തട്ടത്തുമല നാട്ടുവർത്തമാനം

Saturday, December 7, 2013

കിളിമാനൂർ ജില്ല വേണം


കിളിമാനൂർ ജില്ല വേണം

തിരുവനന്തപുരം ജില്ലയിൽ വർക്കല, വാമനപുരം, കൊല്ലം ജില്ലയിലെ കടയ്ക്കൽ അഥവാ ചടയമംഗലം എന്നീ പുതിയ താലൂക്കുകൾ രൂപീകരിച്ച് കിളിമാനൂർ ആസ്ഥാനമാക്കി കിളീമാനൂർ ജില്ല രൂപീകരിക്കണം. അല്ലെങ്കിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (വടക്ക് പടിഞ്ഞാറും വടക്കു കിഴക്കും) നെടുമങ്ങാട് താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (തെക്ക് കിഴക്ക്) കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (വടക്കു കിഴക്ക്) എടുത്ത് ഉചിതമായ താലൂക്കൾ രൂപീകരിച്ച് കിളീമാനൂർ ആസ്ഥാനമാക്കി പുതിയ കിളിമാനൂർ ജില്ല രൂപീകരികണം. ആറ്റിങ്ങൽ ആസ്ഥാനമാക്കി ആറ്റിങ്ങൽ ജില്ല വന്നാലും മതി. അങ്ങനെയെങ്കിൽ പുതിയ കിളിമാനൂർ താലൂക്ക് രുപീകരിക്കണം. എന്തായാലും മേൽ പറഞ്ഞ ഭാഗങ്ങൾ ഉൾപ്പെട്ട പുതിയൊരു ജില്ല വരണം.

Sunday, October 20, 2013

മരണം


വാഹന അപകടത്തിൽ ഹാൻ‌വീവ് മാനേജർ ബദറുദീൻ മരണപ്പെട്ടു

തട്ടത്തുമല, 2013 ഒക്ടോബർ 18:  റിട്ടയേർഡ് അദ്ധ്യാപകൻ വാഴോട് ഇല്ല്യാസ് സാറിന്റെ മകളുടെ ഭർത്താവ്  ബദറുദീൻ (49) വാഹന അപകടത്തിൽ മരണപ്പെട്ടു. രാവിലെ സ്കൂട്ടറിൽ  നിലമേൽ പോയി മീനും വാങ്ങി മടങ്ങി വരുമ്പോൾ എം.സി റോഡിൽ വാഴോടിനു  തൊട്ടടുത്ത് കണ്ണൻകോട് വച്ച് എതിരെ വന്ന കാർ ബദറുദീന്റെ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഹാൻ‌വീവിൽ മാനേജറായിരുന്നു പരേതൻ. ഭാര്യ നസീറ. മക്കൾ മുനീർ, മുംതാസ്.  കിളീമാനൂർ ചെങ്കിക്കുന്ന് ഗവ. യു.പി സ്കൂൾ അദ്ധ്യാപകനായ നവാസിന്റെ സഹോദരീഭർത്താവാണ് മരണപ്പെട്ട ബദറുദീൻ. . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം വാഴോട്ട് വീട്ടിൽ കൊണ്ടു വന്നു പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്കു ശേഷം തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

Friday, October 11, 2013

സ്കൂൾബസ്


സ്കൂൾബസ്

തട്ടത്തുമല, 2013 ഒക്ടോബർ 11:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിനു സ്കൂൾബസ് വാങ്ങാൻ ആദ്യ സംഭാവന പതിനായിരം രൂപാ കോൺഗ്രസ്സ് നേതാവ് ശ്രീ.എം.എം. ബഷീർ നൽകി. കമ്മിറ്റിയ്ക്കുവേണ്ടി തുക പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രനെയും ചിത്രത്തിൽ കാണാം. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ സ്കൂൾബസ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രത്യേക ജനകീയ കമ്മിറ്റി ഇന്ന് സ്കൂളിൽ യോഗം ചേർന്ന് ഭാവിപരിപാടികൾ ആലോചിച്ചു. അടുത്ത തിങ്കളാഴ്ച (2013 ഒക്ടോബർ 14) മുതൽ ഫണ്ട് ശേഖരണപ്രവർത്തനം ആരംഭിക്കും. ഇന്നത്തെ കമ്മിറ്റിയിൽ വച്ച് കമ്മിറ്റി അംഗം ശ്രി.എം.എം. ബഷീർ തന്റെ അനുജൻ പ്രവാസി മലയാളി സലിമിൽ നിന്ന് സ്വരൂപിച്ച പതിനായിരം രൂപ പി.ടി.എ പ്രസിഡന്റിനു കൈമാറി. തുടർന്ന് കമ്മിറ്റി അംഗം വാസുദേവൻ പിള്ള സാർ പതിനായിരം രൂപാ വാഗ്ദാനം ചെയ്തു. ഇന്ന് കമ്മിറ്റിഅംഗങ്ങളിൽ നിന്നു തന്നെ മൊത്തം ഏകദേശം അൻപതിനായിരത്തോളം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു മാസത്തെ ശമ്പളം മൊത്തമായും വാഗ്ദാനം ചെയ്ത സർക്കാർ ജീവനക്കാരും സമീപത്തെ പാരലൽ കോളേജുകളും ഉൾപ്പെടുന്നു. ഫണ്ട് ശേഖരണത്തിനിറങ്ങും മുമ്പുതന്നെ നല്ല തുകകൾ വേറെയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം നാല്പത്തിനാലായിരത്തോളം രൂപാ ഇന്ന് കമ്മിറ്റി അംഗങ്ങൾമാത്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പതിമൂന്ന് ലക്ഷം രൂപയാണ് ബസ് വാങ്ങാൻ മൊത്തം വേണ്ടത്. അഞ്ച് ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇനിയും നട്ടുകാരുടെ ഉദാരമായ സംഭാവനകൾകൊണ്ടു മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ബസ് വാങ്ങുന്ന ആവശ്യത്തിലേയ്ക്ക് കാനറാ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ ഹെഡ്മിസ്ട്രസ്സ്, പി.ടി.എ പ്രസിഡന്റ്, ജനറൽ കൺവീനർ എന്നിവരുടെ പേരിൽ ഒരു പ്രത്യേക ജോയിന്റ് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് ഈ നമ്പരിൽ സംഭാവനകൾ ഇടാവുന്നതാണ്. സംഭാവനകൾ നൽകുന്നവർ പേരുവിവരവും സംഭാവന തുകയും കമ്മിറ്റി അംഗങ്ങളിൽ ആരെയെങ്കിലും അറിയിക്കാൻ കൂടി ശ്രദ്ധിക്കുക. Account number 3475101003413, IFC CNRB0003475

Thursday, October 10, 2013

മരണം


മരണം

തട്ടത്തുമല, 2013 ഒക്ടോബർ 9: തട്ടത്തുമല വിളയിൽ വീട്ടിൽ ശിവരാമപിള്ള (89) ഒക്ടോബർ 9 നു പുലർച്ചെ സ്വവസതിയിൽ വച്ച്  മരണപ്പെട്ടു. കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ.എസ്. ജയച്ചന്ദ്രന്റെ പിതാവാണ് പരേതൻ. ഭാര്യ കമലാക്ഷിയമ്മ. മക്കൾ: ഗോപാല കൃഷ്ണൻ നായർ, രാധാകൃഷ്ണപിള്ള, രാധമ്മ, മധുസൂദനൻ പിള്ള, വത്സല, ഉഷ, അഡ്വ. എസ്. ജയച്ചന്ദ്രൻ, മരുമക്കൾ: സുഭദ്രാമ്മ, അംബിക, ബാഹുലേയൻ പിള്ള, സരസ്വതിയമ്മ, കൃഷ്ണൻ കുട്ടി (ലേറ്റ്), രാധാകൃഷ്ണൻ നായർ (ലേറ്റ്), വിജയശ്രീ.

Tuesday, October 8, 2013

മരണം


മരണം

തട്ടത്തുമല വട്ടപ്പാറ പള്ളിക്കീഴതിൽ  അബ്ദുൽ ഖരീം  2013 ഒക്ടോബർ 7 ന് രാത്രി മരണപ്പെട്ടു. 2013 ഒക്ടോബർ 8-ന്  രാവിലെ 11- 30-ന് വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. ദീർഘകാലമായി ചികിത്സയിലും കിടപ്പിലുമായിരുന്നു. സി.പി മാമ, ചടയമംഗലം മാമ എന്നീ പേരുകളിൽ അറിയപെട്ടിരുന്ന അബ്ദുൽ ഖരീം വർഷങ്ങളായി നാട്ടിൽ സുപരിചിതനാണ്. ചടയമംഗലം സ്വദേശിയായിരുന്ന അദ്ദേഹം വട്ടപ്പറയിലെ പ്രശസ്തമായ തേവയിൽ കുടുംബത്തിൽ വന്ന് വിവാഹം ചെയ്ത ശേഷം വർഷങ്ങളയി വട്ടപ്പാറ മുസ്ലിം ജമാ-അത്ത് പള്ളിയ്ക്കു സമീപം താമസിച്ചുവരികയായിരുന്നു. അഞ്ച് മക്കൾ. ഒരു പെണ്ണും നാലാണും. പ്രായം എൺപതിനു മുകളിൽ വരും. 

Thursday, October 3, 2013

വെളുത്തിരൻ ഓർമ്മയായി


വെളുത്തിരൻ ഓർമ്മയായി

തട്ടത്തുമല, 2013 ഒക്ടോബർ 3: തട്ടത്തുമലയിലെ പ്രശസ്ത കർഷകത്തൊഴിലാളിയും “മീൻ‌വെട്ടുവിദഗ്ദ്ധനും”  നാട്ടുകാർക്ക് ഏറെ  സുപരിചിതനും പ്രിയങ്കരനുമായിരുന്ന വെളുത്തിരൻ ഇന്ന് രാവിലെ മരണപ്പെട്ടു.  ജീവിതത്തിലുടനീളം നാട്ടുകാരുടെ ഉൾനിറഞ്ഞ സ്നേഹവായ്പുകൾ  ഏറ്റുവാങ്ങി ജീവിച്ച  പരേതന്റെ  പ്രായം ആർക്കും അത്രമേൽ നിശ്ചയമില്ല. നൂറുവയസ്സിനു മുകളിൽ പ്രായമുണ്ടാകുമെന്ന കാര്യത്തിൽ അധികമാരും തർക്കിച്ചു കാണുന്നില്ല. അപൂർവ്വം  മാത്രം ഉടുപ്പിട്ടു കാണുന്ന  വെളുത്തിരൻ എന്ന ഈ ദളിദ് വൃദ്ധൻ    മുട്ടിനുമേൽ ഇത്തിരിതുണ്ടം തുണിയുമുടുത്ത് ഇളിയിൽ ഒരു വെട്ടുകത്തിയുമായി ഒരു ചെറുവടിയും കുത്തി നടന്നു നീങ്ങുന്നത് ഏവർക്കും  കൌതുകമുള്ള കാഴ്ചയായിരുന്നു. ഒരു വട്ടക്കണ്ണടയും അല്പം കൂടി പൊക്കവും ഉണ്ടായിരുന്നെങ്കിൽ സാക്ഷാൽ  ഗാന്ധിജിയെപ്പോലെ തന്നെയിരുന്നേനെ!  സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരുടെയും കുശലാന്വേഷണങ്ങൾക്ക് കാതുകൊടുത്ത് മുച്ചുണ്ടു നീട്ടി നിഷ്കളങ്കമയി  ചിരിച്ചുനിന്ന് മറുപടിയേകാൻ  ഇനി വെളുത്തിരനില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട വെളുത്തിരൻ ഇനി ഓർമ്മകളിൽ മാത്രം. പേരു വെളുത്തിരൻ എന്നാണെങ്കിലും ആളു “കറുത്തിരനായിരുന്നു“. കുള്ളനല്ലെങ്കിലും അധികം ഉയരമില്ലാത്ത ഈ മനുഷ്യന്റെ മൊത്തത്തിലുള്ള ശരീരഘടന ഓർമ്മയിൽ എപ്പോഴും തങ്ങിനിൽക്കും വിധമായിരുന്നു.

ജന്മനാ മുച്ചുണ്ട് എന്ന ദൌർഭാഗ്യം ബാധിച്ചിരുന്നതിനാൽ അദ്ദേഹം സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരുന്നു.   മുച്ചുണ്ട് എന്നാൽ ചുണ്ടിന്റെ ഒരുവശം കീറി വായ് പൂർണ്ണമായുമടച്ചുവയ്ക്കനാകാത്ത അവസ്ഥ; സംസാരിക്കാനും  അല്പം പ്രയാസമുണ്ടാകും. ശബ്ദം മൂക്കിൽ നിന്നും വരുമ്പൊലെ തോന്നും. അതുകൊണ്ടാകാം ആവശ്യത്തിലധികം സംസാരിക്കുന്ന പ്രകൃതം വെളുത്തിരനുണ്ടായിരുന്നില്ല. വെളുത്തിരൻ മുന്നിൽ വന്നു നിന്നാൽ അദ്ദേഹത്തിന്റെ ഇംഗിതമെന്തെന്ന് പറയാതെതന്നെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാമായിരുന്നു. പൈസയാണു വേണ്ടതെങ്കിൽ വീട്ടിന്റെ മുൻ‌വശത്തു വന്നു നിൽക്കും. അല്ല വിശന്നിട്ടാണു വരവെങ്കിൽ നേരെ വീടിന്റെ അടുക്കള ഭാഗത്ത് ചെന്ന് ഒരു ചെറുസദ്യയുണ്ണാനുള്ള തയ്യാറെടുപ്പോടെ ചമ്രം പടഞ്ഞിരിക്കും. തമ്പ്രാക്കൾ കോരനു കഞ്ഞി കുമ്പിളിൽ നൽകിയിരുന്ന പണ്ടത്തെ ദളിതരുടെ ആ  ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ   തറയിലെവിടെയെങ്കിലുംതന്നെ വെളുത്തിരന്റെ  ആ ഇരിപ്പ്!  വെളുത്തിരനു ഒരു ചെറുതുകയോ  ഒരു നേരത്തെ ആഹാരമോ മിക്ക വീടുകളിലും ഒരു അവകാശം പോലെ ആയിരുന്നു. ആവുന്ന കാലത്ത് അവരുടെയൊക്കെ നിലങ്ങളിലും കരപ്പുരയിടങ്ങളിലും എല്ലാം എല്ലുമുറിയെ പണിചെയ്തിട്ടുള്ളതാണ് വെളുത്തിരൻ. അതുകൊണ്ടുതന്നെ അത് അദ്ദേഹത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായിരുന്നു. തട്ടത്തുമല കവലയിൽ വച്ച് വെളുത്തിരനെ കാണുന്ന പരിചയക്കാർ പലരും ഇടയ്ക്കിടെ  ചോദിക്കാതെതന്നെ ചെറുതുകകൾ  സംഭാവനകൾ നൽകിയിരുന്നു.

 

ആരോഗ്യമുള്ളകാലമത്രയും  വയലായ വയലുകളും  കരയായ കരകളും ഉഴുതുമറിച്ച് മണ്ണൊരുക്കി  മണ്ണിൽ പൊന്നു വിളയിച്ച ഈ കർഷകത്തൊഴിലാളിയെ അത്രവേഗം ആർക്കും മറക്കാനാകില്ല. കാളപൂട്ടിയും മൺ‌വെട്ടികൊണ്ടും ഉഴുതുമറിച്ച് പച്ചപ്പു വിരിച്ച് സ്വർണ്ണവ്വർണ്ണത്തിൽ നെൽമണികൾ  വിളയിച്ചിരുന്ന  കൃഷിനിലങ്ങളിൽപോലും കോൺക്രീറ്റ്കൃഷികൾ  ആകാശത്തോളം വളർന്നു പരിലസിച്ചു  നിൽക്കുമ്പോഴും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാതെ, തല ചായ്ക്കാൻ സ്വന്തമായി ഒരു കുടിൽ‌ക്കൂരയെങ്കിലുമില്ലാതെ  മണ്മറഞ്ഞുപോയ എത്രയോ “കറുത്തിരന്മാർക്ക്“ പിന്നാലെ പേരുകൊണ്ടു വെളുത്തിരനായ  ഒരു കറുത്തിരൻ കൂടി ഓർമ്മയായി. വയലുകളിലാണ്  വെളുത്തിരൻ കൂടുതലും  പണിയെടുത്തിരുന്നത്. നിലമൊരുക്കലിന്റെയും നെൽകൃഷിയുടെയും കാര്യത്തിൽ പരിണിതപ്രജ്ഞനായിരുന്നു വെളുത്തിരൻ. പ്രത്യേകിച്ച്  മറ്റ്  പണികളൊന്നുമില്ലാത്ത സമയങ്ങളിലും  മിക്കവാറും ഏതെങ്കിലും വയൽ വരമ്പിലോ തോട്ടുവരമ്പിലോ കുത്തിയിരുന്ന് വെളുത്തിരൻ ചൂണ്ടയിടുന്നതു കാണാം. ചിലപ്പോൾ വെട്ടുകത്തിയുമായി മീൻ വെട്ടാൻ വാക്കുനോക്കി വയലിലും തോട്ടിലുമൊക്കെ ഇറങ്ങി നടക്കുന്നുണ്ടാകും. എപ്പോഴുമിങ്ങനെ വയൽനിലങ്ങളെ ചുറ്റിപ്പറ്റി  കഴിഞ്ഞുകൂടുന്നതുകൊണ്ട്  വെളുത്തിരം പോയാൽ അങ്ങേ കണ്ടം അല്ലെങ്കിൽ ഇങ്ങേകണ്ടം എന്നൊരു ചൊല്ലുതന്നെ നാട്ടിലുണ്ടായി.

വർദ്ധക്യത്തിന്റെ അനാരോഗ്യം മൂലം  മണ്ണിൽ അദ്ധ്വാനിക്കുവാനുള്ള ശേഷി തീരെ ഇല്ലാതായശേഷവും തന്റെ ഇഷ്ടവിനോദവും “അഡീഷണൽ” തൊഴിലുമായിരുന്ന  തോട്ടു മീൻ പിടിക്കൽ  വെളുത്തിരൻ  അടുത്തകാലം വരെയും തുടർന്നിരുന്നു. നടക്കാൻ തീരെ പ്രയാസമനുഭവപ്പെട്ടു തുടങ്ങിയിട്ടേ തന്റെ ഇഷ്ട വിനോദം കൂടിയായ തോട്ടുമീൻ‌പിടിത്തം  അദ്ദേഹം നിർത്തിയുള്ളൂ. തോട്ടു മീനുകളെ വെട്ടിപ്പിടിക്കുന്നതിലും ചൂണ്ടയിട്ട് പിടിക്കുന്നതിലും  അതീവ സാമർദ്ധ്യമായിരുന്നു അദ്ദേഹത്തിന്. കൊണ്ടു വച്ചിരുന്നത് എടുക്കുന്നതുപോലെയാണ് തോടുകളിൽ ആ ഈ മനുഷ്യൻ  മീൻപിടിക്കുന്നത്!  തരപ്പെട്ടാൽ മീൻവെട്ടാനാണ് സദാ ഒരു വെട്ടുകത്തി ഇളിയിൽ തൂക്കി നടക്കുന്നത്. എപ്പോഴും ശാന്തനും സമാധാന പ്രിയനുമായിരുന്ന വെളുത്തിരനു പക്ഷെ മിൻവെട്ടുന്ന സമയത്ത്  വല്ലാത്തൊരാവേശവും വെപ്രാളവുമൊക്കെയാണ്. നിമിഷങ്ങൾക്കുള്ളിൽ കനത്തു നീണ്ട എത്രയോ നെടുമീനുകൾ തന്റെ  വെട്ടുകത്തിക്കിരയായും ചൂണ്ടനൂലിൽ കുരുങ്ങിയും  വെളുത്തിരന്റെകൈകളിലായിരിക്കുന്നു! വെട്ടുകത്തിയോ  ചൂണ്ടയോ ഒന്നുമില്ലാതെ  ഫ്രീഹാൻഡിൽത്തന്നെ മീൻപിടിക്കുന്നതിലും വിരുത് കാട്ടിയിരുന്ന വെളുത്തിരൻ. മണിക്കൂറുകളോളം ചൂണ്ടയുമിട്ട് പലരും നിരാശരായിരിക്കുമ്പോഴാകും വെളുത്തിരന്റെ പെർഫോമൻസ്. ഇത് എല്ലാവരെയും   അതിശയിപ്പിച്ചിരുന്നു.  മഴക്കലാമായാൽ അദ്ദേഹം കിലോമീറ്ററുകൾ താണ്ടി വിവിധ സ്ഥലങ്ങളിൽ പോയി  തോട്ടു‌മീൻ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നു. മഴക്കാലമായിരുന്നു അദ്ദേഹത്തിന്റെ ആഘോഷകാലം  എന്നുതന്നെ പറയാം.

പക്ഷെ താൻ പിടിക്കുന്ന വിലപിടിപ്പുള്ള നെടുമീനുകളെ വിലപേശി വിൽക്കാൻ മാത്രം ഈ പാവം നിരക്ഷരന് അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ചെറിയ നോട്ടുകൾ നൽകിയാൽ വെളുത്തിരൻ പിടിച്ച മീനുകളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്  പലരും ചൂഷണം ചെയ്തിരുന്നു. തട്ടത്തുമലക്കാരല്ല,  തട്ടത്തുമലയ്ക്ക് പുറത്തുള്ള ആളുകളാണ് അങ്ങനെ ആ പാവത്തിനെ  പറ്റിച്ചിരുന്നത്. സ്വന്തം നാട്ടുകാർക്ക് വെളുത്തിരനെ അങ്ങനെ പറ്റിയ്ക്കാൻ ഒരിക്കലും മനസ്സനുവദിക്കില്ല. തട്ടത്തുമല പ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ വച്ച് വെളുത്തിരനെ പറ്റിച്ചും വിരട്ടിയും  മീൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽ‌പ്പെടുന്ന  തട്ടത്തുമലക്കാർ ഇടപെട്ട് പറ്റിപ്പുകാരിൽ നിന്ന് വെളുത്തിരനെ രക്ഷപ്പെടുത്തിയ  സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. വെളുത്തിരന്റെ   അദ്ധ്വാനഫലത്തെ പറ്റിച്ചുവാങ്ങുന്നത് കണ്ടു നിന്നാൽ തട്ടത്തുമലക്കാരുടെ ധാർമ്മികരോഷം ഉണരാതിരിക്കില്ലല്ലോ! തട്ടത്തുമലയിൽ ത്തന്നെ എം.സി റോഡിനരികിൽ  വെളുത്തിരൻ പിടിച്ച മീനുകളെ പ്രദർശനം-കം- വില്പനയ്ക്കു വയ്ക്കുമ്പോൾ മീൻ കാണാനും  വാങ്ങാനുമായി അതുവഴി പോകുന്ന വാഹനങ്ങൾ നിർത്തി യാത്രക്കാരിറങ്ങിയിരുന്നു. അപ്പോൾ വെളുത്തിരൻ പറ്റിയ്ക്കപ്പെടാതിരിക്കാൻ   മീനിന്റെ വില നിശ്ചയിക്കുന്നത് നാട്ടുകാരായിരുന്നു.

അനാരോഗ്യം മൂലം കാർഷികജോലികളും  തോട്ടുമീൻ പിടിത്തവും ഉൾപ്പെടെ എല്ലാജോലികളിൽ നിന്നു വിരമിച്ചശേഷം നാട്ടിലെ ഓരോ വീടുകളിലും കയറിയിറങ്ങിയും തട്ടത്തുമലക്കവലയിൽനിൽക്കുമ്പോൾ ആളുകൾ അറിഞ്ഞു നൽകുന്ന ചെറുസംഭാവനകൾ കൊണ്ടും   അന്നന്നത്തെ വിശപ്പിന്റെ പ്രശ്നം ഭക്ഷണപ്രിയനായ  വെളുത്തിരൻ പരിഹരിച്ചു പോന്നു. വെളുത്തിരൻ വളരെ സമാധാനത്തിലിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടു നിൽക്കുന്നവർ ഭക്ഷണത്തോട് ആദരവുള്ളവരായി മാറും. വാർദ്ധക്യത്തിന്റെ അത്യുച്ചാവസ്ഥയിലും വഴിയായ  വഴികളിലും വീടായ വീടുകളിലും നിരന്തര സാന്നിധ്യമായിരുന്നു വെളുത്തിരൻ. പ്രായത്തിന്റെ അവശതകൾ കുറച്ചേറെ അലട്ടിത്തുടങ്ങിയിട്ടും  ഏതാനും നാളുകൾക്കു മുമ്പുവരെയും അദ്ദേഹം  ഇറങ്ങി നടന്നിരുന്നു. ഏതാണ്ട് മൂന്നു മാസത്തിനിപ്പുറമാണ് ദീർഘായുഷ്മാനായ വെളുത്തിരൻ തീരെ കിടപ്പിലായത്. വെളുത്തിരന്റെ ഭാര്യ വർഷങ്ങൾക്കുമുമ്പേ മരിച്ചു. പകൽ മുഴുവൻ ഊരു ചുറ്റിയശേഷം മക്കളുടെയും ചെറുമക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറിമാറിയായിരുന്നു വെളുത്തിരന്റെ അന്തിയുറക്കം.

എത്രയോ വർഷങ്ങളായി എന്റെ വീട്ടിലും അത്ര ദൈർഘ്യമില്ലാത്ത ഇടവേളകൾവച്ച് സന്ദർശനം നടത്തിയിരുന്ന ആളാണ് വെളുത്തിരൻ. വെളുത്തിരന്റെ സന്ദർശനങ്ങളും അദ്ദേഹത്തിനു   ചെറുകൈമടക്കും   ഭക്ഷണം നൽകലുമെല്ലം നാട്ടിൽ മറ്റ് പലരെയുമെന്നപോലെ എനിക്കും എന്റെ കുടുംബത്തിനും ഏറെ  സന്തോഷമുള്ള കാര്യങ്ങളായിരുന്നു. വെളുത്തിരനെ  സ്നേഹിക്കാനും വെളുത്തിരനാൽ സ്നേഹിക്കപ്പെടാനും കഴിഞ്ഞ എനിക്ക്  അദ്ദേഹത്തിന്റെ മരണം അകാലത്തിലല്ല, വാർദ്ധക്യത്തിലാണെങ്കിലും ദു:ഖമാണ്. എന്റെ  ഓർമ്മകളിൽ നിന്ന് അദ്ദേഹം അത്രവേഗം  മറഞ്ഞു പോവുകയുമില്ല.  മനുഷ്യായുസിന്റെ  പരിമിതികൾ അറിയാവുന്നതിനാൽ വെളുത്തിരനും മരിച്ചുവെന്നയാഥാർത്ഥ്യം അത്യന്തം ദു:ഖപൂർവ്വം ഉൾക്കൊണ്ടുകൊണ്ടുതന്നെ ദീർഘകാലം മണ്ണിനോട് മല്ലടിച്ച് മണ്ണിൽ ധാന്യം വിളയിച്ച കർഷകത്തൊഴിലാളിയും   നിഷ്കളങ്കനും നിരുപദ്രവകാരിയുനായിരുന്ന ആ നല്ലമനുഷ്യന്   എന്റെ ആദരാഞ്‌ജലികൾ!

Thursday, September 26, 2013

പ്രൊഫ. സഹദാ മണി മരണപ്പെട്ടു


പ്രൊഫ. സഹദാ മണി മരണപ്പെട്ടു 

റിട്ട. പ്രൊഫ.സഹദാ ബീവി (69) ഇന്നലെ (25-9-2013) രാവിലെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ വച്ച് മരണപ്പെട്ടു. ഏതാനും ദിവസങ്ങളായി അവർ ചികിത്സയിലായിരുന്നു. മൃതുദേഹം ആദ്യം തിരുവനന്തപുരം അമ്പലം മുക്കിലുള്ള അവരുടെ വീട്ടിൽ പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ സ്വദേശമായ തട്ടത്തുമലയിലുള്ള അവരുടെ കുടുംബവീടിനോട് ചേർന്നുള്ള അവരുടെതന്നെ നാട്ടുവീട്ടിൽ കൊണ്ടുവരികയും പൊതുദർശനത്തിനു വയ്ക്കുകയും ചെയ്തു. വൈകുന്നേരം അഞ്ച് മണിയോടെ കിളിമാനൂർ പാപ്പാല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. പെരിങ്ങമ്മല ഇക്ക്ബാൽ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു അവർ. പരേതനായ സ്വാതന്ത്ര്യ സമര സേനാനിയും നാട്ടിലെ ആയൂർവേദാചാര്യനുമായിരുന്ന ഇസ്മയിൽ പിള്ള വൈദ്യരുടെയും പരേതയായ സൈനം ബീവിയുടെയും മകളാണ്. ഭർത്താവ് റിട്ട. ഇഞ്ചിനീയർ മണി. മക്കൾ ഒരാണും രണ്ടു പെണ്ണും. മൂന്നുപേരും വിവാഹിതർ. സൌദാസാറും മണിസാറും എന്നാണ് അവരെ നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. മകൻ കുടുംബമായി ലണ്ടനിലും മൂത്തമകൾ കുടുംബമായി മുംബയിലും ഇളയ മകൾ എറണാകുളത്തുമാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സവിശേഷ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മാതൃകാ ദമ്പതികളായിരുന്നു അന്തരിച്ച സൌദാസാറും അവരുടെ ഭർത്താവ് റിട്ടയേർഡ് ഇഞ്ചിനീയറായ മണിസാറും. സദാ എവിടെയും അവരെ ഒരുമിച്ചുമാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ എന്നു പറഞ്ഞാൽ അത് അതിശയോക്തി ആകില്ല. കല്യാണം, മരണം മറ്റ് വിശേഷങ്ങൾ, ബന്ധുവീടുകളിൽ ഇടയ്ക്കിടെയുള്ള സൌഹൃദ സന്ദർശനം, യാത്രകൾ എന്നിവയ്ക്കെല്ലാം എപ്പോഴും ഒരുമിച്ചുതന്നെ കാണുന്ന ആ ദമ്പതിമാരിൽ മണിസാറിനെ ഒറ്റയ്ക്കാക്കി ഭാര്യ സൌദാ ബീവി യാത്രയായി. എല്ലാ കുടുംബങ്ങളിലും ചില സ്റ്റാറൂകൾ ഉണ്ടാകും. ഈ ദമ്പതിമാരും അങ്ങനെയായിരുന്നു. അവരുടെ സാന്നിദ്ധ്യം ഏത് വിശേഷാവസരങ്ങളിലും ബന്ധുമിത്രാദികൾ ആഗ്രഹിച്ചിരുന്നു. വിശേഷം നടക്കുന്ന വീടുകളിൽ ചെന്നാൽ അതിഥികളുടെ ഗമയുമായി കസേരയിൽ ഇരിക്കാതെ കാരണവരും കാരണവത്തിയുമായി ഓടിനടക്കുന്നവരായിരുന്നു അവർ. ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ചിരുന്നതിന്റെ ഗമയോ പത്രോസോ അവർ ഒരിക്കലും ആരോടും കാണിച്ചിരുന്നില്ലെന്നതാണ് അവർക്ക് കുടുംബത്തിലും നാട്ടുകാർക്കിടയിലും നല്ലൊരു മതിപ്പുണ്ടാകുവാൻ കാരണമെന്ന് ഞാൻ വിലയിരുത്തുന്നു. അവരോടുള്ള എന്റെ സ്നേഹാദരവ് രേഖപ്പെടുത്താൻ ഇന്റെർ നെറ്റിൽ ഇങ്ങനെയൊരിടം ഉള്ളത് ഞാൻ ഇപ്രകാരം പ്രയോജനപെടുത്തി എന്റെ ദുഖം പങ്ക് വയ്ക്കുന്നു.

Saturday, August 31, 2013

തട്ടത്തുമല സ്കൂളിന് ബസ് വാങ്ങുന്നു


സ്കൂൾബസ്:  ആലോചനായോഗം നടന്നു

തട്ടത്തുമല, 2013 ആഗസ്റ്റ് 31: തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു ബസ് വാങ്ങുന്നു. ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം ചേർന്നു. ബസ് വാങ്ങുന്നതിനായി ആറ്റിങ്ങൽ എം.എൽ.എ ബി. സത്യന്റെ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. സ്കൂളിലെ  അദ്ധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന്   രണ്ടേകാൽ ലക്ഷം രൂപയോളം  സംഭാവന നൽകും. എന്നാൽ ഈ തുകകൊണ്ട് ഉദ്ദേശിക്കുന്ന ബസ് വാങ്ങാൻ കഴിയില്ല.  ബാക്കി വരുന്ന തുക പിരിക്കണം. ആകെ കുറഞ്ഞത് പന്ത്രണ്ട് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 4-ന് സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഇന്നത്തെ യോഗത്തിൽ നിർദ്ധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. കാനഡയിൽ റിസർച്ച് സ്കോളറായ പൂർവ്വവിദ്യാർത്ഥി സിയാദും കൂട്ടുകാരും ചേർന്ന് ഏർപ്പെടുത്തിയ ധനസഹായം കൊണ്ടാണ് ഈ അഞ്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയത്. ബ്ലോക്ക് പ്ഞ്ചായത്ത് മെമ്പർ ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർ അംബികാ കുമാരി, അഡ്വ. എസ്. ജയച്ചന്ദ്രൻ, എം.എം.ബഷീർ, ആർ. വാസുദേവൻ പിള്ള, ബി.ജയതിലകൻ നായർ, പി.റോയ്, പള്ളം ബാബു തുടങ്ങിയവർ    യോഗത്തിൽ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.

Monday, July 8, 2013

പഠനോപകരണങ്ങൾ വിതരണം ചെയ്തു


പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2013 ജൂലൈ 7: തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്നകുട്ടികളിൽ  നിർദ്ധനരായ പത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും  ന്യൂസ്റ്റാർ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച് സാമൂഹ്യപ്രവർത്തകനും  റിട്ടയേർഡ് അദ്ധ്യാപകനുമായ എ.ഇബ്രാഹിം കുഞ്ഞ് വിതരണം ചെയ്തു. ന്യൂസ്റ്റാർ കോളേജിലെ മുൻ‌ അദ്ധ്യാപകനും ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളറുമായ സിയാദും കൂട്ടുകാരുമാണ്  ( Riya Rachel Mohan, Jathish Kumar, Jomon Mathew, Amala Mary Jose ) നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള ഈ പഠനസഹായം ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷവും ഇവർ ഇതുപോലെ ന്യൂസ്റ്റാറിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു. ഇത്തവണ തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ ഏതാനും നിർദ്ധനവിദ്യാർത്ഥികൾക്കുകൂടി ഇവർ  പഠനസഹായം നൽകുന്നുണ്ട്.

 
 

Saturday, June 15, 2013

എസ്.ഡി.പി.ഐ യോഗം


എസ്.ഡി.പി.ഐ യോഗം 

തട്ടത്തുമല, 2013 ജൂൺ 14: തട്ടത്തുമല ജംഗ്ഷനിൽ  എസ്.ഡി.പി.ഐ പൊതുയോഗവും അംഗത്വവിതരണവും  നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിയ്ക്കൽ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ജലീൽ, കരമന റസാക്ക് തുടങ്ങിയവർ സംസാരിച്ചു. കുന്നിൽ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നിസാം സ്വാഗതവും ജലീൽ കൃതജ്ഞതയും പറഞ്ഞു.

Thursday, May 30, 2013

അനുസ്മരണയോഗം നടന്നു


അനുസ്മരണയോഗം നടന്നു

തട്ടത്തുമല, 2013 മേയ്  29:  നമ്മെ ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ മേയ് 23-ന് വെഞ്ഞാറമൂടിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട തട്ടത്തുമലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ജി.രാജേന്ദ്രകുമാറിന്  (ബോംബെ ബാബു)  അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 29-5-2013 ബുധനാഴ്ച  വൈകുന്നേരം 5 മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ അനുശോചനയോഗം നടന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, പി.ജി മധു, ബി.ഹീരലാൽ, എസ്. സുലൈമാൻ, ആർ. വാസുദേവൻ പിള്ള, പള്ളം ബാബു, വൈ. അഷ്‌റഫ്, എസ്.യഹിയ, കെ.ജി.ബിജു, ഇ.എ.സജിം, ലക്ഷ്മി എന്നിവർ സംസാരിച്ചു. ബി. ജയതിലകൻ നായർ അദ്ധ്യക്ഷത വഹിച്ചു.

Monday, May 27, 2013

അനുസ്മരണയോഗം


അനുസ്മരണയോഗം

29-5-2013 ബുധനാഴ്ച 5 P.M-ന് 
തട്ടത്തുമല ജംഗ്ഷനിൽ  

ബഹുമാന്യരെ, 

തട്ടത്തുമല  നമ്മെ ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ മേയ് 23-ന് വെഞ്ഞാറമൂടിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട തട്ടത്തുമലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ജി.രാജേന്ദ്രകുമാറിന്  (ബോംബെ ബാബു)  അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 29-5-2013 ബുധനാഴ്ച  വൈകുന്നേരം 5 മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു.

എന്ന്, 
സെക്രട്ടറി
 കെ.എം ലൈബ്രറി, തട്ടത്തുമല
തട്ടത്തുമല, 21-5-2013

Friday, May 24, 2013

ബോംബെ ബാബു മരണപ്പെട്ടു


ബോംബെ ബാബു വാഹന അപകടത്തിൽ മരണപ്പെട്ടു

തട്ടത്തുമല, 2013 മേയ് 23: ബോബെ ബാബു എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാർ (50) ഇന്ന് രാവിലെ ഒൻപതര മണിയോടടുപ്പിച്ച്  ബൈക്കപകടത്തിൽ മരണപ്പെട്ടു. പിരപ്പൻ കോട് മാണിക്കൽ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻഡായിരുന്ന അദ്ദേഹം സ്വന്തം ബൈക്കിൽ ഓഫീസിലേയ്ക്ക് പോകും വഴി വെഞ്ഞാറമൂട് തൈയ്ക്കാടിനും പിരപ്പൻ കോടിനും ഇടയ്ക്ക് എം.സി റോഡിൽ വച്ചാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. എതിരെ തിരുവനന്തപുരത്തു നിന്നുംവന്ന കിളീമാനൂർ ഡിപ്പോയിലെ കെ.എ.ആർ.ടിസി ബസ് രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്തിനോട് ചേർന്ന് എതിർവശത്തുള്ള  സെന്റ് ജോൺ ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. അത്ര മാരകമായിരുന്നു  അപകടം. രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ദിശയിൽ  വന്ന മറ്റൊരു സ്കൂട്ടറിലും കാറിലും കൂടി ഈ ബസ് ഇടിച്ചിരുന്നു. ഭാര്യാ വീട്ടിൽനിന്നും ദിവസവും രാവിലെ ഓഫീസിലേയ്ക്ക് പുറപ്പെടുന്ന രാജേന്ദ്രകുമാർ  സാധാരണ തട്ടത്തുമലയിലോ കിളിമാനൂരിലോ  ബൈക്ക് ബൈക്ക് വച്ച ശേഷം ബസിലാണ് യാത്രചെയ്തിരുന്നത്. എന്നാൽ ഇന്ന് വില്ലേജ് ഓഫീസറുടെ ചാർജ് ഏല്പിച്ചിരുന്നതിനാൽ ബൈക്കിൽത്തന്നെ ഓഫീസിലേയ്ക്ക് പോകുകയയിരുന്നു.

മൃതുദേഹം വെഞ്ഞാറമൂട് പോലീസ് ഇങ്ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതുദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മാർട്ടം ചെയ്തശേഷം ആദ്യം നെടുമങ്ങാട് താലൂക്ക് ഓഫീസിൽ കൊണ്ടുപോയി. അവിടെ അല്പസമയം പൊതുദർശനത്തിനുവച്ചു. ജില്ലാകളക്ടർ ഉൾപ്പെടെ മൃതുദേഹത്തിൽ റീത്ത് സമർപ്പിച്ചു. ശേഷം മാണിക്കൽ വില്ലേജ് ഓഫീസിൽ കൊണ്ടുവന്ന് കുറച്ചു സമയം അവിടെയും പൊതുദർശനത്തിനു വച്ചു. ശേഷം ജന്മനാടായ തട്ടത്തുമലയിൽ എത്തിച്ച മൃതുദേഹം തട്ടത്തുമല ഗവ. എച്ചെ.എസ്.എസിൽ പൊതു ദർശനത്തിനി വച്ചു. അവിടെ തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരനും സാമൂഹ്യപ്രവർത്തകനുമായ രാജേന്ദ്രകുമാറിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാൻ വൻ‌ജനവലി എത്തിച്ചേർന്നിരുന്നു.  തട്ടത്തുമലയിൽ പൊതുദർശനം കഴിഞ്ഞ് മൃതുദേഹം കടയ്ക്കൽ ആറ്റുപുറത്തുള്ള ഭാര്യാഗൃഹത്തിലേയ്ക്ക് കൊണ്ടു പോയി. രാത്രി പത്ത് മണിയ്ക്ക് സംസ്കാരം.

നാട്ടിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന രാജേന്ദ്രകുമാർ നാട്ടുകാർക്ക് മൊത്തത്തിലും പ്രത്യേകിച്ച് ചെറുപ്പക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു. നല്ല വായനശീലം പുലർത്തിയിരുന്ന രാജേന്ദ്രകുമാർ അറിവിന്റെ ഭണ്ഡാരവും വാഗ്‌മിയുമായിരുന്നു. എന്നും യുവാക്കൾക്ക് ഒരു ആവേശമായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെയും വെല്ലുവിളീയുടെയും ഘട്ടങ്ങളെ സധൈര്യം അതിജീവിക്കുവാൻ രാജേന്ദ്രകുമാറിന്റെ  സഹായവും സാന്നിദ്ധ്യവും നാട്ടിൽ  ഏവർക്കും ലഭിച്ചിരുന്നു. റവന്യൂവിലെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലും നാട്ടുകാർക്ക് ഏറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു.

രാജേന്ദ്രകുമാർ  വിവാഹിതനണെങ്കിലും കുട്ടികൾ ഇല്ല. ഭാര്യ ഷീബ. ഭാര്യാഗൃഹത്തിലാണ് ഏതാനും വർഷങ്ങളായി താമസിച്ചുവന്നിരുന്നത്. ഒരു സഹോദരനുണ്ടായിരുന്നത് ഏതാനും വർഷങ്ങൾക്കുമുമ്പ്  മരണപ്പെട്ടു. ഏക സഹോദരി ലീല തട്ടത്തുമലയിൽ കുടുംബവീടിനോട് ചേർന്ന് കുടുംബമായി താമസം. രാജേന്ദ്രകുമാറിന്റെ പിതാവ് ഏറേക്കാലം ബോംബെയിൽ ആയിരുന്നതിനാലാണ് അദ്ദേഹത്തിന് ബോംബെ ബാബു എന്ന പേരു വീണത്. സർക്കാർ ഉദ്യോഗം ലഭിക്കുന്നതിനുമുമ്പ് സജീവ രാഷ്ട്രീയ പ്രവർത്തകനയിരുന്നു. നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എ.ബി.വി.പി പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് നാട്ടിൽ ഡി.വൈ.എഫ്.ഐ-ലും സി.പി.ഐ.എമ്മിലും ചേർന്ന് അതിന്റെ സജീവ പ്രവർത്തകനായി. തട്ടത്തുമല പ്രദേശത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്. ഉദ്യോഗ ലഭ്ദ്ധിയ്ക്ക് ശേഷവും തട്ടത്തുമലയിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു രാജേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ തട്ടത്തുമലയിലും കടയ്ക്കലുള്ള വീട്ടിലും എത്തി പരേതന് അന്തിമോപചാരങ്ങൾ അർപ്പിച്ചു.


മുകളിൽ പ്രശസ്ത ശാസ്ത്രാന്വേഷകൻ ബി.പ്രേമാനന്ദ് തട്ടത്തുമല ജംഗ്ഷനിൽ ദിവ്യാദ്ഭുത അനാവരണപരിപാടി  അവതരിപ്പിക്കാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ ആട്ടോഗ്രാഫിനായി തടിച്ചുകൂടിയ ചെറുപ്പക്കാർ. ഇതിൽ വലത്തേ അറ്റത്ത്   ചിരിച്ചുകൊണ്ടു നിൽക്കുന്ന  ബോംബെ ബാബു (രാജേന്ദ്ര കുമാർ) വിനെ കാണാം.

Wednesday, May 15, 2013

മരണം


മരണം

തട്ടത്തുമല പ്രദേശത്ത് ഇന്നും ഇന്നലെയുമായി രണ്ട് മരണം

വട്ടപ്പാറ-വിലങ്ങറ ചെറുനോട് ജമാൽ ഇന്ന് മരണപ്പെട്ടു. ജെയ്സ് ലാൽ, ജസിം ലാൽ, ജാസി മോൾ എന്നിവരുടെ പിതാവ്. പനിബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം വൈകുന്നേരം അഞ്ച് മണിയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാ‍അത്ത് ഖബർ സ്ഥാനിൽ നടന്നു.

പി.റോയിയുടെ ജ്യേഷ്ഠൻ ശശി അവർകൾ  ഇന്നലെ രാത്രി (15-5-2013) മരണപ്പെട്ടു. പുല്ലയിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം നടന്നത്. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം തട്ടത്തുമലയിലുള്ള   സ്വവസതിയിൽ  ഇന്ന് രാവിലെ പത്ത് മണിയ്ക്ക് നടന്നു.

Saturday, May 11, 2013

മരണം


മരണം

തട്ടത്തുമല, 2013 മേയ് 11: തട്ടത്തുമല മറവക്കുഴി ലക്ഷ്മി ഭവനിൽ ജനാർദ്ദനൻ പിള്ള (മണി) (62) അന്തരിച്ചു. കുറച്ചുനാളായി അസുഖമായി കിടപ്പിലായിഉരുന്നു. ഇന്ന് രാവിലെ ഏഴര മണിയോടടുപ്പിച്ച് സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ ഉദയ കുമാരി. മക്കൾ ബൈജു (ഗൾഫ്), വിനു (കെ.എസ്.ആർ.ടിസി), ബൈജു (ന്യൂസ്റ്റാർ കോളേജ്), മരുമകൾ അംഗിതകുമാരി.

Friday, May 10, 2013

2013 മേയ് വാർത്തകൾ


മരണം

തട്ടത്തുമല, 2013 മേയ് 11: തട്ടത്തുമല മറവക്കുഴി ലക്ഷ്മി ഭവനിൽ ജനാർദ്ദനൻ പിള്ള (മണി) (62) അന്തരിച്ചു. കുറച്ചുനാളായി അസുഖമായി കിടപ്പിലായിഉരുന്നു. ഇന്ന് രാവിലെ ഏഴര മണിയോടടുപ്പിച്ച് സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ ഉദയ കുമാരി. മക്കൾ ബൈജു (ഗൾഫ്), വിനു (കെ.എസ്.ആർ.ടിസി), ബൈജു (ന്യൂസ്റ്റാർ കോളേജ്), മരുമകൾ അംഗിതകുമാരി.

മരണം

തട്ടത്തുമല, 2013 മേയ് 8: തട്ടത്തുമല പാറക്കടഭാഗം കിഴക്കേത്തോപ്പിൽ ഖമറുദീന്റെ ഭാര്യ മരണപ്പെട്ടു. കുറച്ചുനാലായി അസുഖബാധിതയായി കഴിയുകയായിരുന്നു. ഖബറടക്കം പിറ്റേന്ന് (മേയ് 9-ന്) തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന ഷാഫിയുൾപ്പെടെ മൂന്നു മക്കൾ.

Wednesday, May 8, 2013

G.H.S.S. THATTATHUMALAG.H.S.S. THATTATHUMALA

Matteril mous click cheythu valuthaayi kandu vayikkuka. Adyam left button clkick cheyyanam. Pinne right button click cheythu "vew image" ennathil click cheyyanam. Ennittu veendum left button clkick cheyyuka. Appol valuthaayi kaanaam.തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്.................
ഷെയർചെയ്യാനും മറക്കരുത്..................

തട്ടത്തുമല ഗവ,എച്ച്.എസ്.എസിലെ പൂർവ്വവിദ്യാർത്ഥികളോട്, തട്ടത്തുമലക്കാരായ പ്രവാസികളോട്, രക്ഷകർത്താക്കളോട്, നാട്ടുകാരോട്, നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരോടും.......

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ സ്വന്തം സർക്കാർ സ്കൂളായ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനെ സംരക്ഷിക്കുക, സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക, പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിക്കുക, അദ്ധ്യാപകരെ ആദരിക്കുക തുടങ്ങിയ ബഹുമുഖ കർമ്മപദ്ധതികളുമായി കഴിഞ്ഞ വർഷം മുതൽ പി.ടി.എയ്ക്ക് പുറമേ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം കിളിമാനൂർ ബ്ലോക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിൽനിന്നും പ്രസ്തുത പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ അനുമോദന സമ്മേളനം നടത്തുകയും വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനായി വികസന സമിതി സ്വരൂപിച്ച പണത്തിൽ മിച്ചമുണ്ടായിരുന്നത് ചെലവഴിച്ച് വിദ്യാർത്ഥികൾക്കും സ്കൂളിനും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ പിന്നീടും സ്കൂളിൽ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാർക്കും നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികൾക്കും പുറമേ പ്രവാസികളായ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണയും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായുള്ള ഈ പരിപാടികൾ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ ഉയർന്ന വിജയശതമാനം (97.4) തട്ടത്തുമല ഗവ.എച്ച്.എസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്ലസ്-ടു റിസൾട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ വരും. അതിലും കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പ്ലസ്- ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനും സ്കൂൾ അദ്ധ്യാപകരെയും പരിസരത്തെ പാരലൽ കോളേജ് അദ്ധ്യാപകരെയും ആദരിക്കുന്നത്തിനും വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നതിനുമായി സ്കൂളിൽ അനുമോദന സമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. ഇതിലേയ്ക്ക് നല്ലൊരു സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും നാട്ടിലും വിദേശത്തുമുള്ള പൂർവ്വവിദ്യാർത്ഥികളും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുകാരും ഉദ്യോഗാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ ‌(പ്രവാസികൾ അടക്കം‌) പലരും മുൻ‌വർഷത്തെ പോലെ ഇത്തവണയും അവരവരുടെ ശേഷിക്കനുസരിച്ച സംഭാവനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പലരും ഇതിനകം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളർ ആയിട്ടുള്ള നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിയാദും സുഹൃത്തുക്കളും ചേർന്ന് - (സിയാദ് ഉബൈദ് (കാനഡ)
ജിതീഷ് കുമാർ (ജപ്പാൻ), ജോമോൻ മാത്യൂ (ഇസ്രായേൽ), റിയാ റച്ചേൽ (ഡൽഹി),
അമൽ മേരീ ജോസ് (കാനഡ‌)-  നിർദ്ധനരായ പത്ത്  കുട്ടികൾക്ക് ഓരോരുത്തർക്കും പാഠപുസ്തകങ്ങൾ, നോട്ട് ബൂക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ജോഡി യൂണിഫോം എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള പണം ഉടൻ അവർ എത്തിക്കുന്നതാണ്.

ഇനിയും നാട്ടിലും വിദേശത്തുമുള്ള നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായി കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള സഹായം എത്തിക്കാൻ കഴിയുന്നവർ ഉടൻ ബന്ധപ്പെടുക. മേയ് 20 നോ 22 നോ ആയിരിക്കും അനുമോദന സമ്മേളനം നടക്കുക. ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ മിച്ചമുണ്ടെങ്കിൽ അത് കഴിഞ്ഞ വർഷത്തെ പോലെ സ്കൂളിൽ പഠന സഹായവുമായി ബന്ധപ്പട്ടകാര്യങ്ങൾക്കും സ്ക്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.

നമ്മുടെ നാട്, നമ്മുടെ സ്കൂൾ; അത് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും സഹകരിക്കുക.

സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർ ഇ.എ.സജിം, കെ.ജി. ബിജു എന്നിവരെയോ, വികസന സമിതിയുമായി ബന്ധപ്പെട്ട മറ്റുള്ള ആരെയെങ്കിലുമോ ഉടൻ ബന്ധപ്പെടുക. പ്രവാസികൾക്ക് സംഭാവനകൾ അയക്കാൻ ആ‍വശ്യമെങ്കിൽ അറിയിച്ചാൽ ബാങ്ക് അക്കൌണ്ട് നമ്പർ അയച്ചു തരുന്നതാണ്. ബാങ്ക് അക്കൌണ്ട് വഴി സംഭവനകൾ അയക്കുന്നവർ നിർബന്ധമായും ആ വിവരം ടെലിഫോൺ, മെസ്സേജ്, ഇ-മെയിൽ എന്നിവ വഴിയോ ഫെയ്സ് ബൂക്ക്, ബ്ലോഗ് എന്നിവ വഴി പരസ്യമായോ അറിയിച്ചിരിക്കണം. ഇവിടെ കമന്റ് വഴിയും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാവുന്ന നമ്പരുകൾ:

9446272270-ഇ.എ.സജിം
9447791544-കെ.ജി.ബിജു

email: easajim@gmail.com

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് വികസനസമിതിയ്ക്കുവേണ്ടി പ്രസിദ്ധീ‍കരിക്കുന്നത്


Saturday, May 4, 2013

തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്


തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്.................
ഷെയർചെയ്യാനും മറക്കരുത്..................

തട്ടത്തുമല ഗവ,എച്ച്.എസ്.എസിലെ പൂർവ്വവിദ്യാർത്ഥികളോട്, തട്ടത്തുമലക്കാരായ പ്രവാസികളോട്, രക്ഷകർത്താക്കളോട്, നാട്ടുകാരോട്, നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരോടും.......

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ സ്വന്തം സർക്കാർ സ്കൂളായ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനെ സംരക്ഷിക്കുക, സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക, പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിക്കുക, അദ്ധ്യാപകരെ ആദരിക്കുക തുടങ്ങിയ ബഹുമുഖ കർമ്മപദ്ധതികളുമായി കഴിഞ്ഞ വർഷം മുതൽ പി.ടി.എയ്ക്ക് പുറമേ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം കിളിമാനൂർ ബ്ലോക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിൽനിന്നും പ്രസ്തുത പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ അനുമോദന സമ്മേളനം നടത്തുകയും വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനായി വികസന സമിതി സ്വരൂപിച്ച പണത്തിൽ മിച്ചമുണ്ടായിരുന്നത് ചെലവഴിച്ച് വിദ്യാർത്ഥികൾക്കും സ്കൂളിനും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ പിന്നീടും സ്കൂളിൽ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാർക്കും നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികൾക്കും പുറമേ പ്രവാസികളായ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണയും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായുള്ള ഈ പരിപാടികൾ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ ഉയർന്ന വിജയശതമാനം (97.4) തട്ടത്തുമല ഗവ.എച്ച്.എസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്ലസ്-ടു റിസൾട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ വരും. അതിലും കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പ്ലസ്- ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനും സ്കൂൾ അദ്ധ്യാപകരെയും പരിസരത്തെ പാരലൽ കോളേജ് അദ്ധ്യാപകരെയും ആദരിക്കുന്നത്തിനും വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നതിനുമായി സ്കൂളിൽ അനുമോദന സമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. ഇതിലേയ്ക്ക് നല്ലൊരു സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും നാട്ടിലും വിദേശത്തുമുള്ള പൂർവ്വവിദ്യാർത്ഥികളും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുകാരും ഉദ്യോഗാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ ‌(പ്രവാസികൾ അടക്കം‌) പലരും മുൻ‌വർഷത്തെ പോലെ ഇത്തവണയും അവരവരുടെ ശേഷിക്കനുസരിച്ച സംഭാവനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പലരും ഇതിനകം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളർ ആയിട്ടുള്ള നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിയാദും സുഹൃത്തുക്കളും ചേർന്ന് - (സിയാദ് ഉബൈദ് (കാനഡ)
ജിതീഷ് കുമാർ (ജപ്പാൻ), ജോമോൻ മാത്യൂ (ഇസ്രായേൽ), റിയാ റച്ചേൽ (ഡൽഹി),
അമൽ മേരീ ജോസ് (കാനഡ‌)-  നിർദ്ധനരായ പത്ത്  കുട്ടികൾക്ക് ഓരോരുത്തർക്കും പാഠപുസ്തകങ്ങൾ, നോട്ട് ബൂക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ജോഡി യൂണിഫോം എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള പണം ഉടൻ അവർ എത്തിക്കുന്നതാണ്.

ഇനിയും നാട്ടിലും വിദേശത്തുമുള്ള നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായി കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള സഹായം എത്തിക്കാൻ കഴിയുന്നവർ ഉടൻ ബന്ധപ്പെടുക. മേയ് 20 നോ 22 നോ ആയിരിക്കും അനുമോദന സമ്മേളനം നടക്കുക. ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ മിച്ചമുണ്ടെങ്കിൽ അത് കഴിഞ്ഞ വർഷത്തെ പോലെ സ്കൂളിൽ പഠന സഹായവുമായി ബന്ധപ്പട്ടകാര്യങ്ങൾക്കും സ്ക്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.

നമ്മുടെ നാട്, നമ്മുടെ സ്കൂൾ; അത് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും സഹകരിക്കുക.

സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർ ഇ.എ.സജിം, കെ.ജി. ബിജു എന്നിവരെയോ, വികസന സമിതിയുമായി ബന്ധപ്പെട്ട മറ്റുള്ള ആരെയെങ്കിലുമോ ഉടൻ ബന്ധപ്പെടുക. പ്രവാസികൾക്ക് സംഭാവനകൾ അയക്കാൻ ആ‍വശ്യമെങ്കിൽ അറിയിച്ചാൽ ബാങ്ക് അക്കൌണ്ട് നമ്പർ അയച്ചു തരുന്നതാണ്. ബാങ്ക് അക്കൌണ്ട് വഴി സംഭവനകൾ അയക്കുന്നവർ നിർബന്ധമായും ആ വിവരം ടെലിഫോൺ, മെസ്സേജ്, ഇ-മെയിൽ എന്നിവ വഴിയോ ഫെയ്സ് ബൂക്ക്, ബ്ലോഗ് എന്നിവ വഴി പരസ്യമായോ അറിയിച്ചിരിക്കണം. ഇവിടെ കമന്റ് വഴിയും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാവുന്ന നമ്പരുകൾ:

9446272270-ഇ.എ.സജിം
9447791544-കെ.ജി.ബിജു

email: easajim@gmail.com

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് വികസനസമിതിയ്ക്കുവേണ്ടി പ്രസിദ്ധീ‍കരിക്കുന്നത്

Thursday, April 25, 2013

ബൈക്കപകടത്തിൽ മരിച്ചു


ബൈക്കപകടത്തിൽ  മരിച്ചു

തട്ടത്തുമല, 2013 ഏപ്രിൽ 22: തട്ടത്തുമല മണലേത്തുപച്ച വളവുപച്ചയുടെ മകളും  യൂസുഫിന്റെ ഭാര്യയും സെലിൻ, സാദിക്ക് എന്നിവരുടെ മാതാവുമായ സൈനബാ ബീവി (65) ബൈക്കപകടത്തിൽ മരണപ്പെട്ടു. മകൻ സാദിക്കിനൊപ്പം ബൈക്കിനു പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന സൈനബാ ബീവി നിലമേലിനടുത്ത് വേയ്ക്കൽ വച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ് അപകടപ്പെടുകയായിരുന്നു. ആദ്യം വെഞ്ഞാറമുട്ടിലുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ  നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തലയ്ക്ക് ക്ഷതമേറ്റിരുന്ന ഇവരുടെ ജിവൻ രക്ഷിക്കാനായില്ല. തട്ടത്തുമല സ്കൂളിനോട് ചേർന്ന് അല്പം സ്ഥലം വാങ്ങി അതിൽ പുതിയ വീടു പണി പുരോഗമിച്ചു വരവേയാണ് ഇവരുടെ കുടുംബത്തിലേയ്ക്ക് ഈ  ദുരന്തം കടന്നു വന്നത്. മരണ വിവരമറിഞ്ഞ് പിറ്റേന്ന് ഗൾഫിലുണ്ടായിരുന്ന ഭർത്താവ് യൂസഫ്  നാട്ടിലെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം പിറ്റേന്ന് (ഏപ്രിൽ 23‌) വീട്ടിലെത്തിച്ച മൃതുദേഹം വൈകുന്നേരം പപ്പാല മുസ്ലിം ജമാ‍അത്ത് ഖബർസ്ഥാനിൽ അടക്കം ചെയ്തു. മകൾ പോളി ടെക്ക്നിക്കിൽ സിവിൽ എഞ്ചിനീയറിംഗ്  കഴിഞ്ഞ സെലിൻ വിവാഹിതയായി ഭർത്താവും  കുട്ടികളുമൊത്ത്  ഓയൂരിൽ താമസിച്ചുവരുന്നു. സെലിന്റെ ഭർത്താവ്  ഗൾഫിലാണ്.  മകൻ സാദിക്ക്  പോളി ടെക്നിക്കിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ  കഴിഞ്ഞ് കുറച്ചുനാൾ ഗൾഫിലായിരുന്നു. ഇപ്പോൾ പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു. സാദിക്ക് അവിവാഹിതനാണ്‌.

