തട്ടത്തുമല നാട്ടുവർത്തമാനം

Monday, September 24, 2012

രാജൻ വിടപറഞ്ഞു


രാജൻ വിടപറഞ്ഞു

തട്ടത്തുമല: തട്ടത്തുമലക്കാർക്ക് സുപരിചിതനായ രാജൻ മരണപ്പെട്ടു. 2012 സെപ്റ്റംബർ 19-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏതാനും ദിവസം മുമ്പ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാജൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു.

തട്ടത്തുമല ജംഗ്ഷനു സമീപം കോളനിയിൽ ഗോപിയുടെയും രാജമ്മയുടെയും മകനായിരുന്നു നല്ലൊരു തൊഴിലാളിയായ രാജൻ. എന്തു തൊഴിലും ചെയ്യാൻ തയ്യാറായിരുന്ന രാജൻ നാട്ടിൽ എല്ലാവർക്കും സുപരിചിതനായിരുന്നു. മിക്കപ്പോഴും ചിരിച്ചുകൊണ്ടു നടക്കുന്നതിനാൽ ചിരി രാജൻ എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്.  അവിവാഹിതനായിരുന്നു. മൃതുദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം സെപ്റ്റംബർ 20-ന് നല്ലൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തട്ടത്തുമലയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.  ബിസത്യൻ എം.എൽ.എയും  മറ്റ് സാമൂഹ്യ-രാഷ്ട്രീയ  നേതാക്കളും രാജന്റെ വീട്ടിലെത്തി ദു:ഖത്തിൽ പങ്കു ചേർന്നു.

 എനിക്ക് നല്ലൊരു സഹായിരുന്നു രാജൻ. വ്യക്തിപരമായി രാജന്റെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു. ഇനി രാജനില്ലെന്ന യാഥാർത്ഥ്യവുമായി എങ്ങനെ പൊരുത്തപ്പെടും എന്നെനിക്കറിയില്ല. ഞാൻ വളരെയേറെ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ രാജന് എന്റെ ആദരാഞ്‌ജലികൾ! അവന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തുകയല്ലാതെ ഇനിയെന്ത് ചെയ്യാനാകും?  ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ!

Thursday, September 6, 2012

തട്ടത്തുമലയിൽ ബമ്പ് നിർമ്മിക്കണം


തട്ടത്തുമല ജംഗ്ഷനിൽ ബമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമർപ്പിക്കുന്ന അപേക്ഷ

നിവേദനം

വിഷയം: തിരുവനന്തപുരം ജില്ലയിൽ  തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു സമീപം   എം.സി റോഡിൽ  തട്ടത്തുമല ജംഗ്ഷനിൽ   ബമ്പ്  സ്ഥാപിക്കണമെന്ന അപേക്ഷ.

ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞ്  സമക്ഷത്തിലേയ്ക്ക്, 

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകിഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ തട്ടത്തുമല നിവാസികൾ  സമർപ്പിക്കുന്ന അപേക്ഷ;

സർ, 

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ബ്ലോക്കിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് എം.സി റോഡിൽ  തട്ടത്തുമല ജംഗ്ഷൻ. ഈ  ജംഗ്ഷനോട് ചേർന്നാണ് തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് ഒന്നാം സ്റ്റാൻഡാർഡ് മുതൽ പത്താം സ്റ്റാൻഡാർഡ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണ് ഇത്. ഈ പ്രദേശത്ത് വേറേയും സ്വകാര്യ സ്കൂളുകളും  പാരലൽ കോളേജുകളും മറ്റു പല സക്കാർ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും    മറ്റും ഉള്ളതാണ്. ഇത്  പൊതുവേ ജനത്തിരക്കും ഗതാഗതത്തിരക്കും ഉള്ള സ്ഥലമാണ്. എം.സി.റോഡ് കടന്നുപോകുന്ന   ഈ ജംഗ്ഷനിൽ സദാ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടെക്കൂടെ വാഹന അപകടങ്ങൾ ഉണ്ടാകുന്നതിനാൽ പൊതുവേ ഈ സ്ഥലം അപകടമേഖലയായാണ് അറിയപ്പെടുന്നത്.  കെ.എസ്.ടി.പി റോഡ് വികസനം വന്നതോടുകൂടി മുമ്പത്തേക്കാൾ വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ കടന്നുപോകുന്നത്. പ്രത്യേകിച്ചും സ്കൂൾ സമയം തുടങ്ങുകയും  സ്കൂൾ വിടുകയും ചെയ്യുന്ന സമയങ്ങളിൽ കുട്ടികളുടെ തിരക്കുകൂടിയാകുമ്പോൾ റോഡപകടങ്ങൾക്കുള്ള സാദ്ധ്യത കൂടുന്നു. കുട്ടികൾക്കും മുതിർന്നവർക്കു തന്നെയും റോഡ് മുറിച്ചു കടക്കുവാൻ   നന്നേ പ്രയാസം അനുഭവപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾക്കും  അവരുടെ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കൂം നാട്ടുകാർക്കും   ഇക്കാര്യത്തിൽ ഒരുപോലെ  വലിയ ഉൽക്കണ്ഠയുണ്ട്.സ്കൂൾ തുടങ്ങുന്ന സമയത്തോ സ്കൂൾ വിടുന്ന സമയത്തോ പോലും റോഡിലെ  ഗതാഗതം നിയന്ത്രിക്കാനോ   സ്കൂൾ കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സാഹായിക്കുവാനോ  പോലീസോ മറ്റ് സംവിധാനങ്ങളോ ഇവിടെ നിലവിൽ ഇല്ല. അത്യന്തം ഗൗരവമർഹിക്കുന്ന ഈയൊരു സാഹചര്യം കണക്കിലെടുത്ത്   തട്ടത്തുമല ജംഗ്ഷനിൽ ഏതു സമയത്തും സംഭവിക്കാവുന്ന വാഹനാപകടങ്ങളെ ഒഴിവാക്കുവാൻ സഹായിക്കുംവിധം ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ ഈ വിഷയത്തിന്  ഒരു പരിഹാരമായി    തട്ടത്തുമല ജംഗ്ഷനിൽ രണ്ട് ബമ്പുകൾ സ്ഥാപിച്ച് വഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് ആയത് കഴിവതും വേഗം നടപ്പിലാക്കണമെന്ന് നാട്ടുകാരും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് അധികൃതരും കുട്ടികളും ഉൾപ്പെടെയുള്ളവർ   ഈ നിവേദനത്തിലൂടെ  വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ  ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അടിയന്തിരമായ ഇടപെടലും സത്വര നടപടികളും പ്രതീക്ഷിച്ചുകൊണ്ട് ഈ ഈ നിവേദനം വിനീതമായും  പ്രതിക്ഷാപൂർവ്വവും സമർപ്പിച്ചുകൊള്ളുന്നു. നാടിന്റെ പൊതു താല്പര്യം മുൻ‌നിർത്തി  തട്ടത്തുമല ജംഗ്ഷനിൽ  കഴികതും വേഗം രണ്ട് ബമ്പുകൾ സ്ഥാപിക്കണമെന്ന് ഇതിനാൽ  വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

എന്ന് വിശ്വാസപൂർവ്വം
നാട്ടുകാർ
തട്ടത്തുമല,
6-9-2012

Monday, September 3, 2012

മരണം: പാറുക്കുട്ടിയമ്മ


മരണം

പാറുക്കുട്ടിയമ്മ 

നെടുമ്പാറ, 2012 സെപ്റ്റംബർ 2: തട്ടത്തുമല നെടുമ്പാറ പാറക്കട അനിജാ മന്ദിരത്തിൽ പാറുക്കുട്ടിയമ്മ നിര്യാതയായി. ഉദ്ദേശം എൺപതിനോടടുത്ത് പ്രായമുള്ള ഇവർ വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് കുറച്ചു  നാളായി  വീട്ടിൽ  കിടപ്പിലായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്.   ഹെൽത്ത് ഡിപാർട്ട് മെന്റിൽ ജോലിയുള്ള  മോഹനൻ പിള്ളയുടെ അമ്മയും . ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ പഞ്ചായത്ത് സെക്രട്ടറി എം.ആർ.അഭിലാഷിന്റെ അച്ഛമ്മയുമാണ്  പാറുക്കുട്ടിയമ്മ.  സംസാകരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.