തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 1, 2009

ലേഖനം- നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?

ലേഖനം

നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?

നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പോയി അവിടുത്തെ ഭൂരിപക്ഷ മത വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ഇവിടെ ഹിന്ദു മതത്തിലേയ്ക്ക് മറ്റു മതങ്ങളില്‍ നിന്നു അധികം ആരും പൊകുന്നില്ല. കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നതുമില്ല. എന്നാല്‍ ഹിന്ദുമതത്തില്‍നിന്നു പല കാരണങ്ങളാല്‍ മറ്റുമതങ്ങളിലേയ്ക്ക് ആളുകള്‍ പോകുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ ഭൂരിപക്ഷമുള്ള ഹിന്ദുമതവിശ്വാസിളില്‍ ചിലരെ അത് പ്രകോപിപ്പിക്കും.

മതസ്വാതന്ത്ര്യത്തിന്‍റെ കാര്യമൊന്നും മതമൌലികവാദ ചിന്തകള്‍ ഉള്ളവരോട് പറഞ്ഞിട്ടുകാര്യമില്ല. ഏത് മതത്തിലുമുള്ള നിരക്ഷരരായ ആളുകളോട് അന്യമത സഹിഷ്ണുതയെക്കുറിച്ചൊന്നും പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമുള്ള മത പരിവര്‍ത്തന ശ്രമങ്ങള്‍ വേണമോയെന്ന് എല്ലാവരും ചിന്തിക്കണം.

കേരളം പോലെയുള്ള സ്ഥലങ്ങളില്‍നിന്നും മറ്റും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്ള മതപ്രവര്‍ത്തകരെ അന്യസംസ്ഥാനങ്ങളിലേയ്ക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുന്നത് അറവുശലകളിലേയ്ക്ക് ആടുമാടുകളെ അയക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് മതത്തിന്‍റെപേരില്‍ മനുഷ്യനെ മരിക്കാന്‍ വിടണമോയെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു........

മതപരിവര്‍ത്തനം മൂലം കുറച്ചുപേരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്‌. എന്നാല്‍ സാമൂഹ്യപദവിയില്‍ വലിയ മാറ്റം വരുന്നില്ല. ഏത് മതത്ത്തിലാണോ ചെന്നു ചേരുന്നത് ആ മതത്തിലെ പരമ്പരാഗത വിശ്വാസികള്‍ എല്ലാകാര്യത്തിലും പൂര്‍ണമായും പുത്തന്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുന്നുമില്ല.

പിന്നെന്തിനു മതം മാറ്റം? ഇതു ചിന്തിക്കുവാനും ചര്‍ച്ചയ്ക്കുവേണ്ടിയും മുന്നോട്ടു വയ്ക്കുന്നതാണ്...........

എന്തായാലും ഒരു കാര്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കുവാനും, ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറുവാനും, മതം മാറാതിരിക്കുവാനും, ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്.

ഓരോരുത്തരുടെയും മനസ്സില്‍ ശരിയ്ക്കുള്ള വിശ്വാസത്തെ കണ്ടെത്തുവാനോ അതിനെ മാറ്റി മറിക്കുവാനോ സാധ്യമല്ല. കാരണം ആരുടേയും മനസ്സ് വായിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഒരാളുടെ മനസ്സിലുള്ളത് എന്താണെന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്താലല്ലേ മറ്റുള്ളവര്‍ക്ക് മനസ്സിലാകൂ!

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത എതുവിശ്വസങ്ങളും, ആരാധനാ രീതികളും ആളുകള്‍ പിന്തുടരട്ടെ എന്ന നിലപാട് തന്നെയായിരിക്കും ഉചിതം.

ശരിയ്ക്കുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും മനസ്സിനുള്ളിലാണ്‌. മനസ്സിനുള്ളില്‍ മാത്രം!

No comments: