തട്ടത്തുമല നാട്ടുവർത്തമാനം

Saturday, December 26, 2009

മരണം: പത്രം ഈസുകാക്ക മരണപ്പെട്ടു

എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്തെ ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി ഓർമ്മമാത്രം!

പത്രം ഈസു മരണപ്പെട്ടു

കിളിമാനൂർ, ഡിസംബർ 25: പതിറ്റാണ്ടുകളായി കിളിമനൂർ, തട്ടത്തുമല പ്രദേശങ്ങളിൽ പത്രവിതരണം നടത്തുന്ന ഈസു മരണപ്പെട്ടു. ഈസു കാക്ക എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറെ നാ‍ളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.

അങ്ങനെ എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്ത് ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി നമുക്ക് ഓർമ്മമാത്രം!

കിളിമാനൂർ മഞ്ഞപ്പാറ സ്വദേശിയാണ് പരേതൻ. നക്സൽ കേസിൽ ഏറെക്കാലം തടവുകാരനായിരുന്നു. പിന്നീട് മാനസാന്തരം വന്നു. ജയിൽമോചിതനായശേഷം രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞു മാറി കിളിമാ‍നൂരിൽ പത്ര ഏജൻസി നടത്തിവരികയായിരുന്നു.

വിപ്ലവത്തിന്റെ കനൽ വഴിയിൽ സഞ്ചരിച്ച് അനുഭവങ്ങളുടെ ചൂടും ചൂരും ഏറ്റുവാങ്ങിയ അദ്ദേഹം ജയിൽ മോചിതനായ ശേഷമുള്ള തന്റെ ജീവിതത്തിലുടനീളം ശാന്തനും മിതഭാഷിയുമായി കാണപ്പെട്ടു.ആ‍വശ്യമായ സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ കുടുംബപ്രാരാബ്ധങ്ങൾ പല‌പ്പോഴും അദ്ദേഹത്തെയും കുടുംബത്തെയും അലട്ടിയിരുന്നെങ്കിലും പതറാതെ പിടിച്ചുനിന്നു.

ഭാര്യയും രണ്ടു പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. മക്കൾ രണ്ടുപേരും വിവാഹിതരാണ്.

വിവിധ സാമൂഹ്യ-രാഷ്ട്രീയ നേതാക്കന്മാരുൾപ്പെടെ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഖബറടക്കം ഡിസംബർ 26 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് മഞ്ഞപ്പാറ മുസ്ലീൽ ജമാ‍ അത്ത് പള്ളി ഖബർസ്ഥാനിൽ.

No comments: