തട്ടത്തുമല നാട്ടുവർത്തമാനം

Saturday, August 15, 2009

സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ




സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ




എന്താണു സ്വാതന്ത്ര്യം?


സ്വാതന്ത്ര്യം എന്നർത്ഥമുള്ള ' liber ' (ലിബെർ) എന്ന ലത്തീൻ പദത്തിൽനിന്നാണ് liberty (ലിബെട്ടി) അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപം കൊണ്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിയ്ക്കപ്പെടുന്നുണ്ട്. പല രാഷ്ട്രീയ ചിന്തകന്മാരും പല പലവിധത്തിൽ ആണു സ്വാതന്ത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. അവയുടെയെല്ലാം സാരാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വേണം എന്താണു സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയിൽ നമൂക്ക് എത്തിച്ചേരാൻ. അതുപോലെ സ്വാതന്ത്ര്യത്തെ രാഷ്ട്രമീമാംസകർ പലരൂപത്തിൽ തരംതിരിയ്ക്കാറും ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും സ്വാതന്ത്ര്യം എന്നത് അർത്ഥാന്തരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്.

ചില നിർവ്വചനങ്ങൾ

'ഗവർണ്മെന്റിന്റെ അവിഹിതാധികാരത്തിന് എതിയായത് എന്തോ അതാണു സ്വാതന്ത്ര്യം' എന്ന് സീലി എന്ന രാഷ്ട്രീയ ചിന്തകൻ നിർവ്വചിച്ചു. സ്വാതന്ത്ര്യം ആധുനിക രാഷ്ട്രത്തിൽ' എന്ന ഗ്രന്ഥത്തിൽ ലാസ്കി എന്ന രാഷ്ട്രീയ ചിന്തകൻ പറയുന്നത് ആധുനിക നാഗരികതയിൽ വ്യക്തികൾക്ക് സൌഭാഗ്യം ഉറപ്പുനൽകുന്ന അവശ്യ സാമൂഹ്യാവസ്ഥകളുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയാണു സ്വാതന്ത്ര്യം' എന്നാണ്. ഗ്രാമർ ഒഫ് പൊളിറ്റിക്സ്എന്ന തന്റെ ഗ്രന്ധത്തിൽ ലാസ്കി തന്നെ പറയുന്നത് സ്വാതന്ത്ര്യം എന്നാൽമനുഷ്യർക്ക് അവരുടെ വ്യക്തിത്വം നന്നായി പരിപാലിയ്ക്കാനുപകരിയ്ക്കുന്ന അന്തരീക്ഷം സംരക്ഷിയ്ക്കപ്പെടുന്ന അവസ്ഥഎന്നാണ്. എന്നാ‍ൽ മക്ക്നി എന്ന മറ്റൊരു രാഷ്ട്രീയ ചിന്തകൻ സ്വാതന്ത്ര്യത്തെ നിർവ്വചിച്ചിരിയ്ക്കുന്നത്നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ എന്നതിനെക്കാൾ വിവേക രഹിതം ആയവയ്ക്കു പകരം വിവേകപൂർവ്വകമായ നിയന്ത്രണങ്ങൾ ഉണ്ടാകുന്ന അവസ്ഥഎന്നാണ്.

മേൽചൊന്ന നിർവ്വചനങ്ങളിൽനിന്ന് സ്വാതന്ത്ര്യം എന്നതിനു രണ്ടു വശങ്ങൾ ഉണ്ടെന്നു കാണാം. ഒന്നു സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മകമായ വശം (Negative Aspect)) . മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ വശം (Positive Aspect) മേല്പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മക വശത്തിനാണ്, നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയ്ക്കാണു പ്രാധാന്യം നൽകുന്നത്. പിന്നത്തെ രണ്ടു നിർവ്വചനങ്ങൾ അതിന്റെ ക്രിയാത്മക വശങ്ങൾ ലഭ്യമാകുന്ന അവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്നു.

സ്റ്റേറ്റിന്റെ അവിഹിതമായ ഇടപെടലുകളിൽനിന്നും രക്ഷപ്പെടാൻ നമുക്കു സ്വാതന്ത്ര്യം കൂടിയേ തീരൂ എന്നു നിഷേധാത്മക വശം വിവക്ഷിയ്ക്കുന്നു. അന്യർ തടസ്സം ചെയ്യാതെ തനിയ്ക്കിഷ്ടമുള്ളതെന്തും ചെയ്യാൻ സൌകര്യമുള്ള ഒരു മേഖല ലഭ്യമാക്കുക എന്നതാണ് ഇതിനർത്ഥം. എന്നാൽ ക്രിയാത്മകമായ വശം മനുഷ്യന്റെ പ്രവൃത്തികൾക്ക് അന്യായമായ നിയന്ത്രണങ്ങളും നിരോധനങ്ങളും വഴി തടസം സൃഷ്ടിയ്ക്കാത്ത അവസ്ഥയല്ല സ്വാതന്ത്ര്യം എന്നും, സ്വാതന്ത്ര്യം പരിരക്ഷിയ്ക്കുവാൻ നിയമം ആവശ്യമാണെന്നും ആണ് പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഭിന്ന രൂപങ്ങൾ

സ്വാതന്ത്ര്യത്തെ പ്രധാനമായും അഞ്ച് ഇനമായി തിരിയ്ക്കാറുണ്ട്. സ്വാഭാവിക സ്വാതന്ത്ര്യം, പൌരസ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ദേശീയ സ്വാതന്ത്ര്യം. ഇവിടെ നമുക്കു ചർച്ച ചെയ്യാനുള്ളതു ദേശീയ സ്വാതന്ത്ര്യം ആണെങ്കിലും മറ്റുള്ളവയെക്കുറിച്ച് സാമാന്യേന മനസ്സിലാക്കിയിട്ട് നമ്മുടെ വിഷയത്തിലേയ്ക്കു കടക്കാം.

സ്വാഭാവിക സ്വാതന്ത്ര്യം (Natural Liberty)

ഒരു മനുഷ്യനു തന്നിഷ്ടപ്രകാരം ജീവിയ്ക്കുവാനുള്ള സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം. അതായത് ഒരുവന് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം. അത്തരം സ്വാതന്ത്ര്യം കൂട്ടക്കുഴപ്പങ്ങളിലേയ്ക്കായിരിയ്ക്കും നയിക്കുക. അക്രമങ്ങൾക്ക് അത് കാരണമാകും എന്നതിൽ സംശയമില്ല. ഒപ്പം കയ്യൂക്കുള്ളവൻ കാര്യക്കാരനും ആകും. അനിയന്ത്രിതമായ സ്വാതന്ത്ര്യം എല്ലാവർക്കും ആസ്വദിയ്ക്കാനാകില്ല. ഒരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യം മറ്റൊരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യവുമായി ഏറ്റുമുട്ടും. ഈ സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യം ആവുകയില്ല. എന്തും ചെയ്യാനുള്ള ലൈസൻസായി മാറും ഇത്തരം അനിയന്ത്രിത സ്വാതന്ത്ര്യം. സമൂഹമോ രാഷ്ട്രമോ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സ്വാതന്ത്ര്യം നില നിന്നിരിയ്ക്കാം. പക്ഷെ ആ‍ാധുനിക സമൂഹത്തിൽ ഇതു സാധ്യമല്ലതന്നെ.

എന്നാൽ ഇതിനു മറ്റൊരു വശം ഉണ്ട്. യുക്തിസഹജമായ കാഴ്ചപ്പാടിൽ നോക്കിയാൽ പ്രകൃതി എല്ലാ മനുഷ്യർക്കും നൽകുന്ന സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം എന്നു കാണാം. സമൂഹത്തിൽ എല്ലാവരും തുല്യരാണ്. സ്ഥാനവലിപ്പത്തിന്റെ പേരിൽ ആരെയും മുതലെടുക്കുവാൻ അനുവദിച്ചുകൂടാ, വേറെ ആർക്കും ഇല്ലാത്ത അവകാശം (Special Priviliges) ഒരാൾക്കു മാത്രം അനുവദിച്ചുകൂടാ എന്നൊക്കെയാണ് ഇതിന്റെ അർത്ഥം.

പൌരസ്വാതന്ത്ര്യം (Civil Liberty)

നിയമപരമായ അംഗീകാരം ഉള്ളതും ഗവർണ്മെന്റിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു പരിരക്ഷിയ്ക്കപ്പെടുന്നതുമായ അവകാശങ്ങളുടെ ആകെത്തുകയാണ് പൌരസ്വാതന്ത്ര്യം. ഇതു രാഷ്ട്രം നിർമ്മിയ്ക്കുന്നതും പൌരന്മാർക്കുവേണ്ടി സംരക്ഷിയ്ക്കുന്നതുമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്. അവകാ‍ശങ്ങൾ ഉറപ്പുനൽകുന്ന നിയമം പൌരന്മാർക്കു സംരക്ഷണവും ഉറപ്പു നൽകുന്നു.

പരമപ്രധാനമായ ചില അംഗീകൃതാവകാശങ്ങളാണ് :

1.ജീവിയ്ക്കാനും വ്യക്തി സ്വാതന്ത്ര്യം പുലർത്തുവാനുമുള്ള അവകാശം, 2.സല്പേരു സമ്പാദിയ്ക്കുവാനുള്ള അവകാശം, 3. മതസ്വാതന്ത്ര്യം, 4.സംഘം ചേരാനും അഭിപ്രായം പ്രകടിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം, 5.സംഘടനകളും യൂണിയനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, 6.സഞ്ചാരസ്വാതന്ത്ര്യം, 7.കുടുംബജീവിത സ്വാതന്ത്ര്യം, 8.ഉടമ്പടികൾ ഉണ്ടാക്കുവാനുള്ള അവകാശം, 9.സ്വത്തു സമ്പാദിയ്ക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ.

എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇപ്പറഞ്ഞ അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതുനന്മ, ക്രമസമാധാനം, അന്തസ്സ്, മാന്യത, സന്മാർഗ്ഗബോധം, കോടതി അലക്ഷ്യം തുടങ്ങിയവയുടെ പേരിൽ ഈ അവകാശങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ വയ്ക്കാൻ സ്റ്റേറ്റിനു കഴിയും.

രാഷ്ട്രീയസ്വാ‍തന്ത്ര്യം (Political Liberty)

രാഷ്ട്രകാര്യങ്ങളിൽ സജീവമായിരിക്കാനുള്ള ശക്തിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നു ലാസ്കി പറയുന്നു. ജനഹിതമനുസരിച്ച് ഭരണം നടത്തുമ്പോഴേ ഇതു സാധ്യമാകൂ.തന്മൂലം ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ മാത്രമാ‍ണു പരമാവധി രാഷ്ട്രീയസ്വാ‍തന്ത്ര്യം കണ്ടെത്താനാകുക. അപ്പോൾ രാഷ്ട്രീയസ്വാതന്ത്ര്യം എന്നാൽ ജനാധിപത്യം എന്നർത്ഥം. പ്രധാനപ്പെട്ട രാഷ്ട്രീയ അവകാശങ്ങളാണ് 1.വോട്ടു ചെയ്യാനുള്ള അവകാശം, 2. സ്ഥാനാർത്ഥിയായി നിൽക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം, 3.പൊതുവായ ഉദ്യോഗമെന്തെങ്കിലും വഹിയ്ക്കാനുള്ള അവകാശം, 4. രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിയ്ക്കാനും, ഗവർണ്മെന്റിനെ വിമർശിയ്ക്കാനുമുള്ള അവകാശം എന്നിവ.

സാമ്പത്തിക സ്വാതന്ത്ര്യം (Economics Liberty)

രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മുന്നോടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയാറുണ്ട്. പട്ടിണി, വിശപ്പ്, അനാഥാവസ്ഥ എന്നിവ ജനങ്ങളെ തുറിച്ചു നോക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം പൊള്ളയാണ്. അർത്ഥശൂന്യമാണ്. അവശ്യ സാധനങ്ങൾ കിട്ടാതെയും തൊഴിലില്ലാതെയും മനുഷ്യൻ ക്ലേശിയ്ക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം നിരർത്ഥകമായി ഭവിയ്ക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം എന്നാൽ സുരക്ഷിതത്വവും ‘അന്നന്നയപ്പം’ കണ്ടെത്താനുള്ള ന്യായമായ സൌകര്യങ്ങളും എന്നാണർത്ഥം. ആവശ്യങ്ങളിൽനിന്നും നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിൽനിന്നും ഉള്ള മോചനമാണത്. സ്വതന്ത്ര സമൂഹത്തിന്റെ നട്ടെല്ലാണ് സാമ്പത്തിക സ്വാതന്ത്ര്യം. കുറെപ്പേരുടെ മാത്രം സമൃദ്ധി എന്നതിനു പകരം എല്ലാവർക്കും മതിയാകുന്നത് ഉറപ്പു വരുത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം വയ്ക്കേണ്ടത്.

ദേശീയ സ്വാതന്ത്ര്യം (National Liberty)


ഇനിയാണു നാം നമ്മുടെ വിഷയത്തിലേയ്ക്കു വരുന്നത്`. സ്വാതന്ത്ര്യം എന്നപദം രാഷ്ട്രങ്ങൾക്കുംവ്യക്തികൾക്കും വഴങ്ങും. ഇതുവരെ പറഞ്ഞതു രാഷ്ട്രത്തിലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണെങ്കിൽ ഇവിടെ രാഷ്ട്രത്തിന്റെ തന്നെ സ്വാതന്ത്ര്യത്തെ പറ്റിയാണ് പരാമർശിയ്ക്കുന്നത്. ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരുവൻ കടന്നു കയറുന്നതു പോലെ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരു രാഷ്ട്രം കടന്നുകയറുന്നതും. ആഭ്യന്തരസ്വാതന്ത്ര്യം ഉണ്ടായിരിയ്ക്കുകയും, യാതൊരുവിധ വിദേശ നിയന്ത്രണത്തിനും വിധേയമാകാതിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രം സ്വതന്ത്ര രാഷ്ട്രമാണെന്നു പറയാം.

ജനങ്ങൾ സ്വതന്ത്രരും പരമാധികാരികളുമായിരിയ്കുന്ന, അവർക്ക് അവരുടേതായ ഗവർണ്മെന്റുള്ള രാഷ്ട്രമാണ് സ്വതന്ത്ര രാഷ്ട്രം. ഒരു രാജ്യം പരിപൂർണ്ണ പരമാധികാര പദവി നേടുമ്പോഴാണ് അത് ദേശീയ സ്വാതന്ത്ര്യം ഉള്ളതായിത്തീരുന്നത്. 1947 ആഗസ്റ്റ് 15-നു മുമ്പ് ഇന്ത്യയ്ക്കു ദേശീയസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ സ്വതന്ത്രവും പരമാധികാരം ഉള്ളതുമായ രാഷ്ട്രമാണ്. ബാഹ്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത പരമാധികാര റിപ്പബ്ലിക്കാണ്. പൌര-രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിൽ ദേശീയസ്വാതന്ത്ര്യത്തിനു വമ്പിച്ച പ്രാധാന്യം ഉണ്ട്.

വിദേശ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ മോചനം

നമ്മുടെ രാജ്യം ഇന്ത്യ, നൂറ്റാണ്ടുകളോളം വിദേശ ഭരണത്തിൻ കീഴിലായിരുന്നു. നാം ദേശാഭിമാനപ്രചോദിതരായി ഈ അന്യായത്തിനെതിരെ തിരിഞ്ഞ് സ്വാതന്ത്ര്യം നേടിയെടുക്കാൻ നൂറ്റാണ്ടു നീണ്ടുനിന്ന സമുജ്ജ്വലമായ പോരാട്ടങ്ങൾ വേണ്ടിവന്നു. സ്വാർത്ഥം വെടിഞ്ഞ്, ജീവൻ പണയം വച്ച്, നമ്മുടെ പൂർവ്വികരായ ദേശാഭിമാനികൾ നയിച്ച ഐതിഹാസികമായ പോരാട്ടങ്ങളിൽ എത്രയോപേർക്ക് ജീവൻ ത്യജിയ്ക്കേണ്ടിവന്നു. ആ ത്യാഗങ്ങളുടെ, സഹനങ്ങളുടെ ആകെത്തുകയാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ദേശീയ സ്വാതന്ത്ര്യം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നാം ഇരന്നു വാങ്ങിയതല്ല. പൊരുതി നേടിയതാണ്. പോരാളികൾ അവരുടെ സ്വന്തം ജീവിതത്തോടു ക്ഷമാപണം ചെയ്തുകൊണ്ടാണ് ജീവിതം തന്നെ പോരാട്ടമാക്കിയത്.

സ്വന്തം നേട്ടത്തേക്കാളുപരി സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി നിലകൊണ്ട പൂർവ്വികരാണ് നാം ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. സ്വർത്ഥം വെടിയാൻ സന്നദ്ധതയുള്ള മനുഷ്യർ ഓരോ കാലത്തും ഉണ്ടായിരുന്നില്ലെങ്കിൽ ലോകത്തിന്റെ തന്നെ ചരിത്രം ഇങ്ങനെ ആയിക്കുമായിരുന്നോ? എല്ലാവർക്കും വേണ്ടി കുറച്ചാളുകൾ എല്ലാ കാലത്തും തങ്ങളൂടെ സ്വകാര്യ ജീവിതങ്ങളെ തൃണവൽഗ്ഗണിച്ചിട്ടുണ്ട്. മനുഷ്യൻ അണുകുടുംബങ്ങളായി, സ്വാർത്ഥതയുടെ കുടുസു കൊട്ടാരങ്ങളിൽ ഒതുങ്ങുന്ന ഇന്നത്തെ ലോകത്തുനിന്നു നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികൾ നമുക്ക് അദ്ഭുതങ്ങളായി മാറുന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള മഹാരഥന്മാർ നമുക്ക് പുരാണത്തിലെ ഏതോ സങ്കല്പകഥാപാത്രത്തെ പോലെ അവിശ്വസനീയങ്ങളും അദ്ഭുതങ്ങളുമാകുന്നു.

എത്ര അച്ഛനമ്മമാരുടെ പ്രതീക്ഷകളായിരുന്ന മക്കളായിരുന്നു വിദ്യാലയങ്ങൾ വിട്ട് കത്തുന്ന സ്വാതന്ത്ര്യ സമരത്തിലെ അഗ്നിസ്ഫുലിംഗങ്ങളായി മാറി ബ്രിട്ടീഷുകാരന്റെ ബൂട്ടടികളെ വിറപ്പിച്ചത്! ഒരു പക്ഷെ അന്നു 1947 ആഗസ്റ്റിലെ 15-ന്റെ ആ‍ അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു മഹാഭാഗ്യം. ഒരു പക്ഷെ ഇന്നായിരുന്നെങ്കിൽ, അന്നു സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നുവെങ്കിൽ സ്വാർത്ഥം വെടിഞ്ഞ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കുവാൻ പിന്നീട് ആരുണ്ടാകുമായിരുന്നു എന്നു നാം ഒരു വേള ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ന് മക്കളെ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമാക്കാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കളോ അവർ ശീതീകരിച്ചു വളർത്തുന്ന അവരുടെ മക്കളോ ദേശാഭിമാനത്താൽ പ്രചോദിതരായി സ്വാർത്ഥം വെടിഞ്ഞു സമരത്തിന്റെ തീച്ചൂളയിലേയ്ക്കു കടന്നു വരുമായിരുന്നോ? മരണാസന്നമായി പിടയുന്നസഹജീവിയ്ക്കുനേരെ തിമിരം നടിച്ചു നടന്നു പോകുന്ന ഇന്നത്തെ മനുഷ്യരിൽ എത്രപേർ ഉണ്ടാകുമായിരുന്നു, നമുക്കു സ്വാതന്ത്ര്യം നേടിത്തരുവാൻ? ഒരു പക്ഷെ, 1947 ആഗസ്റ്റു 15-നു നമുക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കിൽ!

ഇന്ന് നമ്മുടെ പൂർവ്വികർ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും തന്ത്രപൂർവ്വം കവർന്നെടുക്കാനും ആ കവർന്നെടുക്കലിനു പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടു കൂട്ടി കൊടുപ്പൊകാരായി നമ്മുടെ കാവലാളുകൾ തന്നെ സ്വയം മാറുകയും ചെയ്യുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുന്ന, കണ്ണുകളെ ബോധപൂർവ്വം പിൻ വലിയ്ക്കുന്ന, ഇന്നിന്റെ നമ്മൾ നാളെ വീണ്ടും കടന്നുവരാവുന്ന പാരതന്ത്ര്യത്തിന്റെ തനിയാവർത്തനങ്ങൾക്ക് ഇന്നേ താളം പിടിയ്ക്കുന്നവരായി മാറുകയാണോ?

ഈയുള്ളവൻ പുനർജന്മത്തിലൊന്നും വിശ്വസിയ്ക്കുന്നില്ല. എന്നാൽ പുനർജന്മം, സ്വർഗ്ഗ-നഗരം ഇതൊക്കെ സത്യമെന്നിരിയ്ക്കട്ടെ; അങ്ങനെയെങ്കിൽ, പുനർജ്ജനിച്ചവർക്കു പരലോകത്തിരുന്നുകൊണ്ടു ഇഹലോകം കാണാമെങ്കിൽ, ഇന്നിന്റെ യഥാർത്ഥ്യങ്ങൾക്കു നേരേ നോക്കി മണ്മറഞ്ഞ നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ നമ്മോടു ഉറക്കെ വിളിച്ചു പറയുന്നുണ്ടാകണം; അരുതേ! നാം ത്യജിച്ചും സഹിച്ചും നിങ്ങൾക്കു നേടിത്തന്ന നന്മകൾ അടിയറ വയ്ക്കരുതേ എന്ന്! നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞചെയ്യാം നാം നമ്മുടെ പരമാധികാരം സംരക്ഷിയ്ക്കുമെന്ന് !

ഭദ്രൻ തീക്കുനിയുടെ ഒരു കവിത സാന്ദർഭികമായി ഇവിടെ ഒന്നുദ്ധരിച്ചുകൊള്ളട്ടെ;

മതിലുകൾ

ഭദ്രൻ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അതെ, സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിലാണ് നമ്മുടെ പൂർവ്വികർ പൊരുതി നേടിത്തന്ന സ്വാന്ത്ര്യം ഇന്നു നാം അനുഭവിയ്ക്കുന്നത്. ഇനി ഒരുവേള നമ്മുടെ രാജ്യം അസ്വസ്ഥതകളിലേയ്ക്കും, അസ്വാതന്ത്ര്യത്തിലേയ്ക്കും, അപകടങ്ങളിലേയ്ക്കും നീങ്ങിയലും ഈ സ്വാർത്ഥതയ്ക്കുള്ളിൽ അന്ധ-ബധിര-മൂകരായി അഭിനയിച്ച് നാം ഇന്നിന്റെ പൌരന്മാർ- ഒരുപക്ഷെ നാളെയുടേയും പൌരന്മാർ- അടയിരിയ്ക്കും! ഒടുവിൽ നമ്മുടെ സ്വാർത്ഥമായ ലോകത്തിലേയ്ക്ക്, നമ്മുടെ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ സ്വത്തവും, സ്വാതന്ത്ര്യവും കവർന്നെടുക്കാൻ പിടിച്ചെടുക്കുവാൻ പുത്തൻ അധീശ ശക്തികൾ കടന്നു വരുമ്പോൾ നമുക്കുവേണ്ടി ശബ്ദിയ്ക്കുവാൻ ആർക്കാണു ശബ്ദമുണ്ടാ‍യിരിയ്ക്കുക? ഒരു വേള നമ്മുടെ രാജ്യത്തിനുവേണ്ടി നമുക്കൊന്നു സ്വാർത്ഥരാകാതിരിയ്ക്കുക എന്നു നമുക്കു പ്രതിജ്ഞചെയ്യാം; സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ!

നിയന്ത്രിതമാക്കപ്പെടുന്ന സ്വാതന്ത്ര്യം

ഇനി സ്വാതന്ത്ര്യം എന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവിയ്ക്കാ‍ൻ കഴിയുമോയെന്നു നമുക്കൊന്നു പരിശോധിയ്ക്കാം. അപരിമിതമായ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ ആർക്കും അനുഭവിയ്ക്കുവാൻ കഴിയില്ല.നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം എന്നാൽ അരാജകത്വം എന്നാണ് അർത്ഥം. അതിരൂക്ഷമായ സംഘട്ടനങ്ങളിലേയ്ക്കായിരിയ്ക്കും അതു നയിക്കുക. ഈ സംഘട്ടനങ്ങളിലാകട്ടെ കൈയ്യൂക്കുള്ളവർക്കായിരിയ്ക്കും വിജയം. അപ്പോൾ അത് പ്രാകൃതകാലത്തെന്നോ കായികശേഷി കൂടുതൽ ഉള്ളവൻ കൂട്ടത്തിൽ തലവനാകുമ്പോലുള്ള അനുഭവമായിരിയ്ക്കും.

സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടവിധം അനുഭവിയ്ക്കണമെങ്കിൽ അതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകണം. സമൂഹത്തിന്റെ പൊതു നന്മയ്ക്കായി രാഷ്ട്രം തന്നെ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഒരാളുടെ സ്വാതന്ത്ര്യത്തിന്മേൽ മറ്റൊരാളോ സമൂഹമോ ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടി വരുന്നതിനു പുറമെ, ഓരൊരൊത്തരും താന്താങ്ങളുടെ സ്വാതന്ത്ര്യങ്ങളെ സ്വയം തന്നെ നിയന്ത്രിയ്ക്കേണ്ടിയും വരും.

നമുക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ജനിച്ചുവീഴുന്ന നാൾ മുതൽ നാം ചില അസ്വാതന്ത്ര്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. വളർന്ന് സാമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനനുസരിച്ച് പല അസ്വാതന്ത്ര്യങ്ങളും നാം ചോദിച്ചു വാങ്ങുന്നുമുണ്ട്. ജനിച്ചു വീഴുമ്പോൾ മുതൽ നാം അമ്മ, അച്ഛൻ മുതലായ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാകുന്നു.സ്വന്തം വീടും കുടുംബവും ഒരു നിയന്ത്രിത മേഖലയാണ്. ഓരോരോ കുടുംബംങ്ങളിലായിരിയ്ക്കുമല്ലോ ഓരോരുത്തരും ജനിച്ചു വളരുന്നത്.

കുടുംബത്തിന്റെ പൊതുവായ നിലനില്പിനും നന്മയ്ക്കും വേണ്ടിയും ഓരോരുത്തരും കുടുബത്തിന്റെ നിയന്ത്രണങ്ങൾക്ക് സ്വയമേവ വിധേയമാകുന്നു. കുടുംബത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി നമ്മുടെ പല ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങളും മാറ്റി വയ്ക്കുന്നു. ഈ വിട്ടു വീഴ്ച കുടുംബത്തിന്റെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.ഇവിടെ ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തെ സ്വയമേവ പരിമിതപ്പെടുത്തുകയാണ്. കുടുംബകാര്യത്തിൽ കുടുംബം എന്നത് വലിയ യൂണിറ്റും ഓരോ കുടുംബാംഗങ്ങളും അതിലെ ചെറിയ യൂണിറ്റുകളും ആണ്. ഇതിൽ കുടുബം എന്ന വലിയ യൂണിറ്റിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടു കുടുംബത്തിന്റെ മൊത്തം താല്പര്യത്തിനു വേണ്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും അവരുടെ പല സ്വാതന്ത്ര്യവും അനുഭവിയ്ക്കാതെ വിട്ടുവീഴ്ചചെയ്യുന്നു.

ഇനി കുടുംബത്തിൽ നിന്ന് സമൂഹത്തിലേയ്ക്കിറങ്ങുമ്പോഴോ? അവിടെ വീണ്ടും നാം നമ്മുടെ പല സ്വാതന്ത്ര്യങ്ങളെയും അടിയറവയ്കുന്ന ഓട്ടേറെ സന്ദർഭങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിനു ഒരു വിദ്യാർത്ഥിയായി പള്ളിക്കൂടത്തിൽ പോകുമ്പോൾ ആ പള്ളിക്കൂടത്തിന്റെ മൊത്തം താല്പര്യാർത്ഥം ഓരോ കുട്ടികളുടെയും പല അഭിരുചികളും മാറ്റി വയ്ക്കേണ്ടി വരുന്നു.

പൊതുവായ യൂണിഫോം, അച്ചടക്കം, കൃത്യനിഷ്ഠ തുടങ്ങിയ നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. ഇവിടെയും വ്യക്തി താല്പര്യങ്ങളെക്കാളുപരി സ്കൂളിന്റെ മൊത്തം താല്പര്യങ്ങൾക്കാണു കൂടുതൽ പരിഗണന ലഭിയ്ക്കുക. അതുപോലെ ഒരു തൊഴിൽ സ്വീകരിച്ച് ഒരു തൊഴിൽ സ്ഥാപനത്തിൽ ചെന്നാൽ അവിടെയുമുണ്ട് നിയന്ത്രണങ്ങൾ. ആ തൊഴിൽ സ്ഥാപനത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനുതകുന്ന വിധമുള്ള നിയമാവലികളും പെരുമാറ്റ ചട്ടങ്ങളും അവിടെയുമുണ്ടാകും. അതെല്ലാം പാലിച്ചു കൊള്ളാമെന്നു വാക്കാലോ കൈയ്യൊപ്പാലോ സമ്മതിച്ചു കൊണ്ടാണ് ഒരാൾ ഒരു തൊഴിലിൽ പ്രവേശിയ്ക്കുന്നത്. അവിടെയും ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ ഒരംശം സ്വയമേവ പണയപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതു താല്പര്യത്തിനും സ്വന്തം ജീവ സന്ധാരണത്തിനും വേണ്ടിയാണ് ഇവിടെ വ്യക്തി തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കുന്നത്‌

ഇനി നാം മറ്റേതെങ്കിലും ഒരു സംഘത്തിൽ ചേരുന്നുവെന്നു വിചാരിയ്ക്കുക. ഉദാഹരണത്തിനു ഒരു വായന ശാലയിൽ. അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സാംസ്കരിക സംഘടനയിൽ. അവിടെ ചെന്നു അംഗത്വമെടുക്കുമ്പോൾ ആ സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളെയും താല്പര്യങ്ങളെയും മുന്നിർത്തിയുള്ള നിയമാവലികളും പെരുമാറ്റചട്ടങ്ങളും ഉണ്ടാകും.അവ ലംഘിച്ചാൽ അതിൽ നിന്നും പുറത്താകും. അതിന്റെ നിമാവലികളും പെരുമാറ്റ ചട്ടങ്ങളും പാലിയ്ക്കുവാൻ അത്തരം കൂട്ടായ്മകളിൽ അംഗമാകുന്ന ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. അപ്പോൾ അവിടെയും ആ ഒരു സംഘടനയ്ക്കുവേണ്ടി അതിൽ അംഗമാകുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ ഒരംശം അടിയറ വയ്ക്കുകയാണ്.

അതുപോലെ ഒരാ‍ളോ കുടുംബമോ ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുകയണെങ്കിൽ ആ മതത്തിന്റെ തത്വങ്ങളും ബന്ധപ്പെട്ട മത സ്ഥാപനങ്ങളുടെ നിയമാവലികളും പെരുമാറ്റചട്ടങ്ങളും പാലിയ്ക്കുക വഴി അവിടെയും സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ മതവിശ്വാസത്തിനു വേണ്ടി അടിയറ വയ്ക്കുകയാണ്. മത ശാസനകൾക്കും മത സ്ഥാപനങ്ങളുടെ അംഗീകൃത വഴക്കങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മതത്തിൽ നിന്നും നിഷ്കാസിതരായേക്കാം. സാമൂഹ്യ നിയന്ത്രണങ്ങളിൽ മത നിയന്ത്രണങ്ങൾക്കും ഒരു നല്ല പങ്കുണ്ട്.

മതത്തിന്റെ കാര്യത്തിൽ അല്പം അധികം പറയാനുള്ളത് മറ്റു സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മിക്കപ്പോഴും മതങ്ങളാണ്. പ്രത്യേകിച്ചും മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ. അവിടങ്ങളിൽ ചിലപ്പോൾ മതനിയമങ്ങൾ തന്നെ രാഷ്ട്രത്തിന്റെയും നിയമങ്ങൾ ആകുന്നത് ഫലത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കു മേൽ അതിരു കടന്ന നിയന്ത്രണങ്ങൾക്ക് ഇടയാക്കും. ജനാധിപത്യ സംവിധാനം കൂടി ഇല്ലാത്ത സമൂഹങ്ങളാണെങ്കിൽ പിന്നെ സ്വാതന്ത്ര്യം എന്നത് വ്യക്തികൾക്ക് അവിടെ ഒളിച്ചും ഭയന്നും അനുഭവിയ്ക്കേണ്ട ഒന്നായി മാറുന്നു.

ഇനി ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുന്നുവെന്നിരിയ്ക്കട്ടെ. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായ ഭരണഘടനയും, നിയമാവലികളും, പെരുമാറ്റച്ചട്ടങ്ങളും, പരിപാടികളും മറ്റും ഉണ്ടാകും. അപ്പോൾ ഏതെങ്കിലും പാർട്ടിയിൽ അംഗ മാകുന്നതോടെ ആ പാർട്ടിയുടെ പൊതുവായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അതിലെ അംഗങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ പാർട്ടിയ്ക്കു മുന്നിൽ അടിയറ വയ്ക്കുകയാണ്.

ഒരാൾ ഒരു പാർട്ടിയിൽ ചേരുന്നത് അതിന്റെ നിയമാവലികളും ലക്ഷ്യങ്ങളും മറ്റും അംഗീകരിച്ചുകൊണ്ടാണ്. അവിടെ പാർട്ടി എടുക്കുന്ന ഏതു പൊതുവായ തീരുമാനങ്ങളും അംഗീകരിയ്ക്കുവാൻ ഓരോ പാർട്ടി അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. ഒരു അംഗത്തിന് ഏതെങ്കിലും കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായം ഉണ്ടെങ്കിലും പാർട്ടിയുടെ അഭിപ്രായവും തീരുമാനവുമാണ് അംഗീകരിയ്ക്കേണ്ടത്. അവിടെ പാർട്ടി താല്പര്യമാണ് വലുത്; വ്യക്തി താല്പര്യമല്ല. അതായത് ഭൂരിപക്ഷാഭിപ്രായം അനുസരിച്ചുള്ള തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്നു സാരം. മറിച്ച് പാർട്ടിയുടെ നിയമാവലികളോ പെരുമാറ്റ ചട്ടങ്ങളോ ഏതെങ്കിലും അംഗം ലംഘിച്ചാൽ ആ അംഗം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടാം. അപ്പോൾ സ്വാതന്ത്ര്യം അവിടെയും പരിമിതപ്പെടുന്നു. അഥവാ ഒരാളുടെ സ്വാതന്ത്ര്യം പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി അയാൾ സ്വയം അടിയറ വയ്ക്കുന്നു.

ഇനി എല്ലാറ്റിലും പ്രധാനമായി ഒന്നുള്ളത് ഏതൊരാളും ജനിയ്ക്കുന്നതും വളരുന്നതും ഏതെങ്കിലും ഒരു രാഷ്ട്രത്തിൽ ആയിരിയ്ക്കുമല്ലോ. അഥവാ ഏതൊരാളും ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ പൌരത്വം സ്വീകരിച്ചേ മതിയാകൂ.ഓരോ രാഷ്ട്രത്തിനും ലിഖിതവും അലിഖിതവുമായ ഭരണഘടനയും, നിയമങ്ങളും നിയമസംവിധാനങ്ങളും ഉണ്ടാകും. രാഷ്ട്രത്തിന്റെ ഭാഗമായി മാറുന്ന വ്യക്തികൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം താല്പര്യങ്ങൾ പലതും ബലികഴിയ്ക്കേണ്ടി വരും. അങ്ങനെ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടി നാം ഓരോരുത്തരും നമ്മുടെ പല സ്വാതന്ത്ര്യവും സ്വയം അടിയറ വയ്ക്കുന്നു. അഥവാ രഷ്ട്രം രാഷ്ട്രത്തിന്റെ പൊതു നന്മയ്ക്കായി പൌരന്മാർക്കുമേൽ ചില നിയന്ത്രണങ്ങൾ വയ്ക്കുന്നു. എല്ലാവർക്കുംസ്വാതന്ത്ര്യം ശരിയായ രീതിയിൽ അനുഭവിയ്ക്കുവാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അന്യായമായ നിയന്ത്രണങ്ങൾ പാടില്ലെന്നു മാത്രം!

അങ്ങനെയങ്ങനെ പല വിധത്തിലും നിയന്ത്രണവിധേയമാക്കപ്പെട്ട് ലഭ്യമാകുന്നതാണു യതാർത്ഥസ്വാതന്ത്ര്യം എന്നു പറയുന്നത്. അതായത് സ്വാതന്ത്ര്യം എന്നാൽ ഏതൊരു രാഷ്ട്രത്തിലും അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായതുമായ ചില നിയന്ത്രണ സംവിധാനങ്ങളോടെ അതിലെ പൌരന്മാർക്കു ലഭ്യമാക്കുന്ന അമൂല്യമായ ഒന്നാണ്. അവ അനുഭവിയ്ക്കുന്നതും പക്വതയോടെ വേണം. നാം ഓരോരുത്തരും അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാകരുത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും ബാധകമാണ്.

ചുരുക്കത്തിൽ സ്വാതന്ത്ര്യം എന്നാൽ എവിടെയും ആർക്കും എന്തും ചെയ്യാം എന്നുള്ളതല്ല; സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഓരോ സമൂഹങ്ങളും രാഷ്ട്രങ്ങളും അടങ്ങുന്ന ആഗോള രാഷ്ട്ര സമൂഹത്തിന്റെ തന്നെയും മൊത്തം താല്പര്യങ്ങളെയും നന്മയെയും മുന്നിർത്തി ഓരോ വ്യക്തികളും രാഷ്ട്രങ്ങളൂം വളരെ പക്വതയോടെ പരസ്പര ബഹുമാനത്തോടേ അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായ ചില നിയന്ത്രണങ്ങളോടെയും സന്തോഷപൂർവ്വം അനുഭവിയ്ക്കേണ്ട ഒന്നാണ്.

Sunday, August 9, 2009

കവിത- കടം

കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ ഉടച്ചു വാർക്കും മുടിഞ്ഞ ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?

വിരുന്നു വന്ന രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

Friday, August 7, 2009

ആഗസ്റ്റ്‌ വാര്‍ത്തകള്‍

ആഗസ്റ്റ് വാർത്തകൾ

പ്രതിരോധ സംഗമം

കിളിമാനൂർ, ആഗസ്റ്റ് 15: ഡി.വൈ. എഫ്.ഐ കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂരിൽ പ്രതിരോധ സംഗമവും പ്രതിജ്ഞയും നടന്നു. പു.ക.സ സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എൻ.മുരളി ഉദ്ഘാടനം ചെയ്തു. ചെറിയൊരു മജിക്ക് ഷോയും ഉണ്ടായിരുന്നു.ടൌൺഹാളിനു സമീപം ബൈപാസിന് അരികിലായിരുന്നു പരിപാടി.

എ.ഐ.വൈ.എഫിനും കിളിമാനൂർ ജംഗ്ഷനിൽ പരിപാടി ഉണ്ടായിരുന്നു. ചെറിയ നാടൻ കലാമേളയും ഉണ്ടായിരുന്നു. കശുവണ്ടി ഫാക്ടറിയ്ക്കു മുന്നിൽ ആയിരുന്നു പരിപാടി.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തട്ടത്തുമല, ആഗസ്റ്റ് 15: തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പി.റ്റി.എ പ്രസിഡ്ന്റ് വൈ.അഷറഫ് പതാക ഉയർത്തി. തുടർന്ന് ഘോഷ യാത്രയും മറ്റു കലാ പരിപാടികളും നടന്നു.

എം.ആർ.എ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തട്ടത്തുമല, ആഗസ്റ്റ് 15: തട്ടത്തുമല മറവക്കുഴി റെസിഡൻസ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8.30-നു എം.ആർ.എ പ്രസിഡന്റ് സി.ബി അപ്പു ദേശീയ പതാക ഉയർത്തി. സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു.

സി.പി.എം അനുഭാവി യോഗം

കിളിമാനൂർ, ആഗസ്റ്റ് 14: സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ ലമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം പാ‍ർട്ടി അനുഭാവികളുടെ സംഗമം നടന്നു. പ്രധാനമായും ലാവ്ലിൻ വിഷയത്തിൽ ബോധവൽക്കരണം നടത്തുവാനാണു പരിപാടി സംഘടിപ്പിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു, ജില്ലാ കമ്മിറ്റീ അംഗം അഡ്വ.ജി.രാജു, ഏരിയാ സെക്രട്ടറി അഡ്വ. ബി.എസ് അനിൽകുമാർ ലോക്കൽ കമ്മിറ്റീ സെക്രട്ടറി അഡ്വ.എസ്. ജയചന്ദ്രൻ, കെ.രാജേന്ദ്രൻ, ആർ.കെ ബൈജു, തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

മരണം

നബീസാ ബീവി

തട്ടത്തുമല
, ആഗസ്റ്റ് 9: തട്ടത്തുമല പറണ്ടക്കുഴി നുജൂം മൻസിലിൽ സൈനുല്ലാബ്ദീന്റെ ഭാര്യ നബീസാബീവി(60) മരണപ്പെട്ടു. മക്കൾ റജൂലാ ബീഗം, സോഫിയാ ബീഗം, നുജൂം. മക്കൾ മൂവരും വിവാഹാം കഴിഞ്ഞു കുടുംബമായി. മകൻ ഗൾഫിലാണ്. മുൻപ് തട്ടത്തുമല മറവക്കുഴിയിലും, പിന്നീടു തട്ടത്തുമല നെടുമ്പാറയിലും ഇവരുടെ കുടുംബം താമസിച്ചിരുന്നു

മുരളി താരമായിരുന്നില്ല; നടനായിരുന്നു

മുരളി താരമായിരുന്നില്ല; നടനായിരുന്നു

മുരളി ഒരു താരമായിരുന്നില്ല. നടനായിരുന്നു; യഥാർത്ഥ നടൻ.അഭിനയിക്കാൻ കഴിവുണ്ടായിരുന്ന ഒരു നല്ല നടൻ എന്നതിലുപരി, അഭിനയ കലയും സാഹിത്യവും അഭിനയവും ഒക്കെ എന്താണെന്ന്` അറിയാമായിരുന്ന കലാകാരൻ. ഒപ്പം ഒരു നല്ല സാംസ്കാരിക പ്രവർത്തകൻ.സമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ.അങ്ങനെ പല വിശേഷണങ്ങളും വേണ്ടിവരും മുരളിയെന്ന വ്യക്തിയെ വിശദീകരിയ്ക്കാൻ.സംഭവിച്ചതു തീരാ നഷ്ടം. നഷ്ടബോധം മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല. കാരണം ഇനിയും എന്തെല്ലാമോ സംഭാവന ചെയ്യാൻ കഴിയുമായിരുന്നു അതുല്യ പ്രതിഭയ്ക്ക്‌.

ഞാൻ സ്ഥിരം സിനിമ കാണുന്ന ആളല്ല. കണ്ടവയൊന്നും അങ്ങനെ ഓർത്തു വയ്ക്കാറുമില്ല. ഒരു സിനിമ റിലീസാകുമ്പോൾ തന്നെ പോയി കാണണമെന്ന വാശി കൌമാരകാലത്തു പോലും ഉണ്ടായിരുന്നില്ല. തിയേറ്ററിൽ പോയി കാണുന്നതു തന്നെ അപൂർവ്വം.കഴിവതും സി.ഡി ഇറങ്ങുമ്പോൾ അവ കൊണ്ടുവന്ന് വീട്ടിൽ ഇട്ടു കാണുന്നതാണു ശീലം.അതു കൊണ്ടുതന്നെ മുരളിയുടെ ഒട്ടേറെ ചിത്രങ്ങൾ എനിക്കു കാണാൻ കഴിയാതെ പോയിട്ടുണ്ട്. എങ്കിലും ഞാൻ കുറച്ചേറെ മുരളി ചിത്രങ്ങൾ കണ്ടിട്ടൂണ്ട്. അവയെല്ലാം മുരളിയുടെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു.ഞങ്ങൾ പരിചയക്കാർ അല്ലായിരുന്നെങ്കിലും നേരിൽ കണ്ട സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വാക്കുകളിലും നിറഞ്ഞുനിന്ന ലാളിത്യം അനുഭവിച്ചറിയാനും സാധിച്ചിട്ടുണ്ട്.എന്തുകൊണ്ടും ഒരു തീരാനഷ്ടമാണ് മുരളിയുടെ അകാല മരണം.

മുരളി നാടകരംഗത്തുനിന്നും സിനിമയിലെത്തിയതാണ്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ മിക്കവാറും എല്ലാവരും മലയാള സിനിമയ്ക്കു മുതൽക്കൂട്ടായിട്ടുണ്ട്.സിനിമയിൽ അഭിനയിക്കാൻ പ്രാഥമികമായും വേണ്ടതു സൌന്ദര്യമാണെന്ന ഒരു ധാരണ ഇപ്പോഴും നില നിൽക്കുന്നുണ്ട്. പണ്ട്-അല്ല, ഒരുപക്ഷെ ഇന്നും- സിനിമാനടൻ-നടി സൌന്ദര്യത്തിന്റെ പ്രതീകങ്ങളായാണു കണക്കാക്കപ്പെടാറുള്ളത്. മുഖ സൌന്ദര്യവും ശരീര സൌന്ദര്യവും ഉണ്ടാകണം എന്നതു മാത്രം പോരാ, മുഖം ഫോട്ടോജെനിക്കും ആയിരിയ്ക്കണം എന്നതത്രേ ചിലരുടെ മതം.അത്യന്താധുനികവും അനന്തസാദ്ധ്യതകൾ ഉള്ളതുമായ ക്യാമറകളും മറ്റു എണ്ണമറ്റ സാങ്കേതിക വിദ്യകളും ഉള്ളപ്പോഴും മുഖവും ശരീരവും മൊത്തമായും ഫോട്ടോജെനിക്ക് ആയിരിയ്ക്കണം അത്രേ! ഫോട്ടോജെനിക്ക് മോന്തകളൂം അല്ലാത്ത മോന്തകളും ഉണ്ടത്രേ! ഇവിടെ ഇതു പറയാൻ ഉള്ള കാരണം ഇങ്ങനെയുള്ള ചില വികലമായ ധാരണകൾ വച്ചുപുലർത്തുമ്പോൾ തന്നെയാണ് മുഖകാന്തിയും ദേഹകാന്തിയും മറ്റും ഈ പറയുന്നതുപോലൊന്നും ഇല്ലാത്തവർ സിനിമാരംഗത്ത് എത്തുകയും അരങ്ങു വാഴുകയും ചെയ്തിട്ടുള്ളത്.

പണ്ടും ഈ അലിഖിത നിയമം നിലനിന്നിരുന്നു. ഒരു സത്യൻ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം മലയാള സിനിമ അടക്കി വാണൊരു കാലമുണ്ടായിരുന്നുവെങ്കിലും അതു പോലെ നിറം മങ്ങിയവർക്കൊന്നും സിനിമാ‍ഭിനയം എന്നതു സ്വപനം കാണാൻ പാടില്ലായിരുന്നു. തിലകനും, മുരളിയും, ശ്രീനിവാസനും, സലിം രാജും, കലാഭവൻ മണിയും, തുടങ്ങി എത്രയോ പേർ ഈ പറയുന്നമാതിരിയുള്ള മുഖകാന്തിയൊന്നും ഇല്ലെങ്കിലും മലയാള സിനിമാ ലോകത്തു മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചിരിയ്ക്കുന്നു.എന്നാലും കറുത്തവരോ മുഖത്തു ചെറിയ പാടുകളൊ ഉള്ളവരൊന്നും അഭിനയത്തെക്കുറിച്ചു ചിന്തിക്കരുതെന്നു തന്നെ അലിഖിത നിയമം.തമിഴകത്തെ രജനീകാന്തും ഒരു കറുത്തമുത്താണ്. ഇന്ത്യൻ സിനിമയറിഞ്ഞ ഓമ്പുരിയുടെ മുഖത്തു നിറയെ വസൂരിക്കലകൾ ആയിരുന്നു. എന്നാലും സിനിമാനടൻ എന്നാൽ വെളുത്തു തുടുത്ത് ഇരിയ്ക്കണമെന്ന പഴഞ്ചൻ മിഥ്യാധാരണയ്ക്കു മാറ്റമില്ല.സൌന്ദര്യമുള്ളവർക്കേ കഥയും ജീവിതവും ഉള്ളൂ എന്നുണ്ടോ? കഥാപാത്രത്തിനു യോജിയ്ക്കുന്ന ചില ശാരീരിക സവിശേഷതകൾ ചില സിനിമകൾക്കു ആവശ്യമായി വരാം. എന്നാൽ എല്ലാവരും ഒരുപോലെ സൌന്ദര്യം തുളുമ്പുന്നവർ ആയിരിയ്ക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല.

അഭിനയവും ശരീരസൌന്ദര്യവുമായി ബന്ധമില്ലെന്നു തെളിയിച്ച അതുല്യനായ ഒരു നടൻ ആയിരുന്നു, അന്തരിച്ച മുരളി. സാധാരണ ഒരു സിനിമാനടനു ഉണ്ടായിരിയ്ക്കണമെന്നു തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടൂള്ള ഒരു മുഖമൊന്നുമായിരുന്നില്ല മുരളിയുടേത്.മുഖത്തു വെട്ടുകൊണ്ട പാടുമായിട്ടാണ് അദ്ദേഹം സിനിമയിലേയ്ക്കു വരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പഞ്ചാഗ്നി എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിലെ ശ്രദ്ധേയമായ ആവേഷം ഭാവിയിലെ ഒരു നല്ല നടനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ നൽകി. ആ പ്രതീക്ഷകൾ ഒന്നും അസ്ഥാനത്തായില്ല. അദ്ദേഹത്തിന്റെ അഭിനയ മികവു പിന്നെ ഞാൻ തിരിച്ചറിഞ്ഞത് അമരം എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയുമായി അതിൽ മുരളി മത്സരിച്ചഭിനയിക്കുകയായിരുന്നു എന്നു തോന്നിയിരുന്നു. അമരത്തിൽ മമ്മൂട്ടിയായിരുന്നോ മുരളി ആയിരുന്നോ നല്ല അഭിനയം എന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ കഴിവുകളെ ഒട്ടും കുറച്ചു കാണാതെ തന്നെ പറയട്ടേ ശരിയ്ക്കും അതിൽ മുരളിയാണു മികച്ചു നിന്നത്. പിന്നെയും എത്രയോ ചിത്രങ്ങളിൽ മുരളി തകർത്ത് അഭിനയിച്ചു. ആധാരം മികച്ച മറ്റൊരുദാഹരണം. ലാത്സലാമിലെ മന്ത്രിയെ അങ്ങനങ്ങു മറക്കാൻ സാധിയ്ക്കുമോ? നെയ്ത്തുകാരൻ സമീപകാല അനുഭവം.വില്ലനോ നായകനോ എന്നതല്ല ഒരു നടനെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത് എന്നു മുരളി തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചു.അപ്രധാനമായ കഥാപാത്രങ്ങളെപ്പോലും ശ്രദ്ധേയമാക്കുവാൻ മുരളിയിലെ നടനു കഴിഞ്ഞിരുന്നു.

മരണം ഒരു യാഥാർഥ്യമാണ്. ഈ വില്ലനെ ആർക്കും തടയാനാവില്ല. ഇത്തരം തീരാ നഷ്ടങ്ങളും നഷ്ടബോധങ്ങളും സൃഷ്ടിയ്ക്കുവാനായി അവൻ നമുക്കെല്ലാവർക്കുമൊപ്പമുണ്ട്. അവൻ തന്നെ എപ്പോഴും വിജയി. ജീവൻ തുടിയ്ക്കുന്ന ഒത്തിരി കഥാപാത്രങ്ങളെ യാഥാർഥ്യമാക്കിയ മുരളിയുടെ മുന്നിൽ ഹേ, മരണമേ നീ അത്രയങ്ങു വിജയിച്ചിട്ടില്ല. അദ്ദേഹം ജനഹൃദയങ്ങളിൽനിന്നു മാഞ്ഞു പോകുവാൻ ഇനിയെത്ര മുരളിമാർ വന്നു പോകണം.അദ്ദേഹം ജീവിപ്പിച്ച കഥാപാത്രങ്ങൾക്കു മരണമില്ലാത്തിടത്തോളം മുരളിയ്ക്കും മരണമില്ല. പക്ഷെ, നമ്മുടെ ദു:ഖം താൻ മരിച്ചിട്ടും ജീവിയ്ക്കുന്നു എന്ന കാര്യം കഥാശേഷനായ ഈ അതുല്യ പ്രതിഭ അറിയില്ലല്ലോ എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് തൽകാ‍ലംഅവസാനിപ്പിയ്ക്കുന്നു.

Thursday, August 6, 2009

ഏതാനും സൈറ്റുകള്‍

കവിത-കടം


കടം


കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ ഉടച്ചു വാർക്കും മുടിഞ്ഞ ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?

വിരുന്നു വന്ന രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

ഭരത് മുരളി അന്തരിച്ചു


ഭരത് മുരളി അന്തരിച്ചു



തിരു: പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ഭരത് മുരളി അന്തരിച്ചു. 55 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 8.15ഓടെയായിരുന്നു അന്ത്യം. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് തമിഴ്ചിത്രത്തിന്റെ ഷൂട്ടിങ്ങിനുശേഷം നാട്ടിലെത്തിയത്. 2002ല്‍ നെയ്ത്തുകാരനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പരുസ്കാരം സ്വന്തമാക്കിയത്. ആധാരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത്. അമരത്തിലെ അഭിയനത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചിദംബരം, മീനമാസത്തിലെ സൂര്യന്‍, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. 1954 മെയ് 25ന് കൊല്ലത്ത് പി കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മൂത്തമകനായിട്ടാണ് മുരളി ജനിച്ചത്. കടവട്ടുര്‍ എല്‍പി സ്കൂള്‍, തൃക്കണ്ണാമംഗലം എസ്കെവിഎച്ച്എസ്, തിരുവനന്തപുരം ശാസ്താംകോട്ട ദേവസ്വബോര്‍ഡ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ആരോഗ്യവകുപ്പില്‍ എല്‍ഡി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് യൂണിവേഴ്സിറ്റി കോളേജില്‍ യുഡി ക്ളാര്‍ക്കായി നിയമനം ലഭിച്ചതോടെ നാടകവേദികളില്‍ സജീവമായി. ഭരത് ഗോപി സംവിധാനം ചെയ്ത മുരളിയുടെ ആദ്യ ചിത്രമായ ഞാറ്റാടി പുറത്തിറങ്ങിയില്ല. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകനായിരുന്നു മുരളി.1999ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ നിന്ന് ലോകസഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട്. ഭാര്യ: ഷൈലജ. മകള്‍: കാര്‍ത്തിക.

Sunday, August 2, 2009

ഒരുമയുടെ ഓർക്കുട്ട്

ഓർക്കൂട്ടിനെക്കുറിച്ച് കോറിയിട്ട ഏതാനും വരികൾ കവിതയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.

ഒരുമയുടെ ഓർക്കുട്ട്

ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിയ്ക്കാം
ഓർക്കൂട്ടുകാരാണു നമ്മളെങ്കിൽ
ഒട്ടു മനസ്താപമോടെയിരുന്നാലും
ഓർക്കൂട്ടിലെത്തുമ്പോളതുതാനേ മാറും

ഒരുവിരൽത്തുമ്പിൻ മൃദുസ്പർശനത്തിൽ
ഓരോരോ സൌഹൃദം പൂവിടുന്നു
ഒന്നാണു നമ്മളെന്നോർത്തുകൊണ്ടെല്ലാരും
ഓമനിച്ചല്ലോ വളർത്തുന്നു സ്നേഹം!

ഒരുമതൻ പെരുമയിൽ മേഘം വിതാനിച്ച്
ഓരോരോ കൈക്കുമ്പിൾ മലർ വാരി വിതറുന്നു;
ഒരുതുള്ളിപ്പലതുള്ളി സ്നേഹത്തിൻ പെരുമഴയിൽ
ഓർക്കൂട്ടുകാർ നമ്മൾ ഒരുമിച്ചു നനയുന്നു!

ഓർക്കാതെയെങ്കിലും ഓർക്കുട്ടിലെത്തിയാൽ
ഒരുപാടുനേരം അവിടിരിയ്ക്കും
ഒരുകൂട്ടമെപ്പോഴും അവിടെയുള്ളപ്പോൾ
ഓടിത്തിരക്കിട്ടു പോകുവതെങ്ങനെ?

ഒരുനേരമെങ്കിലും ഓർക്കൂട്ടിലെത്തുവാൻ
ഓരോ ദിവസവും ആശിച്ചുപോകുന്നു
ഒരുപക്ഷെ ആരാനും വന്നെങ്കിലോ
ഒരു ചങ്ങാതിയാകാൻ ക്ഷണിച്ചെങ്കിലോ

ഒരു സന്ദേശമെങ്കിലും കാണാതിരിയ്കില്ല
ഒരുവേളയെങ്ങനെ നോക്കാതിരിയ്ക്കുവാൻ?
ഒന്നിനും മറുപടി നൽകാതിരിയ്ക്കാനും
ഒക്കുമോ നമ്മളങ്ങൊത്തുപോയില്ലെ?

ഒരുമിച്ചു ചേരുവാൻ ഈയൊരു വിസ്മയം
ഒരുക്കി നാമേവർക്കും ദാനമായ് നൽകിയ
ഒരുനല്ല ചങ്ങാതി ഗൂഗിളിനേകുന്നു
ഓരായിരം നന്ദിവാക്കുകൾ നമ്മൾ!

പാണക്കാട് സയിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

പാണക്കാട് സയിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു 73 വയസായിരുന്നു. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 34 വര്‍ഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു.

ദേശാഭിമാനിയിൽനിന്ന്