പ്ലസ് ടൂവിലെയും , എസ്.എസ്.എൽ സിയുടെയുംപല വിഷയത്തിന്റെയും ചോദ്യ പേപ്പറുകൾ കുട്ടികളെ പേടിപ്പിക്കുക തന്നെ ചെയ്തു. പാഠപുസ്തകങ്ങളെക്കാലും വലിപ്പമുള്ള ബൂക്ക് ലെറ്റുകളാണ് ചോദ്യപ്പേപ്പറുകൾ എന്നാണ് കുട്ടികളുടെ പരാതി. അതും പ്രയാസമേറിയ ചോദ്യങ്ങൾ. പിറ്റേന്നു പത്രങ്ങളിൽ ചിലർ എഴുതി വയ്ക്കുന്ന വിലയിരുത്തൽ വായിച്ചാൽ എല്ലാ പരീക്ഷകളും പരമാനന്ദകരമാണെന്നു തോന്നും. റിവ്യൂ നടത്തുന്ന അവന്മാരല്ലല്ലോ (സോറി, അദ്ധ്യാപകരല്ലേ? എല്ലാം തികഞ്ഞവർ!) പരീക്ഷ എഴുതുന്നത്; പാവം കുട്ടികളല്ലേ ? പ്ലസ് വണ്ണിനും, പ്ലസ് ടൂവിനും, മലയാളത്തിൽ കൂടി ചോദ്യങ്ങൾ പരിഭാഷപ്പെടുത്തി നൽകിയില്ലായിരുന്നെങ്കിൽ കുട്ടികൾ പരീക്ഷാമുറിയിൽ (പരീക്ഷണമുറി) കുഴഞ്ഞു വീണേനേ. നമ്മുടെയൊക്കെ കാലത്ത് പരീക്ഷയെഴുതുമ്പോൾ ചോദ്യപേപ്പർ കാണുമ്പോൾ തന്നെ ഒരു സോഫ്റ്റ്നെസ്സ് ഒക്കെ ഉണ്ടായിരുന്നു.
നയം കൊള്ളാം രീതിക്ക് ഭ്രാന്ത്
പുരോഗമനോന്മുഖമായ ഒരു വിദ്യാഭ്യാസ നയത്തെ കുട്ടികൾ പിരാകി കൊല്ലുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഗ്രേഡിംഗ് സിസ്റ്റത്തെയും ആൾ പ്രമോഷൻ രീതിയെയും പിന്താങ്ങുന്ന ആളാണ് ഈയുള്ളവൻ. പത്തും പന്ത്രണ്ടും വർഷക്കാലം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഒരുപാടൊക്കെ അറിവുകളും അനുഭവങ്ങളും പഠിച്ചു കഴിഞ്ഞിരിക്കും. ഏതാനും മണിക്കൂറുകളിലെ പരീക്ഷയിലെ പെർഫോമൻസിനെ അടിസ്ഥാനമാക്കി വിലയിരുത്താവുന്നതല്ല അവരുടെ കഴിവുകൾ. പരീക്ഷാ പ്രകടനം വച്ച് അവരെ തോല്പിച്ചിടേണ്ട കാര്യവുമില്ല. ഡി പ്ലസിനു താഴെയുള്ള ഗ്രേഡു തന്നെ ആവശ്യമില്ല. എല്ലാവർക്കും ജയിക്കാൻ ആവശ്യമായ ഗ്രേഡു നൽകുക. കൂടുതൽ നന്നായി അപ്പിയർ ചെയ്യുന്നവർക്ക് കൂടുതൽ ഗ്രേഡു നൽകുന്നതിൽ തെറ്റില്ല. റാങ്കും റീങ്കുമൊക്കെ തുടച്ചു നീക്കിയത് നല്ലകാര്യം. ഇതൊക്കെയാണ് നമ്മ നിലപാട്.
പുസ്തകങ്ങളും പരീക്ഷാചോദ്യങ്ങളുമാണ് പ്രശ്നം
നമ്മട എതിർപ്പ് ഇപ്പോഴത്തെ പുസ്തകങ്ങളോടും പരീക്ഷാ ചോദ്യ രീതികളോടുമാണ്. പുസ്തകങ്ങൾ വളരെ ഭാരിച്ചവയാണ്. പക്ഷെ അകം പൊള്ളയാണ്. അപൂർണ്ണങ്ങളായ വിവരങ്ങൾ പദപ്രശ്നങ്ങൾ പോലെ നൽകിയിരിക്കുകയാണ്. വളരെ സങ്കീർണ്ണവൽക്കരിച്ചാണ് ഒന്നുമുതൽ പ്ലസ്-ടു വരെയും പാഠഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വായിച്ചാൽ ഭ്രാന്തു പിടിക്കും. പിന്നെ പരീക്ഷാ ചോദ്യാങ്ങളാകട്ടെ പാഠ പുസ്തകങ്ങളുമായി പലപ്പോഴും പുല ബന്ധമില്ലാത്തവയാണ്. ചോദിക്കുന്നതൊക്കെയും വളച്ചു കെട്ടിയും. അര മാർക്കിനുള്ള ചോദ്യം ചോദ്യപേപ്പറിൽ അര പേജ് കാണും. നേരെ ചൊവ്വേ ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങൾ ഒന്നും ഉണ്ടാകില്ല. അരിയെത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്ന് ഉത്തരം എഴുതേണ്ട തരത്തിലായിരിക്കും ചോദ്യങ്ങൾ. പി.എസ്.സി ടെസ്റ്റു പൊലെ ജനറൽ നോളജ് മാത്രം എഴുതാനാണെങ്കിൽ പാഠപുസ്തകങ്ങൾ എന്തിന്? ജനറൽ നോളജിന് പ്രത്യേകം ഒരു സിലബസ് കൂടി ഉൾപ്പെടുത്തി അതിനും പരീക്ഷ ഏർപ്പെടുത്തുന്നതിൽ തെറ്റില്ല.
വായിലുവന്നത് കോതയ്ക്കു പാട്ട്
ഇതിപ്പോൾ ചോദ്യങ്ങൾ വയിലു വന്നത് കോതയ്ക്കു പാട്ടെന്ന തരത്തിൽ അദ്ധ്യാപകർ തയ്യാറക്കുന്നു. ഉത്തരങ്ങൾ വായിലു വന്നത് കോതയ്ക്കു പാട്ടെന്ന നിലയിൽ കുട്ടികളും എഴുതുന്നു. പേപ്പർ നോക്കുന്നവർ ലിബറലായി നോക്കുന്നതു കൊണ്ട് കുറെപ്പേർ ജയിക്കുന്നു. കുറെ പ്രോജക്റ്റും അസൈന്മെന്റും കൊടുത്ത് കുട്ടികളെ വലയ്ക്കുന്ന ജോലിയല്ലാതെ അദ്ധ്യാപകർക്ക് പ്രത്യേകിച്ച് പണിയൊന്നിമില്ല. ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതുകൊണ്ട് ആരും എതിർക്കുന്നില്ലാ എന്നേയുള്ളൂ. ഇടതുപക്ഷ ബുദ്ധിജീവികൾക്കാർക്കും സത്യത്തിൽ ഈ ഭ്രാന്തൻ പാഠ്യ പദ്ധതികളെക്കുറിച്ച് നേരറിവില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു. കുട്ടികൾ അനുഭവിച്ച് ചീട്ട് വേടിക്കുന്നു.
ബേബി സഖാവ് പച്ഛാത്തപിക്കും
നമ്മുടെ ബേബി സഖാവെങ്ങാനും ശരിക്ക് നമ്മുടെ പാഠപുസ്തകങ്ങളും പരീക്ഷാ ചോദ്യങ്ങളും കണ്ട് മനസ്സിലാക്കിയാൽ ഇത്രയും കാലം ഇതിന്റെയെല്ലാം പാപഭാരവും വഹിച്ചാണല്ലോ താൻ നടന്നതെന്നു കരുതി രാജി വയ്ക്കുകയല്ല, അദ്ദേഹം ആത്മഹത്യതന്നെ ചെയ്യാനിടയുണ്ട്. ബെറ്റി സഖാവേ ബേബിസാറ് സ്ക്കൂൾ പാഠപുസ്തകങ്ങൾ , ചോദ്യ പേപ്പറുകൾ ഇതൊന്നും കാണാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് മാത്രമല്ല പാർട്ടിക്കും ബേബി സഖാവിനെ ഇനിയും വേണം. തീർച്ചയായും അദ്ദേഹത്തെ പോലുള്ളവർ ഇതൊന്നും ശരിക്കും അറിയുന്നില്ലെന്നതാണ് നേര്. ബുദ്ധിജീവി ചമഞ്ഞ് കോഒറ്റെ നടന്ന് തോണ്ടുന്ന ചില തോണ്ടലിസ്റ്റുകളാണ് ഈ വേണ്ടാതീനങ്ങളൊക്കെ കാണിച്ചു വയ്ക്കുന്നത്. കെ.എസ്.റ്റി.എ അദ്ധ്യാപകരുടെ മക്കൾ ബഹുഭൂരിപക്ഷവും സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠീക്കുന്നതുകൊണ്ട് അവരും ഇതൊന്നും കാര്യമാക്കില്ല.
ഞാനൊന്നു വെല്ലുവിളിക്കട്ടെ
പത്താം ക്ലാസ്സിലേയും പ്ലസ്-ടൂവിലേയും പരീക്ഷാ ചോദ്യങ്ങൾക്ക് അറുപതിന് അറുപത് സ്കോറും വാങ്ങാൻ അതതു വിഷയങ്ങളിലെ അദ്ധ്യാപകർക്ക് -ആ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നവർ ഉൽപ്പെടെ- കഴിയുമെങ്കിൽ അണ്ടിക്കുറപ്പുള്ള അദ്ധ്യാപകരെ ഞാൻ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് കഴിയാത്തത് എങ്ങനെ കുട്ടികൾക്ക് കഴിയും? എന്തിനാണ് കുട്ടികളെ ഇങ്ങനെ ക്രൂരമായി പരീക്ഷിക്കുന്നത്? നീയൊക്കെ-സോറി, സാറന്മാരല്ലേ- നിങ്ങളൊക്കെ കുട്ടികളില്ലാത്തവരാണോ? പാഠപുസ്തകങ്ങളെക്കാൾ വലിപ്പമുള്ള ബുക്ക് ലെറ്റുകലായി ചോദ്യപേപ്പർ നിർമ്മിച്ചു നൽകി കുട്ടികളെ ഇങ്ങനെ നടുക്കണോ? ക്യസ്റ്റ്യൻ പേപ്പർ കാണുമ്പോൾ തന്നെ കുട്ടികൾ ബോധം കെട്ട് വീഴാത്തത് ക്ലാസ്സിൽ നിൽക്കുന്ന സൂപ്പർ വൈസറെ ഭയന്നാണ്. ഇങ്ങനെ കുട്ടികളെ പീഡിപ്പിക്കാൻ നിന്നൊടൊക്കെ- സോറി, സാറന്മാരല്ലേ- നിങ്ങളോടൊക്കെ കുട്ടികൾ എന്തു തെറ്റു ചെയ്തു?
മാറണം ഈ ഭ്രാന്തൻ പുസ്തകങ്ങളും പരീക്ഷകളും
ഒന്നു കൂടെ ഉറപ്പിച്ചു ഞാൻ പറയുന്നു. പുതിയ പാഠ്യപദ്ധതിയിലെ നല്ല വശങ്ങൾ അംഗീകരിക്കുന്നു. ഗ്രേഡിംഗ് സിസ്റ്റത്തെ അന്ധമായിത്തന്നെ പിന്താങ്ങുന്നു. പ്രോജക്ടും അസൈന്മെന്റും ഒക്കെ ആവശ്യംതന്നെ. എന്നുവച്ച് സാറന്മാർക്ക് അറിഞ്ഞുകൂടാത്തതെല്ലാം പ്രോജക്ടും അസൈന്മെന്റ്റുമായി കൊടുത്തു വിടുകയും പാരല കോളേജ് അദ്ധ്യാപകരുടെ സഹായത്തോടേ കുട്ടികൾ അത് ചെയ്തു കൊടുത്ത് പ്രശ്നം ഒഴിവാക്കുന്നതുമായ രീതി ഒഴിവാക്കണം. ആവശ്യത്തിനു മതി പ്രോജക്ടും അസൈന്മെന്റും ഒക്കെ. പ്രശ്നം ഭ്രാന്തൻ പാഠപുസ്തകങ്ങളും പരീക്ഷാ ചോദ്യങ്ങളുമാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ നൽകി കുട്ടികളെ പീഡിപ്പിക്കരുത്. വളച്ചുകെട്ടുകൾ ഒഴിവാക്കണം. ഇത് അപേക്ഷയാണ്.
ചോദ്യമാതൃകകൾ
ഇനി ഇപ്പോഴത്തെ ചോദ്യ മാതൃകകൾക്ക് (അല്പം അശ്ല്ലീലം കലർത്തുന്നതിൽ ക്ഷമിക്കുക)ക്ക് ഒരുദാഹരണം . പ്ലസ് ടുവിന്റെ പൊളിറ്റിക്സ് പരീക്ഷയിൽ ചോദിക്കാവുന്നത്:
ചോദ്യം: പ്ലസ്-ടു വിദ്യാർത്ഥിനികളായ മോഹിനിയും കാമിനിയും സ്കൂൾവിട്ട് ബസ്സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ബസ്സ്റ്റോപ്പിന് എതിർവശത്ത് രണ്ട് പുരുഷന്മാർ വാക്കേറ്റം നടത്തുന്നു. ഒരു കയ്യാങ്കളിക്കുള്ള സാധ്യതം മണക്കുന്നു. വാക്കേറ്റം മൂർച്ഛിച്ചപ്പോൾ ഒന്നാമൻ രണ്ടാമനെ മുണ്ടുപൊക്കി കാണിച്ചു. ഒപ്പം തെറിയും പറഞ്ഞു.
ഇവിടെ രണ്ടാമന്റെ ഏതുതരം ജനാധിപത്യാവകാശമാണ് ധ്വംസിക്കപ്പെട്ടത്. ഇത് ഭരണഘടയുടേ ഏത് മൌലിക കടമകളുടെ ലംഘനമാണ്. ഈ വാക്കേറ്റവും മുണ്ടുപൊക്കി കാണിക്കലും കണ്ടുനിന്ന പെൺകുട്ടികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയോ? അവരിൽ ഇത് എന്തുതരം പ്രതികരണമായിരിക്കും ഉളവാക്കിയിരിക്കുക?
ഭരണഘടനയിലെ പൌരാവകാശങ്ങളും കടമകളും എന്ന ഭാഗത്തെ ആസ്പദമാക്കി നിങ്ങളുടെ ഉത്തരം സമർത്ഥിക്കുക.
മറ്റൊരു ചോദ്യം
ഇന്ത്യയുടെ തലസ്ഥാനം ഏതെന്ന് എഴുതാനാണ് ചോദ്യമെന്നിരിക്കട്ടെ; അത് നേരിട്ട് ഒരു വരിയിൽ ചോദിക്കില്ല. ഏതാണ്ട് ഇങ്ങനെ ഇരിക്കും:
ഇംഗ്ലണ്ടിന്റെ തലസ്ഥാനം ലണ്ടൻ ആണല്ലോ; ഉഗാണ്ടയുടെ തലസ്ഥാനം ഉട്ടോപ്യ അല്ലല്ലോ. ശങ്കുണ്ണിയുടെ തല ഭൃഷ്ടത്തിലല്ലല്ലോ. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണല്ലോ. അങ്ങനെയെങ്കിൽ ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരിക്കും? എന്തുകൊണ്ട് അവിടെയായി ? മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? സമഗ്ര ആണവ കരാറിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
(ആണവകരാറും ഇന്ത്യയുടെ തലസ്ഥാനവുമായി എന്തു ബന്ധമെന്നോ വായനക്കാർ ചോദിച്ചത്. ശങ്കുണ്ണി ആരാണെന്നും ചോദിക്കരുത്. കാരണം ചോദ്യമുണ്ടാക്കുന്ന ശങ്കുണ്ണിക്ക് വള്ളിയിടാത്ത അദ്ധ്യാപകൻ കഴിച്ച ബ്രാൻഡിനെ ആശ്രയിച്ചിരിക്കും ചോദ്യവാക്യങ്ങളുടെ പരസ്പര ബന്ധവും മറ്റും)
ഇതേമാതിരിയാണ് മിക്ക ചോദ്യങ്ങളും. ചോദ്യമാതൃകൾ എടുത്ത് പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും.
ഇത്തരം ചോദ്യങ്ങൾ വലിച്ചു കീറി മോന്തയ്ക്കെറിയാൻ കുട്ടികൾക്കറിയില്ലല്ലോ ഇത് ഏത് ഡാഷ് മോന്മാർ ഉണ്ടാക്കിയതാണെന്ന്!
സഭ്യേതരമായി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം എന്നു കരുതി ക്ഷമിക്കുക.
അദ്ധ്യാപകരോട് വെറുപ്പില്ല
ഒരു മാതൃകാധ്യാപകന്റെ മകന് അദ്ധ്യാപക സമൂഹത്തോട് അനാവശ്യമായി വെറുപ്പുണ്ടകേണ്ട കാര്യമില്ല. പക്ഷെ അദ്ധ്യാപക സമൂഹത്തിന്റെ നിസംഗതയാണ് പരിഷ്കാരങ്ങളുടെ പോരായ്മകൾക്ക് നിദാനം എന്നതുകൊണ്ട് ക്ഷോഭിക്കുന്നു എന്നുമാത്രം. മറ്റാരെക്കാളും സാമൂഹ്യപ്രതിബദ്ധത അദ്ധ്യാപകർക്കുണ്ടാകണമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. അതിനെന്റെ പിതാവ് മാതൃകയാണെന്നതിൽ അഭിമാനിക്കുന്നുമുണ്ട്.
അനുബന്ധമായി ഈ പോസ്റ്റും കൂടി ചേർത്തു വായിക്കുക
പ്ലസ്-ടു പരീക്ഷയിലെ പൊല്ലാപ്പ്
ഹയർ സെക്കണ്ടറിയിൽ ഈ അദ്ധ്യയന വർഷം മുതൽ പുതിയ ഒരു പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു. പ്ലസ് വൺ പരീക്ഷയുടെ മാർക്കും കൂടി കൂട്ടിയായിരിക്കും പ്ലസ് ടുവിന്റെ റിസൾട്ട് നൽകുക എന്നതായിരുന്നു അത്. അതായത് പ്ലസ് വണിൽ എല്ലാ വിഷയങ്ങൾക്കും ജയിച്ചിരിക്കണം എന്ന് സാരം.
കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ തോറ്റു പോയ വിഷയങ്ങൾ എഴുതാൻ ഒരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അതിലും തോറ്റു പോയവർ പൊതുവെ പഠിക്കാൻ അല്പം മോശമായ കുട്ടികൾ ആയിരിക്കുമല്ലോ; ഈ കുട്ടികൾ പ്ലസ് ടു പരീക്ഷയിൽ വലയുകയാണ്. കാരണം പ്ലസ് വണ്ണിന് ജയിക്കാത്ത വിഷയങ്ങൾക്ക് കിട്ടേണ്ട മാർക്കു കൂടി പ്ലസ് ടുവിൽ അതേ വിഷയത്തിന് വാങ്ങണം .
എന്ന് വച്ചാൽ പഠിക്കാനുള്ള കഴിവിൽ താരതമ്യേന ദുർബലരായ ഈ കുട്ടികൾ പ്ലസ് ടു വിൽ മറ്റ് കുട്ടികൾ വാങ്ങുന്നതിന്റെ ഇരട്ടി മാർക്ക് വാങ്ങണം ( ഉദാഹരണത്തിന് പ്ലസ് വണിൽ ഫിസിക്സിന് ജയിക്കാനുള്ള മാർക്ക് കിട്ടാതിരുന്ന കുട്ടി ആ മാർക്കു കൂടി പ്ലസ് ടു ഫിസിക്സിന് വാങ്ങണം). ഇത് വളരെ പ്രയാസമുള്ള കാര്യമാണ്.
പ്ലസ് വണിൽ തോറ്റ വിഷയം വീണ്ടും എഴുതി ജയിക്കാനുള്ള അവസരം വീണ്ടും നൽകിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഒഴിവാക്കേണ്ടതാണ്. മുമ്പത്തെ പോലെ പ്ലസ് ടു ജയിക്കാൻ പ്ലസ് ടുവിലെ വിഷയങ്ങൾക്ക് ജയിക്കാനാവശ്യമായ മിനിമം മാർക്ക് മാത്രം വാങ്ങിയാൽ മതിയെന്ന നില പുനസ്ഥാപിക്കുന്നതായിരിക്കും നല്ലത് .
സമർപ്പണം: ഞാനുമായി എടാപോടാ ബന്ധമുള്ള എന്റെ ആത്മമിത്രങ്ങളായ സ്കൂൾ- പ്ലസ്-ടൂ അദ്ധ്യാപകർക്ക്!
8 comments:
ചുമ്മാ ചപ്ലാച്ചി അടിക്കാതെ ഒരു ചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്തിട് മാഷെ.
ഇതെനിക്ക് ചപ്ലാച്ചി അടിക്കാനുള്ള ബ്ലോഗ്ഗാണ് മാഷേ; ഇതതിന്റെ വഴിക്ക് പോട്ടെ!
ചോദ്യപ്പേപ്പറുകൾ കേരളത്തിൽ എവിടെയും ലഭിക്കും. ഒന്നല്ല എല്ലാറ്റിന്റെയും. താല്പര്യമുള്ളവർ വാങ്ങി നോക്കുക. എന്നിട്ട് പാഠപുസ്തകങ്ങളുമായി ഒന്നൊത്തു നോക്കുക. എല്ലാം മനസ്സിലാകും!
kochu,
we are NRI's we dont have access to those papers.. if you could add the question pappers will be helpful for many..
cheers
ഉൽപ്പെടെ- കഴിയുമെങ്കിൽ അണ്ടിക്കുറപ്പുള്ള അദ്ധ്യാപകരെ ഞാൻ വെല്ലുവിളിക്കുന്നു.
ha..ha..ha
-ആ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നവർ ഉൽപ്പെടെ- കഴിയുമെങ്കിൽ അണ്ടിക്കുറപ്പുള്ള അദ്ധ്യാപകരെ ഞാൻ വെല്ലുവിളിക്കുന്നു.
ha...ha..ha
പ്രിയ മുക്കുവൻ,
പരീക്ഷകൾ എല്ലാം ഒന്നു കഴിഞ്ഞോട്ടെ. ചോദ്യ പേപ്പറുകൾ സ്കാൻ ചെയ്തിടാൻ ശ്രമിക്കാം.
Post a Comment