ഡി.എ.ഡബ്ലിയു.എഫ് മേഖലാ സമ്മേളനം
കിളിമാനൂർ, നവംബർ 30: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ ( ഡി.എ.ഡബ്ലിയു.എഫ്) കിളിമാനൂർ മേഖലാ സമ്മേളനം കിളിമാനൂർ രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ലിയു.എഫ് ജില്ലാ സെക്രട്ടറി മലയിങ്കീഴ് രവി, അഡ്വ. എസ്.ജയച്ചന്ദ്രൻ, കെ.രാജേന്ദ്രൻ, എം.നാരായണൻ, വെമ്പായം വാസുദേവൻ എന്നിവർ സംസാരിച്ചു. ഇ.ഷാജഹാൻ സ്വാഗതവും, ബിജുകുമാർ കൃതജ്ഞതയും പറഞ്ഞു. സംഘടനയുടെ കിളിമാനൂർ മേഖലാ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ബിജുമോൻ (പ്രസിഡന്റ്), കെ.സുബൈർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മരണം
തട്ടത്തുമല, നവംബർ 29: കിളിമാനൂര്‍ :തട്ടത്തുമല മണലേത്തുപച്ച മുരുക ഭവനില്‍ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. മക്കള്‍: മുരുകദാസ്, ഡോ. അജയകുമാര്‍ (വെറ്ററിനറി സര്‍ജന്‍, ശാര്‍ക്കര), സുലജ. മരുമക്കള്‍: ഇന്ദിര, രാധിക, രവീന്ദ്രന്‍.
മരണം
തട്ടത്തുമല, നവംബർ 28: സി.പി.ഐ (എം) തട്ടത്തുമല മുൻ ബ്രാഞ്ച് സെക്രട്ടറി കുന്നിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ അംബിക മരണപ്പെട്ടു. കുറെ നാളായി അസുഖം ബാധിച്ച് ചികിത്സയിലും കിടപ്പിലായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. മൂത്തത് ആണും ഇളയത് പെണ്ണും. ചന്ദ്രൻ പിള്ള ഗൾഫിൽ നിന്നും ലീവിൽ വന്നു നിൽക്കുകയായിരുന്നു.
മരണം
തട്ടത്തുമല, നവംബർ 28: വല്ലൂർ അയ്യൂബ് ലബ്ബ അവർകൾ മരണപ്പെട്ടു. എഴുപത്തിയഞ്ചിനു മുകളിൽ പ്രായം വരും. ഖബറടക്കം ഉച്ച കഴിഞ്ഞ് തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളി ഖബർസ്ഥാനത്ത് നടന്നു.
വൻ മഴനാശം
സ്കൂൾമതിൽ തകർന്നു
തട്ടത്തുമല, നവംബർ 20: ഇന്ന് ഉച്ചയ്ക്കുശേഷം തട്ടത്തുമല, കിളിമാനൂർ, നിലമേൽ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ തകർത്തുപെയ്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രധാന കളിസ്ഥലത്തിന്റെ ഒരു വശത്തു കെട്ടി ഉയർത്തിയിരുന്ന വലിയ കൽമതിൽ ഉരുൾ പൊട്ടുന്നതു മാതിരി മഴയിൽ തകർന്നുവീണു. മതിലിനോടു ചേർന്നിരുന്ന വീട്ടിന്റെ ഭാഗത്തെ മതിൽഭാഗം താഴേയ്ക്കു പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വീട്ടുമുറ്റത്തുള്ള കിണർ തകർന്നുവീണ മണ്ണും പാറയുംകൊണ്ട് നികന്നുപോയി. മതിലിന്റെ താഴത്തുള്ള കൊക്കയും മണ്ണും പാറയും കൊണ്ട് മൂടപ്പെട്ടു. അതിനോടു ചേർന്നുള്ള തടത്തിന്റെ ഒരു ഭാഗവും മണ്ണും പാറക്കല്ലുകളും കൊണ്ട് മൂടി മാർഗ്ഗതടസ്സം ഉണ്ടായി. മഴകാരണം പരസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി.ഗ്രൌണ്ടിൽ വന്നിറങ്ങിയ വെള്ളം താഴ്ന്നിറങ്ങി വശത്തുള്ള കൽകെട്ടിൽ സമ്മർദ്ദം ചെലുത്തിയതാണ് അപകടകാരണമെന്നു കരുതുന്നു. അശാസ്ത്രീയമായ രീതിയിൽ മതിൽ നിർമ്മിച്ചതാണ് അപകടകാരണമെന്നും ആരോപണം ഉണ്ട്. അടിയിലെ കെട്ടും അതിനു മീതെയുള്ള മതിലും ഒരുമിച്ചു തകർന്നടിയുകയായിരുന്നു. കിളിമാനൂർ പോലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ഇളകി താഴെവീഴാതെ കുലുങ്ങിനിന്ന മതിലിന്റെ ശേഷിയ്ക്കുന്ന ഭാഗം പോലീസ് ഇടപെട്ട് ജെ.സി.ബിയ്ക്കു കോരിമറ്റി.
തട്ടത്തുമല, നവംബർ 20: കുറവൻ കുഴിയിൽ എം.സി റോഡിൽ വഴിയോരകടയ്ക്കു സമീപം പുതുതായി താമസം തുടങ്ങിയിരുന്ന സലാഹുദീൻകുടുംബത്തിന്റെ വീടിന്റെ പുറകുവശത്തുള്ള ഇടിവര ഇടിഞ്ഞ് വീണ് വീടിന്റെ പുറകുവശം തകർന്നു. അടുക്കളയുടെ വാതിൽ തകർത്ത് വലിയ പാറകൾ വീടിനകത്തു പതിച്ചു.
വാഹന അപകടം
തട്ടത്തുമല, നവംബർ 20: തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയിൽ ഒരു ലോറിയും അയ്യപ്പഭക്തന്മർ സഞ്ചരിച്ചിരുന്ന വാനും കൂട്ടിയിടിച്ച് ഒരു ബാലനടക്കം മൂന്നുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മാരുതി ഒമ്നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെ, എം.സി റോഡില്‍ കിളിമാനൂരിന് സമീപം മണലയത്തുപച്ചയില്‍ നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റിനെ മറികടക്കുന്നതിനിടയിലാണ് വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് തരിപ്പണമായ വാനില്‍ നിന്ന് അതുവഴി പണിയായുധങ്ങളുമായി വരികയായിരുന്ന മെക്കാനിക്കുകളാണ് തകിടും മറ്റും വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്.
അതുവഴി വരികയായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി (അഡ്മിനിസ്ട്രേഷന്‍) ഡിവൈ.എസ്.പി വിജയകുമാര്‍ തന്റെ കാറില്‍ പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അര്‍ജ്ജുനനും സുധീറും മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷും പിന്നീട് മരണമടഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
കിളിമാനൂരില്‍ നിന്ന് വാടകയ്ക്കെടുത്ത മാരുതി വാനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അണയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ഇരുമുടി കെട്ടി ഇവര്‍ ശബരിമലയിലേക്ക് യാത്രയായത്. സുധീറാണ് കാര്‍ ഓടിച്ചിരുന്നത്. രാജേഷ് അവിവാഹിതനാണ്. രാധയാണ് മാതാവ്. രജനി, ഗിരിജ എന്നിവര്‍ സഹോദരങ്ങളാണ്. സീനയാണ് സുധീറിന്റെ മാതാവ്. ഭാര്യ: ശാന്തി. ഒരു മകനുണ്ട്. സുധീറിന്റെ ചിറ്റപ്പന്റെ മകനാണ് മരണമടഞ്ഞ അര്‍ജ്ജുന്‍.
വെള്ളല്ലൂര്‍ പാളയം സുമന്‍ നിവാസില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ (11), ബന്ധുവായ സുനി നിവാസില്‍ ശിവതാണുവിന്റെ മകന്‍ സുധീര്‍ (35), ഗിരിജാമന്ദിരത്തില്‍ പരേതനായ ശശിധരന്റെ മകന്‍ രാജേഷ് (25) എന്നിവരാണ് മരിച്ചത്. വിനീത് ഭവനില്‍ വിനീത് (19), അശ്വതി ഭവനില്‍ അനൂപ് (20), സുമന്‍ നിവാസില്‍ സുമന്‍ (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസ്റ്റർ അനുസ്മരണംകിളിമാനൂർ, നവംബർ 20: പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡന്റും സി.പി. ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.എം.ജയദേവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. രാവിലെ 9-30-ന് സി.പി.എം പ്രവർത്തകർ മാസ്റ്ററുടെ വീട്ടിലെത്തി പരേതന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ (രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാൾ) അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.പി.മുരളി (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ.ചാവർകോട് രാജു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി
തട്ടത്തുമലയിൽ ഉപജില്ലാ സ്കൂൾ കലോത്സവം
തട്ടത്തുമല: ഇത്തവണത്തെ കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2009 ഡിസംബർ 2, 3 ,4, 5 തീയതികളിലായി തട്ടത്തുമല ഗവർണ്മെന്റ് എച്ച്.എസ്.എസ്-ൽ വച്ചാണ് നടക്കുന്നത്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിയ്ക്കുന്ന കുട്ടികളുടെ കലാപ്രകടനങ്ങൾ ഏഴു വേദികളിലായി അരങ്ങേറും. കലോത്സവത്തിന്റെ വിജയത്തിനായി വിശാലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം നൽകാൻ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. ഏകദേശം നാലു ലക്ഷം രൂപ ചെലവു പ്രതീക്ഷിയ്ക്കുന്നു. സാമ്പത്തികം സ്വരൂപിയ്ക്കുന്നതിനുള്ള പിരിവ് ആരംഭിച്ചുകഴിഞ്ഞു.
സംഘാടക സമിതിയുടെ പ്രധാന ഭാരവാഹികളുടെ പേരുവിവരം ചുവടെ:
ചെയർമാൻ: ശ്രീ. എം. നാരായണൻ (പ്രസിഡന്റ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)
ജനറൽ കൺവീനർ: ശ്രീമതി. സി.എ.വത്സമ്മ (പ്രിൻസിപ്പാൾ, ജി. എച്ച്. എസ്. എസ് തട്ടത്തുമല)
ജോയിന്റ് കൺവീനർ: ശ്രീമതി. സ്നേഹലത (ഹെഡ്മിസ്ട്രസ്, ജി. എച്ച്. എസ്. എസ് തട്ടത്തുമല)
ട്രഷറർ: ശ്രീ. കെ.പ്രസാദ് (എ. ഇ. ഒ, കിളിമാനൂർ)
രക്ഷാധികാരികൾ:
ശ്രീ. എ. സമ്പത്ത് എം.പി
ശ്രീ. അഡ്വ. എൻ.രാജൻ എം. എൽ. എ
ശ്രീ. ആനാവൂർ നാഗപ്പൻ (പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്)
ശ്രീ. ബി. പി. മുരളി (വൈസ് പ്രസിഡന്റ്, തിരുവനതപുരം ജില്ലാ പഞ്ചായത്ത്)
ശ്രീ. എം. എം. താഹ ( അംഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്)
ശ്രീമതി. അഡ്വ. ഒ. ദീപ (പ്രസിഡന്റ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ. എൻ. സുദർശനൻ (പ്രസിഡന്റ്, പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക്)
ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് ( ആദ്യകാല അദ്ധ്യാപകൻ, ജി. എച്ച്. എസ്. എസ്. തട്ടത്തുമല)
ഈ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിയ്ക്കുന്നു.
സ്വാഗതസംഘം രൂപീകരണം അലങ്കോലമായി
തട്ടത്തുമല, നവംബർ 5: തട്ടത്തുമലയിൽ വച്ചു നടത്താൻ തീരുമാനിച്ചിരിയ്ക്കുന്ന കിളിമാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം തട്ടത്തുമല സ്കൂളിൽ നടന്നു. സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിലെ അപാകതകൾ ചൂണ്ടി കാണിച്ച് നാട്ടുകാർ ബഹളം വച്ചു. പരിപാടി അലങ്കോലമായി. കമ്മിറ്റി രൂപീകരിച്ചതിൽ തദ്ദേശവാസികൾക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപണം ഉണ്ടായി.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചിലരെ കൂടി പിന്നീട് ഉൾപ്പെടുത്തി. എന്നാൽ അതു കൊണ്ടൊന്നും എല്ലാവരും തൃപ്തരായില്ല. ചുമതലകൾ ആർക്കെങ്കിലും ലഭിയ്ക്കാത്തതിലല്ല, കമ്മിറ്റി രൂപീകരിച്ചതിലെ അപാകതകളിലാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. ക്ഷണിച്ചുവരുത്തിയ നാട്ടുകാരെ അവഹേളിക്കുന്ന രീതിയിലാണ് സ്വാഗത സംഘം രൂപീകരിച്ചതെന്നാണ് നാട്ടുകാർ ആരോപിയ്ക്കുന്നത്.
