കാറിടിച്ച് മരിച്ചു
തട്ടത്തുമല, 2012 ഒക്ടോബർ 13: രാവിലെ തട്ടത്തുമല പാൽ സൊസൈറ്റിയിൽ പതിവുപോലെ പാലുവാങ്ങാൻ പോയ സോമൻ ( ചെറുന്നി സോമയണ്ണൻ) പാൽ സൊസൈറ്റിയ്ക്കടുത്ത് എം.സി റോഡിൽ വച്ച് കാർ ഇടിച്ച് തൽക്ഷണം മരണപ്പെട്ടു. പോസ്റ്റ് മാർട്ടം കഴിഞ്ഞ് രാത്രി വീട്ടുവളപ്പിൽ സംസ്കാരം നടന്നു.
വാഹന അപകടം
തട്ടത്തുമല, 2012 ഒക്ടോബർ 6: തട്ടത്തുമലയ്ക്കും കിളിമാനൂരിനും ഇടയ്ക്ക് കുറവൻകുഴിയിൽ മാരുതി കാറിൽ ടിപ്പർ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മൂന്നു പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. അഞ്ചൽ ഭാരതീപുരം ഭാഗത്തുള്ളവരാണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്. ഇടിയിൽ കാർ നിശേഷം ഞെരിഞ്ഞുതകർന്നു. ഫയർഫോക്സും നാട്ടുകാരും ചേർന്നാണ് കാറിനുള്ളിൽ ഞെരിഞ്ഞമർന്നിരുന്ന മൃതുദേഹങ്ങൾ പുറത്തെടുത്തത്. ഇത് സംബന്ധിച്ച് മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയും ചിത്രവും ചുവടെ കൊടുക്കുന്നു.
മലയാള മനോരമ വാർത്ത:
കിളിമാനൂർ: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. അഞ്ചല്‍ മാറവങ്കര ഭാരതീപുരം സ്വദേശികളായ ഭദ്രന്‍(51), ഭാര്യാമാതാവ് ഭവാനി(60), ഭാര്യാ സഹോദരി ജയപ്രദ(40) മകള്‍ ശ്രീക്കുട്ടി(20) എന്നിവരാണ് മരിച്ചത്.
കിളിമാനൂരിന് സമീപം കുറവന്‍കുഴിയില്‍ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ടിപ്പര്‍ കാറില്‍ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും ടിപ്പറിന്റെ അടിയില്‍ പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേര്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴിയാണ് മരിച്ചത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ മണിക്കുട്ടനെന്ന സോമരാജനെ നാട്ടുകാര്‍ പിടികൂടി. ടിപ്പറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്.