തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, October 27, 2009

ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............

ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............

മുൻ കുറിപ്പ് : ഈ കുറിപ്പിന് ആധാരം ഒരു പത്ര വാർത്തയാണ്. അത് ഇതെഴുതാൻ ഒരു നിമിത്തമാണ്. എന്നാൽ ആര്, എവിടെ , എന്ത്, ഏതു പത്രത്തിൽ എന്നിവ ഇവിടെ പ്രസക്തമാണെന്നു കരുതുന്നില്ല.

പോസ്റ്റിന്റെ ചുരുക്കം: സമൂഹത്തിന്റെ അംഗീകൃത സദാചര സങ്കല്പങ്ങളുമായി നമ്മൾ ഓരോരുത്തരും അവരവരുടെ ജീവിതത്തെ പൊരുത്തപ്പെടുത്താൻ ശ്രമിയ്ക്കണം. അസാന്മർഗ്ഗിക പ്രവർത്തനങ്ങളിലേയ്ക്കു വഴുതി പോകതിരിയ്ക്കാൻ പാകത്തിൽ ജീവിതം സ്വയം നിയന്ത്രിയ്ക്കണം. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു പോവുകയോ, ആ തെറ്റിന് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയോ ചെയ്താലും അതിന്റെ പേരിൽ ജീവിതം സ്വയം ഒടുക്കാനോ ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടു പരിഹരിയ്ക്കാനോ ശ്രമിയ്ക്കരുത്. തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം സമയം ലഭിയ്ക്കും. ഏതു പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും ഉണ്ടായാലും ജീവിതം ജീവിച്ചു തന്നെ തീർക്കണം. ഈ ഭൂമിലിലെ ഒരു തുള്ളി ജീവ സൌഭാഗ്യം വിലമതിയ്ക്കാനാകാത്തതാണ്; എത്രയും മൂല്യവത്താണ് അത് !

ഇനി വിശദാംശങ്ങളിലേയ്ക്ക്........

വിവാഹിതയല്ലാത്ത ഒരു പെൺകുട്ടി ഗർഭം ധരിച്ചാലത്തെ അനന്തര ഫലങ്ങൾ എന്തൊക്കെയാകാം?

ഒന്ന് : ആ ഗർഭത്തിനുത്തരവാദിയായ പുരുഷൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് പിന്നീടുള്ള കാലം ജീവിയ്ക്കുക.

രണ്ട് : വയറ്റിൽ പൂർണ്ണ വളർച്ച പ്രാപിയ്ക്കുന്നതിനു മുമ്പ് ആ കുഞ്ഞിനെ നശിപ്പിയ്ക്കുക

മൂന്ന് : അപമാന ഭാരത്താൽ ആ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ട് ആത്മഹത്യ ചെയ്യുക

നാല് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ട് അമ്മ അമ്മയുടെ വഴിയ്ക്കു പോവുക.

അഞ്ച് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ ആർക്കെങ്കിലും കൊടുക്കുകയോ ഏതെങ്കിലും അനാഥാലയത്തിൽ ഏല്പിയ്ക്കുകയോ ചെയ്ത് അമ്മയും കുഞ്ഞും രണ്ടിടത്ത് രണ്ടുവഴിയ്ക്ക് തുടർന്നും ജീവിയ്ക്കുക.

ആറ് : വ്യക്തിപരമായും സാമൂഹ്യമായും അമ്മയും കുഞ്ഞും അനുഭവിയ്ക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളും അവഗണിച്ച് കുട്ടിയെ പ്രസവിച്ച് അമ്മയും കുഞ്ഞും തുടർന്നും ജീവിയ്ക്കുക.

ഇതിൽ ഒന്നാമത് പറഞ്ഞത് എല്ലായ്പോഴും പ്രയോഗികമായിരിയ്ക്കില്ല. ഒരു പക്ഷെ വിവാഹം കഴിക്കത്തക്ക സാഹചര്യങ്ങളായിരിയ്ക്കില്ല രണ്ടുപേർക്കും. അതല്ലെങ്കിൽ രണ്ടിൽ ഒരാൾ അതിനു സന്നദ്ധമായെന്നിരിയ്ക്കില്ല. മിക്കപ്പോഴും ആണുങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ തടിയൂരുകയാണ് പതിവ്. പലപ്പോഴും സ്ത്രീ വഞ്ചിയ്ക്കപ്പെടുന്നു. മാത്രവുമല്ല ലൈംഗിക ബന്ധത്തിനു മുമ്പ് ഗർഭമുണ്ടായാൽ വിവാഹം കഴിച്ചു കൊള്ളാമെന്ന് വ്യവസ്ഥ വച്ചിട്ടായിരിയ്ക്കില്ല മിക്ക വിവാഹേതര ലൈംഗിക ബന്ധങ്ങളും നടക്കുക. ഇനി ഗർഭിണിയായ സ്ത്രീ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ കുട്ടിയുടെ പിതൃത്വം ആർക്കാണെന്ന് തിരിച്ചറിയാനും കഴിയില്ല. അതിനു പിന്നെ ഡി.എൻ.എ ടെസ്റ്റും മറ്റും നടത്തേണ്ടിയും വരും.

അങ്ങനെ ഒന്നാമതു പറഞ്ഞ മാർഗ്ഗം അസാദ്ധ്യമാകുമ്പോൾ പിന്നെ പ്രായോഗികമായയത് രണ്ടാമതു പറഞ്ഞ ഭ്രൂണഹത്യയാണ്. ഇതാകട്ടെ ഒരു ക്രൂരകൃത്യമാണ്. കൊലപാതകമാണ്. ഒരു മനുഷ്യനെ-അതു സ്വന്തം കുട്ടിയാണെങ്കിലും, ആഗ്രഹിയ്ക്കാത്ത ജനനമാണെങ്കിലും, അതു ഭ്രൂണാവസ്ഥയിലാണെങ്കിലും- കൊല്ലുന്നത് ക്രൂരത തന്നെ. ജനനം ജനിയ്ക്കുന്ന കുട്ടിയുടെ കുറ്റമല്ല. അതിനാൽ ഇവിടെ ചെയ്യാത്ത കുറ്റത്തിന് ഒരു കുട്ടി ശിക്ഷിയ്ക്കപ്പെടുകയാണ്. അതും ക്രൂരമായ വധശിക്ഷ. ഒരു തരത്തിലും ഇതു ന്യായീകരിയ്ക്കാവുന്നതല്ല. ജീവൻ രൂപപ്പെട്ടാൽ ജനിച്ച് പുറത്തു വരികയെന്നുള്ളത് ഒരു കുഞ്ഞിന്റെ സ്വാഭാവികാവകാശമാണ്. അഥവാ അങ്ങനെയാണ് കരുതേണ്ടത്. അതുകൊണ്ട് ഒരമ്മ ഒരിയ്ക്കലും സ്വന്തം ഉദരത്തിൽ വളരുന്ന കുട്ടിയെ നശിപ്പിയ്ക്കരുത്. ബലാത്സംഘം ചെയ്യപ്പെട്ടതാണെങ്കിൽ കൂടിയും.

( ബലാത്സംഘത്തിലൂടെ ജനിയ്ക്കുന്ന കുട്ടി വളർന്ന് അതറിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിയ്ക്കുമെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആ കുട്ടി ഒരിയ്ക്കലും അറിയാതിരിയ്ക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കുകയോ അല്ലെങ്കിൽ അതിൽ ആ കുട്ടിയ്ക്ക് അത്തരമൊരു മാനസിക അപകർഷബോധം ഉണ്ടാകാതിരിയ്ക്കുന്നതിനുള്ള അവബോധം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യണം എന്ന് ഉത്തരം. എന്നാലും ഭ്രൂണഹത്യ ന്യായീകരിയ്ക്കപ്പെടുന്നില്ല.)

ഇനി മൂന്നാമത്തെ മാർഗ്ഗം നോക്കാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംഭവിയ്ക്കാറുള്ള ഒന്നാണ് ആത്മഹത്യ. ഇന്നത്തെ കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യയാണണല്ലോ നടക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ. അപ്പോൾ പിന്നെ ഒരു സ്ത്രീയുടെ ശേഷിയ്ക്കുന്ന ജീവിതത്തിൽ വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന അവിഹിത ഗർഭത്തിന്റെ കാര്യം വരുമ്പോൾ മിക്കവാറും പെൺകുട്ടികൾ സ്വീകരിയ്ക്കുന്ന മാർഗ്ഗം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇത് തികഞ്ഞ മണ്ടത്തരമാണ്. ജീവിതത്തിൽ ഉടനീളം സമൂഹത്തിൽ നില നിൽക്കുന്ന സദാചാര സങ്കല്പങ്ങളുമായി ഓരോരുത്തരുടെയും ജീവിതത്തെ പൊരുത്തപ്പെടുത്തി കൊണ്ടു പോകേണ്ടത് ആവശ്യം തന്നെ. കഴിയുന്നതും അസാന്മാർഗ്ഗിക ജീവിതം നയിക്കാൻ പാടില്ലതന്നെ. എന്നാൽ സന്മാർഗ്ഗത്തിന്റേതല്ലാത്ത വഴിയിൽ എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചു പോയാൽ ആത്മത്യ ചെയ്യുകയല്ല ചെയ്യേണ്ടത്.

തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം പിന്നെയും സമയമുണ്ട്. സ്വയം മരണത്തെ വരിയ്ക്കുന്നതും കൊലപാതകം തന്നെയാണ്. ഒരാളുടെ ജീവൻ എടുക്കാൻ- അത് സ്വന്തം ജീവനാണെങ്കിലും- ആർക്കും അതിനവകാശമില്ല. ഒരിയ്ക്കലും രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗം ബാധിച്ച് വേദന കൊണ്ട് അങ്ങേയറ്റം പ്രയാസപ്പെടുമ്പോൾ രോഗി സ്വയം ദയാവധം ആവശ്യപ്പെട്ടാൽ അതുപോലും സാധാരണ ചെയ്തു കൊടുക്കാൻ ആരും തയ്യാറാകില്ലെന്ന് ഇത്തരുണത്തിൽ ഓർക്കണം. പരമാവധി വേദന ഇല്ലാതാക്കി മരണം വരെ പരിരക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുക. ജീവന്റെ വില അത്ര വലുതാണ്. ഇവിടെ ഗർഭം ധരിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ഇരട്ട കൊലപാതകമാണ് നടത്തുന്നത്. സ്വന്തം ജീവനെ കൊല്ലുന്നതോടൊപ്പം വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലുന്ന കൊടിയ പാതകം. അപ്പോൾ മൂന്നാമതു പറഞ്ഞ മാർഗ്ഗവും അംഗീകരിയ്ക്കാനാകില്ല.

ഇനി നാലാമത്തെ മാർഗ്ഗം നോക്കുക. ഇതിൽ ചെയ്യുന്നത് എന്താണെന്നു വച്ചാൽ പ്രസവിച്ച് ചോരക്കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിച്ചു പോവുക എന്നതാണ്. കുട്ടിയെ ആരെങ്കിലും വന്നു എടുത്തു കൊണ്ടു പോയി വളർത്തി കൊള്ളും എന്ന വിശ്വാസത്തിലാണ് ഇതു ചെയ്യുന്നത്. ഇതിൽ കുഞ്ഞിനോട് അല്പം അനുകമ്പയുടെ അംശം ഉണ്ടെങ്കിലും അമ്മയുടെ സ്വാർത്ഥതയാണ് കൂടുതൽ പ്രകടമാകുന്നത്. ഇങ്ങനെ പല അമ്മമാരും ചെയ്ത അനുഭവങ്ങൾ ഉണ്ട്. ഇങ്ങനെ ഉപേക്ഷിയ്ക്കപ്പെട്ട ചില കുഞ്ഞുങ്ങൾ ആരാലെങ്കിലും രക്ഷിയ്ക്കപ്പെട്ട് ആരാലെങ്കിലും വളർത്തപ്പെടാം. ചിലപ്പോൾ ആരും കാണാതെ ഉപേക്ഷിച്ചിടത്ത് നിസഹായാ‍വസ്ഥയിൽ കിടന്ന് കുഞ്ഞ് മരിച്ചു പോയെന്നും വരാം. ഏതെങ്കിലും ഹിംസ്ര ജന്തുകളാൽ കടിച്ച് കീറപ്പെട്ടെന്നും ഭക്ഷിയ്ക്കപ്പെട്ടെന്നും വരാം. ഭ്രൂണാവസ്ഥയിൽ ഒരു കുഞ്ഞ് നശിപ്പിയ്ക്കപ്പെടുന്നതിനെക്കാ‍ൾ ക്രൂരമാ‍യ മരണമായിരിയ്ക്കും ഒരു പക്ഷെ എവിടെയെങ്കിലും ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയ്ക്ക് ലഭിയ്ക്കുക. അതു കൊണ്ട് ഈ മാർഗ്ഗവും ന്യയീകരിയ്ക്കത്തക്കതല്ല. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് മാതൃത്വത്തിനു നിരക്കുന്ന ഒരു പ്രവൃത്തിയേ അല്ല. ഇതും ക്രൂരമാണ്.

ഇനി അഞ്ചാമത്തെ മാർഗ്ഗം എടുക്കാം. ഇതു നീതീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഇവിടെ അമ്മ കുഞ്ഞിനെ രഹസ്യമായോ അല്ലാതെയോ പ്രസവിച്ച ശേഷം കുഞ്ഞിനെ ഏതെങ്കിലും സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം സുരക്ഷിതമാക്കുന്നു. പിന്നീട് അമ്മ കുട്ടിയെ കാണുകയോ ബന്ധം നിലനിർത്തുകയോ ചെയ്തെന്നിരിയ്ക്കാം മറിച്ച് പിന്നീട് കുഞ്ഞിനെ തേടി അമ്മ ഒരിയ്ക്കലും പോകാതിരിയ്ക്കുകയോ അച്ഛനും അമ്മയും ആരെന്ന് അറിയാതെ കുഞ്ഞ് ജീവിയ്ക്കുകയോ ചെയ്യാം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതകാലത്തിൽ ഉടനീളം ചില മാനസിക സംഘർഷങ്ങളും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കിയെന്നിരിയ്ക്കാം. സ്വാഭാവികമായ ആ ഒരു അനന്തര ഫലത്തെ നമുക്ക് അവഗണിയ്ക്കാവുന്നതേയുള്ളു. കാരണം രണ്ടു പേർക്കും ജീവിതം ഉണ്ടല്ലോ. ഇനിയും ഇതിൽ ചില കുട്ടികൾ ദത്തെടുക്കപ്പെട്ട് നല്ല നിലയിൽ മാതൃ-പിതൃ വാത്സല്യങ്ങൾ അറിഞ്ഞ് സന്തോഷത്തോടെ ജീവിച്ചു എന്നും വരാം. വളർത്തച്ഛനും വളർത്തമ്മയും യഥാർത്ഥ അച്ഛനും അമ്മയും ആണെന്ന ധാരണയിൽ തന്നെ അവസാന കാലം വരെ ജീവിയ്ക്കാൻ കഴിയുന്ന കുട്ടികൾക്കാകട്ടെ മറ്റു മാനസിക പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനുമിടയില്ല.

ഇനി അറിയാറായതിനു ശേഷം എന്നെങ്കിലും തന്റെ ജനനത്തിന്റെ പ്രത്യേകത അറിഞ്ഞാൽ തന്നെ അതിനെ യാത്ഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിഞ്ഞെന്നുമിരിയ്ക്കും.അഥവാ കഴിയണം. ജനിച്ചത് എങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ആ ജനനം ഒരു കുറ്റമല്ലെന്ന് കരുതാനുള്ള വിവേകം ഉണ്ടാകണം. ഇല്ലെങ്കിൽ മറ്റുള്ളവർ അത് ഉണ്ടാക്കി കൊടുക്കണം. ഈ പറഞ്ഞ അഞ്ചാമത്തെ മാർഗ്ഗത്തിൽ രണ്ടിടത്തും രണ്ടു വഴിയ്ക്കുമാണെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കുവാൻ അവസരം ലഭിയ്ക്കുന്നു എന്നതു കൊണ്ടും, സമൂഹത്തിന്റെ കപട സദാചാര സങ്കല്പങ്ങളാണ് ഈ അമ്മയെ ഇങ്ങനെ കുട്ടിയെ സുരക്ഷിതമായ ഒരു കൈമാറ്റത്തിനു നിർബന്ധിതമാക്കുന്നത് എന്നതുകൊണ്ടും നമുക്കു പൊറുത്തു മാപ്പാക്കാം. അമ്മയ്ക്ക് തുടർന്ന് തെറ്റുകൾ തിരുത്താനും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പുതിയൊരു ജീവിതം നയിക്കുവാനും ഉള്ള ആർജ്ജവവും ഉണ്ടാകണം.

ഇനിയും ആറാമത് ഒരു മാർഗ്ഗം പറഞ്ഞിരുന്നല്ലോ. അതാണ് ഏറ്റവും ശരിയായ മാ‍ർഗ്ഗം. പക്ഷെ അതു സ്വീകരിയ്ക്കാൻ കഴിയണമെങ്കിൽ അസാമാന്യമായ ഇച്ഛാശക്തിയും ധൈര്യവും എന്തും നേരിടാനുള്ള സന്നദ്ധതയും ഉണ്ടാകണം. ജീവിതത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കവാൻ കഴിയണം. സമൂഹത്തിന്റെ കപട സദാചാര ബോധമാണ് ഇങ്ങനെ ഒരു വെല്ലു വിളി ഏറ്റെടുക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്തിരിപ്പിയ്ക്കുന്നത്. ഒരിയ്ക്കൽ പിഴച്ചു പോയ ഒരു സ്ത്രീയ്ക്ക് പിന്നെ ആ അസാന്മാർഗ്ഗികമായ വഴി മാത്രം വച്ചുനീട്ടുന്ന സമൂഹമാണ് നമുക്കു മുന്നിൽ ഉള്ളത്. തെറ്റുപറ്റിയാൽ പിന്നെ തെറ്റിന്റെ വഴിയേ ഉള്ളു എന്ന മിഥ്യാ ധാരണ. വിവാഹത്തിനു മുൻപ് അമ്മയായവൾ എന്നറിഞ്ഞാൽ ആ സ്ത്രീയെ വിവാഹം കഴിയ്ക്കാൻ പുരുഷൻമാർ ആരും തയ്യാറാകില്ല. ഇതിനു കാരണം ഇങ്ങനെ അബദ്ധങ്ങളിൽ ചെന്നു ചാടുന്ന പെൺകുട്ടികൾ നല്ലൊരു പങ്ക് ഇനി ഒരു മാന്യമായ ജീവിതം ഇല്ലെന്നു കരുതി വീണ്ടും അപഥ സഞ്ചാരം തന്നെ തുടരുന്നു എന്നതാണ്.

നമ്മുടെ സമൂഹം വച്ചു പുലർത്തുന്ന കപട സദാചാരത്തിന്റെ മുഖം മൂടികൾ പിച്ചി ചീന്തുവാനൊന്നും ഇവിടെ വിസ്താര ഭയത്താൽ തൽക്കാലം ഉദ്ദേശിയ്ക്കുന്നില്ല. രഹസ്യമായി എല്ലാ അസാന്മാർഗ്ഗിക പ്രവൃത്തികളും നടത്തുകയും പരസ്യമായി വലിയ സദാചാരക്കാരും തറവാട്ടു മഹിമക്കാരായും ചമഞ്ഞു നടക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. പലരും അവിഹിതത്തിനു പോയിട്ട് സ്ത്രീ ഗർഭിണിയാകാത്തതുകൊണ്ടും എയിഡ്സും മറ്റും പിടിച്ച് മാലോകർ അറിയാത്തതുകൊണ്ടും മാത്രം മാന്യന്മാരായി നടക്കുന്നു. വലിയ പണക്കാർ നടത്തുന്ന അവിഹിത സ്ത്രീ പുരുഷ സമാഗമമൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമെന്നു പറഞ്ഞ് മഹത്വവൽക്കരിയ്ക്കപ്പെടുന്നു. അതു പാവങ്ങൾ നടത്തിയാൽ പക്ഷെ, വ്യഭിചാരം എന്നാണു പേർ വിളിയ്ക്കുന്നത്. എവിടെയുമുണ്ടല്ലോ സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പു നയം. അതുപോലെ അന്യ ജാതിക്കാരുമായിട്ടൊക്കെ രഹസ്യ ബന്ധം ആ‍കാം, വിവാഹം പാടില്ല! താഴ്ന്ന ജാതിക്കാരുമായും ലൈംഗിക ബന്ധം ആകാം, പക്ഷെ തൊട്ടു തിന്നില്ല; മേലാളർ കഴിയ്ക്കുന്ന പാത്രത്തിൽ അവർക്ക് ആഹാരവും നൽകില്ല! ഇതാണല്ലോ ഇവിടുത്തെ സദാചാര ബോധം. അതിലേയ്ക്കൊന്നും ഇപ്പോൾ കടന്നു പോകുന്നില്ല.

ഒരു കാര്യം പ്രത്യേകം ഓർക്കണം. വിവാഹിതരായാലും അല്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയ കക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ വിലക്കുന്ന നിയമമൊന്നും നിലവിലില്ലെന്നിരിയ്ക്കേയാണ് നമ്മുടെ സമൂഹം ഈ കപട സദാചാര ബോധം വച്ചു പുലർത്തുന്നത്. എന്നാൽ ചോദിയ്ക്കും ഹോട്ടലുകളിൽ റെയിഡൊക്കെ നടത്തി എന്തിനാണ് കമിതാക്കളെ പോലീസു പിടിയ്ക്കുന്നതെന്ന് ! അതു പിന്നെ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധം നിയമം വിലക്കുന്നില്ലെങ്കിലും വ്യഭിചാരം കുറ്റകരമാണ്. അതായത് പ്രതിഫലം കൊടുത്തും വാങ്ങിയും ഉള്ള ലൈംഗിക ബന്ധം കുറ്റമാണ്. ഇതിനു പച്ച മലയാളത്തിൽ വേശ്യാവൃത്തി എന്നു പറയും. നോക്കൂ വേശ്യയെ സമീപിയ്ക്കുന്ന പങ്കാളിയും കസ്റ്റമറുമായ പുരുഷനു വേശ്യനെന്നു പേരൊന്നുമില്ല, ഒരു നിഘണ്ടുവിലും. അവിടെയും സ്ത്രീയുടെ നേർക്ക് മാത്രമാണ് കുറ്റാരോപണം. ഇനി വേശ്യാവൃത്തിയല്ലാത്ത ലൈംഗിക ബന്ധമാണ് പിടിയ്ക്കപ്പെടുന്നതെങ്കിലും അത് വേശ്യാവൃത്തിയാണെന്നു വരുത്തിക്കൊണ്ടാണ് നമ്മുടെ പോലീസുകാർ അവരെ അറസ്റ്റു ചെയ്ത് കേസെടുക്കുന്നതത്രേ! ( ഇത് ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു തന്ന രഹസ്യമാണ്. ആരോടും പറയരുത്.) അതു കൊണ്ട് ഒത്തു കിട്ടുന്നവരെയും കൊണ്ട് എങ്ങും ചെന്നു വലിഞ്ഞു കയറരുത്. അടങ്ങി ഒതുങ്ങി ജീവിയ്ക്കുക.

ഇതൊക്കെ പറഞ്ഞെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിനു നിയന്ത്രണങ്ങൾ വേണം. ഒരിയ്ക്കലും ആഗ്രഹിയ്ക്കാത്ത ഒരു ജനനം അതിന്റെ ഫലമായി ഉണ്ടാകാതിരിയ്ക്കാൻ എല്ലാവരും ശ്രദ്ധിയ്ക്കണം. കാരണം അനാഥരുടെ എണ്ണം വെറുതെ വർദ്ധിപ്പിയ്ക്കരുത്. ഒന്നാമത് നമ്മുടെ സമൂഹത്തിൽ അവിഹിത ഗർഭ ധാരണത്തിലൂടെ ജനിയ്ക്കുന്ന കുട്ടികൾക്ക് അപഹർഷതാ ബോധം ഇല്ലാതെ ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ കുറവാണ്. കപട സദാചാര സങ്കല്പം തന്നെ വില്ലൻ. ജന്മം നൽകി ആ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അവരുടെ തന്നെ ശാപം ഏറ്റു വാങ്ങുന്നതെന്തിന്? അതുകൊണ്ട് അംഗീകൃത ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അല്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.

പിന്നെ ആർക്കെങ്കിലും വല്ല അബദ്ധവും പറ്റി പോയാൽ പതറാതെ യാഥാർത്ഥ്യ ബോധത്തോടെ അതിനെ നേരിടണമെന്നും അതിന്റെ പേരിൽ ജീവിതം ഹോമിയ്ക്കരുതെന്നും പറയുകയാണ്. തെറ്റ് ആർക്കും എപ്പോഴും സംഭവിയ്ക്കാം. . എങ്കിലും നാം കരുതലോടെ നീങ്ങിയാൽ പൊല്ലാപ്പുകൾ ഇല്ലല്ലോ. അതുകൊണ്ട് വിവാഹേതര ലൈംഗിക ബന്ധം ഒഴിവാക്കാൻ പറ്റാത്തവർ സൂക്ഷിച്ച്............. ഒരു സാമൂഹ്യ അംഗീകാരമില്ലാത്ത ജനനം ഒഴിവാക്കാനുള്ള മുൻ കരുതലുകളോടെ വേണം അതു ചെയ്യാൻ. അല്ലാതെന്തു പറയാൻ! എങ്കിലും അടിവരയിട്ടു പറയട്ടെ; ജീവിതത്തിൽ എപ്പോഴും സമൂഹം അംഗീകരിച്ചിട്ടുള്ള സദാചാര സങ്കല്പങ്ങൾ പാലിച്ച് സ്വയം നിയന്ത്രിതരായി മുന്നോട്ടു നീങ്ങിയാൽ ടെൻഷനുകൾ ഇല്ലാതെ ജീവിയ്ക്കാം. ഓർക്കുക തെറ്റുകൾ ശരിയായ മാനസികാരോഗ്യത്തിനു ഹാനികരമാണ്.

ഈ കുറിപ്പ് എഴുതാനുള്ള കാരണം ഒരു പത്ര വാർത്തയാണ്. ഒരു പെൺകുട്ടി; എവിടുത്തെ, ഏതു പെൺകുട്ടി എന്നതൊന്നും പ്രശ്നമല്ല. അതും ഒരു പൊതു പ്രവർത്തക. ഒരു മാസം ഈ കുട്ടിയെ കാണാതായത്രേ. എന്നാൽ ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി ഒരു ചോര കുഞ്ഞുമായി ഒരു അനാഥാലയത്തിൽ പ്രത്യക്ഷപ്പെട്ടു. ആ പത്രവാർത്ത ധ്വനിപ്പിയ്ക്കുന്നത് ആ പെൺകുട്ടി നയിച്ചിരുന്ന അസാന്മാർഗിക ജീവിതത്തെയാണ്. അതെന്തോ ആകട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ എന്തുമാകട്ടെ. നമ്മുടെ ചില മാധ്യമങ്ങളുടെ മാതിരി അതൊന്നും ചികഞ്ഞു പോകാൻ ഞാൻ ആളല്ല. അസാന്മാർഗിക പ്രവൃത്തികൾ ആശാസ്യമല്ലതന്നെ. അതു പ്രോത്സാഹന ജനകവുമല്ല.

എന്നാൽ ആ വാർത്ത വായിച്ചപ്പോൾ ഞാൻ വേറൊരു കാര്യമാണ് ചിന്തിച്ചത്. അതായത്, നമുക്കറിയാമല്ലോ തൊട്ടതിനും പിടിച്ചതിനും എല്ലാം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. മിക്കതിന്റെയും കാരണം മാനഹാനിയും മറ്റുമാണു താനും. വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലി പോലും ആത്മഹത്യകൾ ഉണ്ടാകുന്നു. ഇനി ഒത്തിരി വലിയ പ്രശ്നങ്ങൾ തന്നെ ആയാലും എന്തിന് ആത്മഹത്യ ചെയ്യുന്നു? ആ ഒരു ടെന്റൻസിയുള്ളവർ ഇതു മനസ്സിലാക്കണം. ആ വാർത്തയ്ക്കാധാരമായ സംഭവത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞിരിയ്ക്കുകയാണ്.

