തട്ടത്തുമല നാട്ടുവർത്തമാനം

Friday, July 27, 2012

കുരീപ്പുഴയെത്തി; കുട്ടികൾ ഉഷാറായി!


കുരീപ്പുഴയെത്തി; കുട്ടികൾ ഉഷാറായി!

2012 ജൂലായ് 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ കവി കുരീപ്പുഴ ശ്രീകുമാറെത്തി. ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഒരു അനുമോദന സമ്മേളനത്തിനാണ് അദ്ദേഹം എത്തിയത്. പാട്ടും പറച്ചിലുമായി ഒരു മണിക്കൂറോളം കുരീപ്പുഴ കുട്ടികൾക്ക് അറിവും സന്തോഷവും നൽകി. സ്കൂൾ വികസന സമിതി സ്പോൺസർ ചെയ്തതായിരുന്നു പരിപാടി. ലളീതമെങ്കിലും പ്രിയ കവിയുടെ സാന്നിദ്ധ്യം കൊണ്ട് പരിപാടീ പ്രൌഢ ഗംഭീരമായി. കൊട്ടിയും പാടിയുമാണ് കുട്ടികൾ കവിയെ വരവേറ്റത്.  കൈകൊട്ടും   നാടൻ പാട്ടുകളുടെ കൂട്ട ആലാപനവുമായി  കുട്ടികൾ അവരുടെ ഈ ഇഷ്ട കവിയെ കാത്തിരിക്കുകയായിരുന്നു. കുരീപ്പുഴ മൈക്കിനു മുന്നിൽ എത്തുമ്പോൾ തന്നെ  ഇഷ്ടകവിതകൾ  കവിയെക്കൊണ്ട് ചൊല്ലിക്കുവാൻ  കുട്ടികൾ മത്സരിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. തങ്ങൾക്ക് മലയാളപാഠപുസ്തകത്തിൽ  പഠിക്കാനുള്ള കവിതയെഴുതിയ കവിയെ നേരിട്ട് കണ്ടതിന്റെ കൌതുകം കൂടിയായപ്പോൾ കുട്ടികൾ ആവേശഭരിതരാകുകയായിരുന്നു. കുട്ടികൾപ്പൊപ്പം കുരീപ്പുഴയുടെ സർഗ്ഗ സല്ലാപത്തിന്റെ കൂടി നിമിഷങ്ങളായിരുന്നു സദസ്സ് അനുഭവിച്ചറിഞ്ഞത്.

ബാലസംഘം  തിരുവനന്തപുരം  ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രൊ. എ.സുധാകരൻ സ്മാരക  കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തട്ടത്തുമല ഗവ.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സുതിനാ സുഗതനെയും,  ഡോക്ടറേറ്റ് നേടിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ബി.എൽ.വിനുവിനെയും അനുമോദിക്കുന്നതിന്  തട്ടത്തുമല സ്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ   2012 ജൂലൈ 26- വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച്  അനുമോദന സമ്മേളനം നടന്നു.  ഈ അനുമോദന സമ്മേളനത്തിൽ  വിശിഷ്ടാതിഥിയായി വന്നതാണ് കുരീപ്പുഴ ശ്രീകുമാർ. കഥാരചനയ്ക്ക് സമ്മാനം നേടിയ സുതിനയ്ക്ക് സ്കൂൾ വികസന സമിതി വാങ്ങി നൽകിയ ബഷീർ കൃതികൾ അടങ്ങുന്ന പുസ്തകക്കെട്ടും,  ഡോ.വിനുവിന് സ്കൂൾവക ഷീൽഡും കുരീപ്പുഴ ശ്രീകുമാർ നൽകി.

No comments: