തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, December 1, 2009

2009 ഡിസംബര്‍ വാര്‍ത്തകള്‍

ഇന്ന് ബി.ജെ.പി ഹർത്താൽ

തട്ടത്തുമല, ഡിസംബർ 29: ഇന്ന് വിലവർദ്ധനവിനെതിരെ കേരളത്തിൽ ബി.എം.എസ്, ബി.ജെ.പി ഹർത്താൽ ആചരിച്ചു.

സദ്യവട്ടങ്ങളുമായി എം.ആർ.എ പൊതുയോഗം


തട്ടത്തുമല, ഡിസംബർ 27: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ ഏഴാമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും കുടുംബസംഗമവും ഡിസംബർ 27 ഞായറാഴ്ച നടന്നു. ഉച്ചയ്ക്ക് പ്രഥമൻ ഉൾപ്പെടെയുള്ള ഗംഭീര സദ്യയും ഒരുക്കിയിരുന്നു. സദ്യയുടെ മൂന്നാം പന്തിയ്ക്കിടെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി തകർത്തു പെയ്ത മഴ അല്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും തുടർന്നും പരിപാടികൾ മുടക്കമില്ലാതെ നടന്നു.

വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ച പൊതുയോഗം എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി), ശ്രീ.എ. ഇബ്രാഹിം കുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട. അസി. കൺട്രോളർ, ലീഗൽ മെട്രോളജി) ശ്രീ.കെ.ഗോപാലകൃഷ്ണൻ നായർ, ശ്രീ.എസ്.ലാബറുദീൻ, ശ്രീ.എ. അബ്ദുൽ അസീസ്, ശ്രീ.എസ്.അബ്ദുൽ ഖലാം എന്നിവർ സംസാരിച്ചു.

ശ്രീ.അഹമ്മദ് കബീർ എം.ആർ.എയുടെ കഴിഞ്ഞ ഭരണവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവു കണക്ക് ശ്രീ. ആർ. വിജയകുമാർ (പള്ളം ബാബു) അവതരിപ്പിച്ചു. ശ്രീ. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എസ്.സലിം സ്വാഗതവും, ശ്രീ.ആർ. വിജയകുമാർ(പള്ളം ബാബു) നന്ദിയും പറഞ്ഞു. ശ്രീ. എ.ഇബ്രാഹിംകുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ എന്നിവർ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

എം.ആർ.എ മാസവരി അഞ്ചുരൂപയിൽനിന്നും പത്തു രൂപയായി വർദ്ധിപ്പിയ്ക്കാൻ പൊതുയോഗം തീരുമാനിച്ചു. അടുത്ത ഭരണസമിതിയിലേയ്ക്ക് പതിമൂന്നംഗ എക്സിക്യൂട്ടീവിനെ പൊതു യോഗം തെരഞ്ഞെടുത്തു. ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.


വിവാഹം

കടയ്ക്കൽ, ഡിസംബർ 27: കടയ്ക്കൽ പൊയ്കവിളവീട്ടിൽ കെ.രവീന്ദ്രൻ നായരുടെയും, ബി.സിദ്ധാത്മികയുടെയും മകൾ രശ്മിയും (രാജി), എഴുകോൺ ഇടയ്ക്കിടം പടിഞ്ഞാറ്റേതിൽ വീട്ടിൽ എം.ബാലകൃഷ്ണൻ നായരുടെയും ബി.രത്നമ്മയുടെയും മകൻ രതീഷ് കുമാറും തമ്മിലുള്ള വിവാഹം ഡിസംബർ 27 ഞായറഴ്ച 9.55 -നുമേൽ 10.26-നകം കടയ്ക്കൽ പഞ്ചായത്ത് ഠൌൺ ഹാളിൽ നടന്നു. (വധു രശ്മിയുടെ സഹോദരൻ രാജേഷ് തട്ടത്തുമല ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകനായിരുന്നു.)

മരണം: പത്രം ഈസുകാക്ക മരണപ്പെട്ടു

എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്തെ ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി ഓർമ്മമാത്രം!

പത്രം ഈസു മരണപ്പെട്ടു

കിളിമാനൂർ, ഡിസംബർ 25: പതിറ്റാണ്ടുകളായി കിളിമനൂർ, തട്ടത്തുമല പ്രദേശങ്ങളിൽ പത്രവിതരണം നടത്തുന്ന ഈസു മരണപ്പെട്ടു. ഈസു കാക്ക എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറെ നാ‍ളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.

അങ്ങനെ എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്ത് ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി നമുക്ക് ഓർമ്മമാത്രം!

കിളിമാനൂർ മഞ്ഞപ്പാറ സ്വദേശിയാണ് പരേതൻ. നക്സൽ കേസിൽ ഏറെക്കാലം തടവുകാരനായിരുന്നു. പിന്നീട് മാനസാന്തരം വന്നു. ജയിൽമോചിതനായശേഷം രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞു മാറി കിളിമാ‍നൂരിൽ പത്ര ഏജൻസി നടത്തിവരികയായിരുന്നു.

വിപ്ലവത്തിന്റെ കനൽ വഴിയിൽ സഞ്ചരിച്ച് അനുഭവങ്ങളുടെ ചൂടും ചൂരും ഏറ്റുവാങ്ങിയ അദ്ദേഹം ജയിൽ മോചിതനായ ശേഷമുള്ള തന്റെ ജീവിതത്തിലുടനീളം ശാന്തനും മിതഭാഷിയുമായി കാണപ്പെട്ടു.ആ‍വശ്യമായ സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ കുടുംബപ്രാരാബ്ധങ്ങൾ പല‌പ്പോഴും അദ്ദേഹത്തെയും കുടുംബത്തെയും അലട്ടിയിരുന്നെങ്കിലും പതറാതെ പിടിച്ചുനിന്നു.

ഭാര്യയും രണ്ടു പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. മക്കൾ രണ്ടുപേരും വിവാഹിതരാണ്.

വിവിധ സാമൂഹ്യ-രാഷ്ട്രീയ നേതാക്കന്മാരുൾപ്പെടെ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഖബറടക്കം ഡിസംബർ 26 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് മഞ്ഞപ്പാറ മുസ്ലീൽ ജമാ‍ അത്ത് പള്ളി ഖബർസ്ഥാനിൽ.

എം.ആർ.എ തട്ടത്തുമല, വാർഷിക പൊതുയോഗം ഡിസംബർ 27-ന്

തട്ടത്തുമല: മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതു യോഗവും, എം.ആർ.എ കുടുംബസംഗമവും 2009 ഡിസംബർ 27 ഞായറഴ്ച നടക്കും. ഉച്ചയ്ക്ക് സദ്യയും ഉണ്ടായിരിക്കും.. ഇതിനോടനുബന്ധിച്ച് 2008 -2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡു ദാനം, ഇക്കഴിഞ്ഞ
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കളമത്സര വിജയികൾക്കുള്ള സമ്മാനദാനം, യോഗത്തിൽ പങ്കെടുക്കുന്ന എം.ആർ.എ കുടുംബാംഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ഉപഹാരം നൽകൽ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.


നോട്ടീസ്
മാറ്റർ


മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ

(എം.ആർ.എ)


രജി: നംബർ: ടി.4765/2001


തട്ടത്തുമല


-മെയിൽ : mrathattathumala@gmail.com

ബ്ലോഗ് : mrathattathumala.blogspot.com


7-ആമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും, കുടുംബസംഗമവും

സ്ഥലം: എം.ആർ.എ അങ്കണം

തീയതി: 27-12-2009 (ഞായർ)


2008-2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളുടെ കുട്ടികളുടെ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ് 23-12-2009 ബുധനാഴ്ചയ്ക്ക് മുൻപ് എം.ആർ.എ ഓഫീസിൽ എത്തിക്കേണ്ടതാണ്.


ഫോൺ: 0470-2648587, 9446518717



ബഹുമാന്യ എം.ആർ.എ കുടുംബാംഗങ്ങളേ,

എം.ആർ.എ യുടെ 7-ആമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 2008-2009 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളായ കുട്ടികൾക്കുള്ള അവാർഡും, എം.ആർ.എ കുടുംബ സംഗമവും, സദ്യയും, അത്തപ്പൂക്കള മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും, എം.ആർ.എ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും യോഗത്തിൽ പങ്കെടുക്കുന്ന എം.ആർ.എ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് എം.ആർ.എയുടെ ഉപഹാരവും പ്രസ്തുത യോഗത്തിൽ വച്ച് നൽകുന്നു.

എം.ആർ.എ പത്താമത് വാർഷികത്തിലേയ്ക്ക് കടക്കുന്ന ഈ അവസരം സംഘടനയുടെ ഊന്നുകല്ലായി നിൽക്കുന്ന നമ്മുടെ നാട്ടുകാരായ പ്രവാസി മലയാളികളെയും, കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ആദരിക്കുന്നു. ഒപ്പം എം.ആർ.എ യുടെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു വേണ്ടി തുടർന്നും ഇന്നാട്ടിലെ എല്ലാവരുടെയും സഹായ സഹകരണങ്ങൾ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

പുതുവാത്സരാശംസകളോടെ,

സെക്രട്ടറി- എസ്. സലിം


പ്രസിഡന്റ്
- സി.ബി.അപ്പു

ട്രഷറർ- പള്ളം ആർ. വിജയകുമാർ


കാര്യ പരിപാടികൾ:


രാവിലെ 9.00 മണിയ്ക്ക് : പതാക ഉയർത്തൽ

ഉച്ചയ്ക്ക് 12.00 മണിയ്ക്ക് :കുടുംബ സംഗമവും സദ്യയും

2 മണിയ്ക്ക് : രജിസ്ട്രേഷൻ

3 മണിയ്ക്ക് : പൊതുയോഗം

അദ്ധ്യക്ഷൻ : ശ്രീ. സി.ബി.അപ്പു (എം.ആർ.എ പ്രസിഡന്റ്)
ഈശ്വര-
പ്രാർത്ഥന : എം. ആർ.എ കോറസ്

സ്വാഗതം : ശ്രീ. എസ്.സലിം (എം.ആർ.എ സെക്രട്ടറി)

റിപ്പോർട്ട് : ശ്രീ. എ. അഹമ്മദ് കബീർ (മുൻ സെക്രട്ടറി)

ഉദ്ഘാടനം : ശ്രീ. വി.ഭാർഗ്ഗവൻ (രക്ഷാധികാരി)
മുഖ്യ-

പ്രഭാഷണം : ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി)

ആശംസകൾ :

ശ്രീ. കെ. ഗോപാലക്രിഷ്ണൻ നായർ
(മുൻ പ്രസിഡന്റ്)

ശ്രീ. എസ്. ലാബറുദീൻ

ശ്രീ.എ. അബ്ദുൽ അസീസ്

ശ്രീ. എസ്. അബ്ദുൽ ഖലാം

ശ്രീ. സജിൻ വാഹിദ്
(എം.ആർ.എ ജൂനിയർ വിംഗ് പ്രസിഡന്റ്)

എം.ആർ.എ വാർഷിക വരവു ചെലവ് കണക്ക്
അവതരണം :

ശ്രീ. പള്ളം ബാബു
(എം.ആർ.എ ട്രഷറർ)

തുടർന്ന് ചർച്ച

വൈകുന്നേരം

4 മണിയ്ക്ക് : പൊതു തെരഞ്ഞെടുപ്പ്

വൈകുന്നേരം

4.30-ന് : അവാർഡ്ദാനം

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് (റിട്ട: ഹെഡ്മാസ്റ്റർ)

സമ്മാനദാനം : ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട: അസി.
കൺട്രോളർ, ലീഗൽ മെട്രോളജി)

നന്ദി : ട്രഷറർ (എം.ആർ.എ)



അത്തപ്പൂക്കള മത്സരത്തിൽ വിജയികളായവർക്കും, എം.ആർ.എ മാസവരി കുടിശിക തീർത്തവരിൽ നിന്നും, പൊതുയോഗത്തിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനം നൽകുന്നതാണ്.


സമ്മാനം വേദിയിൽ നിന്നും ഏറ്റുവാങ്ങേണ്ടതാണ്


എൽ.ഡി.എഫ് സായാഹ്നധർണ്ണ നടത്തി

കിളിമാനൂർ, ഡിസംബർ 15: രാജ്യവ്യാപകമായ വിലവർദ്ധനവിന് കാരണമായ കേന്ദ്ര ഗവർണ്മെന്റ് നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാനവ്യാപകമായി പ്രധാന കേന്ദ്രങ്ങളിൽ സായാഹ്നധർണ്ണ നടത്തി. കിളിമാനൂർ ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ഗോപാലകൃഷ്ണൻ നായർ, അഡ്വ.എസ്.ജയച്ചന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ജി.എൽ.അജീഷ് എന്നിവർ സംസാരിച്ചു.സി.പി.ഐ മണ്ഠലം കമ്മിറ്റി അംഗം അർ.വാസുദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രൻ സ്വാഗതവും, ഇ.ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു.

ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ, ഡിസംബർ 14: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആറ്റിങ്ങൽ ടൌൺ യു.പി.എസിൽ വച്ച് വൈകുന്നേരം നാലുമണിയ്ക്ക് റിട്ടേണിംഗ് ഓഫീസറായിരുന്ന ആറ്റിങ്ങൽ എ.ഇ.ഓയുടെ സാന്നിദ്ധ്യത്തിലാണ് താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം. നാരായണൻ താൽക്കാലിക അദ്ധ്യക്ഷനായി. പുതിയ പ്രസിഡന്റായി രാജേന്ദ്രൻ (വക്കം), വൈസ് പ്രസിഡന്റായി മുരളി (ആറ്റിങ്ങൽ), സെക്രട്ടറിയായി അജയകുമാർ (പകൽക്കുറി), ജോയിന്റ് സെക്രട്ടറിയായി സുധീർ (മണമ്പൂർ) എന്നിവരെയാണ് ഐകകണ്ഠേന തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് കൌൺസിൽ മുൻ സെക്രട്ടറി ശിവശങ്കരൻ നായർ, മുൻ പ്രസിഡന്റ് ഗോപാലപിള്ള, വിശ്വനാഥക്കുറിപ്പ്, ഇ.എ.സജിം, അഡ്വ.ബെൻസി എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി അജയകുമാർ നന്ദി പറഞ്ഞു. ഒൻപതംഗ സമിതിയിൽ പഴയ അംഗങ്ങളിൽ അജയകുമാർ, ഇ.എ.സജിം, വിജയലക്ഷ്മി, വിശ്വനാഥക്കുറിപ്പ് എന്നിവർ പുതിയ സമിതിയിലും ഉണ്ട്. മറ്റുള്ളവർ സമിതിയിൽ പുതിയവരാണ്. രാജേന്ദ്രൻ, അജയകുമാർ, മുരളി, സുധീർ, നാരായണൻ, സജിം, വിജയലക്ഷ്മി, വിശ്വനാഥക്കുറിപ്പ്, അഡ്വ.ബെൻസി എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഇന്നു തന്നെ പഴയ കമ്മിറ്റി പുതിയ കമ്മിറ്റിയ്ക്ക് ചുമതല കൈമാറി. രാവിലെ കൌൺസിൽ ഓഫീസിൽ പഴയ കമ്മിറ്റിയും ചേർന്നിരുന്നു.

സബ്ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.


തട്ടത്തുമല, ഡിസംബർ 5: നാലു ദിവസമായി തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്ന കിളിമാനൂർ സംജില്ലാ സ്കൂൾ കലോത്സവം ഇന്നു വൈകുന്നേരം സമാപിച്ചു. സമാപന സമ്മേളനം വൈകുന്നേരം എ. സമ്പത്ത് എം.പി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകനും നടനും ഗായകനുമായ രാജസേനൻ സമ്മാന ദാനം നിർവ്വഹിച്ചു. പോകാൻ അത്യാവശ്യം ഉള്ളതുകൊണ്ട് ആദ്യം തന്നെ പ്രസംഗിച്ച് രണ്ട് പാട്ടുകളും പാടി ഓവറോൾ കിരീടം നേടിയ സ്കൂളിനുള്ള ട്രോഫിയും നൽകി രാജസേനൻ വിരമിച്ചു. തുടർന്ന് എ. സമ്പത്ത് എം.പി ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് വൈ.അഷ്റഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എം.എം. താഹ, കിളിമാനൂർ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.ജയച്ചന്ദ്രൻ, പുളിമാത്ത് ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ. വത്സലകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അർ.രാജീവ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഹരിശങ്കർ, ജി.രതീഷ് തുടങ്ങിയവർ സംസാരിച്ചു. അവാർഡു പ്രഖ്യാപനം നടത്തിയത് പി.സലിൽ ആയിരുന്നു. മൂന്നു ദിവസവും നല്ല നിലയിൽ ഭക്ഷണം പാകം ചെയ്തു നൽകിയ ഭ്ക്ഷന സംഘം തലവൻ ശശിയെ യോഗത്തിൽ പൊന്നാട അണിയിച്ചു.തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സി.എ.വത്സമ്മ കൃതജ്ഞത പറഞ്ഞു.

ഇത്തവണത്തെ കലോത്സവത്തിലെ പരിപാടികൾ മിക്കതും നിലവാരം കുറഞ്ഞവയായിരുന്നു. കൂടാതെ കലോത്സവത്തിനിടയിൽ ഇടയ്ക്കിടെ കൊച്ചു കൊച്ചു കശപിശകൾ നടന്നിരുന്നു. എന്നാൽ നാട്ടുകാരുട്രെ അവസരോചിതമായ ഇടപെടൽമൂലം പരിപാടികൾ സുഗമമായി നടന്നു. പ്രോഗ്രാം നടത്തിപ്പിലെ ചില പോരായ്മകളാണ് ചില്ലറ പ്രശ്നങ്ങൾക്കു കാരണമായത്ത്. ഭക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം വളരെ സുഗമമായി നടന്നത് എടുത്തു പറയേണ്ട ഒന്നാണ്. പരാതികൾക്കിടയില്ലാത്ത വിധം സമയാസമയം ഭക്ഷണം നൽകാൻ ഭക്ഷണ വിഭാഗത്തിനു കഴിഞ്ഞു. നാട്ടിലെ യുവജനങ്ങളുടെയും മറ്റു നാട്ടു കാരുടെയും ആത്മാർത്ഥമായ സേവനം ഭക്ഷണ കമ്മിറ്റിയ്ക്കു ലഭിച്ചു. ആദ്യത്തെ ദിവസം ഉദ്ഘാടനച്ചടങ്ങിൽ കലപില ഉണ്ടാക്കിയ ബി.ജെ.പി ക്കാർ പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. പോലീസിന്റെ സജീവ സാന്നിദ്ധ്യം മൂന്നു ദിവസവും ഉണ്ടായിരുന്നു. ആദ്യമായി തട്ടത്തുമലയിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിന്റെ അത്രത്തോളം മികവ് ഇത്തവണ ഉണ്ടായില്ല. എങ്കിലും ഒരു വിധം ഭംഗിയായി കലോത്സവം നടന്നു. നാലു ദിവസം തട്ടത്തുമലയിൽ ഉത്സവ പ്രതീതിയായിരുന്നു.

കിളിമാനൂര്‍ സാബ്‌ ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടക്കുന്ന ഇത്തവണത്തെ കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ഉദ്ദേശം 10 മണിയ്ക്ക് ശ്രീ. എൻ. രാജൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ എം.എൽ.എ, കെ.പ്രസാദ് (എ.ഇ.ഒ), വി.സ്നേഹലത (സ്കൂൾ ഹെഡ്മിസ്റ്റർ) വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണൻ സാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.എം.നൌഷാദ് കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് വിവിധ മത്സരയിനങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് സ്വാഗതസംഘം വക ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.


സ്കൂൾകലോത്സവ വേദിയിൽ ബി.ജെ.പി പ്രതിഷേധം


തട്ടത്തുമല, ഡിസംബർ 3: ഇന്ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസ്-ൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിലേയ്ക്ക് ഏതാനും ബി.ജെ.പി പ്രവർത്തകർ കടന്നുകയറി മുദ്രാവാക്യം വിളിച്ചു. ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്ന പോലീസ് ഇവരെ കയ്യോടെ പിടികൂടി പുറത്താക്കി. ഉദ്ഘാടന ചടങ്ങ് മുടങ്ങാതെ നടന്നു.

സ്കൂൾ കലോത്സവത്തിൽ സംഘപരിവാർ അനുകൂല അദ്ധ്യാപക സംഘടനയായ എൻ.റ്റി.യു വിന് പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് ഇന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചാ‍യത്ത് പ്രദേശത്ത് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകുന്നേരം അവർ തട്ടത്തുമല ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കെ.എസ്.റ്റി. എയ്ക്കും എ.ഇ.ഒയ്ക്കും എതിരെയാണ് മുദ്രാവാക്യം മുഴക്കിയത്. കലോത്സവം നടക്കുന്ന ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ അവർ ഉപവാസവും സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ കലോത്സവ ഉദ്ഘാടന സമ്മേളനത്തിനു മുമ്പ് തട്ടത്തുമല ജംഗ്ഷനിൽ ഘോഷയാത്ര നടക്കുമ്പോഴും അവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ കുഴപ്പമുണ്ടാക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഘോഷയാത്ര കഴിഞ്ഞ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം. നാരായണൻ സ്വാഗതപ്രസംഗം നടത്തവേയാണ് പുറത്തുനിന്നുള്ള മൂന്നോളം ബി.ജെ.പി പ്രവർത്തകർ ഉദ്ഘാടനവേദിയിലേയ്ക്ക് ഓടിക്കയറിയത്. കരുതി നിന്നിരുന്ന പോലീസ് പൊടുന്നനെ ഇവരെ പിടികൂടി പുറത്താക്കി.

ഇവരിൽ യുവമോർച്ച പ്രവർത്തകനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പിടിച്ച യുവമോർച്ച പ്രവർത്തകനെ പോലിസ് മർദ്ദിച്ചെന്നാരോപിച്ചും ഇയാളെ വിടണമെന്നാവശ്യപ്പെട്ടും സ്കൂൾ ഗേറ്റിൽ ബി.ജെ.പി പ്രവർത്തകർ മാർഗ്ഗതടസ്സം സൃഷ്ടിച്ചു. ഇവരെ പിന്തിരിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തയാളെ പോലീസ് കിളിമാനൂർ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. ജംഗ്ഷനിൽ ബി.ജെ.പിയുടെ ഉപവാസ സമരം തുടർന്നു. തോട്ടയ്ക്കാട് ശശി, കിളിമാനൂർ സുരേഷ്, കാരേറ്റ് ശിവപ്രസാദ്, കൈലാസം സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.നാല്പത്തിയഞ്ചോളം ബി.ജെ.പിക്കാരാണ് പ്രകടനത്തിലും ഉപവാസത്തിലും പങ്കെടുത്തത്.

കലോത്സവത്തിൽ സംഘപരിവാർ അനുകൂല സംഘടനയെ പങ്കെടുപ്പിയ്ക്കാത്തത് സർക്കാർ നിർദ്ദേശം ഇല്ലാത്തതിനാലാണെന്ന് കെ.എസ്.റ്റി. എ വൃത്തങ്ങൾ പറയുന്നു. എ.ഇ.ഒയ്ക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനപൂർവ്വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

ഏതെങ്കിലും സംഘടനയുടെ അംഗീകാരം അക്രമമാർഗ്ഗേണ തട്ടിപ്പറിച്ചെടുക്കേണ്ടതല്ലെന്ന് കലോത്സവ ഉൽഘാടനത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചാ‍യത്ത് വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി പറഞ്ഞു. അദ്ധ്യാപക സംഘടനയ്ക്ക് കലോത്സവത്തിൽ പ്രാതിനിധ്യം കിട്ടാത്തതിൽ രാഷ്ട്രീയ സംഘടനയാണോ പ്രതികരിയ്ക്കേണ്ടതെന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണൻ സ്വാഗത പ്രസംഗത്തിനിടെ ചോദിച്ചു. ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ വേദിയിലേയ്ക്ക് കയറിയതെന്നാണ് ബി.ജെ.പി നേതാക്കൾ വിശദീകരിയ്ക്കുന്നത്. എന്നാൽ ഉദ്ഘാടന വേദിയിൽ ഇവർ കരിങ്കൊടി കാണിയ്ക്കുമെന്ന് നേരത്തെ ഇന്റെലിജെന്റ് റിപ്പോർട്ട് ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു.

കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. എൻ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ എം.എൽ.എ, കെ.പ്രസാദ് (എ.ഇ.ഒ), വി.സ്നേഹലത (സ്കൂൾ ഹെഡ്മിസ്റ്റർ) വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണൻ സാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.എം.നൌഷാദ് കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് വിവിധ മത്സരയിനങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് സ്വാഗതസംഘം വക ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

ബി.ജെ.പിക്കാര്‍ പ്രകടനം നടത്തി


തട്ടത്തുമല, ഡിസംബര്‍ 2: നാളത്തെ ഹര്‍ത്താല്‍ വിളംബരം ചെയ്ത് തട്ടത്തുമല ജംഗ്ഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുപ്പത്താറോളം പേര്‍ പങ്കെടുത്തു.

കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം

ഡിസംബർ 2, 3, 4, 5 തട്ടത്തുമലയിൽ

തട്ടത്തുമല: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് നടക്കുന്ന കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 3 ന് രാവിലെ 8-30-നുള്ള ഘോഷയാത്രയെ തുടർന്ന് ശ്രീ. എൻ രാജൻ എം.എൽ എ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബി.പി.മുരളി അദ്ധ്യക്ഷത വഹിയ്ക്കും. ഡിസംബർ 2, 3, 4, 5 തീയതികളിലാണ് കലോത്സവം നടക്കുന്നത്‌.

പതാക ഉയർത്തി

തട്ടത്തുമല, ഡിസംബർ 2: കലോത്സവം നടക്കുന്ന തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇന്ന് രാവിലെ 10 മണിയ്ക്ക് കിളിമാനൂർ എ.ഇ.ഒ ശ്രീ. പ്രസാദ് പതാക ഉയർത്തി.

രചനാ മത്സരങ്ങൾ ആരംഭിച്ചു

കിളിമാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ രചനാ മത്സരങ്ങൾ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ഇന്ന് ആരംഭിച്ചു.

ഡിസംബർ 3-ന് ബി.ജെ.പി ഹർത്താൽ

കിളിമാനൂർ: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് നടക്കുന്ന കിളിമാനൂർ സബ്ജില്ലാ കലോത്സവത്തിൽ ബി.ജെ.പി അനുഭാവമുള്ള അദ്ധ്യാപക പരിഷത്തിന് പ്രാധിനിത്യം നൽകിയില്ലെന്ന് ആരോപിച്ച് കലോത്സവം ഉദ്ഘാടനം ചെയ്യുന്ന ഡിസംബർ 3-ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ബി.ജെ.പി ഹർത്താൽ ആചരിയ്ക്കുന്നു.

മരണം

തട്ടത്തുമല, ഡിസംബർ 1: ചായക്കാർ പച്ച കുട്ടൻപിള്ളയുടെ ഭാര്യ മരണപ്പെട്ടു.

No comments: