തട്ടത്തുമല നാട്ടുവർത്തമാനം

Friday, July 25, 2014

ശ്രീധരയണ്ണൻ മരണപ്പെട്ടു



ശ്രീധരയണ്ണൻ മരണപ്പെട്ടു

തട്ടത്തുമല, 2014 ജൂലായ് 24: തട്ടത്തുമല മറവക്കുഴി ചരുവിള വീട്ടിൽ ശ്രീധരൻ (85)  മരണപ്പെട്ടു. കുറച്ചു നാളായി കിടപ്പിലായിരുന്നു. മക്കൾ വിജയ, ഷീല, ശ്യാമള. മരുമക്കൾ: ഗിരിദാസ്, സുജീന്ദ്രൻ, സന്തോഷ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

അവസാന കാലം വരെ സ്വന്തമായി ജോലി ചെയ്ത് ജീവിച്ചിരുന്ന ശ്രീധരയണ്ണൻ തട്ടത്തുമലക്കാർക്ക് വളരെ സുപരിചിതനായിരുന്നു. തട്ടത്തുമല ജംഗ്ഷനിലെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കോരിക്കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം തൊഴിൽ.  ഇവിടെ വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു കുട്ടൻ പിള്ളയും ഒരു അച്യുതൻ പിള്ളയും ഉണ്ടായിരുന്നു. കടകളിൽ വെള്ളമെത്തിക്കലായിരുന്നു അവരുടെ പണി. അവർക്കു ശേഷമാണ് ശ്രീധരയണ്ണൻ ഈ തൊഴിലിലേയ്ക്ക് വരുന്നത്.

തട്ടത്തുമല ജംഗ്ഷനിൽ ഇറങ്ങുന്ന എല്ലാവരും എല്ലാ ദിവസവും കാണുന്ന ഒരു മനുഷ്യനായിരുന്നു നാട്ടുകാരുടെ സ്വന്തം ശ്രീധരയണ്ണൻ.  ആർക്കും ഒരു ഉപദ്രവവുമില്ലാത്ത നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ. തട്ടത്തുമല ജംഗ്ഷനിലുള്ള തയ്ക്കാവിലെ കിണറ്റിൽ നിന്നും വെള്ളം കോരി ഒരു അലൂമിനിയം കലത്തിൽ  തലയിൽ  ചുമന്ന് വളരെ നിശബ്ദമായി അദ്ദേഹം തട്ടത്തുമല ജംഗ്ഷനിലൂടെ   നടന്നു പോകുന്ന കാഴ്ച ഈ നാട്ടുകാർക്ക്  അത്ര‌വേഗം മറക്കാനാവില്ല. അദ്ദേഹത്തിന് സ്വന്തമായി ഐ.ഡി കാർഡോ ആധാറോ മറ്റ് ജീവിത രേഖകളോ ഒന്നുമുണ്ടായിരുന്നില്ല. അതൊന്നും എടുക്കാൻ മിനക്കെടുമായിരുന്നി‌ല്ല.  പലരും പെൻഷനോ മറ്റോ വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതും അതുകൊണ്ടാണ്.

എല്ലാവരോടും നിഷ്കളങ്കമായ സ്നേഹം മാത്രമാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ളതെന്ന് എല്ലാവർക്കും അറിയാം. പരിചയമുള്ള ആരെ കണ്ടാലും എന്തെങ്കിലും കുശലം പറയാതെയുമിരിക്കില്ല. ചിലരോടൊക്കെ പ്രത്യേക വാത്സല്യവുമാണ്.  ഇത്തരം പ്രത്യേക സ്വഭാവങ്ങളോടു കൂടിയ  നിരക്ഷരരും നിർദോഷികളുമായ എത്രയോ പേർ ഓരോ നാടുകളിലുമുണ്ടാകും.  സമൂഹത്തിലെ കാപട്യങ്ങളൊന്നുമറിയാതെ, അവർ അവരുടെ ജിവിത കാലത്തെ ഇങ്ങനെയെല്ലാം അടയാളപ്പെടുത്തി ഇതുപോലെ കടന്നു പോകും.ഞങ്ങളുടെ പ്രിയ ശ്രീധരയണ്ണന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!