തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, October 5, 2010

ഇങ്ങനെ പെയ്താൽ........


ഇങ്ങനെ പെയ്താൽ........

മഴയാണ്; പെരുമഴ. വെള്ളപ്പൊക്കം എന്നൊന്നും പറയാറായിട്ടില്ല. എങ്കിലും ഭീതിയിലാണ് നാട്ടുകാർ. ഉരുൾ പൊട്ടൽ ഉണ്ടാകുന്നു. കുന്നുകൾ ഇടിയുന്നു. തോടുകളിൽ വൻ ജലപ്രവാഹം. വയലുകളും നിറഞ്ഞ് കവിയുന്നു. വീടുകൾ തകരുന്നു. വെള്ളം കയറി റോഡുകൾ പൊളിയുന്നു. മുറിയുന്നു. മരങ്ങൾ കടപുഴകി വീഴുന്നു. വൈദ്യുതി ലെയിനുകൾ പൊട്ടിവീഴുന്നു. വൈദ്യുതി നിലയ്ക്കുന്നു. ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുന്നു.

കടകളിലും വീടുകളിലും വെള്ളം കയറുന്നു. സാധനങ്ങൾ ഒലിച്ചു പോകുന്നു. കടകമ്പോളങ്ങൾ അടച്ചിടുന്നു. കിളിമാനൂർ, നിലമേൽ എന്നിവിടങ്ങളിൽ ഒരുപാട് കടകളിൽ വെള്ളം കയറി. അവ തുറക്കാതെയായി. വൻ നാശനഷ്ടങ്ങൾ. ആളുകൾക്ക് പുറത്തിറങ്ങാൻ തന്നെ പറ്റാതെയായിട്ടുണ്ട്. സ്കൂളൊക്കെ നേരത്തേ വിടുന്നു.

തട്ടത്തുമല ജംഗ്ഷനിൽ കെ.എസ്.റ്റി.പിക്കാർ കല്ലുകെട്ടി സംരക്ഷിച്ചിരുന്ന ഇടിവരഭാഗം ഇടിഞ്ഞുവീണു. മുൻപൊരുമഴയിൽ മറ്റൊരു ഭാഗം ഇടിവര ഇടിഞ്ഞിരുന്നു. ഇനിയും വശഭിത്തികൾ ഇടുഞ്ഞുവീഴാൻ സാധ്യത. റോഡുകളാകെ ചാലുവീണും ചല്ലി ഇളകിയും നാശമായി കിടക്കുന്നു. വല്ലൂരിൽ ഒരു വീട് ഇടിഞ്ഞു. അവിടെ ഉരുൾ പൊട്ടലും ഉണ്ടായി. വല്ലൂർ-പാപ്പാല റോഡ് മുറിഞ്ഞു. തട്ടത്തുമല പ്രദേശത്താകെ ബലമില്ലാത്ത വീടുകൾ ഭീഷണിയിൽ ആണ്. കുന്നിൻ ചരുവുകളിൽ താമസിക്കുന്നവർ കൂടുതൽ ഭീതിയിലാണ്. എപ്പൊഴാണ് മലയിടിച്ചിൽ എന്നറിയാൻ കഴിയില്ല.

പൊരുന്തമണ്ണിൽ വീട്ടിനു മുകളിൽ കൂടി പാറ ഇളകി വീണ് ഒരു സ്ത്രീ മരിച്ചു. അവരുടെ മകനു പരിക്കുപറ്റി. ഇതൊക്കെ ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്നു. നല്ലൊരു പങ്ക് നാട്ടുകാരും അരക്ഷിതബോധത്തിലാണ്. വെള്ളപ്പൊക്കമെന്നൊന്നും പറയാറായില്ല. എങ്കിലും സ്ഥിതിഗതികൾ മോശമാണ്. അധികൃതരുടെ ശ്രദ്ധ പതിയേണ്ടതാണ്. ഇനിയും മഴ ഇതുപോലെ തുടർന്നാൽ അത് വെള്ളപ്പൊക്കത്തിന്റെ അവസ്ഥ കൈവരിക്കും.

കടകളിലും വീടുകളിലും വെള്ളം കയറിയവർ വിഷമസ്ഥിതിയിൽ ആണ്. നഷ്ടങ്ങൾ എങ്ങനെ പരിഹരിക്കും. വൻ കിട കച്ചവടക്കാർക്ക് വലിയ പ്രശ്നം വരില്ല. പക്ഷെ ചെറുകിട കടക്കാരുംമറ്റും ഈ നഷ്ടം നികത്തനാകാൻ കഴിയാത്ത നിസഹായാവസ്ഥയിൽ ആണ്. ആളുകളുടെ നിത്യവൃത്തിയെതന്നെ ഈ മഴ പ്രതികൂലമായി ബാധിക്കുകയാണ്. പാടത്തും പറമ്പിലും പണിയില്ല. റബ്ബർ ടാപ്പിംഗ് നടക്കാത്തതിനാൽ ആ തൊഴിലാളികളും റബ്ബറിനെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളും വിഷമത്തിലായി.

ഇതെഴുതുമ്പോൾ ഒന്നു പെയ്തു തോർന്നമഴ വീണ്ടും പെയ്തു തുടങ്ങുകയാണ്. ഈ രാത്രി ഇന്നിനി തോരുന്ന ലക്ഷണമല്ല. ഇങ്ങനെ മഴ പെയ്താൽ............

ഒരു ഉൾഭയം തന്നെ!

1 comment: