തട്ടത്തുമല നാട്ടുവർത്തമാനം

Monday, December 2, 2019

തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തട്ടത്തുമല തൃപ്തി കല്യാണി സദ്യാലയം തുടങ്ങിയിട്ട്  ഒൻപത് മാസം പിന്നിടുകയാണ്. തൃപ്തി കല്യാണി സദ്യാലയം ഒരു ചെറിയ സംരംഭമാണ്. ഇവിടെ നിന്നും കിടപ്പുരോഗികളടക്കമുള്ള നിർദ്ധനരും നിരാലംബരുമായവർക്കുള്ള  ഒരു നേരത്തെ സൗജന്യ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. തുടക്കത്തിൽ 15 പേർക്കായിരുന്നു സൗജന്യ ഭക്ഷണം നൽകിയിരുന്നത്.  ഇപ്പോൾ  മുപ്പത് പേർക്കാണ് ഇവിടെ നിന്നും നിലവിൽ സൗജന്യ ഭക്ഷണപ്പൊതി നൽകുന്നത്. ഈ പദ്ധതി അതിന്റെ പരീക്ഷണ ഘട്ടം പിന്നിട്ട് വിജയകരമായി മുന്നോട്ട് പോകുന്നു. തൃപ്തി കല്യാണിയുടെ ബ്യിസിനസ് പുരോഗതിയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഈ സ്ഥാപനം നിലനിൽക്കുന്നിടത്തോളം ഇത് തുടർന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പ്രവർത്തനം  എങ്ങനെ നടക്കുന്നുവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഈ സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ ചരിത്രവും വർത്തമാനവും ഇവിടെ പങ്ക് വയ്ക്കുന്നു.
തൃപ്തി കല്യാണി സദ്യാലയം തുടങ്ങുമ്പോൾ നിർദ്ധനരായ പത്ത് പേർക്കെങ്കിലും  സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകണമെന്ന ആശയം മനസിലുണ്ടായിരുന്നു. അപ്പോഴാണ് ഇതേ ആശയവുമായി പ്രവാസികളായ ചില അ ഭ്യുദയകാംക്ഷികൾ നമ്മളെ സമീപിക്കുന്നത്. പത്ത് പേർക്കല്ല കുറച്ചുപേർക്കുകൂടി സജന്യ ഭക്ഷണം നൽകാൻ കഴിയും വിധം  ഒരു ക്രമീകരണം ഉണ്ടാക്കി അതിനായി തങ്ങളാൽ കഴിയുന്ന ചെറിയൊരു സാമ്പത്തിക സഹായം നൽകാമെന്നും അവർ അറിയിച്ചു. അങ്ങനെയാണ് "കനിവ്" എന്ന പേരിൽ മുഖ്യമായും ഏതാനും പ്രവാസികൾ ഉൾപ്പെട്ട ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇരുപത് പേർക്ക് സൗജന്യഭക്ഷണം നലകാമെന്നാണ് ആദ്യം ധാരണയായത്. എന്നാൽ ഇപ്പോൾ മുപ്പത് പേർക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നുണ്ട്. കിടപ്പ് രോഗികളും നിരാലംബരും തീരെ നിർദ്ധനരുമായവർക്കാണ് സൗജന്യ പൊതി നൽകുന്നത്. അത്രത്തോളം ബുദ്ധിമുട്ടില്ല്ലാത്ത ചിലർക്കും മറ്റ് ചില മാനദണ്ഡങ്ങൾ കണക്കിലെടുത്ത് കൂട്ടത്തിൽ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. അങ്ങനെയാണ് എണ്ണം മുപ്പത് ആയത്. 

"കനിവ്" പ്രവർത്തകർ പ്രതിമാസം 5000 രൂപ സ്വരൂപിച്ച് നൽകും. ഇതിനായി മറ്റ് തരത്തിലുള്ള അഭ്യർത്ഥനകളോ പിരിവുകളോ ഒന്നുമില്ല. എന്നാൽ ചില വ്യക്തികളും സംഘടനകളും ഏതെങ്കിലും വിശേഷാവസരങ്ങളിൽ സൗജന്യ ഭക്ഷണം സ്പോൺസർ ചെയ്യുന്നത് നിരാകരിക്കാറില്ല. ഒരു മാസം 5000 രൂപ മാത്രമേ ഈ ആവശ്യത്തിലേക്ക് സാധാരണ ഗതിയിൽ സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഒരു മാസം 5000 രൂപ നൽകിയാൽ ആ മാസം പിന്നെ ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുകയില്ല. ഉദാഹരണത്തിന് നവംബർ മാസത്തിലെ സൗജന്യ ഭക്ഷണത്തിനുള്ള 5000 രൂപ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ഒരു സജീവ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ‘നെസ്റ്റ്’ (2001 ബാച്ച്) നൽകിയിരുന്നു. അതുകൊണ്ടുതന്നെ കനിവിന്റെ സഹായം നവംബറിൽ ആവശ്യമായി വന്നില്ല. കനിവിൽ നിന്നും നവംബർ മാസത്തിലേക്ക് 1000 രൂപ മുമ്പേ  ലഭിച്ചെങ്കിലും അത് അടുത്ത മാസത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. 

ചില പ്രത്യേക ദിവസങ്ങളിൽ വ്യക്തികൾ ഭക്ഷണപ്പൊതിക്കുള്ള ചെലവ്  സ്പോൺസർ ചെയ്യുന്നത് സ്വീകരിക്കാറുണ്ട്.  ഉദാഹരണത്തിന് തട്ടത്തുമലയിൽ റേഷൻ കട നടത്തുന്ന അനിൽ കുമാർ തന്റെ ഇളയ മകളുടെ ജന്മ ദിനം പ്രമാണിച്ച് അന്നേ ദിവസം അഞ്ച് പേർക്ക് ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. മറ്റൊരു ദിവസം ഹെൽത്ത് ഇൻസ്പെക്ടറായ റാഫി സാറിന്റെ പിതാവിന്റെ ചരമ ദിനം പ്രമാണിച്ച് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സ്പോൺസർ ചെയ്തിരുന്നു. പ്രവാസിയായ അസിം സിപ്പി ലീവിൽ നാട്ടിൽ വന്നപ്പോൾ ഒരു ദിവസം അഞ്ചു പേർക്കുള്ള ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. ഇതെല്ലാം അവർ സ്വമേധയാ വന്ന് നൽകിയതാണ്. അത്തരം പ്രത്യേക സ്പോൺസറിംഗ് ഉള്ളപ്പോൾ അവർ നൽകുന്ന തുകയ്ക്കനുസരിച്ച്  സ്പെഷ്യൽ പൊതിയാണ് നൽകുന്നത്.  ഇതിനും പുറമെ പ്രവാസിയായ മാവിള നിസാം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക്  ഒരു ദിവസം നൂറ് പേർക്ക് ഭക്ഷണം സ്പോൺസർ ചെയ്യുകയും പറഞ്ഞ ദിവസം ഞങ്ങൾ അത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തികുകയും ചെയ്തു. 

ഇനി  മറ്റൊരു കാര്യം ഏതെങ്കിലും ഒരു മാസം കനിവ് ഉൾപ്പെടെ ആർക്കും  ഒരു തുകയും നൽകാൻ കഴിയാതെ വന്നുപോയാലും സൗജന്യ ഭക്ഷണം തൃപ്തി കല്യാണി നൽകും. ഇതെങ്ങനെ സാധിക്കുന്നു എന്ന് അദ്ഭുതം കൊള്ളുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. നഷ്ടമില്ലാതെ ദാനമില്ല. അല്പം നഷ്ടം സഹിച്ചു തന്നെയാണ് തൃപ്തി കല്യാണി ഈ പ്രവർത്തനം നടത്തുന്നത്.  തൃപ്തി കല്യാണിയിൽ ഒരു സാധാരണ ഊണിന്റെ വില നിലവിൽ 50 രൂപയാണ് (മീനില്ലാതെ 50 രൂപയും മീനുണ്ടെങ്കിൽ 70 രൂപയുമാണ് നിലവിലെ വില്പനവില). അതു വച്ചു കണക്കുകൂട്ടിയാൽ  മുപ്പത് പേർക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് 1500 രൂപയാകും. പതിവായി ആഴ്ചയിൽ നാല് ദിവസമാണ് സൗജന്യ ഭക്ഷണം  നൽകാൻ തീരുമാനമെങ്കിലും ഇപ്പോൾ അഞ്ചു ദിവസം നൽകുന്നുണ്ട് (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം വെള്ളി).ശനി ഞായർ ദിവസങ്ങളിലും കടയിലെത്തുന്ന കുറച്ചു പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ചിലർക്ക് ഈ ദിവസങ്ങളിലും കഴിയുമെങ്കിൽ  ഭക്ഷണം കൊണ്ടു കൊടുക്കുന്നുണ്ട്. 
  
ചുരുക്കത്തിൽ പ്രതിമാസം 10000 നു മേൽ രൂപാ ചെലവ് കണക്കാക്കാവുന്ന സേവനമാണ് ചെയ്യുന്നതെങ്കിലും ഈ പ്രവർത്തനം നിലച്ചുപോകാതെ കൊണ്ടുപോകാൻ സന്മനസ്സുള്ളവർ സ്വമേധയാ നൽകുന്ന ചെറിയ കൈത്താങ്ങുകൾ മാത്രം വാങ്ങി ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനാണ് ഞങ്ങളുടെ ആഗ്രഹം. മാത്രവുമല്ല ഇത് തൃപ്തി കല്യാണിയുടെ കച്ചവടത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇവിടെ വന്ന് വില നൽകി ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും ഈ ചെറിയ കാരുണ്യപ്രവർത്തനത്തിൽ അറിഞ്ഞും അറിയാതെയും പങ്കാളിയാകുകയാണ്. ഞങ്ങളുടെ സ്ഥാപനം വളരുകയാണെങ്കിൽ സൗജന്യ ഭക്ഷണം ഇനിയും കൂടുതൽ ആളുകൾക്ക് നൽകണം എന്നുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇപ്പോൾ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ നാട്ടിൽ ഉണ്ടോയെന്ന്. ഈ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ സൗജന്യ ഭക്ഷണത്തിന് അർഹതപ്പെട്ടവരെ കണ്ടെത്താനിറങ്ങിയപ്പോൾ ഞങ്ങളുടെ ഈ സംശയം മാറി. രോഗ പീഡകളാലും ഭാരിച്ച ചികിസ്താ ചെലവുകളാലും ബുദ്ധിമുട്ടുന്നവരും ഒരു നേരത്തെ അന്നത്തിനു തന്നെ വക കണ്ടെത്താൻ പ്രയാസപ്പെടുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്.   ഞങ്ങൾ ഭക്ഷണം കൊടുക്കുന്നവരിൽ എല്ലാവരും അത്രമേൽ പട്ടിണിയുള്ളവരല്ല. എന്നാൽ ഞങ്ങൾ ഭക്ഷണം നൽകുന്നവരിൽ ഭൂരിപക്ഷം ആളുകളെക്കുറിച്ചും നിങ്ങൾ അന്വേഷിച്ചാൽ മനസ്സിലാകും ഓരോരോ മനുഷ്യരുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ!

ഞങ്ങൾ നടത്തുന്നത് അത്ര വലിയ ഒരു ജീവകാരുണ്യ പ്രവർത്തനമായൊന്നും കണക്കാക്കുന്നില്ല. ഭക്ഷണമാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യം. അതിനു ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ അവർക്ക് ഒരു നേരമെങ്കിലും ഭക്ഷണം നൽകുന്ന ഒരു മാതൃക ഞങ്ങൾ കാണിക്കുന്നുവെന്ന് മാത്രം. ഞങ്ങൾ ഇപ്പോൾ ഭക്ഷണം നൽകുന്നവർക്ക് ഉൾപ്പെടെ പഞ്ചായത്തോ വ്യക്തികളോ മറ്റ് സംഘടനകളോ ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകാൻ തയ്യാറായാൽ ഞങ്ങൾ കനിവുൾപ്പെടെയുള്ള സംഘടനകളുമായും മറ്റ് സുമനസ്സുകളുമായും കൈകോർത്തുകൊണ്ട് ഈ പ്രവർത്തനം നിർത്തി ഇതിനു പകരം മറ്റെന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. 

ദോഷൈക ദൃഷ്ടിയുള്ളവർക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധിയെയും സംശയിക്കാം. ഞങ്ങളുടെ ബ്യിസിനസിന്റെ പരസ്യമല്ലേ ഇതൊക്കെയെന്ന്. അവർക്കുള്ള മറുപടി ഇതാണ്. അതെ, തൃപ്തി കല്യാണി ഒരു ബ്യിസിനസ് സംരഭവും സ്വയം തൊഴിൽ സംരംഭവും തന്നെയാണ്. വരുമാനം തന്നെ അതിന്റെ ലക്ഷ്യം. പണച്ചെലവുള്ള ഏത് നല്ല പ്രവർത്തനങ്ങൾ നടത്തണമെങ്കിലും അർക്കായാലും വരുമാനമുണ്ടായാലേ പറ്റൂ. ഞങ്ങൾക്ക് ജീവിക്കാനും ഒപ്പം ജീവിതക്ലേശങ്ങളുള്ള കുറച്ചുപേർക്കെങ്കിലും ആശ്വാസമേകാനും  സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റെന്തെങ്കിലും ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ള സ്വയം പ്രചോദനം. ഞങ്ങൾ ചെയ്യുന്നതിനെക്കാൾ എത്രയോ വലിയ പല സാമൂഹ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന, നടത്താൻ സഹായിക്കുന്ന വേറെയും സഹോദര സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ട്.  അവരും നമുക്ക് പ്രചോദനമാണ്. ചെറുതെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്നത് ഞങ്ങളും ചെയ്ത് കാണിക്കുന്നുവെന്ന് മാത്രം. വേണമെന്ന് മനസ്സുവച്ചാൽ ഇതൊക്കെ ചെയ്യാൻ എല്ലാവർക്കും  സാധിക്കും. അതെ, ഞങ്ങളുടേത് ഒരു മാതൃക മാത്രം!

Thursday, November 21, 2019

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു



ബൈക്കപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

തട്ടത്തുമല സ്വദേശി ഹസന്റെ ജ്യേഷ്ഠൻ നൗഷാദിന്റെ മകൻ അബ്ദുൽ സമദ് ഇന്നലെ (20-11-29019) വർക്കലയിൽ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു. പാലച്ചിറ ഭാഗത്ത് വച്ച് ഇന്ന് വൈകുന്നേരം നാല് മണിയോടടുപ്പിച്ചാണ് അപകടം നടന്നത്. രണ്ട് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് നരിക്കല്ല് മുക്ക് ഭാഗത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട ശേഷം അതേ ബൈക്കുമായി വർക്കല ഭാഗത്തേക്ക് പോകുമ്പോഴാണ് ഒരു മതിലിൽ ഇടിച്ച് വീണ്ടും അപകടത്തിൽ പെട്ടതത്രേ. പ്ലസ് വൺ വിദ്യാർത്ഥിയാണ് മരണപ്പെട്ട അബ്ദുൽ അബ്ദുൽ സമദ്. കൂടെയുണ്ടായിരുന്നയാൾക്കും ഗുരുതരമായ പരിക്കുണ്ടത്രേ. മൃതുദേഹം ഇന്ന്  പോസ്റ്റ്മാർട്ടത്തിനു ശേഷം ഹസന്റെ പാപ്പാല വെട്ടിയിട്ട കോണത്തുള്ള വീട്ടിൽ കൊണ്ടുവന്ന ശേഷം തട്ടത്തുമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ അടക്കം ചെയ്തു.

