തട്ടത്തുമല നാട്ടുവർത്തമാനം

Friday, May 17, 2024

മരണം


വിജയൻ തട്ടത്തുമല മരണപ്പെട്ടു

കുട്ടിക്കാലത്ത് എന്നെ എടുത്തു കൊണ്ടു നടന്ന കാര്യം ഇടയ്ക്കിടെ ഓർമ്മപ്പെടുത്തും.  അതുകൊണ്ട് ഞാൻ സാറേന്ന് വിളിക്കില്ല. സജീന്ന് വിളിക്കുംന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കാറുണ്ടായിരുന്നു. അങ്ങനേ വിളിക്കാവൂന്ന് ഞാനും. ഒന്നും പ്രതീക്ഷിക്കാത്ത ആ സ്നേഹവും ഇനിയില്ല.

പോയി. പതിറ്റാണ്ടുകളായി തട്ടത്തുമല ജംഗ്ഷനിലെ സദാസാന്നിദ്ധ്യം. ഇവിടെ എല്ലാവരുമറിയുന്ന വിജയൻ. ചുമട്ട് തൊഴിലാളി. സി.ഐ.ടി.യു.

സ്നേഹവും കലഹവുമൊക്കെയായി തുടത്തുമലയിൽ ഏവർക്കും സുപരിചിതനായിരുന്നു.

 ആർക്കുമൊരുപദ്രവവുമില്ലാതെ ജോലി ചെയ്ത് ജീവിച്ചു പോന്നു. 

പരേതരായ സദാനന്ദൻ-പൊന്നമ്മ ദമ്പതികളുടെ മകൻ. 

സ്കൂൾ പഠനകാലം മുതൽ തട്ടത്തുമലയുടെ ഗതി-വിഗതികൾക്ക് സാക്ഷിയായുണ്ട്. ഒമ്പതാംക്ലാസ്സുവരെ പഠിച്ചതായാണറിവ്. വിദ്യാഭ്യാസത്തെക്കാൾ വലിയ ലോക വിജ്ഞാനമുണ്ടായിരുന്നു. സ്ഥിരം പത്രം വായിച്ചിരുന്നു. 

വർഷങ്ങൾക്ക് മുമ്പ് ഡ്രൈവിംഗ് പഠിക്കാനുള്ള ശ്രമവുമായി ജംഗ്ഷനിലെ ടാക്സികൾ കഴുകിയിരുന്നു. ഒരിക്കൽ ഒരു ഡ്രൈവർ ഇദ്ദേഹത്തിന് അല്പമൊക്കെ ഓടിക്കാനറിയുമെന്ന് കരുതി ജംഗ്ഷനടുത്ത് റോഡരികിലുള്ള കുളത്തിൽ നിന്ന് വെള്ളമെടുത്ത് കഴുകിയ കാർ ജംഗ്ഷനിലോട്ട് കൊണ്ടിടാൻ പറഞ്ഞു. 

കേട്ടപാതി കേൾക്കാത്ത പാതി സന്തോഷത്തിൽ കാറെടുത്ത് ജംഗ്ഷനിലേക്ക് തിരിച്ചു. ജംഗ്ഷനിലെ കൊടുംകൊക്കയിലേക്ക് കാർ മറിഞ്ഞു. വിജയണ്ണൻ അദ്ഭുതകരമായി ഒരു പരിക്കുമില്ലാതെ രക്ഷപെട്ടു. അതോടെ ഡ്രൈവിംഗ് സ്വപ്നങ്ങൾ ഉപേക്ഷിച്ചു. അല്ലെങ്കിൽ ഡ്രൈവിംഗ് ഒക്കെ പഠിച്ച് ജീവിതം മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചേനെ. 

ഇദ്ദേഹത്തിൻ്റെ പിതാവ് ചുമട്ടുതൊഴിലാളിയായിരുന്ന സദാനന്ദനും മാതാവ് പൊന്നമ്മയും ഒരു കാലഘട്ടത്തിൽ ഇവിടുത്തെ നാട്ടുകാർക്ക് ഏറെ  പ്രിയങ്കരരായിരുന്നു.  

കുട്ടിക്കാലത്ത് എന്നെ എടുത്തു കൊണ്ടു നടന്ന കാര്യം കാണുമ്പോഴൊക്കെ  പറയുമായിരുന്നു. അതുകൊണ്ട് ഞാൻ സാറേന്ന് വിളിക്കില്ല. സജീന്ന് വിളിക്കുംന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കാറുണ്ടായിരുന്നു. അങ്ങനേ വിളിക്കാവൂന്ന് ഞാനും. ഒന്നും പ്രതീക്ഷിക്കാത്ത ആ സ്നേഹവും ഇനിയില്ല.


ഉള്ളതുകൊണ്ടോണം പോലെ ജീവിക്കാൻ ശീലിച്ച തലമുറയിൽ ഒരാൾ കൂടി യാത്രയായി. ആദരാഞ്ജലികൾ!

No comments: