തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 1, 2009

ലേഖനം- നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?

ലേഖനം

നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?

നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പോയി അവിടുത്തെ ഭൂരിപക്ഷ മത വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ഇവിടെ ഹിന്ദു മതത്തിലേയ്ക്ക് മറ്റു മതങ്ങളില്‍ നിന്നു അധികം ആരും പൊകുന്നില്ല. കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നതുമില്ല. എന്നാല്‍ ഹിന്ദുമതത്തില്‍നിന്നു പല കാരണങ്ങളാല്‍ മറ്റുമതങ്ങളിലേയ്ക്ക് ആളുകള്‍ പോകുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ ഭൂരിപക്ഷമുള്ള ഹിന്ദുമതവിശ്വാസിളില്‍ ചിലരെ അത് പ്രകോപിപ്പിക്കും.

മതസ്വാതന്ത്ര്യത്തിന്‍റെ കാര്യമൊന്നും മതമൌലികവാദ ചിന്തകള്‍ ഉള്ളവരോട് പറഞ്ഞിട്ടുകാര്യമില്ല. ഏത് മതത്തിലുമുള്ള നിരക്ഷരരായ ആളുകളോട് അന്യമത സഹിഷ്ണുതയെക്കുറിച്ചൊന്നും പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമുള്ള മത പരിവര്‍ത്തന ശ്രമങ്ങള്‍ വേണമോയെന്ന് എല്ലാവരും ചിന്തിക്കണം.

കേരളം പോലെയുള്ള സ്ഥലങ്ങളില്‍നിന്നും മറ്റും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്ള മതപ്രവര്‍ത്തകരെ അന്യസംസ്ഥാനങ്ങളിലേയ്ക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുന്നത് അറവുശലകളിലേയ്ക്ക് ആടുമാടുകളെ അയക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് മതത്തിന്‍റെപേരില്‍ മനുഷ്യനെ മരിക്കാന്‍ വിടണമോയെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു........

മതപരിവര്‍ത്തനം മൂലം കുറച്ചുപേരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്‌. എന്നാല്‍ സാമൂഹ്യപദവിയില്‍ വലിയ മാറ്റം വരുന്നില്ല. ഏത് മതത്ത്തിലാണോ ചെന്നു ചേരുന്നത് ആ മതത്തിലെ പരമ്പരാഗത വിശ്വാസികള്‍ എല്ലാകാര്യത്തിലും പൂര്‍ണമായും പുത്തന്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുന്നുമില്ല.

പിന്നെന്തിനു മതം മാറ്റം? ഇതു ചിന്തിക്കുവാനും ചര്‍ച്ചയ്ക്കുവേണ്ടിയും മുന്നോട്ടു വയ്ക്കുന്നതാണ്...........

എന്തായാലും ഒരു കാര്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കുവാനും, ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറുവാനും, മതം മാറാതിരിക്കുവാനും, ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്.

ഓരോരുത്തരുടെയും മനസ്സില്‍ ശരിയ്ക്കുള്ള വിശ്വാസത്തെ കണ്ടെത്തുവാനോ അതിനെ മാറ്റി മറിക്കുവാനോ സാധ്യമല്ല. കാരണം ആരുടേയും മനസ്സ് വായിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഒരാളുടെ മനസ്സിലുള്ളത് എന്താണെന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്താലല്ലേ മറ്റുള്ളവര്‍ക്ക് മനസ്സിലാകൂ!

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത എതുവിശ്വസങ്ങളും, ആരാധനാ രീതികളും ആളുകള്‍ പിന്തുടരട്ടെ എന്ന നിലപാട് തന്നെയായിരിക്കും ഉചിതം.

ശരിയ്ക്കുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും മനസ്സിനുള്ളിലാണ്‌. മനസ്സിനുള്ളില്‍ മാത്രം!

ലേഖനം-സ്ഥലനാമ പുരാണം

ലേഖനം

സ്ഥലനാമ പുരാണം

തട്ടത്തുമല പണ്ടു കാടും മലയും ആയിരുന്നു. കൂടുതലും ചൂരല്‍ കാടുകള്‍ ആയിരുന്നെന്നു പഴമക്കാര്‍ പറയുന്നു. ഇന്നും മലയുണ്ട്. കാടോന്നുമില്ല. ചൂരലാണെങ്കില്‍ ഇവിടെ അടുത്ത്തൊന്നുമില്ല. പരിസര പ്രദേശങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ കുടിയേറിയവര്‍ കാടും മലയും വെട്ടിത്തെളിച്ച് കൃഷിയിറക്കി. പണ്ട് സെന്റിന് ഇന്നത്തെ പതിമ്മൂന്നു രൂപ ഇവിടെ വസ്തുവില ആയിരുന്നപ്പോള്‍ ആരും വാങ്ങാനില്ലായിരുന്നുവത്രേ. ഇന്ന് ആ സ്ഥാനത്ത് അന്‍പതിനായിരവും അതിന് മുകളിലുമാണ് വസ്തുവില! എം. സി. റോഡ് ഇതു വഴി കീറി മുറിച്ചു കടന്നുപോകുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയര്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് ഇത്.

തട്ടത്തുമല എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പഴമക്കാര്‍ പലതും പറയുന്നു. ' തട്ട് ഒത്ത മല ' എന്നതില്‍ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ' തത്വത്തിന്‍ മല ' ആണ് പണ്ടും ഇപ്പോഴും തട്ടത്തുമലയെന്നു ഊറ്റം കൊള്ളുന്നവരും ഉണ്ട്. ' തട്ടാത്ത മല ' എന്നതാണ് തട്ടത്തുമല ആയതെന്നും പറയപ്പെടുന്നു. അതല്ല ' തട്ട് തട്ടാം മല ' എന്ന് പറഞ്ഞു പറഞ്ഞു തട്ടത്തുമല ആയെന്നും പറയുന്നു.

തടം (വഴി) ഉണ്ടായിരുന്നതിനാല്‍ ' തടത്തില്‍ മല ' എന്ന് പറഞ്ഞിരിക്കാംഎന്നും അതാണ്‌ തട്ടത്തുമല ആയിട്ടുള്ളതെന്നും ഊഹിച്ചു പറയുന്നവരും ഉണ്ട്. തടമല, തൊടാമല, തോട്ടിന്മല, തോട്ടമല, തട്ടിന്മല, തട്ടൊത്തു കിട്ടിയ മല, തട്ടുമല, തട്ടകത്തിന്‍മല ഇങ്ങനെ പല പൂര്‍വ നാമങ്ങളും തട്ടത്തുമലയ്ക്ക് മേല്‍ ആരോപിയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു യോജിച്ച അഭിപ്രായത്തില്‍ എത്തുക എന്നത് ശ്രമകരമാണ്.

ഏതായാലും ഭൂമിശാസ്ത്രപരമായി ഇത് തട്ട് ഒത്തു കിട്ടിയ ഒരു മലയാണെന്നതില്‍ സംശയമില്ല. ഇവിടുത്തെ ജനങ്ങളുടെ സ്വഭാവം വച്ചു നോക്കുകയാണെങ്കില്‍ തത്വത്തിന്‍ മല തന്നെയാണ് എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല.

കുന്നും മലകളും, വയലുകളും തോടുകളും ,ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും , കുണ്ടുകളും കുഴികളും , ഒലിപ്പാന്‍ ചാലുകളും അവയ്ക്കെല്ലാം ഇടയില്‍ നിരപ്പായ സ്ഥലങ്ങളും എന്ന രീതിയിലാണ് ഇവിടുത്തെ ഭൂമിശാസ്ത്രം .അങ്ങനെ നയനാഭിരാമമായ ഒരു ഗ്രാമച്ചന്ദം! എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ പഴയ സൌന്ദര്യമൊക്കെ മനുഷ്യന്റെ ഇടപെടല്‍ കൊണ്ടു നശിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നും മലയുമെല്ലാം ഇടിച്ചു നിലംപെരിശാക്കിക്കൊണ്ടിരിയ്ക്കുന്നു. വയലുകളും തോടുകളും ഒട്ടുമുക്കാലും നികത്തിക്കഴിഞ്ഞു. ഓര്‍മകളുടെ തിരു ശേഷിപ്പ് പോലെ അങ്ങിങ്ങു തുണ്ട് തുണ്ട് നിലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് മാത്രം. അതില്‍ത്തന്നെ മിക്കതിലും നെല്‍കൃഷിയില്ല. പണ്ട് കൊയ്ത്തുകാലം എന്ന് പറഞ്ഞാല്‍ ഒരു ഉത്സവ കാലം തന്നെയായിരുന്നു. എല്ലാം പോയ്മറഞ്ഞു! മണിമാളികകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ട ഒരു ' ഗ്രാമ നഗരം ' എന്ന നിലയിലായിരിക്കുന്നു നമ്മുടെ സ്ഥലം എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌.

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം; ഇന്നുള്ള ഭംഗിയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ !

നല്ലൊരു കാര്‍ഷിക പ്രദേശമാണ് ഇത്. ധാരാളം ധാന്യങ്ങള്‍ പണ്ട് ഇവിടെ കൃഷി ചെയ്തിരുന്നു. നെല്ല്, വാഴ, തെങ്ങ്, അടയ്ക്ക, മുളക്, കുരുമുളക്, മരച്ചീനി, കശുമാവ് , ചേമ്പ്, ചേന കാച്ചില്‍, ചെറുവള്ളിക്കിഴങ്ങ്, പീയണിക്ക (മത്തന്‍) , വെള്ളരിക്ക, വിവിധയിനം പയറുകള്‍, വെള്ളരിക്ക, പാവല്‍, ചതുരപ്പയര്‍, മുതിര, എള്ള്, പടവലം, മാവ്, റബ്ബര്‍, തുടങ്ങി എത്രയോ തരം കൃഷികള്‍! മരച്ചീനി കൃഷി അന്ന് വ്യാപകമായിരുന്നു. എന്നാല്‍ ഇന്നു എല്ലാ കൃഷിയെയും വിഴുങ്ങി റബ്ബര്‍ കൃഷി ആധിപത്യം സ്ഥാപിച്ചിരിയ്ക്കുന്നു. ഒരു റബ്ബറളം തന്നെ! റബ്ബര്‍ ടാപ്പിങ്ങിനു വേണ്ടി ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും തൊഴിലാളികള്‍ എത്തുന്നു.

തട്ടത്തുമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സ്ഥലങ്ങലാണ് മറവക്കുഴി,ചായക്കാറുപച്ച, ഇടക്കരിയ്ക്കകം, മണലേത്തുപച്ച, വഴോട്, മാവിള, നെടുമ്പാറ, പാറക്കട, പെരുംകുന്നം, ശാസ്താമ്പൊയ്ക, പറണ്ടക്കുഴി, വട്ടപ്പാറ, കിഴക്കേ വട്ടപ്പാറ, വട്ടപ്പച്ച, ചാറയം, കൂവത്തടം, വണ്ടിത്തടം, ചെമ്പകശ്ശേരി, കുറവന്‍കുഴി, കൈലാസം കുന്ന്, വല്ലൂര്‍, കുഞ്ചേന്‍ കുഴി, ഗണപതിപ്പാറ, വിലങ്ങറ, പാങ്ങല്‍തടം, ചേറാട്ടുകുഴി, കണ്ണങ്കോട്, മൈലകുന്ന്, വടക്കുംപുറം, മാണിയ്ക്കപ്പാറ, ഷെഡ്ഡില്‍കട തുടങ്ങിയവ.

ഇനിയും എഴുതാം.....
പ്രതീക്ഷിയ്ക്കുക!

ലേഖനം- എവിടെയാണ് ഈ തട്ടത്തുമല ?

ലേഖനം

എവിടെയാണ് ഈ തട്ടത്തുമല ?


തട്ടത്തുമല,

ഒരു മനോഹരമായ ഗ്രാമം

ഈ സ്ഥലം തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത്‌ (എം. സി. റോഡില്‍ ) സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ , ചിറയിന്‍കീഴ്‌ താലൂക്കില്‍ കിളിമാനൂർ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിൽ (പഴയകുന്നുമ്മേൽ വില്ലേജ് ) ഉൾപ്പെടുന്ന സ്ഥലമാണ് ഇത്.

കിളിമാനൂരുമായി ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ.

ഇപ്പോള്‍ ഇതു ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ ആണ്.
പാര്‍ളമെന്റ്റ് മണ്ഡലവും ആറ്റിങ്ങല്‍ തന്നെ .

കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. തട്ടത്തുമലയില്‍ നിന്നും വടക്കോട്ട്‌ ഒരു കിലോമീറ്റർ കഴിഞ്ഞാല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ പ്രദേശം ആയി.

ഇവിടെ എത്താന്‍ വടക്കുനിന്നു എം.സി.റോഡ് വഴി വരുന്നവര്‍ക്ക് കിളിമാനൂര്‍ വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ വന്നാല്‍ നിലമേല്‍ കഴിഞ്ഞു തട്ടത്തുമല ജംഗ്ഷനില്‍ ഇറങ്ങാം.

ഓര്‍ഡിനറി ബസുകള്‍ക്കും, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കും , ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ക്കും തട്ടത്തുമലയില്‍ സ്റ്റോപ്പ് ഉണ്ട്. എന്നാല്‍ സുപ്പെര്‍ ഫാസ്റ്റിലും മറ്റും വരുന്നവര്‍ ഒന്നുകില്‍ വരുന്ന വഴിയ്ക്ക് നിലമേല്‍ ഇറങ്ങി അവിടെ നിന്നു മറ്റേതെങ്കിലും വണ്ടിയില്‍ കയറി തട്ടത്തുമലയില്‍ എത്തുക.

അല്ലെങ്കില്‍ കിളിമാനൂര്‍ പോയി ഇറങ്ങിയ ശേഷം അവിടെ നിന്നും വേറെ ബസില്‍ വന്ന വഴിയിൽ തിരിച്ച് വടക്കോട്ട്‌ വരിക. നിലമേല്‍ ഭാഗത്തോട്ടുള്ള വണ്ടികളില്‍ കയറിയാല്‍മതി.

തെക്കുനിന്നു വരുന്നവര്‍ എം. സി റോഡില്‍ ആയൂര്‍, കൊട്ടാരക്കര , കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ കയറി കിളിമാനൂര്‍ കഴിഞ്ഞു തട്ടത്തുമലയില്‍ ഇറങ്ങുക. കിളിമാനൂരില്‍ ഇറങ്ങി മറ്റൊരു വണ്ടിയിലും വരാവുന്നതാണ്. കളിമാനൂരിനും നിലമേലിനും ഇടയ്ക്കാണ് തട്ടത്തുമല. ഇവയുമായി വളരെ അടുത്തടുത്താണ്
എൻ.എച്ച്. 47-ല്‍ കൂടി തെക്കു നിന്നും വടക്കു നിന്നും വരുന്നവര്‍ ആറ്റിങ്ങല്‍ ഇറങ്ങിയിട്ട് കിളിമാനൂര്‍ , നിലമേല്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളില്‍ കയറുക.

പ്രത്യേകം ശ്രദ്ധിയ്ക്കുക; ഇതിലേ റെയില്‍വേ സ്റ്റേഷനോ, റെയില്‍വേ ലൈനോ ഇല്ല. റോഡ് മാർഗ്ഗം മാത്രമേ വരാന്‍ കഴിയുകയുള്ളൂ !

ട്രെയിനില്‍ വരുന്നവര്‍ വര്‍ക്കലയിലോ, ചിറയിൻകീഴിലോ ഇറങ്ങി ആറ്റിങ്ങല്‍ വന്നിട്ട് കിളിമാനൂര്‍ വഴി തട്ടത്തുമലയില്‍ എത്തുക !

ലേഖനം- ഒരു എല്‍.ഡി. ക്ലെര്‍ക്ക്‌ ആകാന്‍ പത്താംതരം പോരെ ?

ലേഖനം

ഒരു എല്‍. ഡി. ക്ലെര്‍ക്ക്‌ ആകാന്‍ പത്താംതരം പോരെ ?

ഉദ്യോഗസ്ഥ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്താന്‍ പി.എസ്.സി. ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. എല്‍ ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കണമാത്രേ!

നാളിതുവരെ എസ്.എസ്.എല്‍.സി ക്കാരാണ് ടെസ്റ്റ് എഴുതി എല്‍.ഡി.സിയും, ലാസ്റ്റ് ഗ്രേഡും ഒക്കെ ആയിക്കൊണ്ടിരിയ്ക്കുന്നത് . അവര്‍ ജോലി ചെയ്തതിന്‍റെ പേരില്‍ അവരുടെ വിദ്യാഭ്യാസ കുറവ് കൊണ്ടു ഇവിടെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എസ്. എസ്.എല്‍.സിയ്ക്ക് മേല്‍ ഒരുപാടു ഡിഗ്രികള്‍ ഉള്ളതുകൊണ്ട് എസ്.എസ്.എല്‍. സി മോശപ്പെട്ട ഒരു യോഗ്യത ആകുമോ? എല്ലാവര്‍ക്കും ഡിഗ്രീ വരെ പഠിയ്ക്കാന്‍ കഴിയുമോ? അഥവാ പഠിയ്ക്കാംഎന്നു വിചാരിയ്ക്കുന്നവര്‍ക്ക് കോളേജുകളില്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടോ?

ഒരു എസ്.എസ്.എല്‍സിക്കാരന് കേവലം ഒരു എല്‍. ഡി.സി യും ,ലാസ്റ്റ് ഗ്രേഡുമെങ്കിലും സ്വപ്നം കാണാന്‍ അര്‍ഹതയില്ലെന്നാണോ?

വിദ്യാഭ്യാസം അല്പം കൂടിപ്പോയവരെയൊക്കെ തലപ്പത്ത്‌ പിടിച്ചിരുത്തിയാല്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളൊക്കെ കൊണ്ടുവരും .ഒരു പുരോഗമന ഗവര്‍മെന്റിന് അതൊന്നും നടപ്പിലാക്കാനുള്ള ബാധ്യതയില്ല. മേലാളന്മാരുടെ ഇംഗിതങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്.

കേരളം വിദ്യാഭ്യാസപരമായി മുന്നില്‍ നില്ക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാവരും ബിരുദധാരികളാണ് എന്നല്ല അര്‍ഥം .എല്ലാവര്‍ക്കും ബിരുദക്കാരകാന്‍ സാധിയ്ക്കുകയും ഇല്ല.എല്ലാവരും ബിരുദമെടുക്കാന്‍ ആഗ്രഹിച്ചെന്നും വരില്ല.

മാത്രവുമല്ല ,ഇവിടെ പത്താം തരവും പന്ത്രണ്ടാം തരവും കഴിയുന്ന എല്ലാവരും ബിരുദ പഠനം അല്ല നടത്തുന്നത്. കുറച്ചേറെപ്പേരും ഏതെങ്കിലും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും, ഡിപ്ലോമാകള്‍ക്കും ഒക്കെ പോകും. എന്നാല്‍ അവര്‍ പഠിച്ച ട്രെയിഡില്‍ തന്നെ ജോലി കിട്ടണമെന്നില്ല. അതുപോലെ പത്തുകഴിഞ്ഞ് ത്രിവത്സര പോളിടെക്നിക്കിനും മറ്റും പോകുന്ന കുട്ടികളുണ്ട്. അംഗീകൃത പോളിടെനിക് കോഴ്സുകള്‍ പോലും ഡിഗ്രിയല്ല; ഡിപ്ലോമയാണ്.

അതു പോലെ സിവില്‍ എഞ്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകളും ഡിഗ്രിയല്ല. പ്ലസ് ടു കഴിഞ്ഞു ടി. ടി.സിയ്ക്കും മറ്റും പോകുന്നവരുണ്ട്. അതൊന്നും ഗ്രാജുവേറ്റ് ആകുന്ന കോഴ്സുകള്‍ അല്ല. ബിരുദ ധാരണം അല്ലാത്തതുകൊണ്ട് അവരൊക്കെ, ആ കോഴ്സുകളൊക്കെ മോശമാനെന്നാണോ അര്‍ഥമാക്കുന്നത്? അങ്ങനെ ഗ്രാജുവേറ്റ് ചെയ്യപ്പെടാത്ത ഒരുപാടു നല്ലനല്ല കോഴ്സുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ ഗുമസ്തപ്പണി നിഷേധിയ്ക്കുന്നത് നീതിയല്ല.

ഓരോരുത്തരും പഠിയ്ക്കുന്ന കോഴ്സുകള്‍ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങള്‍ ലഭ്യമാകുമോ? എല്ലാവരും ഗ്രാജുവേറ്റ് ചെയ്യണം എന്നാഗ്രതിച്ചാല്‍ തന്നെ അതിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടോ? ഡിഗ്രി തന്നെ പഠിയ്ക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുമോ? ഓരോരുത്തരും ഓരോ എയിം വച്ചു ഓരോന്ന് പഠിയ്ക്കുന്നു. ചിലര്‍ക്ക് ലക്ഷൃത്തില്‍ തന്നെ എത്താനാകും ; എന്നാല്‍ എല്ലാവര്‍ക്കും അത് സാധിയ്ക്കില്ല.

ഇവിടെ ഇപ്പോള്‍ ക്ലെറിക്കല്‍ ജോലി ഡിഗ്രിക്കാര്‍ക്കുമാത്രമായി നിജപ്പെടുത്തേണ്ട സാഹചര്യം എന്താണ്? എസ്.എസ്.എല്‍സി വരെ പഠിയ്ക്കുന്നവര്ക്ക് ഒരു ക്ലാര്‍ക്കിന്റെ പണി ചെയ്യാന്‍ സാധിയ്ക്കില്ലെന്ന് അനുഭവമുണ്ടോ? ഏതായാലും ഗ്രാജുവേറ്റൊന്നും ആകുന്നില്ലെങ്ങ്കിലും പത്താം തരം വരെ പഠിക്കുന്നവന്‍ കുറെ ഏറെ അറിവുകളൊക്കെ നേടുന്നുണ്ട്. പോരാത്തതിന് ചുമ്മാ അങ്ങ് നിയമിക്കുകയല്ലലോ; പാടുപെട്ടു പഠിച്ചു ടെസ്റ്റ് എഴുതിയല്ലെ അവന്‍ കയറുന്നത്. അതും അവരെക്കാള്‍ വലിയ ബിരുദങ്ങള്‍ ഉള്ളവരെ കടത്തിവെട്ടിക്കൊണ്ട്‌.

ഇനി എത്ര ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ളവരാണെങ്ങ്കിലും, വിദ്യാഭ്യാസം കുറഞ്ഞവരാണെങ്ങ്കിലും ഒരു ജോലിയില്‍ നിയമനം നല്‍കിയാല്‍ അവര്‍ക്കു ആ ജോലിയില്‍ പ്രത്യേക പരിശീലനം നല്‍കിയേ മതിയാകൂ. പിന്നെന്തിനു ഒരു പൊട്ടു ക്ലാര്‍ക്കുദ്യോഗത്തിന് പി.എച്ച് ഡി? ഒരാഴ്ചകൊണ്ട് ഏതൊരു മന്ദ ബുദ്ധിയ്ക്കും പഠിച്ചെടുക്കവുന്നതോക്കെയെ ഉള്ളു ഒരു ക്ലാര്‍ക്കിനു ചെയ്യാന്‍. പിന്നല്ലാതെ!

പാവം എസ്.എസ്.എല്‍സി; അതിനും വേണ്ടേ, ഒരു എല്‍. ഡി. ക്ലാര്‍ക്കിന്റെ വിലയെങ്ങ്കിലും!

Thursday, December 18, 2008

കവിതാ വിഭാഗം- രണ്ടു നാടന്‍പാട്ടുകള്‍

രണ്ടു നാടന്‍പാട്ടുകള്‍

(ശേഖരം)

1

നേരംകെട്ട നേരായി മോനെ
ശീലംകെട്ടശീലായി കുട്ടാ
കണ്ടം പകര്ത്തു തുടുപ്പായിക്കാരീ
നാലാം വിത്ത് വാമ്ളായി മോനേ
ഓടിയോടിയൊന്ന് പേരെന്റെ കാര്യേ...
നേരംകെട്ട നേരായി മോനേ
ശീലംകെട്ടശീലായി കുട്ടാ
കണ്ടം പാത്തു തുടുപ്പായിക്കാരീ
നാലാം വിത്തു വാമ്‌ളായി മോനേ
ഓടിയോടിയൊന്ന് നിര്ത്ത്യേരെ
വട്ടപ്പറമ്പില് പുല്ലുണ്ട് മോനേ
വട്ടക്കുളത്തില് വെള്ളുണ്ട് കുട്ടാ
താമരച്ചോട്ടില് തണലുണ്ട് കാര്യേ
ഓടിയോടിയൊന്ന് പേരെന്റെ കാര്യേ
ഓടിയോടിയൊന്ന് നിര്ത്ത്യേരെ
വട്ടപ്പറമ്പില് പുല്ല്ലുണ്ട് മോനേ
വട്ടക്കുളത്തില് വെള്ളുണ്ട് കാരി
താമരച്ചോട്ടില് തണലുണ്ട് കുട്ടാ
ഉച്ചവെയിലിനു ചൂടുണ്ട് മോനേ
ഓടിയോടിയൊന്ന് നിര്ത്ത്യേരെ

2

ഒന്നാം മലകേറി പോകാറുണ്ടോ
ഒരുപിടി മരുന്നു പറിക്കാറുണ്ടോ
പുത്തന് കുളം ചാടികുളിക്കാറുണ്ടോ
പൂവാലന്തന്‍ ചെങ്കീരി
പൂവാലന്തന്‍ ചെങ്കീരി
ഒന്നാം മലകേറി പോവാറുണ്ട്
ഒരുപിടി മരുന്ന് പറിക്കാറുണ്ട്
പുത്തന്‍ കുളം ചാടികുളിക്കാറുണ്ട്
പൂവാലന്തന്‍ ചെങ്കീരി
പൂവാലന്തന്‍ ചെങ്കീരി
ഒന്നാം മലകേറി പോയിവരുമ്പോള്‍
ഒരുപിടി മരുന്നു പറിച്ചുവരുമ്പോള്‍
പുത്തന്‍ കുളംചാടി കുളിച്ചുവരുമ്പോള്‍
എന്തേ കിട്ടും ചെങ്കീരി
എന്തേ കിട്ടും ചെങ്കീരി
ഉപ്പിനു മുളകിനു ചപ്പിനു ചവറിനു
ഒക്കെ തീ വിലകേറി വരുമ്പം
ഏഴു മലയും കയറിയിറിങ്ങി
പട്ടിണിമാത്രം ചെങ്കീരിക്ക്
പട്ടിണിമാത്രം ചെങ്കീരിക്ക്

Tuesday, December 16, 2008

ഒരു നാടന്‍പാട്ട്

ശേഖരം

ഒരു നാടന്‍പാട്ട്

തമ്പുരാന്‍ തന്നുടെ കിന്നാരം കേട്ടോണ്ട്
തേവൂ നീ തേവട തേവോ തേവാ
നേരം പോയൊരു നേരത്തും
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരത്തൊണ്ട് കള്ളും തന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരമുറി കരിക്കുംതന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
പുഞ്ചയ്ക്കു പൂജാവോളം
തേവൂ തേവട തേവോ തേവാ
പുകിലൊന്നും പറയാണ്ടങ്ങട്
തേവൂ തേവട തേവോ തേവാ
മാരിമഴകള്‍ ചൊരിഞ്ച പോലെ
ചെറു വയലുകളൊക്കെ നനഞ്ചേ
പൂട്ടിയൊരുക്കി പാകണഞ്ചേ
ചെറു ഞാറുകളൊക്കെ കെട്ടിയെറിഞ്ചേ

Monday, December 8, 2008

ഡിസംബര്‍ വാര്‍ത്തകള്‍

ഡിസംബര്‍ വാര്‍ത്തകള്‍

ബാലസംഘം ഘോഷയാത്ര

കിളിമാനൂര്‍, ഡിസംബര്‍ 28: ബാലസംഘം രൂപീകരണദിനമായ ഇന്നു കേരളത്തിലുടനീളം നടന്ന ഘോഷയാത്രകളുടെ ഭാഗമായി കിളിമാനൂരിലും ടൌന്‍ കേന്ദ്രീകരിച്ച് ബാലസംഘം ഗംഭീര ഘോഷയാത്ര നടത്തി. ഏരിയാ തലത്തില്‍ സംഘടിപ്പിച്ചതായിരുന്നു പരിപാടി. കേന്ദ്രീകരണവും സമാപനവും കിളിമാനൂര്‍ ടൌന്‍ യു.പി.എസില്‍ ആയിരുന്നു.

മരണം

പ്രിന്‍സിന്റെ പിതാവ്

മുളയ്ക്കലത്തുകാവ് ഡിസംബര്‍ 27: കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ജി. പ്രിന്‍സിന്റെ പിതാവ് മരണപ്പെട്ടു.

താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കലോത്സവം

പകല്‍ക്കുറി, ഡിസംബര്‍ 22: ചിറയിന്‍കീഴ്‌ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കലോത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ പകല്‍ക്കുറി ഗവ: എച്ച്. എസ്. എസ്-ല്‍ നടന്നു. കെ.എം. ലൈബ്രറിയ്ക്കു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിന്നും ആകെ നാല്പത്തിയഞ്ച് പോയിന്റുകള്‍ ലഭിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങളിലായി പത്തു സമ്മാനങ്ങളും ലഭിച്ചു.

ലൈബ്രറി കൌണ്‍സില്‍ ബാല കലോത്സവം

ആറ്റിങ്ങല്‍ , ഡിസംബര്‍ 13: ചിറയിന്‍ കീഴ് താലൂക്ക്‌ ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബാല കലോത്സവം ആറ്റിങ്ങല്‍ ഡയറ്റില്‍ നടന്നു. പഠന ക്ലാസ്, കലാമത്സരങ്ങള്‍ , സംഘക്കളി , തുടങ്ങിയവ ഉണ്ടായിരുന്നു.

റവന്യു ജില്ലാ കലോത്സവം സമാപിച്ചു.

കിളിമാനൂര്‍, ഡിസംബര്‍ 13: കിളിമാനൂരില്‍ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു. കിളിമാനൂര്‍ ഗവ. എച്ച്. എസ്. എസില്‍ നടന്ന സമാപന സമ്മേളനം എന്‍.രാജന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ബി.പി. മുരളി, ജില്ലാ പഞ്ചായത്ത് അംഗം എം. എം. താഹ, നഗരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ഇബ്രാഹിം കുട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റവന്യു ജില്ലാ സ്കൂള്‍ കലോത്സവം കിളിമാനൂരില്‍ ആരംഭിച്ചു.

കിളിമാനൂര്‍, ഡിസംബര്‍ 10 : തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ കലോത്സവം കിളിമാനൂരില്‍ വമ്പിച്ച ഘോഷയാത്രയോടെ വൈകുന്നേരം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് കിളിമാനൂര്‍ ടൌണില്‍ നിന്നും തുടങ്ങിയ വര്‍ണാഭമായ ഘോഷയാത്ര കിളിമാനൂര്‍ ഗവ. എച്ച്.എസ്.എസില്‍ സമാപിച്ചു. എന്‍. രാജന്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആനാവൂര്‍ നാഗപ്പന്‍ , ജില്ലാപന്ഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ബി.പി. മുരളി, ജില്ലാപഞ്ചായത്ത്‌ അംഗം എം.എം. താഹ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ കലോത്സവം ഉത്ഘാടനം ചെയ്തു. കിളിമാനൂര്‍ ഗവ. എച്ച്. എസ്. എസില്‍ ആണ് മുഖ്യ വേദികള്‍. ആര്‍ ആര്‍. വി. ബോയ്സ് & ഗേള്‍സ് സ്കൂളുകളിലും വേദികള്‍ ഉണ്ടായിരുന്നു . ആദ്യമായാണ് റവന്യു ജില്ലാതല കലോത്സവം കിളിമാനൂരില്‍ നടക്കുന്നത്.

വിവാഹം

തട്ടത്തുമല, ഡിസംബര്‍ 8: തട്ടത്തുമല ശാസ്താംപൊയ്ക രമ്യാ വിലാസത്തില്‍ മനോഹരന്‍ ആചാരിയുടെയും ,രമയുടെയും മകള്‍ രേമ്യയും പാലോട് പേരയം രാജി ഭവനില്‍ രവീന്ദ്രന്‍ ആചാരിയുടെയും പ്രേമലതയുടെയും മകന്‍ രതീഷും തമ്മിലുള്ള വിവാഹം ഡിസംബര്‍ 8 തിങ്കളാഴ്ച കിളിമാനൂര്‍ ടൌണ്‍ ഹാളില്‍ നടന്നു.

റവന്യു ജില്ലാ സ്കൂള്‍ യുവജനോത്സവം കിളിമാനൂരില്‍

ഇത്തവണത്തെ തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ യുവജനോത്സവം കിളിമാനൂരില്‍ ആണ് . ഡിസംബര്‍ 10- ബുധനാഴ്ച വൈകിട്ട് ഘോഷയാത്രയോടെ തുടക്കമാകും. കിളിമാനൂര്‍ ഗവ: എച്ച് . എസ്.എസ് ആണ് മുഖ്യ വേദി.