തട്ടത്തുമല, സെപ്റ്റംബർ 1: യു.എ.ഇ യിൽ ഉള്ള തട്ടത്തുമല നിവാസികൾ ഒരുമിച്ചു കൂടി തട്ടത്തുമല പ്രവാസി സംഗമം നടത്തി തപസ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരിയ്ക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു. ഈ തട്ടത്തുമല സംഗമം രൂപപ്പെടും മുമ്പ് തന്നെ തട്ടത്തുമലക്കരായ യു.എ.ഇ ക്കാരുടെ നേതൃത്വത്തിൽ പല ജീവ കാരുണ്യപ്രവർത്തനങ്ങളും മറ്റു തരത്തിലുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോൾ അതിന് ഒരു സംഘടനാ രൂപം കൈവന്നിരിയ്ക്കുന്നു.
തട്ടത്തുമലയിലും പരിസര പ്രദേശങ്ങളിലും ഉള്ള ധാരാളം പേർ യു.എ.ഇ.യിൽ പ്രവാസ ജീവിതം നയിച്ചു വരുന്നുണ്ട്. ആ നിലയ്ക്ക് ഇങ്ങനെ ഒരു സംഗമം ആവശ്യം തന്നെ യായിരുന്നു. സാമൂഹ്യ സേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് ഈ പ്രവാസികളായ നല്ലൊരു പങ്ക് തട്ടത്തുമലക്കാരും. അവരുടെ സാമൂഹ്യ സേവന തല്പരത പ്രവാസ ജീവിതത്തിനിടയിലും കൈമോശം വന്നിട്ടില്ല എന്നറിയുന്നത് സന്തോഷകരം തന്നെ. തീർച്ചയായും സാംസ്കാരികമായി ഒട്ടേറെ പ്രത്യേകതകൾ ഉള്ള തട്ടത്തുമല സ്വദേശികൾക്ക് അങ്ങ അല്ലാതാകാൻ കഴിയില്ല; അവർക്ക് സാമൂഹ്യബോധം കൈവെടിയാൻ കഴിയില്ല.
ഇന്ന് തട്ടത്തുമലയിൽ നാം കാണുന്ന വികസനത്തിൽ നല്ലൊരു പങ്കും വിവിധ ഗൾഫ് നാടുകളിൽ നമ്മുടെ നാട്ടുകാർ അദ്ധ്വാനിച്ചതിന്റെ ഫലമാണ്. ഗൾഫ് നാടുകളിലേയ്ക്ക് തട്ടത്തുമല പ്രദേശത്തുനിന്ന് പതിറ്റാണ്ടുകൾക്കു മുന്നേ തൊഴിൽ തേടി ആളുകൾ പോയിരുന്നു. ഇന്ന് പലരും അവിടങ്ങളിൽ കുടുംബസമേതം താമസിയ്ക്കുന്നുണ്ട്. സ്വന്തം കുടുംബം കരുപ്പിടിപ്പിയ്ക്കുവാനാണ് എല്ലാവരും വിദേശത്തേയ്ക്ക് പോകുന്നതെങ്കിലും അവർ സമ്പാദിയ്ക്കുന്ന തുക നാട്ടിൽ വിവിധ ആവശ്യങ്ങൾക്കു വേണ്ടി ചെലവഴിക്കുമ്പോൾ അറിഞ്ഞും അറിയാതെയും മറ്റു പലർക്കും അതു ഗുണകരമാകുന്നുണ്ട്.
തട്ടത്തുമലയിൽ ഇന്നു കാണുന്ന കടകമ്പോളങ്ങൾ നല്ലൊരു പങ്കും ഗൾഫ് നാടുകളിലെ അദ്ധ്വാന ഫലമാണെന്നത് ഇതിനെ ഉദാഹരിയ്ക്കുന്നുണ്ട്. ജീവ കാരുണ്യപ്രവർത്തനങ്ങൾക്കായിരുന്നാലും, സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നാലും പള്ളി, അമ്പലം മുതലായവയ്ക്കായിരുന്നാലും ഗൽഫ് നാടുകളിൽ നമ്മുടെ നാട്ടുകർ ഒഴുക്കിയ വിയർപ്പിന്റെ ഗന്ധമുണ്ടാകും. തട്ടത്തുമലയുടെ വികസനത്തിൽ നാട്ടിലും വിദേശത്തുമുള്ള ഓരോ തട്ടത്തുമലക്കാരും അതീവ തല്പരരാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ല.
തീർച്ചയായും ഇപ്പോൾ രൂപം കൊണ്ടിട്ടുള്ള ഈ തട്ടത്തുമല പ്രവാസി സംഘടന വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. നമ്മൾ മനസ്സിലാക്കുന്നുണ്ട്; അവിടെ പ്രവാസജീവിതം എല്ലാവർക്കും അത്ര സുഖകരമായ ഒന്നായിരിയ്ക്കില്ല. വളെരെയേറെ കഷ്ടതകൾ അനുഭവിച്ച് കഴിഞ്ഞു കൂടുന്നവരാണ് അവിടങ്ങളിൽ നിൽക്കുന്നവരിൽ നല്ലൊരു പങ്കും. തപസ് അവിടെയും പരസ്പരം എല്ലാവർക്കും ഒരു താങ്ങും തണലുമായി മാറട്ടെ. തൊഴിൽ തേടി അവിടങ്ങളിൽ എത്തുന്ന ഓരോ തട്ടത്തുമലക്കാരനും അപകടസന്ധികളിൽ ഒരു പിടിവള്ളീയായി മാറാനുള്ള കരുത്ത് തപസിനുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.
വെറുമൊരു ചെറിയ കൂട്ടായ്മ എന്നതിനപ്പുറം അവിടെയും നാട്ടിലും ഉള്ള ആളുകൾക്ക് ഗുണകരമായ വലിയ സംരംഭങ്ങൾ ഏറ്റെടുക്കുവാൻ പാകത്തിൽ ഇതിനെ വളർത്തിയെടുക്കാൻ കഴിയട്ടെ. അവിടെ നിയമങ്ങളുടെ നിയന്ത്രണ വലയങ്ങൾക്കിടയിൽ ഞെരി പിരി കൊണ്ട് ഓരോരോ വ്യത്യസ്ഥ തൊഴിലുകൾ ചെയ്യുന്ന ഓരോരുത്തർക്കും വളരെയേറെ പരിമിതികൾ ഉണ്ടെന്ന് അറിയാം. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ കഴിയുന്നത്ര മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെ. ഇതു പോലെ മറ്റു വിദേശ രാജ്യങ്ങളിലും തട്ടത്തുമല സംഗമങ്ങൾ ഉണ്ടായി എല്ലാറ്റിനും കഴിയുമെങ്കിൽ ഒരു ഏകീകൃത രൂപവും ഉണ്ടായി വരട്ടെ എന്നും ഒക്കെ നമുക്ക് ആഗ്രഹിയ്ക്കാം.
തപസിന്റെ വിവരങ്ങൾ കൂടുതൽ അറിയാൻ സംഘടനയുടെ ഈ ബ്ലോഗ് സന്ദർശിയ്ക്കുക
No comments:
Post a Comment