സ. സദാശിവയണ്ണന് ആദരാഞ്‌ജലികൾ
 |
സ.പി.സദാശിവൻ |
തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച് മര്യാദയുള്ളൊരു മാറാപ്പുമായി
കാറ്റുകൊള്ളാൻ ഉടുപ്പിന്റെ കോളർ ഇടയ്ക്കിടെ ഉയർത്തി വച്ച് ചെറു പുഞ്ചിരി
തൂകി സൗമ്യനായി പതുക്കെ നടന്നു വരുന്ന ആ ആൾരൂപം ഇനി ഓർമ്മ മാത്രം!
ഇഷ്ടമില്ലാത്തത് കേൾക്കുമ്പോൾ സ്ഥിരം ശൈലിയിൽ "ആ താളമൊന്നും വേണ്ടെന്ന്"
സൗമ്യനായി നമ്മോട് പറയാൻ ഇനി നമുക്ക് ആരാണുള്ളത്? തട്ടത്തുമലയിലെ പഴയ
തലമുറയിലെ ഒരു പൊതു പ്രവർത്തകൻ കൂടി ലോകത്തോട് വിട പറഞ്ഞു. സ.
സദാശിവയണ്ണന്റെ മരണം ഇന്ന് പുലർച്ചെ കടയ്ക്കൽ ഗവ. ആശുപത്രിയിൽ
വച്ചായിരുന്നു. പിലിയൻ സദാശിവൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തട്ടത്തുമല
പറണ്ടക്കുഴി നിവാസിയായിരുന്നു. സാമൂഹ്യ നിരീക്ഷകരിൽ കൗതുകമുണർത്തുന്ന
വേറിട്ടൊരു വ്യക്തിത്വത്തിനുടമയായിരുന്നു നാട്ടുകാർക്ക് ഏറെ സുപരിചിതനും
പ്രിയങ്കരനുമായിരുന്ന സ. സദാശിവയണ്ണൻ. നിലമേൽ എം എം എച്ച് എസ് എസിലെ
നൈറ്റ് വാച്ചറായിരുന്ന അദ്ദേഹം സർവ്വീസിൽ നിന്നും പിരിഞ്ഞ ശേഷവും
പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നു.
 |
അനുശോചനയോഗത്തിൽ വിജയൻ സാർ |
സ്കൂൾ പഠന കാലത്ത് സ്റ്റുഡെന്റ്സ് ഫെഡറേഷൻ
പ്രവർത്തകനായിരുന്ന അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും
പിളർപ്പിനു ശേഷം സി.പി.ഐ എമ്മിന്റെയും സജീവ പ്രവർത്തകനായി.
തട്ടത്തുമല-പറണ്ടക്കുഴി മേഖലകളിൽ സി.പി.ഐ.എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ
മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച സഖാവ് സദാശിവൻ ആദ്യകലത്ത് പാർട്ടിയുടെ
തട്ടത്തുമല ബ്രാഞ്ച് മെമ്പറായിരുന്നു. പിന്നീട് പറണ്ടക്കുഴി ബ്രാഞ്ച്
രൂപീകരിച്ചപ്പോൾ ആ ബ്രാഞ്ചിലേയ്ക്ക് മാറി. നിലപാടുകളിൽ
കർക്കശക്കാരനായിരുന്ന അദ്ദേഹം പാർട്ടി നേതാക്കൾക്കും സാധാരണ
പ്രവർത്തകർക്കും മാർഗ്ഗ ദർശിയായിരുന്നു. നിലപാടുകളിലെ കാർക്കശ്യം പലപ്പോഴും
പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തെ ഒരു കലാപകാരിയാക്കിയിരുന്നു.
പൊതുക്കാര്യങ്ങളിൽ തനിക്ക് ശരിയെന്ന് തോന്നുന നിലപാടുകൾ സ്വീകരിക്കുനതിൽ
പലപ്പോഴും രാഷ്ട്രീയ വിശ്വാസം പോലും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല.
വെറുമൊരു രാഷ്ട്രീയജീവി എന്നതിലപുറം നാട്ടുകാർക്കിടയിൽ പൊതുവെ ആദരണീയമായ
ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
 |
അനുശോചനയോഗത്തിൽ കെ ജി ബിജു |
രാഷ്ട്രീയ പ്രവർത്തനം ഇന്നത്തെ
പോലെ സമാധാനപൂർണ്ണമല്ലാതിരുന്ന കാലത്തെ രാഷ്ട്രീയ പരിരിമുറുക്കങ്ങൾക്കും
സംഘർഷാത്മകമായ രാഷ്ട്രീയാന്തരീക്ഷങ്ങൾക്കുമിടയിൽ പാർട്ടി പ്രവർത്തകർക്ക്
ആത്മ വിശ്വാസം പകരാൻ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉപകരിച്ചു. ജാതിമത
ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായ വിപുലമായ സുഹൃദ് ബന്ധങ്ങൾ
അദ്ദേഹത്തിനുണ്ടായിരുന്നു. പല രാഷ്ട്രീയ സംഘർഷങ്ങൾക്കും അയവു വരുത്തുവാൻ
സദാശിവയണ്ണന്റെ രാഷ്ട്രീയത്തിനതീതമായ ഈ സഹൃദങ്ങൾ ഉപകരിച്ചിരുന്നു. തന്റെ
രാഷ്ട്രീയ വിശ്വാസം വ്യക്തി ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന
അദ്ദേഹം ഉയർന്ന മാനവിക മൂല്യങ്ങൾ പുലർത്തിയിരുന്നു. സമൂഹത്തിൽ ഒരു
കാരണവരുടെ സ്ഥാനമായിരുന്നു സദാശിവയണ്ണന്. തൂവെള്ള വസ്ത്രം ധരിച്ച്
മര്യാദയുള്ളൊരു മാറാപ്പുമായി ദേഹത്ത് കാറ്റു കിട്ടാൻ ഇടയ്ക്കിടെ
ഷർട്ടിന്റെ കോളർ ഉയർത്തി വച്ച് ചെറു പുഞ്ചിരിയോടെ ആളുകളോട് കുശലം പറഞ്ഞു
നിൽക്കുന്ന ആ ആൾ രൂപം തട്ടത്തുമലക്കാർക്ക് അത്രവേഗം മറക്കാനാവില്ല.

തികഞ്ഞ
സഹൃദയനായിരുന്ന അദ്ദേഹം ആരോഗ്യമുള്ള കാലത്തോളം നാട്ടിലെ
ഉത്സവസ്ഥലങ്ങളിലും പൊതുയോഗ സ്ഥലങ്ങളിലും ഉൾപ്പെടെ എവിടെയും സജീവ
സാന്നിദ്ധ്യമായിരുന്നു.കല്യാണ വീടുകളിലും മരണ വീടുകളിലും മറ്റ്
വിശേഷങ്ങളിലുമെല്ലാം അദ്ദേഹം ഒരു മേൽ നോട്ടക്കാരനെപോലെ
സന്നിഹിതനാകുമായിരുന്നു. പാർട്ടി കമ്മിറ്റികളിലും പൊതൊയോഗസ്ഥലങ്ങളിലും
ഒരു തുണ്ടു കടലാസ്സും പേനയുമായി കുറിപ്പെഴുതുന്ന ശീലം അദ്ദേഹത്തിന്റെ ഒരു
പ്രത്യേകതയായിരുന്നു. ചർച്ചകളിലൊക്കെ പങ്കെടുക്കുമ്പോൾ അദ്ദേഹം പറയുന്ന " ആ
താളമൊന്നും വേണ്ട" എന്ന സ്ഥിരം ശൈലി എല്ലാവരിലും
കൗതുകമുണർത്തുന്നതായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ
സ്വന്തം കോളർ ഒന്നുയർത്തി പിടിച്ചിട്ട് ആരുടെ മുഖത്തു നോക്കിയും " ആ
താളമൊന്നും വേണ്ടെന്ന്" പറയാൻ അദ്ദേഹം മടിച്ചിരുന്നില്ല. നേതാക്കളോടായാലും!
തമാശകളിൽ പോലും ഗൗരവം പുലർത്തിയിരുന്ന അദ്ദേഹം പൊതുവേ അക്ഷോഭ്യനും
സൗമ്യനുമായിരുന്നു.

വീടിനോട് ചേർന്നുള്ള സ്വന്തം കടമുറിയിൽ പാർട്ടിയുടെ പഴയ
ബോർഡുകളുടെയും കൊടി തോരണങ്ങളുടെയും കസ്റ്റോഡിയനായി കഴിഞ്ഞിരുന്ന അദ്ദേഹം
കടവരാന്തയിലെ ബഞ്ചിൽ വിശ്രമിക്കുമ്പോൾ പോലും നാട്ടുകാരുമായി കുശലങ്ങളുമായി
കഴിഞ്ഞിരുന്നു. രോഗാവസ്ഥയിലാകും മുമ്പ് തട്ടത്തുമല ജംഗ്ഷനിലെ ഒരു നിത്യ
സാന്നിദ്ധ്യമായിരുന്നു സദാശിവയണ്ണൻ. പ്രത്യേകിച്ചും റിട്ടയർമെന്റിനു
ശേഷം..ഒരാളുടെ വേർപാട് പുർണ്ണാർത്ഥത്തിൽ മറ്റൊരാളെക്കൊണ്ട്
പരിഹരിക്കനാകില്ല. ആ സ്പെയ്സ് എക്കാലത്തും ഒഴിഞ്ഞു തന്നെ കിടക്കും. ആ
നിലയിൽ സദാശിവയണന്റെ വേർപാട് നികത്താനാക്കാത്ത ഒരു വിടവ് തന്നെയാണ്.
സഹജീവികളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെട്ടും വിപുലമായ സ്നേഹ ബന്ധങ്ങൾ
സൃഷ്ടിച്ചും സാമൂഹ്യ പ്രതിപത്തതയോടെ ജീവിച്ച് താൻ ജീവിക്കുന്ന
ചെറുസമൂഹത്തിന്റെ ചരിത്രത്തിൽ സ്വന്തം ജീവിതം അടയാളപ്പെടുത്തിയ
സദാശിവയണ്ണന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും
ദു:ഖത്തിൽ പങ്ക് ചേർന്നുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്‌ജലികൾ
അർപ്പിക്കുന്നു.