ലൈബ്രറി കൌൺസിൽ ജില്ലാ കലാജാഥ
പനപ്പാംകുന്ന്, നവംബർ 5:തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ സാംസ്കാരിക ജാഥയ്ക്ക് പനപ്പാംകുന്നിൽ ജനതാ വായന ശാലയുടെ നേതൃത്വത്തിൽ സ്വീകരണം നടന്നു. അവിടെ കഥകളി വേഷം, താലപ്പൊലിയും വിളക്കും, ചെണ്ടമേളം, ശുഭ്രവസ്ത്രധാരികളായ നിരവധി സ്ത്രീകൾ മുതലായവയുടെ അകമ്പടിയോടെ ഗംഭീര സ്വീകരണമാണു നടന്നത്.നല്ല സംഘാടന മികവ് ഈ പരിപാടിയിൽ കണ്ടു. ജാഥയോടൊപ്പം നാടൻപാട്ടു മേളവും ഉണ്ടായിരുന്നു.
കെ.എസ്.കെ.റ്റി.യു പഞ്ചായത്ത് സമ്മേളനം
കിളിമാനൂർ, നവംബർ 4: കെ.എസ്.കെ.റ്റി.യു പഴയകുന്നുമ്മേൽ പഞ്ചായത്ത് സമ്മേളനം കിളിമാനൂർ രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജില്ലാപഞ്ചായത്തു വൈസ് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ ജി.വിക്രമൻ (പ്രസിഡന്റ്), എ. ദേവദാസ് തൊളിക്കുഴി (സെക്രട്ടറി)
മരണം
പാപ്പാല, നവംബർ 4: മാവേലി മേശിരി മരണപ്പെട്ടു. ഏതാനും ദിവസം മുൻപ് വിഷം കഴിച്ച് ആശുപത്രിയിലായിരുന്നു. രാജൻ എന്നായിരുന്നു യഥാർത്ഥ പേര്. നല്ലൊരു മേശിരിയായിരുന്നു. എല്ലാവർക്കും വലിയ കാര്യമായിരുന്നു.
ഇലക്ട്രിക്കൽ അസോസിയേഷൻ യൂണിറ്റ് ഭാരവാഹികൾ
കിളിമാനൂർ: കേരളാ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കിളിമാനൂർ യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് ഭാരവാഹികളായി ആർ.ഉത്തമൻ നായർ (പ്രസിഡന്റ്), പി. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), എസ്.ശശിധരൻ (സെക്രട്ടറി), ആർ.ചന്ദ്രശേഖരൻ നായർ (ജോയിന്റ് സെക്രട്ടറി), എസ്.സലിം (ഖജാൻജി), കെ.രാജു (ജില്ലാ എക്സിക്യൂട്ടീവ്), കെ.ദേവദാസൻ (യൂണിറ്റ് എക്സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു.
സബ് ജില്ലാ സ്കൂൾ കലോത്സവം
തട്ടത്തുമല: ഈ വർഷത്തെ കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം തട്ടത്തുമല ഗവ. എസ്.എസ്.എസ്-ൽ വച്ചാണ് നടക്കുന്നത്. സ്വാഗത സംഘം നവംബർ 5-ന് വൈകിട്ട് 3 മണിയ്ക്ക് നടക്കും.
സാംസ്കാരിക ജാഥ
പനപ്പാംകുന്ന്: തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക ജാഥയ്ക്ക് നവംബർ 5-ന് വൈകിട്ട് 5 മണിയ്ക്ക് പനപ്പാംകുന്നിൽ സ്വീകരണം.
No comments:
Post a Comment