തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, December 22, 2010

2010 ഡിസംബർ വാർത്തകൾ


2010
ഡിസംബർ വാർത്തകൾ

താലൂക്ക്
ലൈബ്രറി കൌൺസിൽ കലോത്സവം

ചിറയിൻ
കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ കലോത്സവം 2010 ഡിസംബർ 26, 28, 29 തീയതികളിൽ ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്നു. കലോത്സവം ആറ്റിങ്ങൽ നഗരസഭാ ചെയർപേർസൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. തട്ടത്തുമല കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിനെ പ്രതിനിധീകരിച്ച് വിവിധമത്സങ്ങളിൽ പങ്കെടുത്ത മത്സരാർത്ഥികൾ വിവിധ സമ്മാനങ്ങൾ നേടി. എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ്, അദേഴ്സ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കവിതാരചന, പ്രസംഗം, നാടൻപാട്ട്, പദ്യംചൊല്ലൽ , ക്വിസ്, കഥാപ്രസംഗം, മോണോആക്റ്റ് , സമൂഹഗാനം തുടങ്ങിയ വിവിധയിനങ്ങളിൽ കെ.എം. ലൈബ്രറിയ്ക്ക് സമ്മാനങ്ങൾ ഉണ്ട്. , മത്സരത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. മൂന്ന് ഫോട്ടോകൾ മാത്രം നൽകുന്നു.
കലോത്സവത്തിൽ കെ.എം. ലൈബ്രറിയെ പ്രതിനിധീകരിച്ച് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് തട്ടത്തുമല വാർഡ് (ഒന്നാം വാർഡ്) മെംബർ അംബികകുമാരി ലളിതഗാന മത്സരത്തിൽ പാടുന്നു

അനഘ പാടുന്നു

സമാപന സമ്മേളനം വി.കെ മധു ഉദ്ഘാടനം ചെയ്യുന്നു.



ഗ്രാമ സഭ

തട്ടത്തുമല, ഡിസംബർ 22: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ ഡിസംബർ 22 ബുധനാഴ്ച രാവിലെ 10 30-ന് തട്ടത്തുമല ന്യൂസ്റ്റാ‍ർ കോളേജിൽ നടന്നു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെംബെർ അംബികാ കുമാരി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം . ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനനി കോൺഗ്രസ്സ് നേതാവ് എം. എം ബഷീർ തുടങ്ങിയവർ സംസാരിച്ചു. ദീപ കൃതജ്ഞത രേഖപ്പെടുത്തി.

ദീപശിഖാ പ്രയാണത്തിന് വൻ വരവേല്പ് നൽകി

തട്ടത്തുമല, 2010 ഡിസംബർ 17 : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന അൻപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണത്തിന് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ വരവേല്പ് നൽകി. ഇന്ന് രാവിലെ തിരുവല്ലയിൽ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്.

ഉച്ചയ്ക്ക് 12-30-ന് തട്ടത്തുമല ജംഗ്ഷനിൽ എത്തിയ ദീപ ശിഖാ പ്രയാണത്തെ .സമ്പത്ത് എം.പി, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജേന്ദ്രൻ, ആർ.പി.രജിത, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. താജുദീൻ
അഹമ്മദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രഘുനാഥൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ബാൻഡ് മേളത്തിന്റെയും സ്കൌട്ട് പരേഡിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, കൈലാസംകുന്ന് പാർവ്വതിവിലാസം എൽ. പി. എസ് എന്നീ സ്കൂളുകളിലെ കുട്ടികളും അദ്ധ്യാപകരും ഘോഷ യാത്രയായെത്തിയാണ് ദീപശിഖാ പ്രയാണത്തെ വരവേറ്റത്.

പോലീസിനും മാധ്യമ പ്രവർത്തകർക്കും പുറമേ വൻ ജനാവലി തത്സമയം തട്ടത്തുമല ജംഷനിൽ സ്വീകരണത്തിന് എത്തിച്ചേർന്നിരുന്നു.