സ്കൂൾബസ്: ആലോചനായോഗം നടന്നു
തട്ടത്തുമല, 2013 ആഗസ്റ്റ് 31: തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു ബസ് വാങ്ങുന്നു. ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം ചേർന്നു. ബസ് വാങ്ങുന്നതിനായി ആറ്റിങ്ങൽ എം.എൽ.എ ബി. സത്യന്റെ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് രണ്ടേകാൽ ലക്ഷം രൂപയോളം സംഭാവന നൽകും. എന്നാൽ ഈ തുകകൊണ്ട് ഉദ്ദേശിക്കുന്ന ബസ് വാങ്ങാൻ കഴിയില്ല. ബാക്കി വരുന്ന തുക പിരിക്കണം. ആകെ കുറഞ്ഞത് പന്ത്രണ്ട് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 4-ന് സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഇന്നത്തെ യോഗത്തിൽ നിർദ്ധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. കാനഡയിൽ റിസർച്ച് സ്കോളറായ പൂർവ്വവിദ്യാർത്ഥി സിയാദും കൂട്ടുകാരും ചേർന്ന് ഏർപ്പെടുത്തിയ ധനസഹായം കൊണ്ടാണ് ഈ അഞ്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയത്. ബ്ലോക്ക് പ്ഞ്ചായത്ത് മെമ്പർ ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർ അംബികാ കുമാരി, അഡ്വ. എസ്. ജയച്ചന്ദ്രൻ, എം.എം.ബഷീർ, ആർ. വാസുദേവൻ പിള്ള, ബി.ജയതിലകൻ നായർ, പി.റോയ്, പള്ളം ബാബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
No comments:
Post a Comment