Monday, November 11, 2019

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പ്രായം മറന്ന് പാറമുകൾ സുരേന്ദ്രൻ. ഇന്നലെയും ഇന്നുമായി (2019 നവംബർ 9, 10) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് അത് ലെറ്റിക്ക് മീറ്റിൽ ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറമുകൾ സുരേന്ദ്രൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പഠനകാലത്ത് മികച്ച അത് ലറ്റായി സംസ്ഥാന തലത്തിൽ വരെ വിന്നറായിരുന്ന സുരേന്ദ്രൻ ജീവിത പ്രാരാബ്ധങ്ങൾ മൂലം പാതിവഴിയിൽ തന്റെ പഠനവും കായിക സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്ന നിർഭാഗ്യവാനാണ്. തട്ടത്തുമല ഗവ.എച്ച്.എസ്. എന്നിലെ സ്കൂളിലെ സ്കൂൾ ലീഡറായിരുന്ന സുരേന്ദ്രൻ പൊതുരംഗത്തും സജീവമായിരുന്നു. സ്കൂൾ പഠനകാലത്ത് കായിക രംഗത്തും പൊതുരംഗത്തും നാട്ടുകാർ പ്രതീക്ഷകളുയർത്തിയ ഈ പ്രതിഭ കലാരംഗത്തും ശോഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പൂർവ്വകാലം അറിയാവുന്ന ഞങ്ങൾ ചിലർ പതിറ്റാണ്ടുകൾക്ക് ശേഷം ജിവിതത്തിന്റെ സായന്തനത്തിലെങ്കിലും സുരേന്ദ്രന്റെ സ്വപ്ന സായൂജ്യത്തിന് അവസരമൊരുക്കിമൊരുക്കിക്കൊടുത്ത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. മത്സരങ്ങൾക്കിടയിൽ കാൽമുട്ടിന് നിസാര പരിക്കേറ്റതിനാൽ ഒരിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശസ്ത വെറ്ററൻ അത്ലറ്റ് നഗരൂർ രവീന്ദ്രനാണ് തന്റെ നേട്ടങ്ങളുടെ പാതയിലേക്ക് ഒരാളെ കൂടി കൈപിടിച്ചുയർത്തിയത്. തട്ടത്തുമല വട്ടപ്പാറ പാറ മുകളിൽ ഒരു കുഞ്ഞിക്കുടിലിൽ താമസിക്കുന്ന സുരേന്ദ്രൻ ഇന്നും കഠിനമായി അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്നു. ഭാര്യ രാജമ്മയും രണ്ടാൺ മക്കളും വിവാഹിതയായ ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ ചെറിയ കുടുംബം. പരേതരായ മധവൻ - സരസു (കുഞ്ഞി ) ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം മുതൽ എനിക്കൊപ്പമുള്ള പാറമുകളിന്റെ ഈ നേട്ടത്തിൽ അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Sunday, November 3, 2019

തട്ടത്തുമലയിലെ കൊലപാതകം

തട്ടത്തുമലയിലെ കൊലപാതകം

സംഭവം നടന്നത് 2019 ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ.

തട്ടത്തുമലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അടിപിടിക്കേസ് കൊലപാതകത്തിൽ കലാശിച്ചു. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടമായി. കൊല ചെയ്തവർ ജയിലിലുമായി. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അന്ത്യന്തം ദുഃഖകരം. അപലപനീയം. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾക്ക് ഒരേ തരം ദു:ഖമല്ലെങ്കിലും രണ്ടു കൂട്ടരെ സംബന്ധിച്ചും സമ്മാനിക്കുന്നത് ദുരന്തമാണ്. പ്രതികളായവർക്ക് ശേഷിക്കുന്ന നല്ല പ്രായമത്രയും ജയിൽ. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനുമാകില്ല. തീരാ ദുഃഖവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം. തലമുറകളോളം കൊലപാതകത്തിന്റെ അപഖ്യാതിയും പാപഭാരവുമായി ജീവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബം. ഒരാൾ ആരെയെങ്കിലും കൊല്ലുക എന്നു പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെത്തന്നെ ശിക്ഷികുന്നതിനു തുല്യമാണ്. കുടുംബത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്തവർ കൂടി പ്രതികളാക്കപ്പെടാനും പാപഭാരമേൽക്കാനും ഇടയാകും.  നിസ്സാര പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുതർക്കങ്ങളിൽ അമിതാവേശം കാണിക്കുന്നവർക്ക് ഇതൊരു പാഠമാണ്. ആരും പിടിച്ചു മാറ്റാൻ കൂടിയില്ലാത്ത സ്ഥലത്തും അസമയത്തുമൊക്കെ  വാക്കുതർക്കങ്ങളിലേർപെടുന്നതിന്റെ പരിണത ഫലം ഇരു ഭാഗത്തുള്ളവരും അനുഭവിക്കേണ്ടി വരും. ഒരു ബ്ലെയ്ഡ് തുണ്ടെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ആരോടും വാക്കുതർക്കത്തിലേർപ്പെടരുതെന്ന പാഠം കൂടി ഈ സംഭവം നൽകുന്നുണ്ട്. അത് ക്രിമിനൽ മൈൻഡ് ഉള്ളവരായാലും ഇല്ലാത്തവരായാലും. ഈ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവും പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒരു യുവാവും എന്റെ മുന്നിൽ കുറച്ചു ദിവസമെങ്കിലും ഇരുന്ന് പഠിച്ചിട്ടുള്ള കുട്ടികളാണെന്നാണ് എന്റെ ഓർമ്മ. അതു കൊണ്ടു തന്നെ ഇതെന്നിൽ വ്യക്തിപരമായിത്തന്നെ അലോസരമുണ്ടാക്കുന്നുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും ഓർക്കുക. നിങ്ങളുടെ അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കാവുന്ന ഒരു കൈപ്പിഴകൊണ്ട് ഒരു വിലപ്പെട്ട ജീവൻ നഷ്ടമായേക്കാം. ആ ജീവൻ തിരിച്ചുനൽകാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കൈപ്പിഴ നിങ്ങളെ ജയിലിലുമാകും. ജയിൽ ജീവിതം അത്ര സുഖകരമല്ല. അവിടെക്കിടന്ന് ഒന്നും വേണ്ടായിരുന്നുവെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ആരു മായി ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിയമപരമായോ മല സ്ഥതയിലൂടെയോ അവ പരിഹരിക്കപ്പെടാനള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. പിന്നെന്തിന് അക്രമം നടത്തുന്നു? എന്തെങ്കിലും ഒരു വിഷയം ഒരു സംഘട്ടനത്തിലേക്കും ഇതുപോലുള്ള ദാരുണ സംഭവങ്ങളിലേയ്ക്കുമൊക്കെ പരിണമിക്കുന്നതിനു മുമ്പ് അത് സമാധാനപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവർക്ക് ഒന്നു ശ്രമിച്ചു നോക്കാനെങ്കിലും അവസരം നൽകു. അല്ലെങ്കിൽ നിയമപരമായ പരിഹാരത്തിന് ശ്രമിക്കൂ. മേലിൽ ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിയുമ്പോഴാണല്ലോ പല കാര്യത്തിലും നമ്മൾ അലർട്ടാകുന്നത്! നമ്മുടെ നാടിന്റെ പാരമ്പര്യവും അന്തസ്സും സൽപേരും നിലനിർത്താൻ സാമൂഹ്യമായ ഒരു ജാഗ്രത നമുക്ക് ആവശ്യമായിരിക്കുന്നു. എന്ന് സസ്നേഹം ഞാൻ ഇ.എ.സജിം (ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ എഴുതിയിട്ട് വാട്ട്സ് ആപ്പിലും മറ്റുമൊക്കെ കോപ്പി പേസ്റ്റും ഷെയറും ചെയ്യുന്നതിനാലാണ് പേരു കൂടി സൂചിപ്പിച്ചത്)

കൊല്ലപ്പെട്ട സഞ്ജു എസ്

Wednesday, October 30, 2019

നാടൻ പന്തുകളി മത്സരം


തട്ടത്തുമല മൈത്രി ക്ലബ് സംഘടിപിച്ച നാടൻ പന്തുകളിയുടെ ഉദ്ഘാടന ദൃശ്യങ്ങൾ 





Sunday, October 13, 2019

എ.ഇബ്രാഹിം കുഞ്ഞ് സാർ അനുസ്മരണം



എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന എ. ഇബ്രാഹിം കുഞ്ഞ് സാർ അനുസ്മരണം



















































Tuesday, September 17, 2019

അനുസ്മരണം

അനുസ്മരണം



Wednesday, September 11, 2019

വാപ്പയുടെ ഓർമ്മകളിൽ


വാപ്പയുടെ ഓർമ്മകളിൽ

എൺപത്തിയേഴാം വയസ്സിൽ മരണപ്പെട്ട എന്റെ പിതാവിനെക്കുറിച്ച് നിരന്തരമെഴുതുമ്പോൾ നിങ്ങളിൽ പലരും ചിന്തിച്ചേക്കാം ഓ, ഇവനു മാത്രമേ  അച്ഛനുണ്ടായിരുന്നുള്ളോ  ഇത്രമാത്രം ഓർക്കാനും എഴുതാനും ഒരു വാർദ്ധക്യമരണത്തിൽ  എന്തിരിക്കുന്നുവെന്ന്! എന്നാൽ എനിക്ക് എന്തിനെക്കാളും, എല്ലാറ്റിനെക്കാളും വലുത് എന്റെ പിതാവായിരുന്നു. അതെ, ദൈവത്തെക്കാളും ഉയരെയായിരുന്നു അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം. എന്റെ മതാവിനും അതുതന്നെ സ്ഥാനം. അതുകൊണ്ട് ഇടയ്ക്കിട  എന്റെ വാപ്പായെകുറിച്ച് എഴുതിയും പറഞ്ഞും ഞാനെന്റെ ഓർമ്മകളിൽനിന്ന്  മായാതെ മറയാതെ ജീവിപ്പിക്കും. അതെന്റെ ആത്മസായൂജ്യമാണ്. എന്റെ ഓർമ്മകളിൽ, എന്റെ ചിന്തകളിൽ, എന്റെ ഓരോ നാഡിഞരമ്പിലും  അദ്ദേഹം ഒരിക്കലും മരിക്കാത്ത ഒരു അമാനുഷനാണ്.  മാതാപിതാക്കളെ അളവറ്റ്  സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള സമർപ്പണം കൂടിയാണ് എന്റെ ഈ സ്മരണാഞ്ലികൾ! ജീവിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടൊരാളുടെ വില നമ്മളിൽ എല്ലാവരും മനസ്സിലാക്കിയെന്നിരിക്കില്ല.

എന്റെ സ്നേഹനിധിയായ,  കരുണാമയനായ –ക്ഷമിക്കുക അങ്ങനെയല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്ക് ഒന്നും പറഞ്ഞു തുടങ്ങാനാകില്ല- വാപ്പ എ. ഇബ്രാഹിംകുഞ്ഞ്സാർ മരണപെട്ടത് കഴിഞ്ഞ തിരുവോണനാളിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് എന്നെ ആശ്വസിപ്പിക്കുന്ന ഒരു ഘടകമേയല്ല. നൂറു വയസ്സോ അതിനുമപ്പുറമോ അദ്ദേഹം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹവുമായി വാപ്പയെ ശുശ്രൂഷിച്ചുപോന്ന ഞങ്ങൾക്ക് വാപ്പയുടെ മരണം എൺപത്തിയേഴാം വയസ്സിലും അകാലത്തിലെ മരണമാണ്. കാരണം അദ്ദേഹം ഒപ്പമില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അത്രമേൽ നമ്മളെ സ്നേഹിച്ച, നമ്മൾ  സ്നേഹിച്ച് കൊതിതീരാത്ത, നമ്മളെ സ്നേഹിച്ച്  കൊതി തീരാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ,  കാരുണ്യത്തിന്റെ ഒരു കലവറയായിരുന്നു  അദ്ദേഹം.
കഴിഞ്ഞ വർഷം ഇതുപോലൊരു  തിരുവോണനാളിലും വപ്പയെയും കൊണ്ട്  ഞാനും ഉമ്മയും ആശുപത്രിയിലായിരുന്നു. കുറെ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയിട്ട്. രാവിലെ അല്പം പ്രയാസങ്ങൾ പ്രകടിപ്പിച്ചെങ്കിലും അന്നുതന്നെ നീണ്ടൊരുറക്കത്തിലേയ്ക്ക് വഴുതി വിഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഇഞ്ചക്ഷന്റെ ബലത്തിൽ സുഖമായൊന്നുറങ്ങുന്നത് കണ്ട് ദിവസങ്ങളോളമുള്ള ഉറക്കമില്ലായ്മയിൽ നിന്ന് മുക്തമായല്ലോ എന്ന ആശ്വാസത്തിൽ വിശ്രമിക്കുകയായിരുന്നു നമ്മൾ. അല്ലാതെ വാപ്പ മരിക്കുന്നതിനെ പറ്റി ചിന്തിക്കാനോ അത് കാത്തിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. എത്രയോ തവണ മരണത്തെ മുഖാമുഖം കണ്ട് മരണമെന്ന ആ മഹപാതകിയെ അതിജീവിച്ചതാണ് വാപ്പ. ആ സന്ദർഭത്തെ മുതലെടുത്താണ് മരണം പാത്തു പതുങ്ങി ഉറക്കത്തിലായിരുന്ന വാപ്പയുടെ ദേഹത്തിനല്ല്ലിൽ അന:ധികൃതമായി  പ്രവേശിച്ച് ആ ജീവൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

മരണം നമ്മളെ കബളിപ്പിക്കുന സമയങ്ങളിൽ ഞാൻ പുറത്തിറങ്ങി ഒരു കസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. വാപ്പയെ കാണാൻ വന്ന ബന്ധുക്കളുമായി സൊറപറഞ്ഞ് ഉമ്മ വാപ്പയുടെ അരികിൽതന്നെ ഉണ്ടായിരുന്നു. വാപ്പ ഉണർന്നിരുന്നെങ്കിൽ അല്പം  കഞ്ഞിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് കാത്തിരിക്കുകയായിരുന്നു നമ്മൾ .വാപ്പ ഉണർന്നിട്ട് വല്ലതും സംസാരിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അന്നു വന്ന ബന്ധുക്കൾ. വൈകുന്നേരത്തോടെ ഉറക്കം അല്പം നീണ്ടുപോകുന്നല്ലോ, ഇനി  മതിയെന്ന് കരുതി ഞങ്ങൾ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മനസ്സിലായത് നമ്മളെയെല്ലാം കബളിപ്പിച്ച് പാത്തു പതുങ്ങിയെത്തിയ മരണം ആ ജീവനുംകൊണ്ട് കടന്നുകളഞ്ഞത്. അതോ ഇനി നമ്മളാരും  വാപ്പയ്ക്കു വേണ്ടി പ്രയാസപ്പെടേണ്ട, ഈ വേദനയൊന്നും താങ്ങാൻ എനിക്ക് ഇനി വയ്യതാനും, ഞാനങ്ങ് പോയേക്കാം  എന്നു പറഞ്ഞ് മരണത്തെ വിളിച്ചു വരുത്തി നമ്മളോട് യാത്രപോലും പറയാതെ വാപ്പ പോയതാണോ? വാർദ്ധക്യത്തിൽ സാധാരണമെന്ന പോലെ ചക്രശ്വാസം വലിച്ച് കണ്ടു നിൽക്കുനവരെ പ്രയാസപ്പെടുത്താതെ ആ ഒരുറക്കത്തിൽ നിന്ന് വാപ്പ  മന:പൂർവ്വം ഉണരാതിരുന്നതാണോ? എങ്ങനെയായാലും അത് വാപ്പയുടെ അവസാനത്തെ ഉറക്കമായിരുന്നു.

മരണം സ്ഥിരീകരിക്കപ്പെടുമ്പോഴും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ട ആനിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. വാപ്പ മരിച്ചുവെന്ന് ആരോടും വീളിച്ചു പറയാൻ തന്നെ മടിച്ചു നിന്ന നിമിഷങ്ങൾ! ദിവസങ്ങളോളം കല്ലമ്പലത്തിനടുത്തുള്ള  ആ സ്വകാര്യ ആശുപത്രയിൽ ഐ സി യൂണിറ്റിലും അതിനോട് ചേർന്നുള്ള എച്ച് ഡി റൂമിലുമായി കിടത്തിയിരുന്ന വാപ്പയെ രണ്ട് മൂന്ന് ഡയാലിസുകൾ തുടർച്ചയായി നടത്തി ഒരുവിധം രോഗശമനം പ്രത്യക്ഷപ്പെട്ടപ്പോൾ സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും നമ്മളും. വാപ്പ പലപല ആശുപത്രികളിലായി ഒരുപാട് തവണ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിച്ചത് ഈ ആശുപത്രിവാസ കാലത്തായിരുന്നു. ടോയ്ലറ്റിലെ ചെറിയൊരു വീഴ്ചയിൽ ഒരു കൈക്ക് പൊട്ടലുണ്ടായി ആ കൈയുടെ ശേഷി നഷ്ടപ്പെട്ടിടം മുതൽക്കായിരുന്നു അസുഖങ്ങളെല്ലാം ഗുരുതരമായി മാറിയത്.

അനസ്തേഷ്യ നൽകി കൈക്ക് ഓപ്പറേഷൻ നടത്തണമെന്നും നടത്തേണ്ടെന്നും രണ്ടഭിപ്രായം വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അനസ്തേഷ്യയുടെ ഡോക്ടർ അതിൽ അല്പം റിസ്ക് ഉണ്ട് എന്ന് പറഞ്ഞതു മുഖവിലയ്ക്കെടുത്താണ് ആ ഓപ്പറേഷൻ ഒഴിവാക്കിയത്. ദീർഘസ്നാളായി നെഫ്രോളജി ട്രീറ്റ്മെന്റിലിരിക്കുന്ന, ഇടയ്ക്കിടെ കടുത്ത ശ്വാസം മുട്ട് വന്ന് മരണവെപ്രാളപ്പെടുന്ന ഒരു രോഗിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനോട് ഡോക്ടർമാർക്കിടയിലും ബന്ധുക്കൾക്കിടയിലും രണ്ട് പക്ഷമുണ്ടായപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സർജറിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ദു:ഖം പിന്നെ ഒരിക്കലും മാറില്ല. അല്പം വേദനകളും അസ്വസ്ഥതകളും അനുഭവിച്ചാലും ഒരു  ദിവസമെങ്കിലും വാപ്പ അധികം ജീവിക്കണമെന്നായിരുന്നു നമ്മുടെ മോഹം. ആ തീരുമാനത്തിന് ന്യായീകരണമുണ്ടെങ്കിലും ആ സർജറി ചെയ്യാതിരുന്നതിൽ പിന്നീട് എനിക്ക് വലിയ പശ്ചാത്താപം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ആ അനസ്തേഷ്യയോ സർജറിയോ  കാരണമായി മരണപ്പെട്ടിരുന്നെങ്കിൽപോലും ഇത്രയും നിരാശ ഉണ്ടാകുമായിരുന്നില്ലെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിൽ പലപ്പോഴും  രൂപപ്പേടാറുണ്ട്; ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെങ്കിലും!  
കഴിഞ്ഞ തിരുവോണദിനം ഒരു ആഗസ്റ്റ് 25 ആയിരുന്നു. അതാണ് എന്റെ പിതാവ് എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ ചരമദിനം. അന്നൊരു തിരുവോണമായിരുന്നതുകൊണ്ട് എന്റെ മനസ്സിൽ ആ കലണ്ടർ തീയതിയെക്കാൾ തിരുവോണമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. വാപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു തിരുവോണം. അന്ന് ഉച്ചയ്ക്കും സായാഹ്നത്തിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്താണ് വാപ്പയുടെ ശരീരവും ജീവനും തമ്മിലുള്ള വിനിമയബന്ധം നിലച്ചുപോയത്. പക്ഷെ അതൊക്ക ഭൗതികമായ യാഥാർത്ഥ്യങ്ങൾ മാത്രം. എന്റ് ശരീരവും ജീവൻ എന്ന അദ്ഭുതവും തമ്മിലുള്ള ബന്ധം  നിലച്ചു പോകും വരെ എന്റെ ആത്മാവബോധങ്ങളിലെപ്പോഴും ഒരിക്കലും മരിക്കാത്ത ഒരു അദ്ഭുതമനുഷ്യനായി എന്റെ വാപ്പാ ഉണ്ടായിരിക്കും!

Wednesday, August 21, 2019

ഗോപിയണ്ണൻ നിര്യാതനായി

തട്ടത്തുമല ശാസ്താംപൊയ്ക പുതുവൽ വിള വീട്ടിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി.ഭാര്യ: ലളിതമ്മ,
മക്കൾ: ശൈലജകുമാരി (അങ്കണവാടി ടീച്ചർ) ജി.സുനിൽകുമാർ, ലതാകുമാരി, ജി.ഗോപകുമാർ.മരുമക്കൾ: പരേതനായ വിജയൻ, മിനി, അജികുമാർ, ശാലിനി,
സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ തട്ടത്തുമല ശാസ്താംപൊയ്ക പുതുവൽ വിള വീട്ടിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി.ഭാര്യ: ലളിതമ്മ,മക്കൾ: ശൈലജകുമാരി (അങ്കണവാടി ടീച്ചർ) ജി.സുനിൽകുമാർ, ലതാകുമാരി, ജി.ഗോപകുമാർ. മരുമക്കൾ: പരേതനായ വിജയൻ, മിനി, അജികുമാർ, ശാലിനി,സംസ്കാരം നാളെ (വ്യാഴം)  ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ.

എ.ടി.എം കൗണ്ടർ

വിഷയം: തട്ടത്തുമല ജംഗ്‌ഷനിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കണം.

ബഹുമാനപ്പെട്ട എസ്.ബി.ഐ തട്ടത്തുമല ബ്രാഞ്ച് മാനേജർ, മുതൽ മേൽ ബന്ധപ്പെട്ട അധികൃതർ സമക്ഷം, തട്ടത്തുമല പ്രദേശവാസികൾ സമർപ്പിക്കുന്ന കൂട്ടായ നിവേദനം.

സർ,

തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന തട്ടത്തുമല ജംഗ്ഷനിൽ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ സ്ഥാപിക്കണമെന്ന് ഈ നാട്ടുകാർ അഭ്യർത്ഥിക്കുന്നു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ കിളിമാനൂർ ടൗൺ കഴിഞ്ഞാൽ ഏറ്റവും പ്രധാനപെട്ട ജംഗ്ഷനാണ് തട്ടത്തുമല. തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തട്ടത്തുമലയെന്ന ഈ ഗ്രാമക്കവല തൊട്ടടുത്ത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമപഞ്ചായത്ത്, കൊല്ലം ജല്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്ത്, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് എന്നിവയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടി നിത്യേന സന്ധിക്കുന്ന സ്ഥലമാണ്. മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന എസ്.ബി.ഐ തട്ടത്തുമല ബ്രാഞ്ച് ഇപ്പോൾ കിളിമാനൂർ ടൗണിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ തട്ടത്തുമലയിൽ മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളോ എ.ടി.എം കൗണ്ടറോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഈ പ്രദേശവാസികൾക്കുണ്ട്. എസ്.ബി.ഐ യിൽ തന്നെ ഈ പ്രദേശത്തു നിന്ന് നിരവധി എൻ.ആർ.ഐ അക്കൗണ്ട് ഹോൾഡേഴ്സ് അടക്കം അക്കൗണ്ട് ഹോൾഡർമാരും ബാങ്കിടപാടുകാരും ഉള്ളതാണ്. ഇവിടെ എ.ടി.എം കൗണ്ടർ സ്ഥാപിക്കുന്നതിന് കെട്ടിടമുറി ഇപ്പോൾ ലഭ്യവുമാണ്. തട്ടത്തുമല നിവാസികളുടെ ഏറ്റവും പ്രധാനപെട്ട ഒരു ആവശ്യമാണ് ഇവിടെ ഒരു എ റ്റി.എം.കൗണ്ടർ. സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന സ്ഥലം കൂടിയായതിനാൽ ഈ പ്രദേശത്തെന്ന പോലെ വഴിയാത്രക്കാർക്കും ഇത് പ്രയോജനപ്പെടും. എസ്.ബി.ഐക്ക് മെച്ചപ്പെട്ട ഹിറ്റ് കിട്ടുന്ന ഒരു എ.ടി.എം കൗണ്ടറായിരിക്കും ഇത്. നാട്ടുകാരുടെ ഈ ന്യായമായ ആവശ്യം പരിഗണിച്ച് എത്രയും വേഗം തട്ടത്തുമല ജംഗ്ഷനിൽ ഒരു എ.ടി.എം കൗണ്ടർ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് ഈ ലക്ഷ്യം സാക്ഷാൽക്കരിക്കണമെന്ന് അപേക്ഷിക്കുന്നു.

           
                                                      എന്ന്

                                                          വിശ്വാസ പൂർവ്വം

                                                               തട്ടത്തുമല പ്രദേശവാസികൾ


Monday, July 29, 2019

ഭാസ്കരൻ മേശിരി മരണപ്പെട്ടു

ഭാസ്കരൻമേശിരി മരണപ്പെട്ടു.  പഴയ ബീഡിത്തൊഴിലാളിയാണ്. തട്ടത്തുമലയിലെ ഏതെങ്കിലുമൊരു കടയുടെ മുന്നിൽ ബീഡിയും മുറവുമായി ഇരിക്കുന്നത് നിത്യകാഴ്ച ആയിരുന്നു. അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നു.

Friday, July 26, 2019

സൗജന്യ ഭക്ഷണപ്പൊതി വിതരണം

സൗജന്യ ഭക്ഷണപ്പൊതി വിതരണം

2019 ആഗസ്റ്റ് 1 മുതൽ പ്രവാസി സംഘടനയായ കനിവിന്റെ സഹായത്തോടെ തൃപ്തി കല്യാണി സദ്യാലയത്തിൽ നിന്നും നിർദ്ധനർക്കുള്ള സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ആരംഭിക്കും. അർഹരായി ശുപാർശചെയ്യപ്പെട്ടവർക്ക് അവരുടെ വീടുകളിലോ പരിസരത്തുള്ള സൗകര്യപ്രദമായ കേന്ദ്രങ്ങളിലോ  പൊതി എത്തിക്കുകയാണ് ചെയ്യുക. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ഭക്ഷണപ്പൊതി എത്തിക്കാൻ ശ്രമിക്കും. 31-ന് ഇതിന്റെ ട്രയൽ വിതരണം നടത്തും.പ്രത്യേകിച്ച് ഔപചാരികമായ ചടങ്ങുകൾ തൽക്കാലം ഒഴിവാക്കുന്നു. ആദ്യം പരിപാടി വിജയിക്കട്ടെ.

മരണം: സുരാജ് മാവിള (രാജു)

 സുരാജ്  (രാജു)



തട്ടത്തുമല, ജൂലൈ 25, 2019: തട്ടത്തുമല മാവിളയിൽ സുരാജ്  (രാജു) മരണപ്പെട്ടു


മരണം: മുരളീധരൻ പിള്ള

മുരളീധരൻ പിള്ള (പറണ്ടക്കുഴി) അന്തരിച്ചു

കിളിമാനൂർ, 2019 ജൂലൈ:കിളിമാനൂർ ഗവ.എൽ.പി.എസ് അദ്ധ്യാപകൻ പറണ്ടക്കുഴി അഭിലാഷ് എം.സിയുടെ അച്ഛൻ മുരളിയണ്ണൻ (റിട്ട. BSNL) അന്തരിച്ചു.

Sunday, July 14, 2019

ഷെമീർ സുബൈർ എസ് ഐ ആയി

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും പി എസ് സി ടെസ്റ്റ് വഴി നേരിട്ട് എസ് ഐ ആകുന്ന ആദ്യത്തെ വിദ്യാർത്ഥി ഷെമീർ സുബൈർ. വട്ടപ്പാറ സ്വദേശി. ഇപ്പോൾ തട്ടത്തുമലമറവക്കുഴിയിൽ സ്വന്തമായി വീടുവച്ച് താമസമായി. തട്ടത്തുമല സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ പാസ്റ്റിന്റെ കൂടി ഭാഗമായ ഷെമീറിന് ആദ്യം പാസ്റ്റിന്റെ പ്രസിഡന്റ് എന്നനിലയ്ക്കുള്ള അഭിനന്ദനം അറിയിക്കുന്നു. വ്യക്തിപരമായി പറഞ്ഞാൽ എന്റെ വിദ്യാർത്ഥിയും പിന്നീട് ന്യൂസ്റ്റാർ കോളേജിലെ അദ്ധ്യാപകനുമായിരുന്നു ഷെമീർ സുബൈർ.  എസ്.ഐ ആയി ജോയിന്റ് ചെയ്തു. തൃശൂരിൽ ട്രെയിനിംഗ് ആരംഭിച്ചു. ഇതിനു മുമ്പ് വിജിലൻസിലായിരുന്നു. എന്റെ അറിവും ഓർമ്മയും ശരിയാണെങ്കിൽ തട്ടത്തുമല പ്രദേശത്തു നിന്നും തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും ഡയറക്ട് പി.എസ്.സി ടെസ്റ്റ് വഴി എസ്.ഐ ആകുന്ന ആദ്യത്തെ ആളാണ് ഷെമീർ. പോലീസുകാരും പ്രമോഷൻ എസ്.ഐമാരും ഒരു പാടുണ്ട് തട്ടത്തുമലയിൽ. പോലീസിൽ നല്ലൊരു പങ്ക് എന്റെ വിദ്യാർത്ഥികൾ തന്നെ! എന്നാൽ ഡയറക്ട് എസ്.ഐ ഇതാദ്യം.സ്റ്റാർ കോളേജിൽ എന്റെ വിദ്യാർത്ഥിയായും ന്യൂസ്റ്റാർ കോളജിൽ വർഷങ്ങളോളം എനിക്കൊപ്പം അദ്ധ്യാപകനായി നിന്ന് എന്നെയും സ്ഥാപനത്തെയും സഹായിച്ച, ന്യൂസ്റ്റാറിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച് ഇപ്പോൾ വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്ന നിരവധി പേരിൽ ഒരാളുമായ ഷെമീറിന് എന്റെയും ന്യൂസ്റ്റാർ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അഭിനന്ദനങ്ങൾ!

Wednesday, May 8, 2019

എസ്. ലാബറുദീൻ അന്തരിച്ചു.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള റിട്ട. സബ് ഇൻസ്പെക്ടർ എസ്. ലാബറുദീൻ 2019 മേയ് 7ന് അന്തരിച്ചു.

Monday, January 7, 2019

എ. ഇബ്രാഹിം കുഞ്ഞ് സാർ മെമ്മോറിയൽ ഫൗണ്ടേഷൻ



എ. ഇബ്രാഹിം കുഞ്ഞ് സാർ മെമ്മോറിയൽ ഫൗണ്ടേഷൻ 
 ചാരിറ്റബിൾ ട്രസ്റ്റ് (എ.ഇ.കെ.എം.എഫ്.സി.റ്റി)
തട്ടത്തുമല
നിയമാവലിയും ലക്ഷ്യങ്ങളും

ഭാഗം 1

ആമുഖം  

ജീവിതത്തിൽ ഉടനീളം ഉന്നതമായ മാനവികത ഉയർത്തിപ്പിടിച്ച്  നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച്  സ്നേഹത്തിന്റെയും കരുണയുടെയും സമാധാനത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും പ്രതീകമായി  സ്വജീവിതം സാർത്ഥകമാക്കിയ  തട്ടത്തുമല പണയിൽ പുത്തൻ വീട്ടിൽ എ.ഇബ്രാഹിം കുഞ്ഞ് സാർ പോരേടം വലിയവീട്ടിൽ അബ്ദുൽ ഖാദറിന്റെയും പാപ്പാല പുളിമൂട്ടിൽ ബീവിക്കുഞ്ഞിന്റെയും മകനായി 1932-ൽ ജനിച്ചു. ഈ ദമ്പതികൾക്ക് അഞ്ച് ആൺ മക്കളും രണ്ട് പെൺമക്കളുമുള്ളതിൽ ഏറ്റവും മൂത്ത ആളായിരുന്നു ഇബ്രാഹിം കുഞ്ഞ്. ബാല്യകൗമാരകാലങ്ങൾ പാപ്പാല പുളിമൂട്ടിൽ കുടുംബത്തിലായിരുന്നു. കുറച്ച്  നിലമ്പുരയിടങ്ങളുടെ പിൻബലത്തിൽ മാത്രം ജീവിച്ച ഒരു ദരിദ്രകർഷക കൂട്ടുകുടുംബമായിരുന്നു. കുട്ടിക്കാലം മുതൽതന്നെ സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും ശാന്തശീലവും  കൊണ്ട് കുടുംബത്തിന്റെയും നാട്ടുകാരുടെയും സവിശേഷമായ  ശ്രദ്ധയും സ്നേഹവും നേടിയിരുന്നു. അബ്ദുൽഖാദർ-ബീവിക്കുഞ്ഞ് കുടുംബം പാപ്പാലയ്ക്കടുത്തുതന്നെയുള്ള  തട്ടത്തുമലയിൽ സ്ഥിരതാമസമാക്കിയതോടെ എ. ഇബ്രാഹിംകുഞ്ഞ് സാർ നന്നെ ചെറുപ്പത്തിൽ തന്നെ തട്ടത്തുമലയിൽ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി. ദരിദ്രമായ ചുറ്റുപാടിലും വളരെ പ്രയാസപ്പെട്ട് പഠിച്ച് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പാസ്സായിരുന്ന അദേഹം പ്രൈമറി സ്കൂൾ അദ്ധ്യാപകനായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചെങ്കിലും പൊതുപ്രവർത്തനം തുടർന്നു.

പുരോഗമന കാംക്ഷിയും കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന എ. ഇബ്രാഹിം കുഞ്ഞ് സാർ നാട്ടിൽ ആദ്യകല കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിലും മറ്റ്  സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും വ്യാപൃതനായി. 1964-നുശേഷം സി.പി..ഐ എമ്മിന്റെ ഭാഗമായി.  ജീവിതാന്ത്യം വരെ സി.പി.ഐ.എമ്മിൽ അംഗമായിരുന്നുവെങ്കിലും അധികാര സ്ഥാനങ്ങളിൽ

നിന്ന് എക്കലാത്തും അകന്നു കഴിഞ്ഞു.  നന്നെ ചെറുപ്പത്തിൽ തന്നെ സാമാധാനകാംക്ഷിയും ശാന്തശീലനുമായിരുന്ന ഇബ്രാഹിം കുഞ്ഞിന്  സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനങ്ങളോടുള്ള കരുണാർദ്രമായ പെരുമാറ്റങ്ങളും കൊണ്ട്  ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ സ്നേഹാരങ്ങൾ പിടിച്ചു പറ്റാനായി. പിന്നീട് പ്രൈമറി സ്കൂൾ അദ്ധ്യാപകനായി സർക്കാർ സ്കൂളിൽ ജോലി  ലഭിച്ചെങ്കിലും നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങൾ തുടർന്നു. അദ്ധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. വളരെ താമസിച്ചാണ് വിവാഹം കഴിച്ചത്. തട്ടത്തുമലയ്ക്ക് അടുത്തുതന്നെയുള്ള    വട്ടപ്പാറ കറ്റുവട്ടി പുത്തൻ വീട്ടിൽ ഹബീബ് മുഹമ്മദിന്റെയും ബീവിക്കുഞ്ഞിന്റെയും ഏറ്റവും ഇളയ മകൾ ആരിഫാ ബീവിയായിരുന്നു സഹധർമ്മിണി.

തട്ടത്തുമലയിൽ സ്റ്റാർ തിയേറ്റേഴ്സ് ആൻഡ് കെ.എം ലൈബ്രറി  സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ഈ വായനശാല ജീവ വായു എന്നപോലെ  ജീവിത കാലം മുഴുവൻ പരിപാലിക്കുകയും ചെയ്തു. ജീവിതത്തിന്റെ  നല്ലൊരു പങ്ക്  ഈ വയനശാലയുടെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു. ഈ സാംസ്കാരിക സ്ഥാപനമാണ് പിന്നീടുള്ള തട്ടത്തുമലയുടെ വികസനത്തിന് ചുക്കാൻ പിടിച്ചത്. എ.ഇബ്രാഹിം കുഞ്ഞ് സാർ ഉൾപ്പെടെ ഈ വായനശാലാ പ്രവർത്തകരുടെ മുൻകൈയ്യിലാണ് നാട്ടുകാരെ സംഘടിപ്പിച്ച് തട്ടത്തുമലയിൽ ഒരു സർക്കാർ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയത്. കാലന്തരെ  സമ്പൂർണ്ണ  ഹൈട്ടെക്കായി  തലയെടുപ്പോടെ നിൽക്കുന്ന  തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ  സ്ഥാപിക്കുനതിൽ ഇബ്രാഹിം കുഞ്ഞ് സാർ  മുൻനിരയിലുണ്ടായിരുന്നു. കൂടാതെ സ്റ്റാർ മഹിളാ സമാജം, സ്റ്റാർ ബാലജന സഖ്യം, സ്റ്റാർ അംഗൻ വാടി, സ്റ്റാർ ട്യൂഷൻ സെന്റർ, തട്ടത്തുമല ക്ഷീരോല്പാദക സഹകരണ സംഘം തുടങ്ങിയ വിവിധ സ്ഥപനങ്ങൾ സ്ഥാപിക്കുന്നതിൽ ഇ.ബ്രാഹിം കുഞ്ഞ് സാറിന്റെ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടായിരുന്നു.

തട്ടത്തുമലയിലെ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് ഇബ്രാഹിം കുഞ്ഞ് സാർ നിസ്തുലമായ സംഭാവനകൾ നൽകി.  കെ.എം.ലൈബ്രറി കേന്ദ്രീകരിച്ച് നടത്തിയ സാക്ഷരതാ പ്രവർത്തനങ്ങളിൽ ഇബ്രാഹിം കുഞ്ഞ് സാർ തന്നെ നേരിട്ട് പ്രായം ചെന്ന പഠിതാക്കളെ രാത്രി ഏകെ താമസിക്കുവോളം ഇരുത്തി പഠിപ്പിച്ചിരുന്നു. കേരളത്തിൽ സാക്ഷരതാ പ്രസ്ഥനം ആരംഭിക്കുന്ന കാലത്തുതന്നെ സാക്ഷരതാ ക്ലാസ്സിന്റെ ഒരു കേന്ദ്രമായി കെ.എം.ലൈബ്രറി മാറി. തട്ടത്തുമലയിലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച   ഇബ്രാഹിം കുഞ്ഞ് സാർ പകൽ സ്കൂളിൽ കുട്ടികളെയും രാത്രിയിൽ മുതിർന്നവരെയും വയോവൃദ്ധരെയും പഠിപ്പിച്ച് അദ്ധ്യാപന ജീവിതം ധന്യമാക്കി എക്കാലത്തെയും മാതൃകാദ്ധ്യാപകനായി. ഒരു അദ്ധ്യാപകന്റെ വിളിപ്പേര് എന്നതിലുപരി നാട്ടുകാർ "സാർ" എന്ന പദം  ഒരു ബഹുമതിയായി നൽകി. പുരോഗമന ആശയങ്ങളി ആകൃഷ്ടനായിരുന്ന അദ്ദേഹം  തട്ടത്തുമലയിലും പരിസര പ്രദേശങ്ങളിലും  കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും സജീവമായിരുന്നു. ജീവിതാന്ത്യം വരെ സി.പി.ഐ.എം പാർട്ടി അംഗമായിരുന്നു. അദ്ധ്യാപക പ്രസ്ഥാനത്തിലും സജീവമായി പങ്ക് കൊണ്ടു.  എന്നാൽ അധികാരരാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം എക്കാലത്തും ഒഴിഞ്ഞുനിന്നു.
 
രാഷ്ട്രീയത്തിലുപരിയുള്ള സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂടെയും ദീനാനുകമ്പയിലൂടെയും ജാതി-മത-കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്നേഹാദരങ്ങളും ബഹുമാനവും  സ്വീകാര്യതയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്റ്റാർ തിയേറ്റേഴ് ആൻഡ് കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാ-കായിക-സാംസ്കാരികപ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന എ, ഇബ്രാഹിം കുഞ്ഞ് സാർ തട്ടത്തുമലയുടെ സാംസ്കാരിക വളർച്ചയ്ക്ക് അതുല്യമായ സംഭാവനകൾ നൽകി. കലാപ്രേമിയായിരുന്ന ഇബ്രാഹിം കുഞ്ഞ് സാർ നാടകം, കാക്കാരിശി നാടകം, നൃത്തം, സംഗീതം തുടങ്ങിയവയുടെ പരിപോഷണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി.   സ്റ്റാർ തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകങ്ങളുടെ സംവിധാനം എ.ഇബ്രാഹിം കുഞ്ഞ് സാറാണ് നിർവ്വഹിച്ചു പോന്നത്. ജോലി കിട്ടി ആദ്യ നാളുകൾക്ക് ശേഷം  ദീർഘകാലവും  തട്ടത്തുമല സ്കൂളിൽതന്നെ അദ്ധ്യാപകനായി ജോലിനോക്കുവാൻ കഴിഞ്ഞത് തട്ടത്തുമലയിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുണയായി. പ്രമോഷൻ ലഭിച്ച് കുറച്ചുനാൾ പുല്ലയിൽ ഗവ.ൽ.പി.എസിലും തുടർന്ന്  അദ്ദേഹം പഠിച്ച പാപ്പാല ഗവ.എൽ.പി എസിലും ഹെഡ്മാസ്റ്ററായി ജോലി നോക്കി. ഈ സ്കൂളിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ അവിടുത്തെ പി റ്റി എയും നാട്ടുകാരും വമ്പിച്ച യാത്രയയപ്പ് നൽകുന്നതോടൊപ്പം നാട്ടുകാരിൽ നിന്ന് പിരിച്ച് ഒരു തുക  സമ്മാനിക്കുകയും ചെയ്തു.   തുടർന്ന് തട്ടത്തുമല കെ.എം. ലൈബ്രറിയിലും യഥോചിതം വരവേല്പ് നൽകി ആദരിച്ചു. 
  
സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരോടും പ്രത്യേകിച്ച്  ദളിതരോടും ദീനാനുകമ്പ പുലർത്തിയിരുന്ന അദ്ദേഹം വ്യക്തിപരമായി തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് പാവപ്പെട്ടവരെ സഹായിക്കാനും മറ്റ് പൊതുക്കാര്യങ്ങൾക്കും  കൂടി മാറ്റി വച്ചത് സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും ബാധിച്ചിരുന്നു. ചെറുതെങ്കിലും സ്വന്തമായി വരുമാനമുള്ള ഒരു സ്ഥിര ജോലി ലഭിച്ച  അദ്ദേഹത്തിന് ഏറേക്കാലം തന്റെ കൂട്ടുകുടുംബത്തിന്റെയും വിശിഷ്യാ സഹോദരങ്ങളുടെയും   കൂടി   ഉത്തരവാദിത്വം നിർവഹിക്കാനുണ്ടായിരുന്നു. ഒരു ചെറു ശമ്പളം കൊണ്ട് ഒരേസമയം കുടുംബത്തെയും അതിലുപരി നാട്ടുകാരെയും സാമ്പത്തികമായി സഹായിച്ചിരുന്ന അദ്ദേഹം പലപ്പോഴും സാമ്പത്തികപ്രയാസങ്ങളെ അഭിമുഖീകരിച്ചിരുന്നു.  ഒരു സെന്റ് ഭൂമി പോലും സ്വന്തമായി അദ്ദേഹം സമ്പാദിച്ചിരുന്നില്ല.  തട്ടത്തുമലയിലെ കുടുംബവീട്ടിലും ബന്ധുവീടുകളിലും  സഹധർമ്മിണിയുടെ  വട്ടപ്പാറയിലെ കുടുംബവീടായ കറ്റുവട്ടിയിലും   അവിടെ അവർക്ക്   കുടുംബ ഓഹരിയായി ലഭിച്ച വസ്തുവിൽ  വച്ച ഒരു കൊച്ചു മൺപുരയിലുമായി മാറിമാറിയാണ് സാറും കുടുംബവും താമസിച്ചത്.  സുഖത്തിലും ദു:ഖത്തിലും ഒപ്പം നിന്ന സഹധർമ്മിണിയുടെ അളവറ്റ  സ്നേഹവും സഹകരണവും  വ്യക്തി ജീവിതത്തിലും പൊതുജിവിതത്തിലും അദ്ദേഹത്തിന് ഏറെ സഹായകരമായി. സ്വന്തമായി ഒരു രാഷ്ട്രീയ വിശ്വാസമുണ്ടായിരുന്നിട്ടും നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹബഹുമാനങ്ങൾ ഏറ്റ് വാങ്ങാനായ ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ദളിദ് വിഭാഗങ്ങളോട് അദ്ദേഹം പുലർത്തിയിരുന്ന സമഭാവനയും  പ്രത്യേകമായ സ്നേഹവും  ദീനാനുകമ്പവും ആ വിഭാഗങ്ങൾ അദ്ദേഹത്തിന് അളവറ്റ് സ്നേഹവും ബഹുമാനവും നൽകുന്നതിന് കാരണമായി. വിശ്വാസത്തിൽ അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവൃത്തിപഥത്തിൽ സമാധാനത്തിലും അഹിംസയിലും ഊന്നിയ ഗാന്ധിയൻ മാതൃകയിലുള്ള ജീവിതവുമാണ് അദ്ദേഹം നയിച്ചത്. ഏറ്റവും നല്ലൊരു മനുഷ്യസ്നേഹി എന്നതിലും ഉപരി  ഇതര ജീവ ജന്തുജാലങ്ങളോടു പോലും  ദയവായ്പ് പുലർത്തിയിരുന്ന   ഉദാത്തമായ ഒരു മാനവികതയുടെ മഹത്തരമായ ഒരു സന്ദേശം അദ്ദേഹത്തിന്റെ ജിവിതത്തിലുടനീളം ദൃശ്യമായിരുന്നു. എ.ഇബ്രാഹിം കുഞ്ഞ്-ആരിഫാ ബീവി ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. മകൻ സജിം. മകൾ സജീന. 

2018 ആഗസ്റ്റ് 25-ന് തിരുവോണ ദിവസം എ. ഇബ്രാഹിംകുഞ്ഞ്സാർ നിര്യാതനായി. ഈ ആമുഖക്കുറിപ്പിൽ  സൂചിപ്പിക്കും വിധം അനുകരണീയമായ ഒരു ജീവിത മാതൃക സൃഷ്ടിച്ച  എ.ഇബ്രാഹിം കുഞ്ഞ് സാറിനെ എന്നെന്നും ഓർക്കുന്നതിനും  അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു സ്മാരകം എന്ന നിലയിൽ  സമൂഹത്തിന് ഉപകാരപ്പെടും വിധം സമുചിതവും പ്രവർത്തനോന്മുഖവുമായ ഒരു സ്ഥാപനം ഉണ്ടാകുന്നത് അദ്ദേഹത്തോട് കാട്ടുന്ന ഒരു വലിയ ആദരവായിരിക്കും.

ഭാഗം2

ലക്ഷ്യങ്ങൾ
സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി എ.ഇബ്രാഹിംകുഞ്ഞ് സാർ മെമ്മോറിയൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ (എ.ഇ.കെ.എം.എഫ്.സി.റ്റി) ഒരു ട്രസ്റ്റ് രൂപീകരിക്കുവാൻ രണ്ടായിരത്തി പതിനെട്ട് ഡിസംബർ മാസം പത്താം തീയതി  ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തട്ടത്തുമല കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിൽ വച്ച്  കൂടിയ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും  പൊതുയോഗം തീരുമാനിക്കുകയും ആയതിന്റെ നടത്തിപ്പിനായി അയ്യായിരം രൂപ പ്രവർത്തനമൂലധനമായി സ്വരൂപീകരിക്കുകയും താഴെപറയുന്ന വ്യക്തികളെ  സ്ഥാപക ബോർഡ് ഓഫ് ട്രസ്റ്റികളായി ഐകകണ്ഠേന തെരഞ്ഞെടുക്കുകയും ചെയ്തു. (ട്രസ്റ്റിന് ഒരു നിയമാവലിയും അതിൻപ്രകാരം ഒരു സംഘടനാരൂപവും  അതിന്റെ ലക്ഷ്യങ്ങളും  എഴുതി തയ്യാറാക്കി  ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് അനുസരിച്ച്  സംഘടന രജിസ്റ്റർ ചെയ്യുവാനും ഈ സ്ഥപക ട്രസ്റ്റികൾ പൊതുയോഗ തീരുമാനപ്രകാരം നിയോഗിക്കപ്പെട്ടിരിക്കുന്നു.) സ്ഥാപകട്രസ്റ്റികൾ: അഡ്വ..എസ്.ജയച്ചന്ദ്രൻ (മാനേജിംഗ് ട്രസ്റ്റി-മുഖ്യരക്ഷാധികാരി), പി.റോയ് (മാനേജിംഗ് ട്രസ്റ്റി-ചെയർമാൻ), എസ്.യഹിയ (മാനേജിംഗ് ട്രസ്റ്റി-സെക്രട്ടറി), പി.പി.ബാബു (മാനേജിംഗ് ട്രസ്റ്റി-ട്രഷറർ),  ഇ.എ.സജിം (മാനേജിംഗ് ട്രസ്റ്റി-വൈസ്.ചെയർമാൻ), എ.ഷജഹാൻ (മാനജിംഗ് ട്രസ്റ്റി-വൈസ് ചെയർമാൻ). ഇ.എ.സജീന (മാനേജിംഗ് ട്രസ്റ്റി-ജോയിന്റ് സെക്രട്ടറി)



സ്ഥാപക ബോർഡ് ഓഫ് ട്രസ്റ്റീകളുടെ ചുമതലകൾ:

1.   ട്രസ്റ്റ് നിയമാനുസൃതം ചരിറ്റബിൾ ട്രസ്റ്റ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യുക.

2.  ട്രസ്റ്റിന്റെ നടത്തിപ്പിനായി ട്രസ്റ്റിന്റെ ലക്ഷ്യങ്ങളും വ്യവസ്ഥകളും ആദർശങ്ങളും സംഘടനാ സ്വഭാവവും വിശദമാക്കിക്കൊണ്ട് ഒരു നിയമാവലി നിർമ്മിക്കുക.

3.   ട്രസ്റ്റിന്റെ നിയമാവലിയിൽ പറയും വിധം ട്രസ്റ്റിന് ഒരു സംഘടനാ രൂപം ഉണ്ടാക്കുവാൻ മേൽനോട്ടം  വഹിക്കുക.

5.   സ്ഥപക ബോർഡ് ഓഫ് ട്രസ്റ്റികളും മറ്റ് ട്രസ്റ്റ് അംഗങ്ങളും നിയമാവലിയ്ക്ക് വിധേയമായ സംഘടനാ സ്വഭാവത്തിനനുസൃതമായി  തെരഞ്ഞെടുപ്പുകളിലൂടെ ചുമതലകൾ പങ്കുവച്ച് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടത്തുക

6.   ട്രസ്റ്റിൽ കൂടുതൽ അംഗങ്ങളെ ചേർക്കുക

7.   ട്രസ്റ്റിൽ അംഗമാകുന്നതിന് അംഗത്വ ഫീസും മാസവരിയും നിശ്ചയിക്കുക.
     സംഘടനാരൂപം ഉണ്ടാകുന്നതോടെ സംഘടനയിൽ അംഗമാകുന്ന എല്ലാവരെയും ട്രസ്റ്റ് അംഗങ്ങളായി അംഗീകരിക്കുക 

ട്രസ്റ്റ് സ്ഥാപിക്കുന്നതിന്റെ  പ്രാഥമിക പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരുന്ന സ്ഥപക ബോർഡ് ഓഫ് ട്രസ്റ്റികൾ ട്രസ്റ്റിന്റെ നിയമാവലിയും ലക്ഷ്യങ്ങളും സംഘടനാരൂപവും സംബന്ധിച്ച് എഴുതി തയ്യാറാക്കിയ രേഖ
രണ്ടായിരത്തി പതിനെട്ട് ഡിസംബർ മാസം ഇരുപത്തി നാലം  തീയതി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തട്ടത്തുമല കെ.എം.ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിൽ കൂടിയ പൊതുയോഗത്തിൽ വായിക്കുകയും അതിൽ പറയുന്ന വ്യവസ്ഥകൾ, ലക്ഷ്യങ്ങൾ, സംഘടനാ രൂപം  മുതലായവ  മൊത്തമായും ട്രസ്റ്റിന്റെ ബയല അഥവാ നിയമാവലിയായി പ്രസ്തുത   പൊതുയോഗം ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തു.

ട്രസ്റ്റിന്റെ/സംഘടനയുടെ ലക്ഷ്യങ്ങൾ

ജീവിതത്തിൽ ഉടനീളം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനന്മയ്ക്കും നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടിയും പാവപ്പെട്ടവരെയും സാമൂഹ്യമായ പിന്നോക്കാവസ്ഥയിലുള്ളവരെയും ദുർബലരെയും ആലംബഹീനരെയും തന്നാലാവും വിധം സഹായിച്ചും സേവിച്ചും പ്രവർത്തിച്ച ശ്രീ. തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ സ്മരണ നിലനിർത്തുകയും അദ്ദേഹത്തിന്റെ നല്ല ജീവിതമാതൃകകൾ സ്വീകരിക്കുകയും അവയ്ക്കിണങ്ങുന്ന വിധം പ്രഥമപ്രധാനമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധങ്ങളായ സന്നദ്ധ- സാമൂഹ്യസേവന കർമ്മപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക. അംഗങ്ങൾക്കിടയിലും പൊതുസമൂഹത്തിലും സാമൂഹ്യബോധവും സ്നേഹവും സമാധാനവും സഹിഷ്ണുതയും  ഐക്യവും സമത്വവും ജനാധിപത്യബോധവും വളർത്തുക. അംഗങ്ങൾക്കിടയിലും പൊതുസമൂഹത്തിലും  ശാസ്ത്രബോധം വളർത്തുവാനും പരിസ്ഥിതി-ജീവ-ജന്തു വൈവിദ്ധ്യ സംരക്ഷണത്തിനായും പ്രവർത്തിക്കുക. വിശ്വമാനവികതയുടെ  സന്ദേശമുയർത്തി മനുഷ്യന്റെയും ലോകത്തിന്റെയും നന്മയ്ക്കുതകുന്ന എല്ലാ ആശയങ്ങളെയും ലക്ഷ്യങ്ങളെയും മുൻനിർത്തി എല്ലാ നന്മകളുടെയും ലക്ഷണമൊത്ത ഒരു ലോകം പുലരുവാൻ പ്രതിജ്ഞാബദ്ധമായ ഒരു കൂട്ടായ്മയായും പ്രസ്ഥാനമായും പ്രവർത്തിക്കുക. ജാതി-മത-വർണ്ണ-വർഗ്ഗ-വംശ-ലിംഗഭേങ്ങൾക്കും കക്ഷിരാഷ്ട്രീയ ഭേദങ്ങക്കും അന്യായമായ അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും അതീതമായ ഉയർന്ന മാനുഷിക മൂല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക.

ലക്ഷ്യങ്ങളും ചുമതലകളും വിശദമായി

1.
   ഈ സംഘടനയുടെ നിയമാവലിയിലെ ആമുഖത്തിൽ പറയുന്ന ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും ഇണങ്ങും വിധം പ്രവർത്തിച്ച് തട്ടത്തുമല ശ്രീ. എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ സ്മരണയെ നിലനിർത്തുകയും അദ്ദേഹത്തിന്റെ സ്മരണയെ മുൻനിർത്തി ജനന്മയ്ക്കുതകുന്ന വിവിധ കർമ്മപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുക.

2. അംഗങ്ങൾക്കിടയിൽ സ്നേഹവും സാമൂഹ്യബോധവും ഐക്യവും സമാധാവവും സഹിഷ്ണുതയും സമത്വബോധവും ജനാധിപത്യബോധവും വളർത്തുക.

3. ജീവകാരുണ്യപ്രവർത്തനങ്ങളുൾപ്പെടെ ജനനന്മ്മയ്ക്കുതകുന്ന  വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക.

4. സംഘടനയുടെമാത്രം ആഭിമിഖ്യത്തിലോ സംയുക്ത സംരഭങ്ങളായോ ആശുപത്രികൾ, പാലിയേറ്റീവ് കെയർ,  ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, ആംബുലൻസ് സർവീസുകൾ,  ഡയഗ്നോസിസ് സെന്ററുകൾ, തൊഴിൽസംരഭങ്ങൾ, വ്യവസായങ്ങൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായസംഘങ്ങൾ മുതലായവ നടത്തുക.

5.
 കല, സാഹിത്യം, ചിത്രകല, സംഗീതം, നാടകം, സിനിമ, ഷോർട്ട് ഫിലിം, പത്രപ്രവർത്തനം, പ്രസാധനം, നവമാധ്യമം, സ്പോർട്സ് തുടങ്ങിയ മേഖലകളുടെ പരിഭോഷണത്തിനും നാടിന്റെ സാംസ്കാരിക പുരോഗതിക്കും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

6. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാഭ്യാസ സംബന്ധമായ സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്യുക.
7. പരിസ്ഥിതി സംരക്ഷണം, ശാസ്ത്രപുരോഗതി എന്നിവയ്ക്കായി ബോധവൽക്കരണം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

8. സാമൂഹ്യവും സാംസ്കാരികവുമായ നവോത്ഥാനങ്ങൾക്ക് ഉപകരിക്കുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

9. എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ ജന്മദിനവും, ചരമദിനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുക. 

10. സംഘടനയുടെ സമാനാശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വ്യക്തിഗതമോ ഇതര സംഘടനകൾ, സർക്കാർ ഏജൻസികൾ മുഖാന്തരമോ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യംപ്പെടുകയും ആവശ്യമായ സന്ദർഭങ്ങളിൽ അവയുമായി കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യുക.

11. സംഘടനയിലെ അംഗങ്ങൾ എല്ലാവരെയും  സംഘടന നടത്തുന്ന വിവിധ സ്ഥാപനങ്ങളുടെ ഉടമസ്ഥതയുടെ ഭാഗമായും   അവയുടെ ഗുണഭോക്താക്കൾ ആയും പരിഗണിക്കുകയും   അവയുടെ നില നില്പിനും വളർച്ചയ്ക്കും എക്കാലത്തും സഹായിക്കുകയും ഒരുമയൊടെ പ്രവർത്തിക്കുകയും  ചെയ്യുക.

12. സംഘടനയുടെ പ്രധാനലക്ഷ്യം ലാഭേച്ഛയോ,  വരുമാനമോ ലാഭവിഹിതമോ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യലോ  അല്ല.

13.സംഘടന നടത്തുന്ന സ്ഥാപനങ്ങളിലെ വരുമാനം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാത്തതും ആയത് സംഘടന നടത്തുന്ന ജിവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമായിരിക്കും.

14. ഏതെങ്കിലും സാഹചര്യത്തിൽ ജീവകാരുണ്യപരവും ഇതര സന്നദ്ധ സൗജന്യ സേവനങ്ങൾക്കും ഉപരി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്ഥാപനങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിഗണനയോ വരുമാനത്തിൽ വിഹിതമോ ലഭ്യമാക്കാവുന്ന സാഹചര്യം വന്നാൽ അക്കാര്യങ്ങളിൽ കാലോചിതമായ  തീരുമാനമെടുക്കാനുള്ള അധികാരം  അംഗസഭയായ ജനറൽ ബോഡിയ്ക്കുണ്ടായിരിക്കും.

15. സംഘടന ലഭ്യമാക്കുന്ന സഹായങ്ങളും അംഗീകാരങ്ങളും അവാർഡുകളും ബഹുമതികളും പാരിതോഷികങ്ങളും സ്വീകരിക്കാൻ സംഘടനയിലെ അംഗങ്ങളും അർഹരായിരിക്കും.

16. അംഗങ്ങളിൽ നിന്ന് അംഗത്വഫീസായും മൂലധനശേഷിക്കായും സ്വരൂപീകരിക്കുന്ന പണം സ്ഥിരമൂലധനനിക്ഷേപമായി മാത്രം സൂക്ഷിക്കേണ്ടതും സംഘടനയുടെ പ്രവർത്തനങ്ങൾക്കോ സംഘടന ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കോ വിനിയോഗിച്ചുകൂടാത്തതുമാകുന്നു.

17. പ്രവർത്തന മൂലധന വിഹിതം, പ്രാഥമിക അംഗത്വ ഫീസ് എന്നിവയുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് നിയമാനുസൃതം ലഭിക്കുന്ന പലിശയും സംഭാവനകളായി ലഭിക്കുന്ന തുകകളും  സംഘടനയ്ക്കും  സംഘടന ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കും  വിനിയോഗിക്കാവുന്നതാണ്.

18. അംഗങ്ങളിൽ നിന്നോ അംഗങ്ങളല്ലാത്തവരിൽ നിന്നോ സംഭാവനകൾ സ്വരൂപീകരിക്കുകയും അത് സംഘടനയുടെയോ സംഘടന ഏറ്റെടുക്കുന്നതോ ആയ പ്രവർത്തനങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി ചെലവാക്കുക.

19. ജീവകാരുണ്യം ഉൾപ്പെടെ സംഘടന ജനനന്മയ്ക്കായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് വരുമാനം ആർജ്ജിക്കുന്നതിനു വേണ്ടി നിയമ വിധേയമായ വിവിധ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും നടത്തുക.

20. സംഘടന നടത്തുന്ന പ്രവർത്തനങ്ങളിലൂടെയോ സ്ഥാപനങ്ങളിലൂടെയോ ലഭിക്കുന്ന വരുമാനം സംഘടനയുടെയും സംഘടന  ഏറ്റെടുക്കുന്ന പരിപാടികളുടെയും ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുക.

21.
   വിവിധസർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ ഏജൻസികൾ, സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവിടങ്ങളിൽ നിന്ന് പണരൂപത്തിലോ പദാർത്ഥരൂപത്തിലോ ഉള്ള സഹായങ്ങൾ ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുക.

22.
 സംഘടനയുടെ നിയമാവലിയും അതിൽ ഉൾക്കൊളിച്ചിട്ടുള്ള  ആശയങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കി ഈ സംഘടനയിൽ  ചേരാൻ താല്പര്യമുള്ള വ്യക്തികൾക്ക് അംഗത്വഫീസ് ആയിരം രൂപ സ്വീകരിച്ച് അംഗത്വം നൽകുക.

23.
   സംഘടനയുടെ മൂലധനനേതര വരുമാനവും, മൂലധന നിക്ഷേപത്തിന്റെ പലിശയും സംഘടനയുടെ ഭരണപരവും സംഘടന ഏറ്റെടുക്കുന്നതുമായ പരിപാടികൾക്കായി ഉപയോഗിക്കുക.

24. വർഷത്തിൽ ഒരിക്കൽ വാർഷിക ജനറൽ ബോഡി എന്ന നിലയിൽ ജനറൽ ബോഡി യോഗം ചേർന്ന് അതിൽ സംഘടനയുടെ ഭാരവാഹികളിൽ അതാതിനു ചുമതലപ്പെട്ടവർ പ്രവർത്തന റിപ്പോർട്ടും (സെക്രട്ടറി), കണക്കും (ട്രഷറർ) അവതരിപ്പിച്ച് കേവല ഭൂരിപക്ഷാടിസ്ഥാനത്തിൽ അംഗീകാരം നൽകുക.

25.
 ദൈവർഷിക ജനറൽ ബോഡി വർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ്
കണക്കുകളും അവതരിപ്പിക്കുന്നതിനു പുറമെ നിലവിലുള്ള ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കമ്മിറ്റി എന്നിവ ഭരണ സമിതി എന്ന നിലയിലുള്ള കാലാവധി പൂർത്തിയായി ചുമതലയിൽ നിന്ന് ഒഴിവാകുന്നു എന്നതിനാൽ പുതിയ ജനറൽ കമ്മിറ്റി (പ്രതിനിധിസഭ) യെ തെരഞ്ഞെടുക്കുക. തുടർന്ന് ഈ ജനറൽ കമ്മിറ്റിയിൽ  നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും അതിൽ നിന്ന് പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുക്കുക.

26.  എ.ഇബ്രാഹിം കുഞ്ഞ് സാർ മെമ്മോറിയൽ എന്ന പദം സംഘടനയുടെ പേരിൽ നിന്നും അടർത്തിമാറ്റി പുനർനാമകരനം ചെയ്യാൻ സംഘടനയുടെ ഒരു ഘടകത്തിനും അധികാരം ഉണ്ടായിരിക്കുന്നതല്ല.


27. ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ സഫലീകൃതമാക്കുന്നതിന് ഈ നിയമാവലി വഴി ട്രസ്റ്റിന്  ജനാധിപത്യപരമായ ഒരു സംഘടനാ രൂപം ഉണ്ടാക്കി നിയമാവലി അനുശാസിക്കുന്ന സംഘടനാ രീതി അനുസരിച്ച് ചുമതലകൾ പങ്ക് വയ്ക്കുക.

ഭാഗം3

സംഘടനാ രൂപം

സംഘടനയുടെ പേര്: സംഘടനയുടെ പേര് എ. ഇബ്രാഹിം കുഞ്ഞ്സാർ മെമ്മോറിയൽ ഫൗണ്ടേഷൻ (ചാരിറ്റബിൾ ട്രസ്റ്റ്) എന്നായിരിക്കും.

സ്ഥാപക ബോർഡ് ഓഫ് ട്രസ്റ്റീസ് : സംഘടന നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ബോർഡ് ഓഫ് ട്രസ്റ്റികളിൽ ഒരു ചെയർമാൻ (മാനേജിംഗ് ട്രസ്റ്റീ), രണ്ട് വൈസ് ചെയർമാൻമാർ (മാനേജ്മെന്റ് ട്രസ്റ്റീ) ഒരു സെക്രട്ടറി (മാനേജിംഗ് ട്രസ്റ്റീ), ഒരു ജോയിന്റ് സെക്രട്ടറി (മാനേജിംഗ് ട്രസ്റ്റീ), ഒരു മുഖ്യരക്ഷാധികാരി (മാനേജിംഗ് ട്രസ്റ്റീ), ഒരു ട്രഷറർ (മനേജിംഗ് ട്രസ്റ്റീ) എന്നിങ്ങനെ ഏഴ്   പേർ ഉൾപ്പെടുന്നു
(ഇതിൽ ഇബ്രാഹിം കുഞ്ഞ് സാറിന്റെ കുടുംബത്തിലെ മൂന്നിൽ കുറയാത്ത അംഗങ്ങളും ഉൾപ്പെട്ടിരിക്കണം.).  ട്രസ്റ്റ് നിയമ വിധേയമാക്കാനും സർക്കാരിൽ നിന്നും മറ്റ് പൊതുസ്ഥാപനങ്ങളിൽ നിന്നും സർക്കാർ-സ്വകാര്യ ഏജൻസികളിൽ സ്വകാര്യവ്യക്തികളിൽ നിന്നും ധനസഹായവും ആനുകൂല്യങ്ങളും സംഭാവനകളും സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് സഹായകരമാകും വിധം ട്രസ്റ്റ് രജിസ്ട്രേഷൻ സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും പാലിക്കുന്നതിന് ഉചിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുവാനും നിയമപരമായ സാങ്കേതികത്വങ്ങൾ പരിഹരിക്കുന്നതിനോ വേണ്ടിവന്നാൽ നിയമാവലിയ്ക്കും ലക്ഷ്യങ്ങൾക്കും വിധേയമായി  ആവശ്യമെങ്കിൽ ട്രസ്റ്റ് റീ രജിസ്റ്റർ ചെയ്യുവാനും സ്ഥാപകട്രസ്റ്റികൾക്ക് അധികാരമുണ്ടായിരിക്കും. ട്രസ്റ്റ് രജിസ്ട്രേഷനു ശേഷനു ശേഷം സംഘടനാ സംവിധാനത്തിനനുസൃതമായി രൂപം കൊള്ളുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും  ഇബ്രാഹിം കുഞ്ഞ് സാറിന്റെ കുടുംബം നിർദ്ദേശിക്കുന്ന അംഗങ്ങളെയും കൂടി  ഉൾപ്പെടുത്തി ട്രസ്റ്റ് വിപുലീകരിക്കാവുന്നതാണ്. എന്നാൽ ട്രസ്റ്റിന്റെ സംഘടനാ രൂപം നിലവിൽ വന്ന് കഴിഞ്ഞാൽ ട്രസ്റ്റിന്റെ  പ്രവർത്തനങ്ങളുടെ നേതൃത്വവും  ഉത്തവാദിത്വവും തെരഞ്ഞെടുക്കപ്പെടുന്ന  എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കമ്മിറ്റി, ജനറൽ ബോഡി എന്നിവയിലൂടെയാകും നിർവ്വഹിക്കപ്പെടുക.

സംഘടനാ സ്വഭാവം: ട്രസ്റ്റ് അതിന്റെ നിയമാവലിയ്ക്ക് വിധേയമായ ഒരു സംഘടനാ സ്വഭാവത്തിലായിരിക്കും  പ്രവർത്തിക്കുക എന്നതിനാൽ ട്രസ്റ്റിനെ മൊത്തത്തിൽ  ഒരു സംഘട എന്ന് വിശേഷിപ്പിക്കാവുന്നതായിരിക്കും.

അംഗത്വം: ആയിരം രൂപാ അംഗത്വ ഫീസ് നൽകി ട്രസ്റ്റിന്റെ ആദർശങ്ങളും നിയമാവലിയും നിബന്ധനകളും ലക്ഷ്യങ്ങളും അംഗീകരിക്കുന്ന പതിനെട്ട് വയസ്സുള്ള ആർക്കും നിർദ്ദിഷ്ട അംഗത്വഫോറം പൂരിപ്പിച്ച് നൽകി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഘടനയിൽ അംഗമാകാം. ഒരിക്കൽ അംഗമാകുന്നവരുടെ അംഗത്വം നിലനിർത്തുന്നതിന് മാസവരിയോ വാർഷികവരിയോ ഏർപ്പെടുത്തുന്നതിനും ഏർപ്പെടുത്താതിരിക്കുന്നതിനും ജനറൽ ബോഡിയ്ക്ക് (അംഗസഭ) അധികാരമുണ്ടായിരിക്കും. അപ്രകാരം വരിസംഖ്യ നിശ്ചയിക്കുന്നപക്ഷം  അതിൽ  കുടിശികയുള്ളവർക്ക് ജനറൽ ബോഡികളിൽ പങ്കെടുക്കാനോ വോട്ടവകാശം വിനിയോഗിക്കാനോ കഴിയുന്നതായിരിക്കില്ല. അങ്ങനെയുള്ള ഒരാളുടെ അംഗത്വം കുടിശ്ശിക മൂലം ഏത് ജനറൽ ബോഡിയിലാണോ പങ്കെടുക്കാൻ കഴിയാതെ പോയത്,   ആ ജനറൽ ബോഡി മുതൽക്ക് അങ്ങോട്ട് വരിസംഖ്യാകുടിശ്ശിക അടച്ചു തീർക്കുന്നതുവരേയ്ക്കോ ജനറൽ ബോഡി ആ അംഗത്തിന്റെ അംഗത്വം നിലനിർത്താൻ നിരുപാധികമോ ഉപാധികളോടെയോ  തീരുമാനിയ്ക്കും വരേയ്ക്കോ അംഗത്വം മരവിപ്പിക്കപ്പെടുന്നതായിരിക്കും. ഒരാൾക്ക് അംഗത്വം നൽകുന്നതുസംബന്ധിച്ച് സംബന്ധിച്ച് അതതു കാലത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ  ജനറൽ കമ്മിറ്റിയിലോ തർക്കങ്ങളുണ്ടാകുകയോ യഥാവിധി തീരുമാനമുണ്ടാകാതിരിക്കുകയോ ചെയ്താൽ തുടർന്ന് വരുന്ന ജനറൽ ബോഡിയിൽ വച്ച് അംഗത്വം നൽകുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്ത് കേവല ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. അംഗങ്ങൾക്ക് അംഗത്വ ഫീസിന്റെ രസീതും  അംഗത്വകാർഡും  നൽകേണ്ടതാണ്.

ഉടമസ്ഥതയും പിന്തുടർച്ചാവകാശവും: ഈ സംഘടനയുടെയും അതിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ,  മൂലധനനിക്ഷേപം, മറ്റ് പലതരത്തിലുള്ള  ധനശേഖരങ്ങൾ, ആസ്തികൾ, ഭൂമി, സ്ഥാപനങ്ങൾ  മുതലായി  ഈ സംഘടനയുമായി ബന്ധപ്പെട്ട യാതൊന്നിന്റെയും ഉടമസ്ഥതയും പിന്തുടർച്ചാവകാശങ്ങളും സ്ഥാപക ബോർഡ് ഓഫ് ട്രസ്റ്റികളുടെയോ മറ്റ് ട്രസ്റ്റ് അംഗങ്ങളുടെയോ അവരുടെ പിൻതലമുറകളുടെയോ മാത്രമല്ലാത്തതും സംഘടനയിലെ അംഗങ്ങളുടെ പൊതു സ്വത്തും ആകുന്നു. ഏതെങ്കിലും കാലത്തോ സാഹചര്യത്തിലോ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ അപ്പാടെ നിലച്ചുപോയാൽ ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ കുടുംബാംഗങ്ങൾക്ക് ഇത് ഏറ്റെടുത്ത് നിയമാവലികൾക്കും ലക്ഷ്യങ്ങൾക്കും വിധേയമായി പുന:സംഘടിപ്പിക്കാനും പുനരുജ്ജീവിപ്പിക്കുവാനും ഇടപെടാവുന്നതും എന്നൽ ആയതും സംഭവിക്കാത്ത പക്ഷം മേൽസൂചിപ്പിച്ച പ്രകാരം ഈ സംഘടനയുടെയും സംഘടനയുടെ സ്ഥാവര ജംഗമ വസ്തുക്കൾ,  മൂലധനനിക്ഷേപം, മറ്റ് പലതരത്തിലുള്ള ധനശേഖരങ്ങൾ, ആസ്തികൾ, ഭൂമി, സ്ഥാപനങ്ങൾ  മുതലായി സംഘടനയുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും ഉടമസ്ഥത സർക്കാരിന് ഏറ്റെടുത്ത് മുതൽക്കൂട്ടി സർക്കാരിന്റെ മേൽനോട്ടത്തിലും മാർഗ്ഗനിർദ്ദേശങ്ങക്കനുസരിച്ചും  എ.ഇ.ബ്രാഹിം കുഞ്ഞ് സാർ മെമ്മോറിയൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേര് നിലനിർത്തി  ഈ സംഘടനയുടെ നിയമാവലിയെയും ലക്ഷ്യങ്ങളെയും മുൻനിർത്തി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകാവുന്നതാണ്. എന്നാൽ  ഇപ്രകാരം സംഘടന സർക്കാർ ഏറ്റെടുക്കുന്നതിനു മുമ്പ് ഇബ്രാഹിം കുഞ്ഞ് സാറിന്റെ കുടുംബാംഗങ്ങളുടെയും  സംഘടനയുടെ അംഗങ്ങളുടെയും  അറിവിലേയ്ക്ക് മതിയായ പരസ്യം നൽകി  പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും  ആക്ഷേപങ്ങൾ കേൾക്കുന്നതിനും പരമാവധി ഒരു മാസമെങ്കിലും സമയം നൽകേണ്ടതാണ്.

ജനറൽബോഡി(അംഗങ്ങളുടെ പൊതുസഭ): സംഘടനയിൽ  പ്രാഥമിക അംഗത്വമുള്ള എല്ലാവരും അടങ്ങുന്നതായിരിക്കും ജനറൽബോഡി അഥവാ സംഘടനയിലെ  അംഗങ്ങളുടെ പൊതുസഭ. ഈ ജനറൽബോഡി യോഗങ്ങളിൽ  എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാം.

ജനറൽ കമ്മിറ്റി (ഇത് അംഗങ്ങളുടെ ഒരു പ്രതിനിധിസഭയാണ്): ജനറൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളുടെ എണ്ണം ജനറൽ ബോഡിയിൽ ആണ് തീരുമാനിക്കേണ്ടത്. ജനറൽകമ്മിറ്റിയിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനറൽബോഡിയിൽ വച്ചായിരിക്കും.  ഈ കമ്മിറ്റിയിൽ സ്ത്രീകളുടെ പ്രാതിനിധ്യവും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇവ ഏതെങ്കിലുമൊന്നിൽ നിന്നുള്ള പ്രാതിനിധ്യവും ഉറപ്പ് വരുത്തണം. ജനറൽ കമ്മിറ്റിയിൽ ഇവ എത്രയെന്ന് ജനറൽ ബോഡിയിൽ  തീരുമാനിക്കണം. ഈ കമ്മിറ്റിയുടെ കാലാവധി രണ്ട് വർഷമാണ്.

എക്സിക്യൂട്ടീവ് കമ്മിറ്റി (കാര്യനിർവ്വഹണസമിതി): ജനറൽ കമ്മിറ്റിയിൽ നിന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കണം. ഇതിൽ നിന്നും പ്രധാന ഭാരവാഹികളായി ഒരു മുഖ്യരക്ഷാധികാരി, ഒരു ചെയർമാൻ, പരമാവധി മൂന്ന് വൈസ് ചെയർമാന്മാർ, ഒരു സെക്രട്ടറി, പരമാവധി മൂന്ന് ജോയിന്റ് സെക്രട്ടറിമാർ, ഒരു ട്രഷറർ എന്നിവരെ തെരഞ്ഞെടുക്കണം.  മാനേജിംഗ് ട്രസ്റ്റികളായ അംഗങ്ങൾക്കും  മാനേജിംഗ് ട്രസ്റ്റികൾ അല്ലാത്ത അംഗങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളായും ഭാരവാഹികളായും  തെരഞ്ഞെടുക്കപ്പെടാവുന്നതാണ്. ഈ കമ്മിറ്റിയിൽ സ്ത്രീകളുടെ പ്രാതിനിധ്യവും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇവ ഏതെങ്കിലുമൊന്നിൽ നിന്നുള്ള പ്രാതിനിധ്യവും ഉറപ്പ് വരുത്തണം. ഇവ എത്രയെന്ന് ജനറൽ കമ്മിറ്റിയിൽ തീരുമാനിക്കണം. ഈ കമ്മിറ്റിയുടെ കാലാവധി രണ്ട് വർഷമാണ്.

ക്ഷണിതാക്കൾ: ജനറൽ കമ്മിറ്റിയിലേയ്ക്കും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും ആവശ്യമെങ്കിൽ പരമാവധി അഞ്ച് പേരെ വീതം പ്രസ്തുത കമ്മിറ്റികളുടെ പ്രവർത്തന കാലയളവിലേയ്ക്ക് മാത്രമായി  സ്ഥിരമായോ താൽക്കാലികമായോ അതത് കമ്മിറ്റികൾക്ക് വോട്ടിംഗ് പവറില്ലാത്ത  ക്ഷണിതാക്കളാക്കാം.  ഈ കമ്മിറ്റികളുടെ പ്രവർത്തന കാലയളവ് അവസാനിക്കുന്നതുവരേയ്ക്ക് മാത്രമായിരിക്കും ഇവർ ക്ഷണിതാക്കളായിരിക്കുക. എന്നാൽ ഈ ക്ഷണിതാക്കൾ സംഘടനയിൽ പ്രാഥമിക അംഗത്വം ഉള്ളവർ ആയിരിക്കണം.


ഉപദേശകസമിതി: അംഗത്വം ഉള്ളവരോ ഇല്ലാത്തവരോ ആയ ഏതാനും പേരെ ഉപദേശകർ എന്നനിലയിൽ രക്ഷാധികാരികളാക്കാനും അവരെ  ജനറൽ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് ക്ഷണിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. (ഇത് എത്രപേരെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് തീരുമാനിക്കാം.). എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുഖ്യരക്ഷാധികാരി അദ്ധ്യക്ഷനായും ക്ഷണിതാക്കളായ രക്ഷാധികാരികൾ അംഗങ്ങളായും ഉപദേശക സമിതി രൂപീകരിക്കാവുന്നതാണ്. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ജനറൽ കമ്മിറ്റി എന്നിവയുടെ പ്രവർത്തന കാലയളവ് അവസാനിക്കുന്നതു വരെ മാത്രമായിരിക്കും ക്ഷണിതാക്കളായ രക്ഷാധികാരികളുടെയും ഈ ഉപദേശക സമിതിയുടെയും കാലാവധി.
ഒഴിവാക്കലും കൂട്ടിച്ചേർക്കലും: സംഘടനയുടെ നിയമാവലിയ്ക്കും ആദർശങ്ങൾക്കും ലക്ഷ്യങ്ങൾക്കും നിരക്കാത്തതും മറ്റുമായ സംഘടനാ വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരംഗത്തെ താൽക്കാലികമായോ കാര്യത്തിന്റെ ഗൗരവമനുസരിച്ച് സ്ഥിരമായോ പുറത്താക്കാനും തിരിച്ചെടുക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. ഈ പുറത്താക്കൽ ജനറൽ കമ്മിറ്റിയിലോ ജനറൽ ബോഡിയിലോ പുറത്താക്കപ്പെടുന്ന അംഗമോ മറ്റ് അംഗങ്ങളോ ചോദ്യം ചെയ്താൽ അതത് ഘടകങ്ങളിൽ ചർച്ചചെയ്ത് പങ്കേടുക്കുന്ന അംഗങ്ങളുടെ കേവല ഭൂരിപക്ഷമനുസരിച്ച് തീരുമാനമെടുക്കേണ്ടതാണ്.  ഒരംഗത്തെ ന്യായമായ കാരണങ്ങളാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ജനറൽ കമ്മിറ്റിറ്റിയിൽ നിന്നും ഒഴിവാക്കുവാനോ പകരം ഒരംഗത്തെ കൂട്ടിച്ചേർക്കാനോ അതത് കമ്മിറ്റികൾക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ ജനറൽ ബോഡി  യോഗത്തിൽ അംഗീകരിച്ചിട്ടുള്ള അംഗസംഖ്യയിൽ കൂടുതൽ ആരെയും ജനറൽ കമ്മിറ്റിയിലേയ്ക്കോ,  ജനറൽ കമ്മിറ്റി അംഗീകരിച്ചിട്ടുള്ള അംഗ സംഖ്യയിൽ കൂടുതൽ ആരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കോ കൂട്ടിച്ചേർക്കാൻ കഴിയുകയില്ല.

കാലാവധി: ജനറൽ കമ്മിറ്റിയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും  കാലാവധി രണ്ട് വർഷമായിരിക്കും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികൾ തുടർച്ചയായി രണ്ട് വർഷത്തിൽ കൂടുതൽ ആ ചുമതലകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതി കഴിവതും ഒഴിവാക്കണം.


എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ കുടുംബത്തിന്റെ പ്രാതിനിധ്യം: എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെയും  കുടുംബങ്ങളിൽ നിന്ന് കുറഞ്ഞത് മൂന്ന് പേരുടെ വീതം വോട്ടിംഗ് പവറോടുകൂടിയ പ്രാതിനിധ്യം ട്രസ്റ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കമ്മിറ്റി എന്നിവയിൽ ഉറപ്പുവരുത്തണം. ട്രസ്റ്റിലേയ്ക്കോ ജനറൽ കമ്മിറ്റിയിലേയ്ക്കോ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കോ ഉള്ള സംഘടനാ തെരഞ്ഞെടുപ്പുകളിൽ നിന്ന്  ഇബ്രാഹിം കുഞ്ഞ് സാറിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിൽ അവരിൽ നിന്ന് മൂന്നിൽ കുറയാത്ത അംഗങ്ങളെ വീതം ട്രസ്റ്റിലേയ്ക്കും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും, ജനറൽ കമ്മിറ്റിയിലേയ്ക്കും സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള അതത് കമ്മിറ്റികളുടെ ആദ്യ യോഗത്തിൽ വച്ചുതന്നെ  വോട്ടിംഗ് പവറുള്ള അംഗങ്ങളായി ക്ഷണിച്ച് കൂട്ടിച്ചേർക്കണം. എന്നാൽ ഇങ്ങനെ ഉൾപ്പെടുത്തപ്പെടുന്നവർ  സംഘടനയിൽ പ്രാഥമിക അംഗത്വം എടുത്തിട്ടുള്ളവർ ആയിരിക്കണം. എ.ഇബ്രാഹിം കുഞ്ഞ് സാറിന്റെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെയും കുടുംബങ്ങളിൽ നിന്നുള്ളവരെയോ അവർ നിർദ്ദേശിക്കുന്ന അംഗങ്ങളുടെയോ  പ്രാതിനിധ്യം സംഘടനയുടെ  വിവിധ തലങ്ങളിൽ ഉറപ്പ് വരുത്തുവാൻ  മാനേജ്മെന്റ് ട്രസ്റ്റികൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കും വിവേചനാധികാരം ഉണ്ടായിരിക്കും.

കാലാവധിയും തെരഞ്ഞെടുപ്പും : എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കമ്മിറ്റി എന്നിവയുടെ കാലാവധി രണ്ട് വർഷമായിരിക്കും. ആദ്യപ്രവർത്തന വർഷത്തിലെ വാർഷിക പൊതുയോഗത്തിൽ ജനറൽ കമ്മിറ്റിയിലേയ്ക്കുള്ള  തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നതല്ല. പ്രവർത്തന റിപ്പോർട്ടും വരവുചെലവുകണക്കുകളും ബന്ധപ്പെട്ട ഭാരവാഹികൾ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയാൽ മതി.  ദ്വൈവാർഷിക ജനറൽബോഡി യോഗത്തിൽ ബന്ധപ്പെട്ട ഭാരവാഹികൾ  പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിച്ച് അംഗീകാരം വാങ്ങുനതിനു പുറമെ ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും വേണം. ഈ ജനറൽ കമ്മിറ്റി യോഗം ചേർന്ന് അതിൽ നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും അതിൽ നിന്ന് പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുക്കണം. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികൾ തുടർച്ചയായി രണ്ട് വർഷത്തിൽ കൂടുതൽ ആ ചുമതലകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതി കഴിവതും ഒഴിവാക്കണം.

പ്രത്യേക ജനറൽബോഡികൾ: ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ സന്ദർഭങ്ങളിലോ കാലോചിതമായി ട്രസ്റ്റിന്റെ നിയമാവലിയിലോ ഘടനയിലോ മാറ്റങ്ങൾ ആവശ്യമായി വരുമ്പോഴോ കാലാവധി തീരും മുമ്പുതന്നെ  ജനറൽ കമ്മിറ്റിയുടെ തീരുമാനത്തോടെ ജനറൽ ബോഡി ബോഡി വിളിച്ചു ചേർക്കാവുന്നതാണ്.

സാമ്പത്തിക ഇടപാടുകൾ: സംഘടനയുടെ  എല്ലാവിധ സാമ്പത്തിക ഇടപാടുകളും ട്രസ്റ്റീസിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും  നേരിട്ടുള്ള നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലും ആയിരിക്കും. സംഘടനയുടെ എല്ലാവിധ പണനിക്ഷേപങ്ങളും പിൻവലിക്കലുകളും മറ്റ് സാമ്പത്തിക ഇടപാടുകളും ദേശസാൽകൃത ബാങ്കുകളോ സർവീസ് സഹകരണ ബാങ്കുകളോ മുഖാന്തരം ആയിരിക്കും. മറ്റ് തരം ബാങ്കുകൾ മുഖാന്തരം സാമ്പത്തിക ഇടപാടുകൾ നടത്തേണ്ടി വന്നാൽ അത് ട്രസ്റ്റ്, ട്രസ്റ്റ്ഭാരവാഹികൾ, ജനറൽ കമ്മിറ്റി, ജനറൽ ബോഡി എന്നിവയിൽ അറിയിച്ച് ബോധ്യപ്പെടുത്തണം. പണമിടപാടുകളുടെ മൊത്തം ഉത്തരവാദിത്വം ട്രസ്റ്റ് അംഗങ്ങൾ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കും പ്രധാന ഭാരവാഹികൾക്കും വിശിഷ്യാ ജോയിന്റ് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഭാരവാഹികൾക്കും ആയിരിക്കും. സംഘടനയുടെ പണമിടപാടുകൾ കൈകാര്യം ചെയ്യാനായി രക്ഷാധികാരി, സെക്രട്ടറി, ചെയർമാൻ, ഖജാൻജി, ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഒരു കുടുംബാംഗം, എന്നിങ്ങനെ അഞ്ച് പേർ ഉൾപ്പെട്ട ജോയിന്റ് അക്കൗണ്ട് എടുക്കണം. ഇവരിൽ ആരെങ്കിലും മൂന്ന് പേരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ നിക്ഷേപം പിൻവലിക്കാൻ പാടുള്ളൂ. അടിയന്തിര സന്ദർഭങ്ങളിൽ ഇവരുടെ ആരുടെയെങ്കിലും അസാന്നിദ്ധ്യത്തിൽ പണനിക്ഷേപമോ പിൻവലിക്കലോ നടത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റി  യോഗം ചേർന്ന് റെസല്യൂഷൻ പാസ്സാക്കി ബാങ്കിനെ അറിയിച്ച് ഇടപാട് നടത്താവുന്നതാണ്.

പ്രവർത്തനമൂലധനം: അംഗത്വ ഫീസ് ഉൾപ്പെടെ അംഗങ്ങൾ നൽകുന്ന മൂലധനവിഹിതം ഒരു നിശ്ചിതതുകവരെ സ്ഥിര മൂലധനമായി ബാങ്കിൽ നിക്ഷേപിക്കേണ്ടതും ജനറൽ ബോഡിയുടെ ഭൂരിപക്ഷതീരുമാനമില്ലാതെ അത് ഒരു തരത്തിലും പിൻവലിക്കാവുന്നതുമല്ല. എന്നാൽ ഈ നിക്ഷേപത്തിന്റെ പലിശ ട്രസ്റ്റിന്റെ പ്രവർത്തച്ചെലവുകൾക്കും ട്രസ്റ്റ് ഏറ്റെടുക്കുന്ന ലക്ഷ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിക്കാവുന്നതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ  നിയന്ത്രണങ്ങൾക്കും തീരുമാനങ്ങൾക്കും വിധേയമായി വേണം ചെലവുകൾ നിർവ്വഹിക്കാൻ. അതത് കാലം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ചെലവുകളും അതത് കാലത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് ജനറൽ കമ്മിറ്റിയുടെ  അംഗീകാരത്തോടെ നടപ്പിലാക്കാവുന്നതാണ്. അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ ട്രസ്റ്റീസിനും എക്സിക്യൂട്ടീവിനും  മാത്രമായും ഉത്തരവാദിത്വം മുണ്ടായിരിക്കും. മൂലധനനിക്ഷേപത്തുക കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം ജനറൽ ബോഡിയ്ക്ക് ഉണ്ടായിരിക്കും.  അംഗത്വഫീസ് എക്കാലത്തും മൂലധനനിക്ഷേപത്തിലേയ്ക്ക് മാത്രമായി മുതൽകൂട്ടണം. ഈ സംഘടനയിൽ ആയിരം രൂപാ നൽകി അംഗത്വമെടുക്കുന്നവരെല്ലാം ഈ സംഘടന നടത്തുന്ന ചാരിറ്റി പ്രവർത്തനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഭാഗഭാക്കാകുകയാണ്. 

രജിസ്റ്ററുകളും കൈപ്പറ്റ് രേഖകളും: രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, അംഗത്വരജിസ്റ്റർ, കമ്മിറ്റികൾ, പൊതുയോഗങ്ങൾ എന്നിവയുടെ രേഖപ്പെടുത്തലുകളും മിനുട്സും അടങ്ങുന്ന രജിസ്റ്റർ, നാൾവഴി രജിസ്റ്റർ, വരവ് ചെലവു കണക്കുകളുടെ രജിസ്റ്റർ, സ്റ്റോക്ക് രജിസ്റ്റർ മുതലായ യഥാസമയം കൃത്യമായി തയ്യറാക്കി സൂക്ഷിക്കേണ്ടതാണ്. രജിസ്റ്ററുകൾ, മിനുട്സുകൾ എന്നിവ യഥാസമയം കൃത്യമായി തയ്യാറാക്കുന്നതിന് മൂന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അതിൽനിന്ന് ഒരു കൺവീനറെയും എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക്  ചുമതലപ്പെടുത്താവുന്നതാണ്. അംഗത്വ ഫീസ്, മൂലധനക്ഷേപം, സംഭാവനകൾ മുതലായവ സ്വീകരിക്കുന്നതിന് ഇനം തിരിച്ച് രേഖപ്പെടുത്താവുന്ന കൗണ്ടർ ഫയലോടുകൂടിയ പൊതുവായ രസീതുകൾ ഉപയോഗിക്കേണ്ടതാണ്. ഓരോ ആവശ്യത്തിനായി പ്രത്യേകം പ്രത്യേകം രസീതുകൾ അച്ചടിക്കുന്നതിനു പകരം ഇനം തിരിച്ച് ഇവ രേഖപ്പെടുത്തി നൽകാവുന്ന പൊതുവായ രസീതുകൾ ഉപയോഗിക്കണം. വൗച്ചറുകൾ മറ്റ് കൈപ്പറ്റ് രേഖകൾ എന്നിവയും കൃത്യമായി സൂക്ഷിക്കേണ്ടതാണ്.ഭരണ സമിതി മാറുമ്പോൾ ഈ രേഖകൾ എല്ലാം പഴയ ഭരണ സമിതി പുതിയ ഭരണസമിതിയ്ക്ക്  കൈമാറേണ്ടതാണ്.
ആസ്ഥാനം: തട്ടത്തുമല ആസ്ഥാനമാക്കിയായിരിക്കും ട്രസ്റ്റ് പ്രവർത്തിക്കുക.

ഓഫീസ്: മറ്റൊരു സൗകര്യവും തീരുമാനംവും വരുന്നതുവരെ തട്ടത്തുമല കെ എം ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിന്റെ വക കെട്ടിടത്തിലെ ഒരു മുറി വാടകയ്ക്കെടുത്ത് അതിലായിരിക്കും ഓഫീസ് പ്രവർത്തിക്കുക.

പ്രവർത്തന പരിധി: ആസ്ഥാനം തട്ടത്തുമലയാണെങ്കിലും സംഘടനയുടെ പ്രവർത്തന പരിധി നിശ്ചിതമല്ല. ഇത് ജനറൽ ബോഡി യോഗത്തിന്റെ തീരുമാനത്തിന് വിധേയമായിരിക്കും. എന്നാൽ വിശിഷ്യാ തട്ടത്തുമലയുടെ സമഗ്ര പുരോഗതിക്കും വികസനത്തിനും വേണ്ട കർമ്മ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമായിരിക്കും. ഭൂമിശാസ്ത്ര പരിധികൾക്കപ്പുറത്തേക്ക് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാവുന്നതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ  അംഗീകാരത്തോടെ ലോകത്തിന്റെ ഏത് ഭാഗത്തും ഘടകങ്ങൾ രൂപീകരിച്ച് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടത്താം. എന്നാൽ ഈ ഘടകങ്ങളിലെ അംഗങ്ങളെയും ഭാരവാഹികളെയും നിയമിക്കുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റി ആയിരിക്കും. എല്ലാ ഘടകങ്ങളുടെയും സാമ്പത്തികവും മറ്റുമായ എല്ലാ ഇടപാടുകളും നിയന്ത്രണവും ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിലായിരിക്കണം. സംഘടന നൽകുന്ന  രസീതുകൾ ഉപയോഗിച്ചല്ലാതെ ലോകത്തെവിടെയും യാതൊരുവിധ ധനസമാഹരണവും  അനുവദിക്കുന്നതല്ല. നവമാധ്യമങ്ങൾപോലുള്ളവയോ മറ്റോ ആയ  ഗ്രൂപ്പുകളിലൂടെ നടക്കുന്ന സാമ്പത്തിക സ്വരൂപീകരണം പോലും സുതാര്യമായും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ  നേരിട്ടുള്ള നിരീക്ഷണത്തിന് വിധേയവും ആയിരിക്കണം.

തെരഞ്ഞെടുപ്പ് രീതി: ജനറൽ ബോഡി  അംഗീകരിക്കുന്ന ഒരു റിട്ടേണിംഗ് ഓഫീസറുടെന്മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. റിട്ടേണിംഗ് ഓഫീസർ സംഘടനയിലെ അംഗങ്ങളോ അല്ലാത്തവരോ ആകാം. ഭാരണ സമിതികളുടെ ടെ മാത്രമല്ല സംഘടനയിൽ നടക്കുന്ന  എല്ലാ തരത്തിലുമുള്ള തെരഞ്ഞെടുപ്പ് രീതികളും തികച്ചും ജനാധിപത്യപരവും പങ്കെടുക്കുന്ന അംഗങ്ങളുടെ കേവലഭൂരിപക്ഷമനുസരിച്ചുള്ള തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതും ആയിരിക്കണം. വോട്ടെടുപ്പ് വേണ്ടി വന്നാൽ അത് രഹസ്യബാലറ്റു വഴിയോ പരസ്യ വോട്ട് വഴിയോ നിർവ്വഹിക്കാം.   എന്നാൽ പരമാവധി സമവായം എന്നതാകണം സംഘടനയുടെ മുഖമുദ്ര. രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ വച്ചായിരിക്കും ജനറൽ കമ്മിറ്റിയെ  തെരഞ്ഞെടുക്കുന്നത്. ആദ്യം ജനറൽ കമ്മിറ്റിയിലേയ്ക്കുള്ള  അംഗ സംഖ്യ നിശ്ചയിക്കണം.  അംഗസംഖ്യ സംബന്ധിച്ച്  തർക്കം വന്നാൽ തെരഞ്ഞെടുപ്പ് നടത്തി കേവല ഭൂരിപക്ഷപ്രകാരം തീരുമാനിക്കണം. ജനറൽ ബോഡിയിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ജനറൽ കമ്മിറ്റിയിലേയ്ക്കുള്ള  അംഗങ്ങളെ നിർദ്ദേശിക്കാം. ഒരാൾ നിർദ്ദേശിക്കുകയും മറ്റൊരാൾ പിന്താങ്ങുകയും വേണം. ഒരംഗത്തിന് തന്റെ പേര് സ്വയം നിർദ്ദേശിക്കാവുന്നതാണ്. എന്നാൽ മറ്റൊരാൾ പിന്താങ്ങണം. നിർദ്ദിഷ്ട എണ്ണത്തിൽ കൂടുതൽ അംഗങ്ങൾ നിർദ്ദേശിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും കുറവ് വോട്ട് നേടുന്നവരെ ക്രമത്തിൽ ഒഴിവാക്കി ബാക്കിയുള്ളവരെ ജനറൽ എക്സിക്യൂട്ടീവ് ആയി അംഗീകരിക്കണം. ആർക്കെങ്കിലും പാനൽ ഉണ്ടെങ്കിൽ അവതരിപ്പിക്കാം. പാനലുകൾ തമ്മിൽ മത്സരിച്ചാൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന പാനലിനെ ജനറൽ കമ്മിറ്റിയായി  അംഗീകരിക്കണം. തുല്യം തുല്യം നിന്നാൽ നറുക്കിട്ടെടുക്കണം. ജനറൽ ബോഡി തെരഞ്ഞെടുത്ത ജനറൽ കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ യോഗം ചേർന്ന് അതിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കണം. ആദ്യം ഇതിൽ എത്ര അംഗങ്ങൾ വേണമെന്ന് സമവായത്തിലൂടെയോ കേവലഭൂരിപക്ഷ പ്രകാരമോ തീരുമാനിക്കണം. അതിനുശേഷം സമവായത്തിലൂടെയോ കേവലഭൂരിപക്ഷപ്രകാരമോ അംഗങ്ങളെ തെരഞ്ഞെടുക്കണം. ആർക്കെങ്കിലും പാനൽ ഉണ്ടെങ്കിൽ അവതരിപ്പിക്കാം. ഒന്നിലധികം പാനലുകൾ വന്നാൽ തെരഞ്ഞെടുപ്പ് നടത്തി കേവല ഭൂരിപക്ഷം നേടുന്ന പാനൽ അംഗീകരിക്കണം. നിർദ്ദേശിക്കപ്പെടുന്ന ആളിനെ മറ്റൊരാൾ പിന്താങ്ങണം. ഒരാൾക്ക് തന്റെ പേർ സ്വയം നിർദ്ദേശിക്കാവുന്നതാണ്. എന്നാൽ മറ്റൊരാൾ പിന്താങ്ങണം. നിർദ്ദിഷ്ട എണ്ണത്തിൽ കൂടുതൽ അംഗങ്ങൾ നിർദ്ദേശിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും കുറവ് വോട്ട് നേടുന്നവരെ ക്രമത്തിൽ ഒഴിവാക്കി ബാക്കിയുള്ളവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അംഗീകരിക്കണം. ജനറൽ കമ്മിറ്റി  അംഗീകരിക്കുന്ന സംഘടനയിലെ അംഗത്വമുള്ളതോ ഇല്ലാത്തതോ ആയ ഒരു റിട്ടേണിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ  യോഗം ചേർന്ന് ഒരു മുഖ്യ രക്ഷാധികാരി, സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ചെയർമാൻ, മൂന്ന് വൈസ് ചെയർമാൻമാർ, ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെട്ട വോട്ടിംഗ് പവ്വറുള്ള മുഖ്യ രക്ഷാധികാരിക്ക് പുറമെ സംഘടനയിൽ അംഗത്വം ഉള്ളവരോ ഇല്ലാത്തവരോ ആയ ഏതാനും പേരെ (ഇത് എത്രപേർ എന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അവസരഓചിതമായി തീരുമാനിക്കാം. പരമാവധി ആറുപേർ വരെയാകാം) സംഘടനയുടെ വോട്ടിംഗ് പവ്വറില്ലാത്ത രക്ഷാധികാരികളാക്കുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക്  അധികാരമുണ്ടായിരിക്കും. ഇവർക്ക് വോട്ടിംഗ് പവ്വറില്ലാത്ത അംഗങ്ങളായി എക്സിക്യൂട്ടീവ് കമ്മിറ്റിയിലും  ജനറൽ കമ്മിറ്റിയിലും ജനറൽ ബോഡിയിലും  എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് മാത്രം പങ്കെടുക്കാവുന്നതാണ്.
 
ക്വാറം: സംഘടനയുടെ ഓരോ ഘടകത്തിലും ഉൾപ്പെട്ട എല്ലാ അംഗങ്ങളും എല്ലാ യോഗങ്ങളലിലും കമ്മിറ്റികളിലും പങ്കെടുക്കണമെന്ന നിബന്ധന പ്രായോഗികമല്ല.  അതുകൊണ്ടുതന്നെ ഓരോ ഘടകത്തിനും യോഗങ്ങളും കമ്മിറ്റികളും കൂടാൻ നിശ്ചിത ക്വാറം ഉണ്ടായിരിക്കണം.  ക്വാറം തികയാതെ ജനറൽ ബോഡി യോഗം മാറ്റിവയ്ക്കുന്നത് അഭികാമ്യമല്ലാത്തതിനാൽ അതത് കാലത്ത് നിലവിലുള്ള ജനറൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തെക്കാൾ പത്ത് അംഗങ്ങളെങ്കിലും കൂടുതലായി പങ്കെടുത്താൽ ജനറൽ ബോഡി യോഗം കൂടാവുന്നതാണ്. ജനറൽ കമ്മിറ്റിയുടെ ക്വാറം  ആകെ ജനറൽ കമ്മിറ്റി അംഗങ്ങളുടെ മുപ്പത് ശതമാനം എന്ന് നിജപ്പെടുത്താവുന്നതാണ്. അതത് കാലത്തെ വാർഷിക-ദൈവാർഷിക ജനറൽ ബോഡികൾക്ക്  ജനറൽ കമ്മിറ്റിയുടെ ക്വാറം സംബന്ധിച്ച് ഭേദഗതികൾ  വരുത്താവുന്നതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ക്വാറം ആകെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പകുതിയിൽ ഒന്ന് കൂടുതൽ എന്ന നിലയിൽ  നിജപ്പെടുത്താവുന്നതാണ്.  എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ക്വാറം സംബന്ധിച്ച് അതത് കാലത്തെ ജനറൽ കമ്മിറ്റിയ്ക്ക് ഭേദഗതികൾ വരുത്താവുന്നതാണ്.

കേവലഭൂരിപക്ഷം: ട്രസ്റ്റ് ഉൾപ്പെടെ സംഘടനയുടെ എല്ലാത്തലത്തിലും ഏതൊരു തീരുമാനവും ഏകകണ്ഠമോ അതല്ലാത്ത പക്ഷം  ഒരു കമ്മിറ്റിയിലോ പൊതുയോഗത്തിലോ ജനറൽ ബോഡിയിലോ പങ്കെടുക്കുന്ന അംഗങ്ങളുടെ കേവല ഭൂരിപക്ഷം നോക്കി വേണം തീരുമാനമെടുക്കേണ്ടത്. 

ആഡിറ്റിംഗ്: ദ്വൈവാർഷിക ജനറൽ ബോഡിയിൽ വച്ച് രണ്ട് പേരെ  ഇന്റേണൽ ആഡിറ്ററായി തീരുമാനിക്കണം. ഈ ആഡിറ്റർ സംഘനയിൽ അംഗത്വമുള്ളതോ ഇല്ലാത്തതോ ആയ ആൾ ആകാം. എന്നാൽ ജനറൽ കമ്മിറ്റിയിലോ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ അംഗം ആയിരിക്കരുത്. അതുപോലെ. ബോർഡ് ഓഫ് ട്രസ്റ്റികളോ എക്സിക്യൂട്ടീവ് കമ്മിറ്റിയോ നിയോഗിക്കുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആഡിറ്റ് ചെയ്ത ആഡിറ്റ് സ്റ്റേറ്റ്മെന്റും ആഡിറ്റ് റിപ്പോർട്ടും വർഷാവർഷം ബോർഡ് ഓഫ് ട്രസ്റ്റീസിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും  അംഗീകാരത്തിന് സമർപ്പിക്കണം. ട്രസ്റ്റ്നിയമസംബന്ധമായ കാരണങ്ങളാൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ അംഗീകാരമായിരിക്കും ഇതിൽ പരമപ്രധാനം.

ഭാഗം 4

സംഘടന-അനുബന്ധം

1. ഏതെങ്കിലും കാര്യത്തിൽ നിയമാവലിപ്രതിസന്ധിയോ  അപരിഹാര്യമായ തർക്കങ്ങളോ ഉണ്ടായാൽ ഭാരവാഹികൾ മുൻ കൈയ്യെടുത്ത് കാലാവധി നോക്കാതെ ജനറൽ ബോഡി വിളിച്ച് ചർച്ചചെയ്ത് ബന്ധപ്പെട്ട വിഷയത്തിൽ തീർപ്പുണ്ടാക്കണം.

2. സംഘടനയുടെ നിയമാവലിയ്ക്കോ ലക്ഷ്യങ്ങൾക്കോ പ്രവർത്തന രീതികൾക്കോ വിരുദ്ധമായ തീരുമാനങ്ങൾ ഭാരവാഹികളോ, എക്സിക്യൂട്ടീവ് കമ്മിറ്റിയോ, ജനറൽ കമ്മിറ്റിയോ കൈക്കൊണ്ടാൽ അംഗങ്ങൾക്ക് അത് ചോദ്യം ചെയ്യാവുന്നതും ആയതിന് ബന്ധപ്പെട്ട ഘടകങ്ങൾ  മറുപടി പറയാൻ ബാദ്ധ്യസ്ഥവുമാണ്.

3.എ.ഇബ്രാഹിം കുഞ്ഞ് സാർ മെമ്മോറിയൽ എന്ന പദം സംഘടനയുടെ പേരിൽ നിന്നും അടർത്തിമാറ്റി പുനർനാമകരനം ചെയ്യാൻ സംഘടനയുടെ ഒരു ഘടകത്തിനും അധികാരം ഉണ്ടായിരിക്കുന്നതല്ല.


4. സംഘടനയുടെ അടിസ്ഥാന നിയമാവലിക്കും ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധമായ തീരുമാനങ്ങൾ സംഘടനയുടെ ഏതെങ്കിലും  ഘടകം കൈക്കൊണ്ടാൽ ഏതൊരംഗത്തിനും സംഘടനയ്ക്കുള്ളിലോ പുറത്തോ നിയമപരമായി ചോദ്യം ചെയ്യാവുന്നതാണ്.

5.ഏതെങ്കിലും സാഹചര്യത്തിൽ  പ്രധാന ഭാരവാഹികൾക്ക് ഭരണ ചുമതലകൾ നിർവ്വഹിച്ച് മുന്നോട്ട് പോകാൻ കഴിയാതെ വന്നാൽ അവർ സ്വയം രാജി വയ്ക്കുകയോ, എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി അവരെ ഒഴിവാക്കുകയോ ചെയ്ത ശേഷം  എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ  നിന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം.

6.ഏതെങ്കിലും കാരണത്താൽ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് മൊത്തമായും  ചുമതലകൾ നിർവ്വഹിക്കാൻ കഴിയാതെ വന്നാൽ ജനറൽ കമ്മിറ്റി വിളിച്ചു ചേർത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി പുന:സംഘടിപ്പിക്കണം. പുന:സംഘടിപ്പിക്കപ്പെടുന്ന എക്സിക്യൂട്ടീവ കമ്മിറ്റി കൂടി അതിൽ നിന്നും  പുതിയ ഭാരവാഹികളെയും  തെരഞ്ഞെടുക്കണം.

7. എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കമ്മിറ്റി എന്നിവയിൽ  തുടർച്ചയായി മൂന്ന് പ്രാവശ്യം പങ്കെടുക്കാതിരുന്നാൽ ബന്ധപ്പെട്ട കമിറ്റികൾ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രധാന ഭാരവാഹികൾ മുഖാന്തരം അവരോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ട്, വിശദീകരണം തൃപ്തികരമല്ലെങ്കിൽ  ബന്ധപ്പെട്ട കമ്മിറ്റി കൂടി ആ അംഗത്തെ ഒഴിവാക്കി പുതിയൊരംഗത്തെ ശേഷിയ്ക്കുന്ന ഭരണ കാലയളവിലേയ്ക്ക്  കോ-ഓപ്റ്റ് ചെയ്യണം.

8.ഏതെങ്കിലും സാഹചര്യത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി  മൊത്തമായി രാജിവച്ചാൽ ജനറൽ കമ്മിറ്റി കൂടി  എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ആ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി അതിൽ നിന്ന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കണം. .

9. ഏതെങ്കിലും സാഹചര്യത്തിൽ ജനറൽ കമ്മിറ്റി മൊത്തമായി രാജി വച്ചാൽ ജനറൽ ബോഡി (അംഗസഭ) കൂടി പുതിയ ജനറൽ കമ്മിറ്റിയെയും, ജനറൽ കമ്മിറ്റി കൂടി അതിൽ നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ആ എക്സിക്യൂറ്റീവ് കമ്മിറ്റി കൂടി അതിൽ നിന്ന്  പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുക്കണം.

10. സംഘടനയുടെ ആദർശങ്ങൾക്കും നിയമാവലിയ്ക്കും ലക്ഷ്യങ്ങൾക്കും നിരക്കാത്തവിധം എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിച്ചാൽ അക്കാര്യം വ്യക്തമാക്കി   ജനറൽ കമ്മിറ്റിയ്ക്ക് പ്രമേയം വഴി കേവലഭൂരിപക്ഷാടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കാവുന്നതാണ്. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി അതിൽ നിന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം. എന്നാൽ കാലാവധി തീരും മുമ്പ് ജനറൽ കമ്മിറ്റിയെ പിരിച്ചു വിടാൻ  എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കോ ഭാരവാഹികൾക്കോ അധികാരമില്ല.


11. സംഘടനസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ അംഗങ്ങൾക്കിടയിൽ അഭിഭാഷകർ ഉണ്ടെങ്കിൽ അതിൽ ഒരാൾ അംഗമായ ലീഗൽ സബ് കമ്മിറ്റി രൂപീകരിക്കണം. ഇതിൽ ഉൾപ്പെടുന്നവർ സംഘടനയിൽ അംഗത്വമുള്ളവർ ആയിരിക്കണം. ലീഗൽ സബ് കമ്മിറ്റിയിൽ സംഘടനയിൽ അംഗമല്ലാത്ത ഒരു അഭിഭാഷകനെ ആവശ്യമെങ്കിൽ  ഉൾപ്പെടുത്താവുന്നതാണ്. ഈ സബ് കമ്മിറ്റി ഒരു ഉപദേശക സമിതി മാത്രമായിരിക്കും.

12. സംഘടനയുടെ വിവിധ മേഖലകളിൽ ഉള്ള പ്രവർത്തനങ്ങൾക്കായി സബ് കമ്മിറ്റികൾ രൂപീകരിക്കണം. ജീവകാരുണ്യം, കലാസഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സഹകരണം എന്നിങ്ങനെ ഓരോ മേഖലയ്ക്കും സബ് കമ്മിറ്റികളും അവയ്ക്ക് ഓരോന്നിനും ഓരോ കൺവീനർമാരും ഓരോ ചെയർമാന്മാരും ഉണ്ടാകണം. ഇവരെ തെരഞ്ഞെടുക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്. സബ് കമ്മിറ്റികളുടെ കൺവീനർമാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയിരിക്കണം. എന്നാൽ സബ് കമ്മിറ്റി  അംഗങ്ങളും ചെയർമാനും  ജനറൽ കമ്മിറ്റിയിൽ നിന്നുള്ളവർ ആയിരുന്നാൽ മതി.

13. സംഘടനയുടെടെ അടിസ്ഥാന ആശയങ്ങൾ, ആദർശങ്ങൾ,  മൂല്യങ്ങൾ, ലക്ഷ്യങ്ങൾ മുതലായവയ്ക്ക് വിപരീതമാകാതെ, അവയുമായി പൊരുത്തപ്പെടും വിധം നിയമാവലിയിലും ലക്ഷ്യങ്ങളിലും  കാലോചിതമായ മാറ്റങ്ങളോ ഭേദഗതികളോ കൂട്ടിച്ചേർക്കലുകളോ വരുത്താൻ  ജനറൽ ബോഡിയ്ക്ക് അധികാരമുണ്ടായിരിക്കും.
 
14. ജനറൽ കമ്മിറ്റി അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഉടൻ സത്യപ്രതിജ്ഞയുടെ നിർദ്ദിഷ്ട മാതൃകയുടെ പകർപ്പ് ഒപ്പിട്ട് റിട്ടേണിംഗ് ഓഫീസറെയോ തലമുതിർന്ന ഒരു ജനറൽ കമ്മിറ്റി അംഗത്തെയോ ഏല്പിക്കണം.   ജനറൽ കമ്മിറ്റി  ഇത് പിന്നീട് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ രക്ഷാധികാരിക്ക് കൈമാറണം. (സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ജനറൽ കമ്മിറ്റിയിൽ അംഗമല്ലാത്ത തലമുതിർന്ന ഒരംഗമോ ഒരു മുൻഭാരവാഹിയോ ജനറൽ കമ്മിറ്റി അംഗങ്ങൾക്ക് മൊത്തമായി സത്യവാചകം ചൊല്ലിക്കൊടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന രീതിയും അനുവർത്തിക്കാവുന്നതാണ്) എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്താൽ ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഒരു താൽക്കാലിക കൺവീനറെ തെരഞ്ഞെടുക്കണം. ഈ താൽക്കാലിക കൺവീനറുടെ  അദ്ധ്യക്ഷതയിൽ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വച്ചോ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു   എക്സിക്യൂട്ടീവ് കമ്മിറ്റി  കൂടിയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം.

15. സത്യപ്രതിജ്ഞ: പ്രധാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടുന്നവരിൽ രക്ഷാധികാരിയ്ക്ക് തലമുതിർന്നതോ പൊതു സ്വീകാര്യനോ ആയ  ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം.  തുടർന്ന് രക്ഷാധികാരി പ്രധാന ഭാരവാഹികളായ ചെയർമൻ, സെക്രട്ടറി, ട്രഷറർ മുതലായ പ്രധാന ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം. (സമയലാഭത്തിനായി ജനറൽ കമ്മിറ്റിയിലേതുപോലെ രക്ഷാധികാരിയും പ്രധാന ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സത്യപ്രതിജ്ഞാ മാതൃക ഒപ്പിട്ട് രക്ഷാധികാരിയെ ഏല്പിക്കുന്ന രീതിയും അനുവർത്തിക്കാവുന്നതാണ്)
 
ഭാഗം 5 

സത്യപ്രതിജ്ഞാമാതൃക

സത്യപ്രതിജ്ഞാ മാതൃക: എ.ഇബ്രാഹിംകുഞ്ഞ് സാർ മെമ്മോറിയൽ ഫൗണ്ടേഷന്റെ ചാരിറ്റബിൾ സൊസൈറ്റിയുടെ .................. ആയി തെരഞ്ഞെടുക്കപ്പെട്ട .............എന്ന ഞാൻ,  ജീവിതത്തിൽ ഉടനീളം ഉയർന്ന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്  നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടി ബഹുമുഖമായ സാമൂഹ്യസേവനപ്രവർത്തനങ്ങൾ നടത്തിയ എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ  നല്ല ജീവിതമാതൃകകളെ മുൻനിർത്തി,  അദ്ദേഹത്തിന്റെ  സ്മരണയെ നിലനിർത്താനും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ സംഘടനയെ അതിന്റെ നിയമാവലികൾക്കും ലക്ഷ്യങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച് പരിപാലിക്കാനും ഈ സംഘടന ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാനും എന്നാൽ കഴിയുംവിധം എന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിർവ്വഹിക്കുമെന്ന്  ഇതിനാൽ എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ സ്മരണയിൽ സത്യപ്രതിജ്ഞചെയ്യുന്നു.