സ.ഗോപാലകൃഷ്ണൻ നായർ (പട്ടരണ്ണൻ) അന്തരിച്ചു

ചെറുപ്പം മുതൽക്കിങ്ങോട്ട് സി.പി.ഐ (എം) ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരിക്കുമ്പോഴും കാലിൽ ചെരിപ്പു പോലുമണിയാതെ മെൽഗാഡു പോലും എടുത്തുമാറ്റി ഭാരം കുറച്ച പഴയ സൈക്കിളുമായി സഞ്ചരിച്ചിരുന്ന തികഞ്ഞ ലാളിത്യത്തിനുടമയായിരുന്ന, അക്ഷോഭ്യനായ, സൗമ്യനായ, ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു സ.ഗോപാലകൃഷ്ണൻ നായർ. സി.പി.ഐ.(എം) മുൻ കിളിമാനൂർ ഏരിയാ സെക്രട്ടറി പി.ജി.മധുവുമൊത്ത്, ഒരാൾ സൈക്കിളിൻ്റെ മുന്നിലെ കമ്പിയിലും ഒരാൾ മെയിൻ സീറ്റിലുമിരുന്ന് ഇരട്ട സഹോദരന്മാരെ പോലെ യാത്ര ചെയ്യുന്ന പതിവുകാഴ്ച അക്കാലങ്ങളിൽ ഏവരിലും കൗതുകമുണർത്തിയിരുന്നു. ഇരുവരും പാപ്പാല സ്വദേശികളായിരുന്നു. അടിയന്തിരാവസ്ഥയുടെ വെല്ലുവിളികളിലും അടിപതറാതെ പാർട്ടിയെയും വർഗ്ഗ ബഹുജന സംഘടനകളെയും നയിച്ച ഇവർ കിളിമാനൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സ.കെ.എം.ജയദേവൻ മാസ്റ്ററുടെ വാത്സല്യത്തിലും തണലിലുമാണ് വളർന്നത്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പട്ടരണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ.ഗോപാലകൃഷ്ണൻ സൗമ്യവും സ്നേഹമസൃണവുമായ പെരുമാറ്റം കൊണ്ട് എതിർരാഷ്ട്രീയ ചേരിയിലുള്ളവരുടെയും പൊതുജനങ്ങളുടെയാകെയും സ്നേഹഭാജനമായിരുന്നു.
അധികാരദുർമോഹങ്ങളോ പാർളമെൻ്ററി വ്യാമോഹളോ ഇല്ലാതിരുന്ന സഖാവ് തൻ്റെ ഊഴങ്ങൾ സ്വയമേവ എത്തുന്നതുവരെ കാത്തിരുന്ന് ചുമതലകൾ ഏറ്റെടുത്തിരുന്ന സഖാവാണ്. എത്തിയതിലുമപ്പുറം സ്ഥാനലബ്ധികൾ പുറകെ വരേണ്ടതായിരുന്നെങ്കിലും വ്യക്തി ജീവിതത്തിലെ ചില താളപ്പിഴകളാലും അസുഖങ്ങളാലും പൊടുന്നനെ സജീവ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറുകയായിരുന്നു. ഈയുള്ളവൻ ബാലസംഘം, എസ്.എഫ്.ഐ എന്നിവയുടെ ഏരിയാ സെക്രട്ടറി, പാർട്ടി ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകൾ പലതും വഹിച്ചിരുന്ന കാലഘട്ടങ്ങളിൽ ഉടനീളം പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന പട്ടരണ്ണൻ്റെ വാത്സല്യങ്ങളും സ്നേഹ-ശാസനകളും ഉപദേശങ്ങളും ഏറെ ഏറ്റു വാങ്ങുകവഴി എന്നുമെൻ്റെ മനസ്സിൽ ഗുരുസ്ഥാനീയനായിരുന്നു . ഒരുത്തമ കമ്മ്യൂണിസ്റ്റുകാരൻ പാർടിയിലും സമൂഹത്തിലും കുടുംബത്തിലും ഏങ്ങനെയാ യിരിക്കണമെന്ന സഖാവിൻ്റെ ഗുരുവരുളുകൾ പാർട്ടി കമ്മിറ്റികളിലും നേരിട്ടും എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു! കമ്മ്യൂണിസ്റ്റുകാരൻ മദ്യപിച്ചാൽ ഭാര്യ പോലും അറിയരുതെന്ന ഉപദേശം നൽകിയ സഖാവിൻ്റെ ആത്മാർത്ഥമായ കമ്മ്യൂണിസ്റ്റ് ചിന്തയെ ഇന്നും വിലമതിക്കുന്നു.
സഖാവിൻ്റെ ആത്മനിയന്ത്രണങ്ങൾക്കപ്പുറം പിൽക്കാല ജീവിതത്തിലുണ്ടായ മാറ്റങ്ങളിൽ നാമെല്ലാം ഏറെ ദു:ഖിക്കുകയും സഖാവ് പൊതുജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അതുണ്ടായില്ലെങ്കിലും ജീവിതാന്ത്യം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റായും പ്രദേശത്തെ പഴയതും പുതിയതുമായ പാർട്ടി പ്രവർത്തകർക്ക് ഗുരുതുല്യനായും ജനനന്മയ്ക്കു വേണ്ടി പ്രവർത്തിച്ചും സ്വന്തം ജീവിതത്തിൻ്റെ നല്ലൊരു പങ്കും പട്ടരണ്ണൻ സാർത്ഥകമാക്കി. പാപ്പാലയിൽ എൻ്റെ പിതാവിൻ്റെ കുടുംബ വീടും സഖാവിൻ്റെ വീടും അടുത്തടുത്തായിരുന്ന കുടുംബബന്ധം കൂടി ഞങ്ങൾക്കുണ്ട്. സ.ഗോപാലകൃഷ്ണൻ നായർക്ക്, ഞങ്ങളുടെ സ്വന്തം പട്ടരണ്ണന് എൻ്റെയും വിശിഷ്യാ എൻ്റെ കുടുംബത്തിൻ്റെയും ആദരാഞ്ജലികൾ!
(ഇ.എ.സജിം തട്ടത്തുമല )
No comments:
Post a Comment