തട്ടത്തുമല നാട്ടുവർത്തമാനം

Friday, June 5, 2009

പുകവലി

പുകവലി


പുകവലി തലമുറകളിൽ നിന്നും തലമുറകളിലേക്കു വ്യാപരിക്കുന്ന ഒരു ദു:ശീലമാണ്.

മനുഷ്യന്റെ മിക്കവാറും എല്ലാ ശീലങ്ങളും ദു:ശീലങ്ങളും തലമുറകാളിൽനിന്നും തലമുറകളിലേയ്ക്കു വ്യപരിയ്ക്കുന്നതാണ്. ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാലം അനിവാര്യമാക്കുന്ന പല മാറ്റങ്ങളും കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെ കാലത്തിനനുസരിച്ച് മാറിവരുന്ന കാര്യങ്ങളും പിന്നീട് അനുകരണത്തിനു വിധേയമാകും. മുതിർന്നവരെ അനുകരിക്കുന്നത് കുട്ടികളുടെ ശീലമാണല്ലോ!

കുട്ടികൾ മാത്രമല്ല, മുതിർന്നവരും ചുറ്റിലും കാണുന്നതും കേൾക്കുന്നതും അറിയുന്നതുമൊക്കെ അനുകരിച്ചെന്നിരിക്കും. നല്ലതും ചീത്തയും അനുകരിക്കപ്പെടാം. ഒരു വശത്ത് അനുകരണം നല്ലതാണ്. അത് അനിവാര്യവുമാണ്. മനുഷ്യന്റെ മാത്രമല്ല, സമസ്ത ജീവജാലങ്ങളുടേയും നിലനില്പിനും പിന്തുടർച്ചയ്ക്കും അനുകരണം ഒഴിച്ചു കുടാനാകാത്തതാണ്. എന്നാൽ അനുകരിച്ചുകുടാത്ത കാര്യങ്ങളും അനുകരിക്കപ്പെടുന്നു വെന്നുള്ളതാണ് ഇതിന്റെ മറുവശം.

അങ്ങനെ അനുകരിക്കാൻ പാടില്ലാത്തതും എന്നാൽ നല്ലൊരു പങ്ക്‌ ആളുകളും അറിഞ്ഞും അറിയാതെയും അനുകരിച്ചു പോരുന്നതുമായ പ്രവ്യത്തികളാണ് ലഹരി വസ്തുക്കളുടെ ഉപയോഗം; പുകവലി ഉൾപ്പെടെ! ഇതാകട്ടെ ഇതിന്റെ അപകടങ്ങൾ അറിഞ്ഞുകൊണ്ടു തന്നെയാണ് നല്ലൊരു പങ്ക്‌ ആളുകളും അനുകരിക്കുന്നതെന്നതാണ് ഒരു പ്രത്യേകത.

യുക്തിബോധമുള്ള മനുഷ്യരും യുക്തിബോധമില്ലാത്ത മനുഷ്യരും അയുക്തികമായ ഈ പ്രവ്യത്തി-പുകവലി- നടത്തുന്നു വെന്നതാണ് സത്യം. പണ്ഡിതനും പാമരനും,ദരിദ്രനും സമ്പന്നനും,സാക്ഷരനും നിരക്ഷരനും,സ്ത്രീയും പുരുഷനും ഒക്കെ ഈ ദു:ഷ്പ്രവ്യത്തി ചെയ്യുകയാണ്! വിദ്യാസമ്പന്നനും പള്ളിക്കൂടം കണ്ടിട്ടില്ലാത്തവനും ഒരു പോലെ ഈ മണ്ടത്തരം കാണിക്കുകയാണ്. ആരോഗ്യരക്ഷാപ്രവർത്തകരായ ഡോക്ടർമാരിലും നല്ലൊരു പങ്ക് പുകവലിച്ച് രസിക്കുകയാണ്. വേലി തന്നെ വിളവു തിന്നുന്നതുപോലെ!

ചൊട്ടയിലെ ശീലം ചുടലവരെ

സാധാരണ കുട്ടികളായിരിക്കുമ്പോൾ തന്നെ പുകവലി ഭ്രമം ആരംഭിക്കുകയാണ്. കാരണം മുതിർന്നവർ ആസ്വദിച്ചു പുകവലിക്കുന്നത് കാണുന്ന കുട്ടികൾ അത് അനുകരിക്കാൻ ശ്രമിക്കുന്നു.ആദ്യമാദ്യം മുതിർന്നവരുടെ പുകച്ചുരുട്ടുകൾ കട്ടെടുത്ത് രുചിച്ചുനോക്കും. പിന്നെ കുട്ടുകാരോടൊപ്പം ചേർന്ന് പരീക്ഷിക്കും. കൌമാരദശായിലാണ് ശരിക്കും പുകവലിയോടൊരു കുതൂഹലം തോന്നിത്തുടങ്ങാൻ കൂടുൽ സാദ്ധ്യത. പ്രത്യേകിച്ചും ആൺകുട്ടികളിൽ.

പുകവലിച്ചാലേ പുരുഷനാകൂ എന്നൊരു തെറ്റിദ്ധാരണ കൌമാരത്തിലേ പിടികുടുന്നുണ്ട്‌. അതാണ് ഒരു പ്രേരണ. പുകവലിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയിട്ടായാലും കുട്ടികൾ പുകവലി തുടങ്ങും. കാരണം ആണുങ്ങളാ‍കണ്ടേ? മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി പുകവലിക്കുന്നവരും ഉണ്ട്.കാരണം ഞങ്ങളും അതിന് ‘ആളായി’രിക്കുന്നുവെന്ന പ്രഖ്യാപനം!

പറഞ്ഞു വരുന്നത് ഒരു പ്രധാനകാര്യമാണ്. കുട്ടികൾ പുകവലിച്ചു തുടങ്ങാൻ കാരണം, പുകവലിയുടെ എല്ലാ ദൂഷ്യങ്ങളും അറിഞ്ഞുകൊണ്ടു തന്നെ അത് വലിച്ചുവിടുന്ന മുതിർന്നവരാണ്. മുതിർന്നവരിൽ നിന്നു കണ്ട് അവരെ അനുകരിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ എഴുതി വച്ചിട്ടുള്ളത് വായിച്ചിട്ടു തന്നെയാണ് ഈ അയുക്തിക പ്രവ്യത്തി ചെയ്യുന്നത്.

അതുകൊണ്ട് തലമുറകളിലൂടെയുള്ള പുകവലിയുടെ ഈ വ്യാപനം തടയാൻ ഏറ്റവും പുതിയതലമുറയ്ക്ക് മാത്രമേ കഴിയൂ. ഇപ്പോൾ ജീവിച്ചിരിക്കുന്ന മുതിർന്നവരുടെ തലമുറ സ്വയം നിയന്ത്രിച്ച് മാതൃക കാട്ടുന്നതിലൂടെ മാത്രമേ പുകവലി അടുത്തതലമുറയിലേക്കു വ്യാപിക്കുന്നത് നിയന്ത്രണ വിധേയമാവുകയുള്ളു. ഒരു തലമുറ അടുത്ത തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് പുകവലി എന്ന ദു:ശീലം പകർത്തിക്കൊടുക്കുന്നു എന്നുള്ളത്.

പുകവലി ആരോഗ്യത്തിനു ഹാനികരം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഇതിനകം സംശയങ്ങൾക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.എന്നിട്ടും ആളുകൾ പുകവലിക്കുന്നു. ഇത് ഒരു ശീലമല്ല; സാക്ഷാൽ ദു:ശീലമാണ്. ഇഞ്ചിഞ്ചായി ആത്മഹത്യ ചെയ്യുന്ന അപക്വമായ പ്രവ്യത്തി!

പുകയിലയിൽ ആയിരത്തോളം രാസപദാർതഥങ്ങൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ,കാർബൺ മോണോകൈസ്ഡ്, ടാർ എന്നിവയാണ് അവയിൽ പ്രധാനം. ഏറ്റവും മാരകമായിട്ടുള്ള പദാർത്ഥങ്ങളാണ് അവ. നാഡികളെ താൽക്കലികമായി ഉത്തേജിപ്പിക്കുന്ന നിക്കോട്ടിൻ ക്രമേണ അവയുടെ പ്രവർത്തനത്തെ മന്ദീഭവിക്കുന്നു. ടാർ അർബുദരോഗം വരുത്തും. സ്വരം പരുഷമാക്കിത്തിർക്കും.കാർബൺ മോണോകൈസ്ഡ് രക്തത്തിലെ ഓക്സിജൻ വാഹകശക്തിയെ ഗണ്യമായി കുറയക്കുകയും, രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

രണ്ടായിരത്തിൽ പരം രാസഘടകങ്ങൾ പുകയിലയിൽനിന്നുമാത്രം വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഉണങ്ങിയ പുകയിലയിൽ 89-90 ശതമാനം രാസപദാർത്ഥങ്ങൾ ഉണ്ട്. കാർബോഹൈഡ്രേറ്റുകൾ, നൈട്രോജനിക യൌഗികങ്ങൾ, കാർബണിക-അകാർബണിക അമ്ലങ്ങൾ, പോളിഫിനോളുകൾ, വർണകങ്ങൾ, എണ്ണകൾ,ആൽക്കലോയിടുകൾ, എൻസൈമുകൾ എന്നിവയാണ് പ്രധാനം.

ചെറിയ തോതിൽ മറ്റ് രാസപദാർത്ഥങ്ങളും പുകയിലയിൽ അടങ്ങിയിട്ടുണ്ട്. നിക്കോട്ടിൻ ആണ് പ്രധാന ആൽക്കലോയിഡ്. കൂടാതെ സിഗരട്ടിന്റെ വീര്യം കൂട്ടാനും പുകവലിക്കുന്നവരെ അതിനു കൂടുതൽ അടിമപ്പെടുത്താനും ചില രാസവസ്തുകൾ പ്രത്യേകമായി ചേർക്കന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രുചി, ഗന്ധം, വീര്യം എന്നിവ കൂട്ടാൻ രാ‍സവസ്തുകൾ ഉപയോഗിക്കുന്നു.


പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങൾക്കു അറിവുണ്ടെന്നും, അറിഞ്ഞുകൊണ്ടു തന്നെയാണ് പുകവലിക്കുന്നതെന്നും പറയുന്നുണ്ടെങ്കിലും ശരിക്കും ഇതിന്റെ ദൂഷ്യഫലങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും അറിയില്ലെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. വെറും ഒരു കൌതുകത്തിനോ, ഫാഷനോ വേണ്ടി തുടങ്ങുന്ന പുകവലി പിന്നീട് പലർക്കും നിർത്തനാകാത്ത ദു:ശീലമായി വളരുകയാണ് ചെയ്യുന്നത്. അല്പാലപമായി അത് ആരോഗ്യത്തെ കാർന്നു തിന്നുന്നു. അവസാനം രോഗ ശയ്യയിൽ വീഴുമ്പോൾ മാത്രമാണ് അതു ബോദ്ധ്യമാകുന്നത്.

അപ്പോഴും എല്ലാവർക്കും അത് ബോധ്യമാകുന്നു പറയാനാകില്ല. കാരണം പുകവലി കൊണ്ടാണ് ഒരു രോഗം വന്നതെന്നു പറഞ്ഞാൽ അതേ രോഗം പുകവലിക്കാത്തവർക്കും വരുന്നുണ്ടല്ലോ എന്നു പറഞ്ഞു തർക്കിക്കുന്നവരുണ്ട്. യാ‍തൊരു ദു:ശീലവുമില്ലാതെ നല്ലനല്ല പച്ചക്കറികളും തിന്നു ജീവിക്കുന്ന എത്രയോ പേർക്കു മാരകരോഗങ്ങൾ വന്നു അവർ മരിക്കുന്നു. അതു കൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയവയെ എന്തിനു കുറ്റം പറയുന്നു എന്നു ചോദിക്കുന്നവരുണ്ട്.

എല്ലാത്തരത്തിൽ പെട്ട ആളുകൾക്കും ഏതുതരത്തിൽ പെട്ട രോഗവും വരാം എന്നതുകൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം രോഗമുണ്ടാകുന്നുവെന്ന യാഥാർത്ഥ്യം നിഷേധിക്കാനാകുമോ? മുടന്തൻ ന്യായം പറഞ്ഞ് ആരോഗ്യത്തിനു ഹാനികരമായ ദു:ശീലങ്ങൾ തുടരുന്നത് യുക്തിയാണോ? ഏവരും ചിന്തിക്കേണ്ട കാര്യമാണ്.

എന്തായാലും ഒരു കാര്യം ഉറപ്പ്; പുകവലിക്കുന്നവർ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കും.അതു കൊണ്ട് പുകവലിക്കാരോട് അത് ഒരു തരത്തിലും നിർത്താൻ തയ്യാറല്ലെങ്കിൽ നമുക്കു പറയാവുന്നത് മരിക്കാം മരിക്കാം മരിച്ചുകൊണ്ടേ ഇരിയ്ക്കാം എന്നുമാത്രമാണ്. അല്ലെങ്കിൽ വലിയ്ക്കൂ വലിപ്പിയ്ക്കൂ മരിച്ചുകൊണ്ടേയിരിയ്ക്കൂ എന്നു മാത്രമാണ്!


പുകവലിയും രോഗങ്ങളും


തുടർച്ചയായി പുകവലിക്കുന്നവരിൽ ഉന്മേഷക്കുറവ്, രുചിയില്ലായ്മ തുടങ്ങിയവ ക്രമേണ പ്രത്യക്ഷപ്പെടും. ചായയും സിഗരറ്റും നിരന്തരം ഉപയോഗിച്ച് ഭക്ഷണത്തോട് താല്പര്യം കാണിക്കാത്ത നിരവധി പേരുണ്ട്. ഭക്ഷണം കഴിക്കുന്നതും ചായകുടിക്കുന്നതും എന്തിനു, പച്ചവെള്ളം കുടിക്കുന്നതു പോലും ശേഷം ഒരു സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമായി മാറുകയാണ് പലരിലും.

ദു:ഖം വന്നാൽ പുക, സന്തോഷം വന്നാൽ പുക, ടെൻഷൻ വന്നാൽ പുക, ക്ഷീണം വന്നാൽ പുക, ഉറങ്ങാൻ പുക, ഭക്ഷണം കഴിച്ചാൽ പുക, ചിലർക്കു ഉറങ്ങാതിരിക്കാൻ പുക, ബാത്ത്‌ റൂമിൽ പോകാൻ പുക, കുളിക്കാൻ പുക, കുളി കഴിഞ്ഞാൽ പുക! അങ്ങനെയങ്ങനെ പുകവലിയുടെ പ്രേരണയും പിൻബലവും ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്കു മാറുകയാണ് ഓരോ പുകവലിക്കാരും. ജീവിതം തന്നെ പുകവലിക്കു വേണ്ടി സമർപ്പിക്കുന്നു. അവസാനം അവരുടെ ജീവിതം തന്നെ ‘പുക’ എന്നല്ലാതെ എന്തുപറയാൻ?


ഉന്മേഷക്കുറവ്, രുചിയില്ലായ്മ എന്നിവ ക്രമേണ പുകവലിക്കാരനെ പിടികുടുന്നു. പുകയിലയിലെ ടാർ ശ്വാസ കോശാർബുദത്തിനു കാരണമാകുന്നു രക്ത സമ്മർദ്ദം ഉയരുക, ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളിൽ രക്തം കട്ടിയാവുക തുടങ്ങിയ രോഗങ്ങൾ നിക്കോട്ടിൻ മൂലം ഉണ്ടാകുന്നു. പുകവലിയും പുകയില തീറ്റിയും മൂലമാണ് നല്ലൊരു പങ്ക് ആളുകൾക്കു കാൻസർ ഉണ്ടാകുന്നത്.

ഒരു കടലാസിലോ വെള്ളത്തുണിയിലോ സിഗരറ്റ് പുക കൊള്ളിച്ചാൽ അത് മഞ്ഞനിറമാകുന്നതു കണ്ടിട്ടില്ലേ? കുറെ സിഗരറ്റെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ആളുവടിയാകും! പരീക്ഷിക്കേണ്ട; സത്യമാണ്. മരണം ഉറപ്പ്. അറുപതു മില്ലിഗ്രാം നിക്കോട്ടിൻ ഒന്നായി കുത്തിവച്ചാലും ആൾമരിക്കും. കഫശല്യം, ചുമ, ദഹനക്കേട് തുടങ്ങി നിസാരമൊന്നു കരുതുന്ന രോഗങ്ങൾ മുതൽ ഹൃദയസ്തംഭനം, ബ്രോങ്കൈറ്റിസ്, എംഫിസിമ, പെപ്റ്റിക്കും അൾസർ, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ വരെ പുകവലി മൂലം ഉണ്ടാകുന്നു.

പുരുഷന്മാരിൽ ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ കാൻസർ രോഗികളിൽ 40 % പുകവലി മൂലം രോഗികളായ വരാണെന്ന് കണക്കുകൾ പറയുന്നു. കേരളത്തിൽ നാല് ഹൃദ് രോഗികളിൽ ഒരാളുടെ മരണകാരണം പുകവലി മൂലമാണ്. പുകവലിക്കുന്നവരുടെ ശ്വാസകോശം തലച്ചോറ്, ഹൃദയം എന്നിവ പലപ്പോഴും തകരാറിലായിരിക്കുമെന്നതിനാൽ ഇത്തരക്കാരിൽ ശസ്ത്രക്രിയകൾ ചെയ്യുന്ന സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


അച്ഛനമ്മമാർ പുകവലിക്കുന്ന വരാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം അപകടത്തിൽ ആകും. അമ്മയുടെ പുകവലി കുട്ടികൾക്കു ജന്മം നൽകാനുള്ള കഴിവിനേയും, ശിശുവിന്റെ ആരോഗ്യത്തേയും പ്രതികുലമായി ബാധിക്കും. ഗർഭിണിയുടെ അടുത്തിരുന്നു പുകവലിച്ചാൽ ആ പുക അമ്മ ശ്വസിക്കുന്നതു മൂലം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം തകരാറിലാകും. പുകവലിക്കുന്നവരുടെ കുട്ടികൾക്കു കോങ്കണ്ണ് ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമിതമായി പുകവലിക്കുന്നവർക്കു അന്ധതയും ഉണ്ടാകും. കണ്ണിന്റെ ലെൻസ് വികസിക്കുകയും സുതാര്യമാവകയും ചെയ്യുന്ന പ്രവണത (കാറ്ററാക്ട്) വർദ്ധി ക്കുന്നതോടൊപ്പം അന്ധത ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.


ഇന്ത്യയിൽ കണ്ടുവരുന്ന കാൻസറുകളിൽ മൂന്നിൽ ഒന്നും പുകവലി മൂലമാണ് ഉണ്ടാകുന്നത്.വായ്,തൊണ്ട, ശ്വാസകോശം, അന്നനാളം, ശബ്ദനാളം, എന്നിവിടങ്ങളിൽ പുകയിലയുടെ നേരിട്ടുള്ള പ്രവർത്തന ഫലമായാണ് കാൻസർ ഉണ്ടാകുന്നത്.മൂത്രാശയം, മൂത്രനാളിക, വ്ര്ക്കകൾ,ആഗ്നേയഗ്രന്ഥി, ഗർഭാശയനാളം എന്നിവിടങ്ങളിൽ നേരിട്ടല്ലാതെയുള്ള പ്രവർത്തനം മൂലവും കാൻസർ പിടിപെടുന്നു. ഇന്ത്യയിലുണ്ടാകുന്ന ഹൃദയാഘാ‍തങ്ങളിൽ 22 ശതമാനം പുകയിലയുടെ ഉപയോഗം മൂലമാണത്രേ! ശ്വാസകോശ രോഗങ്ങളിൽ ഇത് 45 ശതമാനമാണ്. പക്ഷാഘാതങ്ങളിൽ 16 ശതമാനവും പുകയില മൂലമാണ് ഉണ്ടാകുന്നത്.

സിഗരറ്റ് വലിക്കുന്നവർ അന്തരീക്ഷത്തിൽ കലർത്തുന്ന പുക ശ്വസിച്ച് മറ്റുള്ളവരും രോഗികളാകുന്നു. അവരുടെ കാഴ്ചശക്തിയെ ഉൾപ്പെടെ അതു ബാധിക്കും. അതുകൊണ്ടു തന്നെ പുകവലി ഒരു സാമൂഹ്യ ദ്രോഹവുമാണ്.


സ്ത്രീകളാ‍ണ് പുകവലിക്കുന്നതെങ്കിൽ അവരിൽ ഗർഭച്ഛിദ്രത്തിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുടുതലാണ്. മാസം തികയാതെയുള്ള പ്രസവം, അംഗവൈകല്യമുള്ള കുട്ടികളെ പ്രസവിക്കൽ തുടങ്ങിയവ പുകവലിക്കാരായ അമ്മമാരിൽ സംഭവിക്കുന്നു. ഗർഭപാത്രത്തിൽ വച്ചു തന്നെ കുട്ടി നിക്കോട്ടിന്റെ പിടിയിൽ അമരുന്നതാണ് ഇതിനു കാരണം. പുകവലിക്കാരായ അമ്മമാർ പ്രസവിക്കുന്ന കുട്ടികൾക്കു നിറം മാറ്റവും കണ്ടു വരാറുണ്ട്. കൂടാതെ ഇത്തരം കുഞ്ഞുങ്ങളിൽ- ഹൃദയ ധമനികളിൽ തകരാറ്, ന്യൂമോണിയ , ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളും കാണപ്പെടുന്നു.

സ്ത്രീകളുടെ മുഖകാന്തിയും ചർമ്മകാന്തിയും പുകവലി കാരണം നഷ്ടമാകുന്നു. അവരുടെ ബാഹ്യ സൌന്ദര്യത്തിന് ആകെത്തന്നെ കോട്ടംതട്ടും. പുകവലിച്ച് എന്തിന് വെറുതെ സൌന്ദര്യം കളയണം?

പാസീവ് സ്മോക്കിംഗ്

പുകവലിക്കുന്നവരുടെ അടുത്തിരുന്നു ആ പുക ശ്വസിക്കുന്നതിലൂടെ അപകടത്തിലാകുന്ന നിരപരാധികളെയാണ് പാസീവ് സോമക്കേഴ്സ് എന്നു വിളിക്കുന്നത്. സിഗരറ്റ് വലിച്ച് പുറത്തുവിടുന്ന പുകയിൽ നിക്കോട്ടിൻ, കാർബൺ മോണോകൈസ്ഡ്, അസറ്റാൽഡിഹൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ ചെന്നാൽ ശരീരത്തിന് മാരകമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അതു കൊണ്ടുതന്നെ പൊതുസ്ഥലങ്ങളിലെ പുകവലി ഒരു സാമൂഹ്യദ്രോഹമാണ്.

സാമ്പത്തിക നഷ്ടം

പുകവലിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. ഇതെഴുതുമ്പോൾ നാലുരൂപാ വിലയുള്ള സിഗരറ്റുണ്ട്. ദിവസവും ഇരുപത് സിഗരറ്റും അതിലധികവും വലിക്കുന്ന മനുഷ്യരുണ്ട്. നാലുരൂപയ്ക്ക് വിൽക്കുന്ന സിഗരറ്റാണുപയോഗിക്കുന്നതെങ്കിൽ ദിവസം ഇരുപതുവച്ചായാൽ തന്നെ ദിവസവും എൺപതു രൂപാ വീതം ഒരു വലിക്കാരന് ചെലവാകും. മാസത്തിൽ അത് രണ്ടായിരത്തി നാനൂറ് ആകും. അപ്പോൾ വർഷത്തിലോ? കൂട്ടിനോക്കുക!

കൈയ്യിലിരിക്കുന്ന പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാൻ ചെലവാക്കുന്നതാണ് ഈ തുക! നാം അദ്ധ്വാനിച്ചു കിട്ടുന്ന പണം നമ്മെ അദ്ധ്വാനിക്കാൻ സഹായിക്കുന്ന ശാരീരികാരോഗ്യത്തെ നശിപ്പിക്കുവാൻ ഇപ്രകാരം ഉപയോഗിക്കണോ എന്ന് ഏവരും ചിന്തിക്കുക!

Wednesday, June 3, 2009

2009 ജൂൺ വാർത്തകൾ

2009 ജൂൺ വാർത്തകൾ

മരണം

തട്ടത്തുമല, ജൂൺ 23: തട്ടത്തുമല ചിഞ്ചു റൈസ്‌ മിൽ ഉടമയുടെ ഭാര്യാമാതാവും, പരേതനായ കീഴ്പേരൂർ, തകഴി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആളുടെ ഭാര്യയുമായ വൃദ്ധമാതാവ്‌ എം.സി റോഡിനോടു ചേർന്നുള്ള ഉയർന്ന തിട്ടപ്പുറത്തുനിന്നും താഴേയ്ക്കു വീണ് മരണപ്പെട്ടു.

ഗ്രാമസഭ

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്‌ ഗ്രാമസഭ ജൂൺ 21 തിങ്കളാഴ്ച തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു.

വിവാഹം

തട്ടത്തുമല ഇടക്കരിക്കകം ഷാൻ മന്ദിരത്തിൽ പരേതനായ സെയ്നുലാബ്ദീന്റെയും നബീസാബീവിയുടെയും മകൻ ഷാനും കടയ്ക്കൽ ഐരക്കുഴി അസിം മൻസിലിൽ അഷ്റഫിന്റെയും നസീറാബീവിയുടെയും മകൾ അൻസിയും തമ്മിലുള്ള വിവാഹം 2009 ജൂൺ 29 തിങ്കളാഴ്ച കടയ്ക്കൽ ശ്രീശൈലം ആഡിറ്റോറിയത്തിൽ.

സി.പി.എം പ്രകടനം


തട്ടത്തുമല, ജൂൺ 19: ബംഗാളിലെ മാവോയിസ്റ്റ്‌ അക്രമങ്ങളിൽ പ്രതിഷേധിച്ച് കിളിമാനൂരിലും ടൌൺ കേന്ദ്രീകരിച്ച് സി.പി.എം പ്രകടനം നടന്നു.

ധനസഹായം വിതരണം ചെയ്തു

തട്ടത്തുമല, ജൂണ്‍ 14: ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ യു.എ.ഇ യില്‍ ഉള്ള മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ കുടുംബംഗളിലെ അംഗംഗളുടെ നേതൃത്വത്തില്‍ യു.എ.ഇ യില്‍ തന്നെയുള്ള തട്ടത്തുമല സ്വദേശികളില്‍ നിന്നും സംഭരിച്ച് അയച്ച തുക അവരുടെ നിര്‍ദ്ദേശാനുസരണം തട്ടത്തുമല മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ മുഖാന്തരം വിതരണം ചെയ്തു.

കിളിമാനൂര്‍ എം.എല്‍.എ ശ്രീ. എന്‍.രാജന്‍ ആണ് എം.ആര്‍.എ അങ്കണത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും നിര്‍വ്വഹിച്ചത്‌.

മരണപ്പെട്ട രാജേഷിന്റെ കുഞ്ഞിന് ഇരുപത്തയ്യായിരം രൂപ നല്‍കി. പതിനെട്ട് വയസ്സു പൂര്‍ത്തിയാകുമ്പോള്‍ ഈ തുകയും പലിശയും അടക്കം ഉള്ള തുക കുട്ടിയ്ക്ക് ലഭിയ്ക്കും. രാജേഷിന്റെ മാതാവിനും അയ്യയിരം രൂപയുടെ ചെക്കു നല്‍കി.

മരണപ്പെട്ട തട്ടത്തുമല ലക്ഷം വീടു സ്വദേശിയായിരുന്ന ബിജുവിന്റെ വിധവയ്ക്ക്‌ അയ്യായിരം രൂപയുടെ ചെക്കു നല്‍കി.

കൂടാതെ യത്തീം ഖാനയ്ക്കു സമീപം ചായക്കട നടത്തുന്ന ദാമോദരന്‍ നായര്‍ക്കും അയ്യായിരം രൂപയുടെ ചെക്കു നല്‍കി.

എം.ആര്‍.എ സെക്രട്ടറി സലിം സ്വാഗതം പറഞ്ഞു. പ്രെസിഡെന്റ് സി.ബി. അപ്പു പ്രവാസികളുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി.എല്‍.അജീഷ്, ശ്രീകല എന്നിവരും, എം.ആര്‍.എ ഭാരവാഹികളില്പെടുന്ന ശ്രീ. അസീസ്സ്, പള്ളം ബാബു, ഭാര്‍ഗവന്‍സാര്‍, എന്നിവരും ഫ്രാ‍ക്കു പ്രെസിഡെന്റും സംസാരിച്ചു. ഇ.എ.സജിം കൃതജ്ഞത പറഞ്ഞു.

സ്കൂളുകൾ തുറന്നു


തട്ടത്തുമല, ജൂൺ 1 : മദ്ധ്യവേനൽ അവധി കഴിഞ്ഞ്‌ സ്കൂളുകൾ ഇന്നു തുറന്നു.

ദേശാഭിമാനി എന്റെ പത്രം

തട്ടത്തുമല, ജൂൺ 3: തട്ടത്തുമല ഗവ. എച്ച്‌.എസ്‌.എസ്സിൽ ‘ദേശാഭിമാനി എന്റെ പത്രം` പരിപാടി സി.പി.എം തിരു: ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.