വിവാഹം കഴിയ്ക്കാതെ ഗർഭം ധരിച്ചുപോയ ആ വാർത്തയിലെ പെൺകുട്ടി, വയറ്റിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ല. കുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുട്ടി അപമാനം ഭയന്ന് ആത്മഹത്യ ചെയ്തില്ല. സംഭവിച്ചതു സംഭവിച്ചു. പിന്നെ വേവലാതിപ്പെട്ടിട്ട് എന്തു കാര്യം? തികച്ചും യാഥാർത്ഥ്യ ബോധത്തോടെ ആ പെൺകുട്ടി അതിനെ നേരിട്ടിരിയ്ക്കുന്നു എന്നു വേണം കരുതാൻ. അങ്ങനെ വേണം പെൺകുട്ടികൾ. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല പരിഹരിയ്ക്കേണ്ടത്. സംഭവത്തിലെ ഈ ഒരു പോസിറ്റീവ് (ക്രിയാത്മക) അംശം കാണാതെ അവരുടെ അസാന്മാർഗ്ഗിക ജീവിതത്തിലേയ്ക്കു മാത്രം ഫോക്കസ് ചെയ്യുന്നത് സംഭവത്തോടുള്ള നെഗറ്റീവ് അപ്രോച്ചിലുള്ള (നിഷേധാത്മകമായ ) ഒരു പ്രതികരണമായിരിയ്ക്കും. ആ പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയൊക്കെ തിരുത്തി ഇനിയും നല്ലൊരു ജീവിതം നയിക്കാൻ സാധിയ്ക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലൊരു ജീവിത വഴി തെളിഞ്ഞു കിട്ടട്ടെ എന്നും ആശംസിച്ചു കൊണ്ട് ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

പിൻ കുറിപ്പ് : ഈ കുറിപ്പിനാധാരമായ സംഭവം ഒരു പ്രമുഖ പത്രത്തിൽ വന്നതായതുകൊണ്ടും ഈ പോസ്റ്റെഴുതാൻ ഒരു നിമിത്തമായതുകൊണ്ടുമാണ് ഇവിടെ പരാമർശിച്ചത്.

Friday, October 16, 2009

എം.ടി.രമേശിന്റെ പ്രസംഗം കേട്ടത്

ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസംഗം കേട്ടത്

ഒക്ടോബർ 15 : ഇന്ന് ഒരു വഴിയ്ക്കു പോയിട്ട് വരുംവഴി തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് ജംഗ്ഷനിൽ ഇറങ്ങേണ്ടിവന്നു. മറ്റൊരു ബസിൽ കയറി തട്ടത്തുമലയ്ക്കു പോകേണ്ടതാണ്. പക്ഷെ കാരേറ്റു വന്നപ്പോൾ അവിടെ ബി.ജെ.പിയുടെ ഒരു പൊതുയോഗം നടക്കുന്നു. അങ്ങോട്ടു പോകുമ്പോഴേ അവിടെ സ്റ്റേജും മൈക്കുമൊക്കെ കണ്ടിരുന്നു. തിരിച്ച് അവിടെ തിരിഞ്ഞു പോകുന്ന വണ്ടിയിൽ കയറിയതിനാലാണ് അവിടെ ഇറങ്ങേണ്ടി വന്നത്. അപ്പോഴുണ്ട് ബി.ജെ.പി നേതാവ് എം.ടി.രമേശ് വേദിയിൽ നിന്നു പ്രസംഗിയ്ക്കുന്നു. സ്വാഭാവികമായും സമയത്തും കാലത്തും വീട്ടിൽ പോകാനുള്ള ടെന്റൻസി നഷ്ടപ്പെടുത്തിക്കൊണ്ട് എന്നിലെ വായ് നോക്കി അവസരോചിതം ഉണർന്നു പ്രവർത്തിച്ചു.

മാത്രവുമല്ല പൊതുവേ പ്രസംഗങ്ങളുടെ ഉപാസകനുമാണ് ഞാൻ. ആരുടെ പ്രസംഗമായാലും ഞാൻ സമയമുണ്ടെങ്കിൽ കേൾക്കും. പ്രസംഗം ആരുടേതാണെങ്കിലും അതു നല്ല പ്രിപ്പെയിഡു പ്രസംഗമാണെങ്കിൽ അനേകം പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്നതിനു തുല്യമായ അറിവു പകർന്നു കിട്ടും. രാഷ്ട്രീയപ്രസംഗമാണെങ്കിൽ ഒരുപാടു നാളത്തെ പത്രങ്ങളും മറ്റ് ആനുകാലികങ്ങളും ഒരുമിച്ചു വായിക്കുന്നതിന്റെ ഒരു സുഖമായിരിയ്ക്കും ലഭിയ്ക്കുക. അങ്ങനെ ഞാൻ മന്ദം മന്ദം വേദിയ്ക്കു മുന്നിൽ എത്തി കൈയ്യും കെട്ടി നിന്ന് രമേശിന്റെ പ്രസംഗം ആസ്വദിച്ചു തുടങ്ങി. യോഗത്തിനു വലിയ ആൾക്കൂട്ടമൊന്നുമില്ല. എങ്കിലും ദീർഘമായ പ്രസംഗമാണ് നടക്കുന്നത്.

ശ്രീ. എം.ടി. രമേശിനെ മിക്കപ്പോഴും റ്റി.വി.ചാനലുകളിൽ കാണാറുണ്ട്. നേരിട്ട് ഇതിനു മുൻപ് ഞാൻ കണ്ടിട്ടുണ്ടോ എന്ന് ഓർമ്മയില്ല. ആദ്യമായാണ് അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കണ്ടുകേൾക്കുന്നത്. നല്ല പ്രസംഗം. കാര്യ ഗൌരവം നിറഞ്ഞ പ്രസംഗമായിരുന്നു. വലിയ താത്വിക വിശകലനങ്ങളൊന്നുമായിരുന്നില്ല, സമകാലിക രാഷ്ട്രീയ വിഷയങ്ങളായിരുന്നു മുഖ്യമായും. പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം.എല്ലാവർക്കും മനസിലാകുന്ന ലളീതമായ വാചകങ്ങളിലായിരുന്നു പ്രസംഗം. ഏതായാലും കുറച്ചു സമയം ഞാൻ അവിടെ ചെലവഴിച്ചു. സ്വാഭാവികമായും തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്സിനും, സി.പി.എമ്മിനും എതിരായിരുന്നു പ്രസംഗം. രണ്ടുകൂട്ടരെയും മാറിമാറി കൊട്ടുന്നു. ഞാൻ കേട്ടിടത്തോളം പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയൊക്കെയായിരുന്നു:

കേന്ദ്രത്തിൽ കോൺഗ്രസ്സിനെ അധികാരത്തിലേറ്റിയ ജനങ്ങൾ ഇന്നു ദു:ഖിയ്ക്കുന്നു. ജനവിരുദ്ധമാണു ഭരണം. രാജ്യമാകെ വിലക്കയറ്റമാണ്. വിദേശ നയത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. അയൽ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന്റെ അതിർത്തി സംബന്ധമായ തർക്ക വിഷയങ്ങളിൽ രാജ്യ താല്പര്യത്തിനെതിരായ നടപടികളാണ് കേന്ദ്രത്തിലെ കോൺഗ്രസ്സ് മുന്നണി ഭരണം കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയോടു കോൺഗ്രസ്സിനു മൃദു സമീപനമാണ് . കോൺഗ്രസ്സ് ഭരണകൂടം ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളെ ഭയക്കുകയാണ്.എന്തിനാണ് ഈ ഭയം. കോൺഗ്രസ്സുകാർ നെഹ്രുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും കാലത്തെ വിദേശ നയത്തോടെങ്കിലും നീതി പുലർത്താൻ തയ്യാറാകണമെന്നാണു രമേശ് ആവശ്യപ്പെടുന്നത്. സി.പി.എമ്മാണെങ്കിൽ പണ്ടേ ചൈനയോടു വിധേയത്വം പുലർത്തുന്ന പാർട്ടിയാണെന്നും ഇപ്പോഴും അങ്ങനെതന്നെയാണെന്നും രമേശ് ആരോപിയ്ക്കുന്നു.

കേരളത്തിൽ ക്രമസമാധാന നില തകർന്നിരിയ്ക്കുന്നുവെന്ന് ഇടതുപക്ഷമുന്നണിയിലെ ഘടക കക്ഷികൾ തന്നെ ആരോപിയ്ക്കുന്നതായി രമേശ് ചൂണ്ടിക്കാട്ടി. ആർ.എസ്.പി അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രചൂടൻ ക്രമസമാധാന കാര്യത്തിൽ കേരള സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു. രമേശ് പറഞ്ഞ ഒരു കാര്യം എനിയ്ക്കു രസിച്ചു. അതായത് “ഇപ്പോൾ കേരളത്തിൽ കൊല്ലപ്പെടുന്നവർ അറിയുന്നില്ല, അവർ എന്തിനാണു കൊല്ലപ്പെടുന്നതെന്ന്. കൊല്ലുന്നവർക്കറിയില്ല, അവർ എന്തിനാണ് കൊല്ലുന്നതെന്ന് !“ അത്ര ഗുരുതരമാണു ക്രമസമാധാന പ്രശ്നം. ഇത്രയും ക്രമസമാധാന നില തകർന്ന സന്ദർഭങ്ങൾ വേറെയില്ലത്രേ! പോലീസുകാർ തന്നെ ആക്രമിയ്ക്കപ്പെടുന്നുവെന്നും ആക്രമിയ്ക്കുന്നവരാകട്ടെ സി.പി.എമ്മുകാരാണെന്നുമാണ് രമേശിന്റെ ആരോപണം.

