ഫൂട്ട് ബാൾ
ലോകത്ത് നിരവധിയായിട്ടുള്ള കായിക വിനോദങ്ങൾ ഉണ്ട്. അവയിൽ ചിലത് ലോകവ്യാപകമായിത്തന്നെ പ്രചുരപ്രചാരം നേടിയിട്ടുള്ള ജനപ്രിയ കായികവിനോദങ്ങളാണ്. ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്ന നിരവധി കായികവിനോദങ്ങൾ വേറെയുമുണ്ട്. ഓരോ രാജ്യവും കായിക രംഗത്ത് അവരുടേതായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്.
ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതൽ ജനപ്രിയതയും പ്രചാരവുമുള്ള രണ്ട് കായിക വിനോദങ്ങൾ ക്രിക്കറ്റും ഫൂട്ട്ബാളും ആണ്. യഥാർത്ഥത്തിൽ ക്രിക്കറ്റ് ഇന്നത്തെ രൂപത്തിൽ ആളുകളിൽ ഒരു ജ്വരമായി മാറുന്നതിനും എത്രയോ മുമ്പ് തന്നെ ലോകത്ത് ജനപ്രിയത നേടിയ ഒരു കായിക വിനോദം ഫൂട്ട് ബാൾ ആണ്. ഇന്നും ലോകത്തെ പ്രബലമായ നല്ലൊരുപങ്ക് രാഷ്ട്രങ്ങളിലും ക്രിക്കറ്റിനേക്കാൾ പ്രചാരവും ജനപ്രിയതയും ഫൂട്ട്ബാളിനുണ്ട് എന്നതാണ് യാഥാർത്ഥ്യം. ക്രിക്കറ്റ് പോലെയോ അതിൽ നിന്നും അല്പം കൂടുതലായോ ജനങ്ങളിൽ ആവേശം സൃഷ്ടിക്കുന്ന കളിയാണ് ഫൂട്ട് ബാൾ.
പുരാതന കാലത്തോളം പഴക്കമുള്ള ഒരു കളിയാണ് ഫൂട്ട്ബാൾ. പുരാതന ഗ്രീസിലും പുരാതന റോമിലും ബാൾ കൊണ്ടുള്ള പല കളികളും നിലവിലിരുന്നു. പ്രത്യേകിച്ചും കാൽകൊണ്ട് ബാൾ തട്ടിക്കളിക്കുന്നവ. ഇവയിൽ ചിലതിനെ ഫൂട്ട് ബാളിന്റെ ആദ്യകാല രൂപങ്ങളായി കണക്കാക്കാം. പുരാതന മെസപ്പട്ടോമിയയിലും ചൈനയിലും എല്ലാം ഫൂട്ട് ബാളിന്റെ ആദ്യകാല രൂപങ്ങൾക്ക് നല്ല പ്രചാരമുണ്ടായിരുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും കാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വളരെ പണ്ടുമുതലേ ഈ കളിയ്ക്ക് പ്രചാരമുണ്ട്. നമ്മുടെ ഇന്ത്യയിലും ഫൂട്ട്ബാളിന് പണ്ട് മുതൽക്കേ ജനപ്രിയതയുണ്ട്.
ഇന്ന് ലോകത്തെല്ലായിടത്തും ഏകസമാനമായ നിയമങ്ങളിൽ അധിഷ്ഠിതമായ ഒരു കളിയായി ഫൂട്ട് ബാൾ മാറിയിരിക്കുന്നു. ലോകത്തെവിടെയുമുള്ള ആളുകൾ ഒരു പോലെ ആസ്വദിക്കുന്ന ഒരു കായികകലാരൂപമായി ഫൂട്ട്ബാളിനെ നമുക്ക് കരുതാവുന്നതാണ്. യഥാർത്ഥത്തിൽ ലോകവ്യാപകമായ ജനപ്രിയതയുടെ കാര്യത്തിൽ ക്രിക്കറ്റിനേക്കാൾ മുമ്പിൽ ഉള്ളത് ഫൂട്ട് ബാൾ ആണ്. നമ്മുടെ രാജ്യത്തടക്കം ലോകത്തെ ചില രാജ്യങ്ങളിൽ ക്രിക്കറ്റിന് ഫൂട്ട് ബാളിനേക്കാൾ പ്രചാരം ഉണ്ടെന്നത് നിഷേധിക്കുന്നില്ല്ല. എങ്കിലും ഫൂട്ട്ബാൾ ആണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള കളി.
ഫൂട്ട് ബാളിന്റെ പ്രമോഷനുവേണ്ടി പതിനെട്ടാം നൂറ്റാണ്ടുമുതൽ തന്നെ നിരവധി സംഘടനകൾ രൂപം കൊണ്ടിരുന്നു. ഇന്ന് ധാരാളം അന്തർദ്ദേശീയ ഫൂട്ട് ബാൾ അസോസിയേഷനുകൾ ഉണ്ട്. നിരവധി മത്സരങ്ങൾ ലോകത്താകമാനം നടക്കുന്നു. രാജ്യാന്തര ഫൂട്ട് ബാൾ കളികളിൽ ജയിക്കുക എന്നത് ഓരോ രാജ്യങ്ങളും വലിയ അഭിമാനമായി കരുതുന്നുണ്ട്. ലോകത്ത് എത്രയോ ഫൂട്ട് ബാൾ മാമങ്കങ്ങൾതന്നെ ഇന്ന് നടക്കുന്നുണ്ട്. കായിക വിനോദങ്ങൾക്ക് ഇന്ന് ഒരു വിനോദം എന്നതിലുപരി വലിയ പ്രാധാന്യമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള സൌഹൃദങ്ങൾ വളർത്തിയെടുക്കുന്നതിൽ കായിക വിനോദങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അന്തർദ്ദേശീയ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുവാൻ കായിക വിനോദങ്ങൾ സഹായിക്കുന്നുണ്ട്.
ലോകത്തിനു മൊത്തമായ ഒരു പൊതു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കായിക വിനോദങ്ങൾക്ക് വലിയ പങ്കുണ്ട്. ശത്രുരാജ്യങ്ങൾ തമ്മിൽ പോലും മഞ്ഞുരുക്കാൻ കായിക ബന്ധങ്ങൾ സഹായിക്കും. പല പരസ്പരമുള്ള രാഷ്ട്രീയ പ്രശ്നങ്ങളും നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിൽ പോലും കായിക വിനോദങ്ങൾ നടക്കുകയും പരസ്പരം സൌഹൃദപ്പെടുകയും ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് വിവിധരാജ്യങ്ങളെക്കുറിച്ചും അവരുടെ സംസ്കാരങ്ങളെക്കുറിച്ചും എല്ലാം പരസ്പരം അറിയാൻ രാജ്യാന്തര കായികബന്ധങ്ങൾ സഹായിക്കുന്നു.
കായികവിനോദങ്ങൾക്ക് ജാതിമത വർണവർഗ്ഗ ദേശഭാഷാ വ്യത്യാസങ്ങൾ ഇല്ല. എല്ലാവരും അവ ഇഷ്ടപ്പെടുന്നു. കായികവിനോദങ്ങളിലും മത്സരങ്ങളിലും ഏർപ്പെടുന്നു. ജയവും പരാജയവും അല്ല അവിടെ പ്രധാനം. കായിക വിനോദങ്ങൾ എല്ലാം അവയിൽ ഏർപ്പെടുന്നവർക്കും അത് കാണുന്നവർക്കും മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നവയാണ്.
No comments:
Post a Comment