മുരളി താരമായിരുന്നില്ല; നടനായിരുന്നു
മുരളി ഒരു താരമായിരുന്നില്ല. നടനായിരുന്നു; യഥാർത്ഥ നടൻ.അഭിനയിക്കാൻ കഴിവുണ്ടായിരുന്ന ഒരു നല്ല നടൻ എന്നതിലുപരി, അഭിനയ കലയും സാഹിത്യവും അഭിനയവും ഒക്കെ എന്താണെന്ന്` അറിയാമായിരുന്ന കലാകാരൻ. ഒപ്പം ഒരു നല്ല സാംസ്കാരിക പ്രവർത്തകൻ.സമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ.അങ്ങനെ പല വിശേഷണങ്ങളും വേണ്ടിവരും മുരളിയെന്ന വ്യക്തിയെ വിശദീകരിയ്ക്കാൻ.സംഭവിച്ചതു തീരാ നഷ്ടം. ഈ നഷ്ടബോധം മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല. കാരണം ഇനിയും എന്തെല്ലാമോ സംഭാവന ചെയ്യാൻ കഴിയുമായിരുന്നു ഈ അതുല്യ പ്രതിഭയ്ക്ക്.
ഞാൻ സ്ഥിരം സിനിമ കാണുന്ന ആളല്ല. കണ്ടവയൊന്നും അങ്ങനെ ഓർത്തു വയ്ക്കാറുമില്ല. ഒരു സിനിമ റിലീസാകുമ്പോൾ തന്നെ പോയി കാണണമെന്ന വാശി കൌമാരകാലത്തു പോലും ഉണ്ടായിരുന്നില്ല. തിയേറ്ററിൽ പോയി കാണുന്നതു തന്നെ അപൂർവ്വം.കഴിവതും സി.ഡി ഇറങ്ങുമ്പോൾ അവ കൊണ്ടുവന്ന് വീട്ടിൽ ഇട്ടു കാണുന്നതാണു ശീലം.അതു കൊണ്ടുതന്നെ മുരളിയുടെ ഒട്ടേറെ ചിത്രങ്ങൾ എനിക്കു കാണാൻ കഴിയാതെ പോയിട്ടുണ്ട്. എങ്കിലും ഞാൻ കുറച്ചേറെ മുരളി ചിത്രങ്ങൾ കണ്ടിട്ടൂണ്ട്. അവയെല്ലാം മുരളിയുടെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു.ഞങ്ങൾ പരിചയക്കാർ അല്ലായിരുന്നെങ്കിലും നേരിൽ കണ്ട സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വാക്കുകളിലും നിറഞ്ഞുനിന്ന ലാളിത്യം അനുഭവിച്ചറിയാനും സാധിച്ചിട്ടുണ്ട്.എന്തുകൊണ്ടും ഒരു തീരാനഷ്ടമാണ് മുരളിയുടെ അകാല മരണം.
മുരളി നാടകരംഗത്തുനിന്നും സിനിമയിലെത്തിയതാണ്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ മിക്കവാറും എല്ലാവരും മലയാള സിനിമയ്ക്കു മുതൽക്കൂട്ടായിട്ടുണ്ട്.സിനിമയിൽ അഭിനയിക്കാൻ പ്രാഥമികമായും വേണ്ടതു സൌന്ദര്യമാണെന്ന ഒരു ധാരണ ഇപ്പോഴും നില നിൽക്കുന്നുണ്ട്. പണ്ട്-അല്ല, ഒരുപക്ഷെ ഇന്നും- സിനിമാനടൻ-നടി സൌന്ദര്യത്തിന്റെ പ്രതീകങ്ങളായാണു കണക്കാക്കപ്പെടാറുള്ളത്. മുഖ സൌന്ദര്യവും ശരീര സൌന്ദര്യവും ഉണ്ടാകണം എന്നതു മാത്രം പോരാ, മുഖം ഫോട്ടോജെനിക്കും ആയിരിയ്ക്കണം എന്നതത്രേ ചിലരുടെ മതം.അത്യന്താധുനികവും അനന്തസാദ്ധ്യതകൾ ഉള്ളതുമായ ക്യാമറകളും മറ്റു എണ്ണമറ്റ സാങ്കേതിക വിദ്യകളും ഉള്ളപ്പോഴും മുഖവും ശരീരവും മൊത്തമായും ഫോട്ടോജെനിക്ക് ആയിരിയ്ക്കണം അത്രേ! ഫോട്ടോജെനിക്ക് മോന്തകളൂം അല്ലാത്ത മോന്തകളും ഉണ്ടത്രേ! ഇവിടെ ഇതു പറയാൻ ഉള്ള കാരണം ഇങ്ങനെയുള്ള ചില വികലമായ ധാരണകൾ വച്ചുപുലർത്തുമ്പോൾ തന്നെയാണ് മുഖകാന്തിയും ദേഹകാന്തിയും മറ്റും ഈ പറയുന്നതുപോലൊന്നും ഇല്ലാത്തവർ സിനിമാരംഗത്ത് എത്തുകയും അരങ്ങു വാഴുകയും ചെയ്തിട്ടുള്ളത്.
പണ്ടും ഈ അലിഖിത നിയമം നിലനിന്നിരുന്നു. ഒരു സത്യൻ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം മലയാള സിനിമ അടക്കി വാണൊരു കാലമുണ്ടായിരുന്നുവെങ്കിലും അതു പോലെ നിറം മങ്ങിയവർക്കൊന്നും സിനിമാഭിനയം എന്നതു സ്വപനം കാണാൻ പാടില്ലായിരുന്നു. തിലകനും, മുരളിയും, ശ്രീനിവാസനും, സലിം രാജും, കലാഭവൻ മണിയും, തുടങ്ങി എത്രയോ പേർ ഈ പറയുന്നമാതിരിയുള്ള മുഖകാന്തിയൊന്നും ഇല്ലെങ്കിലും മലയാള സിനിമാ ലോകത്തു മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചിരിയ്ക്കുന്നു.എന്നാലും കറുത്തവരോ മുഖത്തു ചെറിയ പാടുകളൊ ഉള്ളവരൊന്നും അഭിനയത്തെക്കുറിച്ചു ചിന്തിക്കരുതെന്നു തന്നെ അലിഖിത നിയമം.തമിഴകത്തെ രജനീകാന്തും ഒരു കറുത്തമുത്താണ്. ഇന്ത്യൻ സിനിമയറിഞ്ഞ ഓമ്പുരിയുടെ മുഖത്തു നിറയെ വസൂരിക്കലകൾ ആയിരുന്നു. എന്നാലും സിനിമാനടൻ എന്നാൽ വെളുത്തു തുടുത്ത് ഇരിയ്ക്കണമെന്ന പഴഞ്ചൻ മിഥ്യാധാരണയ്ക്കു മാറ്റമില്ല.സൌന്ദര്യമുള്ളവർക്കേ കഥയും ജീവിതവും ഉള്ളൂ എന്നുണ്ടോ? കഥാപാത്രത്തിനു യോജിയ്ക്കുന്ന ചില ശാരീരിക സവിശേഷതകൾ ചില സിനിമകൾക്കു ആവശ്യമായി വരാം. എന്നാൽ എല്ലാവരും ഒരുപോലെ സൌന്ദര്യം തുളുമ്പുന്നവർ ആയിരിയ്ക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല.
അഭിനയവും ശരീരസൌന്ദര്യവുമായി ബന്ധമില്ലെന്നു തെളിയിച്ച അതുല്യനായ ഒരു നടൻ ആയിരുന്നു, അന്തരിച്ച മുരളി. സാധാരണ ഒരു സിനിമാനടനു ഉണ്ടായിരിയ്ക്കണമെന്നു തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടൂള്ള ഒരു മുഖമൊന്നുമായിരുന്നില്ല മുരളിയുടേത്.മുഖത്തു വെട്ടുകൊണ്ട പാടുമായിട്ടാണ് അദ്ദേഹം സിനിമയിലേയ്ക്കു വരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പഞ്ചാഗ്നി എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിലെ ശ്രദ്ധേയമായ ആവേഷം ഭാവിയിലെ ഒരു നല്ല നടനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ നൽകി. ആ പ്രതീക്ഷകൾ ഒന്നും അസ്ഥാനത്തായില്ല. അദ്ദേഹത്തിന്റെ അഭിനയ മികവു പിന്നെ ഞാൻ തിരിച്ചറിഞ്ഞത് അമരം എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയുമായി അതിൽ മുരളി മത്സരിച്ചഭിനയിക്കുകയായിരുന്നു എന്നു തോന്നിയിരുന്നു. അമരത്തിൽ മമ്മൂട്ടിയായിരുന്നോ മുരളി ആയിരുന്നോ നല്ല അഭിനയം എന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ കഴിവുകളെ ഒട്ടും കുറച്ചു കാണാതെ തന്നെ പറയട്ടേ ശരിയ്ക്കും അതിൽ മുരളിയാണു മികച്ചു നിന്നത്. പിന്നെയും എത്രയോ ചിത്രങ്ങളിൽ മുരളി തകർത്ത് അഭിനയിച്ചു. ആധാരം മികച്ച മറ്റൊരുദാഹരണം. ലാത്സലാമിലെ മന്ത്രിയെ അങ്ങനങ്ങു മറക്കാൻ സാധിയ്ക്കുമോ? നെയ്ത്തുകാരൻ സമീപകാല അനുഭവം.വില്ലനോ നായകനോ എന്നതല്ല ഒരു നടനെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത് എന്നു മുരളി തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചു.അപ്രധാനമായ കഥാപാത്രങ്ങളെപ്പോലും ശ്രദ്ധേയമാക്കുവാൻ മുരളിയിലെ നടനു കഴിഞ്ഞിരുന്നു.
മരണം ഒരു യാഥാർഥ്യമാണ്. ഈ വില്ലനെ ആർക്കും തടയാനാവില്ല. ഇത്തരം തീരാ നഷ്ടങ്ങളും നഷ്ടബോധങ്ങളും സൃഷ്ടിയ്ക്കുവാനായി അവൻ നമുക്കെല്ലാവർക്കുമൊപ്പമുണ്ട്. അവൻ തന്നെ എപ്പോഴും വിജയി. ജീവൻ തുടിയ്ക്കുന്ന ഒത്തിരി കഥാപാത്രങ്ങളെ യാഥാർഥ്യമാക്കിയ മുരളിയുടെ മുന്നിൽ ഹേ, മരണമേ നീ അത്രയങ്ങു വിജയിച്ചിട്ടില്ല. അദ്ദേഹം ജനഹൃദയങ്ങളിൽനിന്നു മാഞ്ഞു പോകുവാൻ ഇനിയെത്ര മുരളിമാർ വന്നു പോകണം.അദ്ദേഹം ജീവിപ്പിച്ച കഥാപാത്രങ്ങൾക്കു മരണമില്ലാത്തിടത്തോളം മുരളിയ്ക്കും മരണമില്ല. പക്ഷെ, നമ്മുടെ ദു:ഖം താൻ മരിച്ചിട്ടും ജീവിയ്ക്കുന്നു എന്ന കാര്യം കഥാശേഷനായ ഈ അതുല്യ പ്രതിഭ അറിയില്ലല്ലോ എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് തൽകാലംഅവസാനിപ്പിയ്ക്കുന്നു.
1 comment:
മുരളിയ്ക്ക് ആദരാഞ്ജലികൾ!
Post a Comment