ഗുണ്ടകളെ വളർത്തുന്നതിൽ സി.പി.എമ്മു കാരും കോൺഗ്രസ്സു കാരും ഒരുപോലെയാണെന്നാണ് രമേശ് പറയുന്നത്. സി.പി.എമ്മുകാർ ഓം പ്രകാശുമാരെ വളർത്തുമ്പോൾ കോൺഗ്രസ്സുകാർ കോടാലി ശ്രീധരന്മാരെ വളർത്തുന്നു. ബി.ജെ.പിയിൽ പിന്നെ അനുയായികൾ നല്ലൊരു പങ്കും ഗുണ്ടകളുടെ സ്വഭാവം പുലർത്തുന്നതു കൊണ്ട് പ്രത്യേകിച്ചു ഗുണ്ടകളെ വളർത്തേണ്ടതില്ലല്ലോ എന്നു മനസ്സിൽ പറഞ്ഞെങ്കിലും വീട്ടിൽ വന്നിരുന്ന് ബ്ലോഗെഴുതാൻ ആഗ്രഹമുള്ളതുകൊണ്ടു ഞാൻ അത് ഉറക്കെ പറഞ്ഞ് തടി കേടാക്കേണ്ടെന്നു കരുതി. ബി.ജെ.പിക്കാർ ഇവിടെ ആളെണ്ണത്തിൽ കുറവാണെങ്കിലും അക്രമത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനെയും കോൺഗ്രസ്സിനെയും വെല്ലുമെന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് അവർക്കിട്ടൊരു താങ്ങും താങ്ങി ഈ കുറിപ്പ് അവസാനിപ്പിയ്ക്കുന്നു. രമേശിനു പ്രസംഗാശംസകൾ !

Sunday, October 11, 2009

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

കണ്ടതും കേട്ടതും

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ


പോസ്റ്റിന്റെ ചുരുക്കം:

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല.

(മുൻ കുറിപ്പ്: ഞാൻ മദനിയുടെ പാർട്ടിക്കാരനല്ല. എനിയ്ക്കു എന്റേതായ രാഷ്ട്രീയം ഉണ്ട്. എന്നാൽ എന്റെ സത്യമായ പേരും വിലാസവും വെളിപ്പെടുത്തിയുള്ള ഈ ബ്ലോഗ് എന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിയ്ക്കാൻ ഞാൻ സാധാരണ ഉപയോഗിയ്ക്കുന്നില്ല. അതിനു വേറെ ബ്ലോഗ് എനിയ്ക്കുണ്ടെന്നും കൂട്ടിക്കൊള്ളുക . ഈ ബ്ലോഗിൽ എഴുതുന്നതെല്ലാം എന്റെ വ്യക്തി പരമായ അഭിപ്രായങ്ങളോ നിലപാടുകളോ ആയിരിയ്ക്കണമെന്നില്ല. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളുമായും ഇതിലെ പോസ്റ്റുകൾ പൊരുത്തപ്പെടണം എന്നില്ല. എന്റേതിനു വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും പോലും ഞാൻ എഴുതിയെന്നും വരാം. അപ്പപ്പോഴുള്ള എന്റെ ചിന്തകളെ ഏതാണ്ട് അതേപടി അക്ഷരങ്ങളാൽ ആവാഹിച്ചു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.

അതായത് ഞാൻ കാണുകയും കേൾക്കുകയും വായിക്കുകയും അറിയുകയും ചെയ്യുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ അതു പോലേ കോറിയിടുന്നു. അതിൽ ബന്ധപ്പെട്ട വിഷയത്തിലെ എന്റെ നിലപാടുകൾ ഉണ്ടായെന്നും ഉണ്ടായില്ലെന്നും വരാം ബ്ലോഗിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉപയോഗിയ്ക്കുന്നുവെന്നു സാരം. വ്യത്യസ്ഥ അഭിപ്രായങ്ങളോടും നിലപാടുകളോടും ഉള്ള സഹിഷ്ണുതയും അവയൊക്കെയും ചർച്ച ചെയ്യപ്പെടണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും കൂലംകഷമായ ചർച്ചകൾക്കു വിധേയമാക്കി മാറ്റുരയ്ക്കുന്നതിലൂടെ കൂടുതൽ ശരിയേത് തെറ്റേത് എന്നു കണ്ടെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പോസ്റ്റ് മറ്റു തെറ്റിദ്ധാരണകൾക്കിടയാക്കാതിരിയ്ക്കാൻ ഈ മുൻ കുറിപ്പ് ചേർക്കുന്നുവെന്നു മാത്രം.)

ഇനി വിഷയത്തിലേയ്ക്ക് വിശദമായി:

ഒക്ടോബർ 10 : ഒരു യാത്രാമദ്ധ്യേ ആണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ജംഗ്ഷനിൽ എത്തിയത്. അവിടെ നല്ല ഒരാൾകൂട്ടം. മൈക്കും റിക്കാർഡും കൊടികളും സ്റ്റേജും ഒക്കെ. ഒരു യോഗത്തിന്റെ ഒരുക്കുകൾ. അവിടവിടെ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്നുതന്നെ കാര്യം മനസ്സിലായി. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മദനി അവിടെ പ്രസംഗിയ്ക്കുകയാണ്. എന്നിലെ വായി നോക്കി ഉണർന്നു. എവിടെ ഒരു ആൾകൂട്ടം കണ്ടാലും അവിടെ ചെന്ന് എത്തിനോക്കുന്ന ജന്മസ്വഭാവം മൂലം ഇനി യോഗം കഴിഞ്ഞു പോയാൽ മതിയെന്നു തീരുമാനിച്ചു. എം.സി. റോഡായതുകൊണ്ട് ഏറെ ഇരുട്ടിയാലും വീട്ടിലേയ്ക്കു ബസ്സും കിട്ടും. മുക്കാൽ മണിക്കൂർകൊണ്ട് വീട്ടിൽ എത്താവുന്നതേയുള്ളു. മുൻപും മദനിയുടെ പ്രസംഗം ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. സത്യത്തിൽ പഴയ മദനിയും പുതിയ മദനിയും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകകൂടിയായിരുന്നു എന്റെ ലക്ഷ്യം.

എന്തായാലും നല്ല ആൾക്കൂട്ടം. മഅദനി ചെല്ലുന്നിടത്ത് ഇപ്പോഴും ആളുകൂടുമെന്ന യാഥാർത്ഥ്യം മൂടി വയ്ക്കാൻ ആകില്ലതന്നെ. മ അ ദനി വരും മുൻപു തന്നെ യോഗം തുടങ്ങി. പ്രദേശത്തെ പ്രവർത്തകർ കൂടുതലും മുസ്ലീങ്ങൾ എന്നു തോന്നിച്ചു. എന്നാൽ നേതാക്കളിൽ നല്ലൊരു പങ്ക് മറ്റു മതസ്ഥരാണ്. ജാതിയും മതവും തിരിയ്ക്കുകയല്ല. പി.ഡി.പി ആയതുകൊണ്ടും അത് ഒരു മുസ്ലിം സംഘടനയാണെന്ന ധാരണ പരക്കെ ഉള്ളതുകൊണ്ടുമാണ് അങ്ങനെ പറയുന്നത്. മാ നിഷാദാ എന്ന പേരിൽ അവർ നടത്തുന്ന കാമ്പെയിന്റെ ഭാഗമാ‍യിരുന്നു വെമ്പായത്തെ പൊതുയോഗവും. പി.ഡി.പി ഒരു വർഗീയ സംഘടനയോ തീവ്രവാദ സംഘടനയോ അല്ലെന്നുള്ള ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു നേതാക്കന്മാരുടെ പ്രസംഗങ്ങളിൽ ഓരോന്നിലും.

കേരളത്തിൽ തെക്കു മുതൽ വടക്കുവരെയുള്ള ഏതെങ്കിലും ജയിലുകളിൽ ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടിയ്ക്കപ്പെട്ട ഏതെങ്കിലും പി.ഡി.പി ക്കാരുണ്ടെങ്കിൽ തെളിയിക്കാൻ അവർ വെല്ലു വിളിയ്ക്കുകയാണ്. പി.ഡി.പി ക്കാർ ഭീകരപ്രവർത്തകരാകില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിയ്ക്കുന്നു. എന്നാ‍ൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പി.ഡി.പിക്കാർ എന്ന് ആരോപിയ്ക്കപ്പെടുന്ന ഒന്നോ രണ്ടോ പേർ തിരുവനന്തപുരത്തെ ഏതോ ജയിലിൽ ഉള്ള കാര്യം അവർ മറച്ചു വയ്ക്കുന്നുമില്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ദളിദ് വിമോചനവും ദളിതന്റെ അധികാരവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ ആവർത്തിയ്ക്കുന്നു.

അല്പസമയങ്ങൾക്കുള്ളീൽ മദനി എത്തിച്ചേർന്നു. വരവും പോക്കുമൊക്കെ പണ്ടത്തെപ്പോലെ രാജകീയമായിത്തന്നെ. മുൻപിലും പുറകിലും കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ അത്യാധുനിക ആമ്പുലൻസ് സൌകര്യങ്ങളുള്ള ഒരു വാനിലാണ് മദനി വന്നിറങ്ങിയത്. മദനി വന്നതും കാഴ്ചക്കാർ അവേശം കൊണ്ടു. പാർട്ടി പ്രവർത്തകർ തക്ബീർ ധ്വനികൾ മുഴക്കിത്തന്നെയാണു അദ്ദേഹത്തെ വരവേറ്റത്. മദനി വന്നതോടെ യോഗം നടക്കുന്ന വേദിയ്ക്കരികിലൂടെയുള്ള നെടുമങ്ങാട് റോഡിൽ ട്രാഫിക്ക് ബ്ലോക്കായി. അല്പസമയം എം.സി.റോഡും ബ്ലോക്കായി. അതായത് മദനിയുടെ സാന്നിദ്ധ്യം കൊണ്ടാണെങ്കിലും ഒരു തിരക്കേറിയ ഒരു റോഡു ബ്ലോക്കാക്കാനുള്ള ശക്തിയൊക്കെ പി.ഡി.പിയ്ക്കും ഉണ്ടെന്നു സാരം.

കക്ഷി രാഷ്ട്രീയ- ജാതിമത ഭേദമന്യേ മദനിയുടെ പ്രസംഗം ശ്രവിക്കാൻ വൻ ജനാവലി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. തീർച്ചയായും മദനിയുടെ പാർട്ടിയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം ചില സ്വാധീന മേഖലകളുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇത്ര ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന വൈഭവം മദനിയ്ക്കുണ്ടെങ്കിൽ അവർക്ക് വേറെയും ശക്തമായ സ്വാധീന മേഖലകൾ കേരളത്തിൽ പല ഭാഗങ്ങളിലും ഉണ്ടായിരിയ്ക്കും എന്നതിൽ സംശയം ഇല്ല. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ അവർ പിന്തുണച്ച എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തോടെ പി.ഡി.പി യ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു കരുതുവാൻ വരട്ടെ. യു.ഡി.ഡി എഫായാലും എൽ.ഡി.എഫ് ആയാലും ബി.ജെ.പി ആയാലും. അതു കൊണ്ട് പി.ഡി.പിയെ അത്ര കുറച്ചുകാണാൻ സമയമായിട്ടില്ല.

മദനിയുടെ ആവേശ്വോജ്ജ്വലമായ പ്രസംഗം കാര്യ ഗൌരവം നിറഞ്ഞതായിരുന്നു. പി.ഡി.പി യുടെ മൂല രൂപം പഴയ ഐ.എസ്.എസ് ആയിരുന്നു എന്നതും അത് തീവ്രവാദ സ്വഭാവത്തിലുള്ള അക്രമോത്സുക സംഘടനയായിരുന്നു എന്നുള്ളതുകൊണ്ടും അതിന്റെ ചില അംശങ്ങളെങ്കിലും പി.ഡി.പിയിൽ ഉണ്ടായിരിയ്ക്കില്ലേ എന്നു ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ഒരു സംശയം ദൂരീകരിയ്ക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു മദനിയുടെ പ്രസംഗം. ഇനി അഥവാ മദനി മുൻപ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷകൾ ഇതിനകം മദനിയ്ക്കു കിട്ടിക്കഴിഞ്ഞു. അന്യായമായിട്ടാണ് മദനിയെ ഒൻപതുവർഷത്തിലധികം തടവിലിട്ട് പീഡിപ്പിച്ചതെങ്കിലും ആ നീണ്ട ജയിൽ വാസവും തുടർന്ന് ആദേഹത്തിന്റെ പ്രായച്ഛിത്തവും തെറ്റു തിരുത്തലും മദനിയുടെ മുൻ കാല പ്രവർത്തനങ്ങളോട് പൊറുക്കാൻ ധാരാളമാണ്.

കൊലപാതകമടക്കം ഏതെങ്കിലും കുറ്റകൃത്യത്തിനു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്ന ഒരു കുറ്റവാളി മനസാന്തരപ്പെട്ട് പിന്നീട് നല്ല ജീവിതം നയിക്കാൻ ശ്രമിയ്ക്കുമ്പോൾ സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യാറുള്ളത്. അതാണു വേണ്ടതും. അല്ലാതെ അവരെ സംശയത്തോടെ വീണ്ടും കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല. അതുപോലെ മദനിയും മാനസാന്തരപ്പെട്ടു പുതിയ നല്ലവഴിയേ സഞ്ചരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിയ്ക്കുന്നതിനു പകരം പഴയ കണ്ണുകളോടെ വീണ്ടും അദ്ദേഹത്തെയും ആ പാർട്ടിയെയും നോക്കിക്കാണുന്നതു ശരിയല്ല.

കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു എന്നതാണ് മദനിയുടെ തെറ്റു തിരുത്തൽ പ്രക്രിയയെ ഇവിടുത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും പാർട്ടികളും അംഗീകരിയ്ക്കാത്തതിനു കാരണം. ചില പ്രസ്ഥാനങ്ങളൊക്കെ എൽ.ഡി.എഫിനെതിരെ യു.ഡി.എഫിനു പിന്തുണ കൊടുത്തുകൊള്ളണമെന്ന ഒരു അലിഖിത നിയമം ഇവിടെ ചിലർ കൊണ്ടു നടക്കുന്നുന്നുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ മതതീവ്രവാദ- അക്രമോത്സുക സംഘടനയെന്നു പറയാവുന്ന എൻ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണച്ചതിൽ ഒരു കുറ്റവും കണ്ടെത്താത്തവർ പി.ഡി.പിയെയും മദനിയെയും തീവ്രവാദികൾ ആക്കിയത്.

മദനി പറയുന്നത്; പണ്ടു താൻ രാഷ്ട്രീയക്കാരെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ കൂടി മാത്രമേ ഇവിടെ ദളിതരുടെ മോചനവും സാമൂഹ്യ നീതിയും കൈവരുത്താനാകൂ എന്ന് തുടർന്നുള്ള തന്റെ ചിന്തയും വായനയും പഠിപ്പിച്ചപ്പോൾ തന്റെ നിലപാടുകൾ മാറി . അതാണ് പി.ഡി.പി രൂപീകരിയ്ക്കുവാൻ കാരണം. പി.ഡി.പി യ്ക്കു തീവ്രവാദം ഇല്ല. പി.ഡി.പി മുസ്ലീങ്ങളുടെ മാത്രം പാർട്ടിയല്ല. എല്ലാ മത വിഭാഗത്തിൽ ഉള്ളവരും പി.ഡിപിയിൽ ഉണ്ട്. സദസ്സിലെ നേതാക്കളെത്തന്നെ ഉദാഹരിച്ച് മദനി പറഞ്ഞു. അക്രമത്തിന്റെ മാർഗ്ഗം പി.ഡി.പിയ്ക്ക് ഇല്ല. എന്നാൽ അധ:സ്ഥിതന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ജനാധിപത്യമാർഗ്ഗങ്ങൾ ഉപായോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിൽ വിട്ടു വീഴ്ചയുമില്ലെന്ന് മദനി പറയുന്നു. ദളിദ് വിമോചനമാണ് പാർട്ടിയുടെ ലക്ഷ്യം.

തന്റെ പാർട്ടിയ്ക്ക് അതിന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ കഴിയാത്ത കാലത്തോളം കാലാനുസൃതമാ‍യും വിഷയാധിഷ്ഠിതമായും നിലപാടുകൾ എടുക്കുകയും കൂട്ടു കെട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായതുകൊണ്ടു കൂടിയാണ് അവർക്ക് പിന്തുണ നൽകാൻ തയ്യാറായത്. നിഷ്ഠുര കൃത്യങ്ങളിലൂടെ ലോകത്തെ വിറങ്ങലിപ്പിയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ തിന്മകളോട് നിസ്സംഗത പുലർത്താൻ കഴിയില്ല. അമേരിക്കയുടെ സഖ്യരാഷ്ട്രമായ ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ പാലസ്തീൻ ജനതയ്ക്കു നേരെ നടത്തുന്ന ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വെടിയേറ്റു പിടയുന്ന കുഞ്ഞിനെ വേട്ടനായ്ക്കളെ വിട്ടു കടിച്ചുകൊല്ലിയ്ക്കുന്ന ഇസ്രായേൽ ഭീകരത ഹൃദയഭേദകമാണ്. അങ്ങനെ എത്രയെത്ര ക്രൂരതകൾക്കാണ് അമേരിക്കൻ സാമ്രാജ്യത്വം ചൂട്ടു പിടിയ്ക്കുന്നത്. ഈ സാമ്രാജ്യത്ത്വ ഭീകരതയെ എതിർക്കേണ്ടത് ഏതൊരു ഭാരതീയന്റെയും കടമയാണ്.

സാമ്രാജ്യത്തത്തിനെതിരെ യുള്ള പോരാട്ടങ്ങളിൽ സമാനമനസ്കരുമായി തോളുരുമ്മും. ഇടതുപക്ഷം സാമ്രാജ്യവിരുദ്ധ പോരാട്ടം തങ്ങളുടെ പ്രത്യയ ശാ‍സ്ത്രത്തിന്റെ ഭാഗമായി കാണുന്നതിനാൽ അക്കാര്യത്തിൽ അവരോട് യോജിപ്പാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയത്തിൽ അധ:സ്ഥിത ജനവിഭാഗത്തോട് സ്വീകരിയ്ക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിയ്ക്കും ആർക്കെങ്കിലും പിന്തുണ നൽകുന്നതും നൽകാതിരിയ്ക്കുന്നതും. ബാബറി മസ്ജിദ് തകർത്ത സംഭവം മറക്കാനാകില്ല. തകർത്തത് ഒരു പള്ളിയെന്നത് മാത്രമല്ല പ്രശ്നം. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവാണ് അത്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു പറഞ്ഞാൽ മാത്രം തീവ്രവാദിയാകില്ല. അതു മുസ്ലീങ്ങൾ മാത്രം പറയുന്നതല്ല. മതേതരത്വത്തിൽ വിശ്വസിയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനും പറയുന്നതാണ്.

താൻ മുസ്ലിം ആണ്. അതിൽ അഭിമാനിയ്ക്കുന്നു. എന്നാൽ പി.ഡി.പി എന്ന പാർട്ടി ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണം. ഭീകരപ്രവർത്തവത്തിലൂടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. പി.ഡി.പി ക്കാർ ആരെങ്കിലും തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നു തെളിയിച്ചാൽ പി.ഡി.പി പിരിച്ചുവിട്ട് രാഷ്ട്രീയം ഉപേക്ഷിച്ച് താൻ ഏതെങ്കിലും പള്ളിയിൽ പ്രാർത്ഥനകളുമായി ഒതുങ്ങി കഴിഞ്ഞുകൂടുമെന്ന് മദനി പ്രഖ്യാപിയ്ക്കുന്നു. ആരെയൊക്കെയോ തീവ്രവാദത്തിന്റെ പേരിൽ അറസ്റ്റു ചെയ്റ്റിട്ട് അതു തന്റെ അംഗരക്ഷകരാണെന്നുവരെ അടിച്ചു വിടുന്നു. അതൊക്കെ തെളിയിക്കുവാൻ വെല്ലുവിളിയ്ക്കുന്നു. ഇവിടുത്തെ മാധ്യമങ്ങളും കോൺഗ്രസ്സും യു.ഡി.എഫും തനിയ്ക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുകയാണ്. കോൺഗ്രസ്സിനു പിന്തുണ നൽകിയിരുന്നെങ്കിൽ തങ്ങൾ അവർക്കു നല്ല പിള്ളകളാ‍യേനെ. അല്പം വോട്ടു ബാങ്കുകൾ ഉള്ളവരൊക്കെ കോൺഗ്രസ്സിനും യു.ഡി.എഫിനും വോട്ടു ചെയ്യണമെന്ന് നിയമമൊന്നുമില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് തെറ്റായി പി.ഡി.പി കരുതുന്നില്ല.

സമാനതകളില്ലാത്ത പീഡനങ്ങൾക്കു ശേഷം ജയിലിൽനിന്നും മോചിതനായ താൻ തന്നെ പീഡിപ്പിച്ചവർക്കെതിരെ വാളെടുക്കാൻ പറഞ്ഞില്ല. എന്നെ കൊല്ലാൻ ശ്രമിച്ച ഒരു പ്രതിയെ പോലും ശിക്ഷിച്ചിട്ടില്ല. എന്നാൽ താൻ അവർക്കൊക്കെ മാപ്പു കൊടുത്തു. ഒൻപതര വർഷത്തെ ജയിൽ പീഡനം നൽകിയ ശേഷമാണ് തന്നെ വിട്ടയക്കുന്നത്. എന്നാൽ തനിയ്ക്കെതിരെയുള ഒരു കേസുകളും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ ഒരു അക്രമത്തിനും ജയിനുള്ളിൽ വച്ചോ പുറത്തു വന്നിട്ടോ താൻ ആഹ്വാനം ചെയ്തിട്ടില്ല. ഇനി ഒരിയ്ക്കലും ചെയ്യുകയുമില്ല. തന്നെയും തന്റെ പാർട്ടിയെയും തീവ്രവാദവുമായി ബന്ധിപ്പിയ്ക്കുന്നവർക്ക് ദുഷ്ടലാക്കാണുള്ളത്. ഇന്ത്യക്കാരൻ എന്ന അഭിമാനമാണ് തന്നെയും തന്റെ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും നയിക്കുന്നത്. എന്നും പാവങ്ങൾക്കൊപ്പമായിരിയ്ക്കും പി.ഡി.പി...............

അതെ, ഇപ്രകാരം നീണ്ടതായിരുന്നു മദനിയുടെ പ്രസംഗം. എന്തു കൊണ്ട് മദനിയുടെ വാക്കുകളെ ഇപ്പോൾ നാം അവിശ്വസിയ്ക്കണം? അപകടകരായ ആശയങ്ങളും ആയുധങ്ങളും ഭീകര സ്വഭാവവും ഉപേക്ഷിച്ചുവെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് തെറ്റുതിരുത്തലുമായി നമുക്കു മുന്നിൽ വന്നു നിന്ന് തങ്ങളെ ഇനിയും തീവ്രവാദികൾ എന്നു വിളിയ്ക്കരുതേ, നമ്മളെ പഴയകണ്ണുകളിലൂടെ നോക്കരുതേ, നമ്മളെ തെറ്റിദ്ധരിയ്ക്കരുതേ എന്നു യാചിയ്ക്കുന്നവരോട് നാം മുഖം തിരിയ്ക്കണോ? അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ യോജിയ്ക്കുന്നുണ്ടോ എന്നു നിരീക്ഷിയ്ക്കുവാനെങ്കിലും നാം സമയം നൽകരുതോ? ജയിൽ മോചിതനായി വന്നതല്ലേയുള്ളു. ഒരു എൽ.ഡി.എഫിനെ പിന്തുണച്ചു പോയി എന്നതുകൊണ്ടുമാത്രം മദനിയെ അപമാനിയ്ക്കണോ? മദനിയും സംഘവും വീണ്ടും തീവ്രവാദികളായി, അതായത് പഴയ ഐ.എസ്.എസുകാരായി മാറണം എന്നു ആരെങ്കിലും ആഗ്രഹിയ്ക്കുന്നതു ശരിയോ? ചിലരൊക്കെ അതാ‍യിരിയ്ക്കാം ആഗ്രഹിയ്ക്കുന്നത്!

ഈയുള്ളവൻ ഈ ലേഖനം എഴുതാൻ കാരണം മദനിയുടെ പാർട്ടി പ്രസക്തമോ അപ്രസക്തമോ നാളെയും അതു നിലനിൽക്കുമോ എന്നീ കാര്യങ്ങളൊന്നും കണക്കിലെടുത്തുകൊണ്ടല്ല. ജനാധിപത്യത്തിൽ പല പ്രസ്ഥാനങ്ങളും രൂപം കൊള്ളും. അതിൽ ചിലതൊക്കെ അപകടകരങ്ങളും ആയിരിയ്ക്കും. സർക്കാരിനോ നിയമങ്ങൾക്കോ മറ്റു സംഘടനകൾക്കോ അവയെ ചിലപ്പോൾ വേണ്ടവിധം നിയന്ത്രിയ്ക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞെന്നിരിയ്ക്കില്ല. ഇപ്പോഴും നമ്മുടെ രാജ്യത്ത് അപകടകരമായ ആശയങ്ങളും പ്രവർത്തനങ്ങളും കൊണ്ടു നടക്കുന്ന പല പ്രസ്ഥാനങ്ങളും ഉണ്ട്. അവർക്ക് അതൊക്കെ ഉപേക്ഷിച്ച് തെറ്റു തിരുത്തി മാനസാന്തരപ്പെട്ട് നല്ല മാർഗ്ഗത്തിലേയ്ക്ക് കടന്നുവരാനുള്ള ഒരു ചെറിയ പ്രേരണയെങ്കിലും ചെലുത്താൻ, മദനിയെപ്പോലുള്ളവരുടെ ആശാസ്യമായ ഇത്തരം മാതൃകകൾ നമുക്ക് ചൂണ്ടിക്കാണിയ്ക്കാനെങ്കിലുമാകില്ലേ? എത്രയോ തട്ടുമുട്ടു പാർട്ടികൾ കേരളത്തിലുണ്ട്. കൂട്ടത്തിൽ ഒരു മദനിയും ഒരു പി.ഡി.പിയും കൂടി അങ്ങു കഴിഞ്ഞുകൂടട്ടെ! അല്ലപിന്നെ!

ബി.ജെ.പിയിൽ നിന്നു വിട്ടു വന്ന് മതേതരത്വം പ്രഖ്യാപിച്ച രാമൻപിള്ളടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാടുമാറ്റത്തെയും നല്ല മനസ്സോടെ സ്വീകരിയ്ക്കേണ്ടതാണ്. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ രാമൻപിള്ളയും സംഘവും എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അവർ യു.ഡി.എഫിനെയാണ് പിന്തുണച്ചതെങ്കിലും കുഴപ്പമില്ലായിരുന്നു. ഒരു വർഗീയ സംഘടന വിട്ട് വരുന്നവർ യു.ഡി.എഫിനെ പിന്തുണച്ചാലും എൽ.ഡി.എഫിനെ പിന്തുണച്ചാലും അതിനെ നല്ലതെന്നു തന്നെ പറയണം. ഇനിയിപ്പോൾ മദനിയും രമൻപിള്ളയും എല്ലാം എൽ.ഡി.എഫിനെ വിട്ട് യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെങ്കിലും അവരുടെ പൂർവ്വകാലത്തെ കരുതി അവരെ കുറ്റം പറയരുത്. ഏതെങ്കിലും ഒരു വർഗീയ-അക്രമോത്സുക പ്രസ്ഥാനത്തിൽ നിന്ന് വിട പറഞ്ഞ് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും പാതയിലേയ്ക്കു വരുന്നെങ്കിലിൽ അവരുടെ അനുഭാവം എൽ.ഡി.എഫിനോടായാലും യു.ഡി.എഫിനോടായാലും അവരുടെ മാറ്റം നല്ലതു തന്നെ എന്നു വേണം പറയാൻ!

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല. ഈ പോസ്റ്റിന്റെ രത്നച്ചുരുക്കം ഇങ്ങനെ ഒന്നു കൂടി ആവർത്തിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.

(പിൻ കുറിപ്പ്: മദനിയുടെ പ്രസംഗം കേട്ട ഒരു സാധാരണക്കാരൻ ഇങ്ങനെയൊക്കെയും ചിന്തിച്ചിരിയ്ക്കാം!)

Tuesday, October 6, 2009

ജോനവന് ആദരാഞ്ജലികൾജോനവന് ആദരാഞ്ജലികൾ


മെയിൽ ചെക്കു ചെയ്യാൻ തുറന്നപ്പോൾ പകൽകിനാവന്റെ സന്ദേശം വഴിയാണ് ബൂലോക കവിയും കഥാകാരനുമായ ജോനവന്റെ മരണം ഞാൻ അറിഞ്ഞത് . കുറച്ചു ദിവസമായി ബ്ലോഗത്ത് എത്താത്തതുകൊണ്ട് അപകട വിവരങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ ബൂലോകത്തു വന്നിട്ട് ഒരു ബ്ലോഗറുടെ മരണം അറിയുന്നത് ഇതാദ്യം.

ഉടൻ തന്നെ ജോനവന്റെ ബ്ലോഗിലേയ്ക്കു യാത്രയായി. കാരണം ജോനവന്റെ ബ്ലോഗ് എന്റെ ശ്രദ്ധയിൽ ഇതിനു മുമ്പ് വന്നിരുന്നില്ല. ഈ ബ്ലോഗ് ഞാൻ മുമ്പും സന്ദർശിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ പ്രൊഫൈലും പേരുമൊന്നും നോക്കിയിട്ടൂണ്ടാവില്ല. ആയിരക്കണക്കിന് ബ്ലോഗുകളുള്ളതിനാൽ പല മികവുറ്റ ബ്ലോഗുകളും ഇതു പോലെ എന്റെയും ശ്രദ്ധയിൽ വരാതെ പോയിട്ടുണ്ട്`. ജോനകന്റെ ബ്ലോഗിൽ എത്തിയപ്പോഴാണ് ജോനകനെ ശരിയ്ക്കും അറിയുന്നത്. തീർച്ചയായും മലയാള ബ്ലോഗത്തിന് ഇത് കനത്ത നഷ്ടം തന്നെ. ജോനവന് ഈ എളിയ ബൂലോകന്റെയും ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു.

Get this widget | Track details | eSnips Social DNA


ജോനവന്റെ മരണത്തെ കുറിച്ച് ഒരു പോസ്റ്റിടണമെന്നുണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന്റെ ദേശാഭിമാനി പത്രത്തിൽ ശ്രീ. എം. എസ്. അശോകൻ ജോനവന്റെ മരണം നന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . അതുകൊണ്ട് തൽക്കാലം ദീർഘമായ മറ്റൊരു കുറിപ്പിനു പകരം ആ ദേശാഭിമാനി റിപ്പോർട്ടും കൂടി അതേപടി ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. ജോനകന്റെ ഓർമ്മയ്ക്ക് എന്റെ ബ്ലോഗിൽ ഒരിടം അങ്ങനെ ഞാൻ സൂക്ഷിയ്ക്കട്ട; ജോനവന് അശ്രു പൂജയായി!

‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി

എം എസ് അശോകൻ

(ദേശാഭിമാനി വാർത്ത, 2009-ഒക്ടോബർ 5 തിങ്കൾ)

കൊച്ചി : ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാ‍ഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.

‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.

സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.

ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.

കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.

Friday, October 2, 2009

ഒക്ടോബർ വാർത്തകൾ

ഒക്ടോബർ വാർത്തകൾ

വട്ടപ്പച്ച, ഒക്ടോബർ 30: തട്ടത്തുമല- ചാറയം റോഡിന്റെ വികസന പ്രവർത്തനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ വട്ടപ്പച്ചയിൽ നിർവ്വഹിച്ചു.

പനപ്പാംകുന്ന്, ഒക്ടോബർ 28: ജില്ലാ ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന സാംസ്കാരിക ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം പനപ്പാംകുന്ന് ജനതാ വായന ശാലയിൽ നടന്നു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് കെ. ഗോപാലപിള്ള, താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജഗതീഷ് ചന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ സംബന്ധിച്ചു.

ചന്ദ്രി വൈദ്യർ മരണപ്പെട്ടു

തട്ടത്തുമല, ഒക്ടോബർ 27: തട്ടത്തുമല വാഴോട് മാവിള വീട്ടിൽ ചന്ദ്രി വൈദ്യൻ (90) അവർകൾ മരണപ്പെട്ടു. വൈകുന്നേരം നാലു മണിയോടടുത്താ‍ണ് മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് കുറച്ചു നാളായി കിടപ്പിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രിതന്നെ ഏകദേശം ഒൻപതു മണിയോടെ നടക്കും

തിരുവനന്തപുരം, 2009 ഒക്ടോബർ 22: അന്തരിച്ച പ്രശസ്ത യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായിരുന്ന ബി.പ്രേമാനന്ദ് അനുസ്മരണ യോഗവും സെമിനാറും തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്നു. കേരളാ യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സംഘം ജില്ലാ പ്രസിഡന്റ് എൻ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ബി. പ്രേമാനന്ദ് അനുസ്മരണക്കുറിപ്പ് വായിച്ചു. ഡോ. തോമസ് വർഗീസ്, എൻ. രാമാനുജൻ, ധനുവച്ചപുരം സുകുമാരൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

തുടർന്ന് സെമിനാർ നടന്നു. “ സുപ്രീം കോടതി വിധിയും പുറമ്പോക്കു ദൈവങ്ങളും” എന്നതായിരുന്നു സെമിനാറിന്റെ വിഷയം. സെമിനാർ പ്രമുഖ പത്ര പ്രവർത്തകൻ മുൻ മാതൃഭൂമി ലേഖകൻ പി. രാജൻ ഉദ്ഘാ‍ടനം ചെയ്തു. കോൺഗ്രസ്സ് നേതാവ് കരകുളം കൃഷ്ണപിള്ള, സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ആർ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സംഘം ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും എൻ.കെ. ഇസ്ഹാക്ക് നന്ദിയും പറഞ്ഞു. വിശദാംശങ്ങൾ പിന്നാലെ പ്രസിദ്ധീകരിയ്ക്കുന്നതാണ്

ബൈക്ക് അപകടത്തിൽ മരണം

ചടയമംഗലം മഞ്ഞപ്പാറ, ഒക്ടോബർ 6: തട്ടത്തുമല ഫാൻസി യൂനുസിന്റെ മകൾ ചടയമംഗലം മഞ്ഞപ്പാറ താമസിയ്ക്കുന്ന ജാൻസിയുടെ ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചു പോയി. അവിടെ അവരുടെ വീട്ടിനടുത്തു വച്ച് ബൈക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ് മരനം സംഭവിച്ചത്.

വിവാഹം

തട്ടത്തുമല, ഒക്ടോബര്‍ 5: പരേതനായ തട്ടത്തുമല അബ്ദുൽ റസാക്കിന്റെ (അത്ത്രുസാക്കു കാക്ക) മൂന്നാമത്തെ മകനും, തട്ടത്തുമല യത്തീം ഖാനയ്ക്കു സമീപം താമസിയ്ക്കുന്ന നസീറിന്റെ (സൌദി) ഇളയ സഹോദരനുമായ സുധീറിന്റെ വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ വച്ചു നടന്നു. പെണ്ണ്‌ നിലമേൽ കണ്ണൻകോട് ചേറാട്ടുകുഴിയിൽ നിന്ന്‌)

മരണം

പാപ്പാല, ഒക്ടോബർ 2: തട്ടത്തുമല ന്യൂസ്റ്റാറിൽ അദ്ധ്യാപകനായ പാപ്പാല കടമ്പ്രവാരത്തു സുനിലിന്റെ അനുജന്‍ മരണപ്പെട്ടു. കുറച്ചു നാളായി ക്യാൻസറിനു ചികിത്സയിൽ ആയിരുന്നു. നന്നേ ചെറുപ്പമായിരുന്നു. അടുത്തിടെയാണ് വിവാഹം കഴിച്ചത്‌.

മനുഷ്യച്ചങ്ങല

തട്ടത്തുമല, ഒക്ടോബർ 2:ഒക്ടോബർ 2: ഇന്ന് നാഷണൽ ഹൈവേയിൽ ആസിയാൻ കരാറിൽ പ്രതിഷേധിച്ച് സി.പി.എം മനുഷ്യച്ചങ്ങല നടന്നു.

തേക്കടി ബോട്ടു ദുരന്തത്തിൽ മരണമടഞ്ഞവർക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച് അല്പ സമയം മൌനം ആചരിച്ച ശേഷമാണ് ചങ്ങല കോർത്തു ആസിയാൻ വിരുദ്ധ പ്രതിജ്ഞയെടുത്തത്‌.

തട്ടത്തുമലക്കാർ നാവായിക്കുളം കടമ്പാട്ടുകോണം ഭാഗത്താണ് കൈ കോർത്തത്‌. പലയിടത്തും ചങ്ങല കോട്ടയായി.

പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെയാണ് ചങ്ങലയ്ക്ക് ആളുകൾ എത്തിയത്‌. ഇന്നലെ ഉച്ചമുതൽ ഇന്നു രാവിലെ വരെയും പെരു മഴയായിരുന്നു. ചങ്ങല കോർക്കുന്ന സമയത്ത് മഴ അല്പം മാറിനിന്നിരുന്നത് സൌകര്യമായി.

തട്ടത്തുമലയിൽ നിന്ന്‌ രണ്ട് ട്യൂറിസ്റ്റു ബസ്സുകളിലായി നൂറില്പരം ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.

മനുഷ്യച്ചങ്ങല വൻ വിജയമായിരുന്നുവെന്നു പറയാം. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമായിരുന്നുവെന്ന് ചാനലുകൾ അടക്കം വിവിധ മാദ്ധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്‌.

മഴ

തട്ടത്തുല, ഒക്ടോബർ 1: ഉച്ച കഴിഞ്ഞു മഴയായിരുന്നു; പെരുമഴ!