ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............
മുൻ കുറിപ്പ് : ഈ കുറിപ്പിന് ആധാരം ഒരു പത്ര വാർത്തയാണ്. അത് ഇതെഴുതാൻ ഒരു നിമിത്തമാണ്. എന്നാൽ ആര്, എവിടെ , എന്ത്, ഏതു പത്രത്തിൽ എന്നിവ ഇവിടെ പ്രസക്തമാണെന്നു കരുതുന്നില്ല.
പോസ്റ്റിന്റെ ചുരുക്കം: സമൂഹത്തിന്റെ അംഗീകൃത സദാചര സങ്കല്പങ്ങളുമായി നമ്മൾ ഓരോരുത്തരും അവരവരുടെ ജീവിതത്തെ പൊരുത്തപ്പെടുത്താൻ ശ്രമിയ്ക്കണം. അസാന്മർഗ്ഗിക പ്രവർത്തനങ്ങളിലേയ്ക്കു വഴുതി പോകതിരിയ്ക്കാൻ പാകത്തിൽ ജീവിതം സ്വയം നിയന്ത്രിയ്ക്കണം. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു പോവുകയോ, ആ തെറ്റിന് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയോ ചെയ്താലും അതിന്റെ പേരിൽ ജീവിതം സ്വയം ഒടുക്കാനോ ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടു പരിഹരിയ്ക്കാനോ ശ്രമിയ്ക്കരുത്. തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം സമയം ലഭിയ്ക്കും. ഏതു പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും ഉണ്ടായാലും ജീവിതം ജീവിച്ചു തന്നെ തീർക്കണം. ഈ ഭൂമിലിലെ ഒരു തുള്ളി ജീവ സൌഭാഗ്യം വിലമതിയ്ക്കാനാകാത്തതാണ്; എത്രയും മൂല്യവത്താണ് അത് !
ഇനി വിശദാംശങ്ങളിലേയ്ക്ക്........
വിവാഹിതയല്ലാത്ത ഒരു പെൺകുട്ടി ഗർഭം ധരിച്ചാലത്തെ അനന്തര ഫലങ്ങൾ എന്തൊക്കെയാകാം?
ഒന്ന് : ആ ഗർഭത്തിനുത്തരവാദിയായ പുരുഷൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് പിന്നീടുള്ള കാലം ജീവിയ്ക്കുക.
രണ്ട് : വയറ്റിൽ പൂർണ്ണ വളർച്ച പ്രാപിയ്ക്കുന്നതിനു മുമ്പ് ആ കുഞ്ഞിനെ നശിപ്പിയ്ക്കുക
മൂന്ന് : അപമാന ഭാരത്താൽ ആ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ട് ആത്മഹത്യ ചെയ്യുക
നാല് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ട് അമ്മ അമ്മയുടെ വഴിയ്ക്കു പോവുക.
അഞ്ച് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ ആർക്കെങ്കിലും കൊടുക്കുകയോ ഏതെങ്കിലും അനാഥാലയത്തിൽ ഏല്പിയ്ക്കുകയോ ചെയ്ത് അമ്മയും കുഞ്ഞും രണ്ടിടത്ത് രണ്ടുവഴിയ്ക്ക് തുടർന്നും ജീവിയ്ക്കുക.
ആറ് : വ്യക്തിപരമായും സാമൂഹ്യമായും അമ്മയും കുഞ്ഞും അനുഭവിയ്ക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളും അവഗണിച്ച് കുട്ടിയെ പ്രസവിച്ച് അമ്മയും കുഞ്ഞും തുടർന്നും ജീവിയ്ക്കുക.
ഇതിൽ ഒന്നാമത് പറഞ്ഞത് എല്ലായ്പോഴും പ്രയോഗികമായിരിയ്ക്കില്ല. ഒരു പക്ഷെ വിവാഹം കഴിക്കത്തക്ക സാഹചര്യങ്ങളായിരിയ്ക്കില്ല രണ്ടുപേർക്കും. അതല്ലെങ്കിൽ രണ്ടിൽ ഒരാൾ അതിനു സന്നദ്ധമായെന്നിരിയ്ക്കില്ല. മിക്കപ്പോഴും ആണുങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ തടിയൂരുകയാണ് പതിവ്. പലപ്പോഴും സ്ത്രീ വഞ്ചിയ്ക്കപ്പെടുന്നു. മാത്രവുമല്ല ലൈംഗിക ബന്ധത്തിനു മുമ്പ് ഗർഭമുണ്ടായാൽ വിവാഹം കഴിച്ചു കൊള്ളാമെന്ന് വ്യവസ്ഥ വച്ചിട്ടായിരിയ്ക്കില്ല മിക്ക വിവാഹേതര ലൈംഗിക ബന്ധങ്ങളും നടക്കുക. ഇനി ഗർഭിണിയായ സ്ത്രീ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ കുട്ടിയുടെ പിതൃത്വം ആർക്കാണെന്ന് തിരിച്ചറിയാനും കഴിയില്ല. അതിനു പിന്നെ ഡി.എൻ.എ ടെസ്റ്റും മറ്റും നടത്തേണ്ടിയും വരും.
അങ്ങനെ ഒന്നാമതു പറഞ്ഞ മാർഗ്ഗം അസാദ്ധ്യമാകുമ്പോൾ പിന്നെ പ്രായോഗികമായയത് രണ്ടാമതു പറഞ്ഞ ഭ്രൂണഹത്യയാണ്. ഇതാകട്ടെ ഒരു ക്രൂരകൃത്യമാണ്. കൊലപാതകമാണ്. ഒരു മനുഷ്യനെ-അതു സ്വന്തം കുട്ടിയാണെങ്കിലും, ആഗ്രഹിയ്ക്കാത്ത ജനനമാണെങ്കിലും, അതു ഭ്രൂണാവസ്ഥയിലാണെങ്കിലും- കൊല്ലുന്നത് ക്രൂരത തന്നെ. ജനനം ജനിയ്ക്കുന്ന കുട്ടിയുടെ കുറ്റമല്ല. അതിനാൽ ഇവിടെ ചെയ്യാത്ത കുറ്റത്തിന് ഒരു കുട്ടി ശിക്ഷിയ്ക്കപ്പെടുകയാണ്. അതും ക്രൂരമായ വധശിക്ഷ. ഒരു തരത്തിലും ഇതു ന്യായീകരിയ്ക്കാവുന്നതല്ല. ജീവൻ രൂപപ്പെട്ടാൽ ജനിച്ച് പുറത്തു വരികയെന്നുള്ളത് ഒരു കുഞ്ഞിന്റെ സ്വാഭാവികാവകാശമാണ്. അഥവാ അങ്ങനെയാണ് കരുതേണ്ടത്. അതുകൊണ്ട് ഒരമ്മ ഒരിയ്ക്കലും സ്വന്തം ഉദരത്തിൽ വളരുന്ന കുട്ടിയെ നശിപ്പിയ്ക്കരുത്. ബലാത്സംഘം ചെയ്യപ്പെട്ടതാണെങ്കിൽ കൂടിയും.
( ബലാത്സംഘത്തിലൂടെ ജനിയ്ക്കുന്ന കുട്ടി വളർന്ന് അതറിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിയ്ക്കുമെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആ കുട്ടി ഒരിയ്ക്കലും അറിയാതിരിയ്ക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കുകയോ അല്ലെങ്കിൽ അതിൽ ആ കുട്ടിയ്ക്ക് അത്തരമൊരു മാനസിക അപകർഷബോധം ഉണ്ടാകാതിരിയ്ക്കുന്നതിനുള്ള അവബോധം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യണം എന്ന് ഉത്തരം. എന്നാലും ഭ്രൂണഹത്യ ന്യായീകരിയ്ക്കപ്പെടുന്നില്ല.)
ഇനി മൂന്നാമത്തെ മാർഗ്ഗം നോക്കാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംഭവിയ്ക്കാറുള്ള ഒന്നാണ് ആത്മഹത്യ. ഇന്നത്തെ കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യയാണണല്ലോ നടക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ. അപ്പോൾ പിന്നെ ഒരു സ്ത്രീയുടെ ശേഷിയ്ക്കുന്ന ജീവിതത്തിൽ വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന അവിഹിത ഗർഭത്തിന്റെ കാര്യം വരുമ്പോൾ മിക്കവാറും പെൺകുട്ടികൾ സ്വീകരിയ്ക്കുന്ന മാർഗ്ഗം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇത് തികഞ്ഞ മണ്ടത്തരമാണ്. ജീവിതത്തിൽ ഉടനീളം സമൂഹത്തിൽ നില നിൽക്കുന്ന സദാചാര സങ്കല്പങ്ങളുമായി ഓരോരുത്തരുടെയും ജീവിതത്തെ പൊരുത്തപ്പെടുത്തി കൊണ്ടു പോകേണ്ടത് ആവശ്യം തന്നെ. കഴിയുന്നതും അസാന്മാർഗ്ഗിക ജീവിതം നയിക്കാൻ പാടില്ലതന്നെ. എന്നാൽ സന്മാർഗ്ഗത്തിന്റേതല്ലാത്ത വഴിയിൽ എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചു പോയാൽ ആത്മത്യ ചെയ്യുകയല്ല ചെയ്യേണ്ടത്.
തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം പിന്നെയും സമയമുണ്ട്. സ്വയം മരണത്തെ വരിയ്ക്കുന്നതും കൊലപാതകം തന്നെയാണ്. ഒരാളുടെ ജീവൻ എടുക്കാൻ- അത് സ്വന്തം ജീവനാണെങ്കിലും- ആർക്കും അതിനവകാശമില്ല. ഒരിയ്ക്കലും രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗം ബാധിച്ച് വേദന കൊണ്ട് അങ്ങേയറ്റം പ്രയാസപ്പെടുമ്പോൾ രോഗി സ്വയം ദയാവധം ആവശ്യപ്പെട്ടാൽ അതുപോലും സാധാരണ ചെയ്തു കൊടുക്കാൻ ആരും തയ്യാറാകില്ലെന്ന് ഇത്തരുണത്തിൽ ഓർക്കണം. പരമാവധി വേദന ഇല്ലാതാക്കി മരണം വരെ പരിരക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുക. ജീവന്റെ വില അത്ര വലുതാണ്. ഇവിടെ ഗർഭം ധരിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ഇരട്ട കൊലപാതകമാണ് നടത്തുന്നത്. സ്വന്തം ജീവനെ കൊല്ലുന്നതോടൊപ്പം വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലുന്ന കൊടിയ പാതകം. അപ്പോൾ മൂന്നാമതു പറഞ്ഞ മാർഗ്ഗവും അംഗീകരിയ്ക്കാനാകില്ല.
ഇനി നാലാമത്തെ മാർഗ്ഗം നോക്കുക. ഇതിൽ ചെയ്യുന്നത് എന്താണെന്നു വച്ചാൽ പ്രസവിച്ച് ചോരക്കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിച്ചു പോവുക എന്നതാണ്. കുട്ടിയെ ആരെങ്കിലും വന്നു എടുത്തു കൊണ്ടു പോയി വളർത്തി കൊള്ളും എന്ന വിശ്വാസത്തിലാണ് ഇതു ചെയ്യുന്നത്. ഇതിൽ കുഞ്ഞിനോട് അല്പം അനുകമ്പയുടെ അംശം ഉണ്ടെങ്കിലും അമ്മയുടെ സ്വാർത്ഥതയാണ് കൂടുതൽ പ്രകടമാകുന്നത്. ഇങ്ങനെ പല അമ്മമാരും ചെയ്ത അനുഭവങ്ങൾ ഉണ്ട്. ഇങ്ങനെ ഉപേക്ഷിയ്ക്കപ്പെട്ട ചില കുഞ്ഞുങ്ങൾ ആരാലെങ്കിലും രക്ഷിയ്ക്കപ്പെട്ട് ആരാലെങ്കിലും വളർത്തപ്പെടാം. ചിലപ്പോൾ ആരും കാണാതെ ഉപേക്ഷിച്ചിടത്ത് നിസഹായാവസ്ഥയിൽ കിടന്ന് കുഞ്ഞ് മരിച്ചു പോയെന്നും വരാം. ഏതെങ്കിലും ഹിംസ്ര ജന്തുകളാൽ കടിച്ച് കീറപ്പെട്ടെന്നും ഭക്ഷിയ്ക്കപ്പെട്ടെന്നും വരാം. ഭ്രൂണാവസ്ഥയിൽ ഒരു കുഞ്ഞ് നശിപ്പിയ്ക്കപ്പെടുന്നതിനെക്കാൾ ക്രൂരമായ മരണമായിരിയ്ക്കും ഒരു പക്ഷെ എവിടെയെങ്കിലും ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയ്ക്ക് ലഭിയ്ക്കുക. അതു കൊണ്ട് ഈ മാർഗ്ഗവും ന്യയീകരിയ്ക്കത്തക്കതല്ല. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് മാതൃത്വത്തിനു നിരക്കുന്ന ഒരു പ്രവൃത്തിയേ അല്ല. ഇതും ക്രൂരമാണ്.
ഇനി അഞ്ചാമത്തെ മാർഗ്ഗം എടുക്കാം. ഇതു നീതീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഇവിടെ അമ്മ കുഞ്ഞിനെ രഹസ്യമായോ അല്ലാതെയോ പ്രസവിച്ച ശേഷം കുഞ്ഞിനെ ഏതെങ്കിലും സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം സുരക്ഷിതമാക്കുന്നു. പിന്നീട് അമ്മ കുട്ടിയെ കാണുകയോ ബന്ധം നിലനിർത്തുകയോ ചെയ്തെന്നിരിയ്ക്കാം മറിച്ച് പിന്നീട് കുഞ്ഞിനെ തേടി അമ്മ ഒരിയ്ക്കലും പോകാതിരിയ്ക്കുകയോ അച്ഛനും അമ്മയും ആരെന്ന് അറിയാതെ കുഞ്ഞ് ജീവിയ്ക്കുകയോ ചെയ്യാം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതകാലത്തിൽ ഉടനീളം ചില മാനസിക സംഘർഷങ്ങളും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കിയെന്നിരിയ്ക്കാം. സ്വാഭാവികമായ ആ ഒരു അനന്തര ഫലത്തെ നമുക്ക് അവഗണിയ്ക്കാവുന്നതേയുള്ളു. കാരണം രണ്ടു പേർക്കും ജീവിതം ഉണ്ടല്ലോ. ഇനിയും ഇതിൽ ചില കുട്ടികൾ ദത്തെടുക്കപ്പെട്ട് നല്ല നിലയിൽ മാതൃ-പിതൃ വാത്സല്യങ്ങൾ അറിഞ്ഞ് സന്തോഷത്തോടെ ജീവിച്ചു എന്നും വരാം. വളർത്തച്ഛനും വളർത്തമ്മയും യഥാർത്ഥ അച്ഛനും അമ്മയും ആണെന്ന ധാരണയിൽ തന്നെ അവസാന കാലം വരെ ജീവിയ്ക്കാൻ കഴിയുന്ന കുട്ടികൾക്കാകട്ടെ മറ്റു മാനസിക പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനുമിടയില്ല.
ഇനി അറിയാറായതിനു ശേഷം എന്നെങ്കിലും തന്റെ ജനനത്തിന്റെ പ്രത്യേകത അറിഞ്ഞാൽ തന്നെ അതിനെ യാത്ഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിഞ്ഞെന്നുമിരിയ്ക്കും.അഥവാ കഴിയണം. ജനിച്ചത് എങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ആ ജനനം ഒരു കുറ്റമല്ലെന്ന് കരുതാനുള്ള വിവേകം ഉണ്ടാകണം. ഇല്ലെങ്കിൽ മറ്റുള്ളവർ അത് ഉണ്ടാക്കി കൊടുക്കണം. ഈ പറഞ്ഞ അഞ്ചാമത്തെ മാർഗ്ഗത്തിൽ രണ്ടിടത്തും രണ്ടു വഴിയ്ക്കുമാണെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കുവാൻ അവസരം ലഭിയ്ക്കുന്നു എന്നതു കൊണ്ടും, സമൂഹത്തിന്റെ കപട സദാചാര സങ്കല്പങ്ങളാണ് ഈ അമ്മയെ ഇങ്ങനെ കുട്ടിയെ സുരക്ഷിതമായ ഒരു കൈമാറ്റത്തിനു നിർബന്ധിതമാക്കുന്നത് എന്നതുകൊണ്ടും നമുക്കു പൊറുത്തു മാപ്പാക്കാം. അമ്മയ്ക്ക് തുടർന്ന് തെറ്റുകൾ തിരുത്താനും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പുതിയൊരു ജീവിതം നയിക്കുവാനും ഉള്ള ആർജ്ജവവും ഉണ്ടാകണം.
ഇനിയും ആറാമത് ഒരു മാർഗ്ഗം പറഞ്ഞിരുന്നല്ലോ. അതാണ് ഏറ്റവും ശരിയായ മാർഗ്ഗം. പക്ഷെ അതു സ്വീകരിയ്ക്കാൻ കഴിയണമെങ്കിൽ അസാമാന്യമായ ഇച്ഛാശക്തിയും ധൈര്യവും എന്തും നേരിടാനുള്ള സന്നദ്ധതയും ഉണ്ടാകണം. ജീവിതത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കവാൻ കഴിയണം. സമൂഹത്തിന്റെ കപട സദാചാര ബോധമാണ് ഇങ്ങനെ ഒരു വെല്ലു വിളി ഏറ്റെടുക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്തിരിപ്പിയ്ക്കുന്നത്. ഒരിയ്ക്കൽ പിഴച്ചു പോയ ഒരു സ്ത്രീയ്ക്ക് പിന്നെ ആ അസാന്മാർഗ്ഗികമായ വഴി മാത്രം വച്ചുനീട്ടുന്ന സമൂഹമാണ് നമുക്കു മുന്നിൽ ഉള്ളത്. തെറ്റുപറ്റിയാൽ പിന്നെ തെറ്റിന്റെ വഴിയേ ഉള്ളു എന്ന മിഥ്യാ ധാരണ. വിവാഹത്തിനു മുൻപ് അമ്മയായവൾ എന്നറിഞ്ഞാൽ ആ സ്ത്രീയെ വിവാഹം കഴിയ്ക്കാൻ പുരുഷൻമാർ ആരും തയ്യാറാകില്ല. ഇതിനു കാരണം ഇങ്ങനെ അബദ്ധങ്ങളിൽ ചെന്നു ചാടുന്ന പെൺകുട്ടികൾ നല്ലൊരു പങ്ക് ഇനി ഒരു മാന്യമായ ജീവിതം ഇല്ലെന്നു കരുതി വീണ്ടും അപഥ സഞ്ചാരം തന്നെ തുടരുന്നു എന്നതാണ്.
