തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, February 17, 2010

ഗണപതിപ്പാറ ഗജമേള


ഗണപതിപ്പാറ ഗജമേള

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.















Tuesday, February 9, 2010

തിലകവിവാദം എങ്ങോട്ട് ?


തിലകന് ഊരുവിലക്ക് !


ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?


അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആ‍ർക്കും അവകാശമില്ല.


അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.


ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.


ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.


ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.


ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.


സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.


ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.

Sunday, February 7, 2010

2010 ഫെബ്രുവരി വാർത്തകൾ

2010 ഫെബ്രുവരി വാർത്തകൾ

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 21: പെരുംകുന്നം എസ്.എസ് മൻസിലിൽ ബദറുദീന്റെയും, സൌദാബീവിയുടെയും മകൻ സുധീറും, തലവിള കുടവൂർ എസ്.എൻ മൻസിലിൽ ഷറഫുദീന്റെയും, ആരിഫാ ബീവിയുടെയും മകൾ നുസ്റത്തും തമ്മിലുള്ള വിവാഹം ഫെബ്രുവരി 21-ന് കാട്ടുചന്ത വി.കെ.ആർ ആഡിറ്റോറിയത്തിൽ.

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 18: നെടുമ്പാറ ആയിരവില്ലി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 18, 19.

മരണം

കിളിമാനൂർ, ഫെബ്രുവരി 18: ഫ്രാക്ക് ( ഫെഡറേഷൻ ഓഫ് ദ റെസിഡന്റ്സ് അസോസിയേഷൻ കിളീമാനൂർ) ജനറൽ സെക്രട്ടറി ബേബിഹരീന്ദ്രദാസിന്റെ അമ്മ മരണപ്പെട്ടു.

മരണം

ആലംകോട്‌, ഫെബ്രുവരി 18 : തട്ടത്തുമല മറവക്കുഴി സുൽഫിക്കറിന്റെ (ആലുമ്മൂട്) ഭാര്യാ സഹോദരൻ അപകടത്തിൽ മരിച്ചു(ആലംകോട്).

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.


വിവാഹം

ജാസ്നയും ഫിറോസ്ഖാനും

തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)


മരണം

ശ്രീ. ഭുവനചന്ദ്രൻ മരണപ്പെട്ടു.

തട്ടത്തുമല, ഫെബ്രുവരി 6: തട്ടത്തുമല പെരുംകുന്നം കുന്നിൽ വാസുദേവൻ അവർകളുടെ മരുമകൻ ( മകളുടെ ഭർത്താവ്) തട്ടത്തുമല മണലേത്തു പച്ച ജംഗ്ഷനിൽ താമസിക്കുന്ന ഭുവനചന്ദ്രൻ നായർ ഹൃദയാഘാദം മൂലം മരണപ്പെട്ടു.

മതപ്രഭാഷണം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളിയില്‍ ഇന്ന് മുതല്‍ ഏതാനും ദിവസത്തേയ്ക്ക് മതപ്രഭാഷണ പരമ്പര ആരംഭിച്ചു.

മരണപ്പെട്ടു

തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശാസ്താം പൊയ്ക എസ്.എൻ എന്നറിയപ്പെടുന്ന സാജുദീന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് നിലമേലുള്ള സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നലെയാണ് ബോഡി ആളുകൾ കണ്ടത്. മരണം നടന്ന ദിവസം കൃത്യമായി അറിയില്ല. കടയ്ക്കൽ ഗവർണ്മെന്റ് ആശുപത്രിയിൽ പോസ്റ്റു മാർട്ടത്തിനു ശേഷം ചടയമംഗലം മുസ്ലിം ജമാ-അത്ത് പള്ളി ഖബർ സ്ഥാനിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഖബറടക്കം നടന്നു.


വിവാഹങ്ങള്‍

റാസിയും സജ്മിയും

വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ റാസി മൻസിലിൽ ഷാഹുൽ ഹമീദിന്റെയും ഖദീജയുടെയും മകൻ റാസിയും പോങ്ങനാട് ആരൂർ മുളയ്ക്കലത്തുകാവ് പള്ളിക്കുന്നിൽ വീട്ടിൽ മുഹമ്മദ് റഷീദിന്റെയും ബീമയുടെയും മകൾ സജ്മിയും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 1 തിങ്കളാഴ്ച കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ (മുൻ എസ്.എൻ.വി തിയേറ്റർ). എസ്.എൻ.വി തിയേറ്റർ ഹാളാക്കിയ ശേഷം രണ്ടാമത്തെ കല്യാണമാണിത്. കെ.എസ്.എഫ്.ഇ കിളിമാനൂർ ശാഖയിലെ കളക്ഷൻ ഏജന്റാണ് റാസി.

Tuesday, February 2, 2010

കൊച്ചിൻ ഹനീഫയ്ക്ക് ആദരാഞ്ജലികൾ!

അന്തരിച്ച
പ്രശസ്ത ചലച്ചിത്ര നടൻ
കൊച്ചിൻ ഹനീഫയ്ക്ക്
ആദരാഞ്ജലികൾ!