വിശ്വമാനവികം 1, Tuesday, November 8, 2011
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി
മുൻകുറിപ്പ്: ശുംഭൻ പ്രയോഗത്തിൽ സ. എം.വി. ജയരാജനെ ഹൈക്കൊടതി ശിക്ഷിച്ചെങ്കിലും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുപരി ബഹുമാനപ്പെട്ട കോടതികളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു. ജഡ്ജിമാർക്കെതിരെ സി.പി.ഐ.എം നേതാവ് എം.വി.ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കൊടതി സ്വമേധയാ എടുത്ത കേസിന്റെ വിധി കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജയരാജൻ തന്നെ പറഞ്ഞിരിക്കുന്നത് നീതി തേടിയെത്തുന്ന പൌരന്റെ ആശ്രയം കോടതികളാണെന്നാണ്. എന്നാൽ തന്റെ ശുംഭൻ എന്ന പ്രയോഗത്തിൽ വലിയ കുറ്റമൊന്നും കാണുന്നില്ലെന്നാണ് ജയരാജൻ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ പല ഭാഗത്തും പല അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. നിയതവും സർവ്വവ്യാപകവുമായ ഒരു അർത്ഥം ആ വാക്കിനില്ല. ഗൌരവമുള്ള കാര്യങ്ങളെ നിസാരമായി കാണുന്നതിനു ശുംഭത്തരം എന്ന് ചിലയിടങ്ങളിൽ അർത്ഥം കല്പിക്കുന്നതായി ജയരാജൻ പറയുന്നു. ഇതു സംബന്ധിച്ച് കോടതി തന്നെ മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും അർത്ഥം തേടിയിരുന്നു. ഇന്ന് കോടതി പറയാനിരിക്കുന്ന വിധി എന്തുമാകട്ടെ. ഈ കേസിനാസ്പദമായ വിഷയം ഇവിടെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.
പാതയൊരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ജയരാജന്റെ അഭിപ്രായപ്രകടനത്തിനിടയിലാണ് ശുംഭൻ പ്രയോഗം വന്നത്. കോടതികളും കോടതി വിധികളും വിമർശനങ്ങൾക്കതീതമാണോ എന്ന കാര്യം ഗൌരവമായി ചർച്ചയ്ക്കെടുക്കേണ്ടതാണ്. ഒരു കീഴ്ക്കോടതി പറയുന്ന വിധിക്കെതിരേ അപ്പീൽ പോകുന്നതും ഒരുതരത്തിൽ ആദ്യം വിധിപറഞ്ഞ ആ കീഴ്ക്കോടതിക്കെതിരെയുള്ള വിമർശനത്തിനു തുല്യമല്ലേ? കോടതികളും കോടതിവിധികളും വിമർശനങ്ങൾക്കതീതമാണെങ്കിൽ പിന്നെ അപ്പീൽ നൽകുനതും ഒരർത്ഥത്തിൽ കോടതിയലക്ഷ്യമല്ലേ? വിമർശനങ്ങൾ, പൊതുയോഗങ്ങൾ പ്രകടനങ്ങൾ, സമരങ്ങൾ എന്നിവയെല്ലാം ജനാധിപത്യാവകാശങ്ങളാണ്. എല്ലാ കാലത്തും പ്രക്ഷോഭങ്ങളും സമരങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെയാണ് നടന്നു പോരുന്നത്. ലോകത്ത് എവിടെയും അങ്ങനെയാണ്. പണ്ടുമതേ, ഇപ്പോഴുമതേ! ഇന്ത്യയിൽ സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമരം നടത്തിയത് അവരവരുടെ വീടുകളി ഇരുന്നല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് വിവിധ പ്രക്ഷോഭസമരങ്ങൾ നടത്തിയത്. പൊതുസ്ഥലങ്ങളിൽ ഇതെല്ലാം നിരോധിക്കുന്ന കോടതി പിന്നെ എങ്ങനെയാണ്, എവിടെയെല്ലാമാണ് സമരങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ടത് എന്നും കൂടി പറയാൻ ബാദ്ധ്യസ്ഥമല്ലേ?
ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നത് പണ്ടും ഇന്നും ലോകത്തെവിടെയും നടക്കാറുള്ള കാര്യമാണ്. എന്നാൽ കോടതികൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്ന സംഭവം അത്ര സർവ്വസാധാരണമല്ല. ജനാധിപത്യാവകാശങ്ങളെയും അതിൽ ഉൾപ്പെടുന്ന രാഷ്ട്രീയാവകാശങ്ങളെയും ഭരണകൂടം അടിച്ചമർത്തിയാൽ ആ ഭരണകൂടത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജനങ്ങൾക്ക് നീതി നൽകേണ്ടതുതന്നെ കോടതികളാണ്. ആ കോടതികൾ തന്നെ ഏതെങ്കിലും ജനാധിപത്യവിരുദ്ധരും അരാഷ്ട്രീയ വാദികളും സ്വാർത്ഥമതികളുമായ ഹർജിക്കാരെ ശല്യക്കാരായ വ്യവഹാരികളായി കണ്ട് നടപടി സ്വീകരിക്കുന്നതിനു പകരം അത്തരക്കാർക്കനുകൂലമായി വിധി പറയുന്നത് നമ്മുടെ ഭരണ കൂടത്തോടുള്ള് അനാദരവായി ആരെങ്കിലും ഉയർത്തി കാട്ടിയാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ? ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ അസഹിഷ്ണുതയും അലോസരവും തന്മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറ്റാൻ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പൌരാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന വിധികൾ പറയുന്നത് കോടതികളിൽ പൊതു സമൂഹത്തിനുള്ള വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കുകയുള്ളു.
സമരവും പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. പാതയോര പൊതുയോഗ നിരോധനത്തെ ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കോടതിയുടെ പാതയൊര പൊതുയോഗ നിരോധനത്തെ മറികടക്കാൻ സർവ്വരാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചുതന്നെ പുതിയ നിയമം നിർമ്മിച്ചിരുന്നു. എന്നാൽ ആ നിയമവും ഇപ്പോൾ ഹൈക്കൊടതി മരവിപ്പിച്ചു. ആ മരവിപ്പിക്കലിനെയും ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കാരണം അതിനു ശേഷവും എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സ്ഥലങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തി വരുന്നു. ഈ നിരോധനം എത്രകണ്ട് ജനം പാലിക്കും എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ബഹുമാനപ്പെട്ട കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം ജനവിരുദ്ധമായ വിധികളിൽ നിന്ന് കോടതികൾ ഒഴിഞ്ഞു നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനെ പോലെ അരാഷ്ട്രീയവാദികളല്ലാത്തവർക്ക് ഉണ്ടാവുക.
ഇപ്പോൾ ജയരാജന്റെ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കോടതി വിധി വന്നിരിക്കുന്നു. അദ്ദേഹത്തിന് ആറുമാസത്തെ വെറും തടവും രണ്ടായിരം രൂപാ പിഴയും വിധിച്ചിരിക്കുന്നു. കോടതികൾക്കെതിരെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ചില സൂക്ഷ്മതകൾ എല്ലാവരും പുലർത്താൻ ഈ വിധി സഹായിച്ചേക്കാം. എന്നാൽ ഈ വിധിയിലൂടെ ജയരാജൻ ശുംഭൻ പ്രയോഗം നടത്താനുണ്ടായ സാഹചര്യം ഗൌരവമർഹിക്കുന്ന ഒന്നല്ലാതെ വരുന്നില്ല. കോടതിക്ക് വളരെ നിസാരമായി തള്ളിക്കളയാവുന്ന ഒരു പരാമർശമായിരുന്നു ഇത്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതിനെ പ്രമുഖ അഭിഭാഷകർതന്നെ വിമർശിച്ചിട്ടുണ്ട്. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്നേരിട്ട ജയരാജന്റെ ചങ്കൂറ്റം അംഗീകരിക്കേണ്ടതാണ്. ശിക്ഷയെങ്കിൽ ശിക്ഷ എന്ന നിലയിൽ തന്നെ ജയരാജൻ ഇതിനെ കണ്ടത്. ഇത് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി, മൌലികാവകാശ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒരു പോരാട്ടം എന്ന നിലയിൽ തന്നെ കാണാവുനതാണ്. കാരണം ജനാധിപത്യം സംരക്ഷിക്കേണ്ട കോടതിയുടെ ഭാഗത്തു നിന്ന് തന്നെ ജനാധിപത്യ വിരുദ്ധമായ ഒരു വിധിവന്നു എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു പരാമർശംതന്നെ നടത്താൻ ഇടയായത്.
ഇപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ജയരാജന്റെ വാദം കോടതി നിരാകരിച്ചു. അദ്ദേഹത്തെ ജയിലിലേയ്ക്കു തന്നെ കൊണ്ടു പോകുന്നു. ഇനി വേണമെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. എന്തായാലും അഴിമതിയ്ക്കും പെൺ വാണിഭത്തിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. പൌരാവകാശം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകരും കോടതിയും തമ്മിലുള്ള ഒരു സംവാദത്തിന്റെ ഒരു പരിണിതഫലം മാത്രമാണ് ഈ വിധി. ഈ ശിക്ഷകൊണ്ട് സി.പി.ഐ.എമ്മോ ജയരാജനോ തകരാൻ പോകുന്നില്ല. പൌരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നായാലും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സി.പി.ഐ.എമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പൊതുയോഗവും, സമരവും, പ്രകടനവും, ജാഥയും എല്ലാം എല്ലാവർക്കും വേണം.
പിൻകുറിപ്പ്: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യത്തിനു മീതെയല്ല ഒരു പൌരനും, ഭരണകൂടവും കോടതികളും!
No comments:
Post a Comment