തട്ടത്തുമല നാട്ടുവർത്തമാനം

Thursday, July 15, 2010

കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

ഇത് ഇപ്പോൾ കാനഡയിൽ റിസർച്ച് വിദ്യാർത്ഥിയായ എന്റെ സുഹൃത്ത് സിയാദ് നാലാളെ അറിയിക്കാൻ എനിക്കെഴുതിയയച്ച കുറിപ്പാണ്. സമയവും സൌകര്യവും ലഭിച്ചാൽ അഞ്ചുനേരവും നിസ്കരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ ഇസ്ലാമത വിശ്വാസിയാണ് കെമിസ്ട്രിയിലും എനർജി സയൻസിലും ബിരുദാനന്ദര ബിരുദം കഴിഞ്ഞ് ഗവേഷണാർത്ഥം കാനഡയിലെത്തിയ സിയാദ്.

സിയാദ് ഒരെഴുത്തുകാരനൊന്നുമല്ല. രസതന്ത്രവിദ്യാർത്ഥിയായ ഇദ്ദേഹത്തിന് സാഹിത്യഭംഗിയുള്ള വാക്കുകളൊന്നും ഉപയോഗിച്ച് തന്റെ അറിവുകളും അനുഭവങ്ങളെയും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ വലിയ പരിചയവുമില്ല. അങ്ങനെയുണ്ടെങ്കിൽതന്നെ ഇപ്പോൾ അതിനു സമയവും കമ്മി. എന്തായാലും സിയാദിന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം അയച്ച കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. എന്റെ നിർബന്ധം മൂല സിയാദിന് സ്വന്തമായൊരു ബ്ലോഗ് ഉടനെയുണ്ടാകും.

കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

സിയാദ് എഴുതുന്നു......

അതിശയിക്കേണ്ട; അതിന് ഇതൊരു കഥയല്ല . ഒരുമയുണ്ടെങ്കിൽ മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ പള്ളിയിലും നമസ്കരിക്കാം എന്ന് തെളിയിച്ച ഒരു കനേഡിയൻ അനുഭവം! അതെ ഇത് ഈയുള്ളവന് ഉണ്ടായ ഒരു അനുഭവം ആണ്. ശരിക്കും. ഇ അനുഭവത്തിന് അത്ര വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട ആവശ്യവും ഇല്ല.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം എന്നവകാശപ്പെടുന്ന , തമ്മില്‍ കണ്ടാല്‍വാളും ബോംബുമായി പരസ്പരം കൊല്ലാന്‍നടക്കുന്ന പരുവത്തിലേയ്ക്ക് മാറുന്ന- അല്ലെങ്കിൽ മാറ്റാൻ ആരൊക്കെയോ മന:പൂർവ്വം ശ്രമിക്കുന്ന- ഒരു നാട്ടില്‍നിന്നും വന്ന എനിക്ക് ഇതൊരു സംഭവം തന്നെ ആണ്.

ഇനി എന്റെ അനുഭവത്തിലേക്ക് കടക്കാം. ഈയുള്ളവന്‍ ഇപ്പോള്‍ കാനഡയില്‍ ഒരു ഗവേഷക വിദ്യാർത്ഥി ആണ്. ജാതിയും മതവും ഒക്കെ മനുഷ്യന്റെ നന്മക്കാണ് എന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ ഒരാളാണ് ഞാൻ. അതു കൊണ്ടുതന്നെ എത്ര തിരക്കായാലും വെള്ളിയാഴ്ച പള്ളിയില്‍പോകാറുണ്ട്. അങ്ങനെ ഈ വെള്ളിയാഴ്ചയും ഞാന്‍ പള്ളിയില്‍പോയി. എന്നാൽ ഈ വെള്ളിയാഴ്ച ഞാൻ നമസ്കരിച്ചത് ഒരു ക്രിസ്ത്യന്‍പള്ളിയിലാണ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങള്‍ക്ക് വിശ്വാസമാകില്ലായിരിക്കാം. നിങ്ങൾ ചിരിച്ചേക്കാം. പക്ഷെ ഇത് സംഭവിച്ചതാണ് . ചിരിച്ച് തള്ളേണ്ടതല്ല. ചിരിക്കുന്നതിനെക്കള്‍ വലുതായി ചിന്തിക്കണം നമ്മൾ !

ആ ദിവസം ഞങ്ങളുടെ പള്ളിയിൽ വൈദ്യുതിയും വെള്ളവും ഇല്ലായിരുന്നു. പല രാജ്യക്കാരായ നമ്മൾ മുസ്ലീങ്ങൾക്ക് എല്ലാം നമസ്കരിക്കാന്‍ ബുദ്ധിമുട്ടായി. അപ്പോൾ തൊട്ടപ്പുറത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായിരുന്ന അച്ഛന്‍ നമുക്ക് തുണയുമായി എത്തി. അച്ചൻ പറഞ്ഞു, നിങ്ങൾ വിഷമിയ്ക്കേണ്ട; നിങ്ങൾക്ക് പ്രശ്നമില്ലെങ്കില്‍ ഇവിടെ നമ്മുടെ ചർച്ചിൽ നമസ്കരിച്ചു കൊള്ളൂ എന്ന്! ഇത് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. അവിടെ നമ്മോടൊപ്പം ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർക്കൊന്നും ഇതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ലതാനും. നമ്മുടെ നാട്ടിലാണെങ്കിൽ ഇത് നടക്കുമോ? ഇനി അഥവാ ഒരു അന്യമത ആരാധനാലയത്തിൽ കയറി പ്രാർത്ഥിക്കാൻ അനുവദിച്ചാൽ തന്നെ മറ്റു മതസ്ഥർ അതിനു തയ്യാറാകുമോ?

പ്രാർത്ഥന എവിടെവച്ച് നടത്തിയാലും -ഒരു അന്യമത ആരാധനാലയത്തിൽ വച്ചായാൽ പോലും- ദൈവം കേൾക്കും എന്ന് എത്രപേർ അംഗീകരിക്കും? അന്യമതരാഷ്ട്രങ്ങളിൽ ഇരുന്ന് എത്രയോ വ്യത്യസ്ഥ മതക്കാർ അവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ നടത്തുന്നു? അതൊന്നും ദൈവം കേൾക്കില്ലെന്നുണ്ടോ? സൌദിയിലിരുന്ന് പ്രാർത്ഥിക്കുന്ന ഹിന്ദുവിന്റെ പ്രാർത്ഥന ഹിന്ദു ദൈവങ്ങളും , റോമിലിരുന്ന് പ്രാർത്ഥിക്കുന്ന മുസൽമാന്റെ പ്രാർത്ഥന അള്ളാഹുവും, ഹിന്ദുമതം ഔദ്യോഗിക മതമായ നേപ്പാളിൽ ഇരുന്നു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനിയുടെ പ്രാർത്ഥന കർത്താവും കേൾക്കില്ലെന്നുണ്ടോ?

ഈ സംഭവം നടക്കുമ്പോൾ എനിക്ക് ഓര്‍മ്മ വന്നത് എന്റെ നാട്ടില്‍ നടന്ന ഒരു പഴയ സംഭവം ആണ്. പണ്ട് എന്റെ നാട്ടില്‍നിന്നും മൂന്ന് സുഹൃത്തുക്കള്‍ ശബരിമലക്കു പോയി. അത് അന്യമതഭക്തികൊണ്ട് പോയതല്ല. കേരളീയന് പാരമ്പര്യമായുള്ള അന്യമത സഹിഷ്ണുതയും, സുഹൃത്തുക്കളുടെ വിശ്വാസങ്ങൾക്കുള്ള പിന്തുണയും സ്നേഹവും കൊണ്ടും സർവ്വോപരി ശബരിമലയുടെ പരിസരമെങ്കിലും ഒന്നു കണ്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടും ആണ്.

ഒരു മുസ്ലീം മണ്ഡലകാലത്ത് പമ്പാനദിക്കരെ വരെ പോയി വന്നാൽ അവനിലെ ഇസ്ലാമികത നഷ്ടപ്പെടുമോ? ആവോ, എനിക്കങ്ങനെ തോന്നുന്നില്ല.
അവിടെ മുസ്ലിങ്ങളുടെ പ്രധാനി ആയ വാവരും ഹിന്ദുക്കളുടെ പ്രധാനി ആയ അയ്യപ്പനും അടുത്തടുത്താണ് ഇരിക്കുന്നത്. അപ്പോള്‍പിന്നെ അത്തരം പ്രധാനികൾക്കില്ലാത്ത വിവേചനം സാധാരണകാര്‍ക്ക് എന്തിനാ? അത് കൊണ്ട് എന്റെ സുഹൃത്തുക്കളും ശബരിമലക്ക് പോയി. ഇതറിഞ്ഞ ഉടനെ എന്റെ നാടിലെ ചില പ്രമാണിമാരും പണ്ഡിതന്മാരും (എന്നൊക്കെ സ്വയം നടിച്ചു നടക്കുന്ന ചില ആൾക്കാര്‍ എന്ന് പറയുന്നതാണ് നല്ലത്) അവർക്കെതിരെ വാളെടുത്തു. അവസാനം പള്ളിയിൽ എല്ലാവരുടെയും മുമ്പിൽ വച്ച് ആ പാവം സുഹൃത്തുക്കൾ മാപ്പ് പറയേണ്ടി വന്നു.

എത്രയോ മുസ്ലിം- ക്രൈസ്തവ ഡ്രൈവർമാർ വർഷങ്ങളായി ഹൈന്ദവ ഭക്തരെയും കൊണ്ട് ശബരിമല പോയി വരുന്നു.
ഭക്തരെ കൊണ്ടു പോയത് അന്യമതക്കാരായതുകൊണ്ട് അയ്യപ്പൻ അവരുടെ പ്രാർത്ഥന കേൾക്കില്ലെന്നുണ്ടോ? വഴിയിൽ വാവർക്ക് കാണിക്ക നൽകുന്നതിൽ അയ്യപ്പൻ പരിഭവിക്കുമോ? എന്റെ നാട്ടിലുള്ള ആർ.എസ്.എസ്-ന്റെ സജീവ പ്രവർത്തകനായ ഒരു സുഹൃത്ത് എല്ലാ വർഷവും അദ്ദേഹത്തിന്റെ ആത്മമിത്രമായ ഒരു മുസ്ലിം ഡ്രൈവറെയും കൂട്ടിയാണു മലയ്ക്ക് പോകാറുള്ളത്. അവരുടെ കുടുംബങ്ങൾ ഒരുമിച്ച് എത്രയോ പള്ളികളിലും അമ്പലങ്ങളിലും തീർത്ഥയാത്രയ്ക്കു പോകുന്നു.

എന്തായാലും ഞങ്ങൾ കാനഡയിലെ ആ ക്രിസ്ത്യന്‍പള്ളിയിൽ അന്ന് പോയി നമസ്കരിച്ചു. ഇതു സംബന്ധിച്ച് വേണമെങ്കിൽ നമ്മുടെ നാട്ടിലുള്ള മതനേതാക്കൾക്ക് ഇങ്ങനെ പറയാം; കാനഡ അല്ലെ, അവിടെ തുണിയൊന്നും ഇടാത്ത സായിപ്പുമാരും മദാമ്മമാരും ഒക്കെ ഉള്ള സ്ഥലമല്ലേ, അതുകൊണ്ട് അവരുടെ നമസ്കാരവും ശരിയായിരിക്കില്ല എന്ന്! എന്നാൽ കേട്ടുകൊള്ളൂ; ഇവിടെ കനേഡിയൻ മുസ്ലിംസ് വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. ബാക്കി മിക്കവാറും എല്ലാവരും മുസ്ലിം രാജ്യങ്ങളായ മോറോക്കോ, ഇറാഖ്, ഇറാന്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ്. ഇവർ പ്രസംഗം പോലും അറബിലാണ് നടത്തുന്നത്.

ശബരിമലയിൽ അയ്യപ്പനും വാവർക്കും അടുത്തടുത്തിരിക്കാം പക്ഷെ മനുഷ്യരായ നമ്മളൊക്കെ അടുത്തിരിക്കാന്‍പാടില്ല. അങ്ങനെ ഇരുന്നാല്‍പിന്നെ എന്ത് പേര് പറഞ്ഞു തമ്മിലടിക്കും? വര്‍ഗീയ ലഹളകൾ ഉണ്ടായാൽ അല്ലെ നമ്മുടെ നാട്ടിലെ ചിലർക്ക് സുഭിക്ഷമായി ജീവിക്കാൻ പറ്റൂ! അപ്പോൾ ശരിക്കും പറഞ്ഞാല്‍ ദൈവങ്ങൾക്കോ സാധാരണ മനുഷ്യര്‍ക്കോ പ്രശ്നമില്ല; മതനേതാക്കൾക്കാണ് പ്രശ്നം. അപ്പോള്‍ ഇവരൊന്നും മത വിശ്വാസികളല്ല; മറിച്ച് മതത്തിന്റെ പേരിൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്.

നമ്മുടെ
പൂര്‍വികര്‍ മതമുണ്ടാക്കിയത് മനുഷ്യ നന്മ ഉദ്ദേശിച്ചാണ്. പക്ഷെ അത് മനുഷ്യനെ തമ്മിലടിപ്പിച്ചു ലാഭം ഉണ്ടാക്കാനാണ് എന്ന് മനസിലാക്കി തന്നത് നമ്മുടെ വിഷയിനങ്ങളില്പെട്ട ചില മതനേതാക്കളും രാഷ്ട്രീയനേതാക്കളും ആണ്. ഇത്തരം ട്രാപ്പുകളിൽ വീണു പോകുന്നത് പൊതുവേ സാധാരണക്കാരായ പാവങ്ങളാണ്. നല്ലൊരു ശതമാനം പണം ഉള്ളവരും ഇതിനെ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. വിശ്വാസികളാണെങ്കിലും മതങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നത് അവർക്ക് പ്രശ്നവുമല്ല.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ; എല്ലാവരും അവരവരുടെ മതങ്ങളെ കുറിച്ച് നന്നായി പഠിക്കുക. അപ്പോള്‍മനസിലാകും എല്ലാ മതവും മനുഷ്യന്റെ നന്മ ആഗ്രഹിച്ചു കൊണ്ട് ഉള്ളതാണെന്ന്; നമ്മള്‍ എല്ലാം ഒന്നാണെന്ന്. അല്ലെങ്കില്‍ ഇതൊന്നും വേണ്ടെന്നുവച്ച് ചുമ്മാതങ്ങ്‌ നടക്കുക. അപ്പോഴും പ്രശ്നം ഒന്നും ഇല്ല. അല്ലാതെ മമ്മിലടിച്ച് തലകീറാനാണെങ്കിൽ എന്തിനു മതങ്ങൾ? മതങ്ങളുടെ മഹിമ മനസിലാകാത്തവർക്ക് വിശ്വസിക്കാനും കൈകാര്യം ചെയ്യാനുള്ള ഒന്നല്ല മതം. മതം എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു സുഗന്ധം പരക്കണം. അല്ലാതെ മതം എന്ന് കേൾക്കുമ്പോൾ മനസിൽ നടുക്കമുണ്ടാക്കാൻ ഇടവരുത്തുന്ന പ്രവൃത്തികളിൽ ഒരു മതവിശ്വാസികളും ഇടപെടരുത്.

മതാന്ധത
ബാധിച്ചവരും, മതത്തെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നവരും പറയുന്ന കേട്ട് വിശ്വസിക്കാനും പ്രവർത്തിക്കാനും നിന്നാൽ പിന്നെ ഇവിടെ എത്ര സമാധാന സമ്മേളങ്ങൾ കൂടിയാലും അത് വെള്ളത്തില്‍ വരച്ച വര പോലെ ആകും. എല്ലാ മതനേതാക്കളും ഒരുപോലെയാണെന്ന് ഈയുള്ളവൻ കരുതുന്നില്ല. ഒരു ചെറിയ ശതമാനം മാത്രമേ പ്രശ്നക്കാരായുള്ളൂ. നല്ലൊരു ശതമാനും മതനേതാക്കളും, മതപണ്ഡിതന്മാരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരാണ്.അവരോടുള്ള ബഹുമാനം മനസ്സില്‍വെച്ച് കൊണ്ട് തന്നെ ഞാൻ തൽക്കാലം ഒരു നിമിത്തമുണ്ടായി എഴുതാനിടയായ ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

2 comments:

Anonymous said...

തീര്‍ച്ചയായും ഇത് ഗൌരവമേറിയ ഒരു കാര്യം തന്നെയാണ്. മതത്തിന്റെ പേരില്‍ തമ്മിലടിക്കുകയും ലഹള നടത്തുകയും ചെയ്യുന്നവരാരും ദൈവത്തെയല്ല മറിച്ച് മതത്തെ മാത്രമാണ് സ്നേഹിക്കുന്നത്.
താങ്കള്‍ പറഞ്ഞപോലെ "മതങ്ങളുടെ മഹിമ മനസിലാകാത്തവർക്ക് വിശ്വസിക്കാനും കൈകാര്യം ചെയ്യാനുമുള്ള ഒന്നല്ല മതം".

Jassim said...

വളരെ പ്രസക്തമായ ചില ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ വെയ്ക്കുന്നു സിയാദിന്റെ ഈ കുറിപ്പ്. വര്‍ത്തമാനകാലത്തെ ചില സംഭവ വികാസങ്ങള്‍ ഈ ഒരു ഓര്‍മപ്പെടുത്തലുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് മനസിലാകുന്ന കുറെയേറെ കാര്യങ്ങളുണ്ട്.

ഒരിക്കലും ചോദ്യചെയ്യപ്പെടാത്തതും അധവാ ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അതിനെ അല്ലെങ്കില്‍ അവനെ ഉന്മൂലനം ചെയ്യുന്നതുമായ ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിരിക്കുന്നു. ഇതു അത്യന്തം ഗുരുതരമായ അവസ്ഥാവിശേഷത്തിലേക്ക് നമ്മുടെ ജനതയെയും നാടിനെയും തള്ളിവിട്ടിരിക്കുന്നു.

മതത്തിന്‍റെ കെട്ടുപാടുകളില്‍ അകപ്പെട്ടുപോകുന്ന ഏതൊരു വിശാല ചിന്താഗതിക്കാര്‍ക്കും ഉണ്ടാകുന്ന അനുഭവമാണ് ഈ മാപ്പുപറയല്‍ സംഭവത്തിലൂടെ നിഴലിക്കുന്നത്. എല്ലാം തുറന്നു പറയുന്നവന്റെ വായ്ക്ക് കൂച്ചുവലങ്ങിട്ടു പടിയടച്ചു പിണ്ഡം വെക്കാന്‍ ചില കപട മത മേലധികാരികള്‍ നടത്തിയ ശ്രമങ്ങളും അന്ന് നാം കണ്ടതാണ്. ഇതിനെതിരെ ആരെങ്കിലും അന്ന് ശബ്ദിച്ചിരുന്നെന്കില്‍ അവര്‍ക്കും കിട്ടിയേനെ പടിയടക്കലിന്റെ ദുരനുഭവം.

ഇനിയും ഇത്തരത്തിലുള്ള കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു. താങ്കളുടെ പുതിയ ബ്ലോഗിനായി കാത്തിരിക്കുന്നു.