തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Wednesday, December 27, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ


പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Saturday, May 4, 2013

തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്


തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്.................
ഷെയർചെയ്യാനും മറക്കരുത്..................

തട്ടത്തുമല ഗവ,എച്ച്.എസ്.എസിലെ പൂർവ്വവിദ്യാർത്ഥികളോട്, തട്ടത്തുമലക്കാരായ പ്രവാസികളോട്, രക്ഷകർത്താക്കളോട്, നാട്ടുകാരോട്, നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരോടും.......

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ സ്വന്തം സർക്കാർ സ്കൂളായ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനെ സംരക്ഷിക്കുക, സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക, പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിക്കുക, അദ്ധ്യാപകരെ ആദരിക്കുക തുടങ്ങിയ ബഹുമുഖ കർമ്മപദ്ധതികളുമായി കഴിഞ്ഞ വർഷം മുതൽ പി.ടി.എയ്ക്ക് പുറമേ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം കിളിമാനൂർ ബ്ലോക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിൽനിന്നും പ്രസ്തുത പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ അനുമോദന സമ്മേളനം നടത്തുകയും വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനായി വികസന സമിതി സ്വരൂപിച്ച പണത്തിൽ മിച്ചമുണ്ടായിരുന്നത് ചെലവഴിച്ച് വിദ്യാർത്ഥികൾക്കും സ്കൂളിനും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ പിന്നീടും സ്കൂളിൽ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാർക്കും നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികൾക്കും പുറമേ പ്രവാസികളായ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണയും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായുള്ള ഈ പരിപാടികൾ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ ഉയർന്ന വിജയശതമാനം (97.4) തട്ടത്തുമല ഗവ.എച്ച്.എസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്ലസ്-ടു റിസൾട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ വരും. അതിലും കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പ്ലസ്- ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനും സ്കൂൾ അദ്ധ്യാപകരെയും പരിസരത്തെ പാരലൽ കോളേജ് അദ്ധ്യാപകരെയും ആദരിക്കുന്നത്തിനും വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നതിനുമായി സ്കൂളിൽ അനുമോദന സമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. ഇതിലേയ്ക്ക് നല്ലൊരു സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും നാട്ടിലും വിദേശത്തുമുള്ള പൂർവ്വവിദ്യാർത്ഥികളും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുകാരും ഉദ്യോഗാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ ‌(പ്രവാസികൾ അടക്കം‌) പലരും മുൻ‌വർഷത്തെ പോലെ ഇത്തവണയും അവരവരുടെ ശേഷിക്കനുസരിച്ച സംഭാവനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പലരും ഇതിനകം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളർ ആയിട്ടുള്ള നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിയാദും സുഹൃത്തുക്കളും ചേർന്ന് - (സിയാദ് ഉബൈദ് (കാനഡ)
ജിതീഷ് കുമാർ (ജപ്പാൻ), ജോമോൻ മാത്യൂ (ഇസ്രായേൽ), റിയാ റച്ചേൽ (ഡൽഹി),
അമൽ മേരീ ജോസ് (കാനഡ‌)-  നിർദ്ധനരായ പത്ത്  കുട്ടികൾക്ക് ഓരോരുത്തർക്കും പാഠപുസ്തകങ്ങൾ, നോട്ട് ബൂക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ജോഡി യൂണിഫോം എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള പണം ഉടൻ അവർ എത്തിക്കുന്നതാണ്.

ഇനിയും നാട്ടിലും വിദേശത്തുമുള്ള നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായി കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള സഹായം എത്തിക്കാൻ കഴിയുന്നവർ ഉടൻ ബന്ധപ്പെടുക. മേയ് 20 നോ 22 നോ ആയിരിക്കും അനുമോദന സമ്മേളനം നടക്കുക. ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ മിച്ചമുണ്ടെങ്കിൽ അത് കഴിഞ്ഞ വർഷത്തെ പോലെ സ്കൂളിൽ പഠന സഹായവുമായി ബന്ധപ്പട്ടകാര്യങ്ങൾക്കും സ്ക്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.

നമ്മുടെ നാട്, നമ്മുടെ സ്കൂൾ; അത് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും സഹകരിക്കുക.

സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർ ഇ.എ.സജിം, കെ.ജി. ബിജു എന്നിവരെയോ, വികസന സമിതിയുമായി ബന്ധപ്പെട്ട മറ്റുള്ള ആരെയെങ്കിലുമോ ഉടൻ ബന്ധപ്പെടുക. പ്രവാസികൾക്ക് സംഭാവനകൾ അയക്കാൻ ആ‍വശ്യമെങ്കിൽ അറിയിച്ചാൽ ബാങ്ക് അക്കൌണ്ട് നമ്പർ അയച്ചു തരുന്നതാണ്. ബാങ്ക് അക്കൌണ്ട് വഴി സംഭവനകൾ അയക്കുന്നവർ നിർബന്ധമായും ആ വിവരം ടെലിഫോൺ, മെസ്സേജ്, ഇ-മെയിൽ എന്നിവ വഴിയോ ഫെയ്സ് ബൂക്ക്, ബ്ലോഗ് എന്നിവ വഴി പരസ്യമായോ അറിയിച്ചിരിക്കണം. ഇവിടെ കമന്റ് വഴിയും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാവുന്ന നമ്പരുകൾ:

9446272270-ഇ.എ.സജിം
9447791544-കെ.ജി.ബിജു

email: easajim@gmail.com

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് വികസനസമിതിയ്ക്കുവേണ്ടി പ്രസിദ്ധീ‍കരിക്കുന്നത്

Monday, July 2, 2012

സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു



സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2012 ജൂലൈ 2: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (G.H.S.S Thattathumala)  നിന്നും   ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്ന  എസ്.എസി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരും നിർദ്ധനരുമായ കുട്ടികൾക്ക് സൌജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. 2012 ജൂലൈ 2 ന് രാവിലെ 8 മണിയ്ക്ക്  ന്യൂസ്റ്റാർ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് എ.ഇബ്രാഹിംകുഞ്ഞ് സാർ ആണ് പഠനസാമഗ്രികളുടെ വിതരണം നിർവ്വഹിച്ചത്. യൂണിഫോം, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകിയത്. 

ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്ന ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകൻ സിയാദും അദ്ദേഹത്തിന്റെ കാനഡയിലുള്ള സുഹൃത്തുക്കളായ അമലാ മേരി (കാനഡ), റിയാ റാഹേൽ (ഡൽഹി), ജോമോൻ മാത്യു ( ഇസ്രായേൽ) എന്നിവരും  ചേർന്നാണ് ഈ പഠന സാമഗ്രികൾ  സ്പോൺസർ ചെയ്തത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠന കര്യത്തിൽ  പ്രോത്സാഹനം നൽകുന്നതിനാണ്  സിയാദും കൂ‍ട്ടുകാരും ഈ സഹായം ഏർപ്പെടുത്തിയത്. 

ന്യൂസ്റ്റാർ കോളേജിൽ നിലവിൽ ഹൈസ്കൂൾ,  പ്ലസ്-ടൂ ക്ലാസ്സുകളിൽ     വിദ്യാർത്ഥികളായിട്ടൂള്ള പതിനേഴ് കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും  എസ്.സി-എസ്.ടി വിഭാഗങ്ങളില്പെടുന്നവരും കോളനി നിവാസികളും നിർദ്ധനരുമാണ്.   ന്യൂസ്റ്റാർ കോളേജ് വളപ്പിൽ ലളിതമായി സംഘടിപ്പിച്ച  പഠനോപകരണ വിതരണ ചടങ്ങിന് ന്യൂസ്റ്റാർ കോളേജിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   അഭ്യുദയ കാംക്ഷികളൂം സാക്ഷ്യം വഹിച്ചു. 













































Tuesday, May 22, 2012

മെരിറ്റ് ഈവനിംഗ് ആഘോഷമായി


മെരിറ്റ് ഈവനിംഗ് ആഘോഷമായി

തട്ടത്തുമല, 2012 മയ് 21: 2012 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ്-ടൂ പരീക്ഷകളിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസ് നേടിയ തിളക്കമാർന്ന വിജയം തട്ടത്തുമലയ്ക്ക് ആഘോഷമായി. എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ സബ് ജില്ലയിൽ ഇത്തവണ  ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയത് തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആണ്.എസ്.എസ്.എൽ.സിയ്ക്ക്  95% വിജയം എന്ന തിളക്കമാർന്ന നേട്ടം  തട്ടത്തുമല  സ്കൂളിന് ഇത്തവണ കൈവരിക്കാൻ കഴിഞ്ഞു.പ്ലസ് ടൂവിനും അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഈ ചരിത്രവിജയം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും   അഭ്യുദയകാംക്ഷികളും ഒത്തു ചേരുന്ന ആഘോഷമാക്കി മാറ്റുവാനാണ് തട്ടത്തുമല പൌരാവലി മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചത്. എസ്.എസ്.എൽ.സി പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും ഒപ്പം സ്കൂളിനും മൈറ്റ് ഈവനിംഗിൽ വച്ച്  തട്ടത്തുമല പൌരാവലി ഉപഹാരങ്ങളും അനുമോദനങ്ങളും നൽകാൻ തീരുമാനിക്കുകയായിരുന്നു.

2012 മേയ് 21 ന് ഉച്ചയ്ക്ക് ശേഷം 2.30-ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ  നടന്ന മെരിറ്റ് ഈവനിംഗ് ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേന്ദ്രൻ  ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പൌരാവലിയുടെയും പി.ടി.എയുടെയും വ്യക്തികളുടെയും സംഘടനകളുടെയും വക സമ്മാനങ്ങളും ഉപഹാരങ്ങളും ചടങ്ങിൽ വച്ച് നൽകി. സ്കൂളിന് പൌരാവലിയുടെ പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിൽ  പി.ടി.എ പ്രസിഡന്റ് ജി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്  അഡ്വ.ജയച്ചന്ദ്രൻ, എൻ. എം.എം.ബഷീർ,  വാർഡ് മെമ്പർ കെ.അംബികാകുമാരി,  കെ.സുമ, എം.റഹിയാനത്ത്, ബി.ജയതിലകൻ നായർ, ആർ.വാസുദേവൻ പിള്ള, പി.റോയി, എൻ.രാധാകൃഷ്ണൻ നായർ, വൈ.അഷ്‌റഫ്, എസ്.സലിം, ഇ.എ.സജിം, എം. റഹിം, ടി.എസ്. അനിൽ കുമാർ, കെ.ജി. ബിജു, സി.എ.വത്‌സമ്മ (പ്രിൻസിപ്പാൾ) എന്നിവർ സംസാരിച്ചു.  ഹെഡ്മാസ്റ്റർ കെ.അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എ.സജിം  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.അശോകൻ കൃതജ്ഞതയും പറഞ്ഞു.

Tuesday, May 15, 2012

മെരിറ്റ് ഈവനിംഗ്


തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ മെരിറ്റ് ഈവനിംഗ്

തട്ടത്തുമല, 2012 മേയ് 15: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ  എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ നേടിയ തിളക്കമാർന്ന വിജയം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ആഘോഷമാക്കുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് തട്ടത്തുമല ഗവ. എച്ച്.എസ്.എസ് ആണ്. പ്ല-സ് ടൂ പരീക്ഷയിലും അഭിമാനാർഹമായ വിജയം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിൽ പഠിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളും ദരിദ്രരും സാധാരാരണക്കാരിൽ സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ മക്കളാണ്. ദരിദ്രവും ദുരിതപൂർണ്ണവുമായ മായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയുന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ സ്കൂളിലെ കുട്ടികളുടെ പഠനനിലവാരം ഇത്തരത്തിൽ മെച്ചപ്പെടുത്തുവാനും മികച്ച വിജയം നേടുവാനും   തട്ടത്തുമല സ്കൂളിലെഅദ്ധ്യാപകരും  സമീപത്തെ ട്യൂട്ടോറിയൽ കോളേജുകളും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.  ഒപ്പം രക്ഷിതാക്കളുടെ നിർലോഭമായ സഹകരണവും കുട്ടികളുടെ മിടൂക്കും  താല്പര്യവും കൂടുച്ചേർന്നപ്പോൾ സ്കൂളിന് അഭിമാനിക്കാവുന്ന വിജയം  കരസ്ഥമാക്കുവാനായി.

വിജയം ആഘോഷിക്കുന്നു

തട്ടത്തുമല സ്കൂളിനുണ്ടായ ഈ ചരിത്ര വിജയം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   നാട്ടുകാരും കൂടിച്ചേർന്ന്   ഒരു ആഘോഷമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ്-ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും സ്കൂളിലെ അദ്ധ്യാപകരെയും അനുമോദിക്കുന്നതിനും അവർക്ക് ഉപഹാരങ്ങൾ നൽകുനതിനുമായി മെരിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു. 2012 മേയ് 21 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഈ ആഘോഷ പരിപാടികൾ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. താജുദീൻ അഹമ്മദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.രഘുനാഥൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.

നാട്ടുകാരുടെ നിർലോഭമായ സഹകരണം


തട്ടത്തുമല സ്കൂൾ നേടിയ സമുജ്ജ്വല വിജയം ആഘോഷിക്കുന്നതിനും കുട്ടികൾക്കും അദ്ധ്യാപകർക്കും സമ്മാനങ്ങളും ഉപഹാരങ്ങളും നൽകുന്നതിനും നാട്ടിലെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും നിർലോഭമായ സഹകരണം നൽകി. പരിപാടിയുടെ മൊത്തം സംഘാടനത്തിനായി അകമഴിഞ്ഞ സാമ്പത്തിക സഹായമാണ് വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകിയിട്ടുള്ളത്.  സ്കൂളിനെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി സ്കൂൾ വികസന സമിതി നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രവാസികളടക്കമുള്ള  പൂർവ വിദ്യാർത്ഥികളും നാട്ടുകാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്കൂളിന്റെ സർവ്വതോന്മുഖമായ വികസനത്തിനും  പുരോഗതിയ്ക്കും അനിവാര്യമായ  ഫലപ്രദമായ ജനകീയ ഇടപെടൽ സാദ്ധ്യമാക്കുന്നതിന് പൂർവ്വ  വിദ്യാർത്ഥികളും നാട്ടുകാരും അഭ്യുദയകാംക്ഷികളും ചേർന്നുള്ള  കൂട്ടായ്മയായ തട്ടത്തുമല  സ്കൂൾ വികസന സമിതി (SDCT)നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവരിൽ നിന്നും   എല്ലാവിധ സഹായവും  സഹകരണവും പ്രതീക്ഷിക്കുന്നു.

(മേയ് ഇരുപത്തിയൊന്നാം തീയതിയിലെ മെരിറ്റ് ഈവനിംഗിനും തുടർന്ന് സ്കൂൾ വികസനത്തിനും വികസന സമിതി പ്രവർത്തകർ മുഖാന്തരം സാമ്പതിക സഹായം നൽകിയവരുടെയും ഇനി നൽകുന്നവരുടെയും  പേരുവിവരം തുടർന്ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും)

Tuesday, April 3, 2012

ഇംഗ്ലീഷ് മീഡിയം തട്ടത്തുമല ഗവ.എച്ച്.എസ്.എസിലും

  
തട്ടത്തുമല സ്കൂളീൽ ഇംഗ്ലിഷ് മീഡിയം ആരംഭിക്കുന്നു

തട്ടത്തുമല, 2012 ഏപ്രിൽ 3: ഈ 2012- 13 അദ്ധ്യയന വർഷം മുതൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇംഗ്ലീഷ് മീഡിയം (സ്റ്റേറ്റ് സിലബസ്) ആരംഭിക്കുകയാണ്. അഞ്ചാം സ്റ്റാൻഡാർഡിലും എട്ടാം സ്റ്റാൻഡാർഡിലുമാണ് ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിക്കുന്നത്. സമീപ പ്രദേശത്തെ മിക്ക സർക്കാർ-എയ്ഡഡ് സ്കൂളുകളിലും മുമ്പേതന്നെ ഇംഗ്ലിഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങിയിരുന്നെങ്കിലും തട്ടത്തുമല സ്കൂളിൽ ഇപ്പോൾ മാത്രമാണ് ഇത് ആരംഭിക്കുവാനായത്.  ഇംഗ്ലീഷ് മീഡിയം പഠിക്കാൻ ആഗ്രഹിക്കുന്ന തട്ടത്തുമല പ്രദേശത്തെ കുട്ടികൾ  ഇതുവരെ മറ്റ് പ്രദേശങ്ങളിലെ സർക്കാർ -എയ്ഡഡ്-അൺ എയ്ഡഡ് മേഖലയിലെ പല സ്കൂളുകളിലേയ്ക്കായി  ചിന്നിച്ചിതറി പോകുകയായിരുന്നു. ഇതിന് ഭാവിയിൽ  ഇനി ഒരറുതി വരും എന്നു പ്രതീക്ഷിക്കാം. തട്ടത്തുമല സ്കൂളീൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷനില്ലെന്നു പറഞ്ഞാണ് പ്രദേശത്തെ   പല രക്ഷകർത്താക്കളും  കുട്ടികളെ മറ്റ് പല സ്കൂളൂകളിലും ചേർത്തുകൊണ്ടിരുന്നത്. ഇത് തട്ടത്തുമല സ്കൂളീലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ  കുറവുവരുത്തിയിരുന്നു. ഇംഗ്ലീഷ് മീഡിയം തട്ടത്തുമലയിലും തുടങ്ങുവാനുള്ള തീരുമാനത്തെ നാട്ടുകാരും രക്ഷകർത്താക്കളും കുട്ടികളും  പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.

