻ‌പിടിത്തം  അദ്ദേഹം നിർത്തിയുള്ളൂ. തോട്ടു മീനുകളെ വെട്ടിപ്പിടിക്കുന്നതിലും ചൂണ്ടയിട്ട് പിടിക്കുന്നതിലും  അതീവ സാമർദ്ധ്യമായിരുന്നു അദ്ദേഹത്തിന്. കൊണ്ടു വച്ചിരുന്നത് എടുക്കുന്നതുപോലെയാണ് തോടുകളിൽ ആ ഈ മനുഷ്യൻ  മീൻപിടിക്കുന്നത്!  തരപ്പെട്ടാൽ മീൻവെട്ടാനാണ് സദാ ഒരു വെട്ടുകത്തി ഇളിയിൽ തൂക്കി നടക്കുന്നത്. എപ്പോഴും ശാന്തനും സമാധാന പ്രിയനുമായിരുന്ന വെളുത്തിരനു പക്ഷെ മിൻവെട്ടുന്ന സമയത്ത്  വല്ലാത്തൊരാവേശവും വെപ്രാളവുമൊക്കെയാണ്. നിമിഷങ്ങൾക്കുള്ളിൽ കനത്തു നീണ്ട എത്രയോ നെടുമീനുകൾ തന്റെ  വെട്ടുകത്തിക്കിരയായും ചൂണ്ടനൂലിൽ കുരുങ്ങിയും  വെളുത്തിരന്റെകൈകളിലായിരിക്കുന്നു! വെട്ടുകത്തിയോ  ചൂണ്ടയോ ഒന്നുമില്ലാതെ  ഫ്രീഹാൻഡിൽത്തന്നെ മീൻപിടിക്കുന്നതിലും വിരുത് കാട്ടിയിരുന്ന വെളുത്തിരൻ. മണിക്കൂറുകളോളം ചൂണ്ടയുമിട്ട് പലരും നിരാശരായിരിക്കുമ്പോഴാകും വെളുത്തിരന്റെ പെർഫോമൻസ്. ഇത് എല്ലാവരെയും   അതിശയിപ്പിച്ചിരുന്നു.  മഴക്കലാമായാൽ അദ്ദേഹം കിലോമീറ്ററുകൾ താണ്ടി വിവിധ സ്ഥലങ്ങളിൽ പോയി  തോട്ടു‌മീൻ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നു. മഴക്കാലമായിരുന്നു അദ്ദേഹത്തിന്റെ ആഘോഷകാലം  എന്നുതന്നെ പറയാം.

പക്ഷെ താൻ പിടിക്കുന്ന വിലപിടിപ്പുള്ള നെടുമീനുകളെ വിലപേശി വിൽക്കാൻ മാത്രം ഈ പാവം നിരക്ഷരന് അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ചെറിയ നോട്ടുകൾ നൽകിയാൽ വെളുത്തിരൻ പിടിച്ച മീനുകളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്  പലരും ചൂഷണം ചെയ്തിരുന്നു. തട്ടത്തുമലക്കാരല്ല,  തട്ടത്തുമലയ്ക്ക് പുറത്തുള്ള ആളുകളാണ് അങ്ങനെ ആ പാവത്തിനെ  പറ്റിച്ചിരുന്നത്. സ്വന്തം നാട്ടുകാർക്ക് വെളുത്തിരനെ അങ്ങനെ പറ്റിയ്ക്കാൻ ഒരിക്കലും മനസ്സനുവദിക്കില്ല. തട്ടത്തുമല പ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ വച്ച് വെളുത്തിരനെ പറ്റിച്ചും വിരട്ടിയും  മീൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽ‌പ്പെടുന്ന  തട്ടത്തുമലക്കാർ ഇടപെട്ട് പറ്റിപ്പുകാരിൽ നിന്ന് വെളുത്തിരനെ രക്ഷപ്പെടുത്തിയ  സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. വെളുത്തിരന്റെ   അദ്ധ്വാനഫലത്തെ പറ്റിച്ചുവാങ്ങുന്നത് കണ്ടു നിന്നാൽ തട്ടത്തുമലക്കാരുടെ ധാർമ്മികരോഷം ഉണരാതിരിക്കില്ലല്ലോ! തട്ടത്തുമലയിൽ ത്തന്നെ എം.സി റോഡിനരികിൽ  വെളുത്തിരൻ പിടിച്ച മീനുകളെ പ്രദർശനം-കം- വില്പനയ്ക്കു വയ്ക്കുമ്പോൾ മീൻ കാണാനും  വാങ്ങാനുമായി അതുവഴി പോകുന്ന വാഹനങ്ങൾ നിർത്തി യാത്രക്കാരിറങ്ങിയിരുന്നു. അപ്പോൾ വെളുത്തിരൻ പറ്റിയ്ക്കപ്പെടാതിരിക്കാൻ   മീനിന്റെ വില നിശ്ചയിക്കുന്നത് നാട്ടുകാരായിരുന്നു.

അനാരോഗ്യം മൂലം കാർഷികജോലികളും  തോട്ടുമീൻ പിടിത്തവും ഉൾപ്പെടെ എല്ലാജോലികളിൽ നിന്നു വിരമിച്ചശേഷം നാട്ടിലെ ഓരോ വീടുകളിലും കയറിയിറങ്ങിയും തട്ടത്തുമലക്കവലയിൽനിൽക്കുമ്പോൾ ആളുകൾ അറിഞ്ഞു നൽകുന്ന ചെറുസംഭാവനകൾ കൊണ്ടും   അന്നന്നത്തെ വിശപ്പിന്റെ പ്രശ്നം ഭക്ഷണപ്രിയനായ  വെളുത്തിരൻ പരിഹരിച്ചു പോന്നു. വെളുത്തിരൻ വളരെ സമാധാനത്തിലിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടു നിൽക്കുന്നവർ ഭക്ഷണത്തോട് ആദരവുള്ളവരായി മാറും. വാർദ്ധക്യത്തിന്റെ അത്യുച്ചാവസ്ഥയിലും വഴിയായ  വഴികളിലും വീടായ വീടുകളിലും നിരന്തര സാന്നിധ്യമായിരുന്നു വെളുത്തിരൻ. പ്രായത്തിന്റെ അവശതകൾ കുറച്ചേറെ അലട്ടിത്തുടങ്ങിയിട്ടും  ഏതാനും നാളുകൾക്കു മുമ്പുവരെയും അദ്ദേഹം  ഇറങ്ങി നടന്നിരുന്നു. ഏതാണ്ട് മൂന്നു മാസത്തിനിപ്പുറമാണ് ദീർഘായുഷ്മാനായ വെളുത്തിരൻ തീരെ കിടപ്പിലായത്. വെളുത്തിരന്റെ ഭാര്യ വർഷങ്ങൾക്കുമുമ്പേ മരിച്ചു. പകൽ മുഴുവൻ ഊരു ചുറ്റിയശേഷം മക്കളുടെയും ചെറുമക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറിമാറിയായിരുന്നു വെളുത്തിരന്റെ അന്തിയുറക്കം.

എത്രയോ വർഷങ്ങളായി എന്റെ വീട്ടിലും അത്ര ദൈർഘ്യമില്ലാത്ത ഇടവേളകൾവച്ച് സന്ദർശനം നടത്തിയിരുന്ന ആളാണ് വെളുത്തിരൻ. വെളുത്തിരന്റെ സന്ദർശനങ്ങളും അദ്ദേഹത്തിനു   ചെറുകൈമടക്കും   ഭക്ഷണം നൽകലുമെല്ലം നാട്ടിൽ മറ്റ് പലരെയുമെന്നപോലെ എനിക്കും എന്റെ കുടുംബത്തിനും ഏറെ  സന്തോഷമുള്ള കാര്യങ്ങളായിരുന്നു. വെളുത്തിരനെ  സ്നേഹിക്കാനും വെളുത്തിരനാൽ സ്നേഹിക്കപ്പെടാനും കഴിഞ്ഞ എനിക്ക്  അദ്ദേഹത്തിന്റെ മരണം അകാലത്തിലല്ല, വാർദ്ധക്യത്തിലാണെങ്കിലും ദു:ഖമാണ്. എന്റെ  ഓർമ്മകളിൽ നിന്ന് അദ്ദേഹം അത്രവേഗം  മറഞ്ഞു പോവുകയുമില്ല.  മനുഷ്യായുസിന്റെ  പരിമിതികൾ അറിയാവുന്നതിനാൽ വെളുത്തിരനും മരിച്ചുവെന്നയാഥാർത്ഥ്യം അത്യന്തം ദു:ഖപൂർവ്വം ഉൾക്കൊണ്ടുകൊണ്ടുതന്നെ ദീർഘകാലം മണ്ണിനോട് മല്ലടിച്ച് മണ്ണിൽ ധാന്യം വിളയിച്ച കർഷകത്തൊഴിലാളിയും   നിഷ്കളങ്കനും നിരുപദ്രവകാരിയുനായിരുന്ന ആ നല്ലമനുഷ്യന്   എന്റെ ആദരാഞ്‌ജലികൾ!

Saturday, May 4, 2013

തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്


തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്.................
ഷെയർചെയ്യാനും മറക്കരുത്..................

തട്ടത്തുമല ഗവ,എച്ച്.എസ്.എസിലെ പൂർവ്വവിദ്യാർത്ഥികളോട്, തട്ടത്തുമലക്കാരായ പ്രവാസികളോട്, രക്ഷകർത്താക്കളോട്, നാട്ടുകാരോട്, നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരോടും.......

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ സ്വന്തം സർക്കാർ സ്കൂളായ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനെ സംരക്ഷിക്കുക, സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക, പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിക്കുക, അദ്ധ്യാപകരെ ആദരിക്കുക തുടങ്ങിയ ബഹുമുഖ കർമ്മപദ്ധതികളുമായി കഴിഞ്ഞ വർഷം മുതൽ പി.ടി.എയ്ക്ക് പുറമേ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം കിളിമാനൂർ ബ്ലോക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിൽനിന്നും പ്രസ്തുത പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ അനുമോദന സമ്മേളനം നടത്തുകയും വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനായി വികസന സമിതി സ്വരൂപിച്ച പണത്തിൽ മിച്ചമുണ്ടായിരുന്നത് ചെലവഴിച്ച് വിദ്യാർത്ഥികൾക്കും സ്കൂളിനും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ പിന്നീടും സ്കൂളിൽ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാർക്കും നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികൾക്കും പുറമേ പ്രവാസികളായ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണയും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായുള്ള ഈ പരിപാടികൾ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ ഉയർന്ന വിജയശതമാനം (97.4) തട്ടത്തുമല ഗവ.എച്ച്.എസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്ലസ്-ടു റിസൾട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ വരും. അതിലും കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പ്ലസ്- ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനും സ്കൂൾ അദ്ധ്യാപകരെയും പരിസരത്തെ പാരലൽ കോളേജ് അദ്ധ്യാപകരെയും ആദരിക്കുന്നത്തിനും വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നതിനുമായി സ്കൂളിൽ അനുമോദന സമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. ഇതിലേയ്ക്ക് നല്ലൊരു സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും നാട്ടിലും വിദേശത്തുമുള്ള പൂർവ്വവിദ്യാർത്ഥികളും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുകാരും ഉദ്യോഗാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ ‌(പ്രവാസികൾ അടക്കം‌) പലരും മുൻ‌വർഷത്തെ പോലെ ഇത്തവണയും അവരവരുടെ ശേഷിക്കനുസരിച്ച സംഭാവനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പലരും ഇതിനകം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളർ ആയിട്ടുള്ള നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിയാദും സുഹൃത്തുക്കളും ചേർന്ന് - (സിയാദ് ഉബൈദ് (കാനഡ)
ജിതീഷ് കുമാർ (ജപ്പാൻ), ജോമോൻ മാത്യൂ (ഇസ്രായേൽ), റിയാ റച്ചേൽ (ഡൽഹി),
അമൽ മേരീ ജോസ് (കാനഡ‌)-  നിർദ്ധനരായ പത്ത്  കുട്ടികൾക്ക് ഓരോരുത്തർക്കും പാഠപുസ്തകങ്ങൾ, നോട്ട് ബൂക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ജോഡി യൂണിഫോം എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള പണം ഉടൻ അവർ എത്തിക്കുന്നതാണ്.

ഇനിയും നാട്ടിലും വിദേശത്തുമുള്ള നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായി കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള സഹായം എത്തിക്കാൻ കഴിയുന്നവർ ഉടൻ ബന്ധപ്പെടുക. മേയ് 20 നോ 22 നോ ആയിരിക്കും അനുമോദന സമ്മേളനം നടക്കുക. ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ മിച്ചമുണ്ടെങ്കിൽ അത് കഴിഞ്ഞ വർഷത്തെ പോലെ സ്കൂളിൽ പഠന സഹായവുമായി ബന്ധപ്പട്ടകാര്യങ്ങൾക്കും സ്ക്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.

നമ്മുടെ നാട്, നമ്മുടെ സ്കൂൾ; അത് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും സഹകരിക്കുക.

സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർ ഇ.എ.സജിം, കെ.ജി. ബിജു എന്നിവരെയോ, വികസന സമിതിയുമായി ബന്ധപ്പെട്ട മറ്റുള്ള ആരെയെങ്കിലുമോ ഉടൻ ബന്ധപ്പെടുക. പ്രവാസികൾക്ക് സംഭാവനകൾ അയക്കാൻ ആ‍വശ്യമെങ്കിൽ അറിയിച്ചാൽ ബാങ്ക് അക്കൌണ്ട് നമ്പർ അയച്ചു തരുന്നതാണ്. ബാങ്ക് അക്കൌണ്ട് വഴി സംഭവനകൾ അയക്കുന്നവർ നിർബന്ധമായും ആ വിവരം ടെലിഫോൺ, മെസ്സേജ്, ഇ-മെയിൽ എന്നിവ വഴിയോ ഫെയ്സ് ബൂക്ക്, ബ്ലോഗ് എന്നിവ വഴി പരസ്യമായോ അറിയിച്ചിരിക്കണം. ഇവിടെ കമന്റ് വഴിയും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാവുന്ന നമ്പരുകൾ:

9446272270-ഇ.എ.സജിം
9447791544-കെ.ജി.ബിജു

email: easajim@gmail.com

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് വികസനസമിതിയ്ക്കുവേണ്ടി പ്രസിദ്ധീ‍കരിക്കുന്നത്

Saturday, April 13, 2013

ഫൂട്ട്ബാൾ


ഫൂട്ട് ബാൾ

ലോകത്ത് നിരവധിയായിട്ടുള്ള കായിക വിനോദങ്ങൾ ഉണ്ട്. അവയിൽ ചിലത് ലോകവ്യാപകമായിത്തന്നെ പ്രചുരപ്രചാരം നേടിയിട്ടുള്ള ജനപ്രിയ കായികവിനോദങ്ങളാണ്.  ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്ന നിരവധി കായികവിനോദങ്ങൾ വേറെയുമുണ്ട്.  ഓരോ രാജ്യവും  കായിക രംഗത്ത് അവരുടേതായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്.

ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതൽ ജനപ്രിയതയും പ്രചാരവുമുള്ള രണ്ട് കായിക വിനോദങ്ങൾ ക്രിക്കറ്റും ഫൂട്ട്ബാളും ആണ്. യഥാർത്ഥത്തിൽ ക്രിക്കറ്റ് ഇന്നത്തെ രൂപത്തിൽ ആളുകളിൽ ഒരു ജ്വരമായി മാറുന്നതിനും എത്രയോ മുമ്പ് തന്നെ ലോകത്ത് ജനപ്രിയത നേടിയ ഒരു കായിക വിനോദം ഫൂട്ട് ബാൾ ആണ്. ഇന്നും ലോകത്തെ പ്രബലമായ നല്ലൊരുപങ്ക് രാഷ്ട്രങ്ങളിലും ക്രിക്കറ്റിനേക്കാൾ പ്രചാരവും ജനപ്രിയതയും ഫൂട്ട്ബാളിനുണ്ട് എന്നതാണ് യാഥാർത്ഥ്യം. ക്രിക്കറ്റ് പോലെയോ അതിൽ നിന്നും അല്പം കൂടുതലായോ ജനങ്ങളിൽ ആവേശം സൃഷ്ടിക്കുന്ന കളിയാണ് ഫൂട്ട് ബാൾ.

പുരാതന കാലത്തോളം പഴക്കമുള്ള ഒരു കളിയാണ് ഫൂട്ട്ബാൾ. പുരാതന ഗ്രീസിലും പുരാതന റോമിലും ബാൾ കൊണ്ടുള്ള പല കളികളും നിലവിലിരുന്നു. പ്രത്യേകിച്ചും കാൽകൊണ്ട് ബാൾ  തട്ടിക്കളിക്കുന്നവ. ഇവയിൽ ചിലതിനെ  ഫൂട്ട് ബാളിന്റെ ആദ്യകാല രൂപങ്ങളായി കണക്കാക്കാം. പുരാതന മെസപ്പട്ടോമിയയിലും ചൈനയിലും എല്ലാം ഫൂട്ട് ബാളിന്റെ ആദ്യകാല രൂപങ്ങൾക്ക് നല്ല പ്രചാരമുണ്ടായിരുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും കാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വളരെ പണ്ടുമുതലേ ഈ കളിയ്ക്ക് പ്രചാരമുണ്ട്. നമ്മുടെ ഇന്ത്യയിലും ഫൂട്ട്ബാളിന് പണ്ട് മുതൽക്കേ ജനപ്രിയതയുണ്ട്.

ഇന്ന് ലോകത്തെല്ലായിടത്തും ഏകസമാനമായ നിയമങ്ങളിൽ അധിഷ്ഠിതമായ ഒരു കളിയായി ഫൂട്ട് ബാൾ മാറിയിരിക്കുന്നു. ലോകത്തെവിടെയുമുള്ള ആളുകൾ ഒരു പോലെ ആസ്വദിക്കുന്ന ഒരു കായികകലാരൂപമായി ഫൂട്ട്ബാളിനെ നമുക്ക് കരുതാവുന്നതാണ്. യഥാർത്ഥത്തിൽ ലോകവ്യാപകമായ ജനപ്രിയതയുടെ  കാര്യത്തിൽ ക്രിക്കറ്റിനേക്കാൾ മുമ്പിൽ ഉള്ളത് ഫൂട്ട് ബാൾ ആണ്. നമ്മുടെ രാജ്യത്തടക്കം ലോകത്തെ ചില രാജ്യങ്ങളിൽ ക്രിക്കറ്റിന് ഫൂട്ട് ബാളിനേക്കാൾ പ്രചാരം ഉണ്ടെന്നത് നിഷേധിക്കുന്നില്ല്ല. എങ്കിലും ഫൂട്ട്ബാൾ ആണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള കളി.

ഫൂട്ട് ബാളിന്റെ പ്രമോഷനുവേണ്ടി പതിനെട്ടാം നൂറ്റാണ്ടുമുതൽ തന്നെ നിരവധി സംഘടനകൾ രൂപം കൊണ്ടിരുന്നു. ഇന്ന് ധാരാളം അന്തർദ്ദേശീയ ഫൂട്ട് ബാൾ അസോസിയേഷനുകൾ ഉണ്ട്. നിരവധി മത്സരങ്ങൾ ലോകത്താകമാനം നടക്കുന്നു. രാജ്യാന്തര ഫൂട്ട് ബാൾ കളികളിൽ  ജയിക്കുക എന്നത് ഓരോ രാജ്യങ്ങളും വലിയ അഭിമാനമായി കരുതുന്നുണ്ട്. ലോകത്ത് എത്രയോ ഫൂട്ട് ബാൾ മാമങ്കങ്ങൾതന്നെ ഇന്ന് നടക്കുന്നുണ്ട്. കായിക വിനോദങ്ങൾക്ക് ഇന്ന് ഒരു വിനോദം എന്നതിലുപരി വലിയ പ്രാധാന്യമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള സൌഹൃദങ്ങൾ വളർത്തിയെടുക്കുന്നതിൽ കായിക വിനോദങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അന്തർദ്ദേശീയ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുവാൻ കായിക വിനോദങ്ങൾ സഹായിക്കുന്നുണ്ട്.

ലോകത്തിനു മൊത്തമായ ഒരു പൊതു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കായിക വിനോദങ്ങൾക്ക് വലിയ പങ്കുണ്ട്.  ശത്രുരാജ്യങ്ങൾ തമ്മിൽ പോലും മഞ്ഞുരുക്കാൻ കായിക ബന്ധങ്ങൾ സഹായിക്കും. പല പരസ്പരമുള്ള രാഷ്ട്രീയ പ്രശ്നങ്ങളും നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിൽ പോലും കായിക വിനോദങ്ങൾ നടക്കുകയും പരസ്പരം സൌഹൃദപ്പെടുകയും ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് വിവിധരാജ്യങ്ങളെക്കുറിച്ചും അവരുടെ സംസ്കാരങ്ങളെക്കുറിച്ചും എല്ലാം പരസ്പരം അറിയാൻ രാജ്യാന്തര കായികബന്ധങ്ങൾ സഹായിക്കുന്നു.

കായികവിനോദങ്ങൾക്ക് ജാതിമത വർണവർഗ്ഗ ദേശഭാഷാ വ്യത്യാസങ്ങൾ ഇല്ല. എല്ലാവരും അവ ഇഷ്ടപ്പെടുന്നു. കായികവിനോദങ്ങളിലും മത്സരങ്ങളിലും ഏർപ്പെടുന്നു. ജയവും പരാജയവും അല്ല അവിടെ പ്രധാനം. കായിക വിനോദങ്ങൾ എല്ലാം  അവയിൽ  ഏർപ്പെടുന്നവർക്കും അത് കാണുന്നവർക്കും മാനസികവും ശാരീ‍രികവുമായ ഉന്മേഷം പകരുന്നവയാണ്.

Thursday, January 3, 2013

സ്ത്രീജാഗ്രതാസദസ്സ് സംവാദവേദിയായി


സ്ത്രീജാഗ്രതാസദസ്സ് ടി.ഗീനാകുമാരി ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീജാഗ്രതാസദസ്സ് സംവാദവേദിയായി

തട്ടത്തുമല, 2013 ജനുവരി 3: സ്ത്രീകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം തട്ടത്തുമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ  നടന്ന സ്ത്രീജാഗ്രതാ സദസ്സ് സംവാദവേദിയായി. സദസ്സ് മുൻ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർ പേഴ്സണും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകയുമായ  അഡ്വ. ടി. ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഒരു പെൺകുട്ടി പൈശാചികമായി കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തിനോടുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയിൽ  ചിലപുരുഷൻ‌മാർ അറിഞ്ഞോ അറിയാതെയോ പറഞ്ഞ കാര്യങ്ങളിലെ  സ്ത്രീവിരുദ്ധ ആശയങ്ങൾ ചൂടേറിയ സംവാദത്തിന് വഴിമാറി. സദസ്സിൽ ആശംസകൾ നേർന്ന പുരുഷൻ‌മാരിൽ ചിലർ പറഞ്ഞുവച്ച അഭിപ്രായങ്ങൾ ഇതിൽ പങ്കെടുത്തവനിതകളെ പ്രകോപിപ്പിക്കുകയും അവർ പ്രതിഷേധശബ്ദം ഉയർത്തുകയും ചെയ്തത് പരിപാടിയിൽ പങ്കെടുത്തവർക്കും കാഴ്ചക്കാർക്കും കൌതുകമായി.

