പു.ക.സ കൺവെൻഷൻ
കിളീമാനൂർ, 2012 ഏപ്രിൽ 29: പുരോഗമന കലാ സാഹിത്യ സംഘം കിളിമാനൂർ മേഖലാ കൺവെൻഷനും സെമിനാറും കിളിമാനൂർ ടൌൺ ഹാളിൽ (മിനി ഹാൾ) നടന്നു. എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളായി എം. നാരായണൻ (പ്രസിഡന്റ്), സജ്ജനൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ബാലസംഘം കലോത്സവം
കിളീമാനൂർ 2012 ഏപ്രിൽ 29: ബാലസംഘം പഴയകുന്നുമ്മേൽ മേഖലാ കലോത്സവം കിളിമാനൂർ ടൌൺ യു.പി.എസിൽ നടന്നു. ഗംഭീരമായിരുന്നു.
ഫ്രാക്ക് വാർഷികം
കിളീമാനൂർ, 2012 ഏപ്രിൽ 29: ഫെഡറേഷൻ ഓഫ് ദി റെസിഡന്റ്സ് അസോസിയേഷൻ (ഫ്രാക്ക്) വാർഷിക സമ്മേളനം കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ.സമ്പത്ത് എം.പി ഉഘാടനം ചെയ്തു. രാവിലെ മുതൽ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.ആളുകളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. ഹാൾ നിറഞ്ഞ് കവിഞ്ഞ സദസ്സായിരുന്നു. ഇക്കാലത്ത് സ്ത്രീകളടക്കം ഇത്രയും ആളുകളുടെ പങ്കാളിത്തം ഒരു നേട്ടം തന്നെയാണ്.
എം.ആർ.എയ്ക്ക് അവാർഡ്
കിളിമാനൂർ, 2012 ഏപ്രിൽ 29: ഫ്രാക്കിന്റെ (ഫെഡറേഷൻ ഓദ് ദ റെസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ) വാർഷികാഘോഷത്തിന്റെ ഭാഗമായി ഏറ്റവും നല്ല പ്രവർത്തനത്തിന് അംഗ സംഘടനകൾക്ക് ഏർപ്പെടുത്തിയ അവാർഡിൽ മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന് രണ്ടാം സ്ഥാനം ലഭിച്ചു. എം.ആർ.എ പ്രവർത്തകർ രാത്രി ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനത്തിൽ ആഘോഷപൂർവ്വമാണ് ട്രോഫി കൊണ്ടു പോയത്
ഡി.വൈ.എഫ്.ഐ & ഫ്രണ്ട്സ് സാംസ്കാരിക സമ്മേളനം
തട്ടത്തുമല, 2012 ഏപ്രിൽ 7: നെടുമ്പാറ പാറക്കട ഡി.വൈ.എഫ്.ഐ യും ഫ്രണ്ട്സ്
യുവജനവേദിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികസദസ്സും
അനുബന്ധപരിപാടികളും പാറക്കട ജംഗ്ഷനിൽ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ
കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, കൃഷ്ണൻ കുട്ടി
മടവൂർ എന്നിവർ പ്രസംഗിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.
അഡ്വ.എസ്.ജയച്ചന്ദ്രൻ, അഡ്വ.ശ്രീകുമാർ, പി.പി.ബാബു, ഇ.എ.സജിം എന്നിവർ
സംസാരിച്ചു. പി.റോയ്, ബി.ജയതിലകൻ നായർ, ബെന്നി തുടങ്ങിയവരും പങ്കെടുത്തു.
എം.ആർ. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. സരിൻ കുമാർ സ്വാഗതവും പ്രകാശ്
നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനനതപുരം രാഗലയയുടെ ഗാനമേളയും നടന്നു.
പരിപാടിയുടെ മുഖ്യ ഇനം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യൂണിഫോം വിതരണവും
ധനസഹായ വിതരണവും ആയിരുന്നു.അഡ്വ. എസ്. ജയച്ചന്ദ്രനും മറ്റ് അതിഥികളും
ഇവയുടെ വിതരണകർമ്മം നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐയും ഫ്രണ്ട്സും ചേർന്ന്
ശേഖരിച്ച് തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ
നടന്നു. ഇത് കെ.എസ്. സുനിൽ കുമാർ ആണ് നിർവഹിച്ചത്.
കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും മറ്റും നൽകുന്നതിലേയ്ക്ക്
യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തപസ്സ് പതിനയ്യായിരം രൂപ
സംഭാവന നൽകിയിരുന്നു. തപസിനെ പ്രതിനിധീകരിച്ച് പി.പി. ബാബു ചടങ്ങിൽ
പങ്കെടുത്തു. സംഘാടന മികവുകൊണ്ട് പരിപാടികൾ ഗംഭീരമായി. ഈ വാർത്തയെഴുതുമ്പോൾ
അവിടെ ഗാനമേള നടക്കുകയാണ്.
മരണം: ബഷീർ (മാഞ്ചിമല)
കിളിമാനൂർ, 2012 ഏപ്രിൽ 6: തട്ടത്തുമല മാഞ്ചിമല എന്നറിയപെടുന്ന കുടുംബത്തിൽ
ഉൾപ്പെട്ട ബഷീർ മരണപ്പെട്ടു.കിളിമാനൂർ ടൌൺ പള്ളിയ്ക്ക് സമീപമായിരുന്നു
താമസം. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടടുപ്പിച്ചാണ് മരണം സംഭവിച്ചത്.
രാത്രി വീട്ടിൽ റ്റി.വിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കവേ ഹൃദയാഘാതം
സംഭവിച്ചതിനെത്തുടർന്ന് കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് ഒരു അറ്റാക്ക്
വന്നിട്ടുള്ളതാണ്. ഗൾഫിലായിരുന്ന ഇദ്ദേഹം കുറച്ചുകാലമായി നാട്ടിൽ കൃഷിയും
ബ്വിസിനസും മറ്റുമായി കഴിയുകയായിരുന്നു. കിളീമാനൂർ മഹാദേവേശ്വരത്ത് റബ്ബർ
ഡീലർ കട നടത്തിയിരുന്നു. തട്ടത്തുമലയിൽ “മാഞ്ചിമലക്കാർ“ എന്നപേരിൽ
അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ ബഷീർ വിവാഹശേഷം കുടുംബമായി കിളിമാനൂരിൽ
താമസമാക്കുകയായിരുന്നു. പരേതന്റെ ഖബറടക്കം ഉച്ചയോടെ തട്ടത്തുമല മുസ്ലിം
ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.
മരണം: അബ്ദുൽ മജീദ്
തട്ടത്തുമല, 2012 ഏപ്രിൽ 4: തട്ടത്തുമല പഴയ ചന്തയ്ക്ക് സമീപം ജെ.ജെ മൻസിലിൽ താമസിക്കുന്ന റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അബ്ദുൽ മജീദ് മരണപ്പെട്ടു. ( റേഷൻകടകുടുംബാംഗം; തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റ് അഷ്‌റഫിന്റെ സഹോദരീ ഭർത്താവും , ജസാർ, ജലീൽ, ജസാം എന്നിവരുടെ പിതാവുമാണ്.) ഖബറടക്കം ഉച്ചയ്ക്ക് തട്ടത്തുമല മുസ്ലിൽ ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.
സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്
2012 ഏപ്രിൽ 4: സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ് പ്രതിനിധി സമ്മേളനം
കോഴിക്കോട്ട് ആരംഭിച്ചു. ഇന്നലെ പതാക ഉയർന്നതോടെ സമ്മേളനത്തിന് ഔപചാരിക
തുടക്കമായി.
തട്ടത്തുമല സ്കൂളീൽ ഇംഗ്ലിഷ് മീഡിയം ആരംഭിക്കുന്നു
തട്ടത്തുമല,
2012 ഏപ്രിൽ 3: ഈ 2012- 13 അദ്ധ്യയന വർഷം മുതൽ തട്ടത്തുമല ഗവ.
എച്ച്.എസ്.എസിൽ ഇംഗ്ലീഷ് മീഡിയം (സ്റ്റേറ്റ് സിലബസ്) ആരംഭിക്കുകയാണ്.
അഞ്ചാം സ്റ്റാൻഡാർഡിലും എട്ടാം സ്റ്റാൻഡാർഡിലുമാണ് ഇപ്പോൾ ഇംഗ്ലീഷ് മീഡിയം
ഡിവിഷനുകൾ ആരംഭിക്കുന്നത്. സമീപ പ്രദേശത്തെ മിക്ക സർക്കാർ-എയ്ഡഡ്
സ്കൂളുകളിലും മുമ്പേതന്നെ ഇംഗ്ലിഷ് മീഡിയം ക്ലാസ്സുകൾ
തുടങ്ങിയിരുന്നെങ്കിലും തട്ടത്തുമല സ്കൂളിൽ ഇപ്പോൾ മാത്രമാണ് ഇത്
ആരംഭിക്കുവാനായത്. ഇംഗ്ലീഷ് മീഡിയം പഠിക്കാൻ ആഗ്രഹിക്കുന്ന തട്ടത്തുമല
പ്രദേശത്തെ കുട്ടികൾ ഇതുവരെ മറ്റ് പ്രദേശങ്ങളിലെ സർക്കാർ -എയ്ഡഡ്-അൺ
എയ്ഡഡ് മേഖലയിലെ പല സ്കൂളുകളിലേയ്ക്കായി ചിന്നിച്ചിതറി പോകുകയായിരുന്നു.
ഇതിന് ഭാവിയിൽ ഇനി ഒരറുതി വരും എന്നു പ്രതീക്ഷിക്കാം. തട്ടത്തുമല സ്കൂളീൽ
ഇംഗ്ലീഷ് മീഡിയം ഓപ്ഷനില്ലെന്നു പറഞ്ഞാണ് പ്രദേശത്തെ പല
രക്ഷകർത്താക്കളും കുട്ടികളെ മറ്റ് പല സ്കൂളൂകളിലും ചേർത്തുകൊണ്ടിരുന്നത്.
ഇത് തട്ടത്തുമല സ്കൂളീലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ
കുറവുവരുത്തിയിരുന്നു. ഇംഗ്ലീഷ് മീഡിയം തട്ടത്തുമലയിലും തുടങ്ങുവാനുള്ള
തീരുമാനത്തെ നാട്ടുകാരും രക്ഷകർത്താക്കളും കുട്ടികളും പരക്കെ സ്വാഗതം
ചെയ്തിട്ടുണ്ട്.
നിലമേലിൽ ഇ.എം.എസ് അനുസ്മരണം നടന്നു
നിലമേൽ,
2012 ഏപ്രിൽ 1: നിലമേൽ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ്
അനുസ്മരണ സെമിനാറും കവിയരങ്ങും നടന്നു. ഇ.എം.എസ് ഭരണാധികാരിയും ചിന്തകനും
എന്നതായിരുന്നു സെമിനാറിന്റെ വിഷയം. വൈകുന്നേരം അഞ്ച് മണിയ്ക്ക് നിലമേൽ
സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സെമിനാറിൽ മടത്തറ സുഗതൻ,
ഡോ.തട്ടത്തുമല ഷറഫുദീൻ (കേരള സർവ്വകലാശാലാ ചരിത്രവിഭാഗം അദ്ധ്യക്ഷൻ),
കിളിമാനൂർ ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പി.കെ.രമണൻ
അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിൽ പ്രൊ.കുമ്മിൾ സുകുമാരൻ, കല്ലറ അജയൻ, ശശി
മാവിൻമൂട്, മടവൂർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. വയലാർ എഴുതിയ
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു....” എന്ന ഗാനം പ്രശസ്ത ഗായകൻ നിലമേൽ സംഗീത്
ആലപിച്ചു. എം. ഹാഷിം സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.