തട്ടത്തുമല നാട്ടുവർത്തമാനം

Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണന് ആദരാഞ്ജലികൾ!


എല്ലാവരുടെയും സ്വന്തം അണ്ണൻ യാത്രയായി. സ്നേഹം നിറഞ്ഞ ആ‍ എടാ എന്ന വിളി ഇനി കേൾക്കില്ല. സന്തോഷങ്ങളിലും സന്താപങ്ങളിലും ഓടിയെത്തുന്ന നമ്മുടെ ചിറയിൻ കീഴ് താ‍ലൂക്കിന്റെ സ്വന്തം കാരണവരെയാണ് നമുക്ക് നഷ്ടമായത്. മുൻ കേരള നിയമസഭാ സ്പീക്കറും, എം.പി.യും, സി.പി.ഐ (എം) നേതാവുമായിരുന്ന വർക്കല രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് ആദരാ‍ഞ്ജലികൾ!

Monday, April 19, 2010

2010 ഏപ്രില്‍ തട്ടത്തുമല വാർത്തകൾ

2010 ഏപ്രിൽ മാസത്തിലെ വാർത്തകൾ

കെ.എസ്.റ്റി.എ ഭവൻ ഉദ്ഘാടനം

കിളിമാനൂർ, ഏപ്രിൽ 19: അദ്ധ്യാപക സംഘടനയായ കെ.എസ്.റ്റി എയുടെ കിളിമാനൂർ സബ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാല കൃഷ്നൻ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം കിളിമാനൂർ ടൌൺ യു.പി.എസിൽ വച്ചായിരുന്നു. സ്വാഗത സംഘം ചെയർമാൻ സി.പി.ഐ (എം) കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷനായിരുന്നു.

എൻ.രാ‍ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി, കെ.എസ്.റ്റി.എ സംസ്ഥാന പ്രസിഡന്റ് ഉസ്മാൻ, സെക്രട്ടറി കെ.എൻ.സുകുമാരൻ, കിളിമാനൂർ കാർഷിക സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ജയച്ചന്ദ്രൻ, സി.പി.ഐ (എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കിളിമാനൂർ ടൌണിൽ വലിയ പാലത്തിനു സമീപം ആറ്റിന്റെ തീരത്താണ് സ്വന്തമായി സ്ഥലം വാങ്ങി കെ.എസ്.റ്റി.എ ഭവൻ നിർമ്മിച്ചിരിക്കുന്നത്. കമ്മിറ്റി ഓഫീസിനു പുറമെ ഇതിൽ റഫറൻസ് ലൈബ്രറിയും, മിനി കോൺഫറൻസ് ഹാളും മറ്റും ഉണ്ട്.

മരണം

ഷൈലാജ്

തട്ടത്തുമല,ഏപ്രിൽ 19: തട്ടത്തുമല ചായക്കാർ പച്ചയിൽ റഷീദ് സാറിന്റെയും ലൈലാ ബീവിയുടെയും മകൻ ഷൈലാജ് (27) മസ്കറ്റിൽ വച്ച് മരണപ്പെട്ടു. ഇന്നലെയാ‍ണ് മരണ വിവരം ലഭ്യമായത്. ഇന്നലെത്തന്നെയാണ് സംഭവം നടന്നതെന്ന് മനസ്സിലാക്കുന്നു. ആത്മഹത്യയെന്നാണ് അറിവു ലഭിച്ചിട്ടുള്ളത്. മരണ കാരണം സാമ്പത്തിക പ്രശ്നമാണെന്നാണ് ഊഹിക്കുന്നു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതശരീരം നാ‍ട്ടിൽ കൊണ്ടു വരുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. കേന്ദ്ര മന്ത്രി വയലാർ രവിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

നാ‍ട്ടിൽ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള വിവിധ തൊഴിലുകൾ ചെയ്തുവരവേ യാ‍ണ് ഷൈലാജ് ഗൽഫിൽ പോയത്. ഒരു യാത്ര വന്നുപോയതാ‍ണ്. അവിവഹിതനാണ്. ഏകസഹോദരി സോഫിയ.

അനിയൻ പിള്ള മരണപ്പെട്ടു

തട്ടത്തുമല ഏപ്രിൽ 19: തട്ടത്തുമല മണലേത്തുപച്ചയിൽ അനിയൻ പിള്ള (39) മരണപ്പെട്ടു. ഹൃദയാഘാതം വന്ന് വെഞ്ഞാറമൂട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കിളിമാനൂർ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ആട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ദീർഘകാലമായി ഓട്ടോ ഓടിക്കുകയായിരുന്നു അനിയൻ പിള്ള.

വിവാഹം

തട്ടത്തുമല, ഏപ്രിൽ 10: തട്ടത്തുമല ന്യൂസ്റ്റാർ കോളേജ് വിദ്യാർത്ഥിനിയും അദ്ധ്യാപികയും ആയ കാലായിക്കോട് സ്വദേശിനി കവിതയും പാപ്പാല സ്വദേശി സുനിൽ കുമാ‍റും തമ്മിലുള്ള വിവാഹം കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രസന്നിധിയിൽ വച്ച് നടന്നു.

വിവാഹം

വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ മലയിൽ വിട്ടിൽ ശശീശന്റെയും മധുലികയുടെയും മകൾ ശ്യാലിയും ആറ്റിങ്ങൽ പനവേലിപ്പറമ്പ് തിരുവോണത്തിൽ പി.സുഗതന്റെയും കനകലതയുടെയും മകൻ സി.എസ്. സുനീഷും തമ്മിലുള്ള വിവാഹം 2010 എപ്രിൽ 25 ഞായറാഴ്ച 11. 40 നു മേൽ 12. 40 നകം കിളിമാനൂർ ശ്രീദേവി ആഡിറ്റോറിയത്തിൽ നടക്കും.


Saturday, April 17, 2010

കൊട്ടും കുരവയുമില്ലാതെ സംഗീതയ്ക്ക് വരണമാല്യം

കൊട്ടും കുരവയുമില്ലാതെ സംഗീതയ്ക്ക് വരണമാല്യം

ഒരു കൊച്ചു നാട്ടുവര്‍ത്തമാനം

കഥയെന്ന ലേബൽ ചാർത്തിയാണ് ഈ പോസ്റ്റ് എഴുതുന്നതെങ്കിലും ഇത് കഥയല്ല. നടന്ന കാര്യം പൊടിപ്പും തൊങ്ങലുമില്ലാതെ കോറിയിടുകയാണ്. എന്നാ‍ൽ നല്ലൊരു കഥയ്ക്കുള്ള വിഷയമുണ്ട്താനും. തൽക്കാലം സാഹിത്യമൊന്നും കടത്താതെ ചുമ്മാ പറഞ്ഞു പോകുന്നുവെന്നു മാ‍ത്രം; ഒരു നാ‍ട്ടു വർത്തമാനം!

കഴിഞ്ഞ 2010 എപ്രിൽ 10 ന് സംഗീതയുടെ വിവാഹമായിരുന്നു. ആളും ബഹളവും കൊട്ടും കുരവയുമില്ലാതെ കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര സന്നിധിയിൽ വച്ച് ഒരു മോട്ടോർ വർക്ക് ഷോപ്പ് തൊഴിലാളിയായ അനിൽ കുമാർ അവൾക്ക് വരണമാല്യം ചാർത്തി. വിരലിൽ എണ്ണാവുന്ന ഏതാനും സുഹൃത്തുക്കളുമായി അനിൽ എത്തിയപ്പോൾ ബന്ധുക്കളായി സംഗീതയോടൊപ്പം വന്നത് അമ്മൂമ്മമാത്രം.

ബന്ധുക്കളല്ലെങ്കിലും ഈ വിവാഹാലോചനയിൽ താല്പര്യമെടുത്ത സലിലയും ഭർത്താവും മേൽനോട്ടവുമായി ഉണ്ടായിരുന്നു. ഇവരുടെ കുട്ടികൾക്ക് സംഗീത ട്യൂഷൻ എടുത്തിരുന്നു. പിന്നെ സംഗീതയുടെ പരിസര വാസികളായ രണ്ടുമൂന്നു പേരും കൂട്ടുകാരും ഈയുള്ളവനും ഒക്കെയാണ് ആകെക്കൂടി ചടങ്ങിനെത്തിയത്. എല്ലാം കൂടി ഒരു പത്തു പതിനഞ്ചു പേർ മാത്രം.

ഈ ദിവസം ഈ ക്ഷേത്രത്തിലെ ആദ്യ വിവാഹം അവരുടേതായിരുന്നു. അമ്പലത്തിൽ തൊഴാനും പിന്നീടുള്ള വിവാഹത്തിൽ പങ്കെടുക്കാനും മറ്റും വന്ന ചില സ്ത്രീകൾ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു, ഈ കുട്ടികൾക്ക് ഉറ്റവരും ഉടയവരും, കല്ല്യാണത്തിന് നാത്തൂനും ഒന്നുമില്ലേയെന്ന് ! അവർക്കറിയില്ലല്ലോ ഈ വിവാഹത്തിന്റെ പ്രത്യേകതയും പ്രാധാന്യവും.

ദളിത് കുടുംബത്തിൽ ജനിച്ച സംഗീതയ്ക്ക് അവളുടെ അച്ഛനെ കണ്ട ഓർമ്മയില്ല. കാരണം അവൾ ജനിക്കും മുൻപേ അച്ഛൻ അമ്മയെയും അവളെയും ഉപേക്ഷിച്ചു പോയിരുന്നു. തീരെ ദരിദ്ര കുടുംബമായിരുന്നു. കൂലിവേലയും കശുവണ്ടിയാപ്പീസ് ജോലിയുമൊക്കെ ചെയ്തിരുന്ന അവളുടെ അമ്മയും അമ്മൂമ്മയും രണ്ടു കുഞ്ഞമ്മമാരും കൂടി അവളെ വളർത്തി.

പത്താം തരത്തിൽ പഠിക്കുമ്പോൾ പക്ഷെ, അവളുടെ അമ്മ മറ്റൊരു കണവനെ കണ്ടെത്തി കടന്നുകളഞ്ഞു. അതോടെ അമ്മൂമ്മയുടെയും കുഞ്ഞമ്മമാരുടെയും തണലിൽ മാത്രമായി അവൾ. അന്ന് അവൾ ഈയുള്ളവന്റെ മേൽനോട്ടത്തിലുള്ള പാരലൽ കോളേജിൽ എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർത്ഥിനിയായിരുന്നു . പത്തിൽ തോറ്റുപോയ ഈ കുട്ടിയുടെ കുടുംബ സാഹചര്യങ്ങൾ അറിയാമായിരുന്നതിനാൽ ഫീസിന്റെ കാര്യമോർത്തു വിഷമിക്കെണ്ടെന്നു പറഞ്ഞ് നിർബന്ധപൂർവ്വം ഞങ്ങൾ വിളിച്ച് കൊണ്ടുപോയി പഠിപ്പിക്കുകയായിരുന്നു.

അമ്മ മകളെയും ഉപേക്ഷിച്ച് പുതിയ കൂട്ടുകാരനെ തേടി പോയതിൽ ദ്വേഷ്യം തോന്നിയ സംഗീതയുടെ അമ്മാമ്മയും കുഞ്ഞമ്മമാരും സംഗീതയുടെ അമ്മയെ ബഹിഷ്കരിച്ചു. വീട്ടിൽ കയറുന്നതും സംഗീതയെ കാണുന്നതും വിലക്കി. അതോടെ സംഗീത വിഷമവൃത്തത്തിലായി. അമ്മ പ്രായമായി നിൽക്കുന്ന അവളെ ഉപേക്ഷിച്ചു പോയതിൽ വിഷമമുണ്ടെങ്കിലും സ്വന്തം അമ്മയെ കാണാതിരിക്കുന്നതെങ്ങനെ? അന്യ പുരുഷനോടൊപ്പം നാ‍ലും തുനിഞ്ഞ് ഇറങ്ങി പോയ അമ്മയുടെ കൂടെ പോകാനും കഴിയില്ല. അമ്മയുടെ പുതിയ ഭർത്താവിന്റെ സ്വഭാവവിശേഷങ്ങൾ അത്ര തൃപ്തികരമല്ലെന്നുമുണ്ടായിരുന്നു,കേൾവി!

എന്തായാലും അമ്മൂമ്മയും സ്വന്തം അനുജത്തിമാരും ഊരു വിലക്കിയ സംഗീതയുടെ അമ്മയ്ക്ക് നമ്മുടെ സ്ഥാപനത്തിൽ വന്ന് മകളെ കാണാൻ ഈയുള്ളവന്റെ മധ്യസ്ഥതയിൽ ധാരണയായി. സംഗീതയ്ക്കും അതത്ര താല്പര്യമായിരുന്നില്ലെങ്കിലും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചു. ആദ്യമാദ്യം അമ്മ മകളെ കാണാൻ ഇടയ്ക്കിടെ വന്നു പോയിരുന്നു. പിന്നെ പിന്നെ മകളെ കാണാൻ വരികയോ അവളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യാതെയായി. എന്നാൽ പിന്നീട് ചിലപ്പോഴൊക്കെ അവർ അവകാശവും പറഞ്ഞ് വന്ന് വഴക്കുണ്ടാക്കുമായിരുന്നുവത്രെ! പിന്നെ പിന്നെ വഴക്കു കൂടാൻ പോലും ഈ നാട്ടിൽ വരാതെയായി.

ഇതിനിടയിൽ സംഗീത പത്താം തരം വിജയിച്ചു. സ്കൂളിൽ പ്ലസ് ടുവിന് പ്രവേശനാനുമതി ലഭിച്ചു. എന്നാൽ അമ്മൂമ്മയ്ക്കും കുഞ്ഞമ്മമാർക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതി സ്കൂളിൽ പ്രവേശനം കിട്ടുമെന്ന കാര്യം സംഗീത വീട്ടിൽ പറഞ്ഞില്ല. പഠിത്തം നിർത്തി അവരോടൊപ്പം കശുവണ്ടിയാപ്പീസിൽ പണിയ്ക്ക് പോകാനായിരുന്നു സംഗീതയുടെ തീരുമാനം. എന്നാൽ പഠിക്കാൻ താല്പര്യമുള്ള ഈ കുട്ടി പഠനം നിർത്തുന്നത് ഈയുള്ളവനും സഹപ്രവർത്തകർക്കും വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു.

സംഗീതയുടെ ഒരു കുഞ്ഞമ്മ ഇന്ദു അണ്ടിയാപ്പീസിലൊക്കെ പോകുമായിരുന്നെങ്കിലും ഡിഗ്രീ വരെ പഠിച്ചിട്ടുണ്ട്. അവളും നമ്മുടെ വിദ്യാർത്ഥിനി തന്നെ ആയിരുന്നു. സംഗീതയെയും പഠിപ്പിക്കണമെന്ന് അമ്മൂമ്മയോടും കുഞ്ഞമ്മമാരോടും പറഞ്ഞു. പക്ഷെ കൂലിപ്പണിക്കാരായ അവരെ ബുദ്ധിമുട്ടിക്കാൻ സംഗീതയ്ക്കിഷ്ടമുണ്ടായില്ല. എങ്കിലും ഈയുള്ളവൻ അവരുടെ വീട്ടിൽ പോയും സംഗീതയെ സ്ഥാപനത്തിൽ വിളിച്ചു വരുത്തിയും വല്ല വിധേനയും പറഞ്ഞു മനസ്സിലാ‍ക്കിച്ചു.

നമ്മുടെ സ്ഥാപനത്തിൽ ഫീസു തരാതെ പഠിക്കുന്ന ധാരാളം കുട്ടികളുണ്ട്. പിന്നെ ഈ പാവം കുട്ടിയെ കൂടി കൂട്ടത്തിൽ പഠിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ഒരു പരോപകാരം. ഗ്രാമ പ്രദേശങ്ങളിലെ പാരലൽകോളേജുകൾ എവിടെയും ഒരു സേവനം കൂടിയാണല്ലോ! ഒപ്പം സാംസ്കാരിക കേന്ദ്രങ്ങളും.

സംഗീതയോടും ട്യൂട്ടോറിയിൽ വന്ന് പഠിച്ചു കൊള്ളുവാനും ഒരിക്കലും അവളോട് ഫീസു ചോദിക്കില്ലെന്നും പറഞ്ഞു . എങ്കിലും പിന്നീട് രജിസ്ട്രേഷനും മറ്റും ഉള്ള പൈസാ അവളും കുഞ്ഞമ്മമാരും കൂടി സ്വരുക്കൂട്ടി അടച്ചു.

അങ്ങനെ പ്ലസ് ടൂ ഓപ്പൺ സ്കൂൾ വിദ്യാർത്ഥിനിയായി നമ്മുടെ സ്ഥാപനത്തിൽ തന്നെ പഠനം തുടർന്നു. രണ്ടുവർഷം കഴിഞ്ഞ് പ്ലസ് ടു പരീക്ഷയും വിജയിച്ച സംഗീത സ്വാഭാവികമായും വീണ്ടും പഠനം നിർത്താൻ തീരുമാനിച്ചു. അപ്പോഴേയ്ക്കും നമ്മുടെ പഴയ ട്യൂട്ടോറിയൽ സ്ഥാപനം സ്പ്ലിറ്റായി. പിന്നെ മറ്റു നിവൃത്തികൾ കാണാഞ്ഞും നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും ഈയുള്ളവൻ മറ്റൊരു സ്ഥാപനം തുടങ്ങി.

പുതിയ സ്ഥാപനത്തിൽ സംഗീതയെ വീണ്ടും പഠനത്തിലേയ്ക്ക് ആനയിച്ചു. ഭാവിയിൽ കുട്ടികൾക്ക് ട്യൂഷനെടുത്തെങ്കിലും ജീവിക്കാമെന്നും ഡിഗ്രിയൊക്കെ ഉണ്ടെങ്കിൽ ഏതെങ്കിലും നല്ല പയ്യന്മാർ വന്ന് കെട്ടിക്കൊണ്ട് പൊയ്ക്കോളും എന്നൊക്കെ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ചാണ് ഡിഗ്രി പാരലലിൽ ചേർത്തത്. അങ്ങനെ ഈയുള്ളവന്റെ നേതൃത്വത്തിലുള്ള ‘സർവ്വകലാശാലയിൽ’ ഡിഗ്രി പാ‍രലൽ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ അവളും പഠനം ആരംഭിച്ചു.

കോളേജുകളിൽ അഡ്മിഷൻ കിട്ടാൻ കുട്ടികൾക്ക് ഈയുള്ളവൻ തന്നെ അപേക്ഷാ ഫോമുകൾ വാങ്ങി പൂരിപ്പിച്ചു നൽകിയിരുന്നു. എതാനും ദിവസം കഴിഞ്ഞപ്പോൾ സംഗീതയ്ക്ക് നിലമേൽ എൻ.എസ്.എസ് കോളേജിൽ മലയാള ബിരുദപഠനത്തിന് അഡ്മിഷൻ ലഭിച്ചു. പിന്നെ കോളേജിലും ഒപ്പം നമ്മുടെ സ്ഥാപനത്തിൽ ട്യൂഷനും പഠിച്ചു. അങ്ങനെ സംഗീത ബിരുദ പഠനവും പൂർത്തിയാക്കി.

പക്ഷെ സംഗീതയുടെ പ്രശ്നങ്ങൾ തീർന്നില്ല. തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.

സംഗീതയുടെ രണ്ട് കുഞ്ഞമ്മമാരിൽ ഒരാളായ ഇന്ദു ഡിഗ്രി വരെ പഠിച്ചെങ്കിലും മറ്റു തൊഴിലുകൾ ഒന്നും കിട്ടാ‍ത്തതിനാൽ സമീപത്തുള്ള അണ്ടിയാപ്പീസിൽ ജോലിക്കു പോകുമായിരുന്നു. ഇന്ദു എന്ന ഈ കുഞ്ഞമ്മക്കാരി ഇതിനിടെ പരിചയപ്പെട്ട ഒരു പയ്യനുമായി സ്നേഹിച്ച് വിവാഹിതയായി. പിന്നെ ചില്ലറ അപസ്വരങ്ങൾ കുടുംബത്തിൽ ഉണ്ടായി. അതൊന്നും ഇവിടെ വിസ്തരിച്ചു കൂട. ഒരു കാലത്ത് ഈ കുഞ്ഞമ്മയും സംഗീതയ്ക്ക് തുണതന്നെയായിരുന്നു.

ഈ ഇന്ദുക്കുഞ്ഞമ്മയും ഇന്ദുവിന്റെ കുടുംബവുമായി ഉടക്കി പിരിഞ്ഞ് വേറെ താമസമായി. പിന്നെ സംഗീതയും അമ്മൂമ്മയും മൂത്ത കുഞ്ഞമ്മ സിന്ധുവും ഭർത്താവും അവരുടെ കുഞ്ഞും മാത്രമായി കഴിഞ്ഞു പോവുകയായിരുന്നു. ഈ മൂത്ത കുഞ്ഞമ്മയുടെ ഭർത്താവും ആൾ ലിക്ക്വർ ഹാബിറ്റ് അല്പം ഉള്ള ആളായിരുന്നു. മദ്യപിച്ചാൽ പിന്നെ ആൾ വേറെയാണ്.

വീണ്ടും ചില പ്രശ്നങ്ങൾ സംഗീതയുടെ കുടുംബത്തിൽ ഉണ്ടായി. ചുരുക്കത്തിൽ ഇവർ കൂടി ഉപേക്ഷിച്ചാൽ പിന്നെ രോഗിണിയും നിസഹായയുമായ അമൂമ്മമാത്രമാകും സംഗീതയ്ക്ക്. പക്ഷെ എവിടെ താമസിക്കും. ആ‍രുണ്ട് തണലിന്? ഒരു എത്തും പിടിയും ഉണ്ടായില്ല.

അങ്ങനെയിരിക്കേയാണ് സംഗീത ട്യൂഷനെടുക്കാൻ പോകുന്ന വീട്ടുകാർ സംഗീതയുടെ അവസ്ഥകൾ മനസിലാക്കി വിവാഹാലോചനകൾ നടത്തിയത്. അതായത് നേരത്തെ സൂചിപ്പിച്ച സലിലയും കുടുംബവും . സലിലയുടെ ഭർത്താവിന്റെ വർക്ക് ഷോപ്പിൽ പണിയെടുക്കുന്ന ഒരു പയ്യനെ തന്നെ അവർ കണ്ടെത്തി. എന്നാൽ സംഗീതയുടെ കുഞ്ഞമ്മമാരുടെ ഭർത്താക്കൻമാർ ഈ ആലോചനകളിൽ ഒന്നിലും ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തില്ല.

പിന്നെ അവർ വന്ന് എന്തെങ്കിലും കലപിലപ്പുകൾ ഉണ്ടാക്കിയാലോ എന്നു ഭയന്ന് കല്യാണം നേരത്തേകൂട്ടി അവരെ അറിയിച്ചതുമില്ല.സമയത്താണ് മൂത്ത കുഞ്ഞമ്മയുടെ ഭർത്താവിനെ വിളിച്ചു പറഞ്ഞത്. മൂത്ത കുഞ്ഞമ്മ കല്യാണത്തിന് സംഗീതയ്ക്ക് എല്ലാ പിന്തുണയും നൽകിയെങ്കിലും ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചു. നേരത്തെ പിണങ്ങി വേറെ താമസമാക്കിയ കുഞ്ഞമ്മയായ ഇന്ദുവിനെയും കെട്ടിയവനെയും അറിയിച്ചതുമില്ല.

ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാത്തതിന്റെ പരാതൊയൊക്കെ പിന്നീട് പരിഹരിക്കാമെന്നും എങ്ങനെയെങ്കിലും ഈ വിവാഹം വേഗം നടത്തിയെടുക്കുകയാണ് വേണ്ടതെന്നുമാണ് എന്റെ സഹപാഠിയും സുഹൃത്തും ആർ.എസ്.എസ് നേതാവും സംഗീതയുടെ അയൽ വാസിയും കൂടിയായ രാകേഷിന്റെയും അഭിപ്രായം. സഗീതയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നവരിൽ ഒരാളാണ് അയൽ വാസിയായ രാകേഷും.

എന്തായാലും മന:സാക്ഷിയുള ഒരു പയ്യൻ തന്റെ സ്വന്തം ഇഷ്ടപ്രകാരം സംഗീതയ്ക്ക് ഇണയും തുണയുമായി മാറിയിരിക്കുകയണ്.അവളുടെ വ്യാകുലതകൾ മാറി സന്തോഷകരമായ ഒരു പുതു ജീവിതം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഇങ്ങനെ ഒരാലോചന കൊണ്ടുവന്ന് അത് നടപ്പു മാർഗ്ഗത്തിൽ എത്തിച്ച സലിലയെയും ഭർത്തവിനെയും ഇവിടെ ആദരപൂർവ്വം പരാമർശിച്ചു കൊള്ളുന്നു.

നോക്കണേ, ഒരു കുട്ടിയെ ജനിപ്പിക്കാൻ എന്തെളുപ്പം;പ്രസവിക്കാനുമതെ! പക്ഷെ ആ ജനിക്കുന്ന കുട്ടികളെ പാതിവഴിയിൽ ഉപേക്ഷിച്ചാലോ? അവർ ജീവിക്കുന്നോ, മരിച്ചുവോ , ജീവിക്കുന്നെങ്കിൽ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ അന്വേഷിക്കാൻ പോലും തയ്യാറാകാത്ത ഈ മാതൃത്വങ്ങളെയും പിതൃത്വങ്ങളെയും എന്തു പേരിൽ വിളിക്കണം? ഇവിടെ സംഗീതയെ ഒരിക്കൽ പോലും കണ്ടിരിക്കാൻ ഇടയില്ലാത്ത അവളുടെ അച്ഛനോടും പാതിവഴിയിൽ അവളെ ഉപേക്ഷിച്ചുപോയ അമ്മയോടും ഉൾപ്പെടെയുള്ള ഒരു പ്രതിഷേധം കൂടിയാകുന്നു എന്റെ ഈ കുറിപ്പ്.

ജന്മം കൊടുക്കുന്ന അച്ഛനും അമ്മയും സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നത് വെറും ധാർമ്മിക ബാദ്ധ്യതയായി കണക്കാക്കിയാൽ പോര; അത് ഒരു നിയമപരമായ ചുമതലയാക്കി മാറ്റേണ്ടതുണ്ട്.

സംഗീതയെ വിവാഹം കഴിച്ച ചെറുപ്പക്കാരനു വേണമെങ്കിൽ കുറച്ചു കൂടി സാമ്പത്തികവും കുടുംബപരവുമായി നേട്ടമുള്ള ഒരു പേൺകുട്ടിയെ ലഭിക്കുമായിരുന്നു. പക്ഷെ ഈ ഈ ചെറുപക്കാരന്റെ വിശാലമനസ്കത അംഗീകരിക്കേണ്ടതു തന്നെ. പണത്തിനു വേണ്ടിമാത്രം പുരുഷന്മാർ വിവാഹം കഴിക്കുക്കന്ന ഈ കാലത്ത് ഇത്തരം അനിൽകുമാർമാർ വറ്റിവരളുന്ന മനോമരുഭൂമികളിലെ പച്ചപ്പു തന്നെയാണ്. അനിലിന്റെ ദീനാനുകമ്പയ്ക്ക് ഒരു കൂപ്പുകൈ.

എന്റെ ശിഷ്യയും പിന്നീട് എന്റെ സ്ഥാപനത്തിലെ ടീച്ചറും ആയിത്തീർന്ന ശാന്തശീലയും സൽസ്വഭാവിയുമായ സംഗീതയ്ക്കും അനിൽ കുമാറിനും നന്മകൾ മാത്രം വരട്ടെയെന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട് തൽക്കാലം ഈ കുറിപ്പിന് വിരാമ ചിഹ്നം ഇടുന്നു.