വനിതകളെ ചൊടിപ്പിച്ച അഭിപ്രായ പ്രകടനങ്ങൾക്ക് ഉദ്ഘാടക ടി. ഗീനാകുമാരി അദ്ധ്യക്ഷയുടെ അനുവാദത്തോടെ വീണ്ടും ഇടപെട്ട്  മറുപടിപ്രസംഗം നടത്തി. പീഡനം നടത്തുന്ന കുറ്റവാളികൾക്കെതിരെയുള്ള പ്രതികരണങ്ങൾക്കൊപ്പം പീഡനത്തിനിരയാക്കുന്ന സ്ത്രീകളുടെമേൽ കുറ്റം ചാർത്തുന്ന പ്രവണതയെ വനിതകൾ ശക്തമായ ഭാഷയിൽ അപലപിച്ചു. മിക്ക സ്ത്രീപീഡനക്കേസുകളിലും ഇരകളുടെ ഭാഗത്തും തെറ്റുകളുണ്ടെന്ന് ചില പുരുഷൻ‌മാർ ആരോപിച്ചു. സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ സ്ത്രീകളുടെ ഭാഗത്തും കുറ്റമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും  സ്ത്രീകൾക്ക് സ്വയം സുരക്ഷിതരാകാൻ മതിയായ ബോധവൽക്കരണം ആവശ്യമാണെന്നും പുരുഷൻ‌മാരുടെ ഭാഗത്തു നിന്നും അഭിപ്രായമുയർന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയിലെ പ്രകോപനപരത ബലാത്സംഗങ്ങൾക്ക് ഇടയാക്കുമെന്ന പുരുഷന്മാരുടെ പരാമർശം സ്ത്രീകളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധത്തിനിടയാക്കി. പുരുഷൻ‌മാരിൽ ഒരു വിഭാഗത്തിന്റെ മാനസിക രോഗത്തിന് പെൺകുട്ടികളെ കുറ്റം പറയരുതെന്നായി സ്ത്രീപക്ഷം. പീഡനത്തിനിരയാകുന്ന സ്ത്രീകളെല്ലാം മോശമായി വസ്ത്രധാരണം ധരിച്ചിരുന്നവരല്ലെന്നും സ്ത്രീകൾക്കു നേരെയുള്ള  കുറ്റകൃത്യങ്ങൾക്ക്  സ്ത്രീകൾ തന്നെയാണ് കാരണമാകുനതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും സ്ത്രീപക്ഷം വാദിച്ചു.

ഏതു കാരണത്താലായാലും ഏതു സാഹചര്യത്തിലായാലും  പീഡനം ന്യായീകരിക്കപ്പെടുന്നില്ല. ഇരകളാകുന്ന സ്ത്രീകൾക്കുമേൽ കുറ്റം ചാർത്തി പുരുഷന്റെ അധമവികാരങ്ങളെയും കുറ്റവാസനകളെയും ഞരമ്പുരോഗങ്ങളെയും ന്യായീകരിക്കുന്ന പ്രവണത പുരുഷാധിപത്യമനോഭാവത്തിന്റെ സൃഷ്ടിയാണ്. ആധുനിക കാലത്ത് സ്ത്രീകൾക്ക് പല കാര്യത്തിനും രാപകൽ വ്യത്യാസമില്ലാതെ സഞ്ചരിക്കേണ്ടി വരും. അടച്ചുമൂടി വീട്ടിലിരിക്കേണ്ടവളാണ് സ്ത്രീകളെന്ന പഴഞ്ചൻ വിശ്വാസങ്ങൾ മാറണം. ജിവിക്കാൻ എല്ലാ സൌകര്യങ്ങളും ഒത്തു കിട്ടുന്ന സ്ത്രീകൾക്ക് വീട്ടിലിരിക്കാം. എന്നാൽ കുടുംബം പോറ്റാൻ പലവിധ സ്ഥാപനങ്ങളിൽ പല ഷിഫ്റ്റിൽ ജോലി നോക്കുന്ന പെൺകുട്ടികൾക്ക് വീട്ടിലിരിക്കാൻ പറ്റുമോ? പല സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കുന്ന സ്ത്രീകൾക്ക് രാത്രി വളരെ വൈകിയാകും അവരവരുടെ വീടുകളിൽ എത്താൻ കഴിയുക. മാനം കാക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്നു പറയുന്നവർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കുടുംബം പോറ്റാൻ   തൊഴിലിടങ്ങളിൽ പോകുകയും മടങ്ങുകയും ചെയ്യാൻ നിർബന്ധിതരാകുന്ന നിർദ്ധനരായ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമോ?  അസമയത്ത് ഇറങ്ങി നടന്നാൽ സ്ത്രീയെ  ബലാത്സംഗം ചെയ്യാൻ പുരുഷന് ആരെങ്കിലും അധികാരം നൽകിയിട്ടുണ്ടോ? സ്ത്രീകൾ എവിടെയും സുരക്ഷിതരായിരിക്കണം. അതിന് സമൂഹത്തിന്റെയും അധികൃതരുടെയും ശ്രദ്ധയുണ്ടാകണം.

സ്ത്രീവിരുദ്ധ മനോഭാവം പുരുഷാധിപത്യസമൂഹത്തിന്റെ സ്വാഭാവിക സൃഷ്ടിയാണ്. ഈ മനോഭാവം തിരുത്തപ്പെടണം. സ്ത്രീയുടെ മാനവും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുനാനുള്ള ശ്രമങ്ങളെ സ്ത്രീകൾക്ക് അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളായി വ്യാഖ്യാനിപ്പപ്പെടുന്നത് ദൌർഭാഗ്യകരമാണ്. അനുവാദമില്ലാതെ ഒരു സ്ത്രീക്കുമേലേ നടത്തുന്ന ലൈംഗിക ആക്രമണങ്ങളെയാണ് പുരോഗമന ചിന്താഗതിക്കാർ എതിർക്കുന്നത്. അത് സ്ത്രീയുടെ മാനവും സ്വാതന്ത്ര്യവും കാക്കാനാണ്.  ലൈംഗികാതിക്രമങ്ങൾ മാത്രമല്ല സ്ത്രീകൾക്കുമേൽ മറ്റ് ശാരീരിക ആക്രമങ്ങളും മാനസിക പീഡനങ്ങളും നടക്കുന്നുണ്ട്. അതൊന്നും വസ്ത്രം ധരിക്കുന്നതിന്റെയോ സ്വയം സൂക്ഷിക്കാത്തതിന്റെയോ കുഴപ്പം കൊണ്ടല്ല. ഇതൊക്കെയാണ് ഇന്നത്തെ ജാഗ്രതാ സദസ്സിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ. എന്തായാലും ലളിതമെങ്കിലും പ്രൌഢഗംഭീരമായ  പരിപാടി അക്ഷരാർത്ഥത്തിൽ  കൊഴുത്തു. തട്ടത്തുമലയുടെ ഇന്നത്തെ സായാഹ്നം ഗൌരവം ഉളവാക്കുന്നതായി.  ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രൻ, ജയതിലകൻ നായർ, രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ഇ.എ.സജിം സ്വാഗതവും കെ.ജി.ബിജു നന്ദിയും പറഞ്ഞു.