തട്ടത്തുമലയിലെ കൊലപാതകം
സംഭവം നടന്നത് 2019 ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ.
തട്ടത്തുമലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അടിപിടിക്കേസ് കൊലപാതകത്തിൽ കലാശിച്ചു. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടമായി. കൊല ചെയ്തവർ ജയിലിലുമായി. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അന്ത്യന്തം ദുഃഖകരം. അപലപനീയം. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾക്ക് ഒരേ തരം ദു:ഖമല്ലെങ്കിലും രണ്ടു കൂട്ടരെ സംബന്ധിച്ചും സമ്മാനിക്കുന്നത് ദുരന്തമാണ്. പ്രതികളായവർക്ക് ശേഷിക്കുന്ന നല്ല പ്രായമത്രയും ജയിൽ. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനുമാകില്ല. തീരാ ദുഃഖവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം. തലമുറകളോളം കൊലപാതകത്തിന്റെ അപഖ്യാതിയും പാപഭാരവുമായി ജീവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബം. ഒരാൾ ആരെയെങ്കിലും കൊല്ലുക എന്നു പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെത്തന്നെ ശിക്ഷികുന്നതിനു തുല്യമാണ്. കുടുംബത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്തവർ കൂടി പ്രതികളാക്കപ്പെടാനും പാപഭാരമേൽക്കാനും ഇടയാകും. നിസ്സാര പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുതർക്കങ്ങളിൽ അമിതാവേശം കാണിക്കുന്നവർക്ക് ഇതൊരു പാഠമാണ്. ആരും പിടിച്ചു മാറ്റാൻ കൂടിയില്ലാത്ത സ്ഥലത്തും അസമയത്തുമൊക്കെ വാക്കുതർക്കങ്ങളിലേർപെടുന്നതിന്റെ പരിണത ഫലം ഇരു ഭാഗത്തുള്ളവരും അനുഭവിക്കേണ്ടി വരും. ഒരു ബ്ലെയ്ഡ് തുണ്ടെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ആരോടും വാക്കുതർക്കത്തിലേർപ്പെടരുതെന്ന പാഠം കൂടി ഈ സംഭവം നൽകുന്നുണ്ട്. അത് ക്രിമിനൽ മൈൻഡ് ഉള്ളവരായാലും ഇല്ലാത്തവരായാലും. ഈ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവും പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒരു യുവാവും എന്റെ മുന്നിൽ കുറച്ചു ദിവസമെങ്കിലും ഇരുന്ന് പഠിച്ചിട്ടുള്ള കുട്ടികളാണെന്നാണ് എന്റെ ഓർമ്മ. അതു കൊണ്ടു തന്നെ ഇതെന്നിൽ വ്യക്തിപരമായിത്തന്നെ അലോസരമുണ്ടാക്കുന്നുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും ഓർക്കുക. നിങ്ങളുടെ അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കാവുന്ന ഒരു കൈപ്പിഴകൊണ്ട് ഒരു വിലപ്പെട്ട ജീവൻ നഷ്ടമായേക്കാം. ആ ജീവൻ തിരിച്ചുനൽകാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കൈപ്പിഴ നിങ്ങളെ ജയിലിലുമാകും. ജയിൽ ജീവിതം അത്ര സുഖകരമല്ല. അവിടെക്കിടന്ന് ഒന്നും വേണ്ടായിരുന്നുവെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ആരു മായി ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിയമപരമായോ മല സ്ഥതയിലൂടെയോ അവ പരിഹരിക്കപ്പെടാനള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. പിന്നെന്തിന് അക്രമം നടത്തുന്നു? എന്തെങ്കിലും ഒരു വിഷയം ഒരു സംഘട്ടനത്തിലേക്കും ഇതുപോലുള്ള ദാരുണ സംഭവങ്ങളിലേയ്ക്കുമൊക്കെ പരിണമിക്കുന്നതിനു മുമ്പ് അത് സമാധാനപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവർക്ക് ഒന്നു ശ്രമിച്ചു നോക്കാനെങ്കിലും അവസരം നൽകു. അല്ലെങ്കിൽ നിയമപരമായ പരിഹാരത്തിന് ശ്രമിക്കൂ. മേലിൽ ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിയുമ്പോഴാണല്ലോ പല കാര്യത്തിലും നമ്മൾ അലർട്ടാകുന്നത്! നമ്മുടെ നാടിന്റെ പാരമ്പര്യവും അന്തസ്സും സൽപേരും നിലനിർത്താൻ സാമൂഹ്യമായ ഒരു ജാഗ്രത നമുക്ക് ആവശ്യമായിരിക്കുന്നു. എന്ന് സസ്നേഹം ഞാൻ ഇ.എ.സജിം (ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ എഴുതിയിട്ട് വാട്ട്സ് ആപ്പിലും മറ്റുമൊക്കെ കോപ്പി പേസ്റ്റും ഷെയറും ചെയ്യുന്നതിനാലാണ് പേരു കൂടി സൂചിപ്പിച്ചത്)
കൊല്ലപ്പെട്ട സഞ്ജു എസ്