തട്ടത്തുമല നാട്ടുവർത്തമാനം

Monday, August 24, 2020

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

 സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചുള്ള ഈ അനുസ്മരണക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ ഈയുള്ളവൻ തന്നെ പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല;  മറിച്ച് എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ഒക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ചും പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ഒരു ചെറിയ റഫറൻസ് എന്ന നിലയിൽ  ഇതിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നെങ്കിൽ ലഭിച്ചുകൊള്ളട്ടെ എന്ന് കരുതിക്കൂടിയാണ് എന്റെ പരിമിതമായ അറിവുകളുടെ ഒരു കുഞ്ഞ് സമാഹാരം എന്നുള്ള  നിലയ്ക്ക് കൂടി ഞാൻ ഈ അനുസ്മരണക്കുറിപ്പ് സമർപ്പിക്കുന്നത്.

തട്ടത്തുമല ശ്രീ എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ച് ഒരു മകൻ എന്ന നിലയിലും ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിലും എനിക്കറിയാവുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളും സമാഹരിച്ചുകൊണ്ടുള്ള ഒരു അനുസ്മരണക്കുറിപ്പാണിത്.

ആഗസ്റ്റ് 25 തട്ടത്തുമല എ ഇബ്രാഹിം കുഞ്ഞ്സർ അനുസ്മരണ ദിനമാണ്. അന്നാണ് അദ്ദേഹം നിശബ്ദനായത്. സ്നേഹനിധിയായ ഒരു പിതാവിന്റെ ഒരിക്കലും മരിക്കാത്ത ഒർമ്മകൾക്കു മുന്നിൽ ഒരു മകൻ സമർപ്പിക്കുന്ന അഭിമാനക്കറിപ്പുകളുടെ സമാഹാരം.

തട്ടത്തുമല. എം.സി റോഡ് അഥവാ ഇന്നത്തെ സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു മനോഹരമായ ഗ്രാമം. ഇന്നത്തെ പോലെ സ്കൂളും വായനശാലയും പാൽ സൊസൈറ്റിയും അംഗൻവാഡികളും കടകമ്പോളങ്ങളും ഒന്നുമില്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു ഈ ഗ്രാമത്തിനും. കാടും മലയും വെട്ടിത്തെളിച്ച് ജനവാസവും കൃഷിയും ജീവിതവും കുടിയേറ്റമുമൊക്കെ തുടങ്ങി എത്രയോ വർഷങ്ങൾ അങ്ങനെ കടന്നു പോയി. വയലും തോടും കൃഷിയോഗ്യമായ പുരയിടങ്ങളും  പാറക്കൂട്ടങ്ങളും എല്ലാം നിറഞ്ഞ് നിരപ്പും നിമ്നോന്നതങ്ങളുമെല്ലാം സമം ചേർന്ന തട്ടുകളൊത്ത വാസയോഗ്യമായ ഒരു പ്രദേശം. അന്നത്തെ തട്ടൊത്തമല. അതാണ് ഇന്നത്തെ തട്ടത്തുമല.

പിൽക്കാലത്ത് അടുത്തും അകലെയും ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ കുടിയേറി വന്ന് ജനവാസം കൂടിക്കൂടി വന്നു. അക്കൂട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്തന്നെ തൊട്ടടുത്ത് കിളിമാനൂരിനടുത്ത് പാപ്പാല പുളിമൂട്ടിൽ കുടുംബത്തിൽ നിന്നും രണ്ട് ശാഖകൾ കുടിയേറി തട്ടത്തുമലയിലെ ഒരു വയലോരംപറ്റി ഇരുകരകളിലായി സ്ഥിരതാമസമാക്കി. അതിലൊന്നായിരുന്നു. പണയിൽ പുത്തൻവീട്. അവിടെ അബ്ദുൽ ഖാദർ - ബീവിക്കുഞ്ഞ് ദമ്പതികൾക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം ഏഴ് മക്കൾ. അവരിൽ മൂത്രപുത്രനായിരുന്നു പിൽക്കാലത്ത് തട്ടത്തുമലയിൽ സർവ്വാദരണീയനും സ്നേഹ നിധിയുമായിത്തീർന്ന ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ.

പിൽക്കാലത്ത് തട്ടത്തുമലയുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്ക് നാന്ദി കുറിക്കാൻ മുൻനിരയിൽ നിന്ന് നയിച്ച ഈ മനുഷ്യൻ വേറിട്ടൊരു വ്യക്തിത്വത്തിനും ജീവിത മാതൃകകൾക്കും ഉടമയായിരുന്നു. വിശ്വാസം കൊണ്ട് അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവൃത്തി പഥത്തിൽ  സമാധാനകാംക്ഷിയായ ഗാന്ധിയൻ മാർഗ്ഗവും സ്വീകരിച്ച എ.ഇബ്രാഹിം കുഞ്ഞ് സാറിൽ തീക്ഷ്ണമായ കൗമാര - യൗവ്വന കാലത്ത് തന്നെ ആദണീയമായ ഒരു വ്യക്തിത്വം രൂപപ്പെടാൻ സഹായിച്ചത് കരുണാർദ്രമായ ഒരു ഹൃദയവും സാമൂഹ്യബോധവും ഇഴുകി ചേർന്ന സവിശേഷ സ്വഭാവങ്ങളൾ കൊണ്ടു കൂടിയാണ്. ടീച്ചേഴ്സ് - ട്രെയിനിംഗ് പാസ്സായി അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ച സാർ ഒരു ദരിദ്ര കർഷക കുടുംബമായ സ്വന്തം കുടുംബത്തിൻ്റെ  ഉത്തരവാദിത്തങ്ങൾ ഏറെ ഉണ്ടായിരിക്കെ തന്നെ  സഹജീവികളുടെ ജീവിതങ്ങളിലേക്കു കൂടി കൺ തുറന്നു.

ദരിദ്രരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുമായ പ്രദേശവാസികൾക്ക് ഇബ്രാഹിം കുഞ്ഞ് സാർ ഒരു ആശ്വാസവും സാമ്പത്തിക പ്രതിസന്ധികളിൽ അവസാന രക്ഷകനുമായിരുന്നു. വിശിഷ്യാ വളരെ ദയനീയമായ ജീവിതാവസ്ഥകളിൽ കഴിഞ്ഞിരുന്ന ദളിത് സമൂഹത്തോട് ഇബ്രാഹിം കുഞ്ഞ് സാർ കാട്ടിയിരുന്ന സ്നേഹാനുകമ്പയും ശ്രദ്ധയും കരുതലും ആ സമൂഹങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകമായൊരിടം നൽകി എന്നു മാത്രമല്ല ദളിത് സമൂഹങ്ങളോടുള്ള ഇതര ജനവിഭാഗങ്ങളുടെ മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുവാൻ സാർ ഒരു മാതൃകയായി.

മാനവികതയുടെ മൂർത്തി മദ്ഭാവമായിരുന്ന ശ്രീ.എബ്രാഹിം കുഞ്ഞ് സാറിൻ്റെ സഹജീവിയ സ്നേഹവും സാമൂഹ്യബോധവും സ്വാഭാവികമായും അദ്ദേഹത്തെ  ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാക്കി. അക്കാലത്തെ കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ആഗോള സാഹചര്യങ്ങൾ സ്വാഭാവികമായും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുമാക്കി. തട്ടത്തുമല പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉദ്ഭവത്തിനും വളർച്ചയ്ക്കും നേതൃത്വപരമായ പങ്കും ധൈഷണികമായും സാമ്പത്തികമായും മറ്റും ഉള്ള ഉറച്ച പിന്തുണയും നൽകി. എന്നാൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിൻ്റെയും നാട്ടുകാരുടെയും കൂടിപൊതുവായ പൊതുവായ ആവശ്യങ്ങൾക്കുകൂടി  പ്രാധാന്യം നൽകിയ സാർ അത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു നാടിൻ്റെ നായകത്വം വഹിച്ചത് തട്ടത്തുമലയുടെ ശില്പിയെന്ന അതിഭാവുകത്വം തോന്നാവുന്ന ഒരു വിളിപ്പേരിനും അദ്ദേഹത്തെ അർഹനാക്കി.

തട്ടത്തുമലയിൽ ഒരു വായനശാല തുടങ്ങിക്കൊണ്ടായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ നേത്യത്വത്തിൽ അക്കാലത്തെ സാമൂഹ്യ പ്രവർത്തകരും യുവാക്കളും തട്ടത്തുമലയുടെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്. അതായിരുന്നു ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവുമായി തട്ടത്തുമലയിൽ തല ഉയർത്തി നിൽക്കുന്ന സ്റ്റാർ തിയേറ്റേഴ്സ് & കെ.എം.ലൈബ്രറി. ആ വായനശാലയിലിരുന്നാണ് ഇബ്രാഹിം കുഞ്ഞ് സാറും മറ്റ് സാമൂഹ്യ പ്രവർത്തകരും ചേർന്ന് തട്ടത്തുമലയുടെ വികസന സ്വപ്ങ്ങൾ നെയ്തെടുത്തതും യാഥാർത്ഥ്യമാക്കിയതും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത്തലയെടുത്ത് നിൽക്കുന്ന തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഒരു പ്രൈമറി സ്കൂളായി തുടങ്ങിയതാണ് ഈ സ്കൂൾ. ഇവിടെയൊരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഇറങ്ങിത്തിരിച്ച അക്കാലത്തെ നാട്ടിലെ മഹാരഥന്മാരുടെ മുൻനിരയിൽ നിന്ന് നയിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ഉണ്ടായിരുന്നു. താൻ കൂടി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ഈ സ്കൂളിൽ തന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ഏറിയ പങ്കും ചെലവഴിച്ചത്. അക്കാലത്തെ പൊതുപ്രവർത്തകരിൽ നല്ലൊരു പങ്ക് അദ്ധ്യാപകരും കൂടിയായിരുന്നുവെന്നതും ആ കാലത്തിൻ്റെ ഒരു സവിശേഷതയായിരുന്നു. സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി അക്കാലത്ത് നാട്ടുകാർ നടത്തിയ പരിശ്രമങ്ങളും നൽകിയ സഹായങ്ങളും എന്നും ആവേശത്തോടെയാണ് എ.ഇബ്രാഹിം കുഞ്ഞ് സാർ പിൽക്കാലത്ത് എന്നും സ്മരിച്ചിരുന്നത്.

സ്ത്രീകൾ പൊതുവെ പൊതുരംഗത്ത് വരാൻ മടിച്ചിരുന്ന ഒരു കാലത്ത് നാട്ടിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് ആനയിച്ച് സ്റ്റാർ മഹിളാസമാജവും സ്റ്റാർ അംഗനവാഡിയും സ്ഥാപിക്കാനായത് ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ സാമൂഹ്യ സേവന ചരിത്രത്തിലെ 'ഒരു പൊൻതൂവലാണ്. ഇന്നത്തെപ്പോലുള്ള സ്ത്രീ ശാക്തീകരണം സ്വപ്നം കാണാൻ കാണാൻ കഴിയാതിരുന്ന ഒരു കാലത്ത് വിവിധ മതസ്ഥരായ കുലീന കുടുംബങ്ങളിലുള്ള സ്ത്രീകളെ പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലിറക്കി സ്ത്രീശാക്തീകരണത്തിന് ധൈര്യവും  മാതൃകയും നൽകുവാൻ ഇബ്രാഹിം കുഞ്ഞ് സാർ നിസ്തുലമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അക്കാലത്ത് പൊതുരംഗത്തിറങ്ങുന്ന സ്ത്രീകൾ കൗതുക കാഴ്ചകളായിരുന്നെങ്കിൽ ഇന്ന് സ്ത്രീകളെ മുഖ്യധാരയിൽ സർവ്വസാധാരണമാക്കുന്നതിൽ ഓരോ നാട്ടിലെയും ഇബ്രാഹിം കുഞ്ഞ് സാറിനെ പോലെ എത്രയോ മഹാരഥന്മാർ ധൈഷണിക സംഭാവനകൾ നൽകിയിട്ടുണ്ടാകും.

നാടാകെ ഗ്രന്ധശാലകളും ഗ്രന്ധശാലാ പ്രസ്ഥാനവുമൊന്നും രൂപം കൊള്ളുന്നതിനു മുമ്പേ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഒരു ഗ്രന്ധശാലയായി കെ.എം ലൈബ്രറി യെ മാറ്റുന്നതിൽ സാറിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വായനശാല സാറിന് ജീവിതാന്ത്യം വരെ  ജീവവായു പോലെയായിരുന്നു. സ്കൂൾ കഴിഞ്ഞാൽ രാത്രി ഏറെ വൈകുവോളം വായനശാലയിൽ എഴുത്തുകുത്തകളുമായി കഴിയുന്നത് പതിവു ചര്യയായിരുന്നു. കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നൃത്തം, കാക്കാരിശ്ശി നാടകം, സംഗീതം, റേഡിയോ ക്ലബ്ബ്, സ്റ്റാർ ബാലജനസംഘം തുടങ്ങി കലകളെയും സാഹിത്യത്തെയും പരിഭോ ഷിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ആവുന്നത്ര പരിശ്രമിച്ചു. സാറിൻ്റെ ഏറ്റവും ഇളയ സഹോദരിയടക്കം കുലീന മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളടക്കം കുഞ്ഞ് സാറിൻ്റെ ഉത്തരവാദിത്തത്തിൽ നൃത്തം പഠിക്കാനെത്തിയത് അക്കാലത്തൊരു സാമൂഹ്യവിപ്ലവം തന്നെയായിരുന്നു.

നാടകത്തെക്കുറിച്ച് നല്ല അറിവും അവബോധവുമുണ്ടായിരുന്ന എ.ഇബ്രാഹിം കുഞ്ഞ് സാറായിരുന്നു സ്റ്റാർ തിയേറ്റേഴ്സിൻ്റെ എല്ലാ - പ്രൊഫഷണൽ - അമച്ച്വർ നാടകങ്ങളുടെയും സംവിധായകൻ. കുട്ടികൾക്കായി കൊച്ചു കൊച്ചു നാടകങ്ങൾ ഇബ്രാഹിം കുഞ്ഞ് സാർ രചിക്കുകയും ചെയ്തിരുന്നു. കാക്കാരിശ്ശി നാടകം, കമ്പടികളി പോലുള്ള നാടൻ കലാരൂപങ്ങളെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു.

കന്നുകാലി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തട്ടത്തുമലയിൽ ഒരു ക്ഷിരോല്പാദക സഹകരണസംഘം രൂപീകരിക്കുന്നതിനും അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു.

സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിനും എത്രയോ മുമ്പുതന്നെ കെ.എം ലൈബ്രറിയിൽ സാക്ഷരതാ പ്രവർത്തനം തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും അക്ഷരജ്ഞാനമില്ലാത്ത കർഷകരെയും കർഷകത്തൊഴിലാളികളെയും ഇബ്രാഹിം കുഞ്ഞ് സാർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പകൽ കുട്ടികളെയും രാത്രി മുതിർന്നവരെയും അക്ഷരമുറപ്പിക്കുന്ന ഇബ്രാഹിം കുഞ്ഞ് സാർ നാട്ടുകാർക്ക് ഏറ്റവും ആദരണീയനായ മാതൃകാ ഗുരുനാഥനായി.

ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും സി.പി.എം അനുഭാവ അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്നെങ്കിലും സി.പി.ഐ എമ്മിൻ്റെ പാർട്ടി അംഗമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായ സാമൂഹ്യ ബന്ധമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കൈമുതൽ. ജീവിതത്തിലുടനീളം ഉയർന്ന  മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ഇബ്രാഹിം കുഞ്ഞ് സാർ ജാതി മത - കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹാദങ്ങൾ നേടിയ, സർവ്വാദരണീയനായ, സ്നേഹനിധിയായ ഗുരുനാഥനായിരുന്നു. എക്കാലത്തും തട്ടത്തുമലയുടെ ഒരു സ്വകാര്യ അഭിമാനമായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാർ. അതിരുകളില്ലാത്ത സ്നേഹവും കരുണാർദ്രമാമായ ഒരു ഹൃദയവും കൊണ്ട്, സമാധാനത്തിൻ്റെ സദാദൂതനായി വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റം കൊണ്ടും ഏറ്റവും ഇളം തലമുറയോടു പോലുമുള്ള ബഹുമാനം കൊണ്ടും സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു എ ഇബ്രാഹിം കുഞ്ഞ് സാർ.

ലളിതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം കുടുംബത്തിലും ലളിത ജീവിതമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. പ്രൈമറി സ്കൂൾ അദ്ധ്യാപകൻ എന്ന ഒരു സർക്കാർ ഉദ്യോഗത്തിൻ്റെ പിൻബലമുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി അദ്ദേഹം സുരക്ഷിതനായിരുന്നില്ല. കാരണം സാമൂഹ്യ സേവനത്തിൻ്റെ മാർഗ്ഗേ വരവിൽ കവിഞ്ഞ ചെലവുണ്ടായിരുന്നത് കുടുംബ ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക  പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. തട്ടത്തുമലയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന എ ഇബ്രാഹിം കുഞ്ഞ് സാറിന് പക്ഷെ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാട മോ തട്ടത്തുമലയിലോ മറ്റെവിടെയെങ്കിലുമോ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന പരാജയം ബാക്കി നിന്നിരുന്നു. ഏറേ കാലം വട്ടപ്പാറയിലുള്ള ഒരു കൊച്ചു മൺപുരയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സ്വന്തമായൊരു കൊച്ചുവീടെന്ന സങ്കല്പം ബാക്കിനിൽക്കെയാണ് എൺപത്തിയേഴാം വയസ്സിൽ അദ്ദേഹം ഇനിയൊന്നും സ്വപ്നം കാണാൻ കഴിയാത്ത നിന്നും നിശബ്ദതയിലേക്ക്,  ഇനിയുണരുകാകാത്ത നീണ്ട നിദ്രയിലേക്ക് വിലയം പ്രാപിച്ചത്. ഇത് ഞാൻ പറയാൻ കാരണം  സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെ സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കുമെന്ന പോലെ ഇബ്രാഹിം കുഞ്ഞ് സാറിനും സ്വന്തം കുടുംബത്തിൻ്റെ അഭിവൃദ്ധി ബാക്കി വച്ച ഒരു സ്വപ്നമാക്കി യാത്രയാകാനേ കഴിഞ്ഞുള്ളു. ആ ഒരു ന്യൂനത ഒഴിച്ചാൽ എ ഇബ്രാഹിം കുഞ്ഞ് സാറിന്റെ  കുഞ്ഞ് ജന്മം  സാർത്ഥകമായിരുന്നുവെന്ന് വിശ്വസിക്കുവാനാണ് ഞാനടക്കം ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കുടുംബത്തിനിഷ്ടം.

ശിഷ്യ തലമുറകൾക്ക് അതുല്യനും സർവ്വാദരണീയനുമായ നല്ല ഗുരുനാഥനായിരുന്നു സ്നേഹനിധിയായ ഇബ്രാഹിം കുഞ്ഞ് സാർ. കമ്മ്യൂണിസ്റ്റുകാർക്ക് അദ്ദേഹം ആദർശനിഷ്ഠയുള്ള ഒരു കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. കുടുംബത്തിന് ഒരു നല്ല കുടുംബനാഥനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ഭാര്യയയ്ക്ക് നല്ല ഭർത്താവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. മക്കൾക്ക് സ്നേഹനിധിയായ ഒരു പിതാവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ചെറുമക്കൾക്ക് വാത്സല്യത്തിൻ്റെ നിറകുടമായൊരു കളിക്കൂട്ടുകാരനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. നാട്ടുകാർക്ക് സർവ്വാദരണീയമായ ഒരു സാമൂഹ്യ സേവകനും മാതൃകാദ്ധ്യാപകനുമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. പതിറ്റാണ്ടുകൾക്കു മുന്നേ അഭ്യസ്തവിദ്യരുടെ നടെന്നൊരു ഖ്യാതി നേടിക്കൊടുക്കുന്നതിൽ, തട്ടത്തുമലയുടെ അനുക്രമമായ വികസനമുന്നേറ്റങ്ങളിൽ  ഇബ്രാഹിം കുഞ്ഞ് സാറിനൊപ്പം നിന്ന തട്ടത്തുമലയിലെ മറ്റ്  നിരവധി മഹാരഥന്മാരെ കൂടി ചേർത്തു നിർത്തി,  എ.ഇബ്രാഹിം കുഞ്ഞ് സാറിനെ സ്മരിക്കുന്നതോടൊപ്പം അവരെയെല്ലാവരെയും സ്മരിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നു.

ഇബ്രാഹിം കുഞ്ഞ് സാറിന്റെ സമകാലികരും അദ്ദേഹത്തെ പോലെയോ അതിൽ ഏറിയോ കുറഞ്ഞോ  തട്ടത്തുമലയിൽ സാമൂഹ്യസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. അവരുടെയൊന്നും പേരുകൾ ഇവിടെ പരാമർശിക്കാതെ പോയത് ഓർക്കാഞ്ഞിട്ടല്ല. ഏതെങ്കിലും പേരുകൾ വിട്ടുപോയാൽ അത് ഒരു അനുചിതമാകും എന്നതുകൊണ്ടാണ്. അവരെയെല്ലാവരെയും ഇത്തരുണത്തിൽ ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഓർമ്മകൾക്കൊപ്പം ഞാൻ ചേർത്തുനിർത്തുകയാണ്. ഇബ്രാഹിം കുഞ്ഞ് സാറിന് മുമ്പും പിമ്പും മണ്മറഞ്ഞ തട്ടത്തുമലയിലെ എല്ലാ പൊതുപ്രവർത്തകരെയും ഞാൻ സ്മരിക്കുന്നു.