Saturday, October 8, 2011

തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്


തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്

കീളിമാനൂർ, 2011 ഒക്ടോബർ 7: തട്ടത്തുമലയിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് വരുന്നു; വിദ്യാ എഞ്ചിനീയറിംഗ് കോളേജ്. ഇതിന്റെ ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിളിമാനൂരിൽ നടന്നു. വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ്, കിളീമാനൂർ (മലയ്ക്കൽ പി.ഓ, തിരുവനന്തപുരം-695602) എന്ന മേൽ വിലാസത്തിലായിരിക്കും കോളേജ് പ്രവർത്തിക്കുക. 2012 -ൽ അഡ്മിഷനും ക്ലാസ്സുകളും ആരംഭിക്കത്തക്ക നിലയിലാണ് പ്രോജക്ട് തയ്യറാക്കിയിട്ടുള്ളത്. തൃശൂർ ആസ്ഥാനമാക്കിയുള്ള പ്രവാസിമലയാളികളുടെ സംരംഭമായ വിദ്യാ ഇന്റെർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു യൂണിറ്റാണ് തട്ടത്തുമലയ്ക്കു സമീപം ചാവരുപച്ചയിലുള്ള പുതിയ എഞ്ചിനീയറിംഗ് കോളേജ്. തൃശൂർ ഭാഗത്ത വേറെയും ഒരു കോളേജ് ഇവർക്കുണ്ട്.

തട്ടത്തുമലയിൽ നിന്ന് ഏതാണ്ട് നാലു കിലോമീറ്റർ ഉള്ളിലായി വട്ടപ്പാറ ചാവരുപച്ചയിലാണ് കോളേജ് സ്ഥാപിക്കുന്നത്. പനപ്പാംകുന്ന് എന്ന സ്ഥലത്തിനും സമീപമാണ് ചാവരുപച്ച. തട്ടത്തുമല പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ വിദ്യാ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ചാവരുപച്ച, പനപ്പാംകുന്ന് എന്നീ പ്രദേശങ്ങൾ കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തട്ടത്തുമലയിൽ നിന്നാണ് ഈ കോളേജിൽ എത്താൻ ഏറ്റവും സൌകര്യം. ഇവിടേയ്ക്കുള്ള പ്രധാന റോഡ് തട്ടത്തുമലയിൽ നിന്ന് പടിഞ്ഞാറേയ്ക്ക് തിരിയുന്നതാണ്.

കോളേജിന്റെ ശിലാസ്ഥാപനവും നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2011 ഒക്ടോബർ 7-വെള്ളിയാഴ്ച 3 മണിയ്യ്ക്ക് കിളിമാനൂർ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മിസോറാം ഗവർണ്ണം ശ്രീ. വക്കം പുരുഷോത്തമൻ നിർവ്വഹിച്ചു. മന്ത്രി കെ.സി.ജോസഫ്, എ.സമ്പത്ത് എം.പി , ബി.സത്യൻ എം.എൽ.എ, എം.എം.ഹസ്സൻ, കെ.ജി.പ്രിൻസ് തുടങ്ങിയവ നിരവധി പ്രശസ്ത വ്യക്തികളും നാട്ടുകാരുംമറ്റും പങ്കെടുത്തു. ശേഷം സംഗീതവിരുന്നും നടന്നു.

കോളേജിന്റെ വരവോടെ തട്ടത്തുമല, കൈലാസംകുന്ന്, വട്ടപ്പാറ, ചാവരുപച്ച, പനപ്പാംകുന്ന് പ്രദേശങ്ങളിൽ വസ്തുക്കൾക്ക് വലിയ ഡിമാൻഡും, വസ്തുവിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൽകീഴ് തലൂക്കിൽ ഉൾപ്പെടുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, മടവൂർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന നിലമേൽ എന്നീ നാല് ഗ്രാമ പഞ്ചായത്തുകൾ തൊട്ടുരുമ്മിക്കിടക്കുന്ന ഒരു പ്രദേശത്താണ് ഈ പുതിയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. കോളേജിന്റെ വരവ് ഈ പ്രദേശങ്ങളുടെ ചെറുതല്ലാത്ത വികസനത്തിന് ഗതിവേഗം കൂട്ടുമെന്നു കരുതുന്നു.