പിണറായി വിജയൻ നിലമേൽ വന്നു
നിലമേൽ, 2012
ആഗസ്റ്റ് 6: നിലമേൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള തണൽ പദ്ധതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ.പിണറായി വിജയൻ ഇന്ന് (2012 ആഗസ്റ്റ് 6). ഉദ്ഘാടനം
ചെയ്തു. സഹകരണ ബാങ്ക് അങ്കണത്തിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സ.മുല്ലക്കര
രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എൻ. കെ. പ്രേമചന്ദ്രൻ തണൽ പദ്ധതിയുടെ
വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗോപാല
കൃഷ്ണൻ നായർ തുടങ്ങിയവരും സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ഹാഷിം സ്വാഗതം പറഞ്ഞു.
പണറായി
വിജയൻ: കേരളത്തിൽ സഹകരണ പ്രസ്ഥാനം നേടിയ വിജയം മറ്റു സംസ്ഥാനങ്ങൾ ആശ്ചര്യത്തോടെയാണ്
നോക്കി കാണുന്നത്. കേരളീയ ജനജീവിതത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
മറ്റ് പല ധനകാര്യ സ്ഥാപനങ്ങളും അസൂയയോടെയാണ് സഹകരണ പ്രസ്ഥാനത്തെ നോക്കിക്കാണുന്നത്.
അതിന്റെ ഭാഗമായാണ് റിസർവ്വ് ബാങ്ക് പോലും ഇത്തരത്തിലുള്ള ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമേൽ
അന്യായമായ നിബന്ധനകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. സഹകരണ ബാങ്കുകളെ ബാങ്കുകൾ എന്നു വിളീക്കുന്നതിൽ റിസർവ്വ് ബാങ്ക് അനിഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് നിക്ഷേപ സൗകര്യം ലഭ്യമാക്കുന്നു
എന്നതിലുപരി പാവപ്പെട്ടവർക്കും സാധാരണക്കാർക്കും
ഗണ്യമായ രീതിയിൽ വായ്പാ സഹായം നൽകാൻ സഹകരണ ബാങ്കുകൾക്ക് കഴിയുന്നു. ദേശസാൽകൃത ബാങ്കുളടക്കമുള്ള
മറ്റ് ധനകാര്യ സ്ഥാപനങ്ങളെക്കാൾ സഹകരണ ബാങ്കുകൾ
സാധാരണ ജനങ്ങളുമായി കൂടുതൽ അടുത്തുനിൽക്കുന്നു.
തണൽ പദ്ധതി പോലുള്ള റിസ്കേറിയ ജനസഹായ പദ്ധതികൾ
ഏറ്റെടുക്കും വിധം വളരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഇന്ന് കഴിയുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും
രോഗികൾക്കും ഒറ്റപ്പെട്ടവർക്കും സഹായമെത്തിക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് നല്ല
സാമൂഹ്യമാതൃകകളാണ്. പഞ്ചായത്ത്
പ്രദേശത്ത് സർവ്വേ നടത്തി ഏതെങ്കിലും വിധത്തിലുള്ള സഹായമർഹിക്കുന്നവരെ കണ്ടെത്തണം. അവർക്ക് ആവശ്യമായ സഹായങ്ങൾ ഏതു രൂപത്തിലുള്ളവയാണെന്നു
മനസിലാക്കി വേണ്ടതു ചെയ്തു കൊടുക്കാൻ കഴിയണം.
പരാശ്രയമില്ലാതെ വിഷമിക്കുന്നവരുടെ കാര്യത്തിൽ സവിശേഷമായ ശ്രദ്ധ പതിയണം. സന്നദ്ധരായ ഡോകടർമാർ അടക്കം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനവും ഇത്തരം കാര്യങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
സുമനസുക്കളുടെ സഹായം ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിർലോഭമായി ലഭിക്കും. നമ്മുടെ
നാട്ടിലെ ജനങ്ങൾ പൊതുവേ ദീനാനുകമ്പയും സഹായസന്നദ്ധതയും
കൈമുതലുള്ളവരാണ്. അത്തരമൊരു സമൂഹമാണ് തണൽ പദ്ധതി പോലുള്ളപ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനുള്ള
ഊർജ്ജം പകർന്നു നൽകുന്നത്. സുമനസുകളുടെ നിർലോഭമായ സഹായങ്ങൾ ലഭ്യമാകുമെന്ന ആത്മ വിശ്വാസമാകണം
തണൽ പദ്ധതി പോലെ ബൃഹത്തായ ഒരു പ്രവർത്തനം ആവിഷ്കരിക്കുവാൻ
നിലമേൽ സർവീസ് സഹകരണ ബാങ്കിന് പ്രേരകമായിട്ടുള്ളത്.
തീർച്ചയായും ഇത്തരം പ്രവർത്തനങ്ങൾ നാട്ടിലാകെ വ്യാപിക്കേണ്ടതാണ്. സഹകരണ ബാങ്കുകൾക്കും
മറ്റ് സന്നദ്ധ സംഘടനകൾക്കു നാടിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി
ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് താൻ നേരിൽ കണ്ട അത്തരം ചില അനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ട്
പിണറായി വിജയൻ പറഞ്ഞു.
No comments:
Post a Comment