തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label അപകടം. Show all posts
Showing posts with label അപകടം. Show all posts

Sunday, October 7, 2012

2012 ഒക്ടോബർ വാർത്തകൾ


കാറിടിച്ച് മരിച്ചു

തട്ടത്തുമല, 2012 ഒക്ടോബർ 13: രാവിലെ തട്ടത്തുമല പാൽ സൊസൈറ്റിയിൽ പതിവുപോലെ പാലുവാങ്ങാൻ പോയ  സോമൻ  ( ചെറുന്നി സോമയണ്ണൻ) പാൽ സൊസൈറ്റിയ്ക്കടുത്ത് എം.സി റോഡിൽ വച്ച് കാർ ഇടിച്ച് തൽക്ഷണം മരണപ്പെട്ടു. പോസ്റ്റ് മാർട്ടം കഴിഞ്ഞ് രാത്രി വീട്ടുവളപ്പിൽ സംസ്കാരം നടന്നു.


വാഹന അപകടം

തട്ടത്തുമല, 2012 ഒക്ടോബർ 6: തട്ടത്തുമലയ്ക്കും കിളിമാനൂരിനും ഇടയ്ക്ക് കുറവൻകുഴിയിൽ മാരുതി കാറിൽ ടിപ്പർ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മൂന്നു പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. അഞ്ചൽ ഭാരതീപുരം ഭാഗത്തുള്ളവരാണ്  അപകടത്തിൽ പെട്ട് മരണമടഞ്ഞത്. ഇടിയിൽ കാർ നിശേഷം ഞെരിഞ്ഞുതകർന്നു. ഫയർഫോക്സും നാട്ടുകാരും ചേർന്നാണ് കാറിനുള്ളിൽ ഞെരിഞ്ഞമർന്നിരുന്ന മൃതുദേഹങ്ങൾ പുറത്തെടുത്തത്. ഇത് സംബന്ധിച്ച്  മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയും ചിത്രവും ചുവടെ കൊടുക്കുന്നു.

മലയാള മനോരമ വാർത്ത: 

കിളിമാനൂർ: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. അഞ്ചല്‍ മാറവങ്കര ഭാരതീപുരം സ്വദേശികളായ ഭദ്രന്‍(51), ഭാര്യാമാതാവ് ഭവാനി(60), ഭാര്യാ സഹോദരി ജയപ്രദ(40) മകള്‍ ശ്രീക്കുട്ടി(20) എന്നിവരാണ് മരിച്ചത്.

കിളിമാനൂരിന് സമീപം കുറവന്‍കുഴിയില്‍ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ടിപ്പര്‍ കാറില്‍ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും ടിപ്പറിന്റെ അടിയില്‍ പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേര്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴിയാണ് മരിച്ചത്. 

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ മണിക്കുട്ടനെന്ന സോമരാജനെ നാട്ടുകാര്‍ പിടികൂടി. ടിപ്പറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. 
















Thursday, September 6, 2012

തട്ടത്തുമലയിൽ ബമ്പ് നിർമ്മിക്കണം


തട്ടത്തുമല ജംഗ്ഷനിൽ ബമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമർപ്പിക്കുന്ന അപേക്ഷ

നിവേദനം

വിഷയം: തിരുവനന്തപുരം ജില്ലയിൽ  തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു സമീപം   എം.സി റോഡിൽ  തട്ടത്തുമല ജംഗ്ഷനിൽ   ബമ്പ്  സ്ഥാപിക്കണമെന്ന അപേക്ഷ.

ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞ്  സമക്ഷത്തിലേയ്ക്ക്, 

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകിഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ തട്ടത്തുമല നിവാസികൾ  സമർപ്പിക്കുന്ന അപേക്ഷ;

സർ, 

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ബ്ലോക്കിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് എം.സി റോഡിൽ  തട്ടത്തുമല ജംഗ്ഷൻ. ഈ  ജംഗ്ഷനോട് ചേർന്നാണ് തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് ഒന്നാം സ്റ്റാൻഡാർഡ് മുതൽ പത്താം സ്റ്റാൻഡാർഡ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണ് ഇത്. ഈ പ്രദേശത്ത് വേറേയും സ്വകാര്യ സ്കൂളുകളും  പാരലൽ കോളേജുകളും മറ്റു പല സക്കാർ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും    മറ്റും ഉള്ളതാണ്. ഇത്  പൊതുവേ ജനത്തിരക്കും ഗതാഗതത്തിരക്കും ഉള്ള സ്ഥലമാണ്. എം.സി.റോഡ് കടന്നുപോകുന്ന   ഈ ജംഗ്ഷനിൽ സദാ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടെക്കൂടെ വാഹന അപകടങ്ങൾ ഉണ്ടാകുന്നതിനാൽ പൊതുവേ ഈ സ്ഥലം അപകടമേഖലയായാണ് അറിയപ്പെടുന്നത്.  കെ.എസ്.ടി.പി റോഡ് വികസനം വന്നതോടുകൂടി മുമ്പത്തേക്കാൾ വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ കടന്നുപോകുന്നത്. പ്രത്യേകിച്ചും സ്കൂൾ സമയം തുടങ്ങുകയും  സ്കൂൾ വിടുകയും ചെയ്യുന്ന സമയങ്ങളിൽ കുട്ടികളുടെ തിരക്കുകൂടിയാകുമ്പോൾ റോഡപകടങ്ങൾക്കുള്ള സാദ്ധ്യത കൂടുന്നു. കുട്ടികൾക്കും മുതിർന്നവർക്കു തന്നെയും റോഡ് മുറിച്ചു കടക്കുവാൻ   നന്നേ പ്രയാസം അനുഭവപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾക്കും  അവരുടെ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കൂം നാട്ടുകാർക്കും   ഇക്കാര്യത്തിൽ ഒരുപോലെ  വലിയ ഉൽക്കണ്ഠയുണ്ട്.സ്കൂൾ തുടങ്ങുന്ന സമയത്തോ സ്കൂൾ വിടുന്ന സമയത്തോ പോലും റോഡിലെ  ഗതാഗതം നിയന്ത്രിക്കാനോ   സ്കൂൾ കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സാഹായിക്കുവാനോ  പോലീസോ മറ്റ് സംവിധാനങ്ങളോ ഇവിടെ നിലവിൽ ഇല്ല. അത്യന്തം ഗൗരവമർഹിക്കുന്ന ഈയൊരു സാഹചര്യം കണക്കിലെടുത്ത്   തട്ടത്തുമല ജംഗ്ഷനിൽ ഏതു സമയത്തും സംഭവിക്കാവുന്ന വാഹനാപകടങ്ങളെ ഒഴിവാക്കുവാൻ സഹായിക്കുംവിധം ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ ഈ വിഷയത്തിന്  ഒരു പരിഹാരമായി    തട്ടത്തുമല ജംഗ്ഷനിൽ രണ്ട് ബമ്പുകൾ സ്ഥാപിച്ച് വഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് ആയത് കഴിവതും വേഗം നടപ്പിലാക്കണമെന്ന് നാട്ടുകാരും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് അധികൃതരും കുട്ടികളും ഉൾപ്പെടെയുള്ളവർ   ഈ നിവേദനത്തിലൂടെ  വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ  ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അടിയന്തിരമായ ഇടപെടലും സത്വര നടപടികളും പ്രതീക്ഷിച്ചുകൊണ്ട് ഈ ഈ നിവേദനം വിനീതമായും  പ്രതിക്ഷാപൂർവ്വവും സമർപ്പിച്ചുകൊള്ളുന്നു. നാടിന്റെ പൊതു താല്പര്യം മുൻ‌നിർത്തി  തട്ടത്തുമല ജംഗ്ഷനിൽ  കഴികതും വേഗം രണ്ട് ബമ്പുകൾ സ്ഥാപിക്കണമെന്ന് ഇതിനാൽ  വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

എന്ന് വിശ്വാസപൂർവ്വം
നാട്ടുകാർ
തട്ടത്തുമല,
6-9-2012

Saturday, December 24, 2011

വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു


വാഹനാപകടം:
യുവാവും യുവതിയും മരണപ്പെട്ടു

തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.