നമ്മുടെ സമൂഹം വച്ചു പുലർത്തുന്ന കപട സദാചാരത്തിന്റെ മുഖം മൂടികൾ പിച്ചി ചീന്തുവാനൊന്നും ഇവിടെ വിസ്താര ഭയത്താൽ തൽക്കാലം ഉദ്ദേശിയ്ക്കുന്നില്ല. രഹസ്യമായി എല്ലാ അസാന്മാർഗ്ഗിക പ്രവൃത്തികളും നടത്തുകയും പരസ്യമായി വലിയ സദാചാരക്കാരും തറവാട്ടു മഹിമക്കാരായും ചമഞ്ഞു നടക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. പലരും അവിഹിതത്തിനു പോയിട്ട് സ്ത്രീ ഗർഭിണിയാകാത്തതുകൊണ്ടും എയിഡ്സും മറ്റും പിടിച്ച് മാലോകർ അറിയാത്തതുകൊണ്ടും മാത്രം മാന്യന്മാരായി നടക്കുന്നു. വലിയ പണക്കാർ നടത്തുന്ന അവിഹിത സ്ത്രീ പുരുഷ സമാഗമമൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമെന്നു പറഞ്ഞ് മഹത്വവൽക്കരിയ്ക്കപ്പെടുന്നു. അതു പാവങ്ങൾ നടത്തിയാൽ പക്ഷെ, വ്യഭിചാരം എന്നാണു പേർ വിളിയ്ക്കുന്നത്. എവിടെയുമുണ്ടല്ലോ സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പു നയം. അതുപോലെ അന്യ ജാതിക്കാരുമായിട്ടൊക്കെ രഹസ്യ ബന്ധം ആകാം, വിവാഹം പാടില്ല! താഴ്ന്ന ജാതിക്കാരുമായും ലൈംഗിക ബന്ധം ആകാം, പക്ഷെ തൊട്ടു തിന്നില്ല; മേലാളർ കഴിയ്ക്കുന്ന പാത്രത്തിൽ അവർക്ക് ആഹാരവും നൽകില്ല! ഇതാണല്ലോ ഇവിടുത്തെ സദാചാര ബോധം. അതിലേയ്ക്കൊന്നും ഇപ്പോൾ കടന്നു പോകുന്നില്ല.
ഒരു കാര്യം പ്രത്യേകം ഓർക്കണം. വിവാഹിതരായാലും അല്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയ കക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ വിലക്കുന്ന നിയമമൊന്നും നിലവിലില്ലെന്നിരിയ്ക്കേയാണ് നമ്മുടെ സമൂഹം ഈ കപട സദാചാര ബോധം വച്ചു പുലർത്തുന്നത്. എന്നാൽ ചോദിയ്ക്കും ഹോട്ടലുകളിൽ റെയിഡൊക്കെ നടത്തി എന്തിനാണ് കമിതാക്കളെ പോലീസു പിടിയ്ക്കുന്നതെന്ന് ! അതു പിന്നെ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധം നിയമം വിലക്കുന്നില്ലെങ്കിലും വ്യഭിചാരം കുറ്റകരമാണ്. അതായത് പ്രതിഫലം കൊടുത്തും വാങ്ങിയും ഉള്ള ലൈംഗിക ബന്ധം കുറ്റമാണ്. ഇതിനു പച്ച മലയാളത്തിൽ വേശ്യാവൃത്തി എന്നു പറയും. നോക്കൂ വേശ്യയെ സമീപിയ്ക്കുന്ന പങ്കാളിയും കസ്റ്റമറുമായ പുരുഷനു വേശ്യനെന്നു പേരൊന്നുമില്ല, ഒരു നിഘണ്ടുവിലും. അവിടെയും സ്ത്രീയുടെ നേർക്ക് മാത്രമാണ് കുറ്റാരോപണം. ഇനി വേശ്യാവൃത്തിയല്ലാത്ത ലൈംഗിക ബന്ധമാണ് പിടിയ്ക്കപ്പെടുന്നതെങ്കിലും അത് വേശ്യാവൃത്തിയാണെന്നു വരുത്തിക്കൊണ്ടാണ് നമ്മുടെ പോലീസുകാർ അവരെ അറസ്റ്റു ചെയ്ത് കേസെടുക്കുന്നതത്രേ! ( ഇത് ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു തന്ന രഹസ്യമാണ്. ആരോടും പറയരുത്.) അതു കൊണ്ട് ഒത്തു കിട്ടുന്നവരെയും കൊണ്ട് എങ്ങും ചെന്നു വലിഞ്ഞു കയറരുത്. അടങ്ങി ഒതുങ്ങി ജീവിയ്ക്കുക.
ഇതൊക്കെ പറഞ്ഞെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിനു നിയന്ത്രണങ്ങൾ വേണം. ഒരിയ്ക്കലും ആഗ്രഹിയ്ക്കാത്ത ഒരു ജനനം അതിന്റെ ഫലമായി ഉണ്ടാകാതിരിയ്ക്കാൻ എല്ലാവരും ശ്രദ്ധിയ്ക്കണം. കാരണം അനാഥരുടെ എണ്ണം വെറുതെ വർദ്ധിപ്പിയ്ക്കരുത്. ഒന്നാമത് നമ്മുടെ സമൂഹത്തിൽ അവിഹിത ഗർഭ ധാരണത്തിലൂടെ ജനിയ്ക്കുന്ന കുട്ടികൾക്ക് അപഹർഷതാ ബോധം ഇല്ലാതെ ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ കുറവാണ്. കപട സദാചാര സങ്കല്പം തന്നെ വില്ലൻ. ജന്മം നൽകി ആ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അവരുടെ തന്നെ ശാപം ഏറ്റു വാങ്ങുന്നതെന്തിന്? അതുകൊണ്ട് അംഗീകൃത ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അല്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.
പിന്നെ ആർക്കെങ്കിലും വല്ല അബദ്ധവും പറ്റി പോയാൽ പതറാതെ യാഥാർത്ഥ്യ ബോധത്തോടെ അതിനെ നേരിടണമെന്നും അതിന്റെ പേരിൽ ജീവിതം ഹോമിയ്ക്കരുതെന്നും പറയുകയാണ്. തെറ്റ് ആർക്കും എപ്പോഴും സംഭവിയ്ക്കാം. . എങ്കിലും നാം കരുതലോടെ നീങ്ങിയാൽ പൊല്ലാപ്പുകൾ ഇല്ലല്ലോ. അതുകൊണ്ട് വിവാഹേതര ലൈംഗിക ബന്ധം ഒഴിവാക്കാൻ പറ്റാത്തവർ സൂക്ഷിച്ച്............. ഒരു സാമൂഹ്യ അംഗീകാരമില്ലാത്ത ജനനം ഒഴിവാക്കാനുള്ള മുൻ കരുതലുകളോടെ വേണം അതു ചെയ്യാൻ. അല്ലാതെന്തു പറയാൻ! എങ്കിലും അടിവരയിട്ടു പറയട്ടെ; ജീവിതത്തിൽ എപ്പോഴും സമൂഹം അംഗീകരിച്ചിട്ടുള്ള സദാചാര സങ്കല്പങ്ങൾ പാലിച്ച് സ്വയം നിയന്ത്രിതരായി മുന്നോട്ടു നീങ്ങിയാൽ ടെൻഷനുകൾ ഇല്ലാതെ ജീവിയ്ക്കാം. ഓർക്കുക തെറ്റുകൾ ശരിയായ മാനസികാരോഗ്യത്തിനു ഹാനികരമാണ്.
ഈ കുറിപ്പ് എഴുതാനുള്ള കാരണം ഒരു പത്ര വാർത്തയാണ്. ഒരു പെൺകുട്ടി; എവിടുത്തെ, ഏതു പെൺകുട്ടി എന്നതൊന്നും പ്രശ്നമല്ല. അതും ഒരു പൊതു പ്രവർത്തക. ഒരു മാസം ഈ കുട്ടിയെ കാണാതായത്രേ. എന്നാൽ ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി ഒരു ചോര കുഞ്ഞുമായി ഒരു അനാഥാലയത്തിൽ പ്രത്യക്ഷപ്പെട്ടു. ആ പത്രവാർത്ത ധ്വനിപ്പിയ്ക്കുന്നത് ആ പെൺകുട്ടി നയിച്ചിരുന്ന അസാന്മാർഗിക ജീവിതത്തെയാണ്. അതെന്തോ ആകട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ എന്തുമാകട്ടെ. നമ്മുടെ ചില മാധ്യമങ്ങളുടെ മാതിരി അതൊന്നും ചികഞ്ഞു പോകാൻ ഞാൻ ആളല്ല. അസാന്മാർഗിക പ്രവൃത്തികൾ ആശാസ്യമല്ലതന്നെ. അതു പ്രോത്സാഹന ജനകവുമല്ല.
എന്നാൽ ആ വാർത്ത വായിച്ചപ്പോൾ ഞാൻ വേറൊരു കാര്യമാണ് ചിന്തിച്ചത്. അതായത്, നമുക്കറിയാമല്ലോ തൊട്ടതിനും പിടിച്ചതിനും എല്ലാം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. മിക്കതിന്റെയും കാരണം മാനഹാനിയും മറ്റുമാണു താനും. വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലി പോലും ആത്മഹത്യകൾ ഉണ്ടാകുന്നു. ഇനി ഒത്തിരി വലിയ പ്രശ്നങ്ങൾ തന്നെ ആയാലും എന്തിന് ആത്മഹത്യ ചെയ്യുന്നു? ആ ഒരു ടെന്റൻസിയുള്ളവർ ഇതു മനസ്സിലാക്കണം. ആ വാർത്തയ്ക്കാധാരമായ സംഭവത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞിരിയ്ക്കുകയാണ്.
വിവാഹം കഴിയ്ക്കാതെ ഗർഭം ധരിച്ചുപോയ ആ വാർത്തയിലെ പെൺകുട്ടി, വയറ്റിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ല. കുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുട്ടി അപമാനം ഭയന്ന് ആത്മഹത്യ ചെയ്തില്ല. സംഭവിച്ചതു സംഭവിച്ചു. പിന്നെ വേവലാതിപ്പെട്ടിട്ട് എന്തു കാര്യം? തികച്ചും യാഥാർത്ഥ്യ ബോധത്തോടെ ആ പെൺകുട്ടി അതിനെ നേരിട്ടിരിയ്ക്കുന്നു എന്നു വേണം കരുതാൻ. അങ്ങനെ വേണം പെൺകുട്ടികൾ. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല പരിഹരിയ്ക്കേണ്ടത്. സംഭവത്തിലെ ഈ ഒരു പോസിറ്റീവ് (ക്രിയാത്മക) അംശം കാണാതെ അവരുടെ അസാന്മാർഗ്ഗിക ജീവിതത്തിലേയ്ക്കു മാത്രം ഫോക്കസ് ചെയ്യുന്നത് സംഭവത്തോടുള്ള നെഗറ്റീവ് അപ്രോച്ചിലുള്ള (നിഷേധാത്മകമായ ) ഒരു പ്രതികരണമായിരിയ്ക്കും. ആ പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയൊക്കെ തിരുത്തി ഇനിയും നല്ലൊരു ജീവിതം നയിക്കാൻ സാധിയ്ക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലൊരു ജീവിത വഴി തെളിഞ്ഞു കിട്ടട്ടെ എന്നും ആശംസിച്ചു കൊണ്ട് ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.
പിൻ കുറിപ്പ് : ഈ കുറിപ്പിനാധാരമായ സംഭവം ഒരു പ്രമുഖ പത്രത്തിൽ വന്നതായതുകൊണ്ടും ഈ പോസ്റ്റെഴുതാൻ ഒരു നിമിത്തമായതുകൊണ്ടുമാണ് ഇവിടെ പരാമർശിച്ചത്.
No comments:
Post a Comment