തട്ടത്തുമല നാട്ടുവർത്തമാനം

Thursday, November 21, 2019

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു



ബൈക്കപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

തട്ടത്തുമല സ്വദേശി ഹസന്റെ ജ്യേഷ്ഠൻ നൗഷാദിന്റെ മകൻ അബ്ദുൽ സമദ് ഇന്നലെ (20-11-29019) വർക്കലയിൽ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു. പാലച്ചിറ ഭാഗത്ത് വച്ച് ഇന്ന് വൈകുന്നേരം നാല് മണിയോടടുപ്പിച്ചാണ് അപകടം നടന്നത്. രണ്ട് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് നരിക്കല്ല് മുക്ക് ഭാഗത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട ശേഷം അതേ ബൈക്കുമായി വർക്കല ഭാഗത്തേക്ക് പോകുമ്പോഴാണ് ഒരു മതിലിൽ ഇടിച്ച് വീണ്ടും അപകടത്തിൽ പെട്ടതത്രേ. പ്ലസ് വൺ വിദ്യാർത്ഥിയാണ് മരണപ്പെട്ട അബ്ദുൽ അബ്ദുൽ സമദ്. കൂടെയുണ്ടായിരുന്നയാൾക്കും ഗുരുതരമായ പരിക്കുണ്ടത്രേ. മൃതുദേഹം ഇന്ന്  പോസ്റ്റ്മാർട്ടത്തിനു ശേഷം ഹസന്റെ പാപ്പാല വെട്ടിയിട്ട കോണത്തുള്ള വീട്ടിൽ കൊണ്ടുവന്ന ശേഷം തട്ടത്തുമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ അടക്കം ചെയ്തു.

Monday, November 11, 2019

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പ്രായം മറന്ന് പാറമുകൾ സുരേന്ദ്രൻ. ഇന്നലെയും ഇന്നുമായി (2019 നവംബർ 9, 10) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് അത് ലെറ്റിക്ക് മീറ്റിൽ ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറമുകൾ സുരേന്ദ്രൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പഠനകാലത്ത് മികച്ച അത് ലറ്റായി സംസ്ഥാന തലത്തിൽ വരെ വിന്നറായിരുന്ന സുരേന്ദ്രൻ ജീവിത പ്രാരാബ്ധങ്ങൾ മൂലം പാതിവഴിയിൽ തന്റെ പഠനവും കായിക സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്ന നിർഭാഗ്യവാനാണ്. തട്ടത്തുമല ഗവ.എച്ച്.എസ്. എന്നിലെ സ്കൂളിലെ സ്കൂൾ ലീഡറായിരുന്ന സുരേന്ദ്രൻ പൊതുരംഗത്തും സജീവമായിരുന്നു. സ്കൂൾ പഠനകാലത്ത് കായിക രംഗത്തും പൊതുരംഗത്തും നാട്ടുകാർ പ്രതീക്ഷകളുയർത്തിയ ഈ പ്രതിഭ കലാരംഗത്തും ശോഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പൂർവ്വകാലം അറിയാവുന്ന ഞങ്ങൾ ചിലർ പതിറ്റാണ്ടുകൾക്ക് ശേഷം ജിവിതത്തിന്റെ സായന്തനത്തിലെങ്കിലും സുരേന്ദ്രന്റെ സ്വപ്ന സായൂജ്യത്തിന് അവസരമൊരുക്കിമൊരുക്കിക്കൊടുത്ത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. മത്സരങ്ങൾക്കിടയിൽ കാൽമുട്ടിന് നിസാര പരിക്കേറ്റതിനാൽ ഒരിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശസ്ത വെറ്ററൻ അത്ലറ്റ് നഗരൂർ രവീന്ദ്രനാണ് തന്റെ നേട്ടങ്ങളുടെ പാതയിലേക്ക് ഒരാളെ കൂടി കൈപിടിച്ചുയർത്തിയത്. തട്ടത്തുമല വട്ടപ്പാറ പാറ മുകളിൽ ഒരു കുഞ്ഞിക്കുടിലിൽ താമസിക്കുന്ന സുരേന്ദ്രൻ ഇന്നും കഠിനമായി അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്നു. ഭാര്യ രാജമ്മയും രണ്ടാൺ മക്കളും വിവാഹിതയായ ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ ചെറിയ കുടുംബം. പരേതരായ മധവൻ - സരസു (കുഞ്ഞി ) ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം മുതൽ എനിക്കൊപ്പമുള്ള പാറമുകളിന്റെ ഈ നേട്ടത്തിൽ അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Sunday, November 3, 2019

തട്ടത്തുമലയിലെ കൊലപാതകം

തട്ടത്തുമലയിലെ കൊലപാതകം

സംഭവം നടന്നത് 2019 ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ.

തട്ടത്തുമലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അടിപിടിക്കേസ് കൊലപാതകത്തിൽ കലാശിച്ചു. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടമായി. കൊല ചെയ്തവർ ജയിലിലുമായി. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അന്ത്യന്തം ദുഃഖകരം. അപലപനീയം. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾക്ക് ഒരേ തരം ദു:ഖമല്ലെങ്കിലും രണ്ടു കൂട്ടരെ സംബന്ധിച്ചും സമ്മാനിക്കുന്നത് ദുരന്തമാണ്. പ്രതികളായവർക്ക് ശേഷിക്കുന്ന നല്ല പ്രായമത്രയും ജയിൽ. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനുമാകില്ല. തീരാ ദുഃഖവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം. തലമുറകളോളം കൊലപാതകത്തിന്റെ അപഖ്യാതിയും പാപഭാരവുമായി ജീവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബം. ഒരാൾ ആരെയെങ്കിലും കൊല്ലുക എന്നു പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെത്തന്നെ ശിക്ഷികുന്നതിനു തുല്യമാണ്. കുടുംബത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്തവർ കൂടി പ്രതികളാക്കപ്പെടാനും പാപഭാരമേൽക്കാനും ഇടയാകും.  നിസ്സാര പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുതർക്കങ്ങളിൽ അമിതാവേശം കാണിക്കുന്നവർക്ക് ഇതൊരു പാഠമാണ്. ആരും പിടിച്ചു മാറ്റാൻ കൂടിയില്ലാത്ത സ്ഥലത്തും അസമയത്തുമൊക്കെ  വാക്കുതർക്കങ്ങളിലേർപെടുന്നതിന്റെ പരിണത ഫലം ഇരു ഭാഗത്തുള്ളവരും അനുഭവിക്കേണ്ടി വരും. ഒരു ബ്ലെയ്ഡ് തുണ്ടെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ആരോടും വാക്കുതർക്കത്തിലേർപ്പെടരുതെന്ന പാഠം കൂടി ഈ സംഭവം നൽകുന്നുണ്ട്. അത് ക്രിമിനൽ മൈൻഡ് ഉള്ളവരായാലും ഇല്ലാത്തവരായാലും. ഈ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവും പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒരു യുവാവും എന്റെ മുന്നിൽ കുറച്ചു ദിവസമെങ്കിലും ഇരുന്ന് പഠിച്ചിട്ടുള്ള കുട്ടികളാണെന്നാണ് എന്റെ ഓർമ്മ. അതു കൊണ്ടു തന്നെ ഇതെന്നിൽ വ്യക്തിപരമായിത്തന്നെ അലോസരമുണ്ടാക്കുന്നുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും ഓർക്കുക. നിങ്ങളുടെ അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കാവുന്ന ഒരു കൈപ്പിഴകൊണ്ട് ഒരു വിലപ്പെട്ട ജീവൻ നഷ്ടമായേക്കാം. ആ ജീവൻ തിരിച്ചുനൽകാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കൈപ്പിഴ നിങ്ങളെ ജയിലിലുമാകും. ജയിൽ ജീവിതം അത്ര സുഖകരമല്ല. അവിടെക്കിടന്ന് ഒന്നും വേണ്ടായിരുന്നുവെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ആരു മായി ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിയമപരമായോ മല സ്ഥതയിലൂടെയോ അവ പരിഹരിക്കപ്പെടാനള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. പിന്നെന്തിന് അക്രമം നടത്തുന്നു? എന്തെങ്കിലും ഒരു വിഷയം ഒരു സംഘട്ടനത്തിലേക്കും ഇതുപോലുള്ള ദാരുണ സംഭവങ്ങളിലേയ്ക്കുമൊക്കെ പരിണമിക്കുന്നതിനു മുമ്പ് അത് സമാധാനപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവർക്ക് ഒന്നു ശ്രമിച്ചു നോക്കാനെങ്കിലും അവസരം നൽകു. അല്ലെങ്കിൽ നിയമപരമായ പരിഹാരത്തിന് ശ്രമിക്കൂ. മേലിൽ ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിയുമ്പോഴാണല്ലോ പല കാര്യത്തിലും നമ്മൾ അലർട്ടാകുന്നത്! നമ്മുടെ നാടിന്റെ പാരമ്പര്യവും അന്തസ്സും സൽപേരും നിലനിർത്താൻ സാമൂഹ്യമായ ഒരു ജാഗ്രത നമുക്ക് ആവശ്യമായിരിക്കുന്നു. എന്ന് സസ്നേഹം ഞാൻ ഇ.എ.സജിം (ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ എഴുതിയിട്ട് വാട്ട്സ് ആപ്പിലും മറ്റുമൊക്കെ കോപ്പി പേസ്റ്റും ഷെയറും ചെയ്യുന്നതിനാലാണ് പേരു കൂടി സൂചിപ്പിച്ചത്)

കൊല്ലപ്പെട്ട സഞ്ജു എസ്