Saturday, April 13, 2013

അഭിമുഖം


ദർശനാ ടി.വിയിൽ വന്ന അഭിമുഖം


ഫൂട്ട്ബാൾ


ഫൂട്ട് ബാൾ

ലോകത്ത് നിരവധിയായിട്ടുള്ള കായിക വിനോദങ്ങൾ ഉണ്ട്. അവയിൽ ചിലത് ലോകവ്യാപകമായിത്തന്നെ പ്രചുരപ്രചാരം നേടിയിട്ടുള്ള ജനപ്രിയ കായികവിനോദങ്ങളാണ്.  ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്ന നിരവധി കായികവിനോദങ്ങൾ വേറെയുമുണ്ട്.  ഓരോ രാജ്യവും  കായിക രംഗത്ത് അവരുടേതായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്.

ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതൽ ജനപ്രിയതയും പ്രചാരവുമുള്ള രണ്ട് കായിക വിനോദങ്ങൾ ക്രിക്കറ്റും ഫൂട്ട്ബാളും ആണ്. യഥാർത്ഥത്തിൽ ക്രിക്കറ്റ് ഇന്നത്തെ രൂപത്തിൽ ആളുകളിൽ ഒരു ജ്വരമായി മാറുന്നതിനും എത്രയോ മുമ്പ് തന്നെ ലോകത്ത് ജനപ്രിയത നേടിയ ഒരു കായിക വിനോദം ഫൂട്ട് ബാൾ ആണ്. ഇന്നും ലോകത്തെ പ്രബലമായ നല്ലൊരുപങ്ക് രാഷ്ട്രങ്ങളിലും ക്രിക്കറ്റിനേക്കാൾ പ്രചാരവും ജനപ്രിയതയും ഫൂട്ട്ബാളിനുണ്ട് എന്നതാണ് യാഥാർത്ഥ്യം. ക്രിക്കറ്റ് പോലെയോ അതിൽ നിന്നും അല്പം കൂടുതലായോ ജനങ്ങളിൽ ആവേശം സൃഷ്ടിക്കുന്ന കളിയാണ് ഫൂട്ട് ബാൾ.

പുരാതന കാലത്തോളം പഴക്കമുള്ള ഒരു കളിയാണ് ഫൂട്ട്ബാൾ. പുരാതന ഗ്രീസിലും പുരാതന റോമിലും ബാൾ കൊണ്ടുള്ള പല കളികളും നിലവിലിരുന്നു. പ്രത്യേകിച്ചും കാൽകൊണ്ട് ബാൾ  തട്ടിക്കളിക്കുന്നവ. ഇവയിൽ ചിലതിനെ  ഫൂട്ട് ബാളിന്റെ ആദ്യകാല രൂപങ്ങളായി കണക്കാക്കാം. പുരാതന മെസപ്പട്ടോമിയയിലും ചൈനയിലും എല്ലാം ഫൂട്ട് ബാളിന്റെ ആദ്യകാല രൂപങ്ങൾക്ക് നല്ല പ്രചാരമുണ്ടായിരുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും കാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വളരെ പണ്ടുമുതലേ ഈ കളിയ്ക്ക് പ്രചാരമുണ്ട്. നമ്മുടെ ഇന്ത്യയിലും ഫൂട്ട്ബാളിന് പണ്ട് മുതൽക്കേ ജനപ്രിയതയുണ്ട്.

ഇന്ന് ലോകത്തെല്ലായിടത്തും ഏകസമാനമായ നിയമങ്ങളിൽ അധിഷ്ഠിതമായ ഒരു കളിയായി ഫൂട്ട് ബാൾ മാറിയിരിക്കുന്നു. ലോകത്തെവിടെയുമുള്ള ആളുകൾ ഒരു പോലെ ആസ്വദിക്കുന്ന ഒരു കായികകലാരൂപമായി ഫൂട്ട്ബാളിനെ നമുക്ക് കരുതാവുന്നതാണ്. യഥാർത്ഥത്തിൽ ലോകവ്യാപകമായ ജനപ്രിയതയുടെ  കാര്യത്തിൽ ക്രിക്കറ്റിനേക്കാൾ മുമ്പിൽ ഉള്ളത് ഫൂട്ട് ബാൾ ആണ്. നമ്മുടെ രാജ്യത്തടക്കം ലോകത്തെ ചില രാജ്യങ്ങളിൽ ക്രിക്കറ്റിന് ഫൂട്ട് ബാളിനേക്കാൾ പ്രചാരം ഉണ്ടെന്നത് നിഷേധിക്കുന്നില്ല്ല. എങ്കിലും ഫൂട്ട്ബാൾ ആണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള കളി.

ഫൂട്ട് ബാളിന്റെ പ്രമോഷനുവേണ്ടി പതിനെട്ടാം നൂറ്റാണ്ടുമുതൽ തന്നെ നിരവധി സംഘടനകൾ രൂപം കൊണ്ടിരുന്നു. ഇന്ന് ധാരാളം അന്തർദ്ദേശീയ ഫൂട്ട് ബാൾ അസോസിയേഷനുകൾ ഉണ്ട്. നിരവധി മത്സരങ്ങൾ ലോകത്താകമാനം നടക്കുന്നു. രാജ്യാന്തര ഫൂട്ട് ബാൾ കളികളിൽ  ജയിക്കുക എന്നത് ഓരോ രാജ്യങ്ങളും വലിയ അഭിമാനമായി കരുതുന്നുണ്ട്. ലോകത്ത് എത്രയോ ഫൂട്ട് ബാൾ മാമങ്കങ്ങൾതന്നെ ഇന്ന് നടക്കുന്നുണ്ട്. കായിക വിനോദങ്ങൾക്ക് ഇന്ന് ഒരു വിനോദം എന്നതിലുപരി വലിയ പ്രാധാന്യമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള സൌഹൃദങ്ങൾ വളർത്തിയെടുക്കുന്നതിൽ കായിക വിനോദങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അന്തർദ്ദേശീയ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുവാൻ കായിക വിനോദങ്ങൾ സഹായിക്കുന്നുണ്ട്.

ലോകത്തിനു മൊത്തമായ ഒരു പൊതു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കായിക വിനോദങ്ങൾക്ക് വലിയ പങ്കുണ്ട്.  ശത്രുരാജ്യങ്ങൾ തമ്മിൽ പോലും മഞ്ഞുരുക്കാൻ കായിക ബന്ധങ്ങൾ സഹായിക്കും. പല പരസ്പരമുള്ള രാഷ്ട്രീയ പ്രശ്നങ്ങളും നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിൽ പോലും കായിക വിനോദങ്ങൾ നടക്കുകയും പരസ്പരം സൌഹൃദപ്പെടുകയും ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് വിവിധരാജ്യങ്ങളെക്കുറിച്ചും അവരുടെ സംസ്കാരങ്ങളെക്കുറിച്ചും എല്ലാം പരസ്പരം അറിയാൻ രാജ്യാന്തര കായികബന്ധങ്ങൾ സഹായിക്കുന്നു.

കായികവിനോദങ്ങൾക്ക് ജാതിമത വർണവർഗ്ഗ ദേശഭാഷാ വ്യത്യാസങ്ങൾ ഇല്ല. എല്ലാവരും അവ ഇഷ്ടപ്പെടുന്നു. കായികവിനോദങ്ങളിലും മത്സരങ്ങളിലും ഏർപ്പെടുന്നു. ജയവും പരാജയവും അല്ല അവിടെ പ്രധാനം. കായിക വിനോദങ്ങൾ എല്ലാം  അവയിൽ  ഏർപ്പെടുന്നവർക്കും അത് കാണുന്നവർക്കും മാനസികവും ശാരീ‍രികവുമായ ഉന്മേഷം പകരുന്നവയാണ്.

Saturday, March 2, 2013

ചലച്ചിത്ര ആസ്വാദന-പഠനക്യാമ്പ്


ചലച്ചിത്ര ആസ്വാദന-പഠനക്യാമ്പ്

തട്ടത്തുമല, 2013 മാർച്ച് 2: പുരോഗമന കലാസാഹിത്യ സംഘം തട്ടത്തുമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തട്ടത്തുമലയിൽ ഇന്ന് ചലച്ചിത്രാസ്വാദന-പഠന ക്യാമ്പ് നടന്നു. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ  രാവിലെ 11 മണിയ്ക്ക് ക്യാമ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കെ.ആർ. മോഹൻ ഉദ്ഘാടനം ചെയ്തു. പിന്നീട് ചലച്ചിത്ര അക്കാഡമി മുൻ വൈസ് ചെയർമാർ വി.കെ.ജോസഫ് ക്ലാസ്സെടുത്തു.  സാങ്കേതിക സഹായവുമായി ഷിജിയും ഉണ്ടായിരുന്നു. ക്ലിപ്പിങ്ങുകൾ ക്ലാസ്സിനു കൊഴുപ്പുകൂട്ടി.  ഉദ്ഘാടനച്ചടങ്ങിൽ അഡ്വ.എസ്.ജയച്ചന്ദ്രൻ, കിളിമാനൂർ ചന്ദ്രൻ, ബി.ഹീരലാൽ, എം.നാരായണൻ, ബി.ജയതിലകൻനായർ എന്നിവർ സംസാരിച്ചു. ജി. ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബിജു സ്വാഗതവും എം.ആർ.അഭിലാഷ് കൃതജ്ഞതയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ചാർളി ചാപ്ലിന്റെ ദ കിഡ് പ്രദർശിപ്പിച്ചു. കെ.ആർ. മോഹനനും, വി.കെ.ജോസഫും അവർക്കൊപ്പമെത്തിയ മോഹൻ‌ദാസും, ഷിജിയും ആദ്യവസാനം ക്യാമ്പിലുണ്ടായിരുന്നു.

Thursday, January 17, 2013

മരണം


മരണം

തട്ടത്തുമല, 2013 ജനുവരി 15: തട്ടത്തുമല പെരുംകുന്നത്ത് പ്രവാസി മലയാളിയും മുൻ‌കാല സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന  അബ്ദുൽ കരീം മരണപ്പെട്ടു. പ്രവാസജിവിതം ആരംഭിക്കുന്നതിനുമുമ്പ് ഏറെക്കാലം സി.പി.ഐ.എം തട്ടത്തുമല ബ്രാഞ്ച് സെക്രട്ടറിയും തട്ടത്തുമല സ്റ്റാർ കോളേജ് പ്രിൻസിപ്പളും മറ്റും ആയിരുന്നു. അസുഖബാധിതനായി ഏതാനും ദിവസങ്ങൾക്കുമുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തി  തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. പോലീസിൽ ജോലിയുള്ള സലിം അനുജനാണ്. 

Thursday, January 3, 2013

സ്ത്രീജാഗ്രതാസദസ്സ് സംവാദവേദിയായി


സ്ത്രീജാഗ്രതാസദസ്സ് ടി.ഗീനാകുമാരി ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീജാഗ്രതാസദസ്സ് സംവാദവേദിയായി

തട്ടത്തുമല, 2013 ജനുവരി 3: സ്ത്രീകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം തട്ടത്തുമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ  നടന്ന സ്ത്രീജാഗ്രതാ സദസ്സ് സംവാദവേദിയായി. സദസ്സ് മുൻ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർ പേഴ്സണും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകയുമായ  അഡ്വ. ടി. ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഒരു പെൺകുട്ടി പൈശാചികമായി കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തിനോടുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയിൽ  ചിലപുരുഷൻ‌മാർ അറിഞ്ഞോ അറിയാതെയോ പറഞ്ഞ കാര്യങ്ങളിലെ  സ്ത്രീവിരുദ്ധ ആശയങ്ങൾ ചൂടേറിയ സംവാദത്തിന് വഴിമാറി. സദസ്സിൽ ആശംസകൾ നേർന്ന പുരുഷൻ‌മാരിൽ ചിലർ പറഞ്ഞുവച്ച അഭിപ്രായങ്ങൾ ഇതിൽ പങ്കെടുത്തവനിതകളെ പ്രകോപിപ്പിക്കുകയും അവർ പ്രതിഷേധശബ്ദം ഉയർത്തുകയും ചെയ്തത് പരിപാടിയിൽ പങ്കെടുത്തവർക്കും കാഴ്ചക്കാർക്കും കൌതുകമായി.

വനിതകളെ ചൊടിപ്പിച്ച അഭിപ്രായ പ്രകടനങ്ങൾക്ക് ഉദ്ഘാടക ടി. ഗീനാകുമാരി അദ്ധ്യക്ഷയുടെ അനുവാദത്തോടെ വീണ്ടും ഇടപെട്ട്  മറുപടിപ്രസംഗം നടത്തി. പീഡനം നടത്തുന്ന കുറ്റവാളികൾക്കെതിരെയുള്ള പ്രതികരണങ്ങൾക്കൊപ്പം പീഡനത്തിനിരയാക്കുന്ന സ്ത്രീകളുടെമേൽ കുറ്റം ചാർത്തുന്ന പ്രവണതയെ വനിതകൾ ശക്തമായ ഭാഷയിൽ അപലപിച്ചു. മിക്ക സ്ത്രീപീഡനക്കേസുകളിലും ഇരകളുടെ ഭാഗത്തും തെറ്റുകളുണ്ടെന്ന് ചില പുരുഷൻ‌മാർ ആരോപിച്ചു. സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ സ്ത്രീകളുടെ ഭാഗത്തും കുറ്റമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും  സ്ത്രീകൾക്ക് സ്വയം സുരക്ഷിതരാകാൻ മതിയായ ബോധവൽക്കരണം ആവശ്യമാണെന്നും പുരുഷൻ‌മാരുടെ ഭാഗത്തു നിന്നും അഭിപ്രായമുയർന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയിലെ പ്രകോപനപരത ബലാത്സംഗങ്ങൾക്ക് ഇടയാക്കുമെന്ന പുരുഷന്മാരുടെ പരാമർശം സ്ത്രീകളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധത്തിനിടയാക്കി. പുരുഷൻ‌മാരിൽ ഒരു വിഭാഗത്തിന്റെ മാനസിക രോഗത്തിന് പെൺകുട്ടികളെ കുറ്റം പറയരുതെന്നായി സ്ത്രീപക്ഷം. പീഡനത്തിനിരയാകുന്ന സ്ത്രീകളെല്ലാം മോശമായി വസ്ത്രധാരണം ധരിച്ചിരുന്നവരല്ലെന്നും സ്ത്രീകൾക്കു നേരെയുള്ള  കുറ്റകൃത്യങ്ങൾക്ക്  സ്ത്രീകൾ തന്നെയാണ് കാരണമാകുനതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും സ്ത്രീപക്ഷം വാദിച്ചു.

ഏതു കാരണത്താലായാലും ഏതു സാഹചര്യത്തിലായാലും  പീഡനം ന്യായീകരിക്കപ്പെടുന്നില്ല. ഇരകളാകുന്ന സ്ത്രീകൾക്കുമേൽ കുറ്റം ചാർത്തി പുരുഷന്റെ അധമവികാരങ്ങളെയും കുറ്റവാസനകളെയും ഞരമ്പുരോഗങ്ങളെയും ന്യായീകരിക്കുന്ന പ്രവണത പുരുഷാധിപത്യമനോഭാവത്തിന്റെ സൃഷ്ടിയാണ്. ആധുനിക കാലത്ത് സ്ത്രീകൾക്ക് പല കാര്യത്തിനും രാപകൽ വ്യത്യാസമില്ലാതെ സഞ്ചരിക്കേണ്ടി വരും. അടച്ചുമൂടി വീട്ടിലിരിക്കേണ്ടവളാണ് സ്ത്രീകളെന്ന പഴഞ്ചൻ വിശ്വാസങ്ങൾ മാറണം. ജിവിക്കാൻ എല്ലാ സൌകര്യങ്ങളും ഒത്തു കിട്ടുന്ന സ്ത്രീകൾക്ക് വീട്ടിലിരിക്കാം. എന്നാൽ കുടുംബം പോറ്റാൻ പലവിധ സ്ഥാപനങ്ങളിൽ പല ഷിഫ്റ്റിൽ ജോലി നോക്കുന്ന പെൺകുട്ടികൾക്ക് വീട്ടിലിരിക്കാൻ പറ്റുമോ? പല സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കുന്ന സ്ത്രീകൾക്ക് രാത്രി വളരെ വൈകിയാകും അവരവരുടെ വീടുകളിൽ എത്താൻ കഴിയുക. മാനം കാക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്നു പറയുന്നവർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കുടുംബം പോറ്റാൻ   തൊഴിലിടങ്ങളിൽ പോകുകയും മടങ്ങുകയും ചെയ്യാൻ നിർബന്ധിതരാകുന്ന നിർദ്ധനരായ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമോ?  അസമയത്ത് ഇറങ്ങി നടന്നാൽ സ്ത്രീയെ  ബലാത്സംഗം ചെയ്യാൻ പുരുഷന് ആരെങ്കിലും അധികാരം നൽകിയിട്ടുണ്ടോ? സ്ത്രീകൾ എവിടെയും സുരക്ഷിതരായിരിക്കണം. അതിന് സമൂഹത്തിന്റെയും അധികൃതരുടെയും ശ്രദ്ധയുണ്ടാകണം.

സ്ത്രീവിരുദ്ധ മനോഭാവം പുരുഷാധിപത്യസമൂഹത്തിന്റെ സ്വാഭാവിക സൃഷ്ടിയാണ്. ഈ മനോഭാവം തിരുത്തപ്പെടണം. സ്ത്രീയുടെ മാനവും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുനാനുള്ള ശ്രമങ്ങളെ സ്ത്രീകൾക്ക് അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളായി വ്യാഖ്യാനിപ്പപ്പെടുന്നത് ദൌർഭാഗ്യകരമാണ്. അനുവാദമില്ലാതെ ഒരു സ്ത്രീക്കുമേലേ നടത്തുന്ന ലൈംഗിക ആക്രമണങ്ങളെയാണ് പുരോഗമന ചിന്താഗതിക്കാർ എതിർക്കുന്നത്. അത് സ്ത്രീയുടെ മാനവും സ്വാതന്ത്ര്യവും കാക്കാനാണ്.  ലൈംഗികാതിക്രമങ്ങൾ മാത്രമല്ല സ്ത്രീകൾക്കുമേൽ മറ്റ് ശാരീരിക ആക്രമങ്ങളും മാനസിക പീഡനങ്ങളും നടക്കുന്നുണ്ട്. അതൊന്നും വസ്ത്രം ധരിക്കുന്നതിന്റെയോ സ്വയം സൂക്ഷിക്കാത്തതിന്റെയോ കുഴപ്പം കൊണ്ടല്ല. ഇതൊക്കെയാണ് ഇന്നത്തെ ജാഗ്രതാ സദസ്സിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ. എന്തായാലും ലളിതമെങ്കിലും പ്രൌഢഗംഭീരമായ  പരിപാടി അക്ഷരാർത്ഥത്തിൽ  കൊഴുത്തു. തട്ടത്തുമലയുടെ ഇന്നത്തെ സായാഹ്നം ഗൌരവം ഉളവാക്കുന്നതായി.  ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രൻ, ജയതിലകൻ നായർ, രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ഇ.എ.സജിം സ്വാഗതവും കെ.ജി.ബിജു നന്ദിയും പറഞ്ഞു.

Tuesday, January 1, 2013

പോസ്റ്റ് മാൻ ചെല്ലപ്പൻ വിരമിച്ചു


പോസ്റ്റ് മാൻ ചെല്ലപ്പൻ വിരമിച്ചു

തട്ടത്തുമല, 2012 ഡിസംബർ 31: നാട്ടുകാരുടെ പ്രിയ പോസ്റ്റ് മാൻ ചെല്ലപ്പൻ സർവ്വീസിൽ നിന്നും വിരമിച്ചു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനമനുഷ്ടിച്ചുവന്ന അദ്ദേഹം  നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ്  2012 ഡിസംബർ മുപ്പത്തിയൊന്നിന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. ദിവസവും നാട്ടുകാർക്കിടയിലൂടെ    കുശലപ്രശ്നങ്ങളും തമാശകളും മേമ്പൊടി ചേർത്ത്    തപാൽ  ഉരുപ്പടികളുമായി നിത്യവും  സഞ്ചരിച്ചിരുന്ന ചെല്ലപ്പൻ    സത്യസന്ധതയും കൃത്യനിഷ്ഠതയും പുലർത്തിയിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്   തട്ടത്തുമല പോസ്റ്റ് ഓഫീസിൽ സഹപ്രവർത്തകർ യഥോചിതം  യാത്രയയപ്പു നൽകി.  ചെല്ലപ്പന്റെ വീട്ടിൽ ലളിതമായൊരു  സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

(ഇപ്പോൾ ഇട്ടിരിക്കുന്ന ഫോട്ടോയ്ക്ക് അല്പം പ്രശ്നമുണ്ട്. ഒളിച്ചു നിൽക്കും പോലെ തോന്നും. നല്ലൊരു ഫോട്ടോ പിന്നീടിടാം)