ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്ലറ്റ് മൌത്ത്
(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)
ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ.
http://www.deshabhimani.com/newscontent.php?id=80962
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.
സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.
ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.
എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.
ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
No comments